Friday, March 25, 2011

അസാധാരണമായ അനുഭവം

താല്പര്യപൂർവം വായിച്ചുകൊണ്ടിരിക്കുന്ന ജീവചരിത്രത്തിൽ കഥാപുരുഷന് അറുപതിൽ‌പരം വർഷങ്ങൾക്കു മുമ്പ് എഴുതിയ കത്ത്, തികച്ചും അപ്രതീക്ഷിതമായി, പ്രത്യക്ഷപ്പെടുക! അസാധാരണമായ ഈ അനുഭവം കഴിഞ്ഞ ദിവസം എനിക്കുണ്ടായി.

സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന പി.കെ. ബാലകൃഷ്ണൻ ആണ് കഥാപുരുഷൻ. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി എം.കെ.സാനു എഴുതിയ “ഉറങ്ങാത്ത മനീഷി” ഇപ്പോൾ മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്.

വിദ്യാർത്ഥിയായിരുന്ന കാലം മുതൽ അറിയാമായിരുന്ന ഒരാളാണ് പി.കെ.ബാലകൃഷ്ണൻ. എന്റെ അച്ഛൻ കുറച്ചു കാലം ആദ്യം കൊല്ലത്തു നിന്നും പിന്നീട് തിരുവനന്തപുരത്തു നിന്നും ‘നവഭാരതം’ എന്ന പേരിൽ ഒരു ദിനപത്രം നടത്തിയിരുന്നു. പത്രം തിരുവനന്തപുരത്തു നിന്ന് ഇറങ്ങിയിരുന്നപ്പോൾ പി.കെ.ബി. അതിൽ പ്രവർത്തിച്ചിരുന്നു. അന്ന് അവിടെയുണ്ടായിരുന്ന മറ്റ് യുവപത്രപ്രവർത്തകരിൽ ഒരാൾ സി.എൻ.ശ്രീകണ്ഠൻ നായർ ആയിരുന്നു. ബാലകൃഷ്ണൻ കഥാകൃത്ത് എന്ന നിലയിലും ശ്രീകണ്ഠൻ നായർ നാടകകൃത്ത് എന്ന നിലയിലും പിൽക്കാലത്ത് പ്രശസ്തരായി.

ഞാൻ അക്കാലത്ത് തിരുവനന്തപുരത്ത് ഡിഗ്രിക്ക് പഠിക്കുകയാണ്. താമസം നവഭാരതം ആപ്പീസ് കിടന്ന കെട്ടിടത്തിൽ തന്നെയുള്ള ഒരു മുറിയിൽ. അതിനോട് ചേർന്നുള്ള ഒരു ഔട്ട്‌ഹൌസിലായിരുന്നു അന്ന് അവിവാഹിതരായിരുന്ന പി.കെ.ബാലകൃഷ്ണനും ശ്രീകണ്ഠൻ നായരും. ഒഴിവ് സമയം ഞാൻ പലപ്പോഴും അവരോടൊപ്പം ആപ്പീസിൽ ചെലവഴിച്ചിരുന്നു. തകഴി ശിവശങ്കരപിള്ളയും അടൂർ ഭാസിയും അവരെ കാണാൻ അവിടെ വന്നിരുന്നു. അങ്ങനെയാണ് അവരെ പരിചയപ്പെടാനുള്ള അവസരം എനിക്കുണ്ടായത്.

ബാലകൃഷ്ണൻ സൂക്ഷിച്ചിരുന്ന കത്തുകൾ സാനുവിന് ലഭിച്ചിരുന്നു. അദ്ദേഹത്തെ ‘നവഭാരത‘ത്തിൽ ജോയിന്റ് എഡിറ്ററായി നിയമിച്ചുകൊണ്ട് എന്റെ അച്ഛൻ അയച്ച കത്ത് അക്കൂട്ടത്തിലുണ്ടായിരുന്നു. മാർച്ച് 21ലെ ആഴ്ചപ്പതിപ്പിൽ വന്ന, ജീവചരിത്രത്തിന്റെ അഞ്ചാം അധ്യായത്തിൽ, അത് ചേർത്തിരുന്നു. കെ. ബാലകൃഷ്ണൻ പി.കെ.ബി.ക്കയച്ച ഒരു കത്തും അതിലുണ്ടായിരുന്നു.

തുടർന്ന് വായിച്ചപ്പോൾ ‘നവഭാരതത്തിൽ നിന്ന് ബാബു ഭാസ്കർ അയച്ച‘ ഒരു കത്തിനെക്കുറിച്ചുള്ള സാനുവിന്റെ പരാമർശം കണ്ടു. കത്തിൽ നിന്ന് ‘പ്രസക്തഭാഗം‘ അദ്ദേഹം ഉദ്ധരിക്കുന്നു. അങ്ങനെയൊരു കത്ത് എഴുതിയ കാര്യം എന്റെ ഓർമ്മയിൽ ഇല്ലാതിരുന്നതുകൊണ്ട് അത്ഭുതത്തോടെയാണ് ആ വരികൾ വായിച്ചത്. നവഭാരതം വിട്ട് പോയിരുന്ന പി.കെ.ബി.യോട് ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിന പതിപ്പിന് ഒരു ലേഖനം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് കത്ത്.

പത്രാധിപ സമിതി അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ്,അച്ഛന്റെ അഭാവത്തിൽ, ഞാൻ ആ കത്ത് എഴുതിയത്.