Thursday, November 8, 2018

ആചാര സംരക്ഷകര്‍ ജനിക്കും മുമ്പ് നടത്തിയ ശബരിമല യാത്ര 

രാത്രി ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന്‍ ഉറക്കെ എന്നെ വിളിച്ചത്. ഓടിച്ചെന്നപ്പോള്‍ ആരോടോ ഫോണില്‍ സംസാരിക്കുകയാണ്. ചെന്നയുടന്‍ എന്നോട് ഒരു ചോദ്യം: “നിനക്ക് ശബരിമലയ്ക്ക് പോണോ?” 

ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ എന്താണ് കാരണം എന്ന് മനസിലായില്ല. അതെകുറിച്ച ഒന്നും ചോദിക്കാതെ ഒറ്റവാക്കില്‍ ഞാന്‍ ഉത്തരം നല്‍കി: "പോണം" 

“രാവിലെ പോകാന്‍ തയ്യാറായിക്കോ” എന്ന് അച്ഛന്‍ പറഞ്ഞു.

ഫോണില്‍ അങ്ങേ തലയ്ക്കല്‍ അച്ഛന്റെ ഒരു ചിറ്റ്പ്പനായിരുന്നു. അദ്ദേഹം അടുത്ത ദിവസം ശബരിമലയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. കാറിനു എന്തോ പ്രശ്നമുണ്ടെന്നും അതുകൊണ്ട് അതില്‍ പോകാനാകില്ലെന്നും രാത്രി ഡ്രൈവര്‍ അദ്ദേഹത്തെ അറിയിച്ചു. അടുത്ത ദിവസം തന്നെ പോകാന്‍ കാര്‍ കൊടുക്കാനാകുമോ എന്നറിയാന്‍ വലിയച്ഛന്‍ അച്ഛനെ വിളിച്ചു. അങ്ങനെ ഞങ്ങളുടെ കാറും ഡ്രൈവര്‍ ജോസഫും ഞാനും വലിയച്ഛന്‍റെ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി.

തീന്‍ മേശയില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ മീന്‍ ഉപേക്ഷിച്ചുകൊണ്ട് വ്രതം തുടങ്ങി.

1943ലെ മണ്ഡലകാലത്തായിരുന്നു ആ യാത്ര. അതായത് 75 കൊല്ലം മുമ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇപ്പോഴത്തെ സാമാന്യം സുഗമമായ പാതയിലൂടെ അയ്യപ്പനെ രക്ഷിക്കാനെത്തിയ ആചാര്യ സംരക്ഷകരില്‍ ആരും അന്ന് ജനിച്ചിട്ടു തന്നെയുണ്ടാവില്ല. 

അക്കാലത്ത് പലരും എരുമേലി വഴിയാണ് ശബരിമലയ്ക്ക് പോയിരുന്നത്. സന്നിധാനത്ത് എത്താന്‍ അവര്‍ക്ക് ഏതാണ്ട് 50 മൈല്‍ നടക്കണമെന്ന് കേട്ടിരുന്നു.

വലിയച്ഛന്‍ കശുവണ്ടി മുതലാളിയായിരുന്നു. പ്രായം ഏതാണ്ട് 60നോടടുത്ത്. അദ്ദേഹം ചെറിയ ദൂരം മാത്രം നടക്കാനുള്ള വഴി തെരഞ്ഞെടുത്തു.

കൊല്ലത്തു നിന്നു ഞങ്ങള്‍ വെളുപ്പിന് തിരിച്ചു. വലിയച്ഛനോടൊപ്പം ഒരു വാല്യക്കാരനുണ്ടായിരുന്നു. ഒരു വലിയ ചാക്ക് കെട്ടുമായാണ് അയാള്‍ വന്നത്. 

കൊല്ലം, ഓച്ചിറ, മാവേലിക്കര, ചെങ്ങന്നൂര്‍, ആറന്മുള എന്നിങ്ങനെ പല സ്ഥലങ്ങളിലെയും അമ്പലങ്ങളിലിറങ്ങി തൊഴുതശേഷം ഞങ്ങള്‍ വൈകിട്ട പീരുമേട്ടിലെത്തി അവിടത്തെ റെസ്റ്റ് ഹൌസില്‍ രാത്രി തങ്ങി.

അടുത്ത ദിവസം കാലത്തെ അവിടെ നിന്ന് ഞങ്ങള്‍ വണ്ടിപെരിയാര്‍ എസ്റ്റേറ്റിലെത്തി. അവിടെ നിന്ന് സന്നിധാനത്തിലേക്ക് എട്ടു മൈലേയുള്ളൂ. കാറും ഡ്രൈവറും അവിടെ വിട്ടിട്ട് ഞങ്ങള്‍ നടപ്പ് തുടങ്ങി. ആ വലിയ ചാക്കും തലയിലേറ്റിയാണ് വാല്യക്കാരന്‍ നടന്നത്. വലിയച്ഛന്റെയൊ എന്റെയോ തലയിലോ കയ്യിലോ കെട്ടൊന്നുമുണ്ടായിരുന്നില്ല.

ആദ്യ ഘട്ടം കയറ്റമായിരുന്നു. നേരത്തെ ആളുകള്‍ നടന്നുണ്ടാക്കിയ ഒരു പാത കാണാം. അതിലൂടെയാണ് ഞങ്ങള്‍ നടന്നത്. അര മണിക്കൂറില്‍ വലിയച്ഛന്റെ കാലു കുഴയാന്‍ തുടങ്ങി. ജോലിക്കാരന്‍ ചാക്ക് കെട്ട് ഇറക്കി വെച്ച് തുറന്നു അതില്‍ നിന്ന് ഒരു വെട്ടുകത്തിയെടുത്തു. പാതയരികിലുള്ള ഒരു  മരത്തില്‍ നിന്ന്  ഒരു കൊമ്പ് വെട്ടിയെ ചീകി അയാള്‍ ഒരു വടിയുണ്ടാക്കി. അത് കുത്തിക്കൊണ്ടാണ് വലിയച്ഛന്‍ പിന്നെ നടന്നത്.

വടികുത്തി മെല്ലെ നടക്കുന്ന വലിയച്ഛനു പിന്നിലായിരുന്നു ചാക്ക് കെട്ട് ചുമക്കുന്ന ജോലിക്കാരന്‍. ഞാന്‍ അവരെ രണ്ട് പേരെയും വളരെ വേഗം ഏറെ പിന്നിലാക്കി. വിജനമായ പാതയിലൂടെ കുറെ ദൂരം ചെന്നപ്പോള്‍ മുന്നില്‍ ഒരാളെ കണ്ടു. മറി കടന്നു പോകാന്‍ ശ്രമിച്ചപ്പോള്‍ ആ മനുഷ്യന്‍ തടഞ്ഞുകൊണ്ട്‌ തനിച്ചാണോ എന്ന് ചോദിച്ചു. അല്ല, കൂടെയുള്ളവര്‍ പിന്നിലാണെന്ന് ഞാന്‍ പറഞ്ഞു. വന്യ മൃഗങ്ങളുള്ള പ്രദേശമാണെന്നും തനിച്ചു പോകരുതെന്നും അദ്ദേഹം ഉപദേശിച്ചു. വലിയച്ഛനും ജോലിക്കാരനും എത്തുന്നതുവരെ അദ്ദേഹം എന്നെ അവിടെ പിടിച്ചു നിര്‍ത്തി. 

വലിയച്ഛനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ നിന്നും ആള്‍ ആറന്മുളയിലെ പൊലീസ് ഇന്സ്പെക്ടറാണെന്നു മനസിലായി.

ഉച്ചയ്ക്ക് ഒരു അരുവിയ്ക്കടുത്ത് ജോലിക്കാരന്‍ ഭാണ്ഡം ഇറക്കി വെച്ചു. വലിയച്ഛനു വിശ്രമിക്കാന്‍ അടുത്തൊരു മരച്ചുവട് കണ്ടെത്തിയശേഷം അയാള്‍ കല്ലുകള്‍ കൂട്ടി അടുപ്പുണ്ടാക്കി ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങി. അതിനാവശ്യമായ പാത്രങ്ങളും സാമഗ്രികളും ചാക്ക് കെട്ടില്‍ ഉണ്ടായിരുന്നു.

ഊണിനുശേഷം യാത്ര തുടര്‍ന്ന് വൈകിട്ട് ദീപാരാധനയ്ക്കുമുമ്പ് ഞങ്ങള്‍ സന്നിധാനത്തെത്തി. ഇരുമുടിക്കെട്ടില്ലാതെയാണ് എത്തിയതെങ്കിലും പതിനെട്ട് പടികളും ചവിട്ടി കയറി ഞങ്ങള്‍ അയ്യപ്പസന്നിധിയിലെത്തി.

പടി ചവിട്ടാന്‍ ഇരുമുടിക്കെട്ട് വേണമെന്ന പുരാതനാചാരം അതിനുശേഷം നിലവില്‍ വന്നതാകണം.  അയ്യപ്പസന്നിധിയിലെത്താന്‍   അന്ന്‍ മറ്റൊരു മാര്‍ഗ്ഗം ഉണ്ടായിരുന്നോ എന്നറിയില്ല. (ചിത്രത്തില്‍, പതിനെട്ടാം പടിയുടെ പഴയ രൂപം. ഇപ്പോഴുള്ളത് പിന്നീട് പണിതതും മദ്യരാജാവ് വിജയ മല്യ സ്വര്‍ണ്ണം പൂശിയതുമായ പടികളാണ്)

സന്നിധാനത്തില്‍ തിരക്കുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ മുന്നോട്ടു പോകാനാകാതെ ഞാന്‍ പിന്നില്‍ പതുങ്ങി നിന്നു. 

ആ സമയത്ത് ഞാന്‍   ആറന്മുള പോലീസ് ഇന്‍സ്പെക്ടറുടെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം എന്നെ കൈ പിടിച്ച് ആള്കൂട്ടത്തിനിടയിലൂടെ നടത്തി പ്രതിഷ്ഠയ്ക്ക്   മുന്നില്‍ കൊണ്ടു നിര്‍ത്തി. ഞാന്‍ വ്രതം തുടങ്ങിയിട്ട് അപ്പോള്‍ 48 മണിക്കൂര്‍ തികഞ്ഞിട്ടില്ല. അത് കാര്യമാക്കാതെ അയ്യപ്പന്‍ നല്ല  ദര്‍ശനം  നല്‍കി. (അന്നത്തെ അയ്യപ്പ വിഗ്രഹമാണ്‌ ചിത്രത്തിലുള്ളത്. അമ്പലം  മലയരന്മാരുടെ നിയന്ത്രണത്തിലായിരുന്ന കാലം മുതലുണ്ടായിരുന്നതാണത്. ഇപ്പോള്‍ അവിടെയുള്ളത് 1950ലെ തീപിടിത്തത്തിനുശേഷം പ്രതിഷ്ഠിച്ച വിഗ്രഹമാണ്‌,)  

മൂന്നോ നാലോ സ്ത്രീകളെ ശബരിമലയില്‍ അന്ന് കണ്ടതായി. ഓര്‍ക്കുന്നു. സ്ത്രീപ്രവേശനം വിലക്കുന്ന പുരാതനാചാരവും തുടങ്ങിയിരുന്നില്ല എന്നര്‍ത്ഥം. പുരുഷന്‍ അയ്യപ്പനും സ്ത്രീ മാളികപ്പുറവും ആണെന്ന അറിവ് ലഭിച്ചത് അവിടെ വെച്ചാണ്. 

അന്ന് രാത്രി ശബരിമലയില്‍ താമസിച്ചിട്ട്, അടുത്ത ദിവസം കാലത്ത്‌ വീണ്ടും സ്വാമിയെ വണങ്ങിയശേഷം ഞങ്ങള്‍ മടങ്ങി. 

മലമ്പാതയിലൂടെയുള്ള നടപ്പിനിടയില്‍ അരുവികളില്‍ നിന്ന് കൈകള്‍ കൂട്ടി കോരി കുടിച്ച തണുത്ത വെള്ളത്തിനു എന്ത് തെളിമ ആയിരുന്നു! എന്ത് മധുരമായിരുന്നു! അങ്ങനെയൊരു അനുഭവം ഇന്നു പ്രതീക്ഷിക്കാനാവില്ല.

ശബരിമലയാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ തമിഴ് നാട്ടുകാരനായിരുന്ന ക്ലാസ് ടീച്ചര്‍ റോബര്‍ട്ട്‌ സാറിന്റെ കണ്ണില്‍ ഞാന്‍ ഒരു വീരസാഹസികനായി. അദ്ദേഹം യാത്രയെ കുറിച്ച് അറിയാന്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. 

വന്യമൃഗങ്ങളെ കണ്ടോ എന്ന ചോദ്യത്തിനു ഇല്ല എന്ന് പറഞ്ഞത് റോബര്‍ട്ട് സാറിനെ തെല്ലു നിരാശനാക്കിയെന്നു എനിക്ക് തോന്നി. ഒരു മൃഗത്തെയും കണ്ടില്ലെങ്കിലും ഇടയ്ക്ക് അലര്‍ച്ച കേട്ടിരുന്നുവെന്നു ഞാന്‍ പറഞ്ഞു. 

നടപ്പാതയില്‍ ഒരിടത്ത് ആനപിണ്ഡം കാണുകയുണ്ടായി. അതില്‍ നിന്നും ആവി പറക്കുന്നുണ്ടെന്നും അതുകൊണ്ട് കാട്ടാനകള്‍ അതുവഴി കടന്നു പോയിട്ട് ഏറെ സമയമായിട്ടുണ്ടാവില്ലെന്നും വലിയച്ഛന്റെ വാല്യക്കാരന്‍ പറഞ്ഞു. അയാള്‍ മുമ്പും മല ചവിട്ടിയിട്ടുള്ള ആളായിരുന്നു 

എന്നില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റോബര്‍ട്ട് സാര്‍ സാഹസികമായ ശബരിമല തീര്‍ത്ഥാടനത്തെ കുറിച്ച് ക്ലാസില്‍ ഒരു ചെറിയ പ്രഭാഷണം നടത്തി.    

16 comments:

Kuttappan Vijayachandran said...

Kuttappan Vijayachandran Simply great: Looking forward to read more: I had been to Sabarimala ten years later while in the last year of my Engineering: As I remember VV Giri , then Governor of Kerala was one among the crowd but being carried in a big sofa like chair towards the fag end of the journey. Temple entry etc looked much different those days after substantial modifications due to the big fire and I remember my father's narration: He had a narrow escape from the disaster and we came to know about his narrow escape only after his safe return back home. I was just about ten years old at that time studying in the fifth class.

Najim Kochukalunk said...

നല്ല കുറിപ്പ്​. കാലികം

ജേക്കബ് കോയിപ്പള്ളി said...

"വരണമെന്ന, പുരാടനാചാരം, വേണ്ടും, പൂഷിയതുമായ" എന്നിങ്ങനെ നാല് അക്ഷരപ്പിശകുകൾ വന്നുപോയിട്ടുണ്ട്. Anganeഅങ്ങയെപ്പോലെ ഒരുകാരണവർ എഴുതിയത് ആരും അബദ്ധമായി വായിക്കാതിരിക്കാൻ തിരുത്താമോ..🙏

Abubacker Koya said...

Very interesting story. Thank you sir for the clear narration.

Unknown said...

Very informative

Nanda Kumar said...
This comment has been removed by the author.
Nanda Kumar said...

ജേക്കബ് ജി, 75 കൊല്ലം മുൻപ് നടന്നത് "വള്ളി പുള്ളി " തെറ്റാതെ അദ്ദേഹം നവ "നവോത്‌ഥാന"ക്കാർക്ക് വേണ്ടി ഓർത്തെടുത്തു എഴുതിയില്ലേ, അപ്പോൾ അതിലുള്ള അക്ഷരപ്പിശാചുകളെ വെറുതെ വിടാം. അവിടെ സ്ത്രീകളെ കണ്ടതായി ഓർക്കുന്ന അദ്ദേഹം അവരുടെ പ്രായം അൻപതിൽ താഴെ എന്ന് കൂടെ ഓർത്തെഴുതാത്തത് മോശമായിപ്പോയി.

Unknown said...

ഇന്നി ഈ കാണിക്കുന്നതൊക്കെ പ്രഹസനമാണ് അല്ലെ സാറേ???ഇങ്ങു തെക്കു കൊണ്ടു കുറച്ചു സീറ്റ് സംഘടിപ്പിക്കുകയാണ് പ്രധാനം

Brp Bhaskar said...

@Nanda Kumar, ആര്‍ത്തവം സംബന്ധിച്ച് വലിയ അറിവൊന്നും അന്നില്ലായിരുന്നു. അതുകൊണ്ട് വയസറിഞ്ഞോ എന്ന് അന്വേഷിച്ചില്ല. അതും കൂടെ അങ്ങ വിട്ടേരെ.

Sujit Sivanand said...

Sir, thank you for your memoir of the visit to Sabarimala in 1943. You might not recollect, but I guess that the old Dharma Sasta idol, which was destroyed and desecrated in 1950, was an idol without the sacred-thread ("poonool"). I say so because of the notings of author G. K. Pillai in his 1956 book titled 'Origin and Development of Caste', where he talks of the Sasta worship at Sabarimala for its uniqueness as a casteless place of worship. Pillai incidentally notes as follows:

"All of the Hindu gods have become Brahminised, if one is to judge by the sacred-thread shown on their images, but Sasta was till recently without the sacred-thread".

Interestingly, G. K. Pillai's observation in 1956 points to his knowledge of the old idol being without any sacred-thread and the new idol as one created with the sacred-thread.

[Reference: G. Pillai, Director of the Centre of Indology, Allahabad. Pillai has authored books under the series INDIA WITHOUT MISREPRESENTATION. The book 'Origin and Development of Caste' was part of this series. Published by KITAB MAHAL, ALLAHABAD, 1956.]

Unknown said...

പുതിയ അറിവുകൾ വർത്തമാനകാലത്തിന് ഉപകാരപ്രദമാകട്ടെ, നന്ദി

SOM PANICKER said...

വളരെ കൗതുകകരവും വിജ്ഞാനപ്രദവും ആയ ഒരു അനുബന്ധ കുറിപ്പു .

Unknown said...

Very good writing

Brp Bhaskar said...

Thanks, Sujit Sivanand. I was 11 at that time and matters like brahminisation had not entered my mind.

Manikandan said...

അങ്ങയെ പോലെ മുതിർന്ന ഒരു മാദ്ധ്യമപ്രവർത്തകൻ, അച്ചടി മാദ്ധ്യമരംഗത്ത് ദീർഘകാലം പ്രവർത്തിച്ച ഒരാൾ, കേരളത്തിൽ ദൃശ്യമാദ്ധ്യമരംഗത്ത് ഏഷ്യാനെറ്റ് പോലൊരു മാദ്ധ്യമത്തിനു അടിസ്ഥാന ശിലകൾ പാകിയ വ്യക്തി ഇപ്പോഴത്തെ മാദ്ധ്യമപ്രവർത്തകരെ പോലെ കേട്ടുകേൾവികൾ പ്രചരിപ്പിക്കരുത്. ഇങ്ങനെ പറയാനുള്ള കാരണം ഈ ബ്ലോഗ് പൊസ്റ്റിലെ ആദ്യത്തെ ചിത്രം "1950നു മുൻപുള്ള ശബരിമല" എന്ന തലക്കെട്ടോടെ ചേർത്തിരിക്കുന്ന ചിത്രം തന്നെ തെറ്റാണ്. ഈ ചിത്രം യഥാർത്ഥത്തിൽ തമിഴ്നാട്ടിൽ ചെന്നൈയിൽ രാജ അണ്ണാമലൈപുരം അയ്യപ്പക്ഷേത്രത്തിന്റേതാണ് (Sri Ayyappaswami Thirukkoil (Temple) at Raja Annamalaipuram (Adyar) in Chennai, which was consecrated first on January 29, 1982, and reconsecrated on March 27, 1994.). ഈ ചിത്രം ഉൾക്കൊള്ളുന്ന "ദി ഹിന്ദു" റിപ്പോർട്ടിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു. പലരും ഈ ചിത്രം പഴയ ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ചിത്രം എന്ന പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. അതിൽ സാറും ഉൾപ്പെട്ടതിൽ സങ്കടം ഉണ്ട്. ഇങ്ങനെ ഒരു ലേഖനത്തിന്റെ ആദ്യത്തെ കാര്യം തന്നെ തെറ്റാണെന്ന് വന്നാൽ ലേഖനത്തിന്റെ തന്നെ വിശ്വാസ്യതയും സംശയത്തിലാവും എന്നതും പ്രത്യേകം പറയേണ്ടതില്ലല്ലൊ. ബാക്കി എഴുതിയത് അങ്ങയുടെ സ്വാനുഭവം ആയതിനാൽ അത് ശരിയല്ലെന്ന് തർക്കിക്കാനോ താങ്കൾ നുണപറയുകയാണെന്ന് ആക്ഷേപിക്കാനോ ഞാൻ ഇല്ല.

https://www.thehindu.com/thehindu/fr/2002/12/20/stories/2002122001690400.htm

Manikandan said...

മറ്റൊന്നുകൂടി ചോദിച്ചു കൊള്ളട്ടെ. ഈ ബ്ലോഗിന്റെ ആദ്യഭാഗത്ത് അങ്ങ് ഇങ്ങനെ എഴുതുന്നു "ഫോണില്‍ അങ്ങേ തലയ്ക്കല്‍ അച്ഛന്റെ ഒരു ചിറ്റ്പ്പനായിരുന്നു. അദ്ദേഹം അടുത്ത ദിവസം ശബരിമലയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. കാറിനു എന്തോ പ്രശ്നമുണ്ടെന്നും അതുകൊണ്ട് അതില്‍ പോകാനാകില്ലെന്നും രാത്രി ഡ്രൈവര്‍ അദ്ദേഹത്തെ അറിയിച്ചു. അടുത്ത ദിവസം തന്നെ പോകാന്‍ കാര്‍ കൊടുക്കാനാകുമോ എന്നറിയാന്‍ വലിയച്ഛന്‍ അച്ഛനെ വിളിച്ചു. അങ്ങനെ ഞങ്ങളുടെ കാറും ഡ്രൈവര്‍ ജോസഫും ഞാനും വലിയച്ഛന്‍റെ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി" ആദ്യം പറയുന്നത് ഫോൺ വിളിച്ചത് അങ്ങയുടെ അച്ഛന്റെ ചിറ്റപ്പൻ ആണെന്നാണ്. ചിറ്റപ്പൻ എന്നാൽ ഞങ്ങളുടെ നാട്ടിൽ അച്ഛന്റെ അനിയനെ ആണ്. അങ്ങയുടെ അച്ഛന്റെ ചിറ്റപ്പൻ എന്ന് പറഞ്ഞാൽ അങ്ങയുടെ അച്ഛച്ഛന്റെ (മുത്തച്ഛന്റെ) അനിയൻ. മുത്തച്ഛന്റെ അനിയനെ വല്ല്യച്ഛൻ എന്നാണോ അങ്ങ് വിളിക്കുന്നത്.