ബി.ആർ.പി.
ഭാസ്കർ
മലയാളത്തിന് ശ്രേഷ്ഠഭാഷാ (classical language) പദവി നൽകാൻ കേന്ദ്ര സാഹിത്യ
അക്കാദമി ഇന്ത്യാ ഗവണ്മെന്റിനോട് ശുപാർശ ചെയ്തിരിക്കുന്നു. അങ്ങനെ സംസ്ഥാന സർക്കാർ
നടത്തിവന്ന ശ്രമം സഫലമാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നു. തെലുങ്കിനും കന്നടക്കും
ഈ പദവി നൽകിയപ്പോൾ സംഭവിച്ചതുപോലെ തമിഴ് നാട് തടസം സൃഷ്ടിച്ചേക്കുമെന്ന ആശങ്ക മലയാള
സർവകലാശാലാ വൈസ് ചാൻസലർ കെ. ജയകുമാർ പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിനെ
മറികടക്കാൻ കേരളത്തിനാകുമെന്നാണ് എന്റെ വിശ്വാസം.
മലയാളഭാഷയുടെ
പിതാവ് അദ്ധ്യാത്മരാമായണ കർത്താവായ രാമാനുജൻ എഴുത്തച്ഛനാണ്
എന്ന് പഠിച്ചാണ് എന്റെ തലമുറ വളർന്നത്. അദ്ദേഹം ജീവിച്ചിരുന്നത് 17ആം
നൂറ്റാണ്ടിലാണ്.
അതായത് ഞാൻ വിദ്യാർത്ഥിയായിരുന്ന 20ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ
മലയാളത്തിന് കഷ്ടിച്ച് 350 കൊല്ലത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളു. ശ്രേഷ്ഠ
പദവി നൽകുന്നതിന് കേന്ദ്രം നിശ്ചയിച്ച
മാനദണ്ഡമനുസരിച്ച് ഭാഷക്ക് കുറഞ്ഞത് 1000 കൊല്ലത്തെ പഴക്കമുണ്ടാകണം. അതു
കുറഞ്ഞുപോയെന്ന്
ചിലർ വാദിച്ചതിനെ തുടർന്ന് യോഗ്യതാകാലം പിന്നീട് 1500 കൊല്ലമായി
ഉയർത്തപ്പെട്ടു. അങ്ങനെ എഴുത്തച്ഛനും
മുമ്പെ മലയാളമുണ്ടായിരുന്നെന്ന് സ്ഥാപിക്കേണ്ട ആവശ്യമുണ്ടായി. എന്റെ
തലമുറയിൽ തന്നെ
പെട്ട എം.ടി.വാസുദേവൻ നായർ, ഒ.എൻ.വി. കുറുപ്പ്, പുതുശ്ശേരി രാമചന്ദ്രൻ
എന്നീ പ്രമുഖ
സാഹിത്യകാരന്മാരുടെയും എം.ജി.എസ് നാരായണൻ എന്ന പ്രമുഖ ചരിത്രകാരന്റെയും
സഹായത്തോടെയാണ്
സർക്കാർ അത് സാധിച്ചെടുത്തത്. പുതുശ്ശേരി നേർത്തെ തന്നെ കണ്ണശ്ശ കവികളിലൂടെ
മലയാളത്തിന്റെ
ചരിത്രം എഴുത്തച്ഛനിലും പിന്നോട്ടു കൊണ്ടുപോയിരുന്നു.
സാമാന്യം നീണ്ട കാലത്തെ പ്രയോഗത്തിലൂടെയല്ലാതെ സാഹിത്യപ്രവർത്തനത്തിനുതകുന്ന
ഭാഷ രൂപപ്പെടില്ല. അതുപോലെ തന്നെ സാമാന്യം നീണ്ട സാഹിത്യപ്രവർത്തനം കൂടാതെ ഉൽകൃഷ്ട
കാവ്യം ഉണ്ടാവുകയുമില്ല. ഭാഷാപിതാവ്, ആദികവി, ആദ്യകാവ്യം തുടങ്ങിയവ കേവലം സങ്കല്പങ്ങളാണ്.
കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്ന സങ്കല്പം വെള്ളക്കാർ ആ ഭൂഖണ്ഡത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിനും
നിലനിർത്തുന്നതിനും ഉപയോഗിച്ചു. അതുപോലെ കേരളത്തിൽ ആധിപത്യം സ്ഥാപിച്ച വൈദികസമൂഹം അതിന്
ന്യായീകരണം കണ്ടെത്താൻ പരശുരാമൻ മെഴുകെറിഞ്ഞ് ഈ പ്രദേശത്തെ കടലിൽ നിന്ന് വീണ്ടെടുത്തെന്ന
കഥ ഉപയോഗിച്ചു. വാത്മീകിയുടെയും എഴുത്തച്ഛന്റെയും രാമായണങ്ങൾ സംസ്കൃതത്തിലെയും മലയാളത്തിലെയും
ആദ്യകൃതികളാണെന്ന സങ്കല്പവും ദേശീയ പ്രാദേശിക തലങ്ങളിൽ സാമൂഹികസാംസ്കാരിക ആധിപത്യം
സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും ആ വിഭാഗം പ്രചരിപ്പിച്ചതാണെന്ന് കരുതാവുന്നതാണ്. അറിയപ്പെടുന്ന വിവരങ്ങൾ വെച്ചു നോക്കുമ്പോൾ
വാത്മീമീകിയൊ എഴുത്തച്ഛനൊ ആ വിഭാഗത്തിൽ പെട്ടവരായിരുന്നില്ലെന്നതാണ്
വിചിത്രകരമായ വസ്തുത.
ഇന്നത്തെ തമിഴ് നാട് പ്രദേശത്ത് വ്യാപിച്ചുകിടന്ന പാണ്ഡ്യ ചോള രാജ്യങ്ങളിലും
ഇന്നത്തെ കേരള പ്രദേശം ഉൾപ്പെട്ട ചേര രാജ്യത്തും
തമിഴാണ് പ്രചാരത്തിലുണ്ടായിരുന്നത്. ആ തമിഴ് ഇന്നത്തെ തമിഴ്നാട്ടിലെ സംസാരഭാഷയിൽ നിന്നും
സാഹിത്യഭാഷയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. അതുകൊണ്ട് തന്നെ പ്രാചീന തമിഴ് കൃതികളായ
തിരുക്കുറൾ, അകം നാന്നൂറ്, പുറം നാന്നൂറ്, ചിലപ്പതികാരം തുടങ്ങിയവ വ്യാഖ്യാനങ്ങൾ കൂടതെ
ഇന്നത്തെ തമിഴ്നാട്ടുകാർക്ക് മനസിലാക്കാനാവില്ല. പക്ഷെ അവർ ഇന്നത്തെ തമിഴിനെ അതിന്റെ
തുടർച്ചയായി കാണുന്നു. അതുകൊണ്ട് ആ ഭാഷക്ക് രണ്ടായിരത്തിലധികം കൊല്ലത്തെ പാരമ്പര്യം
അവകാശപ്പെടാൻ അവർക്കാകുന്നു. ബൌദ്ധജൈന സ്വാധീനത്തിലായിരുന്ന തമിഴ് നാട്ടിലും കേരളത്തിലും
ആധിപത്യം നേടി പുതിയ സാമൂഹ്യക്രമം രൂപപ്പെടുത്തിയത് വ്യത്യസ്ത വൈദിക സമൂഹങ്ങളായിരുന്നു. അവരും തദ്ദേശീയരും
ഇടപഴകിയതും വ്യത്യസ്ത രീതികളിലായിരുന്നു. തന്മൂലം ഇരുപ്രദേശങ്ങളിലും ഭാഷ വ്യത്യസ്ത
രീതികളിൽ വികസിച്ചു. കേരളം തമിഴ് പാരമ്പര്യത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മുന്നോട്ടു നീങ്ങി.
സഭ്യമായ തമിഴ് വാക്കുകളെ നാം അസഭ്യപദങ്ങളാക്കി മാറ്റി. ശ്രേഷ്ഠപദവി മോഹം പൂർവ്വകാല
തമിഴുമായുള്ള ബന്ധം ഏറ്റുപറയാൻ നമ്മെ നിർബന്ധിച്ചിരിക്കുന്നു.
നഷ്ടപ്പെട്ട പാരമ്പര്യം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയല്ല കേരള സർക്കാർ
ഇറങ്ങിത്തിരിച്ചത്. കേന്ദ്രം ശ്രേഷ്ടഭാഷകളുടെ വികസനത്തിന് 100 കോടി രൂപ വീതം നൽകാൻ
തീരുമാനിച്ചതാണ് ആ പദവി തേടാൻ അതിനെ പ്രേരിപ്പിച്ചത്. കേന്ദ്രം പണം നൽകുന്നത് നിശ്ചിത
പ്രവർത്തനങ്ങൾക്കാണ്. സുനാമി വിതച്ച നാശത്തിൽ നിന്ന് കര കയറുന്നതിന് തീരദേശവാസികളെ
സഹായിക്കാൻ കേന്ദ്രം നൽകിയ പണം ഉൾനാട്ടിലെ സ്വന്തം മണ്ഡലങ്ങളിലേക്ക് തിരിച്ചുവിട്ട
പാരമ്പര്യമുള്ളവരാണ് നമ്മുടെ ഭരണാധികാരികൾ. അവർ പണം നിർദ്ദിഷ്ട പദ്ധതികൾക്കായി ചെലവാക്കുമെന്ന്
ഉറപ്പാക്കാനാവില്ല.
വളരെയൊന്നും പിന്നിലല്ലാത്ത എഴുത്തച്ഛന്റെ കാലം വരെ പോയാൽ തന്നെ വൈദിക
സമൂഹം ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പുള്ള സാഹചര്യങ്ങളെ കുറിച്ച് വിലപ്പെട്ട ചില
സൂചനകൾ ലഭിക്കും. ദശാവതാരങ്ങളെ പരാമർശിക്കുന്നിടത്ത് എഴുത്തച്ഛൻ ബുദ്ധന്റെ പേരും പറയുന്നുണ്ട്.
വിവിധ ജനവിഭാഗങ്ങളുടെ ആരാധനാമൂർത്തികളെയും വിശ്വാസങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടാണ്
വൈദികസമൂഹം ഇന്നത്തെ ഹിന്ദുമതം രൂപപ്പെടുത്തിയത്. ആദി വേദത്തിലെ ഇന്ദ്രൻ, അഗ്നി, വരുണൻ
തുടങ്ങിയ ദേവന്മാരെ കൈയൊഴിഞ്ഞുകൊണ്ടാണ് അവർ ഇതര ജനവിഭാഗങ്ങളുടെമേൽ ആധിപത്യം സ്ഥാപിച്ചത്.
ദേവന്മാരെ പ്രീതിപ്പെടുത്താൻ നടത്തിയിരുന്ന ഹോമങ്ങൾ ഉപേക്ഷിച്ചുകൊണ്ട് അവർ പൂജാരീതി
സ്വീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബീഹാറിലെ ഒരു ഗോത്രവർഗ്ഗത്തിനുമേൽ വൈദികസമൂഹം
ആധിപത്യം സ്ഥാപിച്ച കഥ വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആരാധാനാലയം മാറിയില്ല,
ആരാധനാമൂർത്തി മാറിയില്ല, ആരാധനാരീതിയും മാറിയില്ല. ഒരു മാറ്റമെ ഉണ്ടായുള്ളു. പൂജ നടത്തിയിരുന്ന
ഗോത്രവർഗ്ഗക്കാരൻ പുറത്താക്കപ്പെട്ടു. അയാളുടെ ജോലി ബ്രാഹ്മണൻ ഏറ്റെടുത്തു. ബുദ്ധമതത്തെ
ഉൾക്കൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായി വൈദികസമൂഹം ബുദ്ധനെ അവതാരങ്ങളുടെ പട്ടികയിൽ പെടുത്താൻ
ശ്രമിച്ചിരുന്നു. ആ ഉദ്യമം കേരത്തിലെ വൈദികസമൂഹം 17ആം നൂറ്റാണ്ടിലും ഉപേക്ഷിച്ചിരുന്നില്ലെന്ന്
എഴുത്തച്ഛൽ കൃതിയിലെ ന്റെ പരാമർശം വ്യക്തമാക്കുന്നു. ബുദ്ധനെ അവതാരമാക്കാനുള്ള ശ്രമം
പരാജയപ്പെട്ടതിന് ഒരു പണ്ഡിതൻ യുക്തിസഹമായ വിശദീകരണം നൽകിയിട്ടുണ്ട്. അവതാരങ്ങളുടെ
ലക്ഷ്യം ശത്രുനിഗ്രഹമാണ്. ബുദ്ധൻ ആരെയും കൊല്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന് അവതാരമാകാനായില്ല
എന്നാണ് അദ്ദേഹം പറഞ്ഞത്.
മലയാളഭാഷയുടെ പാരമ്പര്യം വീണ്ടെടുക്കുമ്പോൾ നാം നമ്മുടെ നഷ്ടപ്പെട്ട
–- തമസ്കരിക്കപ്പെട്ട എന്ന് പറയുന്നതാവും കൂടുതൽ ശരി -– പാരമ്പര്യത്തിന്റെ ഒരു
ഭാഗമാണ് കണ്ടെത്തുന്നത്. പട്ടണം പ്രദേശത്ത് ഏതാനും കൊല്ലങ്ങളായി നടക്കുന്ന ഉത്ഘനനത്തിലൂടെ
പുറത്തു വന്നിട്ടുള്ള വിവരവും ഇതിനോട് ചേർത്ത് വെക്കേണ്ടതാണ്. രണ്ടും പ്രാചീന കേരളത്തെ
കൂടുതൽ മനസിലാക്കാൻ സഹായിക്കുന്നു. വൈദികസമൂഹം
ഇവിടെയെത്തി കർക്കശമായ ജാതിവ്യവസ്ഥ അടിച്ചേല്പിക്കുന്നതിനുമുമ്പ് നിലനിന്ന സാഹചര്യങ്ങൾ
അവയിലൂടെ വെളിപ്പെടുന്നു. ചിലപ്പതികാരം പോലെയുള്ള ഒരുൽകൃഷ്ട കൃതി നൂറ്റാണ്ടുകൾക്കു
മുമ്പ് ഇവിടെ രചിക്കപ്പെട്ടതും നമ്മുടെ പൂർവ്വികർ വിദേശരാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ
എത്തിയിരുന്ന മുച്ചിറി (ഇംഗ്ലീഷുകാർ തിരുവനന്തപുരത്തെ ട്രിവാൻഡ്രം ആക്കിയതുപോലെ ഗ്രീക്കുകാർ
അതിനെ മുസിസിസ് ആക്കുകയായിരുന്നു) തുറമുഖം വികസിപ്പിച്ചതും നമുക്ക് അഭിമാനത്തോടെ
ഓർക്കാം. ഒപ്പം ഒരു ചോദ്യം ചോദിക്കുകയും
ചെയ്യാം: എട്ടാം നൂറ്റാണ്ടിൽ എത്തിയെന്ന് കരുതപ്പെടുന്ന വൈദികസമൂഹം
വരുന്നതിനു മുൻപത്തെ
നേട്ടങ്ങൾ ആരുടെ സൃഷ്ടിയാണ്. അത് വൈദികസമൂഹം താഴ്ത്തിക്കെട്ടിയ ജനവിഭാഗങ്ങൾ
സൃഷ്ടിച്ചതാണെന്ന് വ്യക്തം. അവരുടെ നേട്ടങ്ങൾ തന്നെയാവണം പുതിയ
അധികാരിവർഗ്ഗം അവരെ താഴ്ത്തിക്കെട്ടാൻ
കാരണമായത്.