കോണ്ഗ്രസ്-ബിജെപി ദ്വന്ദത്തിനപ്പുറം
ബി.ആര്‍.പി. ഭാസ്കര്‍
ദേശീയ രാഷ്ട്രീയം “ഒന്നുകില്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ ബിജെപി” എന്ന നിലയില്‍ ചുരുക്കിക്കാണേണ്ട കാര്യമില്ല. സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സൂര്‍ജിത്തിന്റെ കാരമ്മികത്വത്തില്‍ രൂപീകരിക്കപ്പെട്ട കേന്ദ്ര സര്‍ക്കാരുകള്‍ “കോണ്ഗ്രസിതര, ബിജെപിയിതര” സര്‍ക്കാരുകള്‍ ആയിരുന്നെന്നത് ഒരു സമീപകാല രാഷ്ടീയ അന്ധവിശ്വാസമാണ്. കോണ്ഗ്രസിന്‍റെയൊ ബിജെപിയുടെയൊ സഹകരണം കൂടാതെ സര്‍ക്കാരിന് നിലനില്‍ക്കാന്‍ അന്നത്തെ ലോക സഭയുടെ അംഗനില അനുവദിച്ചിരുന്നില്ല. ആ സര്‍ക്കാരുകളുടെ കൂട്ടത്തില്‍ നല്ലതെന്ന് പറയാവുന്ന ഒന്നേ ഉണ്ടായിരുന്നുള്ളൂ. അത് വി.പി. സിംഗ് സര്‍ക്കാരാണ്. അതിനെ നിലനിര്‍ത്തിയത് ബിജെപിയുടെ പിന്തുണ ആയിരുന്നു. അക്കാലത്ത് ആഴ്ചയില്‍ ഒരു ദിവസം ബിജെപി അദ്ധ്യക്ഷന്‍ എല്‍.കെ.അദ്വാനിയും സൂര്‍ജിത്തും പ്രധാനമന്ത്രിയുടെ വീട്ടില്‍ ഒത്തുചേര്‍ന്നു നയസമീപനങ്ങള്‍ ഏകോപിച്ചിരുന്നു. വി.പി സിംഗ് ഒരു ദിവസം അതുവരെ ഒരു സര്‍ക്കാരും നടപ്പിലാക്കാന്‍ കൂട്ടാക്കാതിരുന്ന മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് നടപ്പാക്കുക വഴി സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്ന ജനങ്ങളുടെ ആദരവ് പിടിച്ചുപറ്റി. ബി.ജെ.പി ഉടന്‍ കളി മാറ്റി. സര്‍ക്കാര്‍ നിലംപതിച്ചു. തുടര്‍ന്ന് വന്ന സര്‍ക്കാരിനെ കോണ്ഗ്രസ് പിന്തുണച്ചു. അത് പിന്തുണ പിന്‍വലിച്ചപ്പോള്‍ ആ സര്‍ക്കാരും വീണു. ഈ ചരിത്രം ആവര്ത്തിക്കാനെ “കോണ്ഗ്രസിതര, ബിജെപിയിതര” സര്‍ക്കാര്‍ എന്ന മുദ്രാവാക്യം ഉപകരിക്കൂ.
സ്വാതന്ത്ര്യാനന്തര ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ച സാധ്യമാക്കിയത് മതനിരപേക്ഷ കക്ഷികള്‍ ചില ഘട്ടങ്ങളില്‍ അന്നത്തെ രാഷ്ടീയ സാഹചര്യങ്ങളില്‍ എടുത്ത തീരുമാനങ്ങളാണെന്ന് കാണാം. നെഹ്രുവിന്റെ കാലശേഷം 1967ല്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ എട്ട് സംസ്ഥാനങ്ങളില്‍ കോണ്ഗ്രസിനു നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു. അന്ന് കോണ്ഗ്രസിന്റെ തിരിച്ചുവരവ് തടയാന്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ രൂപീകരിക്കപ്പെട്ട സംയുക്ത വിധായക ദള്‍ സര്‍ക്കാരുകളിലെല്ലാം മതനിരപേക്ഷ കക്ഷികള്‍ക്കൊപ്പം ബിജെപിയുടെ മുന്‍ഗാമിയായ ജനസംഘം ഉണ്ടായിരുന്നു. ആ സര്‍ക്കാരുകളിലെ ജനസംഘം മന്ത്രിമാര്‍ ആ കുറഞ്ഞ കാലം പോലീസ്, വിദ്യാഭ്യാസം തുടങ്ങിയ മര്‍മ്മപ്രധാന രംഗങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറ്റത്തിനു വഴിയൊരുക്കി.
ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥാ സര്‍ക്കാരിനെ നേരിടാന്‍ ജയപ്രകാശ് നാരായണന്‍ മുന്‍കൈ എടുത്ത് ഉണ്ടാക്കിയ ജനതാ പാര്‍ട്ടിയിലെ ഏറ്റവും ശക്തമായ വിഭാഗം ജനസംഘമായിരുന്നു. ആര്‍.എസ്.എസ് ബന്ധം ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ അവര്‍ പുറത്തു വന്ന്‍ ബിജെപി എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി. ഇത് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് രാജ്യതാല്പര്യങ്ങളോ ജനതാല്പര്യങ്ങളോ അല്ല ആര്‍.എസ്.എസ് താല്പര്യങ്ങള്‍ ആണെന്ന്‍ വ്യക്തമാക്കി. വി.പി. സിംഗ് മന്ത്രിസഭയുടേത് മറ്റൊരു ഘട്ടം
ഇതെല്ലാം അവഗണിക്കാമെന്നു വെച്ചാലും കഴിഞ്ഞ നാല് കൊല്ലത്തെ അനുഭവം നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും ഫാഷിസം ഇങ്ങെത്തിയിട്ടില്ലെന്നും കോണ്ഗ്രസും ബിജെപിയും ഒരേ നയം പിന്തുടരുന്ന സമാന സ്വഭാവമുള്ള കക്ഷികളാണെന്നും നടിക്കുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. ബിജെപിയുടെ ഭാഗമായ യശ്വന്ത് സിന്‍ഹ, ശത്രുഘന്‍ സിന്‍ഹ മുതള്‍ പേര്‍ക്കു പോലും കാണാന്‍ കഴിയുന്ന അപകടം പ്രകാശ് കാരാട്ടിന് കാണാന്‍ കഴിയാത്തത് അത്ഭുതകരമാണ്.
അപകടകാരിയായ നരേന്ദ്ര മോദിയെ തുടരാന്‍ അനുവദിക്കണോ എന്നതാണ് മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരുടെ മുന്നിലുള്ള ചോദ്യം. വിഷയത്തെ സത്യസന്ധമായി സമീപിക്കുന്നവര്‍ക്ക് അതിനു ഒരുത്തരമേ നല്‍കാനാകൂ.
മോദിയെ പുറത്താക്കണമെന്നു തീരുമാനിച്ചു കഴിയുമ്പോള്‍ അതിനുള്ള മാര്‍ഗ്ഗം എന്താണ് എന്ന ചോദ്യം ഉയരുന്നു. ഓരോ പാര്‍ട്ടിയും സ്വാഭാവികമായി പ്രശ്നത്തെ സമീപിക്കുക സ്വന്തം താല്പര്യം മുന്‍നിര്‍ത്തിയാകും. പക്ഷെ അതുതന്നെയും ഒരു വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാകണം. അതിന്റെ ഒരു നല്ല ഉദാഹരണമാണ് ഈയിടെ ഉത്തര്‍ പ്രദേശില്‍ ബി.എസ.പി നേതാവ് മായാവതിയും സമാജ വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കാഴ്ചവെച്ചത്. പൊതുശത്രുവിനെ നേരിടാന്‍ ദീര്‍ഘകാലത്തെ പ്രാദേശിക മത്സരം മറന്നുകൊണ്ട് അവര്‍ യു.പി. ഉപതെരഞ്ഞെടുപ്പില്‍ ഒന്നിച്ചു, അതോടെ ബിജെ.പിക്ക് അവിടെ അടിതെറ്റി.
പല സംസ്ഥാനങ്ങളിലും അടിസ്ഥാന മത്സരം ബിജെപിയും കോണ്ഗ്രസും തമ്മിലാണ്. അവിടെ ബിജെപിയെ തടയാന്‍ ആഗ്രഹിക്കുന്നവര്‍ കോണ്ഗ്രസിനു സഹായകമായ നിലപാട് എടുക്കണം. ബിജെപിയുടെ സൈബര്‍ ദുഷ്പ്രചരണ വിഭാഗത്തിന്റെ ശക്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായി രാഹുല്‍ ഗാന്ധി ഒരു മന്ദബുദ്ധിയാണെന്ന തെറ്റിദ്ധാരണ പരന്നിരുന്നു. അദ്ദേഹത്തിന്റെ സമീപകാല പ്രവര്‍ത്തനങ്ങള്‍ അത് പൊളിച്ചിട്ടുണ്ട്.
ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികള്‍ക്കാണ് ബിജെപിയെ തോല്‍പിക്കാന്‍ കൂടുതല്‍ കഴിവുള്ളത്. അത്തരം കക്ഷികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്. തെലങ്കാനയിലെ രാഷ്ട സമിതി നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖറുമായി സഖ്യ മുണ്ടാക്കിയതുകൊണ്ട് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്ഗ്രസിനു ബംഗാളില്‍ ഒരു വോട്ടു കൂടുതല്‍ കിട്ടുമോ? ഇല്ലായിരിക്കാം, പക്ഷെ ഒരു സഖ്യമെന്ന നിലയില് കേന്ദ്രത്തില്‍ അധികാരത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്ന വിശ്വാസം ജനിപ്പിക്കാനായാല്‍ കിട്ടിയെന്നുമിരിക്കും.
പ്രാദേശിക പാര്‍ട്ടികളുടെ ഇടപെടല്‍ ഫലപ്രദമാകണമെങ്കില്‍ കോണ്ഗ്രസിന്റെയും ബിജെപിയുടെയും നയപരിപാടികളില് നിന്നും വ്യത്യസ്തമായവ ആവിഷ്കരിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം കൈമാറണമെന്ന ആവശ്യം ഉന്നയിക്കാന്‍ അവര്‍ മടിക്കേണ്ടതില്ല. കോണ്ഗ്രസിനെ മെല്ലെ അതിലേക്ക് അടുപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും. ഒരു ഫെഡറല്‍ സംവിധാനത്തിനാകും ഹിന്ദുത്വത്തെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുന്നത്. (ജനശക്തി, ഏപ്രില്‍ 16-30, 2018)
No comments:
Post a Comment