അപരന്‍ എന്ന അപകടകാരി
ബി.ആര്‍.പി. ഭാസ്കര്‍
കുട്ടികളുടെ ഭാവന ഇല്ലാത്ത കൂട്ടുകാരെ സൃഷ്ടിക്കുമ്പോള്‍ മുതിര്‍ന്നവരുടെ ഭാവന ഇല്ലാത്ത ശത്രുക്കളെ സൃഷ്ടിക്കുന്നു എന്ന് പറയാറുണ്ട്. കുട്ടികള്‍ അപരന്മാരെ മിത്രങ്ങളായും മുതിര്‍ന്നവര്‍ ശതുക്കളായും കാണുന്നതെന്തെന്ന് വിശദീകരിക്കേണ്ടത് മന:ശാസ്ത്രജ്ഞരാണ്. അപരന്‍, യാഥാര്‍ത്ഥ്യമായോ ഭാവനാസൃഷ്ടിയായോ, നമ്മോടൊപ്പം സഞ്ചരിക്കുന്നു എന്നതാണ് വാസ്തവം.
ഒരു വ്യക്തി സൃഷ്ടിക്കുന്ന അപരനെ അയാള്‍ക്ക് നിയന്ത്രിക്കാനാകും. കാരണം അയാളാണ് അതിന്‍റെ സ്രഷ്ടാവ്. എന്നാല്‍ വ്യക്തികളെ കൂടാതെ പ്രസ്ഥാനങ്ങളും – ഇക്കൂട്ടത്തില്‍ മതങ്ങളും രാഷ്ട്രീയ കക്ഷികളും ഉള്‍പ്പെടുന്നു – അപരനെ സൃഷ്ടിക്കുന്നുണ്ട്.അത് യഥാര്‍ത്ഥത്തിലുള്ള വ്യക്തിയോ പ്രസ്ഥാനമോ ആകാം.
ഞാനും നീയും ഉണ്ടായപ്പോള്‍ അവന്‍ എന്ന അപരന്‍ അല്ലെങ്കില്‍ അവള്‍ എന്ന അപരയുമുണ്ടായി എന്ന് സാമാന്യേന പറയാം. ഞാനും നീയും ചേര്‍ന്ന്‍ നമ്മള്‍ ആകുമ്പോള്‍ അപരസാന്നിധ്യം ഇല്ലാതാകുന്നു. അന്യോന്യം ശത്രുതയില്ലെങ്കില്‍ നമ്മള്‍ ആയില്ലെങ്കിലും പ്രശ്നമില്ല. എന്നാല്‍ നമ്മള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള മത്സരമുണ്ടെങ്കില്‍ –- അത് വ്യക്തിപരമൊ സാമുഹികമൊ സാമ്പത്തികമൊ രാഷ്ട്രീയപരമൊ ആയ കാരണങ്ങളാലാകാം --- അപരസാന്നിധ്യം അപകടകരമായ സാഹചര്യം സൃഷ്ടിച്ചേക്കാം. മത്സരത്തില്‍ ജയിക്കാന്‍ ഇല്ലാത്ത അപരന്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകാം.
എല്ലാ മതങ്ങളും പ്രാരഭ ഘട്ടത്തില്‍ സാഹോദര്യം വളര്‍ത്തിയവയാണ്. വളരുന്ന സാഹോദര്യം അപരസൃഷ്ടിയിലേക്ക് നയിച്ച അവസരങ്ങളുമുണ്ട്. ഫരോവാ ചക്രവര്‍ത്തിമാരുടെ കീഴില്‍ ദുരിതമനുഭവിച്ചിരുന്ന തന്റെ ആളുകളെ ഒന്നിപ്പിച്ച് ഈജിപ്തില്‍ നിന്ന് പ്രവാചകനായ മോസസ് പുറപ്പെട്ടത് യഹൂദ സാഹോദര്യം വളര്‍ത്തി. യഹൂദരുടെ ദൈവമായ യഹോവ അയല്‍ക്കാരനെ സ്നേഹിക്കാന്‍ പഠിപ്പിച്ചു. അയല്‍ക്കാരന്‍ തന്നെപ്പോലെ ഒരാള്‍ --- അതായത് മറ്റൊരു യഹൂദന്‍ --- ആണെങ്കില്‍ ആ സ്നേഹസങ്കല്‍പം വിശാലമായ ഒന്നല്ല. യഹൂദ പൌരോഹിത്യത്തെ വെല്ലുവിളിച്ച യേശു ക്രിസ്തുവിനെ അവര്‍ അപരനാക്കി. അവനെ കുരിശിലേറ്റുക, കള്ളനായ ബാറബാസിനെ മോചിപ്പിക്കുക എന്ന് ജനം ആര്‍ത്തുവിളിച്ചു. യേശുവിന്റെ സഹോദര സങ്കല്‍പം മോസസിന്റെതിനേക്കാള്‍ വിശാലമായിരുന്നു. അയല്‍ക്കാരനെ ആര്‍ക്കും സ്നേഹിക്കാനാകും, നീ നിന്റെ ശത്രുവിനെ സ്നേഹിക്കുക എന്ന് യേശു പറഞ്ഞു. യരുശലേം തകരുകയും യഹൂദര്‍ ലോകമാകെ ചിതറുകയും ചെയ്തപ്പോള്‍ എത്തിപ്പെട്ടയിടങ്ങളിലെ ജനങ്ങള്‍ അവരെ അപരന്മാരായി കാണുകയും ദ്രോഹിക്കുകയും ചെയ്തു. രണ്ടായിരം കൊല്ലത്തിനുശേഷം തിരിച്ചുവന്ന യഹൂദര്‍ അവിടെയുള്ള പലസ്തീനികളെ അപര്ന്മാരായി പ്രഖ്യാപിച്ച്, ദ്രോഹിച്ചുകൊണ്ടിരിക്കുന്നു.
ക്രിസ്തുമതം പടിഞ്ഞാറോട്ട് വ്യാപിച്ചശേഷം മദ്ധ്യപൂര്‍വ പ്രദേശത്ത് നിന്ന് സാഹോദര്യത്തിന്റെ പുതിയൊരു സന്ദേശം ഉയര്‍ന്നു. മോസസ് മുതല്‍ യേശു വരെയുള്ള എല്ലാ പ്രവാചകന്മാരെയും ഇസ്ലാം അംഗീകരിച്ചു. പക്ഷെ മുഹമ്മദ് നബിയുടെ അനുയായികളെ മുന്‍ പ്രവാചകരുടെ അനുയായികള്‍ അപരന്മാരായി കണ്ടു. അവര്‍ മറിച്ചും. ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഏറെ കാലം യുദ്ധം ചെയ്തെങ്കിലും ഒന്നിന് മറ്റേതിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രാചീന മതഗ്രന്ഥമായ ഋഗ്വേദതിലെ നിരവധി സൂക്തങ്ങള്‍ വൈദിക സമുഹത്തില്‍ പെട്ടവര്‍ 3,500കൊല്ലം മുമ്പ് അവ രചിക്കുമ്പോള്‍ ചുറ്റും അവരേക്കാള്‍ സമ്പന്നരായ ഒരു നാഗരികസമൂഹം ഉണ്ടായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആ അപരന്മാരുടെ പശുക്കളെ തങ്ങള്‍ക്ക് തരണേ എന്ന് അവര്‍ പ്രാര്‍ത്‌ഥിച്ചു. (ഇന്ന് ആ പ്രാര്‍ത്ഥനകള്‍ക്കൊക്കെ തത്വചിന്താപരമായ ഭാഷ്യങ്ങളുണ്ട്. അവ പതിന്നാലാം നൂറ്റാണ്ടില്‍ സായണന്‍ എന്ന പണ്ഡിതന്‍ ചമച്ചവയാണ്. സായണനും മൂത്ത സഹോദരന്‍ മാധവനും വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാരായിരുന്നു. സംസ്കൃതഭാ ഷയില് വലിയ മാറ്റങ്ങളുണ്ടായെന്നും അര്‍ത്ഥം അറിയാതെയാണ് പുരോഹിതന്മാര്‍ സൂക്തങ്ങള്‍ ഉരുവിടുന്നതെന്നും അതുകൊണ്ട് ശരിയായ അര്‍ഥം കണ്ടെത്തണമെന്നുമുള്ള അപേക്ഷയുമായി ചിലര്‍ ചക്രവര്‍ത്തിയെ സമീപിച്ചു, അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മാധവന്‍ സായണന്റെ നേതൃത്വത്തില്‍ ഒരു പണ്ഡിത സദസ് സംഘടിപ്പിച്ചു. അവിടെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് സായണഭാഷ്യം തയ്യാറാക്കപ്പെട്ടത്. അതിനെ ആസ്പദമാക്കി മാക്സ്മുള്ളര്‍ ഇംഗ്ലീഷിലും ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് മലയാളത്തിലും ഋഗ്വേദം അവതരിപ്പിച്ചു.)
ഭാരതീയ തതത്വചിന്തയിലെ അത്യുദാത്തമായ ആശയങ്ങള്‍ വൈദികസമൂഹവും ഇന്ത്യയിലെ ഇതര സമൂഹങ്ങളും തമ്മില് ഇടപഴകിയശേഷമുണ്ടായ ഉപനിഷത്തുകളിലാണുള്ളത്. മറ്റിടങ്ങളില്‍ ഒരു ജനവിഭാഗം മറ്റൊന്നിനെ കീഴ്പ്പെടുത്തിയപ്പോള്‍ തോറ്റവരുടെ ദൈവം പുറത്തായി. യഹോവ താന്‍ മാത്രമാണ് സത്യദൈവമെന്നും മറ്റുള്ളവര്‍ വ്യാജന്മാരാണെന്നും അബ്രഹാമിനോട് പറയുന്നുണ്ട്. യഹോവ പേരെടുത്തു പറയുന്ന വ്യാജന്മാരില്‍ ഒരാളായ ബാല്‍ ഫിനീഷ്യക്കാരുടെയും സുമേരിയക്കാരുടെയും ആരാധനാമൂര്‍ത്തിയായിരുന്നു. ഈ രീതിയില്‍ നിന്നു തികച്ചും വ്യത്യസ്തമായി ഇവിടെ ആധിപത്യം സ്ഥാപിച്ച വൈദിക സമൂഹം മറ്റുള്ളവരൂടെ ദൈവങ്ങളെ പുറത്താക്കിയില്ല. പുരോഹിതരായി തങ്ങളെ അംഗീകരിച്ചവരുടെ ദൈവങ്ങളെ സ്വീകരിച്ചുകൊണ്ട് അവര്‍ ബഹുദൈവ ഹിന്ദു സംവിധാനമുണ്ടാക്കി. ദൈവങ്ങള്‍ തമ്മില്‍ വഴക്കടിച്ച കഥകളുണ്ട്. പക്ഷെ ആരും വ്യാജന്മാരെന്ന് മുദ്രകുത്തി പുറത്താക്കപ്പെട്ടില്ല. ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെടുന്ന തങ്ങളുടെ ആദി ദേവീദേവന്മാരെ കൈവിട്ടുകൊണ്ട് വൈദിക സമൂഹം ഇതര സമൂഹങ്ങളുടെ ദേവീദേവന്മാരുടെ ഉപാസകരായി എന്ന് പറയാം.
വേദകാലത്തിനുശേഷം ഉയര്‍ന്നു വന്ന അദ്വൈത സങ്കല്‍പം തത്വത്തില്‍ അപരത്വം ഇല്ലാതാക്കി. ഒന്നേയുള്ളൂ എന്നു വരുമ്പോള്‍ അപരന് ഇടമില്ലല്ലോ. പക്ഷെ പഴയതിനെ പൂര്‍ണ്ണമായും പിന്തള്ളിക്കൊണ്ടല്ല മനുഷ്യന്‍ പലപ്പോഴും പുതിയതിനെ സ്വീകരിക്കുന്നത്. യേശു പുതിയ ചിന്ത അവതരപ്പിച്ചശേഷവും മോസസിന്റെ കാലത്തെ കല്പനകളും ‘കണ്ണിനു കണ്ണ്, പല്ലിനു പല്ല്’ പോലുള്ള പ്രാകൃത നിയമബോധവും നിലനിന്നതുപോലെ അദ്വൈതം പ്രചരിച്ചശേഷവും വേദസമൂഹം പ്രചരിപ്പിച്ച ഭിന്നതകളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. നാലായുള്ള വിഭജനം സമൂഹത്തിനുള്ളില്‍ ഭേദചിന്ത വളര്‍ത്തി. നാലിനും പുറത്തുള്ളവര്‍ അപരന്മാരായി. അവര്‍ക്കെതിരെ നാലും ഒന്നിച്ചു.
ബി.സി.ഇ. ആറാം നൂറ്റാണ്ടില ജനിച്ച ബുദ്ധനും മഹാവീരനും ഭേദചിന്ത അവസാനിപ്പിച്ച് ജനങ്ങളെ ഒന്നിപ്പിക്കാനുതകുന്ന ആശയങ്ങള്‍ അവതരിപ്പിച്ചു. ഒരേ കാലത്ത് അവരുടെ വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിച്ച അനുയായികള്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിച്ചിരിക്കണം. എന്നാല്‍, അപരത്വ ബോധം ബാധിച്ചിട്ടില്ലാതിരുന്നതുകൊണ് ടാകാം, അവരുടെ പ്രവര്‍ത്തനത്തില്‍ വിദ്വേഷം ഉണ്ടായിരുന്നതായി കാണുന്നില്ല.
പരമ്പരാഗത വിശ്വാസപ്രകാരം രണ്ടു ഘട്ടങ്ങളില്‍ വൈദിക സമൂഹം വലിയ മുന്നേറ്റം നടത്തുകയുണ്ടായി. ഇതില്‍ ആദ്യത്തേത് ബി.സി.ഇ രണ്ടാം നൂറ്റാണ്ടില്‍ പുഷ്യമിത്ര സുംഗന്‍ മൌര്യ ചക്രവര്‍ത്തി ബ്രഹദത്തനെ കൊന്നു അധികാരം പിടിച്ചെടുത്തശേഷം ബുദ്ധമതാനുയായികളെ ഉന്മൂലനം ചെയ്തപ്പോഴായിരുന്നു. അന്നാണ് ഭൃഗുകുലത്തില്‍പെട്ട സുമതി പിന്നീട് മനുസ്മൃതി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട മാനവധര്‍മ്മശാസ്ത്രം രചിച്ചത്. രണ്ടാമത്തേത് രാജ്യം മുഴുവന്‍ സഞ്ചരിച്ച് ബുദ്ധമത പണ്ഡിതരെ വാദത്തില്‍ തോല്പിച്ച് വൈദിക സമൂഹത്തിന്റെ ആധിപത്യം സ്ഥാപിച്ചുവെന്നു കരുതപ്പെടുന്ന ശങ്കരാചാര്യര്‍ ജീവിച്ചിരുന്ന സി.ഇ. ഏഴ്-എട്ട് നൂറ്റാണ്ടുകളാണ്. ഈ രണ്ടു ഘട്ടങ്ങളെയും വടക്കും തെക്കും ബുദ്ധ-ജൈന മതങ്ങള്ക്കുമേല്‍ വൈദിക സമൂഹം ആധിപത്യം സ്ഥാപിച്ച കാലങ്ങളായും കാണാവുന്നതാണ്.
അടുത്ത കാലത്ത് ഇന്ത്യക്കകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഡിഎന്‍എ പഠനങ്ങള്‍ ഏകദേശം 2,000 കൊല്ലം മുമ്പ് വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്നവര്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മതിയാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ഉറച്ച ജാതിവ്യവസ്ഥയുടെ തുടക്കം കുറിക്കുന്ന സംഭവവികാസമായാണ് അവര്‍ അതിനെ . വിശേഷിപ്പിക്കുന്നത്. വടക്കേ ഇന്ത്യയില്‍ വൈദികസമൂഹം മേല്‍കൈ നേടിയ ഘട്ടത്തിലാണ് ഇതുണ്ടായതെന്നത് ശ്രദ്ധയര്‍ഹിക്കുന്നു. എല്ലാ പ്രദേശങ്ങളിലേക്കും ആധിപത്യം നീട്ടാന്‍ അവര്‍ക്ക് പത്ത് പതിനഞ്ച് നൂറ്റാണ്ട് വേണ്ടി വന്നു.
വടക്കേ ഇന്ത്യയില്‍ വൈദിക സമൂഹം ആധിപത്യം നേടിയ ശേഷമാണ് മലനിരകല്‍ക്കപ്പുരത്ത് നിന്ന് ആക്രമണങ്ങള്‍ ഉണ്ടായതും വിദേശികള്‍ക്ക് സാമ്രാജ്യങ്ങള്‍ കേട്ടിപ്പടുക്കാനായതും. തെക്കേ ഇന്ത്യയില്‍ വൈദിക സമൂഹം ആധിപത്യം നേടിയ ശേഷമാണ് കടല്‍ കടന്നു വന്ന വിദേശികള്‍ക്ക് ഉപഭൂഖണ്ഡത്തെ കോളനിയാക്കാന്‍ കഴിഞ്ഞത്. ജനങ്ങളെ വിഭജിക്കുകയും അവര്‍ക്കിടയില്‍ അപരബോധം വളരത്തി ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിനു വിഘാതം സൃഷ്ടിക്കുകയും ചെയ്ത ജാതിവ്യവസ്ഥ വിദേശാധിപത്യം സാദ്ധ്യമാക്കിയതില്‍ വഹിച്ച പങ്ക് ചരിത്രകാരന്മാര്‍ ഇനിയും ഗൌരവപൂര്‍വം പഠിച്ചിട്ടില്ല.
തുല്യതയും തുല്യാവകാശങ്ങളും അംഗീകരിക്കുന്ന ഒരു ജനാധിപത്യ സംവിധാനമുള്ള രാജ്യത്തിനകത്ത് അപരന്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ ജാതിവ്യസ്ഥയുടെ സ്വാധീനം നിലനില്‍ക്കുന്നതിനാല്‍ അപരന്മാര്‍ അവശേഷിക്കുന്നു. മാംസാഹാരത്തിന്റെയും പശുസംരക്ഷണത്തിന്റെയും പേരില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങളിലെ ഇരകള്‍ പ്രധാനമായും മുസ്ലിങ്ങളും ദലിതരും ആയതില്‍ പഴയ അപര സങ്കല്‍പത്തിന്റെ തുടര്‍ച്ച കാണാം. സ്വാതന്ത്ര്യപ്രാപ്തിയോടോപ്പമു ണ്ടായ രാജ്യത്തിന്റെ വിഭജനം അയലത്ത് ഒരു അപരനെ സൃഷ്ടിച്ചു.
ഒരു ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തിനായി മത്സരിക്കുന്ന കക്ഷികള്‍ കൂടിയേ തീരൂ. എതിരാളികളെ ശത്രുക്കളായി കാണുന്ന പാര്‍ട്ടികളുടെ ജനാധിപത്യവിരുദ്ധ സമീപനം പുതിയ അപരന്മാരെ സൃഷ്ടിക്കുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍, കോണ്ഗ്രസ് വിരുദ്ധന്‍ എന്നീ പഴയ പ്രയോഗങ്ങളും ‘സിക്കുലര്‍ (sickular) ലിബറല്‍’ എന്ന പുതിയ പ്രയോഗവും രാഷ്ട്രീയ രംഗത്തെ അപരസൃഷ്ടിയുടെ സന്തതികളാണ്.
അടുത്ത കാലത്തു നടന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ട അറസ്റ്റ് ഭരണകൂട താല്പര്യം മുന്‍നിര്‍ത്തി അപരനെ സൃഷ്ടിക്കാനുള്ള ഒരു ഹീന ശ്രമത്തിന്റെ ഭാഗമായിരുന്നു. പൂനെയില്‍ നിന്നുള്ള പോലീസ് സംഘങ്ങള്‍ ഒരു പ്രഭാതത്തില്‍ മഹാരാഷ്ട്രയ്ക്കകത്തും പുറത്തുമുള്ള വിവിധ നഗരങ്ങളില്‍ റെയ്ഡ് നടത്തി അഭിഭാഷകയും പീപ്പിള്‍സ് യൂണിയന്‍ ഫൊര്‍ സിവില്‍ ലിബരട്ടീസിന്റെ ഛത്തിസ്ഗഡ യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ സുധ ഭരദ്വാജ്, പീപ്പിള്‍സ് യൂണിയന്‍ ഫൊര്‍ ഡിമോക്രാറ്റിക് റൈറ്റ്സിന്റെ പ്രവര്‍ത്തകനും ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ലിയുടെ എഡിറ്റോറിയല്‍ കണ്സല്ട്ടന്റുമായ ഗൌതം നവ്ലഖ, തെലുങ്ക് കവി വരവര റാവു, മുന്‍ ബോംബെ യൂണിവേഴ്സിറ്റി പ്രോഫസര്‍ വെര്ണന്‍ ഗൊണ്സല്വെസ്, കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ അരുണ്‍ ഫെരേര എന്നിവരെ കസ്റ്റഡിയിലെടുത്തു. ആദിവാസികളുടെയും മറ്റ് പ്രാന്തവത്കരിക്കപ്പെട്ട ജനങ്ങളുടെയും അവകാശ പോരാട്ടങ്ങള്‍ക്കു പിന്തുണ നല്‍കുന്നവരെന്ന നിലയില്‍ അറിയപ്പെടുന്ന അവരുടെ അറസ്റ്റ് പൊതുസമൂഹത്തെ ഞെട്ടിച്ചു. പ്രശസ്ത ചരിത്രകാരി റൊമിള ഥാപറും മറ്റെതാനും പേരും പൂനെ പോലീസ് നടപടി തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. പ്രാരംഭവാദം കേട്ടശേഷം വിഷയം വിശദമായി പരിശോധിക്കുന്നതുവരെ അറസ്റ്റ് ചെയ്തവരെ സ്വന്തം വീടുകളില്‍ തന്നെ വെച്ചാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു.
അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരോധിക്കപ്പെട്ട മാവോയിസ്റ്റ് പാര്‍ട്ടിയെ അനുകൂലിക്കുന്നവരാനെന്നാണ് പൂനെ പോലീസ് പറയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഛത്തിസ്ഗഡ പോലീസ് ഡോ. ബിനായക് സെന്നിനെതിരെ ഉയര്‍ത്തി പരാജയപ്പെട്ട ആരോപണമാണിത്. വിചാരണ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ നല്‍കിയ ശേഷമാണ് സുപ്രീം കോടതി സെന്നിനു ജാമ്യം നല്‍കിയത്. പൂനെ പോലീസ് അറസ്റ്റ് ചെയ്തവരെ “അര്‍ബന്‍ നക്സലുകള്‍” എന്ന് മുദ്രകുത്തി. ഉടന്‍ തന്നെ ഭരണകൂട അനുകൂലികള്‍ 'അര്‍ബന്‍ നക്സലുകള്‍'ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അഴിച്ചുവിട്ട പ്രചാരണം അപര നിര്‍മ്മിതിയുടെ ഒരു ക്ലാസിക് ഉദാഹരണമാണ്. (എഴുത്ത് മാസിക, ഒക്ടോബര്‍ 2018)