Wednesday, December 17, 2014

ഒരു മന്ത്രിയുടെ രാജികൊണ്ട് പ്രശ്നം അവസാനിക്കില്ല

ബി.ആർ.പി. ഭാസ്കർ
ജനയുഗം

ബാർ ഉടമകളിൽ നിന്ന്‌ പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ധനകാര്യ മന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും സമരം ചെയ്യുകയാണ്‌. എന്നാൽ ഒരു മന്ത്രിയുടെ രാജികൊണ്ട്‌ അവസാനിക്കുന്നതല്ല കേരളം ഇപ്പോൾ നേരിടുന്ന പ്രശ്നം. സംസ്ഥാന രാഷ്ട്രീയം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ ഫ്യൂഡലിസത്തിന്റെ അവസ്ഥയിൽ എത്തിനിൽക്കുകയാണ്‌, ജീർണിച്ച്‌ നിലംപൊത്താറായ അവസ്ഥയിൽ. പ്രശ്നത്തെ ആ നിലയിൽ കണ്ടുകൊണ്ടു വേണം പരിഹാരം തേടാൻ.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അഞ്ചു മന്ത്രിമാർക്കുമെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ്‌ വകുപ്പ്‌ അതിവേഗ പരിശോധന നടത്തുകയാണെന്നും മാണിക്കും മറ്റ്‌ മൂന്നു മന്ത്രിമാർക്കുമെതിരെ കേസ്‌ രജിസ്റ്റർ ചെയ്ത്‌ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നുമാണ്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല കഴിഞ്ഞയാഴ്ച നിയമസഭയിൽ ഒരു ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞത്‌. അന്വേഷണം നടക്കുന്നതേയുള്ളൂ എന്നും ആരും കുറ്റക്കാരാണെന്ന്‌ പറയാവുന്ന ഘട്ടമെത്തിയിട്ടില്ലെന്നും സർക്കാർ പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിക്കെതിരെ ഉദ്യോഗസ്ഥർക്ക്‌ നീങ്ങാനാകുമോ എന്ന സംശയം ജനങ്ങൾക്കുണ്ട്‌. നമ്മുടെ പ്രതിപക്ഷ കക്ഷികൾ ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ അധികാരത്തിലേറുന്നവരാണ്‌. ഔദ്യോഗിക സംവിധാനത്തിന്റെ പരിമിതികളെ കുറിച്ച്‌ അറിവുള്ളതുകൊണ്ടാണ്‌ അവരും രാജിവെച്ച്‌ അന്വേഷണം നേരിടണമെന്ന്‌ ആവശ്യപ്പെടുന്നത്‌.

ആരോപണം നേരിടുന്നവർ രാജി വെക്കണമെന്ന്‌ വന്നാൽ സർക്കാരിന്‌ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. ആവശ്യമായ ഗൃഹപാഠം കൂടാതെ ആരോപണങ്ങൾ ഉന്നയിക്കുന്ന പതിവ്‌ രാഷ്ട്രീയ കക്ഷികൾക്കുള്ളതുകൊണ്ട്‌ ഈ നിലപാട്‌ പാടെ തള്ളിക്കളയാനാവില്ല. അതേസമയം നിരവധി കളങ്കിതരടങ്ങുന്ന ഒരു സർക്കാർ അധികാരത്തിൽ തുടരുന്നത്‌ ജനാധിപത്യ വ്യവസ്ഥയ്ക്ക്‌ ഭൂഷണമല്ലെന്ന്‌ മുഖ്യമന്ത്രി മനസിലാക്കണം.

ഇത്രയേറെ മന്ത്രിമാർ അഴിമതി ആരോപണം നേരിട്ട ഒരു കാലഘട്ടം സംസ്ഥാനത്തിന്റെ ആറു പതിറ്റാണ്ടിന്റെ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ല. ഒരു വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്ത ചിലർക്ക്‌ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടവരുടെ സഹായം ലഭിച്ചിരുന്നതായി അന്വേഷണത്തിനിടയിൽ വെളിപ്പെട്ടിരുന്നു. അന്ന്‌ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ സമരങ്ങൾ ഫലം കണ്ടില്ല. അതിനുശേഷം പ്രതികൾ പരാതിപ്പെട്ടവർക്ക്‌ പണം തിരികെ നൽകി മിക്ക കേസുകളും ഒത്തുതീർപ്പാക്കി. കേസുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്‌ ചൂണ്ടിക്കാട്ടി അന്ന്‌ രാജിവെക്കാതിരുന്നതിനെ മുഖ്യമന്ത്രി ഈയിടെ ന്യായീകരിക്കുകയുണ്ടായി. ക്രിമിനൽ കുറ്റവും ധാർമ്മിക ഉത്തരവാദിത്വവും തമ്മിലുള്ള വ്യത്യാസം അദ്ദേഹം മന:പൂർവം അവഗണിക്കുകയാണ്‌. കേസ്‌ നിലനിന്നാലും ഇല്ലെങ്കിലും സ്വന്തം സ്റ്റാഫംഗങ്ങളുടെ ദുഷ്ചെയ്തികൾക്ക്‌ അദ്ദേഹത്തിന്‌ ധാർമ്മികമായ ഉത്തരവാദിത്വമുണ്ട്‌.

കെ എം മാണി പണം ചോദിച്ചു വാങ്ങിയെന്ന്‌ ടെലിവിഷൻ ക്യാമറയുടെ മുന്നിലിരുന്നു വിളിച്ചു പറഞ്ഞത്‌ രാഷ്ട്രീയ എതിരാളികളല്ല, ഒരു വ്യവസായിയാണ്‌. മന്ത്രിക്ക്‌ കൊടുത്തെന്ന്‌ പറയപ്പെടുന്നതിനേക്കാളേറെ പണം ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അംഗങ്ങളിൽ നിന്ന്‌ പിരിച്ചതായി ഭാരവാഹികൾ വെളിപ്പെടുത്തിയിട്ടുണ്ട്‌. മദ്യനയം സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്റെയും കോടതിയുടെയും മുന്നിലിരുന്ന ഘട്ടത്തിലാണ്‌ പിരിവ്‌ നടത്തിയത്‌. പണം എങ്ങനെയാണ്‌ വിനിയോഗിച്ചതെന്നും അത്‌ ആർക്കെല്ലാം വീതിച്ചു കൊടുത്തെന്നും ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വെളിപ്പെടാനിടയില്ല. ആരോപണം ഉന്നയിച്ച വ്യവസായി വിജിലൻസിന്‌ വിശ്വസനീയമായ വിവരങ്ങൾ നൽകിയ ലക്ഷണമില്ല. പ്രഥമ വിവര റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ മൊഴിയേക്കാൾ പ്രാധാന്യം അദ്ദേഹത്തിന്റെ ്ര‍െഡെവറുടെ മൊഴിക്ക്‌ കൽപിച്ചിട്ടുള്ളത്‌ അതിനാലാകണം. അതിനിടെ പണം കൊടുത്തത്‌ മദ്യനയം സംബന്ധിച്ച തീരുമാനത്തെ സ്വാധീനിക്കാനായിരുന്നില്ല, ലോക്സഭയിലേക്ക്‌ മത്സരിച്ച ജോസ്‌ കെ മാണിയുടെ തെരഞ്ഞെടുപ്പ്‌ ചെലവിലേക്കായിരുന്നെന്നുള്ള ഭാഷ്യവും ചില ബാർ ഉടമകൾ നൽകിയിട്ടുണ്ട്‌.
മാണിയെ പ്രതിസന്ധിയിലാക്കുന്നതിനപ്പുറം അദ്ദേഹത്തെ കോടതി കയറ്റി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന ഉദ്ദേശ്യം അവർക്കില്ലെന്നാണ്‌ ഇതിൽ നിന്ന്‌ മനസിലാക്കേണ്ടത്‌.
ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ്‌ മാണി അഴിമതി ആരോപണം നേരിടുന്നത്‌. ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന്‌ സംശയിക്കുന്നതായി അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും പറയുന്നു. കേരളാ കോൺഗ്രസിനെ യുഡിഎഫിൽ നിന്ന്‌ അടർത്തിയെടുത്ത്‌ മാണിയെ മുഖ്യമന്ത്രിയാക്കാൻ സിപിഎം തയാറാണെന്ന ധാരണ പടർന്ന സമയത്താണ്‌ ആരോപണം ഉയർന്നത്‌. ആ നിലയ്ക്ക്‌ മാണിയുടെ സംശയം അസ്ഥാനത്തല്ല. പക്ഷെ അതിന്‌ വിജിലൻസ്‌ അന്വേഷണത്തിൽ പ്രസക്തിയില്ല. അഴിമതി നടന്നോ ഇല്ലയോ എന്നാണ്‌ വിജിലൻസ്‌ അന്വേഷിക്കേണ്ടത്‌. അന്വേഷണോദ്യോഗസ്ഥർ മാണിയെ വിശദമായി ചോദ്യം ചെയ്യുന്നതിനു മുമ്പ്‌ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെപിസിസി പ്രസിഡന്റും അദ്ദേഹത്തിന്‌ ക്ലീൻ ചിറ്റ്‌ നൽകാൻ കാട്ടിയ വ്യഗ്രത ജനമനസുകളിൽ അന്വേഷണം സത്യസന്ധമാകുമോ എന്ന സംശയം ജനിപ്പിച്ചിട്ടുണ്ട്‌.

മുസ്ലിം ലീഗുകാരനായ പൊതുമരാമത്തു മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങൾക്കെതിരായ അഴിമതി ആരോപണം ഉന്നയിച്ചതും പ്രതിപക്ഷമല്ല, യുഡിഎഫിൽ പെടുന്ന കേരളാ കോൺഗ്രസ്‌ (ബി)യുടെ നിയമസഭാംഗമായ കെ ബി ഗണേശ്‌ കുമാർ ആണ്‌. നഷ്ടപ്പെട്ട മന്ത്രിപദം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതിന്റെ നിരാശയിൽ കഴിയുന്നയാളാണ്‌ അദ്ദേഹം. എന്നാൽ അതുകൊണ്ട്‌ അദ്ദേഹത്തിന്റെ ആരോപണം തള്ളിക്കളയാനാകില്ല. ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം മനസിൽ കൊണ്ടുനടക്കുന്നവരാണ്‌ സാധാരണഗതിയിൽ ഇത്തരം വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നത്‌. മുഖ്യമന്ത്രിക്ക്‌ എഴുതി കൊടുത്തിട്ട്‌ നടപടി ഉണ്ടാകാതിരുന്നതുകൊണ്ടാണ്‌ വിഷയം നിയമസഭയിൽ ഉന്നയിച്ചതെന്ന്‌ ഗണേശ്‌ കുമാർ വെളിപ്പെടുത്തിയിരുന്നു.

മറ്റൊരു മന്ത്രിക്കെതിരെ കൂടി ആരോപണങ്ങളുന്നയിക്കാനുണ്ടെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയും യുഡിഎഫും ആരോപണം സഭാ സമിതി അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ സാഹചര്യത്തിൽ ഗണേശ്‌ കുമാറിനു ഇനി ചെയ്യാവുന്നത്‌ രണ്ട്‌ മന്ത്രിമാർക്കുമെതിരായ ആരോപണങ്ങൾ മറ്റേതെങ്കിലും ഔദ്യോഗിക സംവിധാനത്തിനു മുന്നിൽ വെക്കുകയാണ്‌. വിജിലൻസ്‌ വകുപ്പിന്‌ മന്ത്രിമാർക്കെതിരെ നീങ്ങാനാകുമോയെന്ന്‌ സാധാരണ ജനങ്ങളെയും പ്രതിപക്ഷത്തെയും പോലെ അദ്ദേഹവും സംശയിക്കുന്നുണ്ടെങ്കിൽ കോടതിയെയോ ലോകായുക്തയെയോ സമീപിക്കാവുന്നതാണ്‌.

കഴിഞ്ഞ കൊല്ലം ഓഗസ്റ്റ്‌ മാസത്തിൽ, സോളാർ തട്ടിപ്പു കേസ്‌ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്ന ഘട്ടത്തിൽ, എഴുതിയ ഒരു ലേഖനത്തിൽ 2011 ലെ ജനവിധി കാലഹരണപ്പെട്ടിരിക്കുന്നെന്നും ഉമ്മൻചാണ്ടി രാജിവെച്ച്‌ തെരഞ്ഞെടുപ്പ്‌ നേരിടണമെന്നും ഈ ലേഖകൻ അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫ്‌ തെരഞ്ഞെടുപ്പിന്‌ തയാറായില്ലെങ്കിൽ പ്രതിപക്ഷ എംഎൽഎമാർക്ക്‌ ഒന്നടങ്കം രാജിവെച്ച്‌ സർക്കാരിനെ അതിനു നിർബന്ധിക്കാനാകുമെന്ന്‌ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ആ നിർദ്ദേശങ്ങൾ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സ്വീകാര്യമായില്ല. ഇപ്പോഴും അവർക്ക്‌ അവ സ്വീകാര്യമാകുമെന്ന്‌ തോന്നുന്നില്ല. എന്നാൽ അടിസ്ഥാനപരമായി അന്നത്തെ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ ആ നിർദേശങ്ങൾ ആവർത്തിക്കേണ്ടിയിരിക്കുന്നു. ഈ സർക്കാർ ജനാധിപത്യ വ്യവസ്ഥക്ക്‌ കളങ്കമായിരിക്കുകയാണ്‌. ഒരു തെരഞ്ഞെടുപ്പിലൂടെയല്ലാതെ ഈ അവസ്ഥയിൽ നിന്ന്‌ മോചനം നേടാനാവില്ല. (ജനയുഗം, ഡിസംബർ 17, 2014)

No comments: