Sunday, February 11, 2018

ഗാന്ധിയും ജിന്നയും അംബേദ് കറും

 ബി.ആര്‍.പി. ഭാസ്കര്‍

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ പൊതുരംഗത്ത് പ്രവേശിച്ച മൂന്നു വ്യക്തികള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം ഏറെ വ്യത്യസ്തമാകുമായിരുന്നു. ഗാന്ധിയും ജിന്നയും അംബേദ്കറുമാണ് ആ വ്യക്തികള്‍.

കറാച്ചിയിലെ ഒരു ഗുജറാത്തി മുസ്ലിം വ്യാപാരി കുടുംബത്തില്‍ പിറന്ന മുഹമ്മദ്‌ അലി ജിന്ന ഇംഗ്ലണ്ടില്‍ നിന്ന് ബാരിസ്റ്റര്‍ യോഗ്യത നേടിയശേഷം മുംബായില്‍ അഭിഭാഷകനായി. അതോടൊപ്പം അദ്ദേഹം കോണ്ഗ്രസ് രാഷ്ട്രീയത്തില്‍ പങ്കെടുക്കുകയും ശ്രദ്ധേയനായ യുവനേതാവാകുകയും ചെയ്തു. ദാദാഭായ് നവറോജി, ഫെറോസ്ഷാ മേത്ത തുടങ്ങിയവരുടെ കാലശേഷം ഒന്നാം സ്ഥാനത്ത് എത്തേണ്ടയാളായി എല്ലാവരും അദ്ദേഹത്തെ കണ്ടു.
ആ ഘട്ടത്തിലാണ് മോഹന്‍ദാസ് കരംചന്ദ്‌ ഗാന്ധി പ്രവാസി ജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ജനിച്ചത് പരമ്പരാഗതമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്ന ബനിയ സമുദായത്തി ലായിരുന്നെങ്കിലും അച്ഛന്‍ ഒരു കൊച്ചു നാട്ടുരാജ്യത്തിലെ ദിവാനായിരുന്നു. അദ്ദേഹവും ബാരിസ്റ്റര്‍ ആയി. എന്നാല്‍ കോടതിയില്‍ ശോഭിച്ചില്ല. തെക്കേ ആഫ്രിക്കയിലെ ഒരു ഇന്ത്യന്‍ ബിസിനസുകാരന്‍ കോടതിപ്പണിയില്ലാത്ത ജോലി നല്കിയപ്പോള്‍ അദ്ദേഹം അങ്ങോട്ടു പോയി. അവിടെ ഇന്ത്യാക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ ഐതിഹാസികമായ സമരങ്ങളെ കുറിച്ച് പത്രങ്ങളിലൂടെ അറിഞ്ഞിരുന്ന മുംബായ് വാസികള്‍ അദ്ദേഹത്തിനു വമ്പിച്ച സ്വീകരണം നല്കി. നഗരത്തിലെ ഗുജറാത്തി സമാജും ഒരു സ്വീകരണം ഒരുക്കി. സമാജ് പ്രസിഡന്റെന്ന നിലയില്‍ ജിന്ന ആയിരുന്നു ആധ്യക്ഷം വഹിച്ചത്. അവിടെ വെച്ച് ഇരുവരും ചെറുതായി ഉടക്കി. 

ജിന്നയുടെ അദ്ധ്യക്ഷ പ്രസംഗം ഇംഗ്ലീഷിലായിരുന്നു. മറുപടി പ്രസംഗത്തില്‍ ഗാന്ധി ചോദിച്ചു: ”നമ്മള്‍ ഗുജറാത്തികള്‍ ഒത്തുചേരുമ്പോള്‍ ഗുജറാത്തിയില്‍ സംസാരിച്ചാല്‍ പോരെ?” ഒരു നീണ്ട സ്വരച്ചേര്ച്ചയില്ലായ്മയുടെ തുടക്കമായിരുന്നു അത്.

പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ സര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയിലൂടെ പൊതുരംഗത്ത് പ്രവേശിക്കാനാണ് ഗാന്ധി ആഗ്രഹിച്ചത്. സൊസൈറ്റിയിലെ ചിലര്‍ അദ്ദേഹത്തിന്റെ പ്രവേശനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. അവരെ സമന്വയിപ്പിക്കാന്‍ സമയം വേണമെന്ന് ഗോഖലെ അറിയിച്ചു. അതിനിടയില്‍ കല്‍ക്കൊത്തയില്‍ പോയി രബീന്ദ്ര നാഥ് ടാഗോറിനെ സന്ദര്‍ശിക്കാന്‍ ഗാന്ധി തീരുമാനിച്ചു. ആഫ്രിക്ക വിടുന്നതിനുമുമ്പ് അവിടത്തെ ആശ്രമത്തിലെ അന്തേവാസികളെ അദ്ദേഹം ഇന്ത്യയിലേക്ക് അയച്ചിരുന്നു. അവര്‍  അദ്ദേഹത്തിന്റെ വരവും കാത്ത്  ശാന്തിനികേതനത്തില്‍ കഴിയുകയായിരുന്നു. 

കല്‍ക്കൊത്തയിലെത്തിയ ഗാന്ധിയെ ടാഗോര്‍ മഹാത്മാവ് എന്ന്‍ വിശേഷിപ്പിച്ചു. അദ്ദേഹം അവിടെയായിരുന്നപ്പോള്‍ ഗോഖലെ മരിച്ചു. അതോടെ സര്‍വന്റ്സ് ഓഫ് സൊസൈറ്റിയുടെ വാതില്‍ അടഞ്ഞു. മഹാത്മാവായി കോണ്ഗ്രസിലെത്തിയ ഗാന്ധി നേതൃനിരയില്‍ അതിവേഗം ഉയര്‍ന്നു. നവറോജിയുടെയും മേത്തയുടെയും കാലം കഴിഞ്ഞപ്പോഴേക്കും ജിന്നയെ മറികടന്നു അദ്ദേഹം മുന്നിലെത്തിയിരുന്നു. കോണ്ഗ്രസ് സമ്മേളനത്തില്‍ ജിന്ന അദ്ദേഹത്തെ മി.ഗാന്ധി എന്ന് പരാമര്ശിച്ചപ്പോള്‍ “മഹാത്മാ എന്ന് പറയൂ” എന്നാവശ്യപ്പെട്ടുകൊണ്ട് സദസ്യര്‍ ബഹളം കൂട്ടി. അവഹേളിതനായി വേദി വിട്ട ജിന്ന പിന്നീട് കോണ്ഗ്രസ് സമ്മേളനങ്ങള്‍ക്കെത്തിയില്ല.

മുസ്ലിങ്ങളെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിക്കാന്‍ പറ്റിയ ഒരു നേതാവിനും വിഷയത്തിനും വേണ്ടി ആദ്യകാലത്ത് താന്‍ തെരഞ്ഞതായി ഗാന്ധി ആത്മകഥയില്‍ പറയുന്നുണ്ട്. ജിന്നയെ അതിനു പറ്റിയ നേതാവായി അദ്ദേഹം കണ്ടില്ല. ഗാന്ധി വിദേശീയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും സാധാരണക്കാരുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പാശ്ചാത്യ ജീവിതരീതികള്‍ പിന്തുടര്ന്നയാളാണ് ജിന്ന. 
ഇന്ത്യയിലെ മുസ്ലിം പൌരോഹിത്യം തുര്‍ക്കി സുല്‍ത്താന്റെ ഖാലിഫ് പദവി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ അദ്ദേഹം താല്പര്യമെടുത്തില്ല. (ആ ആവശ്യത്തെ തുര്‍ക്കിയുള്‍പ്പെടെ ബഹുഭൂരിപക്ഷം മുസ്ലിം രാജ്യങ്ങളിലെയും ജനങ്ങള്‍ പിന്തുണച്ചിരുന്നില്ല.) എന്നാല്‍ ഹിന്ദു-മുസ്ലിം ഐക്യം സ്ഥാപിക്കാന്‍ സഹായിക്കുമെന്ന വിശ്വാസത്തില്‍ ഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയും പല നേതാക്കളുടെടും എതിര്‍പ്പ് മറികടന്നു തന്റെ നിലപാട് കോണ്ഗ്രസിനെക്കൊണ്ട് അംഗീകരിപ്പിക്കുകൌഇം ചെയ്തു. 

കോണ്ഗ്രസിലും ലീഗിലും അംഗമായിരുന്ന ജിന്ന നേരത്തെ തന്നെ തന്റേതായ രീതിയില്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും അടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അദ്ദേഹം മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ചര്‍ച്ചകളുടെ ഫലമായി 1916ല് കോണ്ഗ്രസും ലീഗും ഒപ്പുവെച്ച ലക്നൌ ഉടമ്പടി പ്രകാരം രണ്ടു സംഘടനകളും സര്‍ക്കാരിനു മുമ്പില്‍ പൊതുവായ ഭരണപരിഷ്കാര നിര്‍ദ്ദേശങ്ങള്‍ വെക്കുകയും അവ ഫലപ്രാപ്തിയിലെത്തിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കവയത്രി സരോജിനി നായിഡു ജിന്നയെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതിപുരുഷന്‍ എന്ന് വാഴ്ത്തി.

ഇരുനേതാക്കളുടെയും സമീപനങ്ങള്‍ അനാശാസ്യമായ പ്രത്യാഘാതങ്ങളുണ്ടാക്കി. ഫലത്തില്‍ ലക്നൌ ഉടമ്പടിയിലൂടെ കോണ്ഗ്രസ് ലീഗിനെ മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷിയായി അംഗീകരിക്കുകയായിരുന്നു.വ്യവസ്ഥകള്‍ കോണ്ഗ്രസ് പാലിക്കാഞ്ഞതിനാല്‍ ഉടമ്പടി ഉദ്ദേശിച്ച ഫലം നല്‍കിയില്ല. ഖിലാഫത്ത് പ്രസ്ഥാനം മുസ്ലിം പൌരോഹിത്യത്തിന് രാഷ്രീയത്തില്‍ ഇടം നേടിക്കൊടുത്തു. അതിന്റെ ദുരന്തഫലങ്ങള്‍ ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇപ്പോഴും പ്രകടമാണ്.    


ഗാന്ധിയും ജിന്നയും രാഷ്ട്രീയരംഗത്ത് തിളങ്ങി നിന്ന 1920കളിലാണ് ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തിയശേഷം തിരിച്ചെത്തിയ ബി.ആര്‍. അംബേദ്‌കര്‍ മുംബായില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. മഹര്‍ എന്ന “തൊട്ടുകൂടാത്ത” വിഭാഗത്തില്‍ പെട്ടയാളായിരുന്നു ഭീംറാവു റാംജി അംബേദ്‌കര്‍. (ഗാന്ധി പ്രചരിപ്പിച്ച ഹരിജന്‍, സര്‍ക്കാര്‍ അവതരിപ്പിച്ച പട്ടിക ജാതി, ആ വിഭാഗം സ്വയം കണ്ടെത്തിയ ദലിത് എന്നീ പേരുകള്‍ പിന്നീട് ഉണ്ടായവയാണ്.) വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനു ഉയര്‍ന്ന ഉദ്യോഗങ്ങള്‍ ലഭിച്ചെങ്കിലും എല്ലായിടത്തും ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം അനുഭവപ്പെട്ടു. മുംബായില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ട അംബേദ്‌കര്‍ മഹാരാഷ്ട്രയിലെ ദലിതരെ സംഘടിപ്പിച്ചു പ്രക്ഷോഭങ്ങള്‍ നടത്തി. ദലിത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ “മൂകനായക്” എന്ന പേരില്‍ ഒരു മറാത്തി വാരിക അദ്ദേഹം ആരംഭിച്ചു. ദലിതര്‍ക്ക് പൊതു കുളത്തില്‍ നിന്ന്‍ വെള്ളം എടുക്കാനുള്ള അവകാശത്തിനായി മഹദ്‌ എന്ന സ്ഥലത്ത് 1927 മാര്‍ച്ച് 20നു അദ്ദേഹം സംഘടിപ്പിച്ച സത്യഗ്രഹം ഒരു വലിയ സംഭവമായി. ആ ദിവസം സര്‍ക്കാര്‍ ഇപ്പോള്‍ സാമൂഹിക ശാക്തീകരണ ദിനമായി ആചരിക്കുന്നു. തിരുവിതാംകൂറിലെ ജാതീയമായ അവശതകളെ കുറിച്ച് ടി.കെ. മാധവന്‍ ഗാന്ധിയെ ധരിപ്പിച്ചതിനെ തുടര്‍ന്നു കോണ്ഗ്രസ് വൈക്കം സത്യഗ്രഹം സംഘടിപ്പിച്ചതിനു ശേഷമായിരുന്നു ഇത്. എന്നാല്‍ ഗാന്ധിയോ കോണ്ഗ്രസോ ഈ സമരത്തെ പിന്തുണച്ചില്ല.

നാഗപ്പൂരില്‍ അംബേദ്‌കര്‍ 1930ല്‍ വിളിച്ചു കൂട്ടിയ അഖിലേന്ത്യാ അധ:കൃത വര്‍ഗ കോണ്ഗ്രസ് “തൊട്ടുകൂടാത്തവരുടെ രാഷ്രീയ അവകാശങ്ങള്‍ക്കു” വേണ്ടി ശബ്ദമുയര്‍ത്തി. ബ്രിട്ടീഷ് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലണ്ടനില്‍ വിളിച്ചു ചേര്‍ത്ത വട്ടമേശ സമ്മേളനത്തില്‍ ദലിത് പ്രതിന്ധിയായി അംബേദ്‌കര്‍ ക്ഷണിക്കപ്പെട്ടു. സമ്മേളനത്തില്‍ അഭിപ്രായൈക്യം രൂപപ്പെട്ടില്ല. തുടര്‍ന്ന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ദലിതര്‍ ഉള്‍പ്പെടെ ചില വിഭാഗങ്ങളുടെ പ്രതിനിധികളെ പ്രത്യേകം പ്രത്യേകം തെരഞ്ഞെടുക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന “കമ്മ്യൂണല് അവാര്‍ഡ്” പ്രഖ്യാപിച്ചു. ദലിതര്‍ക്ക് ഇത്തരത്തിലുള്ള ഒരു സംവിധാനം വേണമെന്ന് അംബേദ്‌കര്‍ ആവശ്യപ്പെട്ടിരുന്നു. അവാര്‍ഡ് വരുമ്പോള്‍ പൂനയില്‍ ജയിലിലായിരുന്ന ഗാന്ധി അതിനെതിരെ നിരാഹാര സമരം തുടങ്ങി. ഗാന്ധിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ അംബേദ്‌കറുടെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായി. പൊതു സീറ്റുകളില്‍ ഒരു നിശ്ചിത എണ്ണം ദലിതര്‍ക്കായി സംവരണം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്ന കരാറില്‍ ഒപ്പ് വെക്കാന്‍ അദ്ദേഹം തയ്യാറായി. അതിനെ ഒരു കീഴടങ്ങല്‍ ആയി കാണേണ്ടതില്ല. കാരണം അതിലൂടെയാണ് സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഭരണഘടനയില്‍ ഉള്പ്പെടുത്തപ്പെട്ട ദലിത്, ആദിവാസി സംവരണ സംവിധാനം രൂപപ്പെട്ടത്. 

പൂന കരാറിന് ശേഷവും അംബേദ്‌കറുടെ ദലിത് ശാക്തീകരണ പരിപാടിയെ ഗാന്ധി പിന്തുണച്ചില്ല. അതിനു പകരം അദ്ദേഹം ദലിതര്‍ക്ക് ഹരിജന്‍ എന്ന പേരു നല്‍കുകയും, ഹരിജന്‍ എന്ന പേരില്‍ ഒരു വാരിക തുടങ്ങുകയും ഹരിജന്‍ സേവക സംഘം എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും ചെയ്തു. ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരുന്നതു കൊണ്ടാണ് അവര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാഞ്ഞത്. അംബേദ്‌കര്‍ എല്ലാവരും തുല്യരും എല്ലാവര്ക്കും തുല്യാവസരമുള്ളതുമായ ഒരു സമൂഹം വിഭാവന ചെയ്തു. ആ സമൂഹത്തില്‍ ജാതിക്ക് സ്ഥാനമില്ല. അതുകൊണ്ട് അദ്ദേഹം മനുസ്മൃതി കത്തിച്ചു, ജാതിയുടെ ഉന്മൂലനം ആവശ്യപ്പെട്ടു.

ചെറുപ്പത്തില്‍ ഗാന്ധി വൈശ്യര്‍ക്കും പൂണൂലിടാനുള്ള അവകാശമുണ്ടെന്നു പറഞ്ഞു അത് ധരിച്ച യുവാക്കളുടെ സംഘത്തില്‍ അംഗമായിരുന്നു. തെക്കേ ആഫ്രിക്കയില്‍ അവകാശനിഷേധത്തിന്റെ രൂക്ഷമായ രൂപം അദ്ദേഹം കണ്ടു. പക്ഷെ തീവണ്ടിയിലെ ഒന്നാംക്ലാസ് കോച്ചില്‍ നിന്ന് സായിപ്പ് പുറത്താക്കിയപ്പോള്‍ അദ്ദേഹം അത് മനുഷ്യാവകാശ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞില്ല. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസവും ഒന്നാം ക്ലാസ് ടിക്കറ്റും ഇന്ത്യാക്കാ രനെ വെള്ളക്കാരന് തുല്യമാക്കില്ല എന്ന് മാത്രമേ അദ്ദേഹം മനസിലാക്കിയുള്ളൂ. ഇന്ത്യാക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം സമരം ചെയ്തു. കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ആഫ്രിക്കയിലെ കറുത്തവരുടെ കാര്യത്തില്‍ അദ്ദേഹം താല്പര്യമെടുത്തില്ല. പക്ഷെ പില്‍ക്കാലത്ത് അമേരിക്കയില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും ആഫ്രിക്ക യില്‍ നെല്‍സന്‍ മണ്ടേലയും ഗാന്ധി തങ്ങളുടെ മുന്‍ഗാമിയും മാര്‍ഗദര്ശിയുമാണെന്ന് പ്രഖ്യാപിച്ചു.

കേരളം ജാതിപ്രശ്നം കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ഗാന്ധിയെ പ്രേരിപ്പിച്ചു. വൈക്കം സത്യഗ്രഹകാലത്ത് ഇണ്ടംതുരുത്തി നമ്പൂതിരിയുടെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹത്തെ അകത്തു കയറ്റാതെ പുറത്ത് ഒരു പന്തലിലാണ് ഇരുത്തിയത്. ആ ജാതിനിയമ പരിപാലനം അദ്ദേഹത്തെ അലോസരപ്പെടുത്തിയില്ല. ശ്രീനാരായണ ഗുരുവുമായി സംസാരിച്ചശേഷം ശിവഗിരിയില് പ്രസംഗിക്കുമ്പോള്‍  ഒരു മരത്തിലെ ഇലകളുടെ വലുപ്പചെറുപ്പം ചൂണ്ടിക്കാട്ടിക്കൊണ്ട് അസമത്വം പ്രകൃതിനിയമമാണെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഗുരു ആ വാദം പൊളിച്ചു. ഏതില ചവച്ചാലും ഒരേ രസമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഗാന്ധി ചാതുര്‍വര്‍ന്യത്തിലെ വിശ്വാസം ഉപേക്ഷിച്ചില്ല. ജാതിവ്യവസ്ഥയുടെ കാര്‍ക്കശ്യം കുറച്ചാല്‍ പ്രശ്നം അവസാനിക്കുമെന്ന അദ്ദേഹത്തിന്റെ  വിശ്വാസത്തെയും വര്ഗസമരം ജാതിപ്രശ്നം പരിഹരിക്കുമെന്ന കമ്മ്യൂണിസ്റ്റ് വിശ്വാസത്തെയും ജാതിമേധാവിത്വത്തെ നേരിട്ട് വെല്ലുവിളിക്കാതെ മുന്നോട്ടു പോകുന്ന തന്ത്രപരമായ സമീപനത്തിന്റെ ഭാഗമായി കാണാം.

കോണ്ഗ്രസില്‍ നിന്ന് അകന്ന ജിന്ന ഇംഗ്ലണ്ടിലേക്ക് പോയി. ദാദാഭായ് നവറോജിയെപ്പോലെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗത്വം നേടാമെന്നു അദ്ദേഹം കരുതിയിരുന്നതായി ഒരു ജീവചരിത്രകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കേംബ്രിഡ്ജ് വിദ്യാര്‍ത്ഥി റഹ്മത് അലി 1933ല്‍ ഒരു ലഘുലേഖയില്‍ പാകിസ്ഥാന്‍ എന്ന പേരില്‍ ഒരു മുസ്ലിം രാജ്യം എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ ജിന്ന അതില്‍  വലിയ താല്പര്യം കാട്ടിയില്ല. എന്നാല്‍ അടുത്ത കൊല്ലം ലിയാഖത്ത് അലി ഖാന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചത്തി ലീഗിന്റെ നേതൃത്വം ഏറ്റെടുത്തു. ലീഗ് 1940ല്‍ പ്രത്യേക മുസ്ലിം രാഷ്ട്രം എന്ന ആവശ്യം ഉന്നയിച്ചു. ലോകമഹായുദ്ധത്തിന്റെ ഫലമായി ക്ഷീണിച്ച ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്നു വേഗം പിന്‍വാങ്ങുമെന്ന് മനസിലാക്കിയ ജിന്ന സമര്‍ത്ഥമായ നീക്കങ്ങളിലൂടെ പാകിസ്ഥാന്‍ ഏഴു കൊല്ലത്തില്‍ യാഥാര്‍ത്ഥ്യമാക്കി. മറ്റൊരു നേതാവിനു അത് ചെയ്യാന്‍ കഴിയുമായിരുന്നോ എന്ന് സംശയമാണ്. പാകിസ്ഥാനില്‍ എല്ലാ മതസ്ഥരും തുല്യരായിരിക്കുമെന്ന് ജിന്ന പ്രഖ്യാപിച്ചു. എന്നാല്‍ ആ വാഗ്ദാനം മാനിക്കാന്‍ അനുയായികള്‍ കൂട്ടാക്കിയില്ല. തുടക്കത്തില്‍ ഏതാണ്ട് 20 ശതമാനം ഹിന്ദുക്കളുണ്ടായിരുന്ന ആ രാജ്യത്ത്  ഇപ്പോള്‍ അവര്‍ രണ്ട് ശതമാനം മാത്രമാണ്. ആവശ്യപ്പെടുന്ന പാകിസ്ഥാനി ഹിന്ദുക്കള്‍ക്കെല്ലാം ദീര്ഘകാല വിസ നല്‍കാനും പൌരത്വം നേടുന്നത് എളുപ്പമാക്കാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

ഹിന്ദു നേതൃത്വന്റെ കീഴില്‍ സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് നീതിപൂര്‍വകമായ സ്ഥാനം ലഭിക്കില്ലെന്ന ആശങ്കയാണ് മതനിരപേക്ഷ പാരമ്പര്യം പുലര്‍ത്തിയിരുന്ന ജിന്നയെ മുസ്ലിം രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോള്‍ ആ ആശങ്ക പൂര്‍ണ്ണമായും അസ്ഥാനത്തായിരുന്നെന്ന് പറയാനാകില്ല. ഭരണഘടന എല്ലാവരും തുല്യരാണെന്നു പ്രഖ്യാപിക്കുകയും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും മറ്റ് ചില വിഭാഗങ്ങള്‍ക്കൊപ്പം മുസ്ലിങ്ങളും വിവേചനം നേരിടുന്നുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പല സംസ്ഥാനങ്ങളിലും ഭരണകൂടാനുകൂലികള്‍ മുസ്ലിങ്ങള്‍ക്കെതിരെ ബോധപൂര്‍വം അക്രമം അഴിച്ചുവിട്ടിട്ടുമുണ്ട്.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അംബേദ്‌കറുടെ സേവനം പ്രയോജനപ്പെടുത്താന്‍ കോണ്ഗ്രസ് തയ്യാറായി. ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷന്‍ അദ്ദേഹമായിരുന്നു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ മന്ത്രിസഭയില്‍ അദ്ദേഹം അംഗവുമായി. ഗാന്ധിയുടെ താല്പര്യപ്രകാരമാണ് അദ്ദേഹത്തെ ഭരണഘടനാ സമിതി അദ്ധ്യക്ഷനാക്കിയതെന്നു പറയപ്പെടുന്നു. എന്നാല്‍ ഒരു ബ്രിട്ടീഷ് വിദഗ്ദ്ധനെ സമീപിച്ച്  ഭരണഘടന തയ്യാറാക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ അംബേദ്‌കറെപ്പോലെ ഒരു പണ്ഡിതന്‍ അവിടെയുള്ളപ്പോള്‍ എന്തിനാണ് വിദേശ സഹായം എന്ന്‍ ചോദിച്ചതോടെയാണ് അദ്ദേഹത്തിന്റെ പേര് പരിഗണനയില്‍ വന്നത്. ബോംബെയില്‍ നിന്നു കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അംബേദ്‌കറെ പരാജയപ്പെടുത്തിയ കോണ്ഗ്രസ് പിന്നീട് പശ്ചിമ ബംഗാളില്‍ നിന്നു അദ്ദേഹത്തെ സഭയിലെത്തിച്ചാണ് ഭരണഘടനാ നിര്‍മ്മാണ ദൌത്യം ഏല്പിച്ചത്.

ഭരണഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പ്രതിപാദിക്കുന്ന ആമുഖത്തില്‍ ഒന്നാമതായി പറയുന്നത് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ നീതിയെ കുറിച്ചാണ്. സാമൂഹിക നീതി കൂടാതെ  മറ്റ് മേഖലകളില്‍ നീതി ഉറപ്പാക്കാനാവില്ലെന്ന തിരിച്ചറിവാണ് അതിന് മറ്റ് രണ്ടിനും മുകളില്‍ സ്ഥാനം നല്‍കാന്‍ കാരണമായത്. സ്വാതന്ത്ര്യ സമരകാലത്തുതന്നെ സാമൂഹിക നീതിക്ക് പ്രഥമ പരിഗണന നല്‍കുന്ന സമീപനം സ്വീകരിക്കാന്‍ ഗാന്ധിക്കും കൊണ്ഗ്രസിനും കഴിഞ്ഞിരുന്നെങ്കില്‍ ജിന്നയെയും അംബേദ്‌കറെയും ഒപ്പം നിര്‍ത്താന്‍ ഒരുപക്ഷെ കഴിയുമായിരുന്നു. (ജനശക്തി, ജനുവരി 31, 2018)    


No comments: