എന്‍. ബാപ്പുറാവു: മലയാളത്തിലെ ആദ്യ പ്രൊഫഷണല്‍ പത്രാധിപര്‍
ബി.ആര്.പി. ഭാസ്കര്‍
മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ എന്‍. ബാപ്പുറാവു എന്ന പേര് കാണാനാവില്ല. അതിന് പല കാരണങ്ങളുണ്ടാകാം. അദ്ദേഹം ഒരു പ്രബല സമൂഹത്തില്‍ പെട്ട ആളായിരുന്നില്ല. ഏതെങ്കിലും വലിയ പ്രസ്ഥാനത്തിന്റെ ഭാഗവുമായിരുന്നില്ല. അദ്ദേഹം പണിയെടുത്ത പത്രങ്ങള്‍ ഇന്ന് അവശേഷിക്കുന്നുമില്ല. പക്ഷെ എന്റെ മനസ്സില്‍ അദ്ദേഹമുണ്ട്, പത്രപവര്ത്തനത്തിലെ ആദ്യ ഗുരുവായി.
ആദ്യകാലത്ത് പത്രപവര്‍ത്തനം ആകര്‍ഷണീയമായ ഒരു തൊഴില്‍ മേഖലയായിരുന്നില്ല. ഇപ്പോഴും സത്യസന്ധമായി ആ തൊഴില്‍ ചെയ്യുന്നവരില്‍ ഒരു ചെറിയ വിഭാഗത്തിനു മാതമാകും സാമ്പത്തിക ഭദ്രതയുളളത്. ആദ്യ പത്രങ്ങള്‍ തുടങ്ങിയ സാഹസികരെയെന്നപോലെ അവയില്‍ പണിയെടുക്കാന്‍ മുന്നോട്ടു വന്നവരെയും നയിച്ചത് സാമൂഹിക രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നു. ചെറുപ്പത്തില്‍ ദേശീയ സ്വാതന്ത്യ പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ വന്നെങ്കിലും, തിരുവിതാംകൂറിലെ സാമൂഹ്യ-രാഷ്ട്രീയ സംഘടനകളുമായി ബാപ്പുറാവു ബന്ധപ്പെട്ടിരുന്നതായി അറിവില്ല. അതിനാല്‍ അദ്ദേഹത്തെ ഞാന്‍ കാണുന്നത് തീര്‍ത്തും ഒരു പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകനായാണ്. ഒരുപക്ഷെ മലയാള പത്രപ്രവര്‍ത്തനത്തിലെ ആദ്യ പ്രൊഫഷണല്‍.
കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം പത്രത്തിലാണു ബാപ്പുറാവു ഏതാണ്ട് ജീവിതകാലം മുഴുവന്‍ ചെലവഴിച്ചത്. സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ ആഗ്രഹിച്ചിരുന്ന യുവതലമുറയില്‍ പെട്ട കെ.ജി.ശങ്കര്‍ 1929ല്‍ വാരികയായാണ് അത് തുടങ്ങിയത്. അടുത്ത വര്‍ഷം ദിനപത്രമായി. ആരോഗ്യപ്രശ്നങ്ങളാല്‍ അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശങ്കറിനു വിട്ടു നില്‍ക്കേണ്ടി വന്നപ്പോള്‍ സഹോദരന് കെ.ജി. പരമേശ്വരന് പിള്ള ചുമതലയേറ്റു. ദീര്‍ഘകാലം കൊല്ലം നഗരസഭാദ്ധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ കീഴില്‍ പത്രം യാഥാസ്ഥിക സ്വഭാവം കൈവരിച്ചെങ്കിലും കൊല്ലത്തിന്റെ പത്രമെന്ന നിലയില്‍ അതിനു വലിയ സ്വീകാര്യത ലഭിച്ചു.
കൊല്ലത്തെ വിദ്യാര്‍ത്ഥികാലം മുതല്‍ മലയാളരാജ്യം വായിച്ചിരുന്നെങ്കിലും അതില്‍ പ്രവര്‍ത്തിക്കുന്ന ആരെ കുറിച്ചും ഏറെക്കാലം എനിക്ക് അറിവുണ്ടായിരുന്നില്ല. വെളിപ്പെടുത്താന്‍ നിയമപരമായ ബാധ്യസ്ഥതയുള്ള പത്രാധിപരുടെയും പ്രസാധകന്റെയും പേരുകള്‍ മാത്രമാണ് പത്രങ്ങളില്‍ അച്ചടിച്ചു വന്നിരുന്നത്. അത് പലപ്പോഴും ഉടമയുടെ പേര് തന്നെയായിരിന്നു. വാര്‍ത്തകള്‍ ശേഖരിച്ചു നല്കുന്നവര് സ്വന്തം ലേഖകന്‍ എന്നതിന്റെ ചുരുങ്ങിയ രൂപമായ സ്വ.ലേ എന്ന രണ്ടക്ഷരങ്ങള്‍ക്ക് പിന്നില്‍ വായനക്കാരില്‍ നിന്ന് മറഞ്ഞു നിന്നു.
ഞാന്‍ ആദ്യം അറിഞ്ഞ സ്വ.ലേ കൊല്ലത്തു നിന്നു തന്നെ പ്രസിദ്ധീകരിച്ചിരുന്ന പ്രഭാതം ദിനപ്പത്രത്തിലെ ഇ.എം. റഷീദ് ആണ്. താമസം ഞങ്ങളുടെ വീടിനടുത്തായിരുന്നതുകൊണ്ടാണ് അദ്ദേഹം ലേഖകനാണെന്നറിഞ്ഞത്. അദ്ദേഹം പിന്നീട് സിംഗപ്പൂരിലേക്ക് പോവുകയും അവിടെ ദീര്‍ഘകാലം സ്റ്റാന്‍ഡേര്‍ഡ് എന്ന ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. കുറച്ചുകാലം അദ്ദേഹം ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന യു.എന്‍.ഐ വാര്‍ത്താ ഏജന്‍സിയുടെ സിംഗപ്പൂര്‍ ലേഖകനുമായിരുന്നു. പത്രപവര്ത്തനത്തില് നിന്ന് വിരമിച്ചശേഷം അമേരിക്കയില്‍ മകനോടൊപ്പം താമസിക്കുമ്പോഴാണ് റഷീദ് അന്തരിച്ചത്.
വായനക്കാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടാതെ മലയാളരാജ്യത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നയാളാണ് ബാപ്പുറാവു എന്ന് ഞാന്‍ അറിയുന്നത് എന്റെ അച്ഛന് കൊല്ലത്തു നിന്ന് 1948ല്‍ നവഭാരതം എന്ന പേരില്‍ ഒരു പത്രം തുടങ്ങാന്‍ തീരുമാനിച്ചപ്പോഴാണ്. മലയാളരാജ്യം വിട്ടശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയ ബാപ്പുറാവുവിനെയും കേരള കൌമുദിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന കെ. കാര്‍ത്തികേയനെയുമാണ് അച്ഛന് പത്രാധിപസമിതിയെ നയിക്കാനായി കണ്ടെത്തിയത്. ഞാന്‍ തിരുവനന്തപുരത്തുണ്ടായിരുന്നതുകൊണ്ട് ബാപ്പുറാവുവിനെ കണ്ട് കൊല്ലത്തേക്ക് തിരിച്ചു വരാന്‍ തയ്യാറാണോ എന്നന്വേഷിക്കാന്‍ അച്ഛന് എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹം വരാന്‍ തയ്യാറായി.
ഞാന്‍ നവഭാരതം ആപ്പീസില് പോയി ബാപ്പുറാവുവിനോടൊപ്പം ധാരാളം സമയം ചെലവഴിച്ചിരുന്നു. ചിലപ്പോള്‍ അദ്ദേഹം വാര്‍ത്തകളോ ലേഖനങ്ങളോ വായിച്ച് അഭിപ്രായം പറയാന്‍ എടുത്തു തരും. എന്റെ അഭിപ്രായം കേട്ടശേഷം അദ്ദേഹം സ്വന്തം അഭിപ്രായം കാര്യകാരണസഹിതം വിശദീകരിക്കും. ആ രീതി എന്നെ സ്വാധീനിച്ചു. അതുകൊണ്ടാണ് അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ നിഗമനങ്ങള്‍ക്ക് ആധാരമാക്കുന്ന വസ്തുതകള്‍ വ്യക്തമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നത്.
കൊല്ലത്തുള്ളപ്പോള്‍ ബാപ്പുറാവു വൈകിട്ട് ആപ്പീസില് നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ പലപ്പോഴും ഞാന്‍ ഒപ്പം കൂടി. റയില്‍പാതയ്ക്കരികിലൂടെയുള്ള നടപ്പിനിടയില്‍ ധാരാളം അറിവ് എനിക്ക് പകര്‍ന്നു കിട്ടി.
ആദ്യ തിരുവിതാംകൂര്‍ മന്ത്രിസഭയില്‍ പട്ടം താണുപിള്ള പ്രധാനമന്ത്രിയും (പിന്നീടാണ് സ്ഥാനപ്പേരു മുഖ്യമന്ത്രി എന്നാക്കിയത്) ടി.എം. വര്‍ഗീസ്, സി.കേശവന് എന്നിവര്‍ മന്ത്രിമാരുമായിരുന്നു. പല വിഷയങ്ങളിലും വര്‍ഗീസും കേശവനും ഒന്നിച്ചു നില്ക്കുന്ന അവസ്ഥ മറികടക്കാനായി പട്ടം മന്ത്രിസഭ വികസിപ്പിക്കാന്‍ തീരുമാനിച്ചു. വര്‍ഗീസും കേശവനും രാജിക്കത്ത് നല്കി. മന്ത്രിസഭ നേരിട്ട ആദ്യ പ്രതിസന്ധിയായിരുന്നു അത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി അറിയിപ്പ് വന്നു. എന്തായിരുന്നു പ്രശ്നം, എങ്ങിനെയാണ് അത് പരിഹരിച്ചത് എന്നൊന്നും മുഖ്യമന്ത്രിയോ മന്ത്രിമാരോ വെളിപ്പെടുത്തിയില്ല. അതറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നു എനിക്ക് തോന്നി. ആ ആശയം ലേഖനരൂപത്തിലാക്കി. പക്ഷെ അത് ബാപ്പുറാവുവിന്റെ കയ്യില്‍ കൊടുക്കാന്‍ ധൈര്യമുണ്ടായില്ല. അതുകൊണ്ട് കള്ളപ്പേരും കള്ള മേല്‍വിലാസവും വെച്ച് തപാല്‍ വഴി പത്രാധിപര്‍ക്കയച്ചു. അടുത്ത ദിവസം വൈകുന്നേരം ബാപ്പുറാവു ലേഖനം എന്തു ചെയ്തു എന്നറിയാനുള്ള ആകാംക്ഷയോടെ ഞാന്‍ ആപ്പീസില് ചെന്നു. അദ്ദേഹം ഏന്തൊ എഴുതുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ ഒരു കടലാസ് വെച്ചു നീട്ടിക്കൊണ്ട് പറഞ്ഞു: “ഈ പ്രൂഫൊന്നു നോക്ക് സാറേ”.
ആപ്പീസില് എല്ലാവരും ബാപ്പുറാവുവിനെ സാര്‍ എന്നാണു വിളിച്ചിരുന്നത്. അദ്ദേഹം തിരിച്ചും എല്ലാവരെയും സാര്‍ എന്ന് വിളിച്ചു, പ്രായമൊ സ്ഥാനമോ കണക്കിലെടുക്കാതെ.
അദ്ദേഹം തന്നത് എന്റെ ലേഖനത്തിന്റെ തന്നെ പ്രൂഫ് ആയിരുന്നു. അന്ന് റയില്പാളത്തിനരികിലൂടെ നടക്കുമ്പോള്‍ ആ ലേഖനം ഞാന്‍ എഴുതിയതാണെന്നു അദ്ദേഹത്തോട് പറഞ്ഞു. ഇനിയും എഴുതണം എന്നു പറഞ്ഞു അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എന്റെ ലേഖനത്തെ കുറിച്ച് അദ്ദേഹം അച്ഛനോട് പറഞ്ഞു. ഞാന്‍ ഇഞ്ചിനീയറാകുമെന്ന പ്രതീക്ഷ പൊലിയുകയാണെന്നു തിരിച്ചറിഞ്ഞ അച്ഛന്റെ പ്രതികരണം നല്ലതായിരുന്നില്ല.
തിരുവിതാംകൂറിലെ വ്യാവസായിക നഗരങ്ങളായിരുന്നു കൊല്ലവും ആലപ്പുഴയും. . രണ്ടിടത്തും ഇടതുപക്ഷ സ്വാധീനം വളരുന്ന കാലമായിരുന്നു അത്. ആലപ്പുഴയിലെ തൊഴിലാളി സംഘടനകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കൊല്ലത്തെ സംഘടനകള്‍ പിന്നീട് ആര്.എസ്.പിയായി മാറിയ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും നിയന്ത്രണത്തിലായിരുന്നു. രാജഭരണത്തിന്റെ അന്ത്യനാളുകളില്‍ ദിവാന് സി.പി. രാമസ്വാമി അയ്യര്‍ പത്രങ്ങളെ മെരുക്കിയിരുന്നു. ആ സമയത്ത് കെ.കെ. ചെല്ലപ്പന് പിള്ള എന്ന കോണ്‍ഗ്രസ് നേതാവ് തുടങ്ങിയ യുവകേരളം മാത്രമാണ് സര്‍ക്കാരിന് രുചിക്കാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ശാരീരികാക്രമണത്തെ തുടര്‍ന്ന് ദിവാന് ഓടിപ്പോയശേഷവും പത്രങ്ങള്‍ സര്‍ക്കാര്‍ അനുകൂല മനോഭാവം തുടര്‍ന്നു. അതുകൊണ്ട് ഇടതു പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും പേരുകള്‍ പത്രങ്ങളുടെ താളുകളില്‍ ഉണ്ടായിരുന്നില്ല. ഇടതു കക്ഷികള്‍ക്കെതിരായ അപ്രഖ്യാപിത വിലക്ക് അവസാനിപ്പിച്ചത് നവഭാരതം ആണ്. അതിനു കാരണക്കാരന്‍ ഉടമയായിരുന്ന അച്ഛനോ മുഖ്യ പത്രാധിപരായിരുന്ന ബാപ്പുറാവുവോ ആയിരുന്നില്ല. അതിലുണ്ടായിരുന്ന യുവപത്രപ്രവര്‍ത്തകരായിരുന്നു. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട പേരുകള്‍ കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് പത്രാധിപസമിതിയിലുണ്ടായിരുന്ന എന്‍. രാമചന്ദ്രന്, ടി.എം.വിശ്വംഭരന്, റിപ്പോര്‍ട്ടര്‍ മാരായിരുന്ന വി. ലക്ഷ്മണന്, എ.ആര്. കുട്ടി, കെ. ചന്ദ്രശേഖരന് എന്നിവരും പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റിയ ശേഷം പത്രാധിപസമിതിയില്‍ ചേര്‍ന്ന പി.കെ. ബാലകൃഷ്ണന്, സി.എന്‍. ശ്രീകണ്ഠന് നായര്‍ എന്നിവരുമാണ്. അവര്‍ ഒച്ചപ്പാടൊന്നും കൂടാതെ മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചക്രവാളം വികസിപ്പിച്ചു.
ആ യുവനിരയില്‍ പെട്ടവരെല്ലാം ആര്.എസ്.പിയും സി.പി.ഐയും അടങ്ങുന്ന ഇടതുധാരയുടെ ഭാഗമായിരുന്നു. പലരും പിന്നീട് പ്രകടമായ കക്ഷിബന്ധം ഒഴിവാക്കിയെങ്കിലും ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും ഇടതു ചിന്താഗതി നിലനിര്‍ത്തി. അതില്‍ നിന്ന് വ്യതിചലിച്ച ഒരാള്‍ വിശംഭരന്‍ ആണ്. അവസാനകാലത്ത് അദ്ദേഹം ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു.
ഒരു സിനിമാ നിരൂപണം എഡിറ്റ് ചെയ്യുന്നതിനിടയില്‍ ബാപ്പുറാവു നടത്തിയ നിരീക്ഷണങ്ങള്‍ എനിയ്ക്ക് പാഠങ്ങളായി. അതില്‍ നടിയെ കുറിച്ച് വ്യക്തിപരമായ ഒരു പരാമര്‍ശമുണ്ടായിരുന്നു. അത് വെട്ടിക്കളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഇത് ഈ ചിത്രവുമായി ബന്ധപ്പെട്ട കാര്യമേയല്ല. എന്നുതന്നെയല്ല അവര്‍ക്ക് അപകീര്‍ത്തികരവുമാണ്.” ചിത്രത്തിലെ ഒരു പാട്ടിലെ വരികളെ കുറിച്ചും നിരൂപണത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. ആ വരികളില്‍ ആഹ്ലാദം, ആമോദം എന്നീ വാക്കുകളുണ്ടായിരുന്നു. അവ ശരിയായ രീതിയിലല്ല പ്രയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “രണ്ടു സമാനപദങ്ങള്‍ ഒന്നിച്ച് ഉപയോഗിക്കുമ്പോള്‍ ആദ്യത്തേതിനേക്കാള്‍ ശക്തമാകണം രണ്ടാമത്തേത്. അപ്പോള്‍ അത് ആദ്യത്തേതിനെ ശക്തിപ്പെടുത്തും. മറിച്ചായാല്‍ ദുര്‍ബലപ്പെടുത്തും.” വാക്കുകള്‍ സൂക്ഷ്മതയോടും കൃത്യതയോടും ഉപയോഗിക്കണമെന്ന വലിയ പാഠം അങ്ങനെ പഠിച്ചു.
നവഭാരതത്തില്‍ അക്കൌണ്ടന്റ് ആയിരുന്ന കെ. ദാമു സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും താല്പര്യമുള്ളയാളായിരുന്നു. അദ്ദേഹം ഒരു ചെറുകഥ എഴുതി. ഇതിവൃത്തം ഇങ്ങനെ: ഒരു ധനവാന് ആര്‍ഭാടത്തോടെ മകളുടെ വിവാഹം നടത്തുന്നു. ആദ്യരാത്രി ഭാര്യയെ കാത്തിരിക്കുന്ന ഭര്‍ത്താവിന്റെ മുന്നില്‍ അവള് എത്തുന്നില്ല. അമ്മായിയമ്മ എത്തി ആ പെണ്‍കുട്ടി തന്റെ ആദ്യ വിവാഹത്തിലെ മകളാണെന്നും ഇപ്പോള്‍ തന്റെ ഭര്‍ത്താവിനൊപ്പം കഴിയുന്ന അവളെ പ്രതീക്ഷിക്കേണ്ടെന്നും അറിയിക്കുന്നു. അങ്ങനെ അയാള്‍ ആദ്യരാത്രി അമ്മായിയമ്മയുമായി കഴിയുന്നു. കഥ വായിച്ചശേഷം ബാപ്പുറാവു പറഞ്ഞു: “ഇത് ഡബിള്‍ പുരോഗമനമാണല്ലോ, സാറെ.” അത് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ യാഥാസ്ഥിതിക മനസിന് കഥ ഇഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ട് അത് വെളിച്ചം കാണില്ലെന്നും ഞാന്‍ കരുതി. പക്ഷെ അത് അച്ചടിച്ചുവന്നു. അദ്ദേഹത്തിന്റെ വ്യക്തിഗത പ്രതികരണം പ്രൊഫഷണല്‍ തീരുമാനത്തെ ബാധിച്ചില്ല.
യഥാര്‍ത്ഥത്തില്‍ ആ പ്രതികരണം ധ്വനിപ്പിച്ചതുപോലെ സാമ്പ്രദായിക ധാര്‍മ്മിക ധാരണകള്‍ വെച്ചുപുലര്‍ത്തിയിരുന്ന ആളായിരുന്നില്ല ബാപ്പുറാവു എന്ന് അദ്ദേഹത്തിന്റെ കുടുംബ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മൂന്നു പെണ്‍കുട്ടികളുടെ അമ്മയില്‍ അനുരക്തനായി അവരെ വിവാഹം കഴിച്ച് അവര്‍ക്കെല്ലാമൊപ്പം അദ്ദേഹം സന്തുഷ്ട ജീവിതം നയിച്ചു. ആ അമ്മയില്‍ അദ്ദേഹത്തിന് ഒരു മകനുമുണ്ടായി. .
മലയാള പത്രലോകം ബാപ്പുറാവുവിനെ മറന്നെങ്കിലും മലയാള സാഹിത്യത്തില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നുണ്ട്. ഒരു ദിവസം കോളെജിലെ മലയാളം അദ്ധ്യാപകന് ക്ലാസെടുക്കുമ്പോള്‍ ശുഷ്കമായ മലയാള ഗദ്യസാഹിത്യം വളരാന്‍ തുടങ്ങിയത് ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ശരത് ചന്ദ്ര ചാറ്റര്‍ജി എന്നിവരുടെ ബംഗാളി നോവലുകളുടെ പരിഭാഷകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണെന്നും ആദ്യ പരിഭാഷകരിലൊരാള്‍ എന്‍. ബാപ്പുറാവു ആണെന്നും പറഞ്ഞത് അത്ഭുതത്തോടെയാണ് ഞാന്‍ കേട്ടത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ആ പുസ്തകങ്ങള്‍ വായിച്ചിരുന്നു. പക്ഷെ മൂലകൃതിയുടെ കര്‍ത്താവിന്റെ പേര് മാത്രമാണ് മനസിലുണ്ടായിരുന്നത്. അതിന്റെ കീഴിലുണ്ടായിരുന്ന എന്‍. ബാപ്പുറാവു ബി.എ., ബി.എല്‍ എന്ന വരി ഓര്‍മ്മയില്‍ ഉണ്ടായിരുന്നില്ല.
അടുത്ത റയില്പാതയോര നടപ്പിനിടയില്‍ അദ്ധ്യാപകന് നടത്തിയ പരാമര്‍ശത്തെ കുറിച്ച് ഞാന്‍ ബാപ്പുറാവുവിനോട് പറഞ്ഞു. അദ്ദേഹം നിസ്സംഗതയോടെ കേട്ടതല്ലാതെ പ്രതികരിച്ചില്ല. ബംഗാളി അറിയാമോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി.
“അപ്പോള്‍ ഇംഗ്ലീഷില്‍ നിന്നാണോ പരിഭാഷപ്പെടുത്തിയത്?”
“അല്ല. അന്ന് അവ ഇംഗ്ലീഷില്‍ വന്നിട്ടില്ല.”
“പിന്നെ എങ്ങനെയാണ് സാര്‍ അവ പരിഭാഷപ്പെടുത്തിയത്?”
“അതൊക്കെ ഒണ്ടു സാറെ,” ബാപ്പുറാവു പറഞ്ഞു.
അപ്പോഴേക്കും ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിനടുത്ത് എത്തിയിരുന്നു. ഞാന്‍ യാത്ര പറഞ്ഞു തിരിച്ചു നടന്നു. ആ അന്വേഷണം പിന്നീട് തുടരാമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. അദ്ദേഹത്തിനു തെലുങ്കും കന്നഡയും അറിയാമായിരുന്നു. ഇതില്‍ ഒന്നില്‍ നിന്നാകണം അദ്ദേഹം പരിഭാഷ നടത്തിയത്.
മലയാളരാജ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് അദ്ദേഹം ഗദ്യത്തിലും പദ്യത്തിലുമായി ഏഴോ എട്ടോ കൃതികള്‍ രചിച്ചത്. അദ്ദേഹത്തിന്റേതായി ഹിന്ദു ദേവീദേവന്മാരെ സ്തുതിക്കുന്ന സ്തോത്രരത്നാകരം എന്ന പുസ്തകത്തിന്റെ ഈയിടെ ഇറങ്ങിയ ഒരു പതിപ്പില്‍ ആദ്യപതിപ്പ് 1933ല്‍ കൊല്ലത്തെ ശ്രീരാമവിലാസം പ്രസ് ആണു പ്രസിദ്ധീകരിച്ചതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ചില അപസര്‍പ്പക കഥകളും അദ്ദേഹത്തിന്റെതായുണ്ട്.
ശ്രീരാമവിലാസം പ്രസും ബുക്ക് ഡിപ്പോയും മലയാളരാജ്യം കുടുംബത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഓരോ പുസ്തകത്തിന്റെയും പകര്‍പ്പവകാശം 100 രൂപയ്ക്ക് ആ സ്ഥാപനത്തിനു കൊടുത്തതായി ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു. അന്ന് അതൊരു ചെറിയ തുകയായിരുന്നില്ല. പ്രസാധകരുടെ ശ്രമഫലമായി ചില പുസ്തകങ്ങള്‍ പാഠപുസ്തകങ്ങളായി. അത് വലിയ തോതിലുള്ള വില്പന സാധ്യമാക്കി. അത് പ്രസാധകര്‍ക്ക് വലിയ ലാഭമുണ്ടാക്കി കൊടുത്തു. പക്ഷെ അദ്ദേഹത്തിനു ഒരു ഗുണവും ചെയ്തില്ല.
മലയാള ഭാഷക്കും പത്രപ്രവര്‍ത്തനത്തിനും ഗണ്യമായ സംഭാവന നല്കിയ ബാപ്പുറാവു പുറത്തു നിന്ന് കുടിയേറിയ ചെറിയ റാവു സമൂഹത്തിലാണ് ജനിച്ചത്. ഛത്രപതി ശിവാജിയുടെ അര്‍ദ്ധസഹോദരന്‍ വെങ്കോജി തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ആസ്ഥാനമാക്കി മറാത്താ ഭരണകൂടം സ്ഥാപിച്ചപ്പോള്‍ അവരുടെ ആധിപത്യം നിലനിര്‍ത്തുന്നതിനായി കുടിയേറ്റം പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായാണ് തെക്കേ ഇന്ത്യയില്‍ റാവുമാര് എത്തിയതെന്ന് പറയപ്പെടുന്നു. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് കെട്ടിടം നിര്‍മ്മിച്ച തിരുവിതാംകൂര്‍ ദിവാനെന്ന നിലയില്‍ ഓര്‍മ്മിക്കപ്പെടുന്ന ടി. മാധവറാവു ഉള്‍പ്പെടെ ധാരാളം പ്രഗത്ഭരെ സമ്മാനിച്ച ഒരു സമൂഹമാണത്. ഒരുകാലത്ത് കൊല്ലത്ത് ധാരാളം ഭൂസ്വത്തുള്ള പ്രതാപശാലിയായ രാജാറാം രാമറാവു എന്നൊരാള്‍ ഉണ്ടായിരുന്നതായി വി. ലക്ഷ്മണന് അദ്ദേഹം രചിച്ച നഗരത്തിന്റെ ചരിത്രത്തില്‍ പറയുന്നു. ആ സമൂഹത്തിലെ “പ്രശസ്തനും പാവപ്പെട്ടവനും” ആയ ഒരാളായാണ് നവഭാരതത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ലക്ഷ്മണന് ബാപ്പുറാവുവിനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം നിര്‍ദ്ധനനും നിരാധാരനും ആയിരുന്നതുകൊണ്ടാകാം പത്രലോകം പോലും ഇന്ന് അദ്ദേഹത്തെ ഓര്‍ക്കാത്തതെന്നും ലക്ഷ്മണന് നിരീക്ഷിക്കുന്നു.
തിരുവനന്തപ്രത്തെ നവഭാരതം അപ്പീസിലായിരുന്നു ബാപ്പുറാവു അന്ത്യശ്വാസം വലിച്ചത്. ഒരു പ്രഭാതത്തില്‍ പതിവുപോലെ ആപ്പീസിലെത്തി പണി തുടങ്ങിയ അദ്ദേഹം പെട്ടന്നു കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. എന്റെ മനസ്സില്‍ ഈ ഗുരുനാഥന് പത്രപ്രവര്ത്ത്നത്തിനായി ജീവിതം ഹോമിച്ച ഒരു രക്തസാക്ഷികൂടിയാണ്. (പ്രഭാതരഷ്മി, മാര്‍ച്ച് 15-ഏപ്രില്‍ 15,2018)