Friday, April 19, 2019





മോദിയുടെ ബലം പ്രതിപക്ഷ അനൈക്യം... 


അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന പോളിംഗ് പ്രക്രിയ മദ്ധ്യത്തിലെത്തി നില്‍ക്കുമ്പോള്‍ സ്ഥിതി പ്രത്യക്ഷത്തില്‍2014ലേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അഞ്ചു കൊല്ലം മുമ്പ് ഉയര്‍ത്തിയ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാഞ്ഞ ഭരണകര്ത്താവായാണ് മോദി ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. എഴുപതു കൊല്ലം ഭരിച്ചവര്‍ ഒന്നും ചെയ്തില്ലെന്നും താന്‍ ആദ്യമായി വികസനം കൊണ്ടുവന്നെന്നും അവകാശപ്പെട്ടിരുന്ന പ്രധാനമന്ത്രിക്ക്‌ ഒരു നേട്ടവും ചൂണ്ടിക്കാട്ടാനില്ല. അദ്ദേഹം നടപ്പിലാക്കിയ നോട്ടു നിരോധനവും ജി.എസ്.ടിയും ഉദ്ദേശിച്ച ഫലം നല്‍കിയില്ല. എന്നു തന്നെയല്ല വേണ്ട മുന്‍കരുതലുകള്‍ എടുക്കാതിരുന്നതുകൊണ്ട് അവ ഏറെ ദോഷം ചെയ്തു.

വ്യവസായികള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാനാകുന്ന രീതിയില്‍ നിയമങ്ങളും ചട്ടങ്ങളും മയപ്പെടുത്തി മോദി രാജ്യത്തെയും വിദേശത്തെയും മുതലാളിമാരുടെ കണ്ണിലുണ്ണിയായി. പക്ഷെ അത് സാധാരണക്കാരുടെ, പ്രത്യേകിച്ച് ആദിവാസീകളുടെയും മറ്റ് അരികുവത്കരിക്കപ്പെട്ടവരുടെയും, ജീവിതം ദുസ്സഹമാക്കി. അതേസമയം സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച അളവില്‍ വളര്‍ന്നില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായില്ല. ഉള്ള തൊഴിലുകള്‍ ഇല്ലാതായി. 
   
മോദി തെരഞ്ഞെടുപ്പു പ്രസംഗങ്ങളില്‍ ഇപ്പോള്‍ പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെയും പ്രതികാര നടപടിയായി പാക് അധീന കശ്മീരിലെ ബലാല്കോട്ട് ബോംബ് വര്‍ഷിച്ച വായു സേനാ പൈലറ്റുമാരുടെയും പേരില്‍ വോട്ടു ചോദിക്കുന്നു. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ എടുത്തെന്ന മോദിയുടെ അവകാശവാദത്തെ വിലയിരുത്തേണ്ടത് ഫലത്തിന്റെ അടിസ്ഥാനത്തിലാണ്. നടപടികളുടെ ഫലമായി തീവ്രവാദി ആക്രമണങ്ങള്‍ കുറഞ്ഞില്ലെന്ന് പൊതുമണ്ഡലത്തിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെ തീവ്രവാദി ആക്രമണങ്ങള്‍ വലിയ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഇടങ്ങളിലായിരുന്നു.     മോദിയുടെ കാലത്ത് ഒരു കരസേനാ കേന്ദ്രവും ഒരു വായുസേനാ കേന്ദ്രവും ആക്രമിക്കപ്പെട്ടു. സുരക്ഷാ ഭടന്മാര്‍ കൂടുതല്‍ തീവ്രവാദികളെ കൊന്നു. പക്ഷെ കൂടുതല്‍ സുരക്ഷാ ഭടന്മാരും നാട്ടുകാരും കൊല്ലപ്പെതുകയും ചെയ്തു.

പടികളില്‍ തൊട്ടു നമസ്കരിച്ചു കൊണ്ടാണ് മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ചത്. അതൊരു പൊള്ളയായ പ്രകടനമായിരുന്നെന്നു കാലം തെളിയിച്ചു. ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രവര്‍ത്തിച്ചെന്ന് അവകാശപ്പെടുന്ന അദ്ദേഹം നാല് കൊല്ലക്കാലത്ത് പാര്‍ലമെന്റില്‍ പോയത് 19 ദിവസം മാത്രം.

മോദിയുടെത് ഒരു കൂട്ടുമന്ത്രിസഭയാണെങ്കിലും നാലഞ്ചു ബി.ജെ.പി. മന്ത്രിമാരുടെ പേരുകളെ നാം കേട്ടുള്ളു. ധനകാര്യം, പ്രതിരോധം, വിദേശകാര്യം, റയില്‍വെ എന്നിങ്ങനെയുള്ള പ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ ദീര്‍ഘകാല അവധിയില്‍ പോകേണ്ടി വന്നു. അപ്പോള്‍ പകരക്കാരില്ലായിരുന്നു. ആവശ്യമുണ്ടായിരുന്നില്ലെന്ന് പറയുന്നതാവും കൂടുതല്‍ ശരി. എന്തെന്നാല്‍ മോദിയുടെ കീഴില്‍  ക്യാബിനെറ്റിന് പ്രസക്തിയില്ലാതായി. അദേഹം തനിച്ച് തീരുമാനങ്ങളെടുത്തു. പ്രധാനമന്ത്രിയുടെ ആപ്പീസ് മന്ത്രാലയങ്ങളിലൂടെ അവ നടപ്പാക്കി.

ആദ്യ ബി.ജെ.പി. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സര്‍ക്കാരില്‍ നിന്ന്‍ വ്യത്യസ്തമായി മോദിയുടെത് പൂര്‍ണ്ണമായും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ളതാണ്. സര്‍ക്കാര്‍ ഒരു വര്ഷം പൂര്‍ത്തിയാക്കിയപ്പോള്‍ സംഘ് തലവന്‍ മോഹന്‍ ഭഗത് ഡല്‍ഹിയിലെത്തി മന്ത്രിമാരെ വിളിച്ചുവരുത്തി അവരുടെ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുകയുണ്ടായി. അത് വാര്ത്തയായതുകൊണ്ട് 
അത്തരത്തിലുള്ള പരസ്യ ഇടപെടല്‍ പിന്നീടുണ്ടായില്ല. മോദിയുടെ കാലത്ത് ഗവര്ണര്മാരായി നിയമിക്കപ്പെട്ടവരിലും സംസ്ഥാന മുഖ്യമന്ത്രിമാരായി നീയോഗിക്കപ്പെട്ടവരിലും ഏറെയും ആര്‍.എസ്.എസ് പ്രചാരകരാണ്. ഇതെല്ലാം സാംസ്‌കാരിക സംഘടനയെന്ന് അവകാശപ്പെടുന്ന സംഘ് കേന്ദ്ര സംസ്ഥാന തലങ്ങളില്‍ അധികാരത്തിനു മേല്‍ കൈമുറുക്കിയെന്നു കാണിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ മനുസ്മൃതിയുള്ളപ്പോള്‍ ഭരണഘടന വേണ്ടെന്നു വാദിച്ച സംഘടനയാണ് ആര്‍.എസ്.എസ്‌. അത്തിന്റെ ഹിന്ദുരാഷ്ട്ര സങ്കല്‍പം ഭരണഘടനയില്‍ ഉല്ലേഖനം ചെയ്തിട്ടുള്ള ജനാധിപത്യം, മതേതരത്വം എന്നീ ആശയങ്ങള്‍ക്കും തുല്യതയും തുല്യാവകാശങ്ങളും നിലനില്‍ക്കുന്ന സമൂഹം എന്ന ലക്ഷ്യത്തിനും കടകവിരുദ്ധമാണ്.

ഏതാനും പ്രതിപക്ഷ കക്ഷികളുടെ പിന്തുണ കൂടാതെ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മോദി. അതുകൊണ്ട്‌ ജനാധിപത്യവും മതനിരപേക്ഷതയും വാഗ്ദാനം ചെയ്യുന്ന ഭരണഘടന ഇപ്പോഴും നിലനില്‍ക്കുന്നു. ഭരണഘടനയില്‍  മാറ്റം വരുത്താതെ എങ്ങനെ അതിനെ മറികടക്കാമെന്ന പരീക്ഷണമാണ് അഞ്ചു കൊല്ലക്കാലം മോദി നടത്തിയത്. സംഘ് ബന്ധമുള്ള സംഘടനകള്‍ പശുവിന്റെ പേരില്‍ മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കും എതിരെയും വിദ്യാര്‍ഥി സംഘടന സര്‍വകലാശാലകളില്‍ ദലിതര്‍ക്കും ഉല്പതീഷ്ണുക്കള്‍ക്കും എതിരെയും നടത്തിയ ആക്രമണങ്ങള്‍ ആ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു.

ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ഇനിയൊരവസരം ലഭിക്കില്ലെന്ന് മോദിക്കും സംഘ്നേതൃത്വത്തിനും ബോധ്യമായിട്ടുണ്ട്. മോദിയുടെ പ്രസംഗവേദിയിലെ പതര്‍ച്ചയില്‍ അത് പ്രതിഫലിക്കുന്നു. തനിക്ക് വോട്ടു ചെയ്യാത്ത മുസ്ലിങ്ങള്‍ ഒരു സഹായവും പ്രതീക്ഷിക്കേണ്ടെന്ന ഒരു മന്ത്രിയുടെ മുന്നറിയിപ്പിലും തനിക്ക് വോട്ടു ചെയ്യാത്തവരെ ശപിക്കുമെന്ന ഒരു കാവി വേഷക്കാരന്റെ വിരട്ടലിലും മോദി ക്യാമറയിലൂടെ ആര്‍ക്കു വോട്ടു ചെയ്തെന്നു കണ്ടുപിടിക്കുമെന്ന ഒരു നേതാവിന്റെ പ്രചാരണത്തിലും പ്രതിഫലിക്കുന്നതും അത് തന്നെ.
ഇപ്പോള്‍ മോദിക്ക് അനുകൂലമായുള്ള പ്രധാന ഘടകം പ്രതിപക്ഷ നിരയിലെ അനൈക്യമാണ്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ലോക് സഭയില്‍ വിലപേശാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്വന്തം പാര്‍ട്ടിയുടെ അംഗബലം കൂട്ടാനും മറ്റ് പ്രതിപക്ഷ കക്ഷികളുടെത് കഴിയുന്നത്ര കുറയ്ക്കാനുമുള്ള ശ്രമത്തിലായിയിരുന്നു അവര്‍ ഇതുവരെ. അത് ബി.ജെ.പിക്ക് നില മെച്ചപെടുത്താന്‍ അവസരം നല്‍കുമെന്നത് അവര്‍ ശ്രദ്ധിച്ചില്ല.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ ബി.ജെ.പിക്ക് അനുകൂലമായ ഘടകങ്ങളുണ്ട്. ഏറ്റവുമധികം പണമുള്ള കക്ഷിയെന്ന നിലയിലും അധികാരം കയ്യാളുന്ന കക്ഷിയെന്ന നിലയിലും വേഗം എണ്ണം തികയ്ക്കാന്‍ അതിനാകും. അത് തടയുന്നതിന് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കര്‍ണ്ണാടകയില്‍ ചെയ്തതുപോലുള്ള സമര്‍ത്ഥമായ കരുനീക്കം വേണ്ടിവരും. അവിടെ ഒരു മുഖ്യമന്ത്രിപദമോഹിയെ തൃപ്തിപ്പെടുത്തേണ്ട ആവശ്യമെ ഉണ്ടായിരുന്നുള്ളു. കേന്ദ്രത്തില്‍ അര ഡസന്‍ പ്രധാനമന്ത്രിപദമോഹികളെ അനുനയിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരുന്നാല്‍ അതിനുള്ള സമയം കിട്ടില്ല. ഭരണഘടന നിലനിര്‍ത്താന്‍ പ്രതിബദ്ധതയുള്ള കക്ഷികള്‍ ഒരു ദേശീയ അനുരഞ്ജന സര്‍ക്കാരിനെ കുറിച്ച് ചിന്തിക്കാന്‍ ഇനിയും അമാന്തിച്ചുകൂട. (മാധ്യമം,  ഏപ്രില്‍ 19, 2019)















































Saturday, April 13, 2019

മോദിയും മാധ്യമങ്ങളും

ബി.ആര്‍.പി. ഭാസ്കര്‍

ചന്ദ്രിക ആഴ്ചപ്പതിപ്പ്‌


നമ്മുടെ ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യം പരാമര്‍ശിക്കപ്പെടുന്നില്ല. ഇക്കാര്യം കോണ്സ്റ്റിറ്റുവന്റ് അസംബ്ലി മെംബര്‍മാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് പൌരന്റെ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങളില്‍ ഉള്ച്ചേര്‍ന്നിരിക്കുന്നു എന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ വ്യക്തമാക്കി. പിന്നീട് സുപ്രീം കോടതിയും അതേ നിലപാട് സ്വീകരിച്ചു. ഏതോരു സ്വാതന്ത്ര്യവും യാഥാര്ത്യമാകുന്നത് അത് ഉപയോഗിക്കുമ്പോള്‍ മാത്രമാണ്.  

 

പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പത്രസ്വാതന്ത്ര്യത്തിനു വലിയ പ്രാധാന്യം കല്പിച്ചിരുന്നു. അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം പതിവായി അമേരിക്കന്‍ പ്രസിഡന്റ് തോമസ്‌ ജെഫേഴ്സന്റെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു. പത്രങ്ങളില്ലാതെ ഒരു ഗവണ്‍മെന്റു വേണോ ഒരു ഗവണ്‍മെന്റില്ലാതെ പത്രങ്ങള്‍ വേണോ എന്ന് തീരുമാനിക്കാന്‍ പറഞ്ഞാല്‍ ഒരു മടിയും കൂടാതെ താന്‍ രണ്ടാമത്തേത് തെരഞ്ഞെടുക്കും എന്നാണു ജെഫേഴ്സണ്‍ പറഞ്ഞത്.

 

ഇന്ദിരാ ഗാന്ധിയുടെ സറ്ക്കാര്‍  അടിയന്തിരാവസ്ഥക്കാലത്ത് പത്രങ്ങളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവസാനശ്വാസം വരെ അടിയന്തിരാവസ്ഥ തെറ്റായിരുന്നെന്ന് അവര്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ പത്രങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് തെറ്റായിരുന്നുവെന്നു അവര്‍ ഏറ്റുപറഞ്ഞു. കാരണം സ്വതന്ത്ര പത്രങ്ങളുടെ അഭാവത്തില്‍ സര്‍ക്കാരിന്റെ മുന്നില്‍ ഔദ്യോഗിക സംവിധാനത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

എ ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഏഷ്യാനെറ്റിന്റെ ആപ്പീസില്‍ എനിയ്ക്ക് ഒരു ഫോണ്‍ വന്നു. പ്രസിഡന്റ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ സര്‍ക്കാരിന്റെ നയപ്രസംഗം നടത്തിയ ദിവസമാണ്. ആ വാര്‍ത്ത അടങ്ങിയ ബുള്ളറ്റിന്‍ കഴിഞ്ഞിട്ട് 15 മിനിട്ടേ ആകൂ. വിളിച്ചയാള്‍ പ്രധാനമന്ത്രിയുടെ ആപ്പീസിലെ സ്പെഷ്യല്‍ അസിസ്റ്റന്റ് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ചോദിച്ചു: “നിങ്ങളുടെ ബുള്ളറ്റിനില്‍ രാഷ്ട്രപതിയുടെ പ്രസംഗം പ്രധാന വാര്ത്തയായിരുന്നില്ലെന്നു ഞാന്‍ മനസിലാക്കുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ അത് പ്രധാന വാര്‍ത്ത ആക്കാതിരുന്നത്?” ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: “ഇതൊരു മാധ്യമ സ്ഥാപനമാണ്‌. ഞങ്ങള്‍ എടുക്കുന്ന പ്രൊഫഷനല്‍ തീരുമാനങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ ആപ്പീസിനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ദയവായി ഇത്തരം ആവശ്യവുമായി ഇവിടെ വിളിക്കരുത്.” അതിനുശേഷം വിളിയുണ്ടായില്ല. ആ സംഭവത്തെ ഒരു പുതിയ ഉദ്യോഗസ്ഥന്റെ അമിതാവേശ പ്രകടനമായെ ഞാന്‍ കണ്ടുള്ളൂ. എങ്കിലും മലയാള ചാനലിലെ വാര്‍ത്ത  കേട്ട് പ്രധാനമന്ത്രിയുടെ ആപ്പീസിനെ ഉടനടി അറിയിക്കാനുള്ള സംവിധാനം ഉണ്ടെന്നത് എന്നെ അസ്വസ്ഥമാക്കി. ഈ സംഭവത്തെ കുറിച്ച് ന്യൂസ് വിഭാഗത്തിലെ ആരോടും ഞാന്‍  പറഞ്ഞില്ല. വല്യേട്ടന്‍ ശ്രദ്ധിക്കുന്നെന്ന കാര്യം അറിയാതെ അവര്‍ പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് കരുതി.   

 

പ്രാദേശിക മാധ്യമങ്ങളെ മെരുക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയശേഷമാണു നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്. അദ്ദേഹം മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു പിന്നാലെ ഗുജറാത്തില്‍ നടന്ന മുസ്ലിം  വിരുദ്ധ കലാപത്തില്‍ അവിടത്തെ പ്രധാന പത്രങ്ങള്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. കലാപം  സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടു വന്നത് ദേശീയ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ചാനലുകള്‍, ആയിരുന്നു. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സ്വാഭാവികമായും ചാനലുകളെ നിയന്ത്രിക്കുന്നതിനു മോദി മുന്‍ഗണന നല്‍കി.

 

ആദ്യ പ്രസ് കമ്മിഷന് മുന്നില്‍ 1950കളില്‍ മൊഴി നല്‍കിയ ഒരു പത്ര ഉടമ നിയമങ്ങള്‍ പാലിച്ചുകൊണ്ട്‌ പത്രം നടത്താനാകില്ലെന്നും ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ വകുപ്പുകളെല്ലാം താന്‍ ലംഘിച്ചിട്ടുണ്ടെന്നും പറയുകയുണ്ടായി. ഒരു കമ്മിഷനംഗം ചോദിച്ചു: 302ആം വകുപ്പും (കൊലപാതകം) അതില്‍ പെടുമോ? മറുപടി ബൈബിളില്‍ നിന്നുള്ള ഉദ്ധരണി ആയിരുന്നു: ആത്മാവ് തയ്യാറായിരുന്നു പക്ഷെ ശരീരം ദുര്‍ബലമായിരുന്നു, (the actual words are: Spirit was willing but flesh was weak, Maybe you can take the quotation used in the Malayalam Bible.).

 

നിയമം ലംഘിക്കാതെ പത്രം നടത്താന്‍ തീര്‍ച്ചയായും കഴിഞ്ഞിരുന്നു. എന്നാല്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടല്ല സ്വകാര്യ ചാനലുകള്‍ വന്നത്. അന്ന് രാജ്യത്ത് നിന്ന് അപ് ലിങ്ക് സാധ്യമല്ലാതിരുന്നു. എങ്ങിനെയാണ് അവര്‍ ത്തിനുള്ള പണം കണ്ടെത്തിയതെന്ന് ആരും ചോദിച്ചില്ല.   പല ചാനലുകളുടെയും സാമ്പത്തിക സ്രോതസും സംശയത്തിനു മുകളിലല്ല. അതുകൊണ്ട് സര്ക്കാരിന് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് അവയെ വരുതിയിലാക്കാന്‍ എളുപ്പമാണ്.

 

ഒന്നാം ബി.ജെ.പി. സര്‍ക്കാരിനെ കാലത്ത്  അഴിമതി തുറന്നുകാട്ടിയ ടെഹല്കയെ വൈരാഗ്യബുദ്ധിയോടെ പിന്തുടര്‍ന്ന കഥ പരക്കെ അറിയപ്പെടുന്നതാണ്. തൊഴില്മൂല്യങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവായ എന്‍,ഡി.ടിവിക്കെതിരെ മോദി സര്‍ക്കാര്‍ എടുത്ത നടപടി മൂല്യങ്ങളുടെ കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ലാത്ത ചാനലുകളെ പെട്ടെന്ന് കീഴ്പ്പെടുത്തി.

 

നെഞ്ചിന്റെ വീതി പറഞ്ഞു വീമ്പിളക്കു കയും തന്റെ ഗുണഗണങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന മോദി രാഷ്രീയ നേതാവെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും   അടിസ്ഥാനപരമായി ദുര്‍ബലനാണ്‌. അഞ്ചു കൊല്ലത്തില്‍ ഒരു  പ്രസ് കോണ്ഫറന്‍സ് നടത്തിയിട്ടില്ലാത്ത പ്രധാനമന്ത്രിയാണദ്ദേഹം. മാധ്യമങ്ങളെ നേരിടാനുള്ള അദ്ദേഹത്തിന്റെ വൈമുഖ്യത്തില്‍ ഇത് പ്രകടമാകുന്നു. ഉയര്‍ന്ന വേദികളില്‍ നിന്ന് പ്രസംഗിക്കുകയും റേഡിയോയിലൂടെയോ ടെലിവിഷനിലൂടെയോ രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുമ്പോള്‍ ആളുകള്‍ക്ക് അദ്ദേഹം പറയുന്നത് കേള്‍ക്കാനല്ലാതെ ചോദ്യം ചോദിക്കാനോ വിശദീകരണം തേടാനോ കഴിയില്ല. ഏതാനും മാധ്യമങ്ങള്‍ക്ക് മോദി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി എഴുതി നല്‍കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അതെല്ലാം.

              \

ഇലക്ട്രോണിക് മാധ്യമങ്ങള്‍ പെരുമാറ്റ ചട്ടങ്ങള്‍ ശരിയായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ മോദിയുടെ കാലത്തിനു മുമ്പ് സര്‍ക്കാര്‍ ഒരു സംവിധാനം ഉണ്ടാക്കിയിരുന്നു. ഏതാണ്ട് 200 പേര്‍ ജോലിയെടുക്കുന്ന ആ വിഭാഗം ഇപ്പോള്‍ വാര്‍ത്താ ചാനലുകള്‍ മോദിയുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് സഹായകമായ രീതിയിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്നതായി പറയപ്പെടുന്നു. കോര്‍പ്പൊറേറ്റുകളുടെ കണ്ണിലുണ്ണീയായ     മോദിക്ക് പരസ്യദാതാക്കളിലൂടെയും മാധ്യമങ്ങളെ സ്വാധീനിക്കാനാകും.

മോദിയുടെ അതൃപ്തി മൂലം ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. ബിര്‍ളാ സാമ്രാജ്യത്തിന്റെ ഭാഗമായ ഹിന്ദുസ്ഥാന്‍ ടൈംസ് വെബ്സൈറ്റില്‍ “ഹേറ്റ് ട്രാക്കര്‍” എന്നൊരു ഫീച്ചര്‍ തുടങ്ങി. മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ അവിടെ ക്രോഡീകരിക്കപ്പെട്ടു. മോദിക്ക് അത് ഇഷ്ടപ്പെട്ടില്ല. അതിന്റെ ഫലമായി പത്രാധിപര്‍ ബോബി ഘോഷിന് രാജിവെക്കേണ്ടി വന്നു. എബിപി ന്യൂസ് ചാനലില്‍ മാസ്റ്റര്‍സ്ട്രോക്ക് എന്ന പരിപാടി ആങ്കര്‍ ചെയ്തിരുന്ന പുണ്യ പ്രസൂന്‍ ബാജ്പേയ് ആണ് മോദിയുടെ അതൃപ്തി നേടിയതുമൂലം ജോലി നഷ്ടപ്പെട്ട മറ്റൊരാള്‍. ഇതെല്ലാം നല്‍കുന്ന സന്ദേശം ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഉള്‍ക്കൊണ്ടു കഴിഞ്ഞു.  എന്നാല്‍ മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരെല്ലാം ഭീതിയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാനാവില്ല. ചില മാധ്യമ ഉടമകളെയും മാധ്യമ പ്രവര്‍ത്തകറെയും നയിക്കുന്നത് മോദിയുടെയും തങ്ങളുടെയും താല്പര്യങ്ങള്‍ ഒന്നാണെന്ന വിശ്വാസം തന്നെയാണ്. (ചന്ദ്രിക ആഴ്ചപതിപ്പ്, ഏപ്രില്‍ 2019)


നവകേരളത്തി​ന്‍റെ ബീഭത്സ ഭാവം