ഹിന്ദുദേശീയത ഒരു കള്ളനാണയം
ബി.ആര്‍.പി. ഭാസ്കര്‍
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ അതിന്‍റെ പിന്നിലെ ചാലകശക്തിയായ രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ പോഷക സംഘടനകള്‍ ദേശീയതാവാദം ഉയര്ത്തുകയുണ്ടായി. സ്വാതന്ത്ര്യസമരത്തെ നയിച്ച കക്ഷിയെന്ന നിലയില്‍ -- അഥവാ അതിന്റെ നേരവകാശികളെന്ന നിലയില്‍ --- കോണ്ഗ്രസിനും അതില്‍ നിന്ന്‍ വേര്‍പെട്ട സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ധാരകളില്‍ പെട്ട കക്ഷികള്‍ക്കും ജനമനസുകളിലുള്ള സ്ഥാനം ആര്‍.എസ്.എസ് മുന്‍കൈ എടുത്തു സ്ഥാപിച്ച ഭാരതീയ ജനസംഘത്തിനും ഭാരതീയ ജനതാ പാര്ട്ടിക്കും എന്നും ഒരു വെല്ലുവിളിയായിരുന്നു. ഒരു പുതിയ വ്യാജ ദേശീയത സൃഷ്ടിച്ചു കൊണ്ട് മേല്‍കൈ നേടാനാണ് അത് എക്കാലവും ശ്രമിച്ചത്. ഇപ്പോള്‍ ബി.ജെ.പിക്ക് പരസഹായം കൂടാതെ കേന്ദ്രത്തിലും പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഭരണം നിലനിര്ത്താന്‍ കഴിയുമെന്നതുകൊണ്ട് അധികാര കേന്ദ്രങ്ങളെയും അണികളെയും ഏകോപിച്ചുകൊണ്ട് തങ്ങളുടെ ദേശീയതാ സങ്കല്‍പം മുന്നോട്ടു കൊണ്ടുപോകാമെന്നു സംഘ് കരുതുന്നു.
ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷനായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആണു ഹിന്ദു ദേശീയതാ സങ്കല്‍പം ആവിഷ്കരിച്ചതും അതിന് ഹിന്ദുത്വം എന്ന പേര് നല്‍കിയതും. സാഹസികനായ സ്വാതന്ത്ര്യസമര സേനാനിയായാണ് സവര്‍ക്കര്‍ പൊതുജീവിതം തുടങ്ങിയത്. ഇംഗ്ലണ്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അദേഹം സൊസൈറ്റികള്‍ രൂപീകരിച്ചു. ബ്രിട്ടീഷുകാര്‍ ശിപായി ലഹള എന്ന് വിളിച്ച 1857ലെ കലാപത്തെ കുറിച്ച് “ഇന്ത്യയുടെ സ്വാതന്ത്ര്യസമരം” എന്ന പേരില്‍ പുസ്തകമെഴുതി. ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. വിചാരണയ്ക്ക് ശേഷം രണ്ട് ജീവപര്യന്ത നാടുകടത്തല്‍ ശിക്ഷാവിധിയുമായി ആന്‍ഡമന്സിലെ കുപ്രസിദ്ധമായ സെല്ലുലര്‍ ജയിലിലെത്തിയ സവര്‍ക്കര്‍ മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിന് മാപ്പപേക്ഷകള്‍ അയച്ചുതുടങ്ങി. ഗാന്ധിയും തിലകും വിത്തല്‍ഭായി പട്ടേലും ഉള്‍പ്പെടെയുള്ള കോണ്ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്നു ആവശ്യപ്പെട്ടു. സര്‍ക്കാര്‍ 1921ല്‍ അദ്ദേഹത്തെ ബോംബെ പ്രിവിശ്യയിലെ രത്നഗിരിയിലേക്ക് മാറ്റിയെങ്കിലും 1924ല്‍ മാത്രമാണ് മോചിപ്പിച്ചത്. അതുതന്നെയും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടില്ലെന്ന നിബന്ധനയോടെ. പ്രിവിശ്യയില്‍ 1937ല്‍ അധികാരമേറ്റ കോണ്ഗ്രസ് മന്ത്രിസഭയാണ് അദ്ദേഹത്തിന്റെ മേലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത്. അക്കൊല്ലം തന്നെ അദ്ദേഹം ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി.
ഹിന്ദുത്വ പ്രത്യയശാസ്ത്രം അവതരിപ്പിച്ചുകൊണ്ടുള്ള സവര്‍ക്കറുടെ പുസ്തകം 1923ല്‍ പുറത്തു വന്നു. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നു അതില്‍ അദ്ദേഹം സമര്‍ത്ഥിച്ചു. ആരാണ് ഹിന്ദു എന്ന ചോദ്യത്തിനു അദ്ദേഹം ഇങ്ങനെ ഉത്തരം നല്‍കി: “ഹിന്ദു എന്നാല്‍ സിന്ധു നദി മുതല്‍ സാഗരങ്ങള്‍ വരെയുള്ള ഭാരതവര്ഷത്തെ പിതൃരാജ്യമായും തന്റെ മതത്തിന്റെ തൊട്ടിലായ പുണ്യഭൂമിയായും കരുതുന്നവന്‍ എന്നര്‍ത്ഥം.” ഹൈന്ദവേതര വിഭാഗങ്ങളെ ഒഴിവാക്കുന്ന ആ രാഷ്ട്രസങ്കല്പത്തിന്റെ ഉള്ളടക്കം ഹിന്ദു വര്‍ഗീയതയാണ്. അതിനെ ദേശീയതയായി ചിതീകരിക്കുന്നത് കാപട്യമാണ്. ആ പുസ്തകത്തിന് 19 കൊല്ലം കഴിഞ്ഞാണു ഒരു രണ്ടാം പതിപ്പുണ്ടായത് എന്നതില്‍ നിന്ന്‍ രാജ്യത്തെ ഹിന്ദുക്കള്‍ അത് വളരെയൊന്നും ശ്രദ്ധിച്ചില്ലെന്നു മനസിലാക്കാം. എന്നാല്‍ 1925ല്‍ ആര്‍.എസ്.എസ് സ്ഥാപിച്ച കേശവ് ബലിറാം ഹെഡ്ഗെവാര്‍ ആ പ്രത്യയശാസ്ത്രം സ്വീകരിച്ചു. ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ബഹുജനപിന്തുണയുള്ളതുമായ ദേശീയ പ്രസ്ഥാനമായി വളരുന്ന കാലമായിരുന്നു അത്. ആര്‍.എസ്.എസ് അതുമായി സംഘടനാതലത്തില്‍ ദൂരം പാലിച്ചു. അംഗങ്ങള്‍ വ്യക്തികളെന്ന നിലയില്‍ കോണ്ഗ്രസ് പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നതിനെ വിലക്കിയില്ലെങ്കിലും സംഘടന ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന്‍ ഹെഡ്ഗെവാര്‍ നിര്‍ദ്ദേശിച്ചു. ഗാന്ധി ആഹ്വാനം ചെയ്ത 1930ലെ സത്യഗ്രഹത്തില്‍ പങ്കെടുത്ത ഹെഡ്ഗെവാര്‍ സ്വന്ത നിലയിലാണ് അത് ചെയ്യുന്നതെന്നും സംഘിനു അതുമായി ബന്ധമില്ലെന്നും വ്യക്തമാക്കി. ജര്മനിയില്‍ ഹിറ്റ്‌ലറും ഇറ്റലിയില്‍ മുസ്സോളിനിയും പിടി മുറുക്കിയപ്പോള്‍ അവരുടെ രീതികള്‍ പിന്തുടര്‍ന്ന്‍ ഹിന്ദുക്കളെ സൈനികവത്കരിക്കുന്നതിനെ കുറിച്ച് അദ്ദേഹം മഹാസഭയുടെ നേതാക്കളുമായി ചര്‍ച്ച നടത്തി. മരിക്കുന്നതിനു അല്പം മുമ്പ് സംഘിന്റെ 1940ലെ വാര്‍ഷിക സമ്മേളനത്തില്‍സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “കണ്മുന്നില്‍ ഞാന്‍ ഒരു ചെറു ഹിന്ദു രാഷ്ട്രം കാണുന്നു.” മുസ്ലിം ലീഗ് ആകട്ടെ ആ സമയത്ത് ഉപഭൂഖണ്ഡത്തില്‍ പാകിസ്ഥാന്‍ എന്ന പേരില്‍ മുസ്ലിങ്ങളുടേതായ ഒരു പ്രത്യേക ഇടം ലക്ഷ്യമിടുകയായിരുന്നു.
ഏഴു കൊല്ലത്തില്‍ ബ്രിട്ടീഷുകാര്‍ പിന്‍വാങ്ങി. പാകിസ്ഥാന്‍ നിലവില്‍വന്നു. മഹാസഭ വിഭജനത്തെ എതിര്‍ത്തെങ്കിലും അത് തടയുവാനുള്ള ശേഷി അതിനില്ലായിരുന്നു. സംഘ് ഹിന്ദുരാഷ്ട്ര സ്വപ്നം ഉപേക്ഷിച്ചില്ല. അവശിഷ്ട ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്നും കാവിക്കൊടി ദേശീയ പതാകയാകണമെന്നും അതാവശ്യപ്പെട്ടു. മഹാസഭയുടെയും ലീഗിന്റെയും മതാധിഷ്ഠിത സമീപനം തള്ളിയ കോണ്ഗ്രസിന്റെ നേതൃത്വത്തില്‍ കോണ്സ്റ്റിറ്റ്യൂവന്റ് അസംബ്ലി ഇന്ത്യയെ മതേതര ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന ഭരണഘടനയുണ്ടാക്കി.
ഇന്ത്യ-പാകിസ്ഥാന്‍ വിഭജനകാലം വര്‍ഗീയ കലാപത്തിന്‍റെ കാലമായിരുന്നു. കുറഞ്ഞത് പത്ത് ലക്ഷം പേര്‍ കൊല്ലപ്പെട്ടു. ഒന്നര കോടി ജനങ്ങള്‍ അഭയാര്‍ത്ഥികളായി. ഗാന്ധി സമാധാന സന്ദേശവുമായി കലാപ ബാധിത പ്രദേശങ്ങളില്‍ സഞ്ചരിച്ചു. പാകിസ്ഥാന്‍ രൂപീകരണത്തിനു നേതൃത്വം നല്‍കിയ മുഹമ്മദ് അലി ജിന്ന മതത്തിന്‍റെ അടിസ്ഥാനത്തിലുളള വിവേചനമില്ലാത്ത സമൂഹം സൃഷ്ടിക്കാന്‍ അനുയായികളെ ആഹ്വാനം ചെയ്തു. ഹിന്ദുത്വം ഗാന്ധിയുടെ ജീവനെടുത്തു, രോഗം ജിന്നയുടെയും. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ആസൂത്രണം ചെയ്തതെന്ന്‍ പിന്നീട് വെളിപ്പെട്ട പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെ കൊലപാതകത്തോടെ പാകിസ്ഥാന്‍ വര്‍ഗീയതയിലേക്കും പട്ടാളഭരണത്തിലേക്കും വഴുതി. നെഹ്രുവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ജനാധിപത്യത്തിന്റെയും മതേതരത്തിന്റെയും പാതയില്‍ ഉറച്ചു നിന്നു.
വിഭജനകാലത്തെ രക്തചൊരിച്ചിലിന്റെ ഓര്‍മ്മ മങ്ങും മുമ്പേ 1951-52ല്‍ ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്നു. ഹിന്ദു മഹാസഭ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നു വിലയിരുത്തിയ ആര്‍.എസ്.എസ് ഹിന്ദുത്വ പ്രത്യയശാസ്ത്രം മുന്നോട്ടു കൊണ്ടുപോകാനായി മഹാസഭയുടെ മുന്‍ അദ്ധ്യക്ഷനും നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയില്‍ അംഗവുമായിരുന്ന ശ്യാമ പ്രസാദ് മുഖര്‍ജി അദ്ധ്യക്ഷനായി ഭാരതീയ ജനസംഘം രൂപീകരിച്ചു. സന്യാസിമാരുടെ നേതൃത്വത്തില്‍ രാം രാജ്യ പരിഷത്ത് എന്നൊരു സംഘടനയും അതുണ്ടാക്കി. അങ്ങനെ അന്ന് മൂന്നു കക്ഷികള്‍ കോണ്ഗ്രസിനെതിരെ ഹിന്ദു വോട്ട് സമാഹരിക്കാന്‍ രംഗത്തുണ്ടായിരുന്നു. മൂന്നും കൂടി ആകെയുള്ള 489 മണ്ഡലങ്ങളില്‍ 186 ഇടത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ജയിച്ചത് പത്ത് പേര്‍ മാത്രം -- മഹാസഭ നാല്, ജനസംഘവും പരിഷത്തും മൂന്നു വീതം. മഹാസഭക്ക് മധ്യ ഭാരതത്തില്‍ നിന്ന് രണ്ട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന്‍ ഒന്ന് വീതവും. ജനസംഘത്തിന് പശ്ചിമ ബംഗാളില്‍ നിന്ന്‍ രണ്ട്, രാജസ്ഥാനില്‍ നിന്ന്‍ ഒന്ന്‍. രാം രാജ്യ പരിഷത്തിന്റെ മൂന്നു സീറ്റും രാജസ്ഥാനില്‍ നിന്ന്‍.
പഴയ നാട്ടുരാജ്യങ്ങളടങ്ങുന്ന രാജസ്ഥാന്‍, മധ്യ ഭാരത് (ഈ സംസ്ഥാനം പിന്നീട് മധ്യ പ്രദേശില്‍ ലയിച്ചു) എന്നിവിടങ്ങളില്‍ നിന്നാണു ഹിന്ദുത്വത്തിനു കൂടുതല്‍ സീറ്റുകള്‍ കിട്ടിയത് വര്‍ഗീയതയേക്കാള്‍ ഫ്യൂഡല്‍ സ്വാധീനമാണ് നിര്‍ണ്ണായകമായതെന്നു സൂചിപ്പിക്കുന്നു. പശ്ചിമ ബംഗാള്‍ വിഭജനത്തിന്റെ കെടുതി അനുഭവിച്ചിരുന്നു. എന്നാല്‍ മുഖര്‍ജിയുടെ നാടായതുകൊണ്ടാണു ജനസംഘത്തിനു അവിടെ രണ്ട് സീറ്റ് കിട്ടിയത്. അദ്ദേഹത്തിന്റെ കാലശേഷം ആ പാര്‍ട്ടിക്ക് അവിടെ പിടിച്ചു നില്‍ക്കാനായില്ല. വര്‍ഗീയ ലഹളകള്‍ നടന്ന യു.പി, ബീഹാര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ജനങ്ങള്‍ ഹിന്ദുത്വ കക്ഷികള്‍ക്ക് ഇടം നല്‍കിയതേയില്ല. നെഹ്രുവിന്റെ കീഴില്‍ കോണ്ഗ്രസ് വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് എടുത്തതുകൊണ്ടാണ് അവര്‍ക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയാഞ്ഞത്.
ആ തെരഞ്ഞെടുപ്പില്‍ അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ അംബാല സിറ്റി നിയമസഭാ മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്‍ഥി അബ്ദുല്‍ ഗാഫര്‍ ഖാന്‍ എന്നൊരു പ്രാദേശിക നേതാവായിരുന്നു. (അംബാല ഇപ്പോള്‍ ഹര്യാനയിലാണ്.) വര്‍ഗീയ കലാപത്തെ തുടര്‍ന്ന്‍ മുസ്ലിങ്ങള്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തശേഷം അംബാലയില്‍ ഒരു മുസ്ലിം കുടുംബമെ ഉണ്ടായിരുന്നുള്ളൂ. അത് ഗാഫര്‍ ഖാന്റെ കുടുംബമായിരുന്നു. അദ്ദേഹം ജനസംഘം സ്ഥാനാര്‍ഥിയെ തോല്പിച്ചു നിയമസഭയിലെത്തി. അടുത്ത രണ്ട് തെരഞ്ഞെടുപ്പിലും വിജയിച്ച് ജീവിതാവസാനം വരെ അദ്ദേഹം എം.എല്‍.എ ആയി തുടര്‍ന്നു.
വര്‍ഗീയതയെ തടഞ്ഞു നിര്‍ത്താന്‍ മതനിരപേക്ഷ ശക്തികള്‍ക്ക് അന്ന്‍ കഴിഞ്ഞത് സന്ധിക്ക് തയ്യാറാകാതെ അതിനെ നേരിടാന്‍ കെല്പുള്ള നേതാക്കള്‍ ഉണ്ടായിരുന്നതു കൊണ്ടാണ്. കോണ്ഗ്രസിനുള്ളില്‍ ഒരു മൃദുവര്‍ഗീയ വിഭാഗം എല്ലാക്കാലത്തും ഉണ്ടായിരുന്നു. പട്ടേലിന്റെ മരണത്തിനുശേഷം അവര്‍ നെഹ്രുവിനെ നേരിട്ട് വെല്ലുവിളിച്ചു. അവരെ പരാജയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പാര്‍ട്ടിക്കുമേല്‍ ആധിപത്യം സ്ഥാപിച്ചത്. പ്രതിപക്ഷത്തുമുണ്ടായിരുന്നു ഒരു നീണ്ട മതനിരപേക്ഷ നിര. ഒന്നാം തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് (44.99%) കഴിഞ്ഞാല്‍ ഏറ്റവുമധികം വോട്ട് നേടിയ സോഷ്യലിസ്റ്റ് പാര്ട്ടി(10.59%), കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി (5.79%), വോട്ട് വിഹിതത്തില്‍പിന്നിലായിരുന്നെങ്കിലും ലോക സഭയില്‍ കൂടുതല്‍ സീറ്റു നേടി മുഖ്യ പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (3.29%) എന്നിവ അക്കൂട്ടത്തില്‍ പെടുന്നു. വോട്ടു വിഹിതത്തില്‍ ബിജെ.പി (3.06%) അന്ന്‍ സി.പി.ഐയെക്കാള്‍ ഏറെ പിന്നിലായിരുന്നില്ല.
ആറു പതിറ്റാണ്ടില്‍ ജനസംഘത്തിന്റെ പിന്‍ഗാമിയായ ഭാരതീയ ജനതാ പാര്‍ട്ടി 31.3%വോട്ട് നേടി ഭരണം ഏറ്റെടുക്കാവുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു. കോണ്ഗ്രസിന്റെ വോട്ടുവിഹിതം 19.5% ആയി ഇടിഞ്ഞിരിക്കുന്നു. ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയ പത്ത് കക്ഷികളുടെ പട്ടികയില്‍ മുഖ്യ ഇടതുപക്ഷ കക്ഷിയായ സി.പി.എം ഏഴാം സ്ഥാനത്താണ്. അതിന്റെ വോട്ടുവിഹിതം (3.2%) അവിഭക്ത സി.പിഐയുടെ 1952ലെ തലത്തില്‍ കുടുങ്ങിക്കിടക്കുന്നു. പട്ടികയില്‍ അന്ന്‍ രംഗത്തില്ലായിരുന്ന നിരവധി കക്ഷികളുണ്ട്. ഒന്നൊഴികെ എല്ലാം പ്രാദേശിക കക്ഷികള്‍. ഈ മാറ്റങ്ങള്‍ക്ക് പല കാരണങ്ങള്‍ കണ്ടെത്താനാകും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി മതനിരപേക്ഷ കക്ഷികള്‍ വിവിധ വര്‍ഗീയ ധാരകളുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പുകളാണ്.
ഹിന്ദു വര്‍ഗീയതയെ നേരിടുന്നതില്‍ നെഹ്‌റു കാട്ടിയ ജാഗ്രത തുടര്‍ന്നു വന്നവര്‍ കാട്ടിയില്ല. നെഹ്രുവില്‍ നിന്ന്‍ വ്യത്യസ്തമായി ഇന്ദിരാ ഗാന്ധി പല അവസരങ്ങളിലും ഹിന്ദു ആഭിമുഖ്യം പ്രകടിപ്പിക്കുകയുണ്ടായി. പന്നീട് വന്ന കുടുംബാംഗങ്ങള്‍ ഹിന്ദു ആഭിമുഖ്യം തെളിയിക്കാന്‍ കൂടുതല്‍ ബാധ്യതയുള്ളവരായി. ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തുക വഴി മുസ്ലിം പ്രീണനാരോപണം നേരിട്ട രാജീവ് ഗാന്ധി അതിനു പ്രായശ്ചിത്തമെന്നോണം അമ്പലമുറ്റത്തു നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി.
പി.വി. നരസിംഹറാവു ഹിന്ദുവര്‍ഗീയതയുടെ മുന്നില്‍ മുട്ടൂമടക്കി. കര്‍സേവകര്‍ പള്ളി പൊളിക്കാന്‍ അയോധ്യയില്‍ എത്തിയപ്പോള്‍ അദ്ദേഹം പൂജാ മുറിയില്‍ കയറി കതകടച്ചു. പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പള്ളി പുന:സ്ഥാപിക്കുമെന്ന് റാവു പ്രഖ്യാപിച്ചു പക്ഷെ അതിനായി ഒരു നടപടിയും കൈക്കൊണ്ടില്ല. ഇനി ഏതെങ്കിലും സര്‍ക്കാരിനു അത് പുന:സ്ഥാപിക്കാനാകുമെന്നു തോന്നുന്നില്ല. .
സോണിയാ ഗാന്ധി കൊണ്ഗ്രസിന്റെ നേതൃത്വം എറ്റെടുത്തയുടന്‍ ബി.ജെ.പി. അവരുടെ വിദേശീയ പശ്ചാത്തലം ചൂണ്ടിക്കാട്ടി നടത്തിയ വന്‍ പ്രചാരണം സാധാരണ ജനങ്ങള്‍ ഗൌരവത്തില്‍ എടുത്തില്ല. എന്നാല്‍ ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കളെ അത് സ്വാധീനിച്ചു. അവര്‍ നാഷനല്‍ കോണ്ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു.
വര്‍ഗീയതയെ ചെറുക്കാനുള്ള കോണ്ഗ്രസിന്റെ കഴിവ് ചുരുങ്ങിയ ഘട്ടത്തില്‍ പല ജനാധിപത്യ കക്ഷികളും അതുമായി സഹകരിക്കാന്‍ തയ്യാറായി. അതോടെ വര്‍ഗീയതയ്ക്ക് രാഷ്ട്രീയ മാന്യത ലഭിച്ചു. ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലാഹബാദ് ഹൈക്കോടതി വിധി അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തില്‍ വഹിച്ച പങ്ക് പരക്കെ അറിയപ്പെടുന്നതാണ്. ബീഹാറിലും ഗുജറാത്തിലും വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ അഴിമതിവിരുദ്ധ സമരങ്ങളും അവയ്ക്ക് ജയപ്രകാശ് നാരായണ്‍ നല്കിയ പിന്തുണയും വഹിച്ച പങ്ക് അത്ര തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഗുജറാത്തിലെ സമരത്തിന്റെ പിന്നിലെ ചാലകശക്തി സംഘ പരിവാറായിരുന്നു. ബീഹാറില്‍ മുഖ്യ ഘടകം മുന്‍ സോഷ്യലിസ്റ്റുകളായിരുന്നെങ്കിലും അവിടെയും ശക്തമായ പരിവാര്‍ സാന്നിധ്യമുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും അതിനു വിശ്വാസ്യത ഉണ്ടാക്കാന്‍ തടങ്കലിലായിരുന്ന നേതാക്കന്മാരെ മോചിപ്പിക്കുകയും ചെയ്തപ്പോള്‍ അടിയന്തിരാവസ്ഥക്കാലത്ത് ജയിലില്‍ ഒപ്പമുണ്ടായിരുന്ന ജനസംഘം നേതാക്കളുമായി കൈകോര്‍ക്കാന്‍ ആര്‍ക്കും മടിയുണ്ടായില്ല. എന്നാല്‍ ജനതാ പാര്‍ട്ടി അധികാരത്തിലേറിയശേഷം ചില മുന്‍ സോഷ്യലിസ്റ്റ് നേതാക്കള്‍ മുന്‍ ജനസംഘം അംഗങ്ങള്‍ ആര്‍.എസ്.എസ് ബന്ധം തുടരുന്നത് ചോദ്യം ചെയ്തു. അവര്‍ ആ ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് അവര്‍ ജനതയില്‍ നിന്ന്‍ പിന്‍വാങ്ങി ബി.ജെ.പി. രൂപീകരിച്ചു. മാന്യത നേടിക്കഴിഞ്ഞ അവര്‍ക്കൊപ്പം നേരത്തെ സോഷ്യലിസ്റ്റ് ധാരയുടെ ഭാഗമായിരുന്ന സുഷമ സ്വരാജിനെപ്പോലെ ചിലരും പോയി.
കഴിഞ്ഞ അര നൂറ്റാണ്ടു കാലത്ത് കോണ്ഗ്രസും സോഷ്യലിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിളര്പ്പുകളിലൂടെ കടന്നു പോയപ്പോള്‍ ഒരു ക്ഷതവുംര്‍ല്ക്കാതെ നിലനിന്ന പാര്‍ട്ടിയാണ് ബി.ജെ.പിയായി മാറിയ ജനസംഘം. പല പാര്‍ട്ടികളില്‍ നിന്നും, പ്രത്യേകിച്ച് കൊണ്ഗ്രസില്‍ നിന്ന്‍, വിമതരെ ആകര്‍ഷിച്ചുകൊണ്ട് അത് വളര്‍ന്നു. നെഹ്റു-ഗാന്ധി, ആസാദ, ശാസ്ത്രി തുടങ്ങിയ പ്രമുഖ കോണ്ഗ്രസ് കുടുംബങ്ങളിലെ അസന്തുഷ്ടരെയെല്ലാം അത് സ്വാഗതം ചെയ്തു. ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ അത് സിനിമാ-സീരിയല്‍ താരങ്ങളെ ആകര്ഷിച്ചു. മാന്യത വര്‍ദ്ധിപ്പിക്കാന്‍ അടുത്തൂണ്‍ പറ്റിയ സിവില്‍ മിലിട്ടറി ഉദ്യോഗസ്ഥന്മാരെ കൂട്ടി.
ഒരു രാജ്യതന്ത്രജ്ഞനായി വളര്‍ന്ന എ.ബി. വാജ്പേയിയുടെ കീഴില്‍ ബി.ജെ.പിയുടെ അടിസ്ഥാനപരമായ പിന്തിരിപ്പന്‍ സ്വഭാവം വളരെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. വാജ്പേയ് സര്‍ക്കാരിന് ഭരണം നിലനിര്‍ത്താന്‍ മതനിരപേക്ഷ കക്ഷികളുടെ പിന്തുണ ആവശ്യമായിരുന്നു. അതുകൊണ്ട് ആര്‍.എസ്.എസ് മുന്നോട്ടു വന്നില്ല. ആ സാഹചര്യം മാറിയിരിക്കുന്നു. ബി.ജെ.പിക്ക് സ്വന്തമായി ഭൂരിപക്ഷമുള്ളതുകൊണ്ട് ഇപ്പോള്‍ അതിനു ഭരണത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയുന്നു.
രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തോളം ഹിന്ദുക്കളാണ്. ബി.ജെ.പിയുടെ വോട്ടുവിഹിതം ഹിന്ദുക്കളില്‍ ഒരു ന്യൂനപക്ഷത്തിന്റെ പിന്തുണ നേടുവാനെ അതിനു കഴിഞ്ഞിട്ടുള്ളെന്നു വ്യക്തമാക്കുന്നു. പോഷക സംഘടനകളെ ഇറക്കി സര്‍വകലാശാലകളില്‍ ദേശീയതാ പ്രശ്നവും ഗ്രാമങ്ങളില്‍ ഗോസംരക്ഷണ പ്രശ്നവുമൊക്കെ കുത്തിപ്പൊക്കുന്നത് ഹിന്ദുപിന്തുണ വര്‍ദ്ധിപ്പിച്ച് ഹിന്ദുരാഷ്ട്രമോഹം സഫലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
വര്‍ഗീയതയെ അഭിമുഖീകരിക്കാനുള്ള ആര്‍ജ്ജവം വീണ്ടെടുത്താല്‍ മതനിരപേക്ഷകക് ഷികള്‍ക്ക് ഹിന്ദുരാഷ്ട്ര സങ്കല്പത്തെ പരാജയപ്പെടുത്താനാകും. കാരണം ഹിന്ദുസമൂഹത്തിന്റെ അടിസ്ഥാന സ്വഭാവം എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുകയെന്നതാണ്. മറിച്ചുള്ള സമീപനം ജാതിവ്യവസ്ഥയിലൂടെ ഹിന് ദു സമൂഹത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിച്ച വൈദിക വിഭാഗത്തിന്റെ അജണ്ടയുടെ ഭാഗമാണ്.
ഇന്ത്യ ഒരു ബഹുസ്വര, ബഹുസംസ്കാര രാജ്യമാണ്. ജര്‍മനിയും ഇറ്റലിയും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങള്‍ പിന്തുടര്‍ന്ന്‍ ഈ മഹാരാജ്യത്ത് ഒരു ഏകശിലാ സമൂഹത്തെ വാര്ത്തെടുക്കാമെന്നു കരുതുന്നത് ശുദ്ധഭോഷ്കാണു. അങ്ങനെയൊരു സമൂഹം ഉണ്ടായാല്‍ ബഹുഭൂരിപക്ഷം ജനങ്ങളും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു പുറത്താക്കപ്പെടും. അത്തരത്തിള്ള സമൂഹത്തെ കുറിച്ച് ചരിത്രത്തില്‍ നിന്നും സ്വന്തം അനുഭവത്തില്‍ നിന്നും മനസിലാക്കിയിട്ടുള്ള ജനങ്ങള്‍ അതിന്റെ തിരിച്ചു വരവ് എന്തു വിലകൊടുത്തും തടയും. (എഴുത്ത്, ഓഗസ്റ്റ് 2017)