Sunday, November 4, 2018


മോദിവാഴ്​ചയുടെ പരിണതി... 

ബി,ആര്‍.പി. ഭാസ്കര്‍
മാധ്യമം

അഞ്ചു കൊല്ലത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ ആര് മാസം മാത്രം ബാക്കി നില്‍ക്കെ നരേന്ദ്ര മോദി പ്രധാന മന്ത്രിയെന്ന നിലയില്‍ ഒരു സമ്പൂര്‍ണ്ണ പരാജയമാണെന്ന് രാഷ്ട്രീയ എതിരാളികള്‍ക്ക് മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന് സ്തുതിഗീതം പാടിയിരുന്ന ഭക്തജനങ്ങള്‍ പോലും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. അധികാരത്തിലേറിയ ഉടന്‍ പ്രഖ്യാപിച്ചതും 3,000 കോടിയോളം രൂപ ചെലവാക്കി നിര്‍മ്മിച്ചതുമായ സര്‍ദാര്‍ പട്ടേല്‍ പ്രതിമ യാഥാര്‍ത്യമായപ്പോള്‍ ഭക്തജനങ്ങളുടെ ആഹ്ലാദപ്രകടനം കണ്ടില്ല.
രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി വിഭാവന ചെയ്യപ്പെട്ട പ്രതിമ ഒരു കപട രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു, ജന സംഘത്തിന്റെ കാലം മുതല്‍ സംഘ പരിവാര്‍ മതനിരപേക്ഷകനായ ജവഹര്‍ലാല്‍ നെഹ്രുവിനെതിരെ ഹിന്ദുവായ വല്ലഭ്ഭായ് പട്ടേലിനെ നിരന്തരം ഉയരത്തിക്കാട്ടിയിരുന്നു. പക്ഷെ കൂറ്റന്‍  പ്രതിമയിലൂടെ പട്ടേലിനെ ഹിന്ദുത്വ മൂര്‍ത്തിയാക്കി മാറ്റാമെന്ന മോദിയുടെ കണക്കുകൂട്ടല്‍ തെറ്റി. കോണ്ഗ്രസുകാര്‍ പട്ടേല്‍ തങ്ങളുടെ പാര്ട്ടിക്കാരനായിരുന്നു എന്നു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഗാന്ധിവധത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേല്‍ ആര്‍.എസ്. എസിനെ നിരോധിച്ചതും ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവായ വി.ഡി. സവര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ഒരു ചെറു സംഘമായിരുന്നു വധത്തിനു പിന്നില്‍ എന്ന പട്ടേലിന്റെ പ്രസ്താവം മതരിരപേക്ഷചേരി വ്യാപകമായി പ്രചരിപ്പിച്ചതും മോദിക്കും ബി.ജെ.പിക്കും ഏറെ ദോഷം ചെയ്തു. കര്‍ഷകരും മറ്റ് നിരവധി ജനവിഭാഗങ്ങളും ദുരിതം അനുഭവിക്കുന്ന സമയത്താണ് പ്രതിമ നിര്‍മ്മിച്ചത്. അതിനു ചെലവാക്കിയ തുക കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന പലതും ചെയ്യാനാകുമായിരുന്നെന്നുള്ള വിമര്‍ശനവും പ്രതിമ പദ്ധതിയെ അദ്ദേഹത്തിനു ദോഷകരമാക്കി മാറ്റി. ഇതില്‍ നിന്ന് പ്രതിപക്ഷ കക്ഷികള്‍ മനസിലാക്കേണ്ടത് വസ്തുതകള്‍ നല്ലതുപോലെ അവതരിപ്പിച്ചാല്‍ മോദിയുടെ  പൊതുവേദികളിലെ മാസ്മരിക പ്രകടനങ്ങളുടെ സ്വാധീനത്തില്‍ പെട്ടവരും കാര്യങ്ങള്‍ ഗ്രഹിക്കുമെന്നാണ്.        
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ നമ്മുടെ നാട്ടിലാണെന്നത്‌ അഭിമാനത്തോടെ പറയാനാവുന്ന കാര്യം തന്നെയാണ്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും അത്  കാണാന്‍ സഞ്ചാരികള്‍ വരും. പക്ഷെ വിഭവ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു നാട്ടിലെ ഭരണാധികാരി പണം വിവേകപൂര്‍വ്വം വിനിയോഗിക്കേണ്ടതുണ്ട്. ദേശീയൈക്യം ഊട്ടി ഉറപ്പിക്കേണ്ടത്‌ ഒരാവശ്യം തന്നെ. അതിനുള്ള ഉത്തമ മാര്‍ഗം എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതിയും തുല്യതയും ഉറപ്പാക്കി രാജ്യത്തിന്റെ ഭാഗമാണെന്നതില്‍ അഭിമാനിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. 
ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള കടമ അതിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നവര്‍ക്കുണ്ട്. യഥാര്‍ത്ഥത്തില്‍ ഭരണാധികാരിയുടെ പ്രാഥമിക ചുമതലയാണത്.ഈ ചുമതല നിര്‍വഹിക്കുന്നതില്‍ മോദിയോളം അലംഭാവം കാട്ടിയ മറ്റൊരു പ്രധാനമന്ത്രി സ്വതന്ത്രഭാരതത്ത്തിന്റെ ചരിത്രത്തിലില്ല. അദ്ദേഹം അധികാരത്തിലെത്തിയ നാള്‍ മുതല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പിന്നിലെ ചാലക ശക്തിയായ ആര്‍.എസ്.എസിന്റെ സ്വാധീനത്തിലുള്ള നിരവധി സംഘടനകള്‍ പല സംസ്ഥാനങ്ങളിലും പ്രധാനമായും ദലിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്ക്മെതിരെ സംഘടിതമായി ആക്രമണങ്ങള്‍ നടത്തി വരികയാണ്. ആ സംഭവങ്ങളില്‍ ഒന്നിനെയും മോദി അപലപിച്ചിട്ടില്ല. ബി.ജെ.പി. അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലീസ് അക്രമികളെ സംരക്ഷിക്കുകയും ഇരകളെ കുറ്റവാളികളാക്കുകയുമാണ് ചെയ്യുന്നത്.
ആദ്യനാളുകളില്‍ മോദി നടത്തിയ പ്രകടനങ്ങളിലെ കാപട്യങ്ങള്‍ ഇപ്പോള്‍ പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. പാര്‍ലമെന്റ് മന്ദിരത്തിന്റെ പടി തൊട്ടു നമസ്കരിച്ചു കൊണ്ടാണ് അദ്ദേഹം അതിനുള്ളില്‍ ആദ്യം പ്രവേശിച്ചത്. പക്ഷെ സഭകളില്‍ ഏറ്റവും കുറച്ചു സമയം മാത്രം ചെലവഴിച്ച പ്രധാനമന്ത്രിയാണദ്ദേഹം. 
ഭരണനിര്‍വഹണത്തില്‍ ഒരുകാലത്ത് മന്ത്രിസഭക്കുണ്ടായിരുന്ന പങ്ക് ഇപ്പോള്‍ നിര്‍വഹിക്കുന്നത് പ്രധാനമന്ത്രിയുടെ ആപ്പീസാണ്. അത് പ്രവര്ത്തിക്കുന്നതെങ്ങനെയെന്നു മനസിലാക്കാന്‍ ഈയിടെ സി.ബി.ഐയിലുണ്ടായ മാറ്റങ്ങളുടെ കഥയില്‍ നിന്നു വായിച്ചെടുക്കാം. മോദി ഗുജറാത്തില്‍ നിന്ന് കൊണ്ടു വന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അഴിമതിക്ക് കേസ് ചാര്‍ജ് ചെയ്തപ്പോള്‍ കാബിനെറ്റ് സെക്രട്ടറി സിബിഐ തലവനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണര്‍ക്ക് കത്തെഴുതി. മന്ത്രിസഭയുടെ ഒരു സമിതി അര്‍ദ്ധരാതീ യോഗം ചേര്‍ന്നു കംമിഷനരുടെ ശിപാര്‍ശ പ്രകാരം രണ്ടു ഉദ്യോഗസ്ഥന്മാരെയും സസ്പെന്ഡ് ചെയ്തു മറ്റൊരാളെ നിയമിക്കുകയും നേരം വെളുക്കും മുമ്പ് അയാള്‍ ചാര്‍ജെടുക്കുകയും ചെയ്യുന്നു. അഴിമതിക്കെതിരെ നടപടി എടുക്കേണ്ട സി.ബി.ഐ, സിവിസി എനീ സ്ഥാപനങ്ങളെ മോദി ചട്ടുകങ്ങളാക്കി എന്നതിന് ഇതില്‍പരം എന്ത് തെളിവ് വേണം?
ആവശ്യമായ തയ്യാറെടുപ്പ് കൂടാതെ മോദി ധൃതിപിടിച്ച് നടപ്പാക്കിയ നോട്ടു നിരോധനവും വില്പന-സേവന നികുതിയും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്ന വസ്തുത കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് മറയ്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ആഭ്യന്തര കാര്യങ്ങളിലെന്ന പോലെ വിദേശ കാര്യങ്ങളിലും മോദി ഒരു വലിയ പരാജയമാണ്. 

മോദി നല്ലതൊന്നും ചെയ്തില്ലേ എന്ന് ചോദിച്ചാല്‍ അതിനുള്ള മറുപടി അവ   ദോഷകരമായ പ്രവര്‍ത്തനങ്ങളെ മറികടക്കാന്‍ പര്യാപ്തമല്ല എന്നാണ്. വസ്തുതകള്‍ ശരിയായ രീതിയില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള കഴിവ് പ്രതിപക്ഷ കക്ഷികല്‍ക്കുണ്ടെങ്കില്‍ മോദീവാഴ്ച തീര്‍ച്ചയായും 2019ല്‍ അവസാനിപ്പിക്കാനാകും.

No comments: