Sunday, September 23, 2012

വെടിയുണ്ടയല്ല പരിഹാരം

ബി.ആർ.പി. ഭാസ്കർ
മാധ്യമം

കൂടംകുളം ആണവനിലയത്തിനെതിരെ സമീപവാസികളായ ജനങ്ങൾ വർഷങ്ങളായി നടത്തിവരുന്ന സമരം നിർണ്ണായകഘട്ടത്തിലെത്തി നിൽക്കുകയാണ്. ഒരു രാഷ്ട്രീയ കക്ഷിയുടെയും പിന്തുണകൂടാതെ അവർ സമരത്തിനിറങ്ങിയത് ആണവനിലയം അവരുടെ ജീവനും ഉപജീവനമാർഗ്ഗങ്ങൾക്കും ഭീഷണിയാകുമെന്നതുകൊണ്ടാണ്. മത്സ്യബന്ധനം കൊണ്ട് ഉപജീവനം നടത്തുന്നവരാണ് അവരിലേറെയും. ആണവനിലയത്തിന്റെ പ്രവർത്തനഫലമായുണ്ടാകുന്ന ചെറിയ തോതിലുള്ള അണുവികരണത്തേക്കാൾ കൂടുതൽ അപകടകരമായി അവർ കാണുന്നത് അവിടെനിന്ന് കടലിലേക്കൊഴുകാൻ പോകുന്ന ചൂടുവെള്ളം മത്സ്യസമ്പത്ത് നശിപ്പിച്ച് ഉപജീവനമാർഗ്ഗം ഇല്ലാതാക്കുമെന്നതാണ്. വിദേശ ഭരണകാലത്ത് രൂപപ്പെട്ട പൊലീസ്-പട്ടാള മുറകളല്ലാതെ മറ്റൊന്നും വശമില്ലാത്ത നമ്മുടെ സർക്കാർ എല്ലാ പ്രകോപനങ്ങളും അവഗണിച്ച് തീർത്തും സമാധാനപരമായി നടക്കുന്ന സഹനസമരത്തെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്. ഏഴായിരത്തോളം ഗ്രാമീണർക്കെതിരെ പൊലീസ് രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്. സ്വന്തം ജനങ്ങളുമായി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാരിന് കഴിയാത്തത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ദൌർബല്യമാണ്.  

ആണവശാസ്ത്രം ഉയർത്തിയ മധുരപ്രതീക്ഷകൾ ലോകമൊട്ടുക്ക് മങ്ങുകയാണ്. അമേരിക്കയിലെ ത്രീ മൈൽ ദ്വീപിലുണ്ടായ ചെറിയ അപകടവും സോവിയറ്റ് യൂണിയനിലെ ചെർണോബിലിലുണ്ടായ ഭീകരദുരന്തവും മനുഷ്യരാശിയുടെ ഭാവി  ആണവോർജ്ജത്തിലൂടെ ശോഭനമാക്കാമെന്ന മോഹം പാടെ തകർത്തു. ഈ അപകടങ്ങളെ തുടർന്ന് പുനരവലോകനം നടത്തിയ അമേരിക്കയും റഷ്യയും ഫ്രാൻസുമൊക്കെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്ത് ഒരു പുതിയ ആണവ നിലയവും സ്ഥാപിച്ചിട്ടില്ല എന്നാൽ അവരുടെ സമ്പദ് വ്യവസ്ഥകൾ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആണവ വ്യവസായം ഉപേക്ഷിക്കാൻ അവർ തയ്യാറല്ല. ഇന്ത്യയെപ്പോലെ അതിവേഗ വളർച്ച ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ സഹായത്തോടെ കാലഹരണപ്പെട്ട സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആണവ വ്യവസായത്തെ നിലനിർത്താനാണ് അവരുടെ ശ്രമം. കഴിഞ്ഞ കൊല്ലം സുനാമി ഫുകുഷിമ ആണവനിലയം തകർത്തശേഷം ജപ്പാൻ മുപ്പതു കൊല്ലത്തിൽ ആണവോർജ്ജ ഉത്പാദനം പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ചു. ഊർജ്ജാവശ്യങ്ങൾക്ക് പ്രധാനമായും ആണവാലയങ്ങളെ ആശ്രയിച്ച വികസിത രാജ്യങ്ങൾ ഒന്നൊന്നായി വിട്ടുപോകുമ്പോൾ ആറു പതിറ്റാണ്ടു കാലത്തെ പ്രയത്നത്തിനുശേഷവും മൂന്ന് ശതമാനത്തിനു താഴെ മാത്രം ആണവോർജ്ജ ഉത്പാദനമുള്ള നമ്മുടെ രാജ്യം 2050ഓടെ അത് 25 ശതമാനമാക്കി ഉയർത്താൻ പദ്ധതി ഇട്ടിരിക്കുന്നു!

ഇപ്പോൾ ഇന്ത്യയിൽ 20 ആണവാലയങ്ങളുണ്ട്. ആദ്യ റിയാക്ടർ സ്വാഭാവിക ജീവിതകാലം പിന്നിട്ടതിനാൽ അടച്ചുപൂട്ടേണ്ട കാലമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പഞ്ചവത്സര പദ്ധതിയിൽ 20 പുതിയ ആണവാലയങ്ങൾക്ക് തുടക്കം കുറിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പന്ത്രണ്ടു കൊല്ലം മുമ്പ് 50 ശതമാനം ഊർജ്ജത്തിന് ആണവാലയങ്ങളെ ആശ്രയിച്ചിരുന്ന ജർമ്മനിയാകട്ടെ അത് പൂർണ്ണമായും ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സൂര്യതാപവും കാറ്റും ഉപയോഗിച്ചുള്ള ഊർജ്ജോത്പാദനം ആറ് ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തിക്കഴിഞ്ഞു. ഈ സ്രോതസുകളിൽ നിന്നുള്ള ഊർജ്ജം 2020ൽ 35 ശതമാനവും, 2030ൽ 50 ശതമാനവും 2040ൽ 65 ശതമാനവും 2050ൽ 80 ശതമാനവുമായി ഉയർത്താൻ ആ രാജ്യം 2000ൽ പാസാക്കിയ റിന്യൂവബിൾ എനർജി സോഴ്സസ് ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. യൂറോപ്പിലെ ഒരു വികസിത രാജ്യം ഈവിധം മുന്നേറുമ്പോൾ ലോകത്ത് ഏറ്റവുമധികം സൂര്യപ്രകാശം ലഭിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ ആണവ സാങ്കേതികവിദ്യയിൽ കടിച്ചുതൂങ്ങുന്നത് അതിന് സൈനിക ഉപയോഗം കൂടി ഉള്ളതു കൊണ്ടാണ്. 

ഇന്ത്യയുടെ ആണവശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹോമി ജെ. ഭാഭയുടെ  ആശയങ്ങളിൽ ആവേശംകൊണ്ട തലമുറയിൽ പെട്ട ഒരാളാണ് ഞാൻ. അണുശക്തി സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ 1955ൽ ജനീവയിൽ വിളിച്ചുചേർത്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തിൽ അദ്ദേഹം ആണവോർജ്ജം ഉപയോഗിച്ചുള്ള അതിവേഗ വളർച്ചയിലൂടെ പാവപ്പെട്ട ജനങ്ങളുടെ ഉന്നമനം സാധ്യമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രഖ്യാപിച്ചു. അണുബോംബ് നിരോധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ആരംഭിച്ച ആണവപദ്ധതിയിൽ സ്വന്തം അണുബോംബ് എന്ന ആശയവും ഉൾപ്പെട്ടിരുന്നതായി പിന്നീട് വെളിപ്പെട്ടു.. കേംബ്രിഡ്ജ് സർവകലാശാലയിലെ പഠനകാലത്ത് ലോകത്തെ മുൻ‌നിര ആണവ ശാസ്ത്രജ്ഞന്മാർക്കൊപ്പം പ്രവർത്തിക്കാൻ ഭാഭക്ക് അവസരം ലഭിച്ചിരുന്നു.  അമേരിക്ക 1945ൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ടശേഷം ഈ പുതിയ ആയുധം ഒരു പുതിയ കാലത്തിന്റെ പിറവിയെ കുറിക്കുന്നതാണെന്ന് മനസിലാക്കിയ അദ്ദേഹം  സ്വാതന്ത്ര്യത്തിന്റെ പടിക്കലെത്തി നിൽക്കുന്ന നമ്മുടെ രാജ്യവും എത്രയും വേഗം ആണവരംഗത്ത് പ്രവേശിക്കണമെന്ന് ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി ടാറ്റ ഒരു പഠന കേന്ദ്രം സ്ഥാപിച്ചു. ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കാൻ തയ്യാറായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ ആണവോർജ്ജ പരിപാടികളിൽ തല്പരനാക്കാൻ അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല.

ഭാഭ അവതരിപ്പിച്ച ആണവ പരിപാടി അമേരിക്കയുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ആദ്യഘട്ടത്തിൽ, അമേരിക്കയെപ്പോലെ, ഇന്ത്യ യുറേനിയം ഉപയോഗിച്ചു ആണവോർജ്ജം ഉത്പാദിപ്പിക്കണമെന്നും എന്നാൽ രാജ്യത്ത് യുറേനിയത്തേക്കാൾ തോറിയം ഉള്ളതുകൊണ്ട് പിന്നീട് അതിലേക്ക് മാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ തോറിയം ഉപയോഗിച്ചു പ്രവർത്തിക്കാനുള്ള സാങ്കേതികവിദ്യക്കായുള്ള ഇന്ത്യയുടെ ശ്രമം ഇനിയും പൂർണ്ണവിജയം കണ്ടിട്ടില്ല. ഭാഭയുടെ കണക്കുകൂട്ടൽ അമ്പെ പാളിയത് ചെലവിന്റെ കാര്യത്തിലാണ്. ആണവോർജ്ജം മറ്റ് ഊർജ്ജങ്ങളേക്കാൾ ചെലവു കുറഞ്ഞതാകുമെന്ന് അദ്ദേഹം കരുതി. എന്നാൽ ഇന്ത്യയിലൊ മറ്റേതെങ്കിലും രാജ്യത്തൊ ഇപ്പോഴും ആണവോർജ്ജം ഏറ്റവും ചെലവ് കുറഞ്ഞതല്ല. അതേസമയം ഇന്ത്യയുടെ ആണവ പരിപാടികളെ പിന്നോട്ടുതള്ളിയത് ഭാഭയുടെ അനുമാനങ്ങളിലുണ്ടായ പിഴവുകളല്ല, ബോംബ് പരീക്ഷണങ്ങൾ നടത്തിയതിനെ തുടർന്ന് വിദേശരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധമാണ്. പല അവശ്യ സാമഗ്രികൾക്കും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടതുകൊണ്ട് നമുക്ക് ആണവാലയങ്ങളുടെ പ്രവർത്തനം ചുരുക്കേണ്ടിവന്നു. കഴിഞ്ഞ യു.പി.എ. സർക്കാർ അമേരിക്കയുമായി സൈനികേതര ആണവ സഹകരണ കരാർ ഒപ്പിട്ടശേഷവും സ്ഥാപിതശേഷിയുടെ പകുതി മാത്രമെ നമുക്ക് ഇപ്പോഴും പ്രയോജനപ്പെടുത്താനാകുന്നുള്ളു. വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നതാണ് ശാസ്ത്രത്തിന്റെ രീതി. ആ നിലയ്ക്ക് ദൂരക്കാഴ്ചയോടെ പ്രവർത്തിച്ച ഭാഭ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹം നേരത്തെ അവതരിപ്പിച്ച  ആശയങ്ങൾ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുത്തിക്കുറിക്കുമായിരുന്നെന്ന് ഞാൻ വിശ്വസിക്കുന്നു.

നമ്മുടെ ശാസ്ത്രജ്ഞന്മാർ ആണവോർജ്ജത്തിൽ ഇപ്പോഴും വിശ്വാസമർപ്പിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ദൂരക്കാഴ്ചയുടെ കുറവാണ്. മറ്റേത് എല്ലാ വിഭാഗങ്ങൾക്കും താന്താങ്ങൾ പരിശീലിച്ച സാങ്കേതികവിദ്യയിലുള്ള സ്വാഭാവികമായ സ്ഥാപിത താല്പര്യമാണ്. ആണവ നിലയത്തിന്റെ സുരക്ഷയെ കുറിച്ച് കൂടംകുളത്തെ ജനങ്ങളിലുള്ള ആശങ്കയകറ്റാൻ സർക്കാർ ശാസ്ത്രജ്ഞനായി അവതരിപ്പിച്ചത് മുൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൾ കലാമിനെയാണ്. സർക്കാർ കൂടംകുളം ആണവനിലയത്തിന് അനുകൂലമായി നടത്തുന്ന പ്രചരണത്തിലെ ഒരു പ്രധാന അംശം അത് സുരക്ഷിതമാണെന്ന കലാമിന്റെ സാക്ഷ്യപ്പെടുത്തലാണ്. മദ്ധ്യവർഗ്ഗത്തിനിടയിൽ വലിയ സ്വീകാര്യതയുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ആ വിഭാഗത്തിൽപെടുന്ന ധാരളം പേർ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. കൂടംകുളത്തുള്ളത് റഷ്യയിൽ നിർമ്മിച്ച യന്ത്രങ്ങളാണ്. അതുണ്ടാക്കിയ സ്ഥാപനമൊ റഷ്യയിലെ ഗവണ്മെന്റൊ നൽകാൻ തയ്യാറല്ലാത്ത സാക്ഷ്യപത്രമാണ് കലാം നൽകുന്നത്. അദ്ദേഹമാകട്ടെ ശാസ്തജ്ഞനല്ല, സാങ്കേതികവിദഗ്ദ്ധനാണ്. അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം മിസൈൽ സാങ്കേതികവിദ്യയിലാണ്. ലോകം ആണവോർജ്ജം വിടുകയാണെന്ന വസ്തുത അറിയാത്തയാളല്ല കലാം. അദ്ദേഹത്തിന്റെ ആണവപ്രേമത്തിനു പിന്നിലുള്ളത് അദ്ദേഹം ഗുണഭോക്താവായ വ്യവസ്ഥയോടുള്ള കൂറാണ്. കൂടംകുളം നിലയത്തിനായി റഷ്യ നൽകുന്ന യന്ത്രങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ള ആണവോർജ്ജ നിയന്ത്രണ ബോർഡ് മുൻഅദ്ധ്യക്ഷൻ എ. ഗോപാലകൃഷ്ണൻ കലാമിന്റെ സർട്ടിഫിക്കറ്റിനോട് പ്രതികരിച്ചതിങ്ങനെയാണ്: “ഞാൻ അക്കാദമിക യോഗ്യതയും അമേരിക്കയിലും ഇന്ത്യയിലും ആണവ റിയാക്ടർ സിസ്റ്റത്തിന്റെ പ്രവർത്തനം, ഡിസൈൻ, സുരക്ഷാ അപഗ്രഥനം എന്നീ മേഖലകളിൽ 53 കൊല്ലത്തെ അനുഭവവുമുള്ള ആണവ ഇഞ്ചിനീയറാണെങ്കിലും, ഡോ. എ.പി.ജെ. അബ്ദുൾ കലാമിൽ നിന്ന് വ്യത്യസ്തമായി, ഈ റിയാക്ടറുകളുടെ പരമവും അപേക്ഷികവുമായ സുരക്ഷയെപ്പറ്റി തീർപ്പു കല്പിക്കാൻ എനിക്ക് മടിയുണ്ട്.”   

കൂടംകുളം സമരത്തെ താറടിക്കാനായി അവിടത്തെ പാവപ്പെട്ട ജനങ്ങൾക്ക് പിന്നിൽ വിദേശ പണവും സ്വാധീനവുമാണെന്ന സർക്കാരിന്റെ ആരോപണം ദുരുപദിഷ്ടമാണ്. അപകടം നിറഞ്ഞ ആണവോർജ്ജം ലോകം വർജ്ജിക്കണമെന്ന് വിശ്വസിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന സർക്കാ‍രിതര സംഘടനകൾ തീർച്ചയായുമുണ്ട്. എന്നാൽ അവരേക്കൾ എത്രയോ കൂടുതൽ ശക്തിയുള്ളവരാണ്  ആണവ വ്യവസായ ദല്ലാളന്മാർ.  അമേരിക്കയുമായുള്ള ആണവ കരാറിന്റെ സമയത്ത്  അവർ സജീവമായിരുന്നതായി ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ആ സമയത്ത് വിവിധ കേന്ദ്രങ്ങളിൽ സ്വാധീനം വാങ്ങാൻ ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നും ധാരാളം പണം ചെലവാക്കപ്പെട്ടിരുന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു. അദ്ദേഹം തുടരുന്നു: “വിദേശഹസ്തവും വിദേശപണവും പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ആണവോർജ്ജ ഗ്രൂപ്പിനെയും സഹായിക്കുന്നിടത്തോളം അതിനെ കുറിച്ച് സംസാരമില്ല.”    

കൂടംകുളം സമരം ഇന്ന് ഒരു പറ്റം പാവപ്പെട്ടവരുടെ അതിജീവനത്തിനുള്ള സമരം മാത്രമല്ല. സ്വയം‌രക്ഷ മുൻ‌നിർത്തി അവിടത്തെ ജനങ്ങൾ ആരംഭിച്ച സമരം ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും അവരുടെ ഭാവി തലമുറകളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള സമരമായി മാറിക്കഴിഞ്ഞു. ഇപ്പോൾ അത് വെടിയുണ്ട കൊണ്ട് പരിഹാരം കാണാവുള്ള ഒരു പ്രശ്നമല്ല. ആണവശാസ്ത്രം ഉയർത്തിയ പ്രതീക്ഷകൾ തകർന്ന സാഹചര്യത്തിൽ ഊർജ്ജോത്പാദനം മാത്രമാണ് ലക്ഷ്യമെങ്കിൽ സർക്കാർ പൂർണ്ണമായും സൌരോർജ്ജത്തിലേക്ക് തിരിയുകയാണ് വേണ്ടത്. അടുത്ത അഞ്ചു കൊല്ലത്തിൽ ആണവോർജ്ജ മേഖലയിൽ 85,000 കോടി രൂപ ചെലവാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ പണം സൌരോർജ്ജ മേഖലയിൽ നിക്ഷേപിച്ചാൽ മനുഷ്യജീവന് അപകടം വരുത്താതെ കൂടുതൽ ഊർജ്ജം ഉത്പാദിപ്പിക്കാനാകും. ജർമ്മനി 2000 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ പാരമ്പര്യേതര ഊർജ്ജ മേഖലയിൽ ചെലവഴിച്ചത് 2,600 കോടി യൂറോ (ഏകദേശം 1,82,000 കോടി രൂപ) ആണ്. വൻകിട പരമ്പരാഗത പദ്ധതികൾക്കു പകരം ചെറുതും ഇടത്തരത്തിലുള്ളതുമായ പാരമ്പര്യേതര ഊർജ്ജോത്പാദന പദ്ധതികൾ ആസൂത്രണം ചെയ്താൽ തൊഴിൽ‌സാധ്യത വർദ്ധിപ്പിക്കാനും കഴിയും. യഥാർത്ഥപ്രശ്നം വൻശക്തി പദവി തേടുന്ന നമ്മുടെ ഭരണവർഗ്ഗം അത് നേടാൻ ആണവായുധങ്ങൾ കൂടിയേ തീരൂ എന്ന് വിശ്വസിക്കുന്നു എന്നതാണ്. (വാരാദ്യ മാധ്യമം, സെപ്തംബർ 23, 2012)

Wednesday, September 19, 2012

ദിശാമാറ്റത്തെ കുറിച്ചുള്ള ചിന്തകൾ


ബി.ആർ.പി. ഭാസ്കർ

വ്യവസായവത്കരണം കൂടാതെ ലോകത്തെ സമ്പന്ന രാജ്യങ്ങൾക്കു തുല്യമായ സാമൂഹ്യ പുരോഗതി നേടിയ പ്രദേശമാണ് കേരളം. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ജനസംഖ്യാ കണക്ക് എടുക്കാൻ തുടങ്ങിയത് 1871ലാണ്. അവർ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളിൽ നിന്നും ശേഖരിച്ചു സെൻസസ് റിപ്പോർട്ടുകളിൽ ചേർത്ത വിവരങ്ങൾ പരിശോധിക്കുമ്പോൾ ഈ പ്രദേശത്തിന് വിദ്യാഭ്യാസ രംഗത്ത് തുടക്കത്തിൽ തന്നെ നേരിയ മുൻ‌തൂക്കമുണ്ടായിരുന്നെന്ന് കാണാം. പിന്നീടുള്ള ഓരോ പത്തുവർഷവും മറ്റ് പ്രദേശങ്ങളെ കൂടുതൽ കൂടുതൽ പിന്നിലാക്കിക്കൊണ്ട് നാം മുന്നേറി. ആരോഗ്യരംഗത്തും നേട്ടങ്ങളുണ്ടായി. ഈ രണ്ട് മേഖലകളിലും ബൌദ്ധജൈന കാലത്ത് കേരളം വലിയ പുരോഗതി നേടിയിരുന്നു. ആ വ്യവസ്ഥ തകർന്നെങ്കിലും അതിന്റെ ഭാഗമായ വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങൾ ദുർബലമായെങ്കിലും ചിലയിടങ്ങളിൽ തുടരുകയും ക്കുറച്ചുപേർക്കെങ്കിലും പുതിയ വ്യവസ്ഥ ഏർപ്പെടുത്തിയ വിലക്കുകളെ മറികടന്ന് പഠന-ചികിത്സാ സൌകര്യങ്ങൾ ലഭിക്കുകയും ചെയ്തു. പിന്നീട് രാജഭരണകൂടങ്ങളും ക്രൈസ്തവ സഭകളും രണ്ട് മേഖലകളിലും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തി. സാമൂഹ്യനവീകരണ പ്രസ്ഥാനങ്ങൾ അവ പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നു.

സാമൂഹ്യതലത്തിൽ മുന്നോട്ടു കുതിച്ച് നാം സമ്പന്ന രാജ്യങ്ങൾക്കൊപ്പം എത്തിയ കാലത്ത് നമ്മെ മുന്നോട്ടു നയിച്ചവരൊന്നും അതിനെ ‘വികസനം‘ എന്ന് വിളിച്ചില്ല. അവർ അതിനെ കണ്ടത് ‘പുരോഗതി’ ആയാണ്. ഇപ്പോൾ ഭരണകർത്താക്കൾ നമുക്ക് വാഗ്ദാനം ചെയ്യുന്നത് പുരോഗതി അല്ല, വികസനം ആണ്. ഈ രണ്ട് വാക്കുകളും രണ്ട് വ്യത്യസ്ത സങ്കല്പങ്ങളെ സൂചിപ്പിക്കുന്നു. ആദ്യ സങ്കല്പത്തിന്റെ അടിത്തറ ആശയങ്ങളാണ്. മറ്റേതിന്റേത് സമ്പത്തും. കേരളത്തിന്റെ വളർച്ച സംബന്ധിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള റിച്ചർഡ് ഫ്രാങ്കി 2003ൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ അമേരിക്കയുടെ പ്രതിശീർഷ മൊത്ത ആന്തരിക ഉത്പാദനം (ജിഡിപി) 34,260 ഡോളറും സമാനമായ സാമൂഹ്യപുരോഗതി നേടിയ കേരളത്തിന്റേത് വെറും 566 ഡോളറുമാണെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇത് ഗൾഫ് പ്രവാസത്തിന്റെ ഫലമായി കേരളത്തിന്റെ സാമ്പത്തിക നിലവാരം അഭിവൃദ്ധി പ്രാപിച്ചശേഷമുള്ള കണക്കാണ്. ഗൾഫ് പ്രവാസം തുടങ്ങുന്നതിനു മുമ്പുതന്നെ കേരളം പാശ്ചാത്യരാജ്യങ്ങളുടേതിനു തുല്യമായ സാമൂഹ്യ പുരോഗതി നേടിയിരുന്നതായി ഐക്യരാഷ്ട്ര സഭ കണ്ടെത്തിയിരുന്നു. കേരളം പുരോഗതി നേടിയത് പണത്തിന്റെ ബലത്തിലല്ല സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുന്നോട്ടു വെച്ച ആശയങ്ങളുടെ ബലത്തിലാണെന്ന് ഇത് തെളിയിക്കുന്നു.

ആശയങ്ങളുടെ അഭാവത്തിൽ പണത്തിന്റെ ബലത്തിൽ ‘വികസനം‘ നടത്താനുള്ള ശ്രമമാണ് കൊച്ചിയിൽ നടന്ന  എമർജിങ് കേരളയിൽ കണ്ടത്. അവിടെ സർക്കാർ അവതരിപ്പിച്ച പല പദ്ധതികളും ഒറ്റനോട്ടത്തിൽ ‘ആധുനിക’മെന്ന് തോന്നുമെങ്കിലും കേരളത്തിന്റെ ആവശ്യങ്ങൾ വിലയിരുത്തി ആവിഷ്കരിച്ചിട്ടുള്ളവയല്ല. മെട്രൊ റെയിൽ, മോണോ റെയിൽ, ഹൈസ്പീഡ് റയിൽ കൊറിഡോർ, വിമാന കമ്പനി, വിമാനത്താവളം എന്നൊക്കെ കേൾക്കുമ്പോൾ ‘നമ്മുടെ നാടും പുരോഗമിക്കുന്നു’ എന്ന ചിന്തയിൽ മദ്ധ്യവർഗ്ഗ മനസുകൾ തീർച്ചയായും  ആഹ്ലാദിക്കും. ആധുനിക ഗതാഗത സൌകര്യങ്ങൾ നമുക്ക് ആവശ്യമാണെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം കൊച്ചി നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു മേൽ‌പാലം പോലും കെട്ടാതിരുന്നവർക്ക് പെട്ടെന്ന് മെട്രൊയിലും കൊറിഡോറിലും ഒക്കെ താല്പര്യമുണ്ടാകുമ്പോൾ അതിന്റ് പിന്നിൽ ചില കണക്കുകൂട്ടലുകൾ ഉണ്ടാകുമെന്ന കാര്യത്തിലും സംശയം വേണ്ട. പണവുമായി വരുന്നവർക്ക് വലിയതോതിൽ ഭൂമി കൈമാറാനുള്ളതാണെന്ന് പല പദ്ധതികളുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഭൂമിയിൽനിന്ന് വ്യവസായം കൃഷിയേക്കാൾ ആദായം നൽകുമെന്നും അതുകൊണ്ട് കേരളം നെൽപാടങ്ങളിൽ വ്യവസായങ്ങൾ സ്ഥാപിക്കണമെന്നും ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷൻ പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഏറാൻ മൂളുകയും ചെയ്തു. ആസൂത്രണ പ്രക്രിയക്കു നേതൃത്വം  നൽകുന്നവർ കേരളത്തിന്റെ സവിശേഷമായ പാരിസ്ഥിതിക വ്യവസ്ഥയെ കുറിച്ച് എത്രമാത്രം അജ്ഞരാണെന്ന് അവരുടെ പ്രസ്താവങ്ങൾ വ്യക്തമാക്കുന്നു.

കേരളത്തിൽ മാറ്റങ്ങളുണ്ടാകുന്നുണ്ട്. അവ ശരിയായ ദിശയിലല്ലെന്നതാണ് പ്രശ്നം. ഇതിന്റെ പ്രധാന കാരണം സർക്കാരിന്റെ മുന്നിൽ വരുന്ന പദ്ധതികൾ വിശാല സമൂഹ താല്പര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ആസൂത്രണം ചെയ്യപ്പെടുന്നവയല്ല, സ്വാധീനശക്തിയുള്ള വ്യക്തികളുടെയൊ വിഭാഗങ്ങളുടെയൊ താല്പര്യങ്ങൾക്ക് അനുസൃതമായവയാണെന്നതാണ്. ഇത്തരത്തിലുള്ള ചിലത് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ ഏതിർപ്പുണ്ടായതിന്റെ ഫലമായി വൈകിപ്പിക്കാനൊ ഉപേക്ഷിക്കാനൊ സർക്കാരുകൾ നിർബന്ധിതമായിട്ടുണ്ട്. ആ എതിർപ്പുകൾക്ക് സംഘടിതരൂപം നൽകിയത് പ്രധാനമായും കക്ഷിരാഷ്ട്രീയത്തിനു പുറത്തു രൂപപ്പെട്ട കൂട്ടായ്മകളാണ്. അവയുടെ വരവ് ദുർബലമായ കേരളത്തിലെ പൊതുസമൂഹ രംഗത്ത് പുതിയ ഉണർവ് സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവയുടെ പ്രവർത്തനങ്ങളെ പൊതുവിൽ സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്. അവ രാഷ്ട്രീയ കക്ഷികളെ നോക്കുന്നതും ഏറെക്കുറെ സംശയദൃഷ്ടിയോടെ തന്നെ. ഇത് ആശാസ്യമായ അവസ്ഥയല്ല. ഇരുവിഭാഗങ്ങളും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉണ്ടായാൽ മാറ്റങ്ങൾ ശരിയായ ദിശയിലാണെന്ന് ഉറപ്പാക്കാൻ കഴിയും.

മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും കേരള സാഹചര്യങ്ങൾ ഒരു ദിശാമാറ്റം ആവശ്യപ്പെടുന്നെന്ന് മനസിലാക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഏതു തരത്തിലുള്ള മാറ്റമാണ് വേണ്ടതെന്ന് തീരുമാനിക്കാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ദിശാമാറ്റത്തിന് തുടക്കം കുറിക്കാൻ അവർക്കാകുന്നില്ല. ഇവിടെ പൊതുസമൂഹ പ്രസ്ഥാനങ്ങൾക്ക് അവരെ സഹായിക്കാനാകും. നടപടികൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് അവയ്ക്ക് തടയിടുകയും ചെയ്യുന്നവർക്ക് ഒരടി മുന്നോട്ടുപോയി ശരിയായ ദിശ ചൂണ്ടിക്കാണിക്കാനുമാകും. ഒരുപക്ഷെ ഭരണത്തിലിരിക്കുന്ന കക്ഷികളേക്കാൾ പ്രതിപക്ഷത്തിരിക്കുന്നവർക്കാണ് ഇക്കാര്യത്തിൽ ക്രിയാത്മകമായ നേതൃത്വം നൽകാൻ കഴിയുന്നത്. ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ അധികാരമാറ്റം നടക്കുന്ന കേരളത്തിൽ മുന്നണികൾ പ്രതിപക്ഷകാലഘട്ടം വീണ്ടും അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കാനുള്ള പദ്ധതികൾ ചർച്ചകളിലൂടെ രൂപപ്പെടുത്താൻ ഉപയോഗിക്കണം.

ഭൂമി ദുർലഭമാകയാൽ അതിന്റെ വിനിയോഗം സംബന്ധിച്ച് ശാസ്ത്രീയമായ പഠനങ്ങൾ നടത്തി വിശദമായ പദ്ധതി തയ്യാറാക്കാൻ ഈ സമയം വിനിയോഗിക്കാവുന്നതാണ്. ഭൂദൌർലഭ്യം അനുഭവിക്കുന്ന ജപ്പാന്റെ മാതൃക പിന്തുടർന്ന് കൃഷി, വ്യവസായം എന്നിവയ്ക്ക് പ്രത്യേകം മേഖലകൾ നിശ്ചയിക്കുന്നത് ഭൂമാഫിയകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സഹായിക്കും. നിർഭാഗ്യവശാൽ നമുക്ക് ലഭിച്ച വ്യവസായങ്ങളിലേറെയും കടുത്ത മലിനീകരണം ഉണ്ടാക്കുന്നവയാണ്. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ അനുയോജ്യമായ വ്യവസായങ്ങൾ തിരിച്ചറിയുകയും അനുയോജ്യമല്ലാത്തവ ഒഴിവാക്കുകയും ചെയ്യണം. നമ്മുടെ നാട് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണം മുന്നേക്കാൾ പ്രാധാന്യം അർഹിക്കുന്നു. കാടും പുഷയും കായലും നശിച്ചാൽ വിനോദസഞ്ചാരം നിലനിർത്താനാകില്ല. ഈ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ പാർട്ടികൾ തയ്യാറായാൽ അവരുമായി സഹകരിക്കാൻ പൊതുസമൂഹ പ്രസ്ഥാനങ്ങൾ തീർച്ചയായും തയ്യാറാകും. (ജനയുഗം, സെപ്തംബർ 19, 2012)


Tuesday, September 18, 2012

ഒരു നല്ല കാലഘട്ടത്തിന്റെ ഓർമ്മകൾ

ബി.ആർ.പി. ഭാസ്കർ

ജനയുഗത്തിന് എഴുതാനിരിക്കുമ്പോൾ മനസ് അറുപതിൽ‌പരം വർഷം പിന്നോട്ടുപോകുന്നു. ഞാൻ വളർന്ന കൊല്ലം പട്ടണത്തിൽ സാഹസികരായ ഏതാനും യുവാക്കൾ ഈ പത്രത്തിന് ജന്മം നൽകിയ നാളുകളിലേക്ക്. സ്ഥാപക പത്രാധിപർ എൻ.ഗോപിനാഥൻ നായരിലേക്കും സ്ഥാപക പ്രസാധകൻ ആർ.ഗോപിനാഥൻ നായരിലേക്കും. അവരെക്കുറിച്ച് ഒന്നിച്ചല്ലാതെ ചിന്തിക്കാനാകില്ല. പത്രാധിപർ വലിയ ഗോപി, പിൽക്കാലത്ത് ജനയുഗം ഗോപിയും. പ്രസാധകൻ കൊച്ചു ഗോപി. സഹപാഠിയും സുഹൃത്തുമായ എം.രാമചന്ദ്രൻ നായരുടെ മൂത്തസഹോദരി ശരദാമണിയെ വിവാഹം കഴിക്കാൻ പോകുന്ന കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിലാണ് വലിയ ഗോപിയെ ഞാൻ ആദ്യം അറിയുന്നത്. അന്നേ അങ്ങനെ അദ്ദേഹം ഗോപിച്ചേട്ടനായി.  

കൽക്കത്ത തീസിസിന്റെ കാലമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരിക്കുന്നു. നേതാക്കന്മാർ ഒളിവിൽ. പരസ്യമായി പ്രവർത്തിക്കാനാകാത്ത പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനാണ് മറ്റ് പത്രങ്ങളിൽ പണിയെടുത്ത് അല്പം പ്രവർത്തന പരിചയം നേടിയവരടങ്ങിയ സംഘം, എം. എൻ. ഗോവിന്ദൻ നായരുടെ പ്രോത്സാഹനത്തിൽ, ജനയുഗം രാഷ്ട്രീയ വാരികയായി പ്രസിദ്ധീകരിച്ചു തുടങ്ങിയത്.  അച്ചടിക്കാമെന്നേറ്റ രണ്ട് പ്രസുടമകൾ പിൻ‌വാങ്ങിയശേഷം എന്റെ അച്ഛൻ എ.കെ. ഭാസ്കർ വാരിക അച്ചടിച്ചു കൊടുത്തത് ജനയുഗം ഒന്നിലധികം തവണ രേഖപ്പെടുത്തിയിട്ടുണ്ട്. അച്ഛൻ ദിനപത്രം നടത്തി പരാജയപ്പെട്ടശേഷം പ്രസ് അടച്ചിട്ടിരിക്കുകയായിരുന്നു.

കോൺഗ്രസ് നേതാവ് കെ.കെ. ചെല്ലപ്പൻപിള്ള കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ച യുവകേരളമാണ് തിരുവിതാം‌കൂറിൽ സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് നിലനിന്നിരുന്ന സർക്കാർവിധേയത്വ പത്രപാരമ്പര്യം അവസാനിപ്പിച്ചത്. അതിന്റെ പത്രാധിപസമിതിയിലുണ്ടായിരുന്ന അംഗങ്ങളൊ അനുഭാവികളൊ ആയവരുടെ സഹായത്തോടെ അതിലൂടെ ചെറിയ തോതിൽ ആശയപ്രചരണം നടത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിരുന്നു. ലേഖനരൂപത്തിലുള്ള ഒരു പാർട്ടിരേഖ അച്ചടിക്കാൻ അതിന്റെ ആപ്പിസിൽ കൊണ്ടുപോയി കൊടുത്തത് ഞാനാണ്. കൊല്ലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന സണ്ണി സബാസ്റ്റ്യനാണ് അത് എന്നെ ഏല്പിച്ചത്. ലേഖകന്റെ പേരിന്റെ സ്ഥാനത്ത് ടി.സി.സി. എന്നാണുണ്ടായിരുന്നത്.  അത് ട്രാവൻ‌കൂർ കൊച്ചിൻ കമ്മിറ്റി എന്നത് ചുരുക്കിയതാണെന്നും അത് കാണുമ്പോൾ ലേഖനം പാർട്ടിരേഖ ആണെന്ന് ബന്ധപ്പെട്ടവർക്ക് മനസിലാകുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

അച്ഛൻ നടത്തിയ നവഭാരതത്തിന്റെ പത്രാധിപസമിതിയിൽ കെ.എസ്.പി., ആർ.എസ്.പി. എന്നീ ഇടതുകക്ഷികളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന എൻ.രാമചന്ദ്രൻ, പി.കെ.ബാലകൃഷ്ണൻ, സി.എൻ.ശ്രീകണ്ഠൻ നായർ എന്നിവർ അംഗങ്ങളായിരുന്നു. ആർ.ലക്ഷ്മണൻ, കെ. ചന്ദ്രശേഖരൻ, എ. ആർ. കുട്ടി എന്നിങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി ബന്ധമുള്ള യുവ റിപ്പോർട്ടർമാരുടെ നിരയുമുണ്ടായിരുന്നു. അവർ ഇടതുപക്ഷ വാർത്തകൾ പത്രത്തിൽ നൽകി. പി.കൃഷ്ണപിള്ളയുടെ മരണം ആദ്യം അച്ചടിച്ചു വന്നത് നവഭാരതത്തിലാണ് എന്നാണെന്റെ ഓർമ്മ.

വാരികയായി തുടങ്ങുമ്പോൾ ജനയുഗം വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. ഗോപിച്ചേട്ടൻ തെരഞ്ഞെടുത്തതും രാമചന്ദ്രൻ നായരും ഞാനും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതുമായ വിദേശഭാഷാ ചെറുകഥകൾ ആദ്യലക്കങ്ങളിലുണ്ടായിരുന്നു. അച്ചടിച്ചു കിട്ടുന്ന ദിവസം മറ്റ് വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകർക്കൊപ്പം പത്രം മടക്കാനും ഞങ്ങൾ രണ്ടുപേരും കൂടിയിരുന്നു. ചില കൂട്ടുകാർ വാരിക കൊണ്ടു നടന്നു വിൽക്കുകയും ചെയതു. അത് ആവേശത്തിന്റെ കാലമായിരുന്നു   

തിരുവനന്തപുരത്ത് പഠിക്കുമ്പോൾ കോഴിക്കോട് നിന്നുള്ള ദേശാഭിമാനി കാണുമായിരുന്നു. ഒരുതരം വറട്ടു ഭാഷയാണ് അതുപയോഗിച്ചിരുന്നത്. അതുകൊണ്ട് വായിക്കാൻ ഒരു രസവും തോന്നിയിരുന്നില്ല. ആ പാരമ്പര്യം പിന്തുടരാതെ ജനയുഗത്തെ എളുപ്പം വായിക്കാവുന്ന പത്രമാക്കിയതിനെ ഗോപിച്ചേട്ടനും സുഹൃത്തുക്കളും ഇടതുപക്ഷ പത്രപ്രവർത്തനത്തിനു നൽകിയ സംഭാവനയായി ഞാൻ കാണുന്നു. വർഷങ്ങൾക്കുശേഷം, പി. ഗോവിന്ദപ്പിള്ള മുഖ്യ പത്രാധിപരായിരുന്നപ്പോഴാണ് ദേശാഭിമാനി ശൈലി മാറ്റിയത്.

ഗോപിച്ചേട്ടന് പത്രപ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. കോളെജ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കുറച്ചു കാലം മദ്രാസിൽ ഇൻഡ്യൻ എക്സ്പ്രസിൽ പ്രവർത്തിച്ച ഗോപിച്ചേട്ടൻ ജനയുഗം വിട്ട് ഇംഗ്ലീഷ് പത്രപ്രവർത്തനത്തിൽ വീണ്ടുമെത്തിയപ്പോൾ അരുണാ ആസഫ് അലിയുടെ നേതൃത്വത്തിലും എടത്തട്ട നാരായണന്റെ പത്രാധിപത്യത്തിലും ഡൽഹിയിൽ ആരംഭിച്ച പേട്രിയട്ട് എന്ന് ഇടതുപക്ഷ ദിനപ്പത്രത്തിൽ ഞങ്ങൾ സഹപ്രവർത്തകരായി. പേട്രിയട്ട് മാനേജ്മെന്റിന്റെ യൂണിയൻവിരുദ്ധ സമീപനം ഞങ്ങളെ നിരാശപ്പെടുത്തി. നിർണ്ണായകവേളകളിൽ രാഷ്ട്രീയതാല്പര്യങ്ങൾ മുൻ‌നിർത്തി പേട്രിയട്ട് പത്രപ്രവർത്തനമൂല്യങ്ങൾ അവഗണിക്കുന്നെന്ന പരാതി എനിക്കുണ്ടായിരുന്നു. രാഷ്ട്രീയവും പത്രപ്രവർത്തനവും തമ്മിലുള്ള സംഘട്ടനസാധ്യതകളെ കുറിച്ച് ഗോപിച്ചേട്ടൻ ബോധവാനായിരുന്നു. താൻ ഡൽഹിയിൽ ജോലി തേടുന്ന സമയത്ത് ഗോപിച്ചേട്ടൻ മെയിൻസ്ട്രീം എഡിറ്ററും ഇടതുപക്ഷ ചിന്തകനുമായ നിഖിൽ ചക്രവർത്തിക്ക് ഒരു കത്ത് നൽകിയ കാര്യം പി.പി. ബാലചന്ദ്രൻ എന്ന മുതിർന്ന പത്രപ്രവർത്തകൻ എഴുതിയിട്ടുണ്ട്. കത്തിൽ എഴുതിയിരുന്നത് ഇങ്ങനെ: “ഇയാൾ നല്ല കമ്മ്യൂണിസ്റ്റുകാരനാകുമൊ എന്നെനിക്കറിയില്ല. എന്നാൽ നല്ല പത്രപ്രവർത്തകനാകും.”

എസ്.എൻ.കോളെജിൽ നിന്ന് യൂണിയൻ ചെയർമാൻ ഒ. മാധവൻ ഉൾപ്പെടെ അഞ്ചു പേരെ പുറത്താക്കിയ ദിവസം അതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പുറത്താക്കാനുദ്ദേശിക്കുന്ന വിദ്യാർത്ഥികളുടെ പേരടങ്ങുന്ന ലിസ്റ്റും പ്രിൻസിപ്പൽ നോട്ടിസ് ബോർഡിലിട്ടിരുന്നു. അതിൽ ആദ്യ പേരു എന്റേതായിരുന്നു. പഠിപ്പുമുടക്കുണ്ടായി. ഓരോ ദിവസവും രണ്ടു പേർ വീതം അറസ്റ്റുവരിച്ചു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് മൃഗീയമായി മർദ്ദിച്ചു. ഒരു ദിവസം ഞങ്ങൾ പ്രിൻസിപ്പലിന്റെ ആപ്പീസിലേക്ക് മാർച്ച് ചെയ്തു.  അദ്ദേഹം പൊലീസിനെ കാമ്പസിനുള്ളിൽ വിളിച്ചുവരുത്തി. കയ്യിൽ കിട്ടിയ കുറേപ്പേരെ പൊലീസുകാർ തൂക്കിയെടുത്തു ഇടിവണ്ടിയിലിട്ടു കൊണ്ടുപോയി ലോക്കപ്പിലാക്കി.. അക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.

തിരുവനന്തപുരത്തായിരുന്ന അച്ഛൻ വിളിച്ചുപറഞ്ഞതനുസരിച്ച് എന്നെ ജാമ്യത്തിലിറക്കാൻ രാത്രി ചിറ്റപ്പൻ പൊലീസ് സ്റ്റേഷനിലെത്തി. ഒപ്പം പിടിക്കപ്പെട്ടവർ അവിടെ കിടക്കുമ്പോൾ ഞാൻ ജാമ്യമെടുത്തു വെളിയിൽ പോകുന്നതു ശരിയല്ലെന്ന് എനിക്ക് തോന്നി.. ഗോപിച്ചേട്ടൻ അന്നവിടെ തടവുകാരനാണ്. പൊലീസുദ്യാഗസ്ഥൻ ജാമ്യത്തിനുള്ള കടലാസുകൾ തയ്യാറാക്കുന്നതിനിടയിൽ ഞാൻ എതിർവശത്തെ ലോക്കപ്പിലായിരുന്ന ഗോപിച്ചേട്ടനെ കണ്ട് ഉപദേശം തേടി. “സംഘടന നിർദ്ദേശിച്ചതനുസരിച്ച് അറസ്റ്റ് വരിക്കുകയായിരുന്നില്ലല്ലൊ. അതുകൊണ്ട് ജാമ്യത്തിൽ പോകുന്നതിൽ തെറ്റില്ല” എന്ന് ഗോപിച്ചേട്ടൻ പറഞ്ഞു.

കേരളത്തിൽ ഒരു ഇടതുപക്ഷപരിസരം രൂപപ്പെട്ടത് അക്കാലത്താണ്. ലോകമഹായുദ്ധകാലത്ത് തുടങ്ങിയ ഉയർന്ന തോതിലുള്ള ജനസംഖ്യാ വർദ്ധനവിന്റെ ഫലമായി യുവജനങ്ങളുടെ എണ്ണം അതിവേഗം കൂടുകയായിരുന്നു. അവർക്കിടയിൽ ഇടതുപക്ഷ ആശയങ്ങൾക്ക് സ്വീകാര്യതയുണ്ടായി. ഇടതു നേതൃത്വത്തിന്റെ ഉദ്ദേശ്യശുദ്ധിയും ആദർശധീരതയും പാർട്ടിക്ക് പുറത്തും അംഗീകാരം നേടിയിരുന്നു. അതുകൊണ്ടാണ് അക്രമ സമരങ്ങൾപരാജയപ്പെട്ടിട്ടും പാർട്ടി തളരുന്നതിനു പകരം വളർന്നത്.

ആ കാലഘട്ടത്തിന്റെ നന്മകളുടെ കൂട്ടത്തിലാണ് ജനയുഗത്തിന്റെയും അതിന്റെ സ്ഥാപകരുടെയും സ്ഥാനം. കാലം മാറി. സാഹചര്യങ്ങൾ മാറി. പുതിയ കാലഘട്ടം പുതിയ സമീപനങ്ങൾ ആവശ്യപ്പെടുന്നു. പുതിയ കാലത്തും പ്രസക്തിയുള്ള നന്മകൾ തിരിച്ചറിഞ്ഞ് അവ നിലനിർത്താനുള്ള ചുമതല നമുക്കുണ്ട്. കൈമോശം വന്ന നന്മകൾ വീണ്ടെടുക്കുകയും വേണം. 
(ജനയുഗം, സെപ്തംബർ 5, 2012)

Friday, September 7, 2012

അരക്ഷിത കേരളം

ജന്മഭൂമി ഓണപ്പതിപ്പിനുവേണ്ടീ “അരക്ഷിത കേരളം“ എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിക്കുകയുണ്ടായി.  പി.പരമേശ്വരൻ, ടി.പത്മനാഭൻ, ജോർജ് ഓണക്കൂർ, ജെ. നന്ദകുമാർ എന്നിവർക്കൊപ്പം ഞാനും ചർച്ചയിൽ പങ്കെടുത്തു. പത്രം അയച്ചുതന്ന ചോദ്യാവലിക്ക് ഞാൻ നൽകിയ മറുപടികൾ താഴെ ചേർക്കുന്നു.


കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഇപ്പോൾ കേരളം ഒന്നാം സ്ഥാനത്താണെന്നത് ആരെയാണ് അസ്വസ്ഥമാക്കാത്തത്? കൊലപാതക രാഷ്ട്രീയത്തിന്റെ ഒരു നീണ്ട ചരിത്രം സംസ്ഥാനത്തിനുണ്ട്. കണ്ണൂരിൽ കൊലപാതക പരമ്പര അരങ്ങേറാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ടാകുന്നു. പലരും അതിനെ നാടോടിപ്പാട്ടുകൾ പ്രകീർത്തിക്കുന്ന ചേകവ പാരമ്പര്യത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ ലഘൂകരിച്ചു കണ്ടുപോന്നു. അടുത്ത കാലത്ത് പുറത്തു വന്ന വസ്തുതകൾ ഇടുക്കിയിലും ആസൂത്രിതമായ രീതിയിൽ കൊലപാതകങ്ങൾ നടന്നതായി വ്യക്തമാക്കുന്നു. ഓഞ്ചിയത്ത് സി.പി.എമ്മിന് കടുത്ത വെല്ലുവിളി ഉയർത്തിയ ആർ.എം.പി. നേതാവ് ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ ജനവികാരം ഉയർത്തിയെങ്കിലും അത് പ്രതിരോധത്തിലാക്കിയ പാർട്ടി ആത്മപരിശോധന നടത്തി തെറ്റുതിരുത്തുന്നതിനു പകരം അണികളിൽ അക്രമവാസന നിലനിർത്താനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുസമൂഹം അക്രമത്തിനെതിരായ വികാരം കെട്ടടങ്ങാതെ സൂക്ഷിക്കേണ്ടതുണ്ട്.

അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികൾ തന്നെ നിയമം കൈയിലെടുക്കുമ്പോൾ പൊലീസ് നോക്കുകുത്തിയാകുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ കുറേ കൊല്ലങ്ങളായി നടന്നുവരുന്ന നുഴഞ്ഞുകയറ്റത്തിന്റെ ഫലമായി പൊലീസ് സേനയിൽ രാഷ്ട്രീയ പക്ഷപാതിത്വം വ്യാപകമാണ്. അതുകൊണ്ടു തന്നെ ആ സംവിധാനം എളുപ്പം ശുദ്ധീകരിക്കാനാവില്ല. പൊതുസമൂഹം ജാഗ്രത പുലർത്തിയില്ലെങ്കിൽ പാർട്ടികൾ നൽകുന്ന പട്ടികയിലുള്ളവർക്കെതിരെ ദുർബലമായ കേസുകൾ എടുക്കുകയും യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലേക്ക് പൊലീസ് തിരിച്ചു പോകും.

അക്രമരാഷ്ട്രീയം വർദ്ധിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയുടെ ഒരംശം മാത്രമാണ്. ഇന്ന് കേരളം ഒരു സമ്പന്ന സംസ്ഥാനമാണ്. ഇപ്പോൾ ഇവിടെ തഴച്ചു വളരുന്ന പല മേഖലകളുടെയും പ്രവർത്തനം ജനദ്രോഹപരവും അതുകൊണ്ടുതന്നെ ഗൂണ്ടാ സംരക്ഷണം ആവശ്യപ്പെടുന്നവയുമാണ്. രാഷ്ട്രീയ നേതൃത്വങ്ങളുടെ രക്ഷാധികാരമില്ലെങ്കിൽ ഗൂണ്ടാ സംഘങ്ങൾക്ക് പ്രവർത്തിക്കാനാവില്ല. പല സംഘങ്ങളെയും നയിക്കുന്നത് രാഷ്ട്രീയ പ്രവർത്തകരായി ജീവിതം ആരംഭിച്ചവരാണ്.

ആധിപത്യത്തിനു വേണ്ടി രാഷ്ട്രീയം ഉൾപ്പെടെ പല മേഖലകളിലും നടക്കുന്ന ശ്രമങ്ങളാണ് അക്രമസംഭവങ്ങൾ പെരുകുന്നതിനു കാരണമാകുന്നത്. ഇതിൽനിന്ന് മനുഷ്യസ്നേഹത്തിന്റെ ഉറവകൾ വറ്റിയെന്ന നിഗമനത്തിലെത്തുന്നത് ശരിയല്ല. അധിനിവേശ മോഹങ്ങളില്ലാത്ത വിഭാഗങ്ങൾ കൂടുതൽ ശക്തവും സജീവവുമായാൽ അക്രമ വാസനയുടെ അനിയന്ത്രിതമായ വളർച്ച തടയാൻ കഴിയും.    

അക്രമപ്രവർത്തനം ഉൾപ്പെടെ സമൂഹത്തിൽ പ്രകടമായിട്ടുള്ള ദുഷ്പ്രപവണതകൾ വെളിച്ചത്തു കൊണ്ടുവരുന്നതിന് മാധ്യമങ്ങൾ ശ്രമിക്കുന്നില്ലെന്ന് പറയാനാവില്ല. എന്നാൽ അവയുടെ പ്രവർത്തനം ഫലം കാണുന്നില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ടെന്ന് തോന്നുന്നു. ഒന്ന് അവയ്ക്ക് സമൂഹത്തിൽ വേണ്ടത്ര വിശ്വാസ്യതയില്ലെന്നതാണ്. മറ്റൊന്ന് അവ പ്രശ്നം ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യുന്നതെന്നതാണ്. അടിസ്ഥാനപരമായി രണ്ടിന്റെയും പരിഹാരം ഒന്നു തന്നെ: പ്രൊഫഷനലിസം ശക്തിപ്പെടുത്തുക.  

നിയമവാഴ്ച ഉറപ്പു വരുത്തുന്നതിൽ ഭരണാധികാരികൾ പരാജയപ്പെടുന്നതുകൊണ്ടാണ് അരക്ഷിതാവസ്ഥ ഉണ്ടായിട്ടുള്ളത്. ഇന്ന് സംസ്ഥാനത്ത് നിയമപാലനം കൃത്യമായി നടക്കുന്നില്ല. നിയമം ലംഘിക്കുന്നവർക്ക് പലപ്പോഴും രാഷ്ട്രീയ സ്വാധീനമൊ മറ്റ് മാർഗ്ഗങ്ങളൊ ഉപയോഗിച്ച് നിയമ നടപടികളിൽ നിന്നൊഴിവാകാനാകുന്നു. കൊലപാതകം പോലെയുള്ള ഹീനകൃത്യങ്ങൾക്ക് രാഷ്ട്രീയമായ ന്യായീകരണം നൽകുകയും അവയിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനം പാർട്ടികൾ ഉപേക്ഷിക്കണം. അതിനു അവർ തയ്യാറല്ലെങ്കിൽ ജനങ്ങൾ അവരെ ഒറ്റപ്പെടുത്തണം. രാഷ്ട്രീയരംഗത്തെ സത്യസന്ധതയില്ലായ്മയാണ് നാം നേരിടുന്ന ഒരു പ്രശ്നം. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനുള്ള ആർജ്ജവം ഭരണാധികാരികൾ കാട്ടണം. (ജന്മഭൂമി ഓണപ്പതിപ്പ്, 2012)

Monday, September 3, 2012

അകലുന്ന സമത്വസുന്ദര സങ്കല്പം

ബി.ആർ.പി. ഭാസ്കർ

ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കേരള സംസ്ഥാനം വികസിക്കുന്നത്. ഇത് ആദ്യം കണ്ടെത്തിയത് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനിഡൊ എന്ന ചുരുക്കപ്പേരുള്ള വ്യാവസായിക വികസന സംഘടന (UN Industrial Development Organization) ആണ്. വ്യവസായവത്കരണം കൂടതെ വികസിത രാജ്യങ്ങളുടേതിനു തുല്യമായ സാമൂഹ്യപുരോഗതി കേരളം നേടിയതായി ചൂണ്ടിക്കാട്ടിയ യുനിഡൊ ഇതെങ്ങനെയാണ് സാധ്യമായതെന്ന് പഠിക്കണമെന്ന് നിർദ്ദേശിച്ചു. കേരളസമൂഹത്തിന്റെ വികസന രഹസ്യം മനസിലാക്കാനായാൽ വ്യവസായവത്കരണത്തിനായി മുറവിളികൂട്ടുന്ന രാജ്യങ്ങളുടെ മുന്നിൽ അതിനെ മാതൃകയായി ഉയർത്തിക്കാട്ടാമെന്ന് യുനിഡൊ കണക്കു കൂട്ടി. അങ്ങനെയാണ് അമർത്യാ സെൻ കേരളത്തെ കുറിച്ച് പഠിക്കാനും ഉപന്യസിക്കാനും തുടങ്ങിയതും നമ്മിൽ ചിലർ നാമൊരു വികസനമാതൃകയുണ്ടാക്കിയെന്ന് തെറ്റിദ്ധരിച്ചതും.

യുനിഡൊ ‘കേരള മാതൃക’ കണ്ടെത്തിയത് നാല്പതിൽ‌പരം കൊല്ലം മുമ്പാണ്. അന്ന് ഇതൊരു ദരിദ്ര സംസ്ഥാനമായിരുന്നു. സംസ്ഥാനത്തെ ആളോഹരി വരുമാനം ദേശീയ ശരാശരിക്കു താഴെ. എല്ലാവരും പതിവായി അരിക്കും പഞ്ചസാരക്കും റേഷൻ കടകളെ  ആശ്രയിച്ചിരുന്നു. ഇന്ന് കേരളം ഒരു സമ്പന്നസംസ്ഥാനമാണ്. ആളോഹരി വരുമാനത്തിൽ രാജ്യത്ത് ഒന്നാമത്.  പൊതുവിപണിയിൽ നിന്ന് നല്ല ഭക്ഷ്യധാന്യങ്ങൾ വാങ്ങാനുള്ള കഴിവുള്ളതുകൊണ്ട് ഭൂരിപക്ഷം ജനങ്ങളും റേഷൻ കടയിൽ പോകുന്നില്ല. ദാരിദ്ര്യരേഖയ്ക്കു താഴെയെന്ന് സാക്ഷ്യപ്പെടുത്തുന്ന കാർഡിന്റെ ബലത്തിൽ സൌജന്യമായൊ കുറഞ്ഞ വിലക്കൊ ലഭിക്കുന്ന സാധനങ്ങൾ വാങ്ങാൻ താല്പര്യമുള്ളവർ മാത്രമെ റേഷൻ കടകളിൽ പോകുന്നുള്ളു. ഈ മാറ്റത്തിനിടയിൽ ‘കേരള മാതൃക’യിൽ അഭിമാനം കൊള്ളുന്നതിന്റെ പൊള്ളത്തരം പലർക്കും മനസ്സിലായി.

കേരളത്തെ സമ്പന്ന സംസ്ഥാനമാക്കി മാറ്റിയത് വിദേശത്തേക്കുണ്ടായ ആളൊഴുക്കും തുടർന്ന് ഇങ്ങോട്ടുണ്ടായ പണമൊഴുക്കുമാണ്. പുറത്തു തൊഴിലെടുക്കുന്നവരിൽനിന്ന് ഏറ്റവുമധികം പണം കിട്ടുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ ഏറ്റവുമധികം പണം കിട്ടുന്ന സംസ്ഥാനം കേരളവും. പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറിയ ഉയർന്ന വിദ്യാഭ്യാസം നേടിയവരേക്കാൾ സംസ്ഥാനത്തിന് ഗുണം ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിൽ താരതമ്യേന ചെറിയ ജോലികൾ ഏർപ്പെട്ടിരിക്കുന്നവരാണ്. ഗൾഫ് പണമൊഴുക്ക് സംബന്ധിച്ച വിവരം ശേഖരിക്കാൻ ഈ ലേഖകൻ 1978ൽ ശ്രമിച്ചപ്പോൾ സർക്കാരിന് ഒരു വിവരവും നൽകാനായില്ല. ചില ബാങ്ക് മാനേജർമാരുമായി സംസാരിച്ചപ്പോൾ പ്രതിവർഷം 300 കോടി രൂപയോളം വരുന്നുണ്ടെന്ന് പറഞ്ഞു. ഇപ്പോൾ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് ഗൾഫ് പണമൊഴുക്ക് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്നുണ്ട്. ഒരു യു.എൻ. ഏജൻസി സാമ്പത്തിക സഹായം നൽകിയതോടെയാണ് അത് പഠനങ്ങൾ തുടങ്ങിയത്. ഇപ്പോൾ വിദേശത്തു നിന്ന് ഓരോ കൊല്ലവും എത്തുന്നത് 50,000 കോടിയോളം രൂപയാണ്.  

പുറത്തുനിന്നെത്തുന്ന പണത്തിന്റെ കണക്ക് ലഭ്യമാണെങ്കിലും അത് കേരളീയ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും പഠിക്കാനും വിലയിരുത്താനും ഏതെങ്കിലും ഔദ്യോഗികസംവിധാനമൊ അക്കാദമിക സ്ഥാപനമൊ ഇപ്പോഴും ശ്രമിക്കുന്നില്ല. സംസ്ഥാനത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സേവന വ്യവസായ മേഖലയിലെ കുതിപ്പിന്റെയും ഉപഭോഗ സംസ്കാരത്തിന്റെ തള്ളിച്ചയുടെയും പിന്നിൽ അതിന്റെ സ്വാധീനം പ്രകടമാണ്. ഗൾഫ് പ്രവാസികളിലേറെയും സാധാരണഗതിയിൽ നാട്ടിൽ വേണ്ടത്ര അവസരങ്ങൾ കിട്ടാത്ത വിഭാഗങ്ങളിൽ പെടുന്നവരാണ്. അതുകൊണ്ട് തുടക്കത്തിൽ പുറത്തുനിന്നുള്ള പണമൊഴുക്ക് സമൂഹത്തിലെ അസമത്വം കുറയ്ക്കുന്നതിന് സഹായിച്ചു. എന്നാൽ ആ ഘട്ടം കഴിഞ്ഞിരിക്കുന്നു. ഏതാനും കൊല്ലം മുമ്പ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനം അസമത്വം വർദ്ധിച്ചുവരുന്നതായി കണ്ടെത്തുകയുണ്ടായി. ആ വളർച്ച ഇപ്പോഴും തുടരുകയാണ്. അതിന്റെ ഫലമായി കേരളത്തെ മൊത്തത്തിൽ വാങ്ങാൻ കഴിവുള്ള ഒരു അതിസമ്പന്ന വിഭാഗം ഇതിനകം ഉയർന്നു വന്നിട്ടുണ്ട്. രാഷ്ട്രീയ മാധ്യമ രംഗങ്ങളിൽ വലിയ സ്വാധീനം ഈ വിഭാഗത്തിനുണ്ട്.

കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങൾ പതിറ്റാണ്ടുകളായി തുടരുന്ന വലിയ പണമൊഴുക്കിന്റെ ഫലമായുണ്ടായവയാണ്. മാലിന്യപ്രശ്നവും ഗതാഗതപ്രശ്നവും ഇക്കൂട്ടത്തിൽ പെടുന്നു. ഇന്ന് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ നഗരവത്കരണം നടക്കുന്നത് ഇവിടെയാണ്. വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ പ്രധാന പാതകളുടെ രണ്ട് വശത്തും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ‘നഗരഗ്രാമ തുടർച്ച’ ആയിരുന്ന കേരളത്തെ ‘നഗരത്തുടർച്ച’ ആയി മാറ്റിക്കൊണ്ടിരിക്കുന്നു. തീരദേശ മേഖലയിൽ നഗരങ്ങൾക്കിടയിലുള്ള പല ഗ്രാമങ്ങളും അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇന്നത്തെ തോതിൽ നിർമ്മാണപ്രവർത്തനങ്ങൾ ഏതാനും കൊല്ലം കൂടി തുടർന്നാൽ ഈ മേഖലയിൽ 500 കിലോമീറ്റർ നീളമുള്ള, റിബൺ രൂപത്തിലുള്ള ഒരു വൻ‌നഗരത്തുടർച്ച രൂപപ്പെടും. അങ്ങനെയൊന്ന് അമേരിക്ക ഉൾപ്പെടെ ഒരു സമ്പന്ന പറുദീസയിലും ഇതിനു മുമ്പുണ്ടായിരുന്നില്ല.

ഏതാനും പതിറ്റാണ്ടുകൾക്കു മുമ്പ് തുടങ്ങിയ നഗരവത്കരണത്തിന്റെ സ്വഭാവം മനസ്സിലാക്കി ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. നഗരങ്ങൾക്കു പുറത്ത്  ജനവാസം ഇല്ലാത്തതൊ കുറവുള്ളതൊ ആയ ഇടങ്ങൾ കണ്ടെത്തി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന രീതി ഇന്നത്തെ കേരളത്തിൽ പ്രായോഗികമല്ല. മാലിന്യ നിർമ്മാർജ്ജനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ പെടുന്നു. നമ്മുടെ ചിന്താപദ്ധതിയിൽ വികേന്ദ്രീകരണത്തിന് ഉയർന്ന സ്ഥാനമുണ്ട്. എന്നാൽ ജനങ്ങൾ തിങ്ങി പാർക്കുന്ന തീരദേശത്തുള്ള ഒരു സ്വയംഭരണ സ്ഥാപനത്തിനും ഇന്ന് സ്വന്തം നിലയിൽ തൃപ്തികരമായ മാലിന്യസംസ്കരണ സംവിധാനം ഉണ്ടാക്കാനാവില്ല. ഇത് മനസിലാക്കാതെയാണ് മേയർമാരും മന്ത്രിമാരും ജഡ്ജിമാരും മാലിന്യപ്രശ്നവുമായി മല്ലിടുന്നത്.

രാജ്യത്ത് ഏറ്റവുമധികം മോട്ടോർ വാഹനങ്ങൾ വിൽക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അച്ഛനമ്മമാർ സ്വർണ്ണത്തിൽ പൊതിഞ്ഞ്, ആഡംബര കാറുകളിലടച്ച് മക്കളെ വരന്മാരെ ഏല്പിക്കുന്നു. ഏത് ഷോറൂമിൽ ചെന്നാലും അതിനായി തയ്യാറാക്കിയ കാറുകൾ കാണാവുന്നതാണ്. ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് അതിവേഗപാതകൾ വേണം. അതിനാവശ്യമായ സ്ഥലം കണ്ടെത്താൻ പ്രയാസം അനുഭവപ്പെടുന്നു. ശാസ്ത്രീയ പഠനങ്ങൾ നടത്തി ഗതാഗത സംബന്ധമായ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി പദ്ധതികൾ തയ്യാറാക്കുന്നതിനു പകരം ഓരോരോ സ്ഥാപിത താല്പര്യങ്ങളുടെ ആവശ്യങ്ങൾ മുൻ‌നിർത്തി ഭരണാധികാരികൾ വിമാനത്താവളം, റയിൽ കൊറിഡോർ, മെട്രോ, എക്സ്പ്രസ്‌വേ എന്നിങ്ങനെ പല പരിപാടികളും പ്രഖ്യാപിക്കുന്നു. റോഡ് പദ്ധതികൾ നടപ്പാക്കാനുള്ള പണം കൈയിലില്ലാത്തതുകൊണ്ട് സർക്കാർ അവ ടോൾ പിരിച്ച് മുതലും ലാഭവും ഈടാക്കാൻ അവകാശം നൽകിക്കൊണ്ട് കരാറുകാരെ ഏല്പിക്കുന്നു. ഇത്രകാലവും  ഉപയോഗിച്ചിരുന്ന പാതകൾ കൊട്ടിയടച്ചുകൊണ്ട് ടോൾ ‌പാതകൾ നിർമ്മിക്കുന്നതിനും അതിനായി വീടുകളും കടകളും ഒഴുപ്പിക്കുന്നതിനും എതിരെ ജനങ്ങൾ സംഘടിക്കുന്നു.  

ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വലിയ ചേരിതിരിവ് ദരിദ്രാവസ്ഥയിൽ നിന്ന് സമ്പന്നതയിലേക്ക് ഉയരുന്നതിനിടയിൽ കഴിഞ്ഞ നൂറ്റാണ്ടിൽ പ്രഖ്യാപിച്ച സമത്വസുന്ദര കേരളം എന്ന ലക്ഷ്യത്തിൽ നിന്ന് ബഹുദൂരം പിന്നോട്ടു പോയതായി നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അപകടം മനസ്സിലാക്കാൻ കുറഞ്ഞപക്ഷം കേരളത്തിലെ ഇടതുപക്ഷ കക്ഷികൾക്കെങ്കിലും കഴിയേണ്ടതാണ്. സമത്വത്തിൽ അധിഷ്ഠിതമായ സമൂഹമെന്ന ആശയം ജനമനസ്സുകളിൽ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നതു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ അതിവേഗം വളരാനും സ്വാതന്ത്ര്യം നേടി പത്തു കൊല്ലത്തിനകം അധികാരത്തിലേറാനും കഴിഞ്ഞത്. കേരള നവോത്ഥാനമെന്ന് നാം  വിവക്ഷിക്കുന്ന സാമൂഹ്യ നവീകരണ പ്രവർത്തനങ്ങൾ അടിസ്ഥാനപരമായി പലതരം അസമത്വങ്ങൾക്കെതിരായ പോരാട്ടങ്ങളായിരുന്നു. ജാതീയമായ അവശതകൾ അനുഭവിച്ചിരുന്നവരുടെ സമരങ്ങൾ പൊതുസമൂഹത്തിൽ നിലനിന്നിരുന്ന അസമത്വത്തിനെതെരായിരുന്നു. അത്തരത്തിലുള്ള അവശതകളില്ലാതിരുന്നവരുടെ സമരങ്ങൾ സ്വന്തം സമുദായങ്ങൾക്കുള്ളിൽ നിലനിന്നിരുന്ന അസമത്വത്തിനെതിരെയായിരുന്നു. രാഷ്ട്രീയ കക്ഷികൾ രംഗപ്രവേശം ചെയ്തത് സമത്വ സങ്കല്പം മുന്നോട്ടു കൊണ്ടുപോകുമെന്ന വാഗ്ദാനത്തോടെയാണ്. ഇടതുപ്രസ്ഥാനത്തിന്റെ വാഗ്ദാനം കൂടുതൽ വിശ്വാസയോഗ്യമായി കണ്ടതുകൊണ്ടാണ് താഴെത്തട്ടിലുള്ള ജനങ്ങൾ വലിയ തോതിൽ അങ്ങോട്ടൊഴുകിയത്.

സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പടിയെന്ന നിലയിലാണ് ജനങ്ങൾ ഒറ്റയ്ക്ക് മത്സരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിജയിപ്പിച്ചത്.  ഇന്ന് കമ്മ്യൂണിസ്റ്റ് കക്ഷികൾ അധികാര രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. എന്നിട്ടും സമത്വസുന്ദര കേരളം എന്ന ലക്ഷ്യം അകലുന്നതായി അനുഭവപ്പെടുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കാനുള്ള ചുമതല ഇടതുപക്ഷത്തിനുണ്ട്. (ജനയുഗം ഓണപ്പതിപ്പ്, 2012)