Friday, November 4, 2016

60 വർഷം: നേട്ടങ്ങളും കോട്ടങ്ങളും


ബി.ആർ.പി. ഭാസ്കർ

ദരിദ്രസംസ്ഥാനമായാണ് കേരളം പിറന്നത്. ആളോഹരി വിഹിതം ദേശീയ ശരാശരിക്കു താഴെ. ഇന്ന് ആളോഹരി വരുമാനത്തിലും ഉപഭോഗത്തിലും കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഈ മാറ്റം സാധ്യമാക്കിയതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഗൾഫ് പ്രവാസമാണ്. കഴിഞ്ഞ 60 വർഷക്കാലത്തെ ഗൾഫിനു മുൻപും പിൻപും എന്നിങ്ങനെ രണ്ടായി തിരിക്കാവുന്നതാണ്.
തൊഴിലവസരങ്ങളുടെ അഭാവത്തിൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാലുടനെ, അല്ലെങ്കിൽ ബിരുദം നേടിയാലുടനെ, ചെറുപ്പക്കാർ 1950കളിൽ ജോലി തേടി സഹ്യൻ കടന്നിരുന്നു. ഏറെക്കാലം മലയാളികൾ ആശ്രയിച്ചിരുന്ന സിംഗപ്പൂരും മലയയും സിലോണും വാതിൽ കൊട്ടിയടച്ചു. അത് ഭാവിയെ കുറിച്ച് ആശങ്കക്ക് വക നൽകിയ ഘട്ടത്തി ഗൾഫ് മേഖല തുറന്നു കിട്ടി. നേരത്തെ സംസ്ഥാനത്തിനു പുറത്ത് തൊഴിൽ നേടിയവർക്ക് കുടുംബത്തിന്റെ നില അല്പം മെച്ചപ്പെടുത്താനുള്ള കഴിവെ ഉണ്ടായിരുന്നുള്ളു. എണ്ണവില ഉയർന്നതിനെ തുടർന്ന് വൻ തോതിൽ നിർമ്മാണ പ്രവർത്തനം തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ കണ്ടെത്തിയവർക്ക് നാട്ടിലേക്ക് വലിയ തുകകൾ അയയ്ക്കാനായി. ഇഞ്ചിനീയറിംഗ്, മെഡിക്കൽ, നഴ്സിംഗ് പ്രൊഫഷനലുകൾക്ക് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറാനുള്ള അവസരവുമുണ്ടായി. വിദ്യാസമ്പന്നരല്ലാത്ത ഗൾഫ് പ്രവാസികൾ അവരേക്കാൾ കൂടുതൽ പണം നാട്ടിലേക്കയച്ചു. വാണിജ്യ മേഖല തഴച്ചുവളർന്നു. ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമുള്ള കേരളീയർ രാജ്യത്ത് വിൽക്കപ്പെടുന്ന ഉപഭോഗ വസ്തുക്കളുടെ 12 ശതമാനം വരെ വാങ്ങുന്നവരായി. പ്രവാസിയുടെ പണം വയനാട്ടിൽ എത്തിയില്ല. അവിടെ പട്ടിണി മരണവും ആത്മഹത്യയും നടന്നു..
ഗൾഫ് പ്രവാസത്തിൽ സർക്കാരിന് പങ്കില്ലായിരുന്നു. തൊഴിലന്വേഷകർ ആ തൊഴിൽ വിപണി സ്വയം കണ്ടെത്തുകയായിരുന്നു. പ്രവാസികൾ സമ്പദ് വ്യവസ്ഥയ്ക്ക് നൽകുന്ന വലിയ സംഭാവന തിരിച്ചറിഞ്ഞ് അവർക്കായി ചില കുറഞ്ഞ സൌകര്യങ്ങൾ ചെയ്തു കൊടുക്കാൻ പോലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറെ സമയമെടുത്തു. സ്വകാര്യ റിക്രൂട്ടുമെന്റ് ഏജൻസികൾ പണം കൊയ്യുന്നതു കണ്ട് സംസ്ഥാന സർക്കാരുണ്ടാക്കിയ സ്ഥാപനം  വെള്ളാനയായി.  ഗൾഫ് പണത്തിന്റെ ഗുണം കിട്ടിയവരിൽ ഒരു വലിയ വിഭാഗം നാട്ടിൽ വേണ്ടത്ര അവസരങ്ങൾ കിട്ടാതിരുന്ന പിന്നാക്ക വിഭാഗങ്ങളായിരുന്നു. തന്മൂലം ആദ്യഘട്ടത്തിൽ അത് അസമത്വം കുറയ്ക്കാൻ സഹായിച്ചു. പ്രവാസിനിരയിൽ നിന്ന് പിന്നീട് അതിസമ്പന്നർ ഉയർന്നു. അതോടെ അസമത്വം വീണ്ടും വർദ്ധിച്ചു തുടങ്ങി. ഗൾഫ് പണമൊഴിക്കിനൊപ്പം പ്രാദേശിക സംരംഭകരുടെ ദേശീയ ബ്രാൻഡുകളുടെ പ്രചാരവും സർക്കാർ ഒരുക്കിയ ഐ.ടി. പാർക്കുകളുടെ വൈകിയുള്ള വളർച്ചയും സമ്പദ് വ്യവസ്ഥയുടെ വികാസത്തിൽ പങ്കു വഹിച്ചു.
നാല്പതു കൊല്ലത്തിൽ ഗൾഫിൽ നിന്നുള്ള വാർഷിക പണമൊഴുക്ക് 300 കോടി രൂപയിൽ നിന്ന് ഏകദേശം 1,00,000 കോടി രൂപയായി ഉയർന്നു. ഇതിന്റെ ഒരു ചെറിയ അംശമെ സമൂഹത്തിന് മൊത്തത്തിൽ ഗുണം ചെയ്യാൻ കഴിയുന്ന രീതിയിൽ വിനിയോഗിക്കപ്പെട്ടുള്ളു. പദ്ധതികൾക്കായി പ്രവാസികളിൽ നിന്ന് പണം സമാഹരിക്കാനുള്ള സർക്കാർ ശ്രമങ്ങൾ വിജയിച്ചില്ല. പ്രവാസികൾക്ക് നേരിട്ട് ഗുണം ചെയ്യുന്ന കൊച്ചി വിമാനത്താവള പദ്ധതിക്കു മാത്രമാണ് പണം കിട്ടിയത്. നിക്ഷേപം തേടി ചെന്നവർക്ക് അവർ സമ്മാനങ്ങൾ നൽകി. പാർട്ടി നേതാക്കൾക്ക് ചാനൽ തുടങ്ങാനും തെരഞ്ഞെടുപ്പു ചെലവ് വഹിക്കാനും അവർ പണം കൊടുത്തു. പക്ഷെ വ്യവസായങ്ങളിൽ മുതൽ മുടക്കാൻ തയ്യാറായില്ല. ഇതിന്റെ അടിസ്ഥാന കാരണം രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥന്മാരുടെയും നിയന്ത്രണത്തിലുള്ള സംവിധാനങ്ങളിൽ അവർക്ക് വിശ്വാസമില്ലാത്തതാണ്.  പ്രൊഫഷണൽ മാനേജ്മെന്റുള്ള സംവിധാനങ്ങളുണ്ടാക്കി വിശ്വാസ്യത നേടാൻ സർക്കാരിന് ഇനിയും ശ്രമിക്കാവുന്നതാണ്.
ഒരു നൂറ്റാണ്ട് മുമ്പ് ആരംഭിച്ച സാമൂഹിക നവീകരണ പ്രക്രിയ മുന്നോട്ടു പോകുമ്പോഴാണ് കേരളം പിറന്നത്. ആ പ്രക്രിയ സാമൂഹികമായി കേരളത്തെ വികസിത രാജ്യങ്ങളുടെ തലത്തിലെത്തിച്ചതായി ഐക്യരാഷ്ട്രസഭ 1970 ആയപ്പൊഴേക്കും കണ്ടെത്തി. സർക്കാർ അതു മുന്നോട്ടു കൊണ്ടുപോയതിന്റെ ഫലമായി കേരളം സമ്പൂർണ്ണസാക്ഷരതയുൾപ്പെടെ പല നേട്ടങ്ങളം കൈവരിച്ചു. എന്നാൽ സാമൂഹ്യപരിഷ്കർത്താക്കളുടെ ശ്രമഫലമായി പുറന്തള്ളപ്പെട്ട പല അനാചാരങ്ങളും പിന്നീട് തഴച്ചു വളർന്നു. കൃഷിഭൂമിയുടെ ഉടമസ്ഥത ജന്മിയിൽ നിന്ന് ഇടനിലക്കാരനായ കുടിയാനിലേക്ക് മാറ്റി. എന്നാൽ കർഷകത്തൊഴിലാളി തഴയപ്പെട്ടു. കൃഷി ക്ഷയിച്ചു. ഇപ്പോൾ കൃഷി ചെയ്തു ഉപജീവനം നടത്താൻ തയ്യാറുള്ള ഒരു വലിയ വിഭാഗം ഇവരിലേറെയും ദലിതരും ആദിവാസികളുമാണ് -- കൃഷിഭൂമിക്കായി മുറവിളി കൂട്ടുകയാണ്. സർക്കാർ അത് കേട്ടില്ലെന്ന് നടിക്കുന്നു. കേരള രൂപീകരണത്തിനു മൂമ്പ് തുടങ്ങിയ വനം കയ്യേറ്റം പിന്നീട് സംഘടിത രൂപത്തിൽ വളർന്നു. കയ്യേറ്റക്കാരുടെ  സാമുദായിക വോട്ടുകൾ നേടാനായി പാർട്ടികൾ ആദിവാസികളെ കൈയൊഴിഞ്ഞു.
ആദ്യ തെരഞ്ഞെടുപ്പിൽ കേരളം കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റിയത് ലോക ശ്രദ്ധ ആകർഷിച്ചു. ഇന്ന് കേരളത്തിൽ ഒറ്റയ്ക്ക് അധികാരം നേടാൻ കഴിവുള്ള ഒരു കക്ഷിയില്ല. അതിനായി ശ്രമിക്കാനുള്ള ചങ്കൂറ്റം പോലും ഒരു കക്ഷിക്കുമില്ല  നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള നേതാക്കളുണ്ട്. അവരുടെ പാർട്ടികൾ വളരുകയല്ല, തളരുകയാണ്. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ രാഷ്ട്രീയരംഗത്തു നിന്ന് നിഷ്ക്രമിച്ച ജാതിമത സംഘടനകൾ വീണ്ടും സജീവമായിരിക്കുന്നു. ഒപ്പം പിന്നീട് ജന്മം കൊണ്ടവയുംമുണ്ട്. അവയുടെ സ്വാധീനത്തിൽ വർഗീയ ധ്രുവീകരണം നടക്കുന്നുഒറ്റയ്ക്ക് മത്സരിച്ചാൽ ഒരു സീറ്റും നേടാനാകാത്ത കക്ഷികൾക്കും മുന്നണികളുടെ തണലിൽ അധികാരത്തിലേറാൻ കഴിയുന്നു. ഇങ്ങനെ വികലമാക്കപ്പെട്ട ജനാധിപത്യത്തിൽ ജീർണ്ണത പടർന്നില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു?
കേരളം പിറക്കുമ്പോൾ സർക്കാർ മേഖലയിൽ മികച്ച സ്കൂളുകളും കോളെജുകളും ഉണ്ടായിരുന്നു. അവിടെ പ്രവേശനം ലഭിക്കാൻ സാധ്യതയില്ലെങ്കിലെ പലരും സ്വകാര്യ സ്ഥാപനങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നുള്ളു. ഇപ്പോൾ സ്വകാര്യ വിദ്യാഭ്യാസ മേഖല പ്രിയങ്കരമായിരിക്കുന്നു. അവിടെ നല്ല സ്ഥാപനങ്ങളുണ്ട്. ഒപ്പം ഭരണാധികാരുകളെ കോഴ കൊടുത്തൊ അല്ലാതെയൊ സ്വാധീനിച്ച് അനുവാദം വാങ്ങി സ്ഥാപിച്ച പീടികകളുമുണ്ട്. അവിടെ കോഴ കൊടുത്ത് ജോലി സമ്പാദിച്ച അദ്ധ്യാപകർ കോഴ കൊടുത്ത് പ്രവേശനം നേടിയ വിദ്യാർത്ഥികളെ ഡോകടർമാരും ഇഞ്ചീീയർമാരുമാക്കാൻ ശ്രമിക്കുന്നു.

അഭിമാനത്തൊടെ ചൂണ്ടിക്കാണിക്കാവുന്ന പല നേട്ടങ്ങളും നമുക്കുണ്ട്. ദൂരെയിരുന്നു നോക്കുന്ന ജ. മാർക്കണ്ഡേയ കട്ജുവിനെപ്പോലുള്ള നിരീക്ഷകരെ ത്രസിപ്പിക്കാനുള്ള കഴിവും നമുക്കുണ്ട്. പക്ഷെ പൂർവികർ വെട്ടിത്തെളിച്ച, കേരളത്തെ ഒന്നാം നിര സംസ്ഥാനമാക്കി മാറ്റിയ, നവോത്ഥാനപാതയിൽ നിന്ന് മാറിയാണ് നാം സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. വ്യത്യസ്തമായ പാത തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ തലമുറയ്ക്കുമുണ്ട്.  അത് നയിക്കുന്നത് മുന്നോട്ടാണ്, പിറകോട്ടല്ല, എന്ന് ഉറപ്പു വരുത്താനുള്ള ചുമതലയും അവർക്കുണ്ട്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ 30, 2016)

1 comment:

Unknown said...

വളരെ നല്ല ലേഖനം.