Thursday, February 7, 2013

നിരപരാധിത്വം നേരായ വഴിയിലൂടെ തെളിയിക്കപ്പെടണം


ബി.ആർ.പി. ഭാസ്കർ

മാദ്ധ്യമങ്ങൾ കുറ്റവിചാരണ നടത്തി നിരപരാധികളെ അപരാധികളാക്കുന്നെന്ന പരാതി പതിവായി കേൾക്കാറുള്ളതാണ്. കഴിഞ്ഞയാഴ്ച പി.ജെ. കുര്യൻ ചാനലുകളിലൂടെ നിരപരാധിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നതു കണ്ടു. ഓരോ ചാനലിനും പ്രത്യേകം പ്രത്യേകം നൽകിയ അഭിമുഖസംഭാഷണങ്ങളിൽ സുപ്രീം കോടതി തന്നെ നിരപരാധിയായി പ്രഖ്യാപിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

സൂര്യനെല്ലി കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഉയർന്നുവന്ന പേരുകളിൽ ഒന്നായിരുന്നു കുര്യന്റേത്. അന്ന് അദ്ദേഹം കേന്ദ്ര സഹമന്ത്രിയായിരുന്നു. പത്രത്തിൽ അദ്ദേഹത്തിന്റെ പടം കണ്ട പെൺകുട്ടി തന്നെ പീഡിപ്പിച്ചവരിൽ ഒരാൾ അദ്ദേഹമാണെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്മാരെ അറിയിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പേർ അവർ പ്രതിപ്പട്ടികയിൽ ചേർത്തില്ല. അതിനാൽ പെൺകുട്ടി അദ്ദേഹത്തിനെതിരെ മജിസ്ട്രേട്ട് കോടതിയിൽ സ്വകാര്യ ഹർജി നൽകി. കോടതി പരാതി നിലനിൽക്കുന്നതാണെന്ന് കണ്ടു. അടുത്ത പടി വിചാരണയാണ്. അതിനു ശേഷമാണ് കുര്യൻ കുറ്റവാളിയാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കേണ്ടത്.

കുര്യൻ വിചാരണ നേരിട്ട് നിരപരാധിത്വം തെളിയിച്ചില്ല. പകരം ആ  പ്രക്രിയയിൽ നിന്ന് ഒഴിവാക്കിക്കിട്ടാനായി അദ്ദേഹം ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും പോവുകയും ഒടുവിൽ വിജയിക്കുകയും ചെയ്തു. സാമ്പത്തികശേഷിയുള്ള ഒരാൾക്കു മാത്രം ആശ്രയിക്കാവുന്ന മാർഗ്ഗമാണത്. വ്യവസ്ഥ അത് അനുവദിക്കുന്നതുകൊണ്ട് ആ മാർഗ്ഗം സ്വീകരിച്ചത് തെറ്റാണെന്ന് പറയാനാവില്ല. അതേസമയം രണ്ട് നടപടിക്രമങ്ങളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കപ്പെടേണ്ടതാണ്. കീഴ്കോടതി വിചാരണയിൽ വാദിക്കും പ്രതിക്കും സാക്ഷികളെ ഹാജരാക്കാനും വിസ്താരത്തിലൂടെയും ക്രോസ്‌വിസ്താരത്തിലൂടെയും വസ്തുതകൾ പുറത്തുകൊണ്ടു വന്നു ന്യായാധിപനെ തങ്ങളുടെ ഭാഗം ബോധ്യപ്പെടുത്താനും അവസരം ലഭിക്കുന്നു. ഹൈക്കോടതിയിലൊ സുപ്രീം കോടതിയിലൊ സാധാരണഗതിയിൽ സാക്ഷിവിസ്താരം നടക്കുന്നില്ല. അവിടെ കീഴ്കോടതി മുമ്പാകെ വന്ന രേഖകളുടെയും അവയെ ആസ്പദമാക്കിയുള്ള വാദങ്ങളുടെയും അടിസ്ഥാനത്തിൽ ആരോപണവിധേയൻ വിചാരണ നേരിടണമോ വേണ്ടയോ എന്ന് ജഡ്ജിമാർ തീരുമാനിക്കുന്നു. വിചാരണയിലൂടെ കുറ്റവാളിയല്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കപ്പെടുന്നതും വിചാരണയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതും ഒരുപോലെയല്ല. 

കുര്യൻ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പ്രതിയാക്കാതിരുന്നതെന്ന് കേസ് അന്വേഷിച്ച സംഘത്തെ നയിച്ച സിബി മാത്യു പറയുന്നു. അദ്ദേഹത്തെ ഒഴിവാക്കാൻ സിബി മാത്യു ശ്രമിച്ചതായി സംഘത്തിൽ അംഗമായിരുന്ന കെ.കെ. ജോഷ്വ പറയുന്നു. പ്രസക്ത ദിവസം പൊലീസ് അകമ്പടി കൂടാതെ കുര്യൻ നടത്തിയ യാത്രയെ കുറിച്ചുള്ള വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. എല്ലാ പ്രതികളെയും പെൺകുട്ടി തിരിച്ചറിയൽ പരേഡിൽ ചൂണ്ടിക്കാണിക്കുകയായിരുന്നു. കുര്യന്റെ കാര്യത്തിൽ തിരിച്ചറിയൽ പരേഡ് ഉണ്ടായില്ല.

സിബി മാത്യുവും ജോഷ്വയും ഐ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷണത്തിലും ഒന്നിച്ചു പ്രവർത്തിച്ചവരാണ്. അതൊരു കള്ളക്കേസായിരുന്നെന്ന് കണ്ടെത്തിയ സി.ബി.ഐ. ഇവരുടെയും മറ്റൊരുദ്യോഗസ്ഥന്റെയും പങ്ക് അന്വേഷിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ സർക്കാർ അന്വേഷണം വേണ്ടെന്നു വെച്ചു. സർവീസിലായിരുന്ന കാലത്ത് ഇവർക്കിടയിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. അപ്പോൾ ഒരാൾ മറ്റേയാളെ കുറിച്ച് പറയുന്നവ എത്രമാത്രം വിശ്വസിക്കാമെന്ന ചോദ്യം ഉയരുന്നു. അതേസമയം രണ്ടു പേർക്കിടയിൽ പ്രശ്നങ്ങളുള്ളപ്പോഴാണ് ഒരാൾ മൂടിവെക്കുന്ന വസ്തുതകൾ മറ്റേയാൾ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും ഓർക്കേണ്ടതാണ്.

കുര്യനെ പ്രതിയാക്കുന്ന കാര്യത്തിൽ അന്വേഷണോദ്യോഗസ്ഥരുടെ തലത്തിലെന്നപോലെ നിയമോപദേശകരുടെ തലത്തിലും രാഷ്ട്രീയ തലത്തിലും ഭിന്നത നിലനിന്നതായി പുറത്തു വന്നിടുള്ള വസ്തുതകളിൽ നിന്ന് മനസിലാക്കാം. കേസിൽ സ്പെഷ്യൽ  പ്രോസിക്യൂട്ടറായിരുന്ന ജി. ജനാർദ്ദനക്കുറുപ്പ് കുര്യനെ പ്രതിചേർക്കണമെന്ന നിലപാടാണ് എടുത്തത്. എന്നാൽ അദ്ദേഹത്തെ പ്രതിയാക്കാൻ ഒരു ശതമാനം തെളിവുപോലുമില്ലെന്നാണ്  അന്ന് അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ. ദാമോദരൻ പറയുന്നത്. ജനാർദ്ദനക്കുറുപ്പിനെ അറിയാവുന്ന ആരും ഒരു ശതമാനം തെളിവുപോലുമില്ലാതെ ഒരാളെ പ്രതിയാക്കാൻ അദ്ദേഹം ആവശ്യപ്പെടുമെന്ന് വിശ്വസിക്കുകയില്ല. ദാമോദരന്റെയും മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയുടെയും എൽ.ഡി.എഫ്. കൺവീനറായിരുന്ന വി.എസ്. അച്യുതാനന്ദന്റെയും പ്രസ്താവനകൾ സി.പി.എമ്മിലെ ഭിന്നതക്ക് തെളിവാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും കുര്യനെ ശക്തിയായി പിന്തുണക്കുന്നുണ്ട്. എന്നാൽ തന്നെ കുടുക്കാൻ ചില കോൺഗ്രസുകാർ തന്നെ ശ്രമിക്കുന്നതായി കുര്യൻ ആരോപിക്കുന്നു.

അറിഞ്ഞുകൊണ്ട് ജീവിതത്തിൽ ഒരസത്യവും പറഞ്ഞിട്ടില്ലെന്ന് കുര്യൻ പറയുന്നു. അദ്ദേഹത്തിനെതിരെ നിലപാടെടുത്തവർക്കിടയിലും സത്യസന്ധതക്ക് പേരുകേട്ടവരുണ്ട്.  സത്യസന്ധന്മാരുടെ എണ്ണം ഈവിധം പെരുകുമ്പോൾ ഏത് സത്യസന്ധനെ വിശ്വസിക്കണം ഏത് സത്യസന്ധനെ വിശ്വസിക്കരുത് എന്നൊക്കെ തീരുമാനിക്കേണ്ടി വരും. ജനം പറയുന്നതു പോലെ ചെയ്യാനാകില്ലെന്നും നിയമത്തിന്റെ വഴിയിലൂടെയേ പോകാനാകൂ എന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. ആ വഴി എങ്ങോട്ടാണ് പോകുന്നത്? ആ വഴിയിലൂടെയാണ് എട്ടു കൊല്ലം മുമ്പ് ഈ കേസിലെ പ്രതികളിൽ ഒരാളൊഴികെ എല്ലാവരും നിരപരാധികളായത്. ആ വഴിയിലൂടെത്തന്നെയാണ് കഴിഞ്ഞയാഴ്ച അവർ വീണ്ടും പ്രതികൾ --കൃത്യമായി പറഞ്ഞാൽ, കീഴ്കോടതി ശിക്ഷിച്ച കുറ്റവാളികൾ-- ആയി മാറിയത്. ഇനി അവർ യഥാർത്ഥത്തിൽ കുറ്റവാളികളാണൊ അല്ലയോ എന്നറിയാൻ ആറു മാസത്തിനുള്ളിൽ ഹൈക്കോടതി നൽകുന്ന വിധിക്കും കേസ് വീണ്ടും സുപ്രീം കോടതിയിലെത്തിയാൽ ആ കോടതിയുടെ തീർപ്പ് വരുന്നതുവരെയും കാത്തിരിക്കണം. അതിനിടയിൽ മുഖ്യമന്ത്രി സുപ്രീം കോടതിയുടെ അടുത്ത കാലത്തെ വിധി പരിശോധിച്ചാൽ നിയമത്തിന്റെ വഴിയെ കുറിച്ച് അദ്ദേഹത്തിന് കൂടുതൽ കൃത്യത നേടാനാകും.

ഒരു പ്രതിയൊഴികെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയെ ആശ്രയിച്ചു കൊണ്ടാണ് കുര്യനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹത്തിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ പ്രമുഖ അഭിഭാഷകനും ബി.ജെ.പി. നേതാവുമായ അരുൺ ജെയ്റ്റ്ലി വാദിച്ചത്. ഹൈക്കോടതി വിധി റദ്ദായതോടെ കുര്യന്റെ കേസ് തീർപ്പാക്കിയ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ സഞ്ചരിച്ച നിയമവഴി സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ഒപ്പം കുര്യനും. ഈ സാഹചര്യത്തിലാണ് അദ്ദേഹം രാജ്യ സഭാ ഉപാദ്ധ്യക്ഷസ്ഥാനം രാജിവെച്ച് വിശദവും സത്യസന്ധവുമായ അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കണമെന്നും പൌരസമൂഹം ആവശ്യപ്പെടുന്നത്. അതാണ് നേരായ വഴി. (ജനയുഗം, ഫെബ്രുവരി 6, 2013)