ബി.ആർ.പി.ഭാസ്കർ
അപൂർവ്വ അവസരങ്ങളിൽ മാത്രമാണ് അധികാര
രാഷ്ട്രീയത്തിന്റെ അശ്ലീലരൂപം ജനങ്ങളുടെ മുന്നിൽ തെളിയുന്നത്. അത്തരത്തിലുള്ള
ഒരവസരമാണ് മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ പ്രവേശനവേളയിലുണ്ടായത്. അണികളുടെ
ആഹ്ലാദപ്രകടനത്തിന്റെ ആരവം കേട്ടടങ്ങുംമുമ്പ് ലീഗിന്റെ മന്ത്രിമുഖ്യൻ പി.കെ.
കുഞ്ഞാലിക്കുട്ടി ഒരു വിലയിരുത്തൽ നടത്തി: മുഖ്യമന്ത്രി ഒരു സ്ഥാനം കൂടി നേരത്തെ
വാഗ്ദാനം ചെയ്തിരുന്നതാണ്, കിട്ടാതെ വന്നപ്പോൾ അത് അഭിമാനപ്രശ്നമായി, കാര്യങ്ങൾ
കൈവിട്ടുപോയി! ഇതിനപ്പുറം ഒരു രാഷ്ട്രീയാഭാസ കുറ്റസമ്മതം പ്രതീക്ഷിക്കാനാവില്ല.
ലീഗിന്റെ അഭിമാനം കാക്കാൻ മുഖ്യമന്ത്രിക്ക് സ്വന്തം അഭിമാനം പണയം വെക്കേണ്ടിവന്നു.
ഈ സംഭവത്തിലൂടെ വെളിപ്പെട്ടത് മുന്നണി രാഷ്ട്രീയത്തിന്റെ അപകടകരമായ വശമാണ്.
മുന്നണി സമ്പ്രദായത്തിന് ജനാധിപത്യ
വ്യവസ്ഥയെ വികലമാക്കാനാകുമെന്ന് 1967ലെ തെരഞ്ഞെടുപ്പ് കാട്ടിത്തന്നിരുന്നു.
ഏറ്റവുമധികം വോട്ട് നേടിയ (പോൾ ചെയ്ത വോട്ടുകളുടെ 35.43 ശതമാനം) കോൺഗ്രസ് 133 അംഗ
സഭയിൽ ഒമ്പത് സീറ്റോടെ പ്രതിപക്ഷത്തായി. കേവലം 6.75 ശതമാനം വോട്ട് മാത്രം നേടിയ
മുസ്ലിം ലീഗിന് 14 സീറ്റും രണ്ട് മന്ത്രിസ്ഥാനങ്ങളും കിട്ടി. ഭൂമി കയ്യേറിയവരെ
സംരക്ഷിക്കാനായി ഉണ്ടാക്കിയ അംഗീകാരമില്ലാത്ത പ്രാദേശിക പാർട്ടിക്കും കിട്ടി
ഒരു മന്ത്രിസ്ഥാനം. ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റം പോലുള്ള അവസരങ്ങൾ മന്ത്രിമാർ
സാമ്പത്തിക നേട്ടമുണ്ടാക്കാനൊ പാർട്ടിയെ വളർത്താനൊ ഉപയോഗിക്കാൻ തുടങ്ങിയത് ആ
സർക്കാരിന്റെ കാലത്താണ്. ‘വിമോചന സമര’ത്തെ തുടർന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ്
പാർട്ടി നേരിട്ട ഒറ്റപ്പെടലിനെയും പിളർപ്പിനെ തുടർന്നുണ്ടായ ബലക്ഷയത്തെയും
മറികടക്കാനായി, വിജയത്തിനുവേണ്ടി ഏത് മാർഗ്ഗവും സ്വീകരിക്കാമെന്ന ഉപരിവർഗ്ഗ
സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ, ഇ.എം.എസ്. നമ്പൂതിരിപ്പാട് ആവിഷ്കരിച്ചതായിരുന്നു
അന്ന് വിജയം കണ്ട സപ്തമുന്നണി. ആ കൂട്ടുകെട്ട് തെറ്റായിരുന്നെന്ന് അദ്ദേഹം
പിൽക്കാലത്ത് ഏറ്റുപറയുകയുണ്ടായി..
ഇ.എം.എസിനും ഉമ്മൻ ചാണ്ടിക്കും
വഴിതെറ്റിയ സംഭവവികാസങ്ങളിൽ മുസ്ലിം ലീഗ് പൊതു ഘടകമായത് യാദൃശ്ചികമല്ല. കേരളത്തിൽ
മതനിരപേക്ഷ രാഷ്ട്രീയം മുരടിപ്പിക്കുന്നതിന് വഴി തുറന്നത് ആ കക്ഷിയാണ്.
ഹിന്ദുക്കളെയും മുസ്ലിങ്ങളെയും സംയുക്തപ്രക്ഷോഭത്തിലൂടെ ഒന്നിപ്പിക്കാമെന്ന
പ്രതീക്ഷയിൽ ഗാന്ധി പിന്തുണച്ച ഖിലാഫത്ത് പ്രസ്ഥാനം കൈവിട്ടു പോയതിനെ തുടർന്ന്
മലബാറിലുണ്ടായ ചേരിതിരിവ് മുഹമ്മദ് അലി ജിന്നയുടെ ആൾ ഇൻഡ്യാ മുസ്ലിം ലീഗിന്
മുസ്ലിങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ സഹായകമായി. പാകിസ്ഥാൻ യാഥാർത്ഥ്യമായപ്പോൾ
ലീഗ് നേതാവ് അബ്ദുൾ സത്താർ സേട്ട് അവിടേക്ക് കുടിയേറുകയും ജിന്ന അദ്ദേഹത്തെ ഇൻഡൊനേഷ്യയിലെ
പാകിസ്ഥാൻ അംബാസഡറായി നിയമിക്കുകയും ചെയ്തു. ഇന്ത്യയുടെ വിഭജനത്തെ തുടർന്ന്
മലബാറിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയ ഒരു കുടുംബം അതിർത്തിപ്രദേശത്തു കലാപത്തിൽ
കൊല്ലപ്പെടുന്ന കഥ കേശവദേവ് “ഭ്രാന്ത്” എന്ന നോവലിൽ പറയുന്നുണ്ട്. എന്നാൽ
സ്ഥാനകയറ്റത്തിന് കൂടുതൽ സാധ്യതയുണ്ടാകുമെന്നതുകൊണ്ട് കേന്ദ്ര സർക്കാരിന്റെ കീഴിൽ
ജോലി ചെയ്തിരുന്ന ചില ഉദ്യോഗസ്ഥന്മാർ പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറായതൊഴിച്ചൽ
കേരളത്തിൽ നിന്ന് അഭയാർത്ഥി പ്രവാഹമുണ്ടായില്ല. കുടിയേറിയ ഒരു കുടുംബത്തിലെ
പെൺകുട്ടി ഏതാനും കൊല്ലങ്ങൾക്കുശേഷം മലയാളം വായിക്കാൻ കഴിയാത്തതിലുള്ള തന്റെ
ദു:ഖത്തെ കുറിച്ച് നാട്ടിലുള്ള കൂട്ടുകാരിക്ക് കാവ്യരൂപത്തിൽ എഴുതി. കത്ത് കിട്ടിയ
കുട്ടിയുടെ സഹോദരൻ അത് മാതൃഭൂമിക്ക് അയച്ചുകൊടുത്തു. മാതൃഭൂമി അച്ചടിച്ച കവിതയെ
ആസ്പദമാക്കി പാകിസ്ഥാനിൽ ഗൃഹാതുരത്വം അനുഭവിക്കുന്ന പെൺകുട്ടിയെ കുറിച്ച് ഇൻഡ്യൻ
എക്സ്പ്രസ് എഴുതി. എക്സ്പ്രസ് റിപ്പോർട്ട് കണ്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
മൌലാനാ അബുൾ കലാം ആസാദ് ആ കുട്ടിക്ക് വായിക്കാൻ മലയാള പ്രസിദ്ധീകരണങ്ങൾ വാങ്ങി
അയച്ചുകൊടുക്കാൻ തന്റെ വകുപ്പിന് നിർദ്ദേശം നൽകി.
വിഭജനത്തിന് ഉത്തരവാദിയായ കക്ഷിയെന്ന
നിലയിൽ മുസ്ലിം ലീഗിന് സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യയിൽ
നിലനില്പില്ലാതായി. അതിന്റെ ഘടകങ്ങൾ പിരിച്ചുവിടപ്പെടുകയൊ നിശ്ചലമാവുകയൊ ചെയ്തു.
ഏതാനും വർഷങ്ങൾക്കുശേഷം മദിരാശിയിൽ ചേർന്ന ഒരു സമ്മേളനം മുസ്ലിം രാഷ്ട്രീയ
താല്പര്യങ്ങൾ സംരക്ഷിക്കാനായി ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ചു. ജിന്നയുടെ
ലീഗിൽ നിന്ന് വ്യത്യസ്തമാണെന്ന് കാണിക്കാനാണ് പുതിയ പേർ സ്വീകരിച്ചത്.
പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഇസ്മയിലും ബി.വി. അബ്ദുള്ള കോയയും
നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാർലമെന്റ് സെക്രട്ടേറിയറ്റ് തയ്യാറാക്കിയ
കൈപുസ്തകം അവർ 1947ന് മുമ്പെ ലീഗ് പ്രവർത്തനം ആരംഭിച്ചതായി വ്യക്തമാക്കുന്നുണ്ട്.
തിരുവിതാംകൂറിൽ സ്വാതന്ത്ര്യത്തിന്
തൊട്ടു മുമ്പുള്ള കാലത്ത് ജാതിമത സംഘടനകൾ രാഷ്ട്രീയത്തിൽ നേരിട്ട്
പങ്കെടുത്തിരുന്നു. രാജഭരണകൂടം നടത്തിയ തെരഞ്ഞെടുപ്പിൽ നായർ സർവീസ് സൊസൈറ്റി, ശ്രീ
നാരായണ ധർമ്മ പരിപാലന യോഗം എന്നിവക്കൊപ്പം തിരുവിതാംകൂർ മുസ്ലിം ലീഗും
സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. കോൺഗ്രസിന്റെ മുന്നേറ്റം തടയാനായി ദിവാൻ സി.പി.
രാമസ്വാമി അയ്യർ അവരെ ഒന്നിച്ചു നിർത്തി. തെരഞ്ഞെടുപ്പിൽ സഖ്യ കക്ഷികളാകയാൽ അവരുടെ
പ്രവർത്തനം വർഗ്ഗീയ ധ്രുവീകരണത്തിലേക്ക് നയിച്ചില്ല. രാജഭരണകൂടം സ്വതന്ത്ര
തിരുവിതാംകൂർ എന്ന ആശയം മുന്നോട്ടു വെച്ചപ്പോൾ എസ്.എൻ. ഡി.പി. യോഗം നേതാവ്
ആർ. ശങ്കർ അതിനെ പിന്തുണച്ചു. എന്നാൽ എൻ.എസ്.എസ്. നേതാവ് മന്നത്ത് പത്മനാഭൻ
തെന്നിമാറി. പാകിസ്ഥാനിലേക്ക് സ്വതന്ത്ര തിരുവിതാംകൂർ പ്രതിനിധിയായി പോകാൻ ഒരു
മലയാളി മുസ്ലിമിനെ കിട്ടാതിരുന്നതുകൊണ്ടാവണം ദിവാൻ മദിരാശിയിൽ നിന്ന് കൊണ്ടുവന്ന
പൊലീസ് മേധാവി ജി.എസ്.എ. കരിമിനെ അയക്കാൻ തീരുമാനിച്ചു. സ്വാതന്ത്ര്യപ്രാപ്തിയോടെ
ജാതിമത സംഘടനകൾ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയും അവയുടെ നേതാക്കൾ കോൺഗ്രസിൽ
ചേരുകയും ചെയ്തു. ഒരു നൂറ്റാണ്ടുകാലത്തെ തുടർച്ചയായ സാമൂഹികരാഷ്ട്രീയ
പ്രവർത്തനത്തിലൂടെ റാഡിക്കലൈസ് ചെയ്യപ്പെട്ട ഈഴവ ജനത നേരത്തെ തന്നെ
കോൺഗ്രസിലെത്തുകയും യോഗത്തെ അതുമായി അടുപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്തിരുന്നു.
കമ്മ്യൂണിസ്റ്റ് നേതാക്കൾ കോൺഗ്രസ് വിട്ടു സ്വതന്ത്രമായി പ്രവർത്തിക്കാൻ
തുടങ്ങിയപ്പോൾ അവർ അങ്ങോട്ട് പോയി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിളർന്നപ്പോൾ
അവരിലേറെയും കൂടുതൽ വിപ്ലവസ്വഭാവമുണ്ടെന്ന് തോന്നിയ സി.പി.എമ്മിലേക്ക് നീങ്ങി.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി
ഒറ്റയ്ക്ക് മത്സരിച്ച് അതിന്റെ സഹായത്തോടെ വിജയിച്ച സ്വതന്ത്രരുടെ പിന്തുണയോടെ
അധികാരം നേടിയ 1957ലെ തെരഞ്ഞെടുപ്പിൽ ലീഗിന്റെ സ്ഥാനാർത്ഥികളും സ്വതന്ത്രരായാണ്
മത്സരിച്ചത്. എട്ടു പേർ വിജയിച്ചു. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തീരിച്ചുവരവ്
തടയാനായി 1960ൽ കോൺഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും ചേർന്നുണ്ടാക്കിയ
മുന്നണിയിൽ ലീഗും പങ്കാളിയായി. മത്സരിച്ച 12 സീറ്റിൽ 11ലും അത് ജയിച്ചു. കിട്ടിയത്
4.96 ശതമാനം വോട്ട്. ലീഗിനെ വിഭജനത്തിന്റെ പാപക്കറയുള്ള കക്ഷിയായി കണ്ട കോൺഗ്രസും
പി.എസ്. പി.യും അതിനെ ഭരണത്തിൽ പങ്കാളിയാക്കാൻ തയ്യാറായില്ല. അതേസമയം ലീഗ് നേതാവായ
കെ.എം. സീതിസാഹിബിന് സ്പീക്കർ സ്ഥാനം നൽകിക്കൊണ്ട് അവർ കൂട്ടുകെട്ട് നിലനിർത്തി.
സി.പി.എം, സി.പി.ഐ, സംയുക്ത
സോഷ്യലിസ്റ്റ് പാർട്ടി, ആർ.എസ്.പി, കെ.എസ്.പി., കർഷക തൊഴിലാളി പാർട്ടി എന്നിവ കൂടി
അടങ്ങുന്ന സപ്തമുന്നണിയുടെ ഭാഗമായി 1967ൽ മുസ്ലിം ലീഗ് 15 ഇടങ്ങളിൽ മത്സരിക്കുകയും
14 ഇടത്ത് വിജയിക്കുകയും ചെയ്തു. അന്ന് കിട്ടിയത് 6.75 ശതമാനം വോട്ട്. ആ
കൂട്ടുകെട്ടിലൂടെ ലീഗിന് മന്ത്രിപദവും മാന്യതയും കൂടാതെ മലപ്പുറത്തിനു പുറത്തേക്ക്
വളരാനുള്ള അവസരവും ലഭിച്ചു. കോഴിക്കോട്ടെ ഒരു നഗര മണ്ഡലവും കൊച്ചിയിലെ
മട്ടാഞ്ചേരിയും തിരുവിതാംകൂറിലെ കഴക്കൂട്ടവും സി.പി.എം. ലീഗിന് നൽകി. നാലു പതിറ്റാണ്ടായി
കോൺഗ്രസിന്റെ സഖ്യ കക്ഷിയായ ലീഗ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 24 ഇടത്ത് മത്സരിച്ച്, 20
സീറ്റ് നേടി. അതിന്റെ വോട്ട് വിഹിതം 8.28 ശതമാനമായി വർദ്ധിച്ചു. ഈ വളർച്ചക്കിടയിൽ
യു.ഡി.എഫ് മന്ത്രിസഭകളിലെ അതിന്റെ പ്രാതിനിധ്യം രണ്ടിൽ നിന്ന് മൂന്നായും പിന്നീട്
നാലായും ഉയർന്നു. ഇപ്പോൾ അത് അഞ്ചായിരിക്കുന്നു.
മുസ്ലിം ലീഗ് പിളർന്നപ്പോൾ
വിമതരുണ്ടാക്കിയ ആൾ ഇൻഡ്യാ മുസ്ലിം ലീഗിനെ സി.പി.എം. സ്വീകരിച്ചു.
സർക്കാരുണ്ടാക്കാൻ അവസരം ലഭിച്ചപ്പോൾ അതിന് മന്ത്രിസഭയിൽ പ്രാതിനിധ്യം
കൊടുക്കുകയും ചെയ്തു. വർഗ്ഗീയ കൂട്ടുകെട്ട് തെറ്റായിരുന്നെന്ന ഇ.എം.എസിന്റെ
വിലയിരുത്തലിനെ തുടർന്ന് സി.പി.എം. അതുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഒരു വിമത വിഭാഗം
മതത്തിന്റെ പേര് ഒഴിവാക്കിയിട്ട് ചെന്നിട്ടും അതിനെ എൽ.ഡി.എഫിൽ ഘടക കക്ഷിയാക്കാൻ
ഇ.എം.എസ്. തയ്യാറായില്ല. എന്നാൽ പിന്നീട് സി.പി.എം. വീണ്ടും വർഗ്ഗീയ
കൂട്ടുകെട്ടുകൾക്ക് തയ്യാറായി. ഒരു ഘട്ടത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ തന്നെ
യു.ഡി.എഫിൽ നിന്ന് അടർത്തിയെടുത്ത് എൽ.ഡി.എഫിൽ കൊണ്ടുവരാൻ സി.പി. എം. നേതൃത്വം
തീവ്രശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ബാബ്രി മസ്ജിദ് പൊളിച്ചത് കേരളത്തിലെ
മുസ്ലിങ്ങളെ അസ്വസ്ഥരാക്കിയ സംഭവമാണ്. സംഘ പരിവാർ ശിലാ പൂജ സംഘടിപ്പിച്ച കാലം
മുതൽക്കെ അയോദ്ധ്യാ പ്രശ്നത്തിന്റെ അലകൾ സംസ്ഥാനത്ത് അടിച്ചു
തുടങ്ങിയിരുന്നു. അക്കാലത്താണ് അബ്ദുൾ നാസർ മ്‌അദനി ആർ.എസ്.എസിനെതിരെ ഐ.എസ്.എസ്.
ഉണ്ടാക്കിയത്. പള്ളി പൊളിച്ചതിനെതിരെ ശക്തമായ വികാരം ഉയർന്നപ്പോൾ ലീഗ് സംസ്ഥാനത്ത്
ഭരണത്തിൽ പങ്കാളിയായിരുന്നു. പ്രതിഷേധസൂചകമായി ലീഗ് മന്ത്രിമാർ
രാജിവെക്കാഞ്ഞതിന്റെ പേരിൽ എതിരാളികൾ മുസ്ലിം സമുദായത്തിൽ ലീഗ്‌വിരുദ്ധത
വളർത്താൻ ശ്രമിച്ചു. തീവ്രവാദ ചിന്തകൾ പടർന്ന ഘട്ടത്തിൽ പാലിച്ച മിതത്വം
പക്വതക്കും മതനിരപേക്ഷ സമീപനത്തിനും തെളിവായി ലീഗ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ
അധികാരം കൈവിടാനുള്ള വൈമനസ്യത്തിലധികം അതിലുണ്ടായിരുന്നെന്ന് ശത്രുപക്ഷം
കരുതുന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്
നിയമസഭയിൽ നേരിയ ഭൂരിപക്ഷമെ ലഭിച്ചുള്ളു. കോൺഗ്രസിന്റെ അംഗബലം കുറയുകയും
ലീഗിന്റേത് കൂടുകയും ചെയ്തപ്പോഴാണ് അത് മന്ത്രിസഭയിൽ ഒരു സ്ഥാനം കൂടി
ആവശ്യപ്പെട്ടത്. അതിനുള്ള അർഹത ലീഗിനുണ്ടെന്ന അവകാശം പരിശോധനയർഹിക്കുന്നു.
യു.ഡി.എഫ്. ജയിച്ച 2001ലെ തെരഞ്ഞെടുപ്പിലെ വിവിധ കക്ഷികളുടെ പ്രകടനങ്ങളുമായി
താരതമ്യപ്പെടുത്തുമ്പോൾ 2011ലെ യു.ഡി.എഫിന്റെ വിജയം ദയനീയവും എൽ.ഡി.എഫിന്റെ പരാജയം
ഉജ്ജ്വലവും ആയതിന്റെ കാരണം മുന്നണികളെ നയിക്കുന്ന കക്ഷികളുടെ ഭാഗധേയത്തിലുണ്ടായ
വ്യത്യാസമാണെന്ന് കാണാം. കോൺഗ്രസിന് 2001ൽ നേടിയത്ര വോട്ട് (31.40 ശതമാനം) 2011ൽ
(26.73 ശതമാനം) നേടാനായില്ല. അതിന്റെ ഫലമായി സഭയിലെ അംഗബലം 62ൽ നിന്ന് 38 ആയി
ചുരുങ്ങി. സി.പി. എം. 2001ൽ നേടിയതിനേക്കാൾ കൂടുതൽ വോട്ടും (2001ൽ 21.30 ശതമാനം,
2011ൽ 28.18 ശതമാനം) സീറ്റും (2001ൽ 23, 2011ൽ 45) നേടി. സി.പി.ഐക്കും
നേട്ടമുണ്ടായി: 2001ൽ 7.25 ശതമാനം വോട്ട്, ഏഴ് സീറ്റ്; 2011ൽ 8.72 ശതമാനം വോട്ട്,
13 സീറ്റ്. മുസ്ലിം ലീഗിന്റെ വോട്ട് വിഹിതത്തിലെ നേരിയ വർദ്ധന (2001ൽ 7.59 ശതമാനം,
2011ൽ 8.28 ശതമാനം) സീറ്റിന്റെ എണ്ണം 16ൽ നിന്ന് 20 ആയി ഉയർത്തി. കേരളാ
കോൺഗ്രസിന്റെ വോട്ട് വിഹിതത്തിലും വളർച്ചയുണ്ടായെങ്കിലും (2001ൽ 3.54 ശതമാനം,
2011ൽ 4.94 ശതമാനം) സീറ്റിന്റെ എണ്ണം (9) കൂടിയില്ല. ഒരു കാര്യം വ്യക്തമാണ്.
ലീഗിന് നാല് സീറ്റ് കൂടുതൽ കിട്ടിയതു കൊണ്ടാണ് യു.ഡി.എഫിന് അധികാരത്തിലേറാനായത്.
ലീഗിന് കൂടുതൽ സീറ്റ് കിട്ടിയതിന്റെ പ്രധാന കാരണം മുസ്ലിം സമൂഹത്തിൽ
അതിനനുകൂലമായുണ്ടായ ധ്രുവീകരണമാണ്.
നിയമസഭയിൽ 38 അംഗങ്ങളുള്ള കോൺഗ്രസിന്
പത്ത് മന്ത്രിമാരുള്ളപ്പോൾ 20 അംഗങ്ങളുള്ള ലീഗിന് അഞ്ചു സ്ഥാനത്തിന് അർഹതയുണ്ടെന്ന
അടിസ്ഥാനത്തിലാണ് ലീഗ് ആവശ്യം ഉന്നയിച്ചത്. എന്നാൽ ഒരു കക്ഷിയുടെ ജനപിന്തുണ
നിർണ്ണയിക്കാൻ സഭയിലെ അംഗബലത്തേക്കാൾ വോട്ട് വിഹിതത്തെയാണ് ആശ്രയിക്കാവുന്നത്.
അങ്ങനെ നോക്കുമ്പോൾ 8.28 ശതമാനം വോട്ട് കിട്ടിയ ലീഗിന് 26.73 ശതമാനം വോട്ട്
കിട്ടിയ കോൺഗ്രസിന് മന്ത്രിസഭയിലുള്ളതിന്റെ മൂന്നിലൊന്നിനുള്ള അർഹത തന്നെ
കഷ്ടിയാണ്. മുന്നണികളിലെ വീതം വെക്കലുകൾ നീതിപൂർവകമാകണമെങ്കിൽ ഓരോ കക്ഷിയുടെയും
ശക്തി കൃത്യമായി നിർണ്ണയിക്കാനാകണം. ഒറ്റക്ക് മത്സരിക്കാത്തതുകൊണ്ട് ഇപ്പോൾ ആർക്ക്
എത്ര ശക്തിയുണ്ടെന്ന് പറയാനാവില്ല. പ്രമുഖ കക്ഷികൾ അവസാനമായി ഒറ്റക്ക് മത്സരിച്ചത്
1965ലാണ്. അന്നത്തെ വോട്ട് വിഹിത വിവരം ഇങ്ങനെ: കോൺഗ്രസ് 33.55 ശതമാനം, സി.പി.എം.
19.87 ശതമാനം, കേരളാ കോൺഗ്രസ് 12.58 ശതമാനം, എസ്.എസ്.പി. 8.13 ശതമാനം, സി.പി.ഐ
8.30 ശതമാനം, മുസ്ലിം ലീഗ് 3.83 ശതമാനം. അതിനുശേഷം അര നൂറ്റാണ്ടോളം കടന്നു
പോയിരിക്കുന്നു. ഈ കാലയളവിൽ ജനസംഖ്യയിൽ വലിയ വർദ്ധനയുണ്ടായി. സി.പി.എം.
കൂടുതൽ ശക്തിയാർജ്ജിക്കുകയും ചെയ്തു. കോൺഗ്രസിനെ വലിയ തോതിൽ വെല്ലുവിളിക്കുകയെന്ന
ലക്ഷ്യത്തൊടെ കേരളാ കോൺഗ്രസ് 1965ൽ 54 മണ്ഡലങ്ങളിൽ മത്സരിക്കുകയും 23 ഇടത്ത്
ജയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് അത് പല തവണ പിളരുകയും അതിന്റെ സ്വാധീനം ഒരു
ചെറിയ പ്രദേശത്തായി ചുരുങ്ങുകയും ചെയ്തു. ലീഗ് വളർന്നു. എന്നാൽ അവസരങ്ങൾ
ലഭിച്ചിട്ടും ഈറ്റില്ലമായ മലപ്പുറത്തു നിന്ന് അകലെ അതിന് വേരോട്ടമുണ്ടായില്ല. അതേസമയം
മലപ്പുറത്തിന്റെ ഉയർന്ന ജനസംഖ്യാ വളർച്ച അതിന് മത്സരിക്കാൻ കൂടുതൽ മണ്ഡലങ്ങൾ
സമ്മാനിച്ചു.
അടിസ്ഥാനപരമായി മുസ്ലിം ലീഗിന്റെ
ലക്ഷ്യം മുസ്ലിം സമുദായത്തിന്റെ ഉന്നമനമാണ്. അത് അധികാര രാഷ്ട്രീയത്തിന്റെ
ഭാഗമായശേഷമുള്ള കാലത്ത് കേരളത്തിലെ മുസ്ലിങ്ങളുടെ നില അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
അറബി പഠനത്തിനുള്ള സൌകര്യങ്ങൾ വർദ്ധിപ്പിച്ചതുപോലുള്ള ചില നടപടികളിലൂടെ
മുസ്ലിങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ ലീഗിന് കഴിഞ്ഞെങ്കിലും പത്തു
കൊല്ലം മുമ്പ് വന്ന ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടും സമീപകാലത്ത് വിവരാവകാശ
നിയമപ്രകാരം പുറത്തു വന്നിട്ടുള്ള വസ്തുതകളും മുസ്ലിങ്ങൾക്ക് സർക്കാർ ജോലികളിൽ
ഇപ്പോഴും അർഹമായ പ്രാതിനിധ്യമില്ലെന്ന് വ്യക്തമാക്കുന്നു.
വിദ്യാഭ്യാസയോഗ്യതയുള്ളവർ കുറവായതുകൊണ്ടാണ് വേണ്ടത്ര പ്രാതിനിധ്യം
ലഭിക്കാത്തതെന്ന് ഒരു വാദമുണ്ട്. ഇപ്പോൾ വിദ്യാഭ്യാസ രംഗത്ത് മുസ്ലിം സമൂഹം
മുന്നേറ്റം നടത്തുകയാണ്. കൂടുതൽ മുസ്ലിം സ്കൂളുകളും കോളെജുകളും ഉണ്ടാകുന്നു.
മുസ്ലിം വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നു. അധികാരത്തിന്റെ ഇടനാഴികളിലെ
ലീഗ് സാന്നിധ്യം ചില മാറ്റങ്ങളിൽ സഹായകമായിട്ടുണ്ടാകാം. എന്നാൽ ഇപ്പോഴത്തെ
മുന്നേറ്റം പ്രധാനമായും ഗൾഫ് പ്രവാസത്തിലൂടെ സമുദായത്തിനുണ്ടായ സാമ്പത്തിക
നേട്ടത്തിന്റെ ഫലമാണ്. പാർട്ടിയുടെ പ്രവർത്തനം സമുദായത്തിന്റെ മുകൾ
തട്ടിലുള്ളവർക്കാണ് ഗുണം ചെയ്യുന്നതെന്ന ആക്ഷേപം അതിന്റെ എതിരാളികൾ
ഉന്നയിച്ചിട്ടുണ്ട്.
മന്ത്രിമാരുടെ എണ്ണം നാലിൽ നിന്ന്
അഞ്ചായത് ലീഗിന് അധികാരത്തിലുള്ള പങ്കാളിത്തം വർദ്ധിപ്പിച്ചിട്ടില്ല. നേരത്തെ
ലിഗിന്റെ കയ്യിലുണ്ടായിരുന്ന ഒരു വകുപ്പാണ് പുതിയ മന്ത്രിയായ മഞ്ഞളാംകുഴി അലിക്ക്
കൊടുത്തത്. ചുരുക്കത്തിൽ പ്രധാന നേട്ടം പാർട്ടിക്ക് ഒരു സ്ഥാനമോഹിയെ
തൃപ്തിപ്പെടുത്താൻ കഴിഞ്ഞെന്നതാണ്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ കുറെപ്പേരെ
നിയമിച്ച് സർക്കാർ പെൻഷന് അർഹത നേടാനുള്ള അവസരം നൽകാനും കഴിയുമെന്നതിനെയും ഒരു
നേട്ടമായി കരുതാം. ഒരു വാരിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, നേരത്തെ
അധികാരമേറ്റ നാലു മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലുള്ള 56 പേരിൽ 52 പേർ
മുസ്ലിങ്ങളാണ്. ഇതിനെ ഒരു വലിയ അപരാധമായി കാണേണ്ടതില്ല. എല്ലാ കക്ഷികളും
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പാർട്ടി അംഗങ്ങളെയും അനുഭാവികളെയും
നിയോഗിക്കാറുണ്ട്. ലീഗും അതെ ചെയ്യുന്നുള്ളു. ലീഗിന്റെ അംഗങ്ങളും അനുഭാവികളും
മുസ്ലിങ്ങളാകുന്നത് സ്വാഭാവികം. പേഴ്സണൽ സ്റ്റാഫ് അംഗം രണ്ട് കൊല്ലത്തിൽ പെൻഷന്
അർഹത നേടുന്നു. രണ്ട് കൊല്ലത്തെ സേവനത്തിനാകട്ടെ 24 മാസം തികച്ചു
പണിയെടുക്കണമെന്നില്ല! ഈ ഉദാരമായ വ്യവസ്ഥ പ്രയോജനപ്പെടുത്തി കൂടുതൽ ആശ്രിതർക്ക്
പെൻഷൻ വാങ്ങിക്കൊടുക്കാനായി ചില കക്ഷികൾ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ഇടയ്ക്ക്
മാറ്റാറുണ്ട്.
ലീഗിന്റെ സാന്നിധ്യം കേരള
രാഷ്ട്രീയത്തെ എങ്ങനെയൊക്കെ ബാധിച്ചിട്ടുണ്ടെന്ന് നോക്കേണ്ടതുണ്ട്.
അതിന്റെ പാത പിന്തുടർന്ന് കൂടുതൽ
മതജാതികക്ഷികൾ പിന്നീട് രംഗത്തു വരികയുണ്ടായി. നേരത്തെ രാഷ്ട്രീയരംഗത്തു
നിന്ന് പിൻവാങ്ങിയ എൻ. എസ്, എസ്. എൻ.ഡി. പി. യോഗം എന്നിവ ഒരു ഘട്ടത്തിൽ
നാഷനൽ ഡെമോക്രാറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി
എന്നിങ്ങനെയുള്ള സെക്യുലർ പേരുകളിൽ വിഭാഗീയ കക്ഷികളുണ്ടാക്കുകയും ഒരു മുന്നണിയുടെ
ഭാഗമായി അധികാരത്തിൽ പങ്കാളിത്തം നേടുകയും ചെയ്തു. എന്നാൽ മുഖ്യ പ്രവർത്തന
മണ്ഡലമായ തിരുവിതാംകൂറിലെ അന്തരീക്ഷത്തിൽ അവയ്ക്ക് ഏറെ നാൾ
പിടിച്ചുനിൽക്കാനായില്ല. പ്രച്ഛന്നവേഷത്തിലുള്ള മതജാതി കക്ഷികളാണ് കേരളാ
കോൺഗ്രസുകൾ. ആർ. ശങ്കർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനെതിരെ കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട
ക്രൈസ്തവ-നായർ ഗ്രൂപ്പാണ് കേരളാ കോൺഗ്രസ് ആയി അവതരിച്ചത്. പല തവണ പിളരുകയും
വളരുകയും ചെയ്തെങ്കിലും അതിന്റെ മതജാതി അടിത്തറയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മതജാതി
പാർട്ടികൾ രാഷ്ട്രീയത്തെ മലീമസമാക്കുകയും സവർണ്ണ മേധാവിത്വത്തിന് വീണ്ടും മേൽക്കൈ
നേടാൻ വഴി തുറക്കുകയും ചെയ്തു. ഒന്നര മാസം മാത്രം നിലനിന്ന സി.എച്ച്. മുഹമ്മദ്
കോയയുടെ നേതൃത്വത്തിലുള്ള കൂട്ടുമന്ത്രിസഭയുടെ പതനത്തിനുശേഷം നിലവിൽ വന്ന ഇന്നത്തെ
ഇരുമുന്നണി സമ്പ്രദായം ഇനിയൊരിക്കലും ഒരു ലീഗ് മുഖ്യമന്ത്രിയുണ്ടാകില്ലെന്ന്
ഉറപ്പു വരുത്തി. കേരളാ കോൺഗ്രസ് രൂപീകണവും തുടർന്നുണ്ടായ ധ്രുവീകരണവും
കോൺഗ്രസിലൂടെ വീണ്ടും ഒരു പിന്നാക്ക സമുദായ മുഖ്യമന്ത്രിയുണ്ടാവുന്നത്
തടഞ്ഞു.
ലീഗിന്റെ ഉയർച്ച്ക്ക് മതനിരപേക്ഷ
കക്ഷികൾ വലിയ വിലയാണ് കൊടുത്തത്. ലീഗ് 1957ൽ ജയിച്ച മണ്ഡലങ്ങളിൽ കോൺഗ്രസ്
ആയിരുന്നു മുഖ്യ എതിരാളി. അതിനെ 1960ൽ സഖ്യകക്ഷിയാക്കിയപ്പോൾ കോൺഗ്രസിന് ആ
സീറ്റുകൾ മാത്രമല്ല മറ്റ് നാലെണ്ണം കൂടി അതിന് വിട്ടു കൊടുക്കേണ്ടി വന്നു.
ഒറ്റക്ക് മത്സരിച്ച 1965ൽ ലീഗിന് ആറ് സീറ്റ് മാത്രമാണ് കിട്ടിയതെങ്കിലും 1967ലെ
തെരഞ്ഞെടുപ്പിൽ സി.പി.എം. അതിന് 15 സീറ്റ് കൊടുത്തു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ
എല്ലാ സീറ്റുകളും ലീഗിന് ലഭിക്കുകയും അതവിടെ അജയ്യശക്തിയാവുകയും ചെയ്തതോടെ
കോൺഗ്രസിനും സി.പി.എമ്മിനും മുസ്ലിം യുവാക്കളെ ആകർഷിക്കാൻ കഴിയാതെ വന്നു. ലീഗിലൂടെ
മാത്രമെ രാഷ്ട്രീയ മേൽവിലാസം ഉണ്ടാക്കാനാവൂ എന്നായപ്പോൾ നേരത്തെ മറ്റ് കക്ഷികളിൽ
പ്രവർത്തിച്ചിരുന്ന പലരും അങ്ങോട്ട് പോയി. ലീഗിന്റെ സാന്നിധ്യം അങ്ങനെ മലബാറിലെ
മുസ്ലിങ്ങൾക്കിടയിൽ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ഇടം ചുരുക്കി. യു.ഡി. എഫ്.
മന്ത്രിസഭകളിലെ ഉയർന്ന മുസ്ലിം ലീഗ് പ്രാതിനിധ്യം മതനിരപേക്ഷധാരയിൽ പെടുന്ന
മുസ്ലിം നേതാക്കളുടെ അവസരം പരിമിതപ്പെടുത്തി മലബാറിൽ തന്നെയും എല്ലാ
മുസ്ലിങ്ങളും ലീഗിനൊപ്പമല്ല്ല്ല. എന്നാൽ അതിനോട് എതിർപ്പുള്ളവർ സാധാരണയായി കൂടുതൽ
വർഗ്ഗീയ സ്വഭാവമുള്ള സംവിധാനങ്ങളിലാണെത്തുന്നത്. ലീഗ് യു.ഡി.എഫിന്റെ
ഭാഗമായതുകൊണ്ട് അവ എൽ.ഡി.എഫിന്റെ സ്വാഭാവിക മിത്രങ്ങളാകുന്നു. കോടതി വെറുതെ
വിട്ടതിനെ തുടർന്ന് കോയമ്പത്തൂർ ജയിലിൽ നിന്ന് രക്തസാക്ഷി പരിവേഷത്തോടെ
തിരിച്ചുവന്ന അബ്ദുൾ നാസർ മ്‌അദനി ആദ്യം ഏറ്റെടുത്ത ഒരു വിഷയം മലബാറിന്റെ
അവഗണനയായിരുന്നു. പ്രദേശത്തെ മുസ്ലിം പിന്നാക്കാവസ്ഥയാണ് അതിന് അദ്ദേഹത്തെ
പ്രേരിപ്പിച്ചത്. ഭരണകൂടത്തെ മാത്രമല്ല ലീഗിന്റെ നേതൃത്വത്തെയും കൂടിയാണ് അദ്ദേഹം
പ്രതിക്കൂട്ടിൽ നിർത്തിയത്. ലീഗിനെ മറികടക്കാൻ അദ്ദേഹത്തിന്റെ പിന്തുണ സഹായിക്കുമെന്ന വിശ്വാസത്തിൽ സി.പി.എം. നേതൃത്വം സി.പി.ഐയുടെ പതിവ് ലോക് സഭാ
മണ്ഡലം അദ്ദേഹം നിർദ്ദേശിച്ചയാൾക്ക് കൊടുത്തു. പക്ഷെ കണക്ക് പിഴച്ചു. അതിന്റെ
കാരണം സത്യസന്ധമായി വിലയിരുത്താൻ സി.പി.എം. ശ്രമിച്ചില്ല. ആ അനുഭവത്തിൽ നിന്ന്
ശരിയായ പാഠം ഉൾക്കൊണ്ടിരുന്നെങ്കിൽ പാർട്ടി നേതാക്കൾ തിരുകേശ പള്ളി നിർമ്മാണ
പദ്ധതിയുമായി കേരള പര്യടനം നടത്തുന്ന കാന്തപുരം മുസലിയാരുടെ വേദികളിൽ
പ്രത്യക്ഷപ്പെടാൻ ഉത്സാഹം കാട്ടുമായിരുന്നില്ല.
മുന്നണി സംവിധാനം കൊച്ചിയിലേക്കും
തിരുവിതാംകൂറിലേക്കും പ്രവർത്തനം നീട്ടാനുള്ള അവസരം നൽകിയിട്ടും ലീഗിന് മലബാറിന്
പുറത്ത് ഉറച്ച സ്ഥാനം നേടാനാകാഞ്ഞതിന്റെ കാരണം സ്വാതന്ത്ര്യത്തിനു മുമ്പ് ആ
പ്രദേശങ്ങളിലുണ്ടായ നവീകരണ പ്രസ്ഥാനങ്ങളും അവയുടെ സ്വാധീനത്തിൽ രൂപപ്പെട്ട
മതനിരപേക്ഷ അന്തരീക്ഷവുമാണ്. ജാതിമത മതിൽക്കെട്ടുകൾക്കുള്ളിലാണ് രൂപം
കൊണ്ടതെങ്കിലും അവയ്ക്ക് വർഗ്ഗീയ സ്വഭാവമുണ്ടായിരുന്നില്ല. പലപ്പോഴും അവ പരസ്പരം
കൈകോർത്തു. വൈക്കം അമ്പലത്തിനു പുറത്തുള്ള പാത അവർണ്ണ ഹിന്ദുക്കൾക്ക് തുറന്നു
കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സത്യഗ്രഹ സമരത്തെ എൻ.എസ്.എസ്. നേതാവ്
മന്നത്ത് പത്മനാഭൻ പിന്തുണച്ചു. മുസ്ലിം നവീകരണത്തിന് നേതൃത്വം നൽകിയ വക്കം അബ്ദുൾ
ഖാദർ മൌലവിയായിരുന്നു കെ. രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ പുരോഗമനപരമായ
രാഷ്ട്രീയ സമീപനം കൈക്കൊണ്ട സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ. തിരുവിതാംകൂറിലെ
മുസ്ലിങ്ങളുടെ സമീപനം രൂപപ്പെടുത്തിയ മൌലവിയുടെ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളെ
മലബാറിലെ ചില നേതാക്കൾ വിമർശിച്ചിട്ടുണ്ട്. രണ്ടിടത്തെയും സമുദായ നേതൃത്വങ്ങളുടെ
വ്യത്യസ്ത സമീപനങ്ങളാണ് ഇവിടെ പ്രകടമാകുന്നത്.
ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം ലീഗ്
അഞ്ചാം മന്ത്രിക്കായി സമ്മർദ്ദം ചെലുത്തിയപ്പോൾ ഏതാനും കോൺഗ്രസുകാരും ബി.ജെ.പി,
എൻ.എസ്.എസ്., എസ്.എൻ.ഡി.പി. യോഗം എന്നിവയുടെ നേതാക്കളും സാമുദായിക സന്തുലിത
തകരുമെന്ന് വാദിക്കുകയുണ്ടായി. ആ നിലപാടിന്റെ അടിസ്ഥാനം ഉമ്മൻ ചാണ്ടി 20 അംഗ
മന്ത്രിസഭയുണ്ടാക്കുമ്പോൾതന്നെ അതിൽ ന്യൂനപക്ഷ സമുദായങ്ങളിൽപെട്ട 11
പേരുണ്ടായിരുന്നെന്നതാണ്. സാമുദായിക സന്തുലിത എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്
വിവിധ സമൂഹങ്ങൾക്ക് ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ഉണ്ടാകണമെന്നാണെങ്കിൽ
കേരളത്തിൽ അത് ഒരുപക്ഷെ ഒരിക്കലും ഉണ്ടായിട്ടില്ല. മത വിഭാഗങ്ങൾ തമ്മിൽ മാത്രമല്ല
മുന്നോക്ക പിന്നാക്കാ വിഭാഗങ്ങൾ തമ്മിലും കടുത്ത അസന്തുലിത പലപ്പോഴും
നിലനിന്നിട്ടുണ്ട്. കഴിഞ്ഞ എൽ. ഡി.എഫ്. മന്ത്രിസഭയിൽ മൂന്ന് ക്രിസ്ത്യാനികളും
രണ്ട് മുസ്ലിങ്ങളുമെ ഉണ്ടായിരുന്നുള്ളു. എന്നാൽ ന്യൂനപക്ഷങ്ങളുടെ കുറഞ്ഞ
പ്രാതിനിധ്യത്തെ കുറിച്ച് ഭരണ പ്രതിപക്ഷ മുന്നണികളിലെയൊ സാമുദായിക സംഘടനകളിലെയൊ
ഒരു നേതാവും ആവലാതിപ്പെട്ടില്ല. ഈ പശ്ചാത്തലത്തിൽ ഭൂരിപക്ഷ സമൂഹത്തിന്റെ
അധികപ്രാതിനിധ്യത്തിലില്ലാത്ത അപകടം ന്യൂനപക്ഷങ്ങളുടെ
അധികപ്രാതിനിധ്യത്തിലുണ്ടോ എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്.
മന്ത്രിസഭകളിലെ അസന്തുലിതാവസ്ഥയുടെ
അടിസ്ഥാന കാരണം ഭരണ കക്ഷികളിലെ അസന്തുലിതാവസ്ഥയാണ്. കഷ്ടിച്ച് 20 ശതമാനം ന്യൂനപക്ഷ സമുദായാംഗങ്ങളുള്ള
സി.പി.എമ്മിന് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കാൻ എളുപ്പമല്ല.
അതിനോടൊപ്പമുള്ള ജാതിമത കക്ഷികൾ തീരെ ചെറുതാകയാൽ അവയുടെ സഹായത്തോടെ കുറവ്
നികത്താനുമാകില്ല. യു.ഡി.എഫിന്റെ പ്രശ്നം ജാതിമത കക്ഷികളുടെ ആധിക്യമാണ്. അവ പ്രമുഖ
ന്യൂനപക്ഷ സമുദായങ്ങളെയും ഹിന്ദു സവർണ വിഭാഗത്തെയും മാത്രം ഉൾക്കൊള്ളുന്നു. അവരെ
തൃപ്തിപ്പെടുത്തിക്കഴിയുമ്പോൾ മറ്റ് വിഭാഗങ്ങൾക്ക് ന്യായമായ പ്രാതിനിധ്യം നൽകാൻ കഴിയാതെ
വരുന്നു. കോൺഗ്രസിന്റെ നേതൃനിരയിലേക്ക് നോക്കുമ്പോഴും ഏറെക്കുറെ അതേ വിഭാഗങ്ങൾ
തന്നെയാണ് കണ്ണിൽ പെടുന്നത്. മുസ്ലിം ലീഗ്, കേരളാ കേൺഗ്രസ് എന്നീ
കക്ഷികളുടെയും അവയുടെ അവശിഷ്ടങ്ങളുടെയും സാന്നിധ്യം ജാതിമത അസന്തുലിത മാത്രമല്ല
സൃഷ്ടിക്കുന്നത്. ഭൂമിശാസ്ത്രപരമായ പരിമിതി അനുഭവിക്കുന്ന ഈ കക്ഷികളുടെ സ്വാധീനം
പ്രാദേശിക അസന്തുലിതയും സൃഷ്ടിക്കുന്നു. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാത്ത
കക്ഷികളാകയാൽ അവ നിലവിലുള്ള ലിംഗ അസന്തുലിത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അവയുടെ ആധിപത്യം നിയമസഭയിലും മന്ത്രിസഭയിലും പേഴ്സണൽ സ്റ്റാഫിലും
മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും അസന്തുലിതയ്ക്ക് കാരണമാകുന്നു. അസമത്വം നീക്കണമെന്ന
ചിന്ത മുന്നണികളെ നയിക്കുന്ന കക്ഷികൾക്കും ഇല്ല. അതുകൊണ്ടാണ് നിയമസഭയിലെ
സ്ത്രീപ്രാതിനിധ്യം ക്രമേണ കുറഞ്ഞുവരുന്നത്. അധികാരം നേടാനും നിലനിർത്താനും
സാമ്പത്തികശേഷിയും അംഗബലവുമുള്ള സമുദായങ്ങളെ പ്രീണിപ്പിക്കണമെന്ന വിശ്വാസം അവരിൽ
ഉറച്ചിരിക്കുന്നു. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടിയും എം. വിജയകുമാറും പെരുന്നയിലേക്ക്
തീർത്ഥയാത്ര നടത്തുന്നതും കോടിയേരി ബാലകൃഷണനും എം.എ.ബേബിയും അരമനകൾ
കേറിയിറങ്ങുന്നതും. മുന്നണിയെ നയിക്കുന്ന കക്ഷികളുടെ ഈ സമീപനത്തിന്റെ ഫലമായി നായരൊ
ക്രിസ്ത്യാനിയൊ മുസ്ലിമൊ ഈഴവനൊ അല്ലാത്ത ആർക്കും അർഹതപ്പെട്ട സ്ഥാനം
പ്രതീക്ഷിക്കാനാവാത്ത സാഹചര്യമാണ് ഇന്നുള്ളത്. മന്ത്രിസ്ഥാനങ്ങൾ 20 ആയി
ഉയർന്നിട്ടും രണ്ട് മുന്നണികളും ദലിതർക്കും സ്ത്രീകൾക്കും നാമമാത്ര പ്രാതിനിധ്യം
നൽകുന്ന രീതി തുടരുകയാണ്. യു.ഡി. എഫ് നിയമസഭാ കക്ഷിയിലെ ഏക വനിതയെന്ന നിലയിലാണ്
പി.കെ. ജയലക്ഷി ഇത്തവണ മന്ത്രിയായതും സംസ്ഥാനത്ത് ആദ്യമായി ഒരു ആദിവാസി
മന്ത്രിയുണ്ടായതും. തുടക്കക്കാരിയാണെന്ന വാദമുയർത്തി ജയലക്ഷ്മിയെ തഴയാൻ
ശ്രമമുണ്ടായിരുന്നു. എന്നാൽ തുടക്കക്കാരനായ അനൂപ് ജേക്കബ് മന്ത്രിയാകുമെന്ന്
വോട്ടെടുപ്പിന് മുമ്പു തന്നെ യു.ഡി.എഫ് നേതാക്കൾ പ്രഖ്യാപിച്ചു.
ഇപ്പോഴും പല വിധ അവശതകളും നേരിടുന്ന
ഒരു ജനവിഭാഗമെന്ന നിലയിൽ മുസ്ലിം സമൂഹം മതത്തിന്റെ അടിസ്ഥാനത്തിൽ സംഘടിച്ച്
അവയ്ക്ക് പരിഹാരം തേടുന്നതിൽ അപാകതയില്ല. എന്നാൽ പൊതുതാല്പര്യങ്ങൾ
തിരിച്ചറിഞ്ഞുകൊണ്ടും മാനിച്ചുകൊണ്ടുമാണ് അത് ചെയ്യേണ്ടത്. ഇക്കാര്യത്തിലുള്ള ലീഗ്
നേതൃത്വത്തിന്റെ പരാജയമാണ് അഞ്ചാം മന്ത്രി പ്രശ്നത്തിൽ കണ്ടത്. ഇന്നത്തെ ഇരുമുന്നണി സമ്പ്രദായം
വളരെക്കാലം നിലനിന്ന രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാൻ സഹായിച്ചുവെന്ന്
സമ്മതിച്ചേ മതിയാകൂ. അതേസമയം ഈ വ്യവസ്ഥയിൽ വർഗ്ഗീയത എന്ന രാഷ്ട്രീയ മാലിന്യം
വളരുകയാണെന്ന് മുന്നണികളെ നയിക്കുന്ന കക്ഷികൾ മനസ്സിലാക്കണം. മതനിരപേക്ഷ
കക്ഷികളെന്ന നിലയിൽ ഈ മാലിന്യൻ നിർമ്മാർജ്ജനം ചെയ്യാനുള്ള ചുമതല അവർക്കുണ്ട്.
(“മതം, ജാതി, മുന്നണി: തെറ്റിയത് ഇ.എം.എസ്സിന്” എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് 2001 ഏപ്രിൽ 29ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം)