ബി.ആർ.പി.
ഭാസ്കർ
ജനയുഗം
വർഗീയത
കേരളത്തിന്റെ മുഖമുദ്രയാവുകയാണോ? ഈ ചോദ്യം നാം നമ്മോടു തന്നെ ചോദിക്കുകയും ഉത്തരം
കണ്ടെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. രണ്ട് മുന്നണികൾക്ക് ദീഘകാലമായി ആധിപത്യമുള്ള
സംസ്ഥാനമാണ് നമ്മുടേത്. രണ്ടിനെയും നയിക്കുന്നത് മതനിരപേക്ഷ കക്ഷികളാണ്. എന്നാൽ ഈ
മുന്നണികളുടെ തണലിൽ വർഗീയതകൾക്ക് വളരാനാകുന്നു.
എൽ.ഡി.എഫും
യു.ഡി.എഫും ഏറെക്കാലം തടഞ്ഞു നിർത്തിയിരുന്ന ഭാരതീയ ജനതാ പാർട്ടിക്ക് ഇത്തവണ തദ്ദേശ
തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്താനായി. രണ്ട് മുന്നണികളും ന്യൂനപക്ഷപ്രീണനം നടത്തുന്നെന്ന
ആരോപണം ഉയർത്തി ഹിന്ദുക്കളെ ആകർഷിക്കാൻ അത് നടത്തിയ ശ്രമങ്ങൾ ഇത്രകാലവും
വിജയിച്ചിരുന്നില്ല. ഇപ്പോൾ അതു ഫലം കണ്ടത് ഭൂരിപക്ഷ സമൂഹത്തിന്റെ മനോഭാവത്തിൽ
മാറ്റമുണ്ടാകുന്നതിന്റെ സൂചനയാണ്.
വർഗീയ
കക്ഷിയെന്ന നിലയിൽ 1960ൽ കോൺഗ്രസ് കൂട്ടുമന്ത്രിസഭയിൽ സ്ഥാനം നിഷേധിച്ച ഇന്ത്യൻ
യൂണിയൻ മുസ്ലിം ലീഗ് ഇന്ന് യു.ഡി.എഫിനെ ആട്ടാൻ കഴിവുള്ള വാലാണ്. മന്ത്രിസഭയിൽ ഉമ്മൻ
ചാണ്ടി നൽകിയ നാലു സ്ഥാനങ്ങൾ കൊണ്ട് തൃപ്തിപ്പെടാതെ ലീഗ് നേതാവ് പാലക്കാട് തങ്ങൾ പരസ്യമായി
ഒരു അഞ്ചാം മന്ത്ര്രിയുടെ പേരു പ്രഖ്യാപിച്ചപ്പോൾ മുഖ്യമന്ത്രിക്ക് സ്വന്തം സ്ഥാനം
നിലനിർത്താൻ അത് അംഗീകരിക്കേണ്ടി വന്നു.
മുസ്ലിം ലീഗ് പ്രത്യക്ഷത്തിൽ
തന്നെ വർഗീയ കക്ഷിയാണ്. അതിന്റെ പേരു അതിന്റെ വർഗീയസ്വഭാവം വിളംബരം ചെയ്യുന്നു. പ്രീതിയും
അപ്രീതിയും കൂടാതെ തീരുമാനങ്ങൾ എടുക്കാമെന്ന പതിവ് പ്രതിജ്ഞയെടുത്തുകൊണ്ടാണ് ലീഗ്
മന്ത്രിമാരും ചുമതല ഏൽക്കുന്നത്. എന്നാൽ മുസ്ലിം താല്പര്യങ്ങൾ സംരക്ഷിക്കാൻ
ബാധ്യസ്ഥതരാണവർ. ചില ലീഗ് മന്ത്രിമാരുടെ നടപടികൾ ആ നിലയ്ക്ക് ആക്ഷേപം
വിളിച്ചുവരുത്തിയിട്ടുമുണ്ട്.
ലീഗ് ചെയ്യുന്നതെല്ലാം
വർഗീയമായി ചിത്രീകരിക്കപ്പെടുന്നെന്ന് അതിന്റെ സെക്രട്ടരി
കെ.എൻ.എ. ഖാദർ
അടുത്തകാലത്ത് പരാതിപ്പെടുകയുണ്ടായി. ഒരു വർഗീയ സംഘടനയുടെ ചെയ്തികളെ മറ്റുള്ളവർ ആ വിധത്തിൽ
കാണുന്നത് സ്വാഭാവികമാണെന്ന് ലീഗ് നേതാക്കൾ മനസിലാക്കണം. അവരുടെ മനസിൽ മറ്റ് പല കക്ഷികളുടെയും
നേതാക്കളുടെ മനസിലുള്ളതിനേക്കാൾ ജാതിമതചിന്തയുണ്ടെന്ന അഭിപ്രായം ഈ ലേഖകനില്ല. എന്നാൽ
വർഗീയ സംഘടനയുടെ ഭാഗമായതുകൊണ്ട് അവരുടെ പ്രവർത്തനങ്ങൾ സംശയദൃഷ്ടിയോടെ
വീക്ഷിക്കപ്പെടും.
പലതരം അവശതകൾ
അനുഭവിച്ചിരുന്ന ഒരു വിഭാഗമെന്ന നിലയിൽ കേരളത്തിലെ മുസ്ലിങ്ങൾ മതാടിസ്ഥാനത്തിൽ
സംഘടിച്ചതിന് ചരിത്രപരമായ ന്യായീകരണം കണ്ടെത്താനാകും. ഇപ്പോൾ അവർ കേരളത്തിലെ
ഏറ്റവും വലിയ സാമൂഹിക വിഭാഗമാണ്. ഗൾഫ് പ്രവാസത്തെ തുടർന്ന് അവരുടെ സാമ്പത്തികവും
സാമൂഹികവുമായ അവസ്ഥ മെച്ചപ്പെട്ടിട്ടുമുണ്ട്. വർഗീയതയെ ആശ്രയിക്കാതെ പൊതുസമൂഹത്തിന്റെ
ഭാഗമായി നിന്നുകൊണ്ടു നീതി ഉറപ്പാക്കാനുള്ള കഴിവ് ഇപ്പോൾ അതിനുണ്ട്. ഈ
സാഹചര്യത്തിൽ വർഗീയ കക്ഷിയുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്ന് ലീഗ് നേതാക്കൾചിന്തിക്കണം.
ലീഗ്
പ്രതിനിധാനം ചെയ്യുന്ന പ്രത്യക്ഷ വർഗീയതയേക്കാൾ അപകടകരമാണ് കേരള കോൺഗ്രസുകൾ
പ്രതിനിധാനം ചെയ്യുന്ന പ്രച്ഛന്ന വർഗീയത. ലീഗിനെപ്പോലെ സാമൂഹിക അവശതകൾക്ക് പരിഹാരം
കാണാനല്ല കേരള കോൺഗ്രസ് ജന്മമെടുത്തത്. മുഖ്യമന്ത്രി ആർ.ശങ്കറും ആഭ്യന്തരമന്ത്രി പി.ടി.
ചാക്കോയും തമ്മിൽ കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ഗ്രൂപ്പു വഴക്കാണ് അതിന്റെ ജനനത്തിനു
കാരണമായത്. ജാതിമതപരിഗണനകൾക്കപ്പുറം സ്വാതന്ത്ര്യത്തിന്റെ ആദ്യവർഷങ്ങളിൽ
തിരുവിതാംകൂറിൽ വ്യാപകമായി നടന്ന ഭൂമി കയ്യേറ്റങ്ങൾ സംരക്ഷിക്കുകയെന്ന ദൌത്യവും അതിന്റെ
സ്ഥാപകർക്കുണ്ടായിരുന്നു. കേരള കോൺഗ്രസുകാർ കോൺഗ്രസ് വിട്ടുപോയശേഷവും ഈ താല്പര്യങ്ങൾ
സംരക്ഷിക്കാൻ കടമപ്പെട്ടവർ ആ പാർട്ടിയിൽ അവശേഷിച്ചു എന്നത് മറ്റൊരു കാര്യം. അവരോടൊ[പം
കൈകോർക്കാൻ ഒരു ഘട്ടത്തിൽ ഇടതുപക്ഷവും തയ്യാറായി..
കമ്മ്യൂണിസ്റ്റ്
മന്ത്രിസഭക്കെതിരായ ‘വിമോചന’ സമരം ദുർബലമായിക്കൊണ്ടിരുന്ന ജാതിമത ശക്തികൾക്ക്
പുതുജീവൻ നൽകുകയുണ്ടായി. പിൽക്കാലത്ത് സി.പി.എമ്മും കോൺഗ്രസു വർഗീയ കക്ഷികൾക്ക്
മന്ത്രിസഭകളിൽ സ്ഥാനം കൊടുത്തത് അവർക്ക് വളരാൻ അവസരം നൽകി. ഇന്ന് യു.ഡി.എഫ് വർഗീയതകളുടെ
ഒരു വലിയ കൂടാരമാണ്. ഹ്രസ്വകാല നേട്ടങ്ങൾൾക്കായി ഇടതു മുന്നണി കാലാകാലങ്ങളിൽ സ്വീകരിച്ച
നടപടികൾ വർഗീയതയെ ചെറുക്കാനുള്ള അതിന്റെ കഴിവിനെ പരിമിതപ്പെടുത്തി. ഒരുവശത്ത് അബ്ദുൾ
നാസർ മ്‌അദനിയും മറുവശത്ത് കെ. രാമൻ പിള്ളയുമായിരിക്കുന്ന ഇടതുപക്ഷ നേതാവ് മതനിരപേക്ഷതയുടെ
പ്രതീകമല്ല, വർഗീയപ്രീണനത്തിന്റെ പ്രതീകമാണ്.
ന്യൂനപക്ഷപ്രീണന
വാദം ഫലം കണ്ടു തുടങ്ങിയ സാഹചര്യം പ്രയോജനപ്പെടുത്തി നവോത്ഥാന പാരമ്പര്യം തടഞ്ഞു
നിർത്തിയിരുന്ന ഹിന്ദു വോട്ടു ബാങ്ക് പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ സംഘ പരിവാർ എസ്.എൻ.ഡി.പി.
യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുന്നിൽ നിർത്തിക്കൊണ്ട് ശ്രമം തുടങ്ങിയിരിക്കുകയാണ്.
മന്നത്ത് പത്മനാഭനും ആർ. ശങ്കറും ഒത്തുപിടിച്ചിട്ട് നടക്കാഞ്ഞത് വെള്ളാപ്പള്ളി
ഒറ്റയ്ക്ക് നടത്തുമെന്ന് കരുതുന്നത് മൌഢ്യമാണ്.
ഭൂരിപക്ഷ വർഗീയതയാണു
ന്യൂനപക്ഷ വർഗീയതയ്ക്ക് പ്രതിവിധി എന്നു കരുതുന്നവരുണ്ട്. എന്നാൽ ഒരു വർഗീയതക്ക്
മറ്റൊരു വർഗീയതയെ തടഞ്ഞു നിർത്താനാകില്ലെന്നതാണ് വാസ്തവം. വർഗീയതകൾ പരസ്പരം
വളർത്തുകയാണ് ചെയ്യുന്നത്. ഒരു ഭൂരിപക്ഷ ജാതിമത സമൂഹമില്ലാത്ത സംസ്ഥാനമാണ് കേരളം. വിവിധ
ജാതിമത സമൂഹങ്ങളുടെ താല്പര്യങ്ങൾ വ്യത്യസ്തമാണ്. ചില സമൂഹങ്ങൾ മുൻ കാലങ്ങളിൽ അനുകൂല
സാഹചര്യങ്ങളുടെ സദ്ഫലം അനുഭവിച്ചവയാണ്. സ്വാഭാവികമായും ആ നില നിലനിർത്താൻ അവ
ആഗ്രഹിക്കും. മറ്റ് ചില സമൂഹങ്ങൾ പ്രതികൂല സാഹചര്യങ്ങളുടെ ദുഷ്‌ഫലം
അനുഭവിച്ചവയാണ്. സ്വാഭാവികമായും അത് ദൂരീകരിക്കാൻ അവ ആഗ്രഹിക്കും.