Monday, June 26, 2017

മദ്യപാനം ആരുടെയൊക്കെയോ   ആരോഗ്യത്തിനു ഗുണകരമാണ്


ബി.ആര്‍.പി. ഭാസ്കര്‍


കേരളത്തില്‍ അയ്യഞ്ചു കൊല്ലം ഇടവിട്ട്‌ രണ്ടു മുദ്രാവാക്യങ്ങള്‍ കേള്‍ക്കാറുണ്ട്: “മദ്യനിരോധനം ഘട്ടംഘട്ടമായി”, “മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണു വേണ്ടത്”. കഴിഞ്ഞ നാലു പതിറ്റാണ്ട് കാലത്ത് നിരോധനമൊ വര്ജ്ജനമോ ഏറെ മുന്നോട്ടു പോയിട്ടില്ലെന്നത് ഈ മുദ്രാവാക്യങ്ങളുടെ അര്‍ത്ഥശൂന്യതയും അവ ഉയര്ത്തുന്നവരുടെ ആത്മാര്‍ത്ഥതയില്ലായ്മയും വിളംബരം ചെയ്യുന്നു. ജനതാല്പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മാറിമാറി അധികാരത്തിലേറുന്ന മുന്നണികള്‍, പ്രത്യേകിച്ച് അവയെ നയിക്കുന്ന കക്ഷികള്‍, അഭിപ്രായൈക്യമുണ്ടാക്കി മദ്യനയത്തില്‍ സ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുമായിരുന്നില്ലേ? അതിനു പകരം ഓരോ മുന്നണിയും അധികാരം കിട്ടുമ്പോള്‍ മദ്യനയം പുതുക്കിപ്പണിയുന്നു. ആ പ്രക്രിയ അവര്‍ക്ക് ഏതോ തരത്തില്‍ ഗുണം ചെയ്യുന്നുവെന്ന് ഇതില്‍ നിന്നും അനുമാനിക്കാം.

നയം മാറ്റത്തിന് ഓരോ സര്‍ക്കാരും നല്‍കുന്ന ന്യായീകരണം ജനവിധി പ്രകടനപത്രികയില്‍ തങ്ങള്‍ പറഞ്ഞിട്ടുള്ള മദ്യനയത്തിനുള്ള അംഗീകാരമാണെന്നാണ്. ഈ അവകാശവാദം ശരിയാണെങ്കില്‍ പൊതുജനമെന്ന കഴുത ഓരോ അഞ്ചു കൊല്ലവും മദ്യനയം സംബന്ധിച്ച നിലപാട് മാറ്റുന്നുവെന്ന് വിശ്വസിക്കേണ്ടി വരും. 

യു.ഡി.എഫ് മുന്നണിയെ നയിക്കുന്നത് ഗാന്ധിയുടെ പ്രേരണയില്‍ സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് കോണ്ഗ്രസ് കൈക്കൊണ്ട സമീപനമാണ്. എല്‍.ഡി.എഫിനെ നയിക്കുന്നത് തൊഴില്‍ സംരക്ഷിക്കപ്പെടണമെന്ന ചിന്തയാണെന്നു വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസം എത്രമാത്രം ശരിയാണ്? ചെത്ത് തൊഴിലാളികളുടെ കാര്യം എടുക്കാം. ആ തൊഴിലില്‍ എത്രപേര്‍ ഏര്‍പ്പെട്ടിരിക്കുന്നെന്ന്‍ കൃത്യമായി പറയാന്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ പ്രവര്‍ത്തനം തടയപ്പെട്ടിട്ടുള്ള ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണക്കുകള്‍ വിശ്വസനീയമല്ല. പരമ്പരാഗതമായി ചെത്തിലേര്‍പ്പെട്ടിരുന്ന പിണറായിയിലെ ഒരു കുടുംബത്തില്‍ നിന്നുള്ള വി.കെ. ശ്രീലേഷ് എന്ന പത്രപ്രവര്‍ത്തകന്‍ മൂന്നു കൊല്ലം മുമ്പ് ഇങ്ങനെ എഴുതി: “പതിനഞ്ചു കൊല്ലം മുമ്പ് കേരളത്തില്‍ ഒരു ലക്ഷത്തില്‍പരം കള്ളു ചെത്തുകാരുണ്ടായിരുന്നു. ഇപ്പോള്‍ ഏതാണ്ട് 40,000 പേര്‍. ഈ തൊഴില്‍ അടുത്ത ഏതാനും പതിറ്റാണ്ട് അതിജീവിക്കുമോ എന്നു പലരും അത്ഭുതപ്പെടുന്നു.” പരമ്പരാഗതമായി ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ കൂടുതല്‍ മെച്ചപ്പെട്ട ഉപജീവനമാര്‍ഗം കണ്ടെത്തി സമൂഹ്യപദവി ഉയര്‍ത്താന്‍ ആഗ്രഹിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അവരെ അതില്‍ പിടിച്ചു നിര്ത്താന്‍ ശ്രമിക്കുന്നത് വിചിത്രമാണ്. ‘ഉയര്‍ന്ന’ ജാതിക്കാര്‍ പ്രസ്ഥാനത്തെ നയിച്ചിരുന്ന കാലത്ത് ആവിഷ്കരിച്ച നയം പിണറായി വിജയന്റെ കാലത്തും തുടരുമ്പോള്‍ നാം പോകുന്നത് മുന്നോട്ടു തന്നെയാണോ എന്ന് ചോദിക്കേണ്ടി വരുന്നു.

തിരിഞ്ഞു നോക്കുമ്പോള്‍ സംസ്ഥാനത്ത് മദ്യ ഉപഭോഗം വര്‍ദ്ധിക്കുന്നതിനു സഹായകമായ എല്ലാ തീരുമാനങ്ങളും എടുത്തത് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണെന്നു കാണാം. ആ പാരമ്പര്യം തുടരുകയാണ് പിണറായി സര്‍ക്കാര്‍. ആരായിരിക്കണം ഡിജിപി ആപ്പീസിലെ ജൂനിയര്‍ സൂപ്രണ്ടു എന്നുവരെ അതിവേഗം നിശ്ചയിച്ച സര്‍ക്കാര്‍ പ്രകടനപത്രികയിലെ മദ്യവാഗ്ദാനത്തിനു അന്തിമരൂപം നല്‍കാന്‍ ഒരു വര്ഷമെടുത്തു. അതിനിടയില്‍ മുന്‍സര്‍ക്കാരിന്റെ നയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളിലെ വിധികള്‍ പിന്‍പറ്റി ചില മാറ്റങ്ങള്‍ വരുത്തിയതിനെ കോടതി വിമര്ശിക്കുകയുണ്ടായി.

പുതിയ മദ്യ നയം അനുസരിച്ച് യു.ഡി.എഫ് പഞ്ചനക്ഷത്ര ഹോട്ടലുകളിലായി ചുരുക്കിയ ബാറുകള്‍ക്ക് മൂന്നും നാലും നക്ഷത്രം മാത്രമുള്ളവയും അര്‍ഹരാണ്. മാത്രമല്ല ബാറുകളില്‍ ഇനി കള്ളും വില്‍ക്കാം. കള്ളുഷാപ്പുകളുടെ ആവശ്യത്തിനു വേണ്ട കള്ളു പോലും ഇപ്പോള്‍ ഉല്പാദിക്കപ്പെടുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ നിന്നും മനസിലാക്കേണ്ടത് സര്ക്കാര്‍ കൃത്രിമ കള്ളിന്റെ വിപണിയും വിപുലീകരിക്കുകയാണെന്നാണ്.   

പ്രാരംഭ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിയര്‍-വൈന്‍ പാര്‍ലര്കളുടെ എണ്ണം 474ല്‍ നിന്ന്‍ 815 ആയും ചില്ലറ വില്പനശാലകളുടെ എണ്ണം 210ല്‍ നിന്ന്‍ 306 ആയും ഉയരും. ഇപ്പോള്‍ സംസ്ഥാനത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളിലായി 23 ബാറുകളാണുള്ളത്. ചെറിയ ഹോട്ടലുകള്‍ക്കും ബാര്‍ അനുവദിക്കുമ്പോള്‍ അവയുടെ എണ്ണത്തില്‍ ഇതിലും വലിയ വര്‍ദ്ധനയുണ്ടാകും. ചുരുക്കത്തില്‍ മദ്യത്തിന്റെ ലഭ്യത ഗണ്യമായി ഉയരും. ഇത് തീര്‍ച്ചയായും മദ്യവ്യാപാരികളുടെ മനം കുളിര്‍പ്പിക്കും. പക്ഷെ ബഹുജന താല്പര്യം ആവശ്യപ്പെടുന്നത് അതാണോ? മദ്യകുപ്പികളിലും സിനിമയിലെയും ടെലിവിഷന്‍ പരമ്പരകളിലെയും മദ്യപിക്കുന്ന രംഗങ്ങളിലും “മദ്യപാനം ആരോഗ്യത്തിനു ഹാനികരം” എന്നെഴുതി കാണിക്കാറുണ്ട്. പക്ഷെ സര്‍ക്കാരിനു --- അതോ ഭരിക്കുന്നവര്‍ക്കോ? --- അത് ഗുണകരമാകുന്നു.  

രാഷ്ട്രീയ കക്ഷികള്‍ മദ്യനിരോധനത്തിന്റെയും വര്‍ജ്ജനത്തിന്റെയും പേരില്‍ നടത്തുന്ന വാക്പോരു അനാവശ്യമാണ്. ആ തര്‍ക്കം മാറ്റി വെച്ചുകൊണ്ട് മദ്യവും ലഹരി പദാര്‍ത്ഥങ്ങളും വലിയ തോതില്‍ ലഭ്യമാക്കണമോ എന്ന്‍ അവര്‍ ആലോചിക്കണം. രാഷ്ട്രീയ കക്ഷികളുടെ സമീപനത്തിലെന്ന പോലെ മദ്യനിരോധന-മദ്യവര്‍ജ്ജന വാദികളുടെ സമീപനങ്ങളിലും കാപട്യമുണ്ട്. ഇരുകൂട്ടരും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ പരിശ്രമിക്കുകയാണ്.

കേരളത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന പഠനത്തില്‍ കുട്ടികള്‍ 14 വയസു മുതല്‍ മദ്യപാനം ശീലിക്കുന്നതായി കണ്ടെത്തിയിരുന്നു. പുതിയ സര്‍ക്കാര്‍ നയം മദ്യം ഉപയോഗിക്കാവുന്ന കുറഞ്ഞ പ്രായം 21ല്‍ നിന്ന്‍ 23 ആയി ഉയര്‍ത്തിയിട്ടുണ്ട്. മദ്യം നിരോധിച്ചാല്‍ ആളുകള്‍ മയക്കു മരുന്നിലേക്ക് നീങ്ങും എന്ന് പറയുന്ന മന്ത്രി 23 വയസ് ആയിട്ടില്ലാത്തവര്‍ മയക്കു മരുന്നിലേക്ക് പോകുന്നത് എങ്ങനെയാകും തടയുക? (ജനശക്തി, ജൂണ്‍ 16-30, 2017)

No comments: