Sunday, July 27, 2014

ചതിക്കപ്പെടുന്ന മാധ്യമപ്രവർത്തകർ

ബി.ആർ. പി. ഭാസ്കർ

പാലക്കാട്ടെ പത്രപ്രവർത്തകർക്ക് നായനാർ മന്ത്രിസഭ വാഗ്ദാനം ചെയ്ത ഭവനപദ്ധതി 17 കൊല്ലത്തിനുശേഷവും യാഥാർത്ഥ്യമായിട്ടില്ല. അർഹതയുള്ള 28 പത്രപ്രവർത്തകർക്ക് സർക്കാർ പെൻഷൻ നിഷേധിക്കുന്നു. ഈ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ മാധ്യമപ്രവർത്തകരെ ചതിച്ചെന്ന് ലേഖനം കുറ്റപ്പെടുത്തുന്നത്. സർക്കാർ വാഗ്ദാനം പാലിക്കാതിരിക്കുന്നതും അർഹതപ്പെട്ടത് നൽകാതിരിക്കുന്നതും അപലപനീയമാണ്. എന്നാൽ ഇത് മാധ്യമപ്രവർത്തകരുടെ കാര്യത്തിൽ മാത്രം സംഭവിക്കുന്നതല്ല. സെക്രട്ടേറിയറ്റിനു മുന്നിൽ കഴിഞ്ഞ ദിവസം അനിശ്ചിതകാല നില്പു സത്യഗ്രഹത്തിനെത്തിയ ആദിവാസികൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരുവനന്തപുരത്തു വന്നു സമരം നടത്തുന്നവരിൽ ഏറെയും അതിന് നിർബന്ധിതമാകുന്നത് സർക്കാർ ചെയ്യേണ്ടതും ചെയ്യാമെന്നു പറഞ്ഞതുമായ കാര്യങ്ങൾ ചെയ്യാത്തതുകൊണ്ടാണ്.

പാലക്കാട്ടെ ഭവനപദ്ധതി പ്രകാരം അഞ്ചു സെന്റ് ഭൂമി വീതം ലഭിച്ച മാധ്യമപ്രവർത്തകർ വില നൽകിയെങ്കിലും ഭൂമി കൊടുത്തത് പൊതുക്കാര്യത്തിനല്ലെന്ന കാരണം പറഞ്ഞ് ഹൈക്കോടതി പദ്ധതി റദ്ദു ചെയ്യുകയായിരുന്നു. ബന്ധപ്പെട്ട പത്രപ്രവർത്തകർക്ക് നോട്ടീസ് നൽകാതെയും അവരുടെ ഭാഗം കേൾക്കാതെയുമാണ് കോടതി പൊതുക്കാര്യ ഹർജിയിൽ വിധി പ്രസ്താവിച്ചതെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. പ്രശ്നം കോടതിയുടെ മുന്നിലെത്തിയപ്പോൾ ആ വിവരം പത്രപ്രവർത്തകർ അറിഞ്ഞിരുന്നിരിക്കണം. ആ ഘട്ടത്തിൽ എന്തുകൊണ്ട് ഇടപെട്ടില്ലെന്നും സിംഗിൾ ബെഞ്ച് വിധി അവസാനവാക്കായത് എങ്ങനെയാണെന്നും ലേഖനത്തിൽ നിന്ന് വ്യക്തമല്ല.

സാധാരണഗതിയിൽ പെൻഷൻ പദ്ധതിയുടെ ഗുണം ലഭിക്കുന്നതിന്  അതിൽ അംഗമാകുകയും ചട്ടങ്ങളിൽ പറയുന്ന വിഹിതം നൽകുകയും വേണം. എന്നാൽ കേരള പത്രപ്രവർത്തക പെൻഷൻ പദ്ധതി തുടങ്ങിയതു ഒരു വിഹിതവും നൽകാതെ തന്നെ പെൻഷൻ അനുവദിച്ചുകൊണ്ടാണ്. ഔപചാരികമായി റിട്ടയർ ചെയ്തെങ്കിലും ഉയർന്ന വേതനത്തിൽ പത്രത്തിൽ പണി തുടർന്നുകൊണ്ടിരുന്ന ഒരാളെയും അന്നത്തെ മുഖ്യമന്ത്രി വ്യക്തിപരമായി താല്പര്യമെടുത്ത്  ആദ്യ ഗുണഭോക്താക്കളിൽ ഉൾപ്പെടുത്തിയിരുന്നു. ഇതൊക്കെ പത്രപ്രവർത്തക പെൻഷൻ അവകാശമെന്നതിനേക്കാൾ ആനുകൂല്യമായാണ് നൽകപ്പെട്ടതെന്ന് സൂചിപ്പിക്കുന്നു. പദ്ധതിയിൽ ചേർന്ന് നിശ്ചിത വിഹിതം നൽകാൻ എന്തോ കാരണവശാൽ കൂട്ടാക്കാതിരുന്നവർക്കാണ് ഇപ്പോൾ പെൻഷൻ നിഷേധിച്ചിട്ടുള്ളത്. തുടക്കത്തിൽ തന്നെ അംഗത്വമെടുത്തിരുന്നെങ്കിൽ കൊടുക്കേണ്ടിയിരുന്ന ഗഡുക്കളെല്ലാം ഒന്നിച്ചു അടയ്ക്കാമെന്ന് സർക്കാരിനെ യൂണിയൻ ബോധ്യപ്പെടുത്തിയിട്ടും മന്ത്രി പെൻഷൻ അനുവദിക്കുന്നില്ലെന്നാണ് പരാതി. ആനുകൂല്യത്തിനുമേൽ ആനുകൂല്യം തേടുന്ന ഇത്തരം അവസ്ഥയിൽ ചെന്നുപെടാതിരിക്കാൻ പത്രപ്രവർത്തകരെന്നല്ല എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. 
ജീവിതകാലം മുഴുവനും സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന പത്രപ്രവർത്തകർ ജനപ്രതിനിധികളേക്കാളും ഉദ്യോഗസ്ഥന്മാരേക്കാളും ഉദാത്തമായ ജോലിയിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന ലേഖകന്റെ വാദത്തെ ആനുകൂല്യങ്ങൾ തേടുന്നതിനുള്ള ന്യായീകരണമായി മാത്രമെ കാണാനാകൂ. തൊഴിലെടുത്തു സത്യസന്ധമായി ഉപജീവനം നടത്തുന്ന എല്ലാവരും വ്യത്യസ്ത രീതികളിൽ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ്. ധീരമായ പത്രപ്രവർത്തനത്തിന്റെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നവർ സർക്കാരുൾപ്പെടെ ആരുടെയും മുന്നിൽ സൌജന്യത്തിനൊ ആനുകൂല്യങ്ങൾക്കൊ ആയി കൈനീട്ടാൻ പാടില്ല.

കേരളത്തിലെ പത്രപ്രവർത്തകർ നേരിടുന്ന ഇത്തരം പ്രശ്നങ്ങളെ പത്രസ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയമത്തിന്റെ അഭാവവുമായി ബന്ധപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ഭരണഘടന രൂപീകരിക്കുന്ന കാലത്ത് അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ കൂട്ടത്തിൽ പത്രസ്വാതന്ത്ര്യം ഉൾപ്പെടുത്തണമെന്ന ആവശ്യം കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ പല അംഗങ്ങളും ഉയർത്തിയിരുന്നു. ഭരണഘടനാ ശില്പിയെന്ന് അറിയപ്പെടുന്ന ഡോ.ബി.ആർ. അംബേദ്കർ  പത്രസ്വാതന്ത്ര്യം അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങളിൽ ഉൾച്ചേർന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ആ ആവശ്യം നിരസിച്ചത്. സുപ്രീം കോടതി പിൽക്കാലത്ത് ഇത് ശരിവെച്ചു. ഇതിൽ നിന്ന് മനസിലാക്കേണ്ടത് ഇന്ത്യയിലെ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും രാജ്യത്തെ പൌരന്മാർക്കുള്ളതിൽ കൂടുതലായ ഒരു സ്വാതന്ത്ര്യവും അവകാശവുമില്ലെന്നാണ്. ഭരണഘടന നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങൾക്ക് പരിമിതികളുണ്ട്. ഈ പരിമിതമായ സ്വാതന്ത്ര്യം പോലും പ്രായോഗികതലത്തിൽ അനുഭവവേദ്യമാകാത്തത് മാധ്യമ ഉടമകളും മാധ്യമപ്രവർത്തകരും സർക്കാരിൽ നിന്നു മാത്രമല്ല് വിവിധ സർക്കാരിതര കേന്ദ്രങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ കാത്തു കഴിയുന്നതുകൊണ്ടാണ്.  ഇത് നിയമനിർമ്മാണത്തിലൂടെ മാറ്റാവുന്ന അവസ്ഥയല്ല. സ്വാതന്ത്ര്യം യാഥാർത്ഥ്യമാകുന്നത് ഒരാൾ അത് ഉപയോഗിക്കുമ്പോൾ മാത്രമാണ്. സ്വാതന്ത്ര്യം വില ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ അത് നൽകാൻ തയ്യാറായാലെ അത് നിലനിർത്താനാകൂ. (കലാകൌമുദി, ലക്കം 2029, ജൂലൈ 27, 2014)

No comments: