മനുഷ്യാവകാശമാണ് സ്വകാര്യത
# ബി.ആർ.പി. ഭാസ്കർ......
# ബി.ആർ.പി. ഭാസ്കർ......
ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടില്ലാത്ത പല അവകാശങ്ങളും സുപ്രീം കോടതി അതില്‍ നിന്നു വായിച്ചെടുത്തിട്ടുണ്ട്. അതില്‍ ആദ്യത്തേത് പത്രസ്വാതന്ത്ര്യമാണ്. അത് അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി ഡോ. ബി.ആര്‍. അംബേദ്‌കര്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ പറഞ്ഞിരുന്നു. കോടതി അത് ശരിവെച്ചു. പിന്നീട് കോടതി കണ്ടെത്തിയ അവകാശങ്ങളില്‍ ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പെടുന്നു. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇന്നലെ നല്‍കിയ ചരിത്ര വിധി സ്വകാര്യതയെയും ആ പട്ടികയില്‍ പെടുത്തിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ജഡ്ജിമാര്‍ ഏക സ്വരത്തില്‍ സ്വകാര്യത മൌലികാവകാശമാണെന്നു പ്രഖ്യാപിച്ചത്.
അർഥവത്തായ നിരീക്ഷണം
സ്വകാര്യത മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണെന്ന കോടതിയുടെ നിരീക്ഷണം അര്‍ത്ഥവത്താണ്. ഇന്ത്യ ഭരണഘടന നിര്‍മ്മിക്കുന്ന സമയത്ത് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ സാര്‍വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം തയ്യാറാക്കുകയായിരുന്നു. അവകാശങ്ങളെ കുറിച്ചുള്ള ആധുനിക സങ്കല്പങ്ങള്‍ രേഖയില്‍ ഉള്‍പ്പെടുത്താന്‍ രണ്ടിടത്തും ശ്രമങ്ങള്‍ നടന്നു. അതുകൊണ്ട് രണ്ട് രേഖകളിലും പൊതുവായ നിരവധി ഘടകങ്ങളുണ്ട്. അന്താരാഷ്‌ട്ര രേഖകളില്‍ പറയുന്ന അവകാശങ്ങള്‍ നമ്മുടെ രാജ്യത്തില്ലെങ്കില്‍ ഭരണഘടനാ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കുമ്പോള്‍ അവ കൂട്ടിച്ചേര്‍ക്കണമെന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വിധിന്യായത്തില്‍ സുപ്രീം കോടതി പറഞ്ഞിരുന്നു. ഇപ്പോള്‍ കോടതി ചെയ്തിരിക്കുന്നത് അതാണ്.
സാര്‍വലൌകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 12ആം വകുപ്പ് സ്വകാര്യതയെ സംബന്ധിക്കുന്നതാണ്. ആരുടെയും സ്വകാര്യതയും കുടുംബവും ഗൃഹവും എഴുത്തുകുത്തും ഏകപക്ഷീയമായ ഇടപെടലിനും മാനവും പെരുമയും ആക്രമണത്തിനും വിധേയമാകരുതെന്നു അത് പറയുന്നു. സ്വകാര്യതയ്ക്കൊപ്പം കുടുംബം, താമസസ്ഥലം, കത്തിടപാട് എന്നിവ പരാമര്ശിക്കപ്പെടുന്നതില്‍ നിന്ന് ഇത് ഒരു വ്യക്തികേന്ദ്രീകൃത അവകാശമാണെന്ന് മനസിലാക്കാം. ഇക്കാരണത്താല്‍ ഇത് അമേരിക്കന്‍ വ്യക്തിസ്വാതന്ത്ര്യ സങ്കല്പത്തിന്റെ ഭാഗമാണെന്നും ഭാരതീയ സംസ്കാരത്തിന് അന്യമാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ധാരാളം പേര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തേടുന്ന നമ്മുടെ രാജ്യത്ത് അങ്ങനെയൊരു സങ്കല്‍പത്തിനു പ്രസക്തിയില്ലെന്നാണ് അവരുടെ പക്ഷം. ഈ അടിസ്ഥാനത്തിലാണ് മോദി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടണമെങ്കില്‍ ആധാര്‍ കാര്‍ഡ് വേണമെന്ന നിബന്ധന വെച്ചത്.
തെറ്റായ ധാരണകളുടെ മേല്‍ കെട്ടിപ്പടുത്തിട്ടുള്ള വാദമാണിത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന അമേരിക്കക്കാരുടെ എണ്ണം ചെറുതല്ല. ഒബാമയുടെ ആരോഗ്യപദ്ധതി നിലവില്‍ വന്നതിനെ തുടര്‍ന്ന്‍ ജനസംഖ്യയുടെ 49.2 ശതമാനം -– അതായത് ഏതാണ്ട് പകുതി -– ഏതെങ്കിലും സര്‍ക്കാര്‍ പരിപാടിയുടെ ഗുണഭോക്താക്കളാണെന്നു അമേരിക്കയിലെ സെന്‍സസ് ബോര്‍ഡ് 2011ല്‍ വെളിപ്പെടുത്തുകയുണ്ടായി. രാജസ്ഥാനില്‍ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഒന്നര ലക്ഷം കുടുംബങ്ങളോട് വീട്ടിന്റെ ചുവരില്‍ “ഞാന്‍ ദരിദ്രനാണ്” എന്നെഴുതി വെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ മാസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹായം ലഭിക്കാന്‍ “ദാരിദ്രവാസി” എന്ന് സ്വയം മുദ്രകുത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അത്യന്തം ഹീനമാണ്. ഇത്തരം നിന്ദ്യ പ്രവൃത്തികള്‍ ഒഴിവാക്കാനാണ് ഒരാളുടെ പേരും പെരുമയും ആക്രമിക്കപ്പെടരുതെന്ന്‍ സാര്‍വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം നിര്‍ദ്ദേശിക്കുന്നത്.
പരിമിതികളുണ്ട്.
മൌലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ഒരു പൌരനു ഉയര്‍ന്ന കോടതികളെ സമീപിച്ച് അവ ഉറപ്പാക്കാനാകും. പക്ഷെ ഒരവകാശവും പരിമിതികളില്ലാത്തതല്ല. കേസന്വേഷണത്തിന്റെ ഭാഗമായി ഒരു റെയ്ഡ് നടന്നപ്പോള്‍ അത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു വാദിച്ചുകൊണ്ട് ഒരാള്‍ 1950കളില്‍ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. സ്വകാര്യത മൌലികാവകാശമല്ലെന്നാണ് അന്ന് കോടതി പറഞ്ഞത്. ഇപ്പോള്‍ അത് മൌലികാവകാശമായിരിക്കുന്നു. ഭരണഘടനപ്രകാരം മൌലികാവകാശങ്ങളുടെ മേല്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇതിനായി പുതിയ നിയമം കൊണ്ടുവരികയോ നിലവിലുള്ളവ ഭേദഗതി ചെയ്യുകയൊ ചെയ്യാവുന്നതാണ്.
പുതിയ സാങ്കേതികവിദ്യ വ്യക്തികളുടെ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചതിനോടൊപ്പം പൌരന്മാരെ നിരീക്ഷിക്കാന്‍ ഭരണകൂടത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നുമുണ്ട്. രഹസ്യരേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച് അമേരിക്കന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ എഡവേര്‍ഡ സ്നോഡന്‍ (Edward Snowden) തന്റെ പ്രവൃത്തി ന്യായീകരിച്ചു കൊണ്ടു പറഞ്ഞത് സ്വകാര്യതയില്ലാത്ത ലോകത്ത് തനിക്ക് ജീവിക്കേണ്ട എന്നാണു. അങ്ങനെയൊരു ലോകത്ത് ബൌദ്ധികമായ അന്വേഷണങ്ങള്‍ക്കും സര്ഗാത്മകതയ്ക്കും ഇടമുണ്ടാകില്ലെന്നു സ്നോഡന്‍ പറഞ്ഞു. ഇതെ ആശങ്ക തന്നെയാണ് പ്രശസ്ത ചിന്തകനായ നോം ചോംസ്കിയുടെ "ജനങ്ങള്‍ തങ്ങളുടെ സ്വകാര്യത ഉപേക്ഷിക്കാന്‍ തയ്യാറാകുന്നത് അപകടകരമാണ് എന്നാ പ്രസ്താവത്തിലുമുള്ളത്.
ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചില നടപടികള്‍ എടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്വകാര്യത എന്ന മൌലികാവകാശം സംരക്ഷിക്കുന്നതിനു പൌരസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. (മാതൃഭൂമി, ആഗസ്റ്റ് 25, 2017)
No comments:
Post a Comment