Monday, January 30, 2017

ഇന്ത്യ നീങ്ങുന്നത് എങ്ങോട്ട്?

ബി.ആര്‍.പി. ഭാസ്കര്‍

രാജ്യം നിര്‍ണ്ണായകമായ അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക്  നീങ്ങുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി എത്രമാത്രം ഭദ്രമാണെന്ന് വെളിപ്പെടുത്താന്‍ കഴിയുന്ന തെരഞ്ഞെടുപ്പുകളാണിവ.

കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡിമോക്രാറ്റിക് അലയന്‍സ് എന്ന സഖ്യവുമായാണ് മത്സരിച്ച്ചതെങ്കിലും കേവലം 31 ശതമാനം വോട്ടിന്റെ ബലത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കായി. അതിന്റെ കീഴില്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ഭാവി അപകടത്തിലാണെന്ന് ഭരണകക്ഷിയെന്ന നിലയിലെ അതിന്റെ രണ്ടര കൊല്ലത്തെ പ്രവര്‍ത്തനം വ്യക്തമാക്കുന്നു. നാഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് പ്രചരിപ്പിച്ചു പോരുന്ന ഹിന്ദുത്വം എന്ന മതാധിഷ്ടിതമായ പ്രത്യയശാസ്ത്രമാണ് അതിനെ നയിക്കുന്നത്. ഭരണകക്ഷിയെന്ന നിലയില്‍ ഭരണഘടന മാനിക്കാനുള്ള ബാധ്യത ബി.ജെ.പിക്കുണ്ട്. അതില്ലാത്ത ആര്‍.എസ്.എസിന്റെ അനുയായികള്‍ക്ക് നീണ്ട അക്രമ രാഷ്ട്രീയ ചരിത്രമുണ്ട്. ഗാന്ധി ഘാതകനായ നാഥ്‌ഉറാം ഗോഡ്സെ ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവായ വി.ഡി. സവര്‍ക്കറുടെ ശിഷ്യനും ആര്‍.എസ്.എസുകാരനുമായിരുന്നു. ഗാന്ധിവധത്തിന് മുമ്പ്  അയാള്‍ ആര്‍.എസ്. എസ് വിട്ടതായി പറയപ്പെടുന്നുണ്ടെങ്കിലും സംഘടനയെ സം രക്ഷിക്കാന്‍ അങ്ങനെയൊരു നിലപാട് എടുക്കുകയായിരുന്നെന്ന്‍ സഹോദരനും  കൂട്ടുപ്രതിയുമായിരുന്ന ഗോപാല്‍ ഗോഡ്സെ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിന്റെ അനുയായികള്‍ നടത്തിയ അക്രമ പ്രവര്‍ത്തനങ്ങള്‍ വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചില പോലീസ് അന്വേഷണങ്ങളിലും അവ വ്യക്തമായിട്ടുണ്ട്. അവര്‍ ഉണ്ടാക്കിയിട്ടുള്ള പല തരം സേനകള്‍ ബി.ജെ.പി. അധികാരത്തിലേറിയ ശേഷം ഗോസംരക്ഷണത്തിന്റെയും ഹിന്ദു താല്പര്യ സംരക്ഷണത്തിന്റെയും പേരില്‍  രാജ്യത്തിന്റെ പല ഭാഗത്തും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും എതിരെ കൊടിയ അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്.  ആ സംഭവങ്ങളില്‍ ഫലപ്രദമായ പോലീസ് ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. പോലീസ് പരസ്യമായി തന്നെ അക്രമികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത സന്ദര്ഭങ്ങളുമുണ്ട്. ഇതെല്ലാം ഭാവിയെ കുറിച്ച് സ്വാഭാവികമായും ആശങ്കകളുയര്ത്തുന്നു.

മോദിയുടെ വന്‍ വിജയം എതിരാളികളെ അത്ഭുതപ്പെടുത്തിയെങ്കില്‍ അദേഹത്തിന്റെ ആരാധകരെ അത് ആവേശഭരിതരാക്കി. ഗുജറാത്തിലെന്നപോലെ തുടര്‍ച്ചയായി മൂന്നു തെരഞ്ഞെടുപ്പു ജയിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന ധാരണ പരന്നു.  ദല്‍ഹിയിലെയും ബീഹാറിലെയും നിയമസഭാ തെരഞ്ഞെടുപ്പു ഫലം ആ സ്ഥിതിക്ക് മാറ്റം വരുത്തി. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ദല്‍ഹി സംസ്ഥാനത്തും നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജനതാ ദള്‍- രാഷ്ട്രീയ ജനതാ ദള്‍ സഖ്യം ബീഹാറിലും മോദി എന്ന ഹിന്ദുത്വ യാഗാശ്വത്തെ പിടിച്ചു കെട്ടി. വിശാസ യോഗ്യമായ മതനിരപേക്ഷ ബദലുണ്ടെങ്കില്‍ ഹിന്ദുത്വ വര്‍ഗീയത വളര്‍ത്തി മുന്നേറുന്ന ബി.ജെ.പിയെ തടയാനാകുമെന്ന്‍ അത് തെളിയിച്ചു. പക്ഷെ സംസ്ഥാനതല വിജയത്തെ ദേശീയതലത്തിലേക്കു ഉയര്‍ത്തുന്നത് ശ്രമകരമായ ജോലിയാണ്.  

തെരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകളനുസരിച്ച് രാജ്യത്ത്  ആറു ദേശീയ ക ക്ഷികളുണ്ട്. ചുരുക്കക്ഷരങ്ങളുടെ ഇംഗ്ലീഷ് അക്ഷരമാലാ ക്രമമനുസരിച്ച്, ആ കക്ഷികള്‍ ഇവയാണ്: ഭാരതീയ ജനതാ പാര്‍ട്ടി, ബഹുജന്‍  സമാജ് പാര്‍ട്ടി (ബി.എസ.പി), കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്‍ഡ്യ (സി.പി.ഐ),  കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്‍ഡ്യ (മാര്‍ക്സിസ്റ്റ്‌) (സി.പി.ഐ-എം), ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ (ഐ.എന്‍.സി), നാഷണലിസ്റ്റ് കോണ്‍ഗ്രസ്‌ പാര്‍ട്ടി (എന്‍.സി.പി). കമ്മിഷന്‍ ഉദാരമായ സമീപനം സ്വീകരിച്ചിട്ടുള്ളതുകൊണ്ടാണ് ഇത്രയും ദേശീയ കക്ഷികളുള്ളത്. ഒരു കാലത്ത് കോണ്‍ഗ്രസിനു മാത്രമായിരുന്നു ദേശീയ കക്ഷിയെന്നു അവകാശപ്പെടാന്‍ അര്‍ഹത. അന്ന്‍ സ്വാതന്ത്ര്യസമരം നയിച്ച കക്ഷിയെന്ന നിലയില്‍ അതിനു രാജ്യമൊട്ടുക്ക്  സ്വാധീനമുണ്ടായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണകക്ഷിയുമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ ലോക സഭയില്‍ ഏറ്റവുമധികം സീറ്റുള്ള പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ സി.പി.ഐയെയാണ് എല്ലാവരും ദേശീയ ബദലായി കണ്ടിരുന്നത്. എന്നാല്‍ കാലക്രമത്തില്‍ ഇടതു സ്വാധീനം ചുരുങ്ങുകയും വലതുപക്ഷം വളരുകയും ചെയ്തു. അടിയന്തിരാവസ്ഥാ ഭരണകൂടത്തെ നേരിടാന്‍  ജയപ്രകാശ് നാരായണ്‍  മുന്‍കൈയെടുത്തു രൂപീകരിച്ച ജനതാ പാര്‍ട്ടി 1977ല്‍ ബദലായി പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അത് വേഗം ചിന്നിച്ചിതറിപ്പോയി.

ജനതാ പാര്‍ട്ടിയുടെ ഭാഗമായിരുന്ന മുന്‍ ജനസംഘം അംഗങ്ങളുടെ മേല്‍ ആര്‍.എസ്.എസ്. ബന്ധം ഉപേക്ഷിക്കാന്‍  സമ്മര്‍ദ്ദമുണ്ടായപ്പോള്‍ അവര്‍ പിന്‍ വാങ്ങി രൂപീകരിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. സമീപകാലത്ത് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ള  ഏക ദേശീയ പാര്‍ട്ടി അതാണ്‌. ഇന്ന്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളില്‍ അധികാരം കയ്യാളുന്ന കക്ഷിയും അതു തന്നെ . രാജ്യത്തെ വലുതും ചെറുതുമായ 31 സംസ്ഥാനങ്ങളില്‍ ഒമ്പതിടത്ത് അത് ഒറ്റയ്ക്ക് ഭരിക്കുന്നു. മറ്റൊരിടത്ത് അത് കൂട്ടുമന്ത്രിസഭ നയിക്കുന്നു. രണ്ടിടത്ത്  കൂട്ടുമന്ത്രിസഭകളില്‍ പങ്കാളിയുമാണ്. ഇതെല്ലാം അതിനെ ഏറ്റവും വലിയ കക്ഷിയാക്കുന്നു. ഏഴു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരുണ്ട്. ഇതില്‍  ഏറെയും ചെറിയ സംസ്ഥാനങ്ങളാണ്. സി.പി. ഐ-എം രണ്ടു സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ നയിക്കുന്നു. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ ഭരണം പ്രാദേശിക കക്ഷികളുടെ കൈകളിലാണ്. ഉത്തര്‍ പ്രദേശ്‌, ബീഹാര്‍, ബംഗാള്‍, തമിഴ് നാട്, ആന്ധ്ര പ്രദേശ്‌, തെലങ്കാന എന്നീ വലിയ സംസ്ഥാനങ്ങള്‍ അക്കൂട്ടത്തില്‍ പെടുന്നു.

നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള കഴിവ് കോണ്‍ഗ്രസിന്‌ ഇന്നില്ല. ഇന്ദിരാ ഗാന്ധി പ്രാദേശിക നേതാക്കളെ നോമിനേറ്റ് ചെയ്യുന്ന രീതി നിലവില്‍ വന്നതോടെയാണ് സംഘടന ദുര്‍ബലമായത്. കീഴ്ത്തട്ടില്‍   പരിമിതമായ തോതിലെങ്കിലും സംഘടനാ പ്രവര്‍ത്തനം തുടര്‍ന്ന പ്രദേശമാണ് കേരളം. ഗ്രൂപ്പ് നേതാക്കള്‍ മത്സരിച്ച് വ്യാജ അംഗങ്ങളെ ചേര്‍ത്തതിന്റെ ഫലമായി ഇവിടെയും പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത അവസ്ഥയായി. ഗ്രൂപ്പുകളില്‍ നിന്ന്‍ പാര്‍ട്ടിയെ മോചിപ്പിക്കാനായി രാഹുല്‍ ഗാന്ധി തലപ്പത്തു കൊണ്ടു വന്ന വി.എം സുധീരനെ എ.കെ. ആന്റണിയില്‍ നിന്ന്‍  അദ്ദേഹത്തിന്റെ ഗ്രൂപ്പ് ഏറ്റെടുത്ത ഉമ്മന്‍ ചാണ്ടിയും കെ.കരുണാകരന്റെ ഗ്രൂപ്പ് പുന:സംഘടിപ്പിച്ച രമേശ്‌ ചെന്നിത്തലയും കൂടി ചേര്‍ന്ന് തോല്പിച്ചു. 

പത്തു കൊല്ലം കേന്ദ്രത്തില്‍ ഭരണത്തിനു നേതൃത്വം നല്‍കാന്‍ കോണ്ഗ്രസിനു കഴിഞ്ഞെങ്കിലും സോണിയ ഗാന്ധിയുടെ കീഴില്‍ സംഘടന  ക്ഷയിക്കുകയായിരുന്നു. മോദി ദുര്‍ബലമായ കോണ്‍ഗ്രസിനെ നിലംപരിശാക്കി അധികാരം പിടിച്ചെടുത്തിട്ടു രണ്ടര കൊല്ലം കഴിഞ്ഞിരിക്കുന്നു. സോണിയക്കൊ അനന്തരാവകാശിയായ രാഹുല്‍  ഗാന്ധിക്കൊ പാര്‍ട്ടിയെ രക്ഷിക്കാന്‍ ഫലപ്രദമായ ഒരു നടപടിയും എടുക്കാനായിട്ടില്ല. 

കേരളത്തില്‍ 1957ല്  അധികാരത്തില്‍ നിന്ന്‍ പുറത്തായ കോണ്‍ഗ്രസിന്‌ വളരെ വേഗം തിരിച്ചുവരാനും മുന്നണി സംവിധാനം വഴി സംസ്ഥാനത്ത് പ്രസക്തി നിലനിര്‍ത്താനും സാധിച്ചു. എന്നാല്‍ തമിഴ് നാട്ടില്‍ 50 കൊല്ലം മുമ്പ്  അധികാരം നഷ്ടപ്പെട്ട ശേഷം ഒരു തിരിച്ചുവരവുണ്ടായിട്ടില്ല. അന്നുമുതല്‍  അവിടെ ദ്രാവിഡ പ്രസ്ഥാനത്തില്‍ നിന്നും ഉയര്‍ന്നു വന്ന രണ്ടു കക്ഷികള്‍ തമ്മിലാണ് അധികാരമത്സരം. ബംഗാളില്‍ കോണ്‍ഗ്രസിനെ തോല്പിച്ച് 1977ല് അധികാരത്തിലേറിയ സി.പി.ഐ-എം മൂന്നു പതിറ്റാണ്ടുകാലം തുടര്‍ച്ചയായി ഭരിച്ചു.  അതിനെ പുറത്താക്കിയത് കോണ്ഗ്രസ് അല്ല, ആ കക്ഷി വിട്ടശേഷം സി.പി.ഐ-എമ്മിന്റെ അക്രമാസക്തമായ രീതികള്‍  അനുകരിച്ചു  അതിനെ  നേരിട്ട മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്ഗ്രസാണ്. യു.പിയില്‍ 1989നു ശേഷവും ബീഹാറില്‍ 1990നു ശേഷവും ഗുജറാത്തില്‍ 1995നു ശേഷവും അധികാരത്തില്‍ വരാന്‍ കഴിഞ്ഞിട്ടില്ലാത്ത കോണ്‍ഗ്രസ്‌ ഒരു പുതിയ നേതൃത്വത്തിന്റെ കീഴില്‍ പുതുജീവന്‍ കൈവരിച്ചില്ലെങ്കില്‍ മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന സ്ഥാനം തന്നെയും നഷ്ടപ്പെട്ടേക്കും

അടുത്ത ഏതാനും ആഴ്ചകളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ രണ്ടിടത്ത്, ഉത്തരാഖണ്ടിലും മണിപ്പൂരിലും, ഇപ്പോള്‍  കോണ്‍ഗ്രസ്‌ ആണ്  ഭരണകക്ഷി. ഗോവയില്‍ സര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പി  പഞ്ചാബ് സര്‍ക്കാരില്‍  അകാലി ദളിന്റെ പങ്കാളിയാണ്. മുഖ്യധാരാ സംസ്ഥാനങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ നിന്ന്‍ ദേശീയതലപ്രവണതകളെ കുറിച്ച് ശരിയായ നിഗമനങ്ങളില്‍ എത്താനാവില്ല. സിക്ക് മതസ്ഥര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമെന്ന നിലയില്‍ പഞ്ചാബിലെ സാഹചര്യങ്ങളും വ്യത്യസ്തമാണ്. എന്നാല്‍ പരമ്പരാഗതമായി അകാലി ദളും കോണ്ഗ്രസും തമ്മില്‍  അധികാര മത്സരം നടന്നിരുന്ന അവിടെ ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശം എന്ത് മാറ്റമാണ് വരുത്തുകയെന്ന്‍ അറിയേണ്ടതുണ്ട്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍  അകാലി ദള്‍-ബി.ജെ.പി കൂട്ടായ്മയെയും കോണ്‍ഗ്രസിനെയും മറികടന്നു പഞ്ചാബിന്റെ 13 സീറ്റുകളില്‍ നാലെണ്ണം ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തിരുന്നു. മറ്റ് സീറ്റുകളുടെ വിതരണം ഇങ്ങനെ: അകാലി ദള്‍ 4. ബി.ജെ.പി  2, കോണ്‍ഗ്രസ്‌ 3.

ഉത്തര്‍ പ്രദേശ്‌ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ്. ലോക് സഭയില്‍ ഇപ്പോള്‍ 80 സീറ്റുകളുണ്ട് ഉത്തരാഖണ്ടിനെ വേര്‍പെടുത്തുന്നതിന് മുമ്പ്, 85 സീറ്റുകള്‍ ഉണ്ടായിരുന്നപ്പോള്‍ അതില്‍ 57 എണ്ണം നേടിയ ഘട്ടത്തിലാണ് ബി.ജെ.പിക്ക് കേന്ദ്രത്തില്‍ എ.ബി. വാജ്പേയിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടുമന്ത്രിസഭഉണ്ടാക്കാനായത്. കഴിഞ്ഞ തവണ ബി.ജെ.പി നേടിയ 282 സീറ്റുകളില്‍ 71 ഇപ്പോള്‍ ആകെ 80 സീറ്റുകള്‍ മാത്രമുള്ള യു.പിയുടെ സംഭാവന ആയിരുന്നു. ഉത്തരാഖണ്ടിലെ അഞ്ചു സീറ്റും അതിനു കിട്ടി. ഈ പശ്ചാത്തലത്തില്‍ യു.പിയിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സസൂക്ഷ്മം വീക്ഷിക്കേണ്ടിയിരിക്കുന്നു. 

ഹിന്ദിഹൃദയഭൂമിയായ യു.പി പിന്നാക്ക സംസ്ഥാനമാണെങ്കിലും ജനങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണു. ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ്‌ സംഘടന അടക്കിപ്പിടിച്ചിരുന്ന സിണ്ടിക്കേറ്റിനെ വെല്ലുവിളിച്ച 1971ലെ തെരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ 73ഉം അവര്‍ക്ക് ലഭിച്ചു. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിനു ശേഷം നടന്ന1977ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ കോണ്‍ഗ്രസിന് അവര്‍ ഒരു സീറ്റു പോലും കൊടുത്തില്ല. ഇന്ദിരയെയും മകന്‍ സഞജയനെയുംകൂടി തോല്പിച്ചുകൊണ്ട് അവര്‍ 85 സീറ്റും പുതുതായി തല്ലിക്കൂട്ടിയ ജനതാ പാര്‍ട്ടിക്ക് നല്‍കി. ജനതാ പാര്‍ട്ടിയുടെ തമ്മില്‍ത്തല്ല് കണ്ടു മടുത്ത യു.പിയിലെ വോട്ടര്‍മാര്‍ 1980ല്‍ കോണ്‍ഗ്രസിനു 51സീറ്റ് നല്‍കിക്കൊണ്ട് ഇന്ദിരാ ഗാന്ധിയുടെ തിരിച്ചുവരവിന് വഴിയൊരുക്കി.

ലോക് സഭയിലേക്കും നിയമസഭയിലേക്കും സമീപകാലത്ത് നടന്ന  തെരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിക്കുമ്പോള്‍ ഈ വലിയ സംസ്ഥാനത്തെ ജനങ്ങള്‍ പാര്‍ട്ടികളെ മാറി മാറി പരീക്ഷിക്കുകയാണെന്ന് തോന്നുന്നു. കോണ്ഗ്രസും ജനതാ ദളും ക്ഷയിച്ചപ്പോള്‍ ഉയര്‍ന്നുവന്ന ബി.ജെ.പി 1991ല്‍ നിയമസഭയില്‍ ഭൂരിപക്ഷം നേടി. ആര്‍.എസ്.എസുകാര്‍ ബാബറി മസ്ജിദ് പൊളിച്ചതിനെ തുടര്‍ന്ന്‍ ബി.ജെ.പി. സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. പിന്നീട് ഏതാനും കൂട്ടുമന്ത്രിസഭകളുണ്ടായി. അതിനുശേഷം 2007ല്‍ ബി.എസ.പിക്കും 2012ല് സമാജ്‌വാദി പാര്‍ട്ടിക്കും വോട്ടര്‍മാര്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ അവസരം നല്‍കി. ലോക് സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തില്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കാനാകുമെന്നാണു മോദി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല.

മോദി ഈയിടെ സംസ്ഥാന തലസ്ഥാനത്ത് അഭിസംബോധന ചെയ്ത റാലിയില്‍ ആറു ലക്ഷം പേര്‍ പങ്കെടുത്തതായി അവകാശപ്പെട്ടിരുന്നു. രാജ്യമൊട്ടുക്ക് അനുഭവപ്പെടുന്ന നോട്ടുക്ഷാമം ബി.ജെ.പിയെ ബാധിച്ചിട്ടില്ലെന്ന്‍ ഇത് വ്യക്തമാക്കുന്നു. എതിര്‍ കക്ഷികള്‍ക്കിടയിലെ അനൈക്യമാണ് ബി.ജെ.പിക്ക് അനുകൂലമായ പ്രധാന ഘടകം. സംസ്ഥാനത്തെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയില്‍ നടക്കുന്ന യുദ്ധത്തില്‍ ഒരുഭാഗത്ത് സ്ഥാപക പ്രസിഡന്റും അച്ഛനുമായ മുലായം സിംഗ് യാദവും മറുഭാഗത്ത് മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവുമാണ്. തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കും മുമ്പ് ഐക്യം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും മനസിലാക്കുന്നുണ്ട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ അഖിലേഷ് തയ്യാറാണെന്ന് പറയപ്പെടുന്നു. സമാജ്‌വാദി പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ചിരുന്ന മുസ്ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന അസംതൃപ്തി മുതലെടുക്കാന്‍ മായാവതി ധാരാളം മുസ്ലിങ്ങള്‍ക്ക് ബി.എസ്.പി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ രണ്ട് തവണയും ബഹുകക്ഷി മത്സരത്തിനിടയില്‍ ഒരു കക്ഷിയെ തെരഞ്ഞെടുത്ത് ഭരിക്കാനുള്ള ഭൂരിപക്ഷം നല്‍കിയ വോട്ടര്‍മാര്‍ ആ ചരിത്രം ആവര്‍ത്തിക്കുമോ? എങ്കില്‍ ആരായിരിക്കും ഗുണഭോക്താവ്? ഈ ചോദ്യത്തിനുള്ള ഉത്തരത്തിനു മാര്‍ച്ച്‌ രണ്ടാം വാരം വരെ കാത്തിരിക്കണം. ആ ഉത്തരത്തില്‍ സമീപഭാവിയിലെ രാഷ്ട്രീയഗതിയുടെ സൂചനയുമുണ്ടാകും.  (ജനശക്തി, ജനുവരി 16-31, 2017)

No comments: