Friday, November 16, 2018

മുന്നണികാലത്തെ തൊഴിലുറപ്പ് രാഷ്ട്രീയം
ബി.ആര്‍.പി. ഭാസ്കര്‍
ണ്ടു മന്ത്രിമാരുടെ ബന്ധുക്കള്‍ ഈയിടെ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ബന്ധുനിയമനം മാത്രമല്ല ഇപ്പോള്‍ വ്യാപകമായിട്ടുള്ള തൊഴിലുറപ്പ് രാഷ്ട്രീയം മൊത്തത്തില്‍ കേരളം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ നേരിട്ട ആദ്യ പ്രശ്നങ്ങളിലൊന്നു വ്യവസായ വകുപ്പില്‍ മന്ത്രി ഇ.പി. ജയരാജന്‍ നടത്തിയ ഒരു ബന്ധുനിയമനമായിരുന്നു. പി.കെ. ശ്രീമതി മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ബന്ധുനിയമനത്തിനു നേരെ പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ കണ്ണടച്ച അദ്ദേഹം ജയരാജന്റെ കാര്യത്തില്‍ ധാര്‍മ്മികമായ നിലപാട് സ്വീകരിച്ചു. തന്മൂലം ബന്ധുവിനു ജോലിയും ജയരാജന് മന്ത്രിസ്ഥാനവും ഉപേക്ഷിക്കേണ്ടി വന്നു.
ജയരാജന്‍ ചെയ്തത് ആജീവനാന്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റമൊന്നുമല്ല. അതുകൊണ്ട് അദ്ദേഹത്തെ പിന്നീട് വീണ്ടും മന്ത്രിയാക്കിയതിനെ തെറ്റായി കാണേണ്ടതില്ല. എന്നാല്‍ മന്ത്രി കെ.ടി. ജലീലിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ സമാനമായ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി മടിക്കുന്നത് ഇത്തരം കാര്യങ്ങളില്‍ ധാര്‍മ്മികേതര പരിഗണനകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന്‍ വ്യകതമാക്കുന്നു. ജലീലിന്റെ ബന്ധുവിന്റെ നിയമനം റദ്ദ് ചെയ്തുകൊണ്ട് പ്രശ്നം തീര്‍ക്കാനാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
ബന്ധു ജോലി വിടുമ്പോള്‍ ജലീലിന്റെ തെറ്റ് തെറ്റല്ലാതാകുന്നില്ല. നേരെമറിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം എന്ന വാദം പൊളിയുകയും ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാനുള്ള മന്ത്രിയുടെ ബാധ്യത ഏറുകയുമാണ് ചെയ്യുന്നത്. ജലീല്‍ രാജി വെക്കാന്‍ തയ്യാറല്ലെങ്കില്‍, ജയരാജന്റെ കാര്യത്തില്‍ ചെയ്തതു പോലെ, മുഖ്യമന്ത്രി താല്‍കാലികമായെങ്കിലും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു ഒഴിവാക്കണം.
മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെ കേരള സര്‍വകലാശാലയില്‍ മാനേജ്മെന്റ് ടെക്നോളജി ആന്‍ഡ്‌ ടീച്ചര്‍ എജുക്കേഷന്‍ ഡയറക്ടര്‍ ആയി നിയമിച്ചപ്പോള്‍ ചില അപശബ്ദങ്ങള്‍ കേട്ടിരുന്നു. ജലീലിന്റെ ബന്ധുനിയമനം സംബന്ധിച്ച വിവാദം കത്തി നിന്നപ്പോള്‍ തനിക്കും ഭര്‍ത്താവിനും കളങ്കമുണ്ടാക്കുന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അവര്‍ ജോലി രാജിവെച്ചു. ആ ജോലി സുധാകരന്റെ വകുപ്പിന് കീഴിലല്ലായിരുന്നു. എന്നാല്‍ ഒരുകാലത്ത് സുധാകരന്‍ കേരള സര്‍വകലാശാലാ രാഷ്ട്രീയത്തില്‍  സിപിഎമ്മിന്റെ മുഖമായിരുന്നു. ജൂബിലി നവപ്രഭ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍നിന്നു അവരുടെ രാജിക്ക് രാഷ്ട്രീയ നിയമനം എന്ന ആരോപണം ഒഴിവാക്കുന്നതിനപ്പുറം ചില കാരണങ്ങളുമുണ്ടെന്ന്‍ വെളിപ്പെടുന്നു.
സര്‍വകലാശാലാ ആസ്ഥാനത്തെ അഞ്ചു മാസത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജൂബിലി പറയുന്ന  കാര്യങ്ങള്‍ ഗൌരവപൂര്‍ണ്ണമായ പരിഗണന അര്‍ഹിക്കുന്നു. താന്‍ അവിടെ തുടരുന്നത് തങ്ങള്‍ക്കു ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞ താപ്പാനകള്‍ പുകച്ചു പുറത്തുചാടിച്ചതായി അവര്‍ ആരോപിക്കുന്നു. എങ്ങനെയാണ് ഈ താപ്പാനകള്‍ ഉണ്ടായതെന്ന് മനസിലാക്കാന്‍ അവര്‍ ശ്രമിച്ചതായി കാണുന്നില്ല. അത് ചെയ്തിരുന്നെങ്കില്‍ കാരണക്കാര്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികളാണെന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ഈ താപ്പാനകള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ നേതൃത്വവുമായി അടുപ്പമുള്ളവരായിരിക്കും. അതുകൊണ്ട്‌ ആ പാര്‍ട്ടിയുടെ നോമിനിയായി വരുന്ന വൈസ് ചാന്സലര്‍ക്ക് പോലും അവര്‍ക്കെതിരെ പരാതിപ്പെടാന്‍ ധൈര്യമുണ്ടാവില്ല.       
മന്ത്രിയുടെ ബന്ധുവായതുകൊണ്ട് ഒരാള്‍ക്ക് ജോലി നിഷേധിക്കാന്‍ പാടില്ല. മന്ത്രിബന്ധുവായതുകൊണ്ട് ജോലി നല്‍കാനും പാടില്ല. ഒരു മന്ത്രിബന്ധു ഉയര്‍ന്ന ശമ്പളമുള്ള ജോലി നേടുമ്പോള്‍ ജനങ്ങള്‍ അതില്‍ രാഷ്ട്രീയ സ്വാധീനം കാണും. പാര്‍ട്ടികളുടെയും ഭരണ സംവിധാനങ്ങളുടെയും രീതികളെ കുറിച്ചുള്ള അറിവ് അവരെ അതിനു നിര്‍ബന്ധിക്കുന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഡല്‍ഹി ആസ്ഥാനമായി ഒരു കോര്‍പൊറേഷന്‍ സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ ശിപാര്‍ശകളെ കുറിച്ച് ചില വിവരങ്ങള്‍ നല്‍കിയതോര്‍ക്കുന്നു. ഉയര്‍ന്ന തസ്തികകളിലേക്ക്  മന്ത്രിമാരില്‍ നിന്ന്‍ അദ്ദേഹത്തിനു നിരവധി ശിപാര്‍ശകള്‍ കിട്ടി. എന്നാല്‍ വലിയ സമ്മര്‍ദ്ദം കൂടാതെ ക്ലാര്‍ക്കുമാരെ നിയമിക്കാന്‍ കഴിഞ്ഞു. പ്യൂണ്‍ ജോലിക്ക് ശിപാര്‍ശകള്‍ ലഭിച്ചത് ജഗജീവന്‍ റാമില്‍ നിന്ന് മാത്രമായിരുന്നു. ജോലിക്കായി അദ്ദേഹത്തെ സമീപിച്ചവര്‍ ബീഹാറില്‍ നിന്നുള്ള ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയില്ലാത്ത ദലിതരായിരുന്നു.
കുറച്ചു കാലം മുമ്പ് കേരളത്തിലെ മന്ത്രിമാര്‍ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചവരെ സംബന്ധിച്ച ചില വിവരങ്ങള്‍ മനസിലാക്കാനിടയായി. ചില ലിസ്റ്റുകളിലുള്ള ഏതാണ്ട് എല്ലാവരും മന്ത്രിയുടെ പാര്‍ട്ടിയിലോ മതത്തിലോ ജാതിയിലോ പെട്ടവര്‍ ആയിരുന്നു. പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ മന്ത്രിമാര്‍ക്കൊപ്പം വരികയും പോവുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് അവിടെ സ്വജനപക്ഷപാതം ആകാമെന്ന ധാരണ ചിലര്ക്കുണ്ട്. അത് ശരിയല്ല. ഒരു വര്‍ഷവും കുറച്ചു ദിവസവും സേവനം അനുഷ്ടിച്ചാല്‍ സര്‍ക്കാരില്‍ നിന്ന് ആജീവനാന്ത പെന്‍ഷന്‍ കിട്ടുന്ന ജോലിയാണത്. അതിനാല്‍ നീതി പാലിക്കാനുള്ള ബാധ്യത മന്ത്രിമാര്‍ക്കും പാര്ട്ടികlള്‍ക്കുമുണ്ട്     .         
ഒരുകാലത്ത് ജോലിവാഗ്ദാനത്തിലൂടെയാണ് മലയാളി യുവാക്കള്‍ ഏറ്റവുമധികം കബളിപ്പിക്കപ്പെട്ടിരുന്നത്. ഗള്‍ഫ് തൊഴില്‍ മേഖല വികസിച്ചപ്പോള്‍ വിസാ തട്ടിപ്പ് വ്യാപകമായി. കേരളത്തിനകത്ത് ജോലി സമ്പാദിക്കാന്‍ ധാരാളം പേര്‍ ഇന്ന്‍ ആശ്രയിക്കുന്നത് രാഷ്ട്രീയ കക്ഷികളെ ആണ്. അവര്‍ ആശയങ്ങളിലോ വാഗ്ദാനങ്ങളിലോ വിശ്വാസ്വം അര്‍പ്പിച്ച് കക്ഷിയില്‍ ചേരുന്നവരാകില്ല. ലൌകികമായ പ്രതീക്ഷകളോടെ ഒരു പാര്‍ട്ടിയുമായി ബന്ധം സ്ഥാപിക്കുന്നവരാണവര്‍. ആവശ്യമുള്ളപ്പോള്‍  സംരക്ഷണവും സഹായവും അവരുടെ പ്രതീക്ഷകളില്‍ പെടുന്നു. അത് നല്‍കാനുള്ള കടമ തങ്ങള്‍ക്കുണ്ടെന്ന് പാര്‍ട്ടികളുടെ നേതാക്കള്‍ മനസിലാക്കുകയും ആ കടമ നിര്‍വഹിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഏറ്റവുമധികം പ്രതിബദ്ധത കാട്ടുന്ന കക്ഷി സി.പി.എം ആണ്. അണികള്‍ക്ക് ജോലി സംഘടിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനും മറ്റ് കക്ഷികള്‍ അതിനോളം ദൂരം പോകാറില്ല.
മുന്നണി കാലത്ത് വളര്‍ന്ന പക്ഷപാതപരമായ ആനുകൂല്യ വിതരണ സംസ്കാരത്തിന്റെ ഭാഗമാണ് ഈ തൊഴിലുറപ്പ്  രാഷ്ട്രീയം. വേണ്ടപ്പെട്ട നൂറോ ഇരുനൂറോ പേര്‍ക്ക് ജോലി നല്‍കാന്‍ മത്സരപ്പരീക്ഷ എഴുതിയ നാല്‍പതിനായിരം തൊഴിലന്വേഷകരുടെ ഉത്തരക്കടലാസുകള്‍ ഒരു മന:സാക്ഷി കുത്തും കൂടാതെ മുക്കാന്‍ കഴിയുന്ന താപ്പാനകള്‍ വിരാജിക്കുന്നിടത്ത് നവോത്ഥാന പ്രഭാഷണങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുളളത്? (മാധ്യമം, നവംബര 16, 2018)  

Thursday, November 8, 2018

ആചാര സംരക്ഷകര്‍ ജനിക്കും മുമ്പ് നടത്തിയ ശബരിമല യാത്ര 

രാത്രി ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന്‍ ഉറക്കെ എന്നെ വിളിച്ചത്. ഓടിച്ചെന്നപ്പോള്‍ ആരോടോ ഫോണില്‍ സംസാരിക്കുകയാണ്. ചെന്നയുടന്‍ എന്നോട് ഒരു ചോദ്യം: “നിനക്ക് ശബരിമലയ്ക്ക് പോണോ?” 

ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ എന്താണ് കാരണം എന്ന് മനസിലായില്ല. അതെകുറിച്ച ഒന്നും ചോദിക്കാതെ ഒറ്റവാക്കില്‍ ഞാന്‍ ഉത്തരം നല്‍കി: "പോണം" 

“രാവിലെ പോകാന്‍ തയ്യാറായിക്കോ” എന്ന് അച്ഛന്‍ പറഞ്ഞു.

ഫോണില്‍ അങ്ങേ തലയ്ക്കല്‍ അച്ഛന്റെ ഒരു ചിറ്റ്പ്പനായിരുന്നു. അദ്ദേഹം അടുത്ത ദിവസം ശബരിമലയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. കാറിനു എന്തോ പ്രശ്നമുണ്ടെന്നും അതുകൊണ്ട് അതില്‍ പോകാനാകില്ലെന്നും രാത്രി ഡ്രൈവര്‍ അദ്ദേഹത്തെ അറിയിച്ചു. അടുത്ത ദിവസം തന്നെ പോകാന്‍ കാര്‍ കൊടുക്കാനാകുമോ എന്നറിയാന്‍ വലിയച്ഛന്‍ അച്ഛനെ വിളിച്ചു. അങ്ങനെ ഞങ്ങളുടെ കാറും ഡ്രൈവര്‍ ജോസഫും ഞാനും വലിയച്ഛന്‍റെ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി.

തീന്‍ മേശയില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ മീന്‍ ഉപേക്ഷിച്ചുകൊണ്ട് വ്രതം തുടങ്ങി.

1943ലെ മണ്ഡലകാലത്തായിരുന്നു ആ യാത്ര. അതായത് 75 കൊല്ലം മുമ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇപ്പോഴത്തെ സാമാന്യം സുഗമമായ പാതയിലൂടെ അയ്യപ്പനെ രക്ഷിക്കാനെത്തിയ ആചാര്യ സംരക്ഷകരില്‍ ആരും അന്ന് ജനിച്ചിട്ടു തന്നെയുണ്ടാവില്ല. 

അക്കാലത്ത് പലരും എരുമേലി വഴിയാണ് ശബരിമലയ്ക്ക് പോയിരുന്നത്. സന്നിധാനത്ത് എത്താന്‍ അവര്‍ക്ക് ഏതാണ്ട് 50 മൈല്‍ നടക്കണമെന്ന് കേട്ടിരുന്നു.

വലിയച്ഛന്‍ കശുവണ്ടി മുതലാളിയായിരുന്നു. പ്രായം ഏതാണ്ട് 60നോടടുത്ത്. അദ്ദേഹം ചെറിയ ദൂരം മാത്രം നടക്കാനുള്ള വഴി തെരഞ്ഞെടുത്തു.

കൊല്ലത്തു നിന്നു ഞങ്ങള്‍ വെളുപ്പിന് തിരിച്ചു. വലിയച്ഛനോടൊപ്പം ഒരു വാല്യക്കാരനുണ്ടായിരുന്നു. ഒരു വലിയ ചാക്ക് കെട്ടുമായാണ് അയാള്‍ വന്നത്. 

കൊല്ലം, ഓച്ചിറ, മാവേലിക്കര, ചെങ്ങന്നൂര്‍, ആറന്മുള എന്നിങ്ങനെ പല സ്ഥലങ്ങളിലെയും അമ്പലങ്ങളിലിറങ്ങി തൊഴുതശേഷം ഞങ്ങള്‍ വൈകിട്ട പീരുമേട്ടിലെത്തി അവിടത്തെ റെസ്റ്റ് ഹൌസില്‍ രാത്രി തങ്ങി.

അടുത്ത ദിവസം കാലത്തെ അവിടെ നിന്ന് ഞങ്ങള്‍ വണ്ടിപെരിയാര്‍ എസ്റ്റേറ്റിലെത്തി. അവിടെ നിന്ന് സന്നിധാനത്തിലേക്ക് എട്ടു മൈലേയുള്ളൂ. കാറും ഡ്രൈവറും അവിടെ വിട്ടിട്ട് ഞങ്ങള്‍ നടപ്പ് തുടങ്ങി. ആ വലിയ ചാക്കും തലയിലേറ്റിയാണ് വാല്യക്കാരന്‍ നടന്നത്. വലിയച്ഛന്റെയൊ എന്റെയോ തലയിലോ കയ്യിലോ കെട്ടൊന്നുമുണ്ടായിരുന്നില്ല.

ആദ്യ ഘട്ടം കയറ്റമായിരുന്നു. നേരത്തെ ആളുകള്‍ നടന്നുണ്ടാക്കിയ ഒരു പാത കാണാം. അതിലൂടെയാണ് ഞങ്ങള്‍ നടന്നത്. അര മണിക്കൂറില്‍ വലിയച്ഛന്റെ കാലു കുഴയാന്‍ തുടങ്ങി. ജോലിക്കാരന്‍ ചാക്ക് കെട്ട് ഇറക്കി വെച്ച് തുറന്നു അതില്‍ നിന്ന് ഒരു വെട്ടുകത്തിയെടുത്തു. പാതയരികിലുള്ള ഒരു  മരത്തില്‍ നിന്ന്  ഒരു കൊമ്പ് വെട്ടിയെ ചീകി അയാള്‍ ഒരു വടിയുണ്ടാക്കി. അത് കുത്തിക്കൊണ്ടാണ് വലിയച്ഛന്‍ പിന്നെ നടന്നത്.

വടികുത്തി മെല്ലെ നടക്കുന്ന വലിയച്ഛനു പിന്നിലായിരുന്നു ചാക്ക് കെട്ട് ചുമക്കുന്ന ജോലിക്കാരന്‍. ഞാന്‍ അവരെ രണ്ട് പേരെയും വളരെ വേഗം ഏറെ പിന്നിലാക്കി. വിജനമായ പാതയിലൂടെ കുറെ ദൂരം ചെന്നപ്പോള്‍ മുന്നില്‍ ഒരാളെ കണ്ടു. മറി കടന്നു പോകാന്‍ ശ്രമിച്ചപ്പോള്‍ ആ മനുഷ്യന്‍ തടഞ്ഞുകൊണ്ട്‌ തനിച്ചാണോ എന്ന് ചോദിച്ചു. അല്ല, കൂടെയുള്ളവര്‍ പിന്നിലാണെന്ന് ഞാന്‍ പറഞ്ഞു. വന്യ മൃഗങ്ങളുള്ള പ്രദേശമാണെന്നും തനിച്ചു പോകരുതെന്നും അദ്ദേഹം ഉപദേശിച്ചു. വലിയച്ഛനും ജോലിക്കാരനും എത്തുന്നതുവരെ അദ്ദേഹം എന്നെ അവിടെ പിടിച്ചു നിര്‍ത്തി. 

വലിയച്ഛനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ നിന്നും ആള്‍ ആറന്മുളയിലെ പൊലീസ് ഇന്സ്പെക്ടറാണെന്നു മനസിലായി.

ഉച്ചയ്ക്ക് ഒരു അരുവിയ്ക്കടുത്ത് ജോലിക്കാരന്‍ ഭാണ്ഡം ഇറക്കി വെച്ചു. വലിയച്ഛനു വിശ്രമിക്കാന്‍ അടുത്തൊരു മരച്ചുവട് കണ്ടെത്തിയശേഷം അയാള്‍ കല്ലുകള്‍ കൂട്ടി അടുപ്പുണ്ടാക്കി ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങി. അതിനാവശ്യമായ പാത്രങ്ങളും സാമഗ്രികളും ചാക്ക് കെട്ടില്‍ ഉണ്ടായിരുന്നു.

ഊണിനുശേഷം യാത്ര തുടര്‍ന്ന് വൈകിട്ട് ദീപാരാധനയ്ക്കുമുമ്പ് ഞങ്ങള്‍ സന്നിധാനത്തെത്തി. ഇരുമുടിക്കെട്ടില്ലാതെയാണ് എത്തിയതെങ്കിലും പതിനെട്ട് പടികളും ചവിട്ടി കയറി ഞങ്ങള്‍ അയ്യപ്പസന്നിധിയിലെത്തി.

പടി ചവിട്ടാന്‍ ഇരുമുടിക്കെട്ട് വേണമെന്ന പുരാതനാചാരം അതിനുശേഷം നിലവില്‍ വന്നതാകണം.  അയ്യപ്പസന്നിധിയിലെത്താന്‍   അന്ന്‍ മറ്റൊരു മാര്‍ഗ്ഗം ഉണ്ടായിരുന്നോ എന്നറിയില്ല. (ചിത്രത്തില്‍, പതിനെട്ടാം പടിയുടെ പഴയ രൂപം. ഇപ്പോഴുള്ളത് പിന്നീട് പണിതതും മദ്യരാജാവ് വിജയ മല്യ സ്വര്‍ണ്ണം പൂശിയതുമായ പടികളാണ്)

സന്നിധാനത്തില്‍ തിരക്കുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ മുന്നോട്ടു പോകാനാകാതെ ഞാന്‍ പിന്നില്‍ പതുങ്ങി നിന്നു. 

ആ സമയത്ത് ഞാന്‍   ആറന്മുള പോലീസ് ഇന്‍സ്പെക്ടറുടെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം എന്നെ കൈ പിടിച്ച് ആള്കൂട്ടത്തിനിടയിലൂടെ നടത്തി പ്രതിഷ്ഠയ്ക്ക്   മുന്നില്‍ കൊണ്ടു നിര്‍ത്തി. ഞാന്‍ വ്രതം തുടങ്ങിയിട്ട് അപ്പോള്‍ 48 മണിക്കൂര്‍ തികഞ്ഞിട്ടില്ല. അത് കാര്യമാക്കാതെ അയ്യപ്പന്‍ നല്ല  ദര്‍ശനം  നല്‍കി. (അന്നത്തെ അയ്യപ്പ വിഗ്രഹമാണ്‌ ചിത്രത്തിലുള്ളത്. അമ്പലം  മലയരന്മാരുടെ നിയന്ത്രണത്തിലായിരുന്ന കാലം മുതലുണ്ടായിരുന്നതാണത്. ഇപ്പോള്‍ അവിടെയുള്ളത് 1950ലെ തീപിടിത്തത്തിനുശേഷം പ്രതിഷ്ഠിച്ച വിഗ്രഹമാണ്‌,)  

മൂന്നോ നാലോ സ്ത്രീകളെ ശബരിമലയില്‍ അന്ന് കണ്ടതായി. ഓര്‍ക്കുന്നു. സ്ത്രീപ്രവേശനം വിലക്കുന്ന പുരാതനാചാരവും തുടങ്ങിയിരുന്നില്ല എന്നര്‍ത്ഥം. പുരുഷന്‍ അയ്യപ്പനും സ്ത്രീ മാളികപ്പുറവും ആണെന്ന അറിവ് ലഭിച്ചത് അവിടെ വെച്ചാണ്. 

അന്ന് രാത്രി ശബരിമലയില്‍ താമസിച്ചിട്ട്, അടുത്ത ദിവസം കാലത്ത്‌ വീണ്ടും സ്വാമിയെ വണങ്ങിയശേഷം ഞങ്ങള്‍ മടങ്ങി. 

മലമ്പാതയിലൂടെയുള്ള നടപ്പിനിടയില്‍ അരുവികളില്‍ നിന്ന് കൈകള്‍ കൂട്ടി കോരി കുടിച്ച തണുത്ത വെള്ളത്തിനു എന്ത് തെളിമ ആയിരുന്നു! എന്ത് മധുരമായിരുന്നു! അങ്ങനെയൊരു അനുഭവം ഇന്നു പ്രതീക്ഷിക്കാനാവില്ല.

ശബരിമലയാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ തമിഴ് നാട്ടുകാരനായിരുന്ന ക്ലാസ് ടീച്ചര്‍ റോബര്‍ട്ട്‌ സാറിന്റെ കണ്ണില്‍ ഞാന്‍ ഒരു വീരസാഹസികനായി. അദ്ദേഹം യാത്രയെ കുറിച്ച് അറിയാന്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. 

വന്യമൃഗങ്ങളെ കണ്ടോ എന്ന ചോദ്യത്തിനു ഇല്ല എന്ന് പറഞ്ഞത് റോബര്‍ട്ട് സാറിനെ തെല്ലു നിരാശനാക്കിയെന്നു എനിക്ക് തോന്നി. ഒരു മൃഗത്തെയും കണ്ടില്ലെങ്കിലും ഇടയ്ക്ക് അലര്‍ച്ച കേട്ടിരുന്നുവെന്നു ഞാന്‍ പറഞ്ഞു. 

നടപ്പാതയില്‍ ഒരിടത്ത് ആനപിണ്ഡം കാണുകയുണ്ടായി. അതില്‍ നിന്നും ആവി പറക്കുന്നുണ്ടെന്നും അതുകൊണ്ട് കാട്ടാനകള്‍ അതുവഴി കടന്നു പോയിട്ട് ഏറെ സമയമായിട്ടുണ്ടാവില്ലെന്നും വലിയച്ഛന്റെ വാല്യക്കാരന്‍ പറഞ്ഞു. അയാള്‍ മുമ്പും മല ചവിട്ടിയിട്ടുള്ള ആളായിരുന്നു 

എന്നില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റോബര്‍ട്ട് സാര്‍ സാഹസികമായ ശബരിമല തീര്‍ത്ഥാടനത്തെ കുറിച്ച് ക്ലാസില്‍ ഒരു ചെറിയ പ്രഭാഷണം നടത്തി.    

Sunday, November 4, 2018


മോദിവാഴ്​ചയുടെ പരിണതി... 

ബി,ആര്‍.പി. ഭാസ്കര്‍
മാധ്യമം

അഞ്ചു കൊല്ലത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ ആര് മാസം മാത്രം ബാക്കി നില്‍ക്കെ നരേന്ദ്ര മോദി പ്രധാന മന്ത്രിയെന്ന നിലയില്‍ ഒരു സമ്പൂര്‍ണ്ണ പരാജയമാണെന്ന് രാഷ്ട്രീയ എതിരാളികള്‍ക്ക് മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന് സ്തുതിഗീതം പാടിയിരുന്ന ഭക്തജനങ്ങള്‍ പോലും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. അധികാരത്തിലേറിയ ഉടന്‍ പ്രഖ്യാപിച്ചതും 3,000 കോടിയോളം രൂപ ചെലവാക്കി നിര്‍മ്മിച്ചതുമായ സര്‍ദാര്‍ പട്ടേല്‍ പ്രതിമ യാഥാര്‍ത്യമായപ്പോള്‍ ഭക്തജനങ്ങളുടെ ആഹ്ലാദപ്രകടനം കണ്ടില്ല.
രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി വിഭാവന ചെയ്യപ്പെട്ട പ്രതിമ ഒരു കപട രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു, ജന സംഘത്തിന്റെ കാലം മുതല്‍ സംഘ പരിവാര്‍ മതനിരപേക്ഷകനായ ജവഹര്‍ലാല്‍ നെഹ്രുവിനെതിരെ ഹിന്ദുവായ വല്ലഭ്ഭായ് പട്ടേലിനെ നിരന്തരം ഉയരത്തിക്കാട്ടിയിരുന്നു. പക്ഷെ കൂറ്റന്‍  പ്രതിമയിലൂടെ പട്ടേലിനെ ഹിന്ദുത്വ മൂര്‍ത്തിയാക്കി മാറ്റാമെന്ന മോദിയുടെ കണക്കുകൂട്ടല്‍ തെറ്റി. കോണ്ഗ്രസുകാര്‍ പട്ടേല്‍ തങ്ങളുടെ പാര്ട്ടിക്കാരനായിരുന്നു എന്നു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഗാന്ധിവധത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേല്‍ ആര്‍.എസ്. എസിനെ നിരോധിച്ചതും ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവായ വി.ഡി. സവര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ഒരു ചെറു സംഘമായിരുന്നു വധത്തിനു പിന്നില്‍ എന്ന പട്ടേലിന്റെ പ്രസ്താവം മതരിരപേക്ഷചേരി വ്യാപകമായി പ്രചരിപ്പിച്ചതും മോദിക്കും ബി.ജെ.പിക്കും ഏറെ ദോഷം ചെയ്തു. കര്‍ഷകരും മറ്റ് നിരവധി ജനവിഭാഗങ്ങളും ദുരിതം അനുഭവിക്കുന്ന സമയത്താണ് പ്രതിമ നിര്‍മ്മിച്ചത്. അതിനു ചെലവാക്കിയ തുക കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന പലതും ചെയ്യാനാകുമായിരുന്നെന്നുള്ള വിമര്‍ശനവും പ്രതിമ പദ്ധതിയെ അദ്ദേഹത്തിനു ദോഷകരമാക്കി മാറ്റി. ഇതില്‍ നിന്ന് പ്രതിപക്ഷ കക്ഷികള്‍ മനസിലാക്കേണ്ടത് വസ്തുതകള്‍ നല്ലതുപോലെ അവതരിപ്പിച്ചാല്‍ മോദിയുടെ  പൊതുവേദികളിലെ മാസ്മരിക പ്രകടനങ്ങളുടെ സ്വാധീനത്തില്‍ പെട്ടവരും കാര്യങ്ങള്‍ ഗ്രഹിക്കുമെന്നാണ്.        
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ നമ്മുടെ നാട്ടിലാണെന്നത്‌ അഭിമാനത്തോടെ പറയാനാവുന്ന കാര്യം തന്നെയാണ്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും അത്  കാണാന്‍ സഞ്ചാരികള്‍ വരും. പക്ഷെ വിഭവ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു നാട്ടിലെ ഭരണാധികാരി പണം വിവേകപൂര്‍വ്വം വിനിയോഗിക്കേണ്ടതുണ്ട്. ദേശീയൈക്യം ഊട്ടി ഉറപ്പിക്കേണ്ടത്‌ ഒരാവശ്യം തന്നെ. അതിനുള്ള ഉത്തമ മാര്‍ഗം എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതിയും തുല്യതയും ഉറപ്പാക്കി രാജ്യത്തിന്റെ ഭാഗമാണെന്നതില്‍ അഭിമാനിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. 
ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള കടമ അതിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നവര്‍ക്കുണ്ട്. യഥാര്‍ത്ഥത്തില്‍ ഭരണാധികാരിയുടെ പ്രാഥമിക ചുമതലയാണത്.ഈ ചുമതല നിര്‍വഹിക്കുന്നതില്‍ മോദിയോളം അലംഭാവം കാട്ടിയ മറ്റൊരു പ്രധാനമന്ത്രി സ്വതന്ത്രഭാരതത്ത്തിന്റെ ചരിത്രത്തിലില്ല. അദ്ദേഹം അധികാരത്തിലെത്തിയ നാള്‍ മുതല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പിന്നിലെ ചാലക ശക്തിയായ ആര്‍.എസ്.എസിന്റെ സ്വാധീനത്തിലുള്ള നിരവധി സംഘടനകള്‍ പല സംസ്ഥാനങ്ങളിലും പ്രധാനമായും ദലിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്ക്മെതിരെ സംഘടിതമായി ആക്രമണങ്ങള്‍ നടത്തി വരികയാണ്. ആ സംഭവങ്ങളില്‍ ഒന്നിനെയും മോദി അപലപിച്ചിട്ടില്ല. ബി.ജെ.പി. അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലീസ് അക്രമികളെ സംരക്ഷിക്കുകയും ഇരകളെ കുറ്റവാളികളാക്കുകയുമാണ് ചെയ്യുന്നത്.
ആദ്യനാളുകളില്‍ മോദി നടത്തിയ പ്രകടനങ്ങളിലെ കാപട്യങ്ങള്‍ ഇപ്പോള്‍ പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. പാര്‍ലമെന്റ് മന്ദിരത്തിന്റെ പടി തൊട്ടു നമസ്കരിച്ചു കൊണ്ടാണ് അദ്ദേഹം അതിനുള്ളില്‍ ആദ്യം പ്രവേശിച്ചത്. പക്ഷെ സഭകളില്‍ ഏറ്റവും കുറച്ചു സമയം മാത്രം ചെലവഴിച്ച പ്രധാനമന്ത്രിയാണദ്ദേഹം. 
ഭരണനിര്‍വഹണത്തില്‍ ഒരുകാലത്ത് മന്ത്രിസഭക്കുണ്ടായിരുന്ന പങ്ക് ഇപ്പോള്‍ നിര്‍വഹിക്കുന്നത് പ്രധാനമന്ത്രിയുടെ ആപ്പീസാണ്. അത് പ്രവര്ത്തിക്കുന്നതെങ്ങനെയെന്നു മനസിലാക്കാന്‍ ഈയിടെ സി.ബി.ഐയിലുണ്ടായ മാറ്റങ്ങളുടെ കഥയില്‍ നിന്നു വായിച്ചെടുക്കാം. മോദി ഗുജറാത്തില്‍ നിന്ന് കൊണ്ടു വന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അഴിമതിക്ക് കേസ് ചാര്‍ജ് ചെയ്തപ്പോള്‍ കാബിനെറ്റ് സെക്രട്ടറി സിബിഐ തലവനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണര്‍ക്ക് കത്തെഴുതി. മന്ത്രിസഭയുടെ ഒരു സമിതി അര്‍ദ്ധരാതീ യോഗം ചേര്‍ന്നു കംമിഷനരുടെ ശിപാര്‍ശ പ്രകാരം രണ്ടു ഉദ്യോഗസ്ഥന്മാരെയും സസ്പെന്ഡ് ചെയ്തു മറ്റൊരാളെ നിയമിക്കുകയും നേരം വെളുക്കും മുമ്പ് അയാള്‍ ചാര്‍ജെടുക്കുകയും ചെയ്യുന്നു. അഴിമതിക്കെതിരെ നടപടി എടുക്കേണ്ട സി.ബി.ഐ, സിവിസി എനീ സ്ഥാപനങ്ങളെ മോദി ചട്ടുകങ്ങളാക്കി എന്നതിന് ഇതില്‍പരം എന്ത് തെളിവ് വേണം?
ആവശ്യമായ തയ്യാറെടുപ്പ് കൂടാതെ മോദി ധൃതിപിടിച്ച് നടപ്പാക്കിയ നോട്ടു നിരോധനവും വില്പന-സേവന നികുതിയും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്ന വസ്തുത കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് മറയ്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ആഭ്യന്തര കാര്യങ്ങളിലെന്ന പോലെ വിദേശ കാര്യങ്ങളിലും മോദി ഒരു വലിയ പരാജയമാണ്. 

മോദി നല്ലതൊന്നും ചെയ്തില്ലേ എന്ന് ചോദിച്ചാല്‍ അതിനുള്ള മറുപടി അവ   ദോഷകരമായ പ്രവര്‍ത്തനങ്ങളെ മറികടക്കാന്‍ പര്യാപ്തമല്ല എന്നാണ്. വസ്തുതകള്‍ ശരിയായ രീതിയില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള കഴിവ് പ്രതിപക്ഷ കക്ഷികല്‍ക്കുണ്ടെങ്കില്‍ മോദീവാഴ്ച തീര്‍ച്ചയായും 2019ല്‍ അവസാനിപ്പിക്കാനാകും.

Thursday, November 1, 2018


അപരന്‍  എന്ന അപകടകാരി
ബി.ആര്‍.പി. ഭാസ്കര്‍
-------------------------------------------------------------------------------------
ഈ ലേഖനം ഏതാനും ദിവസം മുമ്പ് പോസ്റ്റ്‌ ചെയ്തിര്‍ന്നതാണ്. ഫോര്‍മാറ്റിംഗ് പ്രശ്നം കാരണം വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഒരു സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും പോസ്റ്റ് .ചെയ്യുന്നു
-----------------------------------------------------------------------------------------
കുട്ടികളുടെ ഭാവന ഇല്ലാത്ത കൂട്ടുകാരെ സൃഷ്ടിക്കുമ്പോള്‍  മുതിര്‍ന്നവരുടെ ഭാവന ഇല്ലാത്ത ശത്രുക്കളെ സൃഷ്ടിക്കുന്നു എന്ന് പറയാറുണ്ട്. കുട്ടികള്‍ അപരന്മാരെ മിത്രങ്ങളായും മുതിര്‍ന്നവര്‍ ശതുക്കളായും കാണുന്നതെന്തെന്ന് വിശദീകരിക്കേണ്ടത് മന:ശാസ്ത്രജ്ഞരാണ്. അപരന്‍, യാഥാര്‍ത്ഥ്യമായോ ഭാവനാസൃഷ്ടിയായോ, നമ്മോടൊപ്പം സഞ്ചരിക്കുന്നു എന്നതാണ് വാസ്തവം. 

ഒരു വ്യക്തി സൃഷ്ടിക്കുന്ന അപരനെ അയാള്‍ക്ക് നിയന്ത്രിക്കാനാകും. കാരണം അയാളാണ് അതിന്‍റെ സ്രഷ്ടാവ്. എന്നാല്‍ വ്യക്തികളെ കൂടാതെ പ്രസ്ഥാനങ്ങളും ഇക്കൂട്ടത്തില്‍ മതങ്ങളും രാഷ്ട്രീയ കക്ഷികളും ഉള്‍പ്പെടുന്നു അപരനെ സൃഷ്ടിക്കുന്നുണ്ട്. അത് യഥാര്‍ത്ഥത്തിലുള്ള  വ്യക്തിയോ പ്രസ്ഥാനമോ ആകാം.

ഞാനും നീയും ഉണ്ടായപ്പോള്‍ അവന്‍ എന്ന അപരന്‍ അല്ലെങ്കില്‍ അവള്‍ എന്ന അപരയുമുണ്ടായി എന്ന് സാമാന്യേന പറയാം. ഞാനും നീയും ചേര്‍ന്ന്‍ നമ്മള്‍ ആകുമ്പോള്‍ അപരസാന്നിധ്യം ഇല്ലാതാകുന്നു. അന്യോന്യം ശത്രുതയില്ലെങ്കില്‍ നമ്മള്‍ ആയില്ലെങ്കിലും പ്രശ്നമില്ല. എന്നാല്‍ നമ്മള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള മത്സരമുണ്ടെങ്കില്‍ –- അത് വ്യക്തിപരമൊ സാമുഹികമൊ സാമ്പത്തികമൊ രാഷ്ട്രീയപരമൊ ആയ കാരണങ്ങളാലാകാം --- അപരസാന്നിധ്യം അപകടകരമായ സാഹചര്യം സൃഷ്ടിച്ചേക്കാം. മത്സരത്തില്‍ ജയിക്കാന്‍ ഇല്ലാത്ത അപരന്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകാം.

എല്ലാ മതങ്ങളും പ്രാരഭ ഘട്ടത്തില്‍ സാഹോദര്യം വളര്‍ത്തിയവയാണ്. വളരുന്ന സാഹോദര്യം അപരസൃഷ്ടിയിലേക്ക് നയിച്ച അവസരങ്ങളുമുണ്ട്. ഫരോവാ ചക്രവര്‍ത്തിമാരുടെ കീഴില്‍ ദുരിതമനുഭവിച്ചിരുന്ന തന്റെ ആളുകളെ ഒന്നിപ്പിച്ച് ഈജിപ്തില്‍ നിന്ന് പ്രവാചകനായ മോസസ് പുറപ്പെട്ടത് യഹൂദ സാഹോദര്യം വളര്‍ത്തി.  യഹൂദരുടെ ദൈവമായ യഹോവ അയല്‍ക്കാരനെ സ്നേഹിക്കാന്‍ പഠിപ്പിച്ചു. അയല്‍ക്കാരന്‍  തന്നെപ്പോലെ ഒരാള്‍ --- അതായത് മറ്റൊരു യഹൂദന്‍ --- ആണെങ്കില്‍ ആ സ്നേഹസങ്കല്‍പം വിശാലമായ ഒന്നല്ല. യഹൂദ  പൌരോഹിത്യത്തെ വെല്ലുവിളിച്ച യേശു ക്രിസ്തുവിനെ അവര്‍ അപരനാക്കി. അവനെ കുരിശിലേറ്റുക, കള്ളനായ ബാറബാസിനെ മോചിപ്പിക്കുക എന്ന് ജനം ആര്‍ത്തുവിളിച്ചു. യേശുവിന്റെ സഹോദര സങ്കല്‍പം മോസസിന്റെതിനേക്കാള്‍ വിശാലമായിരുന്നു. അയല്‍ക്കാരനെ ആര്‍ക്കും സ്നേഹിക്കാനാകും, നീ നിന്റെ ശത്രുവിനെ സ്നേഹിക്കുക എന്ന് യേശു പറഞ്ഞു. യരുശലേം തകരുകയും യഹൂദര്‍ ലോകമാകെ ചിതറുകയും ചെയ്തപ്പോള്‍  എത്തിപ്പെട്ടയിടങ്ങളിലെ  ജനങ്ങള്‍ അവരെ അപരന്മാരായി കാണുകയും ദ്രോഹിക്കുകയും ചെയ്തു. രണ്ടായിരം കൊല്ലത്തിനുശേഷം തിരിച്ചുവന്ന യഹൂദര്‍ അവിടെയുള്ള പലസ്തീനികളെ അപര്ന്മാരായി പ്രഖ്യാപിച്ച്, ദ്രോഹിച്ചുകൊണ്ടിരിക്കുന്നു.      

ക്രിസ്തുമതം പടിഞ്ഞാറോട്ട് വ്യാപിച്ചശേഷം മദ്ധ്യപൂര്‍വ പ്രദേശത്ത് നിന്ന്  സാഹോദര്യത്തിന്റെ പുതിയൊരു സന്ദേശം ഉയര്‍ന്നു. മോസസ് മുതല്‍ യേശു വരെയുള്ള എല്ലാ പ്രവാചകന്മാരെയും ഇസ്ലാം അംഗീകരിച്ചു. പക്ഷെ മുഹമ്മദ്‌ നബിയുടെ അനുയായികളെ മുന്‍ പ്രവാചകരുടെ അനുയായികള്‍ അപരന്മാരായി കണ്ടു. അവര്‍ മറിച്ചും. ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഏറെ കാലം യുദ്ധം ചെയ്തെങ്കിലും ഒന്നിന് മറ്റേതിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രാചീന മതഗ്രന്ഥമായ ഋഗ്വേദതിലെ നിരവധി സൂക്തങ്ങള്‍ വൈദിക സമുഹത്തില്‍ പെട്ടവര്‍ 3,500കൊല്ലം മുമ്പ് അവ രചിക്കുമ്പോള്‍ ചുറ്റും അവരേക്കാള്‍ സമ്പന്നരായ ഒരു നാഗരികസമൂഹം ഉണ്ടായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആ അപരന്മാരുടെ പശുക്കളെ തങ്ങള്‍ക്ക് തരണേ എന്ന് അവര്‍ പ്രാര്‍ത്‌ഥിച്ചു. (ഇന്ന് ആ പ്രാര്‍ത്ഥനകള്‍ക്കൊക്കെ തത്വചിന്താപരമായ ഭാഷ്യങ്ങളുണ്ട്. അവ പതിന്നാലാം നൂറ്റാണ്ടില്‍ സായണന്‍ എന്ന പണ്ഡിതന്‍ ചമച്ചവയാണ്. സായണനും മൂത്ത സഹോദരന്‍ മാധവനും വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാരായിരുന്നു. സംസ്കൃതഭാഷയില്‍ വലിയ മാറ്റങ്ങളുണ്ടായെന്നും അര്‍ത്ഥം അറിയാതെയാണ് പുരോഹിതന്മാര്‍ സൂക്തങ്ങള്‍ ഉരുവിടുന്നതെന്നും അതുകൊണ്ട് ശരിയായ അര്‍ഥം കണ്ടെത്തണമെന്നുമുള്ള അപേക്ഷയുമായി ചിലര്‍ ചക്രവര്‍ത്തിയെ സമീപിച്ചു, അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മാധവന്‍ സായണന്റെ നേതൃത്വത്തില്‍ ഒരു പണ്ഡിത സദസ് സംഘടിപ്പിച്ചു. അവിടെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് സായണഭാഷ്യം തയ്യാറാക്കപ്പെട്ടത്. അതിനെ ആസ്പദമാക്കി മാക്സ്മുള്ളര്‍ ഇംഗ്ലീഷിലും ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് മലയാളത്തിലും ഋഗ്വേദം അവതരിപ്പിച്ചു.)

ഭാരതീയ തതത്വചിന്തയിലെ അത്യുദാത്തമായ ആശയങ്ങള്‍ വൈദികസമൂഹവും ഇന്ത്യയിലെ ഇതര സമൂഹങ്ങളും തമ്മില്  ഇടപഴകിയശേഷമുണ്ടായ ഉപനിഷത്തുകളിലാണുള്ളത്. മറ്റിടങ്ങളില്‍ ഒരു ജനവിഭാഗം മറ്റൊന്നിനെ കീഴ്പ്പെടുത്തിയപ്പോള്‍ തോറ്റവരുടെ ദൈവം പുറത്തായി. യഹോവ താന്‍ മാത്രമാണ് സത്യദൈവമെന്നും മറ്റുള്ളവര്‍ വ്യാജന്മാരാണെന്നും അബ്രഹാമിനോട് പറയുന്നുണ്ട്. യഹോവ പേരെടുത്തു പറയുന്ന വ്യാജന്മാരില്‍ ഒരാളായ ബാല്‍ ഫിനീഷ്യക്കാരുടെയും സുമേരിയക്കാരുടെയും ആരാധനാമൂര്‍ത്തിയായിരുന്നു. ഈ രീതിയില്‍ നിന്നു തികച്ചും വ്യത്യസ്തമായി ഇവിടെ  ആധിപത്യം സ്ഥാപിച്ച വൈദിക സമൂഹം മറ്റുള്ളവരൂടെ ദൈവങ്ങളെ പുറത്താക്കിയില്ല. പുരോഹിതരായി തങ്ങളെ അംഗീകരിച്ചവരുടെ ദൈവങ്ങളെ സ്വീകരിച്ചുകൊണ്ട് അവര്‍ ബഹുദൈവ ഹിന്ദു സംവിധാനമുണ്ടാക്കി. ദൈവങ്ങള്‍ തമ്മില്‍ വഴക്കടിച്ച കഥകളുണ്ട്. പക്ഷെ ആരും വ്യാജന്മാരെന്ന് മുദ്രകുത്തി പുറത്താക്കപ്പെട്ടില്ല. ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെടുന്ന തങ്ങളുടെ ആദി ദേവീദേവന്മാരെ കൈവിട്ടുകൊണ്ട് വൈദിക സമൂഹം  ഇതര സമൂഹങ്ങളുടെ ദേവീദേവന്മാരുടെ ഉപാസകരായി എന്ന് പറയാം.    

വേദകാലത്തിനുശേഷം ഉയര്‍ന്നു വന്ന അദ്വൈത സങ്കല്‍പം തത്വത്തില്‍ അപരത്വം ഇല്ലാതാക്കി. ഒന്നേയുള്ളൂ എന്നു വരുമ്പോള്‍ അപരന് ഇടമില്ലല്ലോ. പക്ഷെ പഴയതിനെ പൂര്‍ണ്ണമായും പിന്തള്ളിക്കൊണ്ടല്ല മനുഷ്യന്‍ പലപ്പോഴും പുതിയതിനെ സ്വീകരിക്കുന്നത്. യേശു പുതിയ ചിന്ത അവതരിപ്പിച്ചശേഷവും മോസസിന്റെ കാലത്തെ കല്പനകളും കണ്ണിനു കണ്ണ്, പല്ലിനു പല്ല്പോലുള്ള പ്രാകൃത നിയമബോധവും നിലനിന്നതുപോലെ അദ്വൈതം പ്രചരിച്ചശേഷവും വേദസമൂഹം പ്രചരിപ്പിച്ച ഭിന്നതകളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. നാലായുള്ള വിഭജനം സമൂഹത്തിനുള്ളില്‍ ഭേദചിന്ത വളര്‍ത്തി. നാലിനും പുറത്തുള്ളവര്‍ അപരന്മാരായി. അവര്‍ക്കെതിരെ നാലും ഒന്നിച്ചു.

ബി.സി.ഇ. ആറാം നൂറ്റാണ്ടില ജനിച്ച ബുദ്ധനും മഹാവീരനും ഭേദചിന്ത അവസാനിപ്പിച്ച് ജനങ്ങളെ  ഒന്നിപ്പിക്കാനുതകുന്ന ആശയങ്ങള്‍ അവതരിപ്പിച്ചു. ഒരേ കാലത്ത് അവരുടെ വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിച്ച അനുയായികള്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിച്ചിരിക്കണം. എന്നാല്‍, അപരത്വ ബോധം ബാധിച്ചിട്ടില്ലാതിരുന്നതുകൊണ്ടാകാം, അവരുടെ   പ്രവര്‍ത്തനത്തില്‍ വിദ്വേഷം ഉണ്ടായിരുന്നതായി കാണുന്നില്ല.   
പരമ്പരാഗത വിശ്വാസപ്രകാരം രണ്ടു ഘട്ടങ്ങളില്‍ വൈദിക സമൂഹം വലിയ മുന്നേറ്റം നടത്തുകയുണ്ടായി. ഇതില്‍ ആദ്യത്തേത് ബി.സി.ഇ രണ്ടാം നൂറ്റാണ്ടില്‍ പുഷ്യമിത്ര സുംഗന്‍ മൌര്യ ചക്രവര്‍ത്തി ബ്രഹദത്തനെ കൊന്നു അധികാരം പിടിച്ചെടുത്തശേഷം ബുദ്ധമതാനുയായികളെ ഉന്മൂലനം ചെയ്തപ്പോഴായിരുന്നു. അന്നാണ് ഭൃഗുകുലത്തില്‍പെട്ട സുമതി പിന്നീട് മനുസ്മൃതി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട മാനവധര്‍മ്മശാസ്ത്രം രചിച്ചത്. രണ്ടാമത്തേത് രാജ്യം മുഴുവന്‍ സഞ്ചരിച്ച് ബുദ്ധമത പണ്ഡിതരെ വാദത്തില്‍ തോല്പിച്ച് വൈദിക സമൂഹത്തിന്റെ ആധിപത്യം സ്ഥാപിച്ചുവെന്നു കരുതപ്പെടുന്ന ശങ്കരാചാര്യര്‍ ജീവിച്ചിരുന്ന സി.ഇ. ഏഴ്-എട്ട് നൂറ്റാണ്ടുകളാണ്. ഈ രണ്ടു ഘട്ടങ്ങളെയും വടക്കും തെക്കും ബുദ്ധ-ജൈന മതങ്ങള്ക്കുമേല്‍ വൈദിക സമൂഹം ആധിപത്യം സ്ഥാപിച്ച കാലങ്ങളായും കാണാവുന്നതാണ്. 
അടുത്ത കാലത്ത് ഇന്ത്യക്കകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഡിഎന്‍എ പഠനങ്ങള്‍ ഏകദേശം 2,000 കൊല്ലം മുമ്പ് വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്നവര്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മതിയാക്കിയതായി  കണ്ടെത്തിയിട്ടുണ്ട്. ഉറച്ച ജാതിവ്യവസ്ഥയുടെ തുടക്കം കുറിക്കുന്ന സംഭവവികാസമായാണ് അവര്‍ അതിനെ . വിശേഷിപ്പിക്കുന്നത്. വടക്കേ ഇന്ത്യയില്‍ വൈദികസമൂഹം മേല്‍കൈ നേടിയ ഘട്ടത്തിലാണ് ഇതുണ്ടായതെന്നത് ശ്രദ്ധയര്‍ഹിക്കുന്നു. എല്ലാ പ്രദേശങ്ങളിലേക്കും ആധിപത്യം നീട്ടാന്‍ അവര്‍ക്ക് പത്ത് പതിനഞ്ച് നൂറ്റാണ്ട് വേണ്ടി വന്നു. 

വടക്കേ ഇന്ത്യയില്‍ വൈദിക സമൂഹം ആധിപത്യം നേടിയ ശേഷമാണ് മലനിരകല്‍ക്കപ്പുരത്ത് നിന്ന് ആക്രമണങ്ങള്‍ ഉണ്ടായതും വിദേശികള്‍ക്ക് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനായത്. തെക്കേ ഇന്ത്യയില്‍ വൈദിക സമൂഹം ആധിപത്യം നേടിയ ശേഷമാണ് കടല്‍ കടന്നു വന്ന വിദേശികള്‍ക്ക് ഉപഭൂഖണ്ഡത്തെ കോളനിയാക്കാന്‍ കഴിഞ്ഞത്. ജനങ്ങളെ വിഭജിക്കുകയും അവര്‍ക്കിടയില്‍ അപരത്വബോധം വളര്‍ത്തി ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിനു വിഘാതം സൃഷ്ടിക്കുകയും ചെയ്ത ജാതിവ്യവസ്ഥ വിദേശാധിപത്യം സാദ്ധ്യമാക്കിയതില്‍ വഹിച്ച പങ്ക് ചരിത്രകാരന്മാര്‍ ഇനിയും ഗൌരവപൂര്‍വം പഠിച്ചിട്ടില്ല.

തുല്യതയും തുല്യാവകാശങ്ങളും അംഗീകരിക്കുന്ന ഒരു ജനാധിപത്യ സംവിധാനമുള്ള രാജ്യത്തിനകത്ത് അപരന്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ ജാതിവ്യസ്ഥയുടെ സ്വാധീനം  നിലനില്‍ക്കുന്നതിനാല്‍ അപരന്മാര്‍ അവശേഷിക്കുന്നു. മാംസാഹാരത്തിന്റെയും പശുസംരക്ഷണത്തിന്റെയും പേരില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങളിലെ ഇരകള്‍ പ്രധാനമായും മുസ്ലിങ്ങളും ദലിതരും ആയതില്‍ പഴയ അപര സങ്കല്‍പത്തിന്റെ തുടര്‍ച്ച കാണാം. സ്വാതന്ത്ര്യപ്രാപ്തിയോടോപ്പമുണ്ടായ രാജ്യത്തിന്റെ വിഭജനം അയലത്ത് ഒരു അപരനെ സൃഷ്ടിച്ചു.            

ഒരു ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തിനായി മത്സരിക്കുന്ന കക്ഷികള്‍ കൂടിയേ തീരൂ. എതിരാളികളെ ശത്രുക്കളായി കാണുന്ന പാര്‍ട്ടികളുടെ ജനാധിപത്യവിരുദ്ധ സമീപനം പുതിയ അപരന്മാരെ സൃഷ്ടിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധന്‍, കോണ്ഗ്രസ് വിരുദ്ധന്‍ എന്നീ പഴയ പ്രയോഗങ്ങളും സിക്കുലര്‍ (sickular) ലിബറല്‍ എന്ന പുതിയ പ്രയോഗവും രാഷ്ട്രീയ രംഗത്തെ അപരസൃഷ്ടിയുടെ സന്തതികളാണ്.

അടുത്ത കാലത്തു നടന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ട അറസ്റ്റ് ഭരണകൂട താല്പര്യം മുന്‍നിര്‍ത്തി അപരനെ സൃഷ്ടിക്കാനുള്ള ഒരു ഹീന ശ്രമത്തിന്റെ ഭാഗമായിരുന്നു. പൂനെയില്‍ നിന്നുള്ള പോലീസ് സംഘങ്ങള്‍ ഒരു പ്രഭാതത്തില്‍ മഹാരാഷ്ട്രയ്ക്കകത്തും പുറത്തുമുള്ള വിവിധ നഗരങ്ങളില്‍ റെയ്ഡ് നടത്തി അഭിഭാഷകയും പീപ്പിള്‍സ് യൂണിയന്‍ ഫൊര്‍ സിവില്‍ ലിബരട്ടീസിന്റെ ഛത്തിസ്ഗഡ യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ സുധ ഭരദ്വാജ്, പീപ്പിള്‍സ് യൂണിയന്‍ ഫൊര്‍ ഡിമോക്രാറ്റിക് റൈറ്റ്സിന്റെ പ്രവര്‍ത്തകനും ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ലിയുടെ എഡിറ്റോറിയല്‍ കണ്സല്ട്ടന്റുമായ ഗൌതം നവ്‌ലഖതെലുങ്ക് കവി വരവര റാവുമുന്‍ ബോംബെ യൂണിവേഴ്സിറ്റി പ്രോഫസര്‍ വെര്ണന്‍ ഗൊണ്സല്‍വെസ്കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ അരുണ്‍ ഫെരേര എന്നിവരെ കസ്റ്റഡിയിലെടുത്തു. ആദിവാസികളുടെയും മറ്റ് പ്രാന്തവത്കരിക്കപ്പെട്ട ജനങ്ങളുടെയും അവകാശ പോരാട്ടങ്ങള്‍ക്കു പിന്തുണ നല്‍കുന്നവരെന്ന നിലയില്‍ അറിയപ്പെടുന്ന അവരുടെ അറസ്റ്റ് പൊതുസമൂഹത്തെ ഞെട്ടിച്ചു. പ്രശസ്ത ചരിത്രകാരി റൊമില ഥാപറും മറ്റെതാനും പേരും പൂനെ പോലീസ് നടപടി തടയണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിച്ചു. പ്രാരംഭവാദം കേട്ടശേഷം വിഷയം വിശദമായി പരിശോധിക്കുന്നതുവരെ അറസ്റ്റ് ചെയ്തവരെ സ്വന്തം വീടുകളില്‍ തന്നെ വെച്ചാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു. 

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരോധിക്കപ്പെട്ട മാവോയിസ്റ്റ് പാര്‍ട്ടിയെ അനുകൂലിക്കുന്നവരാണെന്നാണ് പൂനെ പോലീസ് പറയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ്  ത്തിസ്ഗഡ പോലീസ് ഡോ. ബിനായക് സെന്നിനെതിരെ ഉയര്‍ത്തി പരാജയപ്പെട്ട ആരോപണമാണിത്. വിചാരണ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ നല്‍കിയ ശേഷമാണ് സുപ്രീം കോടതി സെന്നിനു ജാമ്യം നല്‍കിയത്. പൂനെ പോലീസ് അറസ്റ്റ് ചെയ്തവരെ ഉടന്‍ തന്നെ ഭരണകൂട അനുകൂലികള്‍ 'അര്‍ബന്‍ നക്സലുകള്‍' എന്ന് മുദ്രകുത്തി. തുടര്‍ന്ന് 'അര്‍ബന്‍ നക്സലുകള്‍'ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അവര്‍ അഴിച്ചുവിട്ട പ്രചാരണം അപര നിര്‍മ്മിതിയുടെ ഒരു ക്ലാസിക് ഉദാഹരണമാണ്. (എഴുത്ത് മാസിക, നവംബര്‍ 2018)