Monday, February 25, 2013

കാര്യങ്ങൾ 'മുറപോലെ' പോകുമ്പോൾ


 ബി.ആർ.പി. ഭാസ്കർ

പെട്രോൾ, ഡീസൽ വില ഇപ്പോൾ ചന്തയിൽ മീനിന്റെ വിലപോലെ നിത്യേന മാറുകയാണ്. കേന്ദ്ര സർക്കാർ ചുമതല കൈയൊഴിഞ്ഞതോടെ എണ്ണ കമ്പനികൾ അടിയ്ക്കടി ഒത്തുകൂടി വില പുനർനിർണ്ണയിക്കുന്നു. ഇത്തരത്തിലുള്ള കൂട്ടായ വില നിശ്ചയിക്കൽ നമ്മുടെ രാജ്യത്ത് നേരത്തെ നിയമം മൂലം തടഞ്ഞിരുന്നു. സോഷ്യലിസ്റ്റ് രീതിയിലുള്ള സമൂഹമാണ് ലക്ഷ്യമെന്ന് ഭരണാധികാരികൾ പ്രഖ്യാപിച്ചതിനെ തുടർന്ന് കുത്തകകൾ വളരുന്നതും വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ ഒന്നിച്ചു ചേർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും തടയുന്നതിനു വേണ്ടി ഉണ്ടാക്കിയതായിരുന്നു ആ നിയമം. ഭരണഘടന അനുസരിച്ച് രാജ്യം ഇപ്പോഴും പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണ്. പക്ഷെ ആഗോളീകരണ വെള്ളപ്പാച്ചിലിൽ കുത്തകവിരുദ്ധ നിയമം ഒലിച്ചുപോയി. കേന്ദ്രം ഇപ്പോൾ പിന്തുടരുന്നത് കുത്തകകളെ വളർത്തുന്ന നയമാണ്. സ്വകാര്യമേഖലയിൽ അവ പെരുകുന്നതു കാണാനാണ് അതിന് കൂടുതൽ ഇഷ്ടം. അതുകൊണ്ട് പൊതുമേഖലയുടെ നില പരുങ്ങലിലായിരിക്കുന്നു.

വിദേശ വിപണിയിൽ ക്രൂഡ് വില വർദ്ധിക്കുന്നതുകൊണ്ടുള്ള നഷ്ടം നികത്താനാണ് പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായി കൂട്ടുന്നതെന്നാണ് കേന്ദ്ര സർക്കാരും എണ്ണ കമ്പനികളും പറയുന്നത്. ക്രൂഡ് വില വർദ്ധിക്കാത്തപ്പോഴും രൂപയുടെ വിലയിടിയുന്നതിന്റെ ഫലമായി കമ്പനികൾക്ക് ക്രൂഡിന് അധികവില കൊടുക്കേണ്ടി വരും. പുറത്തുനിന്ന് മറ്റ് സാധനങ്ങൾ  വാങ്ങുന്നവരെയും രൂപയുടെ വിലയിടിവ് ഇതുപോലെ ബാധിക്കും. പക്ഷെ അവർക്കെല്ലാം ഉടനടി വില കൂട്ടി വിടവ് നികത്താനാവില്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികളിലൂടെയാണ് അവർ പ്രശ്നത്തിന് പരിഹാരം കാണുന്നത്. അവശ്യസാധനങ്ങളുടെ വില യഥേഷ്ടം നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമുള്ളതുകൊണ്ട് കമ്പനികൾക്ക്, പ്രത്യേകിച്ചും കുത്തകകൾക്ക്, പ്രവർത്തനം കാര്യക്ഷമമാക്കേണ്ട ആവശ്യം ഇപ്പോഴില്ല. ഓരോ ആഴ്ചയും വില കൂട്ടി നഷ്ടം നികത്താനാകുമ്പോൾ പ്രവർത്തനം നന്നാക്കാൻ എന്തിനു മെനക്കെടണം?

അടുത്തകാലത്ത് എണ്ണ കമ്പനികൾ മൊത്തമായി ഡീസൽ വാങ്ങുന്നവരിൽ നിന്ന് കൂടുതൽ വില ഈടാക്കാൻ തീരുമാനിച്ചു. എന്ത് സാധനമായാലും മൊത്തമായി വാങ്ങുന്നവർക്ക് വില കുറച്ചു നൽകുന്നതാണ് വാണിജ്യലോകത്തെ പരമ്പരാഗത രീതി. ആ നിലയ്ക്ക് ഇതൊരു അസാധാരണ നടപടിയാണ്. വില കൂട്ടുകയായിരുന്നില്ല, വൻ‌കിട ഉപഭോക്താക്കൾക്കുള്ള സബ്സിഡി നിർത്തലാക്കുക മാത്രമാണ് ചെയ്തതെന്നാണ് കമ്പനികളുടെ വിശദീകരണം. സബ്സിഡി നിർത്തലാക്കുകയെന്നത് തത്വത്തിൽ അംഗീകരിച്ചാൽ തന്നെയും സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന റയിൽ‌വേയ്ക്കും ബസുകൾക്കും അത് ബാധകമാക്കുകയും വലിയ വിലയുള്ള ഡീസൽ കാർ വാങ്ങാനുള്ള സാമ്പത്തികശേഷിയുള്ളവർക്ക് തുടർന്നും സബ്സിഡി നൽകുകയും ചെയ്യുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? 

വൻ‌കിട ഉപഭോക്താക്കൾക്ക് സബ്സിഡി നിഷേധിക്കാനുള്ള തിരുമാനത്തിന്റെ ഫലമായി പൊതുമേഖലയിലുള്ള സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ ഡീസലിന് 11 രൂപാ 95 പൈസയാണ് കൂടുതലായി കൊടുക്കേണ്ടിവന്നത്. മാസം തോറും 55 കോടി രൂപയുടെ നഷ്ടത്തിൽ ഓടിക്കൊണ്ടിരുന്ന കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഡീസൽ ചെലവിൽ അതോടെ വലിയ വർദ്ധനവുണ്ടായി. കൂടിയ വിലക്ക് ഡീസൽ വാങ്ങി വണ്ടിയോടിക്കാനാവാതെ സർവീസുകൾ വെട്ടിച്ചുരുക്കിയ കെ.എസ്.ആർ.ടി.സി. സംസ്ഥാന സർക്കാരിനോട് 200 കോടി രൂപയുടെ അടിയന്തിര സഹായം തേടി. സംസ്ഥാന സർക്കാർ രണ്ട് മാസക്കാലത്തേക്ക് 28 കോടി രൂപ വാഗ്ദാനം ചെയ്തു. ഡീസൽ വില വർദ്ധനവിൽ നിന്ന് റയിൽ‌വേയെയും ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെയും ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.

വില വർദ്ധന രാജ്യത്തെ എല്ലാ  ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെയും ബാധിച്ചു. അവയിൽ പലതും കെ.എസ്.ആർ.ടി.സി.യെപ്പോലെ നേരത്തെ തന്നെ നഷ്ടത്തിലായിരുന്നു. പക്ഷെ അവയൊന്നും സർവീസുകൾ വെട്ടിക്കുറച്ചതായി അറിവില്ല. ഏതാനും വർഷങ്ങളിലായി 2,800 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുള്ള ആന്ധ്ര പ്രദേശ് കോർപ്പറേഷൻ മെയ്ന്റനൻസ് ചെലവ് കുറച്ചും ആസ്തികളുടെ ഉപയോഗം മെച്ചപ്പെടുത്തിയും സാമ്പത്തികനില ഭദ്രമാക്കാൻ ശ്രമം തുടങ്ങി. തമിഴ് നാട്ടിൽ എട്ടു ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുണ്ട്. എല്ലാറ്റിലും കൂടി 130,000 ജീവനക്കാർ. ഇത് കെ.എസ്.ആർ.ടി.സി.യുടെ ഏതാണ്ട് അഞ്ചു മടങ്ങാണ്. തമിഴ് നാട്ടിൽ സ്കൂൾ, കോളെജ് വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന പാസ് ഉപയോഗിച്ച് സൌജന്യമായി ബസുകളിൽ യാത്ര ചെയ്യാം. ബസ് കൂലി വർദ്ധിപ്പിക്കില്ലെന്നും അധിക ചെലവ് വഹിക്കുന്നതിന് സഹായമെന്ന നിലയിൽ കോർപ്പറേഷനുകൾക്ക് 1,000 കോടി രൂപ നൽകുമെന്നും തമിഴ് നാട് സർക്കാർ അറിയിച്ചു.

കെ.എസ്.ആർ.ടി.സി.യുടെ നില മറ്റ് സംസ്ഥാന കോർപ്പറേഷനുകളുടേതിനേക്കാൾ മോശമാണ്. കേരള സർക്കാരിന്റെ നിലയും മറ്റ് സംസ്ഥാനങ്ങളുടേതിനേക്കാൾ മോശമാണ്.  അതുകൊണ്ട് വാഗ്ദാനം ചെയ്ത 28 കോടി രൂപ തന്നെ ഇനിയും കൊടുത്തിട്ടില്ല. അതിനിടെ എണ്ണ കമ്പനികൾ വീണ്ടും ഡീസൽ വില കൂട്ടി. അതോടെ കെ.എസ്.ആർ.ടി.സി.യുടെ നിലനില്പ് തന്നെ അപകടത്തിലായിരിക്കുന്നു.

തിരുവിതാംകൂർ സർക്കാർ ഇംഗ്ലണ്ടിൽ നിന്ന് ഒരു വിദഗ്ദ്ധനെ വരുത്തി 1938ൽ ആരംഭിച്ച ഔദ്യോഗിക ട്രാൻസ്പോർട്ട് സംവിധാനമാണ് കേരള സംസ്ഥാന രൂപീകരണത്തിനുശേഷം കെ.എസ്.ആർ.ടി.സി. എന്ന പൊതുമേഖലാ സ്ഥാപനമായി വികസിച്ചത്. വളരെക്കാലമായി നഷ്ടത്തിൽ കഴിയുന്ന അതിനെ കരകയറ്റാൻ ആത്മാർത്ഥമായ ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ സഹായിക്കുന്നതിൽ യു.ഡി.എഫ് സർക്കാരുകളേക്കാൾ പ്രതിബദ്ധത എൽ.ഡി.എഫ്. സർക്കാരുകൾ കാട്ടിയിട്ടുണ്ട്. തോമസ് ഐസക് ധനമന്ത്രിയായപ്പോൾ കെ.എസ്.ആർ.ടി.സി.ക്ക് 700 കോടി രൂപയാണ് നൽകിയത്. അത്ര വലിയ ധനസഹായം മറ്റേതെങ്കിലും മന്ത്രിയിൽനിന്ന് അതിനു മുമ്പൊ പിമ്പൊ അതിന് കിട്ടിയിട്ടുണ്ടാകില്ല. ഒരു നല്ല ഭരണാധികാരി വലിയ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് സഹായം നൽകുമ്പോൾ പ്രവർത്തനം മെച്ചപ്പെടുത്തി കമ്മി കുറയ്ക്കുന്നതിനുള്ള എന്തെങ്കിലും നടപടി കൂടി നിർദ്ദേശിക്കും. ഇവിടെ അതുണ്ടായില്ല. കാര്യങ്ങൾ ഇങ്ങനെ മുറപോലെ പോകുമ്പോൾ എത്ര പണം നൽകിയാലും സ്ഥാപനത്തിന് കരകയറാനാകില്ല. ഇപ്പോൾ തന്നെ കേരളത്തിൽ ബസ് ചാർജ്ജ് അയൽ‌സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. നിരക്കുകൾ കൂട്ടിയാൽ സാധാരണക്കാരുടെ മേലുള്ള ഭാരം വർദ്ധിക്കും. പ്രതിഷേധങ്ങളും സമരവുമുണ്ടാകും. നഷ്ടം നികത്താൻ സർക്കാർ ഇടയ്ക്കിടക്ക് ഇങ്ങനെ സഹായം നൽകിക്കൊണ്ടിരുന്നാൽ കെ.എസ്.ആർ.ടി.സിക്ക് നിരക്കുവർദ്ധന ഒഴിവാക്കാനാകും. പക്ഷെ സർക്കാർ നൽകുന്ന പണവും ജനങ്ങളിൽ നിന്നു തന്നെയാണ് വരുന്നത്. അതായത് ആ ഭാരം ചുമക്കുന്നതും സാധാരണ ജനങ്ങൾ തന്നെ.

കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ ചക്രശ്വാസം വലിക്കുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിക്കൊണ്ട് അവയുടെ ഭാവി ഭദ്രമാക്കാനാണ് പൊതുമേഖല നിലനിന്നുകാണാൻ ആഗ്രഹിക്കുന്നവർ ശ്രമിക്കേണ്ടത്. ഇതിനായി സർക്കാരും ട്രെയ്ഡ് യൂണിയനുകളും കൈകോർക്കേണ്ടതുണ്ട്. (ജനയുഗം, ഫെബ്രുവരി 21, 2013)

1 comment:

India Against Hypocrites said...

Surprising that you didnt utter a word about the lack of committment and lack of sincerety of the staff of KSRTC. What's shielding them from any action against their lack of right attitude and necessary aptitudes is their left leaning political clout. Expectedly,U kept mum abt this aspect