ബി.ആർ.പി. ഭാസ്കർ
കേരളരാഷ്ട്രീയം സരിതമയമായിട്ട് രണ്ട് മാസത്തിലധികമായി. പുതിയ വിഷയം കിട്ടുമ്പോൾ പഴയത് ഉപേക്ഷിച്ചു അതിന്റെ പിന്നാലെ പോകുന്ന മാധ്യമങ്ങൾ ആഴ്ചകളായി സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ശാലു മേനോനും കേന്ദ്രപാത്രങ്ങളായ സോളാർ തട്ടിപ്പിൽ കുടുങ്ങിക്കിടക്കുകയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മന്ത്രിസഭാ പുന:സംഘടനപോലെ ഒരു വലിയ രാഷ്ട്രീയ പ്രമേയം എറിഞ്ഞു കൊടുത്തിട്ടും മാധ്യമങ്ങൾ അത് പൂർണ്ണമായും വിട്ടില്ല.
തട്ടിപ്പുകളും പെണ്ണുകേസുകളും കേരളത്തിന് പുത്തരിയല്ല. അത്തരം കേസുകളിൽ പെട്ടവരുടെ രാഷ്ട്രീയബന്ധങ്ങളെക്കുറിച്ചുള് ള
കഥകൾ നാം ഏറെ കേട്ടിട്ടുണ്ട്. അവയൊന്നും രണ്ടു മാസം തുടർച്ചയായി വാർത്താ ചാനലുകളിൽ
ഓടിയിട്ടില്ല. ദൃശ്യമാധ്യമ സ്വാധീനത്തിൽ കഴിഞ്ഞ പതിറ്റാണ്ടുകാലത്ത് മലയാളി മനസിൽ
വികസിച്ചിട്ടുള്ള സംഭ്രമകൌതുകം മാത്രമല്ല സരിത-ബിജു-ശാലു വ്യവഹാരങ്ങളിലെ താല്പര്യത്തിനു
പിന്നിലുള്ളത്. വിശാലമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മാനങ്ങളുള്ള ഒരു പ്രശ്നത്തിന്റെ
ചുരുളുകളാണ് ഈ തട്ടിപ്പു കേസ് അന്വേഷണങ്ങളിലൂടെ അഴിഞ്ഞിട്ടുള്ളത്.
ഒരു നൂറ്റാണ്ടു മുമ്പ് നടന്ന കുറിയേടത്ത് താത്രിയുടെ സ്മാർത്ത വിചാരം ഫ്യൂഡൽ ജീർണ്ണത തുറന്നുകാട്ടിയ സംഭവമായിരുന്നു. ജീർണ്ണാവസ്ഥയിലും കുറഞ്ഞ തോതിലുള്ള സത്യസന്ധത അന്നത്തെ കൊച്ചി രാജ്യത്ത് നിലനിന്നിരുന്നതുകൊണ്ട് താത്രി തന്നെ പ്രാപിച്ചവരെ സംബന്ധിച്ച വിവരങ്ങൾ തെളിവു സഹിതം നിരത്തിയപ്പോൾ വ്യവസ്ഥയുടെ സംരക്ഷകർക്ക് അവയ്ക്ക് നേരെ കണ്ണടയ്ക്കാനായില്ല. അങ്ങനെ അത് ഫ്യൂഡൽ സമൂഹത്തിന്റെ ശുദ്ധീകരണത്തിന് വഴിതെളിച്ചു. നവോത്ഥാനാനന്തര കാലത്ത് കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും കുമിഞ്ഞുകൂടിയിട്ടുള്ള ജീർണ്ണതയാണ് സോളാർ തട്ടിപ്പു കേസുകളിലൂടെ പുറത്തുവന്നിട്ടുള്ളത്. ഒരാധുനിക സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പിനാവശ്യമായ കുറഞ്ഞ തോതിലുള്ള സത്യസന്ധത ഇന്നത്തെ കേരളത്തിലില്ലാത്തതുകൊണ്ട് വ്യവസ്ഥയുടെ സംരക്ഷകർക്ക് അതിനു നേരെ കണ്ണടക്കാൻ കഴിയുന്നു. പുറത്തു വരുന്ന വസ്തുതകൾ അവർ അതിവേഗം തമസ്കരിക്കുകയൊ വികലമാക്കുകയൊ ചെയ്യുന്നു.
ജൂൺ ആദ്യം സരിത നായർ ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഒരു സാധാരണ തട്ടിപ്പു കേസായി മാത്രമെ മാധ്യമങ്ങളും പൊതുജനങ്ങളും അതിനെ കണ്ടുള്ളു. പക്ഷെ തട്ടിപ്പു നടത്തിയവർ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ട ഏതാനും പേരുമായി നിരന്തരം ടെലിഫോൺ ബന്ധം പുലർത്തിയിരുന്നെന്ന വസ്തുത കേസിന്റെ സ്വഭാവം മാറ്റിമറിച്ചു. മൊബൈൽ ഫോൺ കൊണ്ടുനടക്കാത്ത ഉമ്മൻ ചാണ്ടി ബാഹ്യലോകവുമായി ബന്ധം പുലർത്തിയിരുന്നത് അവരുടെ ഫോണുകളിലൂടെയായിരുന്നത് തട്ടിപ്പു കേസ് പ്രതികൾ അവരിലൂടെ മുഖ്യമന്ത്രിയുമായും ബന്ധം പുലർത്തിയിരുന്നെന്ന് അനുമാനിക്കാൻ കാരണമായി. പ്രതിപക്ഷവും മാധ്യമങ്ങളും ഇത് സംബന്ധിച്ച് ഉയർത്തിയ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്കായില്ല. ഒരൌദ്യോഗിക യാത്രക്കിടയിൽ മുഖ്യമന്ത്രി ബിജു രാധാകൃഷ്ണനുമായി ഗസ്റ്റ് ഹൌസിലെ അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം സംസാരിച്ചെന്ന വാർത്ത അദ്ദേഹത്തിന് നിഷേധിക്കാനായില്ല. ബിജു കുടുംബപ്രശ്നങ്ങളാണ് സംസാരിച്ചതെന്ന ഉമ്മൻ ചാണ്ടിയുടെ വിശദീകരണം സംഗതി കൂടുതൽ വഷളാക്കി. കാരണം ബിജു ഭാര്യയെ കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്നയാളാണ്.
സരിത അറസ്റ്റിലായതിനു പിന്നാലെ അവരുടെ ഫോൺകാൾ ലിസ്റ്റിൽ പേരുള്ള പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ് എന്നിവരെയും ഗൺമാൻ സലിം രാജിനെയും ഉമ്മൻ ചാണ്ടി പുറത്താക്കി. അതേസമയം അവർ എന്തെങ്കിലും തെറ്റു ചെയ്തതായി കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഫോൺ ചെയ്യുന്നത് കുറ്റമാണോ എന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. കേരളത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഭരണരംഗത്തെ ഒരു വിശിഷ്ടവിഭാഗമാണ്. മന്ത്രിമാർ നേരിട്ടോ അവർക്കുവേണ്ടി പാർട്ടിയൊ തെരഞ്ഞെടുക്കുന്ന വിശ്വസ്തരാണവർ. മന്ത്രിയോടൊ പാർട്ടിയോടോ വ്യക്തിപരമായി കൂറു പുലർത്താൻ ബാധ്യസ്ഥരായവരും. വെറും പതിമൂന്ന് മാസത്തെ സേവനത്തിലൂടെ അവർ ആജീവനാന്ത പെൻഷന് അർഹത നേടുന്നു. ഭരണമാറ്റം നടക്കുമ്പോൾ അവർ മന്ത്രിക്കൊപ്പം പുറത്തുപോവുകയും തിരിച്ചുവരികയും ചെയ്യുന്നു. ഇത് മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സവിശേഷവും സുദൃഢവുമായ വ്യക്തിബന്ധത്തിന് തെളിവാണ്. ഈ സാഹചര്യങ്ങളിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ചെയ്തികളെക്കുറിച്ച് മന്ത്രിക്ക് നേരിട്ട് അറിവില്ലെങ്കിൽ തന്നെയും അതിന്റെ ഉത്തര വാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
പുറത്തായ പേഴ്സണൽ സ്റ്റാഫംഗങ്ങളിൽ ചിലരുടെ പ്രവർത്തനം സംശയാസ്പദമാണെന്ന് താൻ മുഖ്യമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നെന്ന യു.ഡി.എഫ്. ചീഫ് വിപ്പ് പി.സി. ജോർജ്ജിന്റെ വെളിപ്പെടുത്തൽ ഉമ്മൻ ചാണ്ടിയുടെ നിഷ്കളങ്കതാനാട്യം പൊളിച്ചടുക്കുന്നു. സരിതയെക്കുറിച്ച് സംശയമുയർന്നതിനാൽ അന്വേഷണം നടത്തുകയും ലഭിച്ച വിവരങ്ങൾ ഫെബ്രുവരി 18നൊ 20നൊ നേരിട്ടു മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തെന്നാണ് ജോർജ് പറഞ്ഞത്. അതായത് സരിതയും ജോപ്പനും അറസ്റ്റിലാകുന്നതിനു മുന്നൊ നാലൊ മാസം മുമ്പു തന്നെ അവരുടെ പ്രവർത്തനത്തെക്കുറിച്ച് മുഖ്യമന്ത്രിക്കു വിവരം ലഭിച്ചിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കുറഞ്ഞത് അത്രയും കാലം ഉമ്മൻ ചാണ്ടി അവരെ അറിഞ്ഞുകൊണ്ട് സംരക്ഷിച്ചു. സരിതക്ക് മുഖ്യമന്ത്രിയുടെ ആപ്പീസുമായുള്ള അടുപ്പമാണ് സോളാർ പദ്ധതിയുടെ പേരിൽ പണം നൽകാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് തട്ടിപ്പിനിരയായ ചിലർ പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, കേസന്വേഷണം സത്യസന്ധമായാണ് നീങ്ങുന്നതെങ്കിൽ ജോപ്പനെയും കൂട്ടരെയും ചോദ്യം ചെയ്തശേഷം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടതായിരുന്നു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണോയെന്ന് അന്വേഷണ സംഘത്തിനു തീരുമാനിക്കാമെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതിനെ ഭംഗിവാക്കായെ കാണാനാകൂ. മുഖ്യമന്ത്രിയെ ഒരു പൊലീസുദ്യോഗസ്ഥൻ ചോദ്യം ചെയ്യുന്നത് അഭിലഷണീയമല്ല. ചോദ്യം ചെയ്യൽ ആവശ്യമാണെങ്കിൽ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടാൻ മുഖ്യമന്ത്രി തയ്യാറാകണം. അതിനുള്ള ധാർമ്മിക ധൈര്യം ഉമ്മൻ ചാണ്ടിക്ക് ഇല്ലാതെപോയി.
ബംഗ്ലൂരുവിലെ ഡക്കാൺ ഹെറാൾഡ് പത്രത്തിൽ ജോലി ചെയത കാലത്തെ ഒരനുഭവം കുറിക്കട്ടെ. കർണ്ണാടകത്തിലെ സ്വകാര്യ പ്രൊഫഷണൽ കോളെജുകളിലേക്ക് കേരളത്തിൽ നിന്ന് കുട്ടികളെ കയറ്റി അയച്ചിരുന്ന സംഘത്തിൽ പെട്ട ഒരു മലയാളി അഭിഭാഷകൻ കൊല്ലപ്പെട്ടു. സംശയത്തിന്റെ മുന ചില കോളെജ് മാനേജ്മെന്റുകളിലേക്കാണ് നീണ്ടത്. സ്വന്തമായി സ്വകാര്യ കോളെജുള്ള ആർ. എൽ. ജാലപ്പ ആയിരുന്നു സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി. കേസ് അന്വേഷണം സി.ബി.ഐ.ക്കു വിട്ടു. ജാലപ്പയുമായി അടുപ്പമുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത സി.ബി.ഐ. ഉദ്യോഗസ്ഥൻ മന്ത്രിയോടും ചില ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ജാലപ്പ മന്ത്രിപദം രാജി വെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡക്കാൺ ഹെറാൾഡും കന്നഡ ദിനപത്രമായ പ്രജാവാണിയും മുഖപ്രസംഗങ്ങളെഴുതി. ജാലപ്പ ഉടൻ സ്ഥാനമൊഴിഞ്ഞു. സി.ബി.ഐ അദ്ദേഹത്തെ ചോദ്യംചെയ്യുകയും കേസിൽ പ്രതി ചേർക്കുകയും ചെയ്തു. എന്നാൽ കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. സംശയത്തിന്റെ നിഴൽ നീങ്ങിയശേഷം അദ്ദേഹം രാഷ്ട്രീയരംഗത്ത് സജീവമായി തുടരുകയും പല ഉന്നതസ്ഥാനങ്ങളും വഹിക്കുകയും ചെയ്തു.
രണ്ട് പതിറ്റാണ്ട് മുമ്പ് ജാലപ്പ പ്രകടിപ്പിച്ച ധാർമ്മികബോധം ഇന്നത്തെ കേരളത്തിൽ ഒരു രാഷ്ട്രീയ നേതാവിൽ നിന്നും പ്രതീക്ഷിക്കാനാവില്ല. കാരണം കേരളം ധാർമ്മികതയെ രാഷ്ട്രീയത്തിൽ തീർത്തും അപ്രസകതമായിരിക്കുന്നു. ഒരു പാർട്ടിയൊ നേതാവൊ ഏതെങ്കിലും തരത്തിലുള്ള അധാർമ്മിക പ്രവർത്തനത്തിൽ -- അഴിമതിയൊ സ്ത്രീപീഡനമൊ കൊലപാതകമൊ മറ്റെന്തെങ്കിലുമൊ ആകട്ടെ -- ഏർപ്പെട്ടതായി ആരോപമണമുയർന്നാൽ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന പ്രഖ്യാപനം ഉടനുണ്ടാകും. ധാർമ്മികതയുടെ പൂർണ്ണമായ നിരാസമാണ് അതിൽ അടങ്ങിയിരിക്കുന്നത്. ടി.പി. ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടപ്പോൾ ഒരു ഭാഗത്തുനിന്ന് കേട്ട തരത്തിലുള്ള വാക്കുകൾ തന്നെയാണ് സോളാർ തട്ടിപ്പു പുറത്തു വന്നപ്പോൾ മറുഭാഗത്തു നിന്നുമുയർന്നതെന്നത് യാദൃശ്ചികമല്ല.
സോളാർ തട്ടിപ്പു കേസ് പ്രതികൾക്ക് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുമായുള്ള ബന്ധം പുറത്തുവന്നയുടൻ എൽ.ഡി. എഫ്. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി. മുഖ്യമന്ത്രിയുടെ രാജിയും ജുഡിഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. എൽ.ഡി.എഫ്. ഭരണകാലത്താണ് തട്ടിപ്പു സംഘം പ്രവർത്തനം തുടങ്ങിയതെന്നും അന്ന് രജിസ്റ്റർ ചെയ്ത കേസുകളിൽ ഫലപ്രദമായ അന്വേഷണമുണ്ടായില്ലെന്നും ഭരണപക്ഷം തിരിച്ചടിച്ചു. കെ.പി.സി.സി. വക്താവ് എം. എം. ഹസൻ ഗവേഷണം നടത്തി എൽ.ഡി.എഫ്. സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ സരിത നായർക്ക് ‘കോടിയേരി അങ്കിൾ’ ആയിരുന്നെന്ന് കണ്ടെത്തി. എൽ.ഡി.എഫ്. കാലത്ത് സരിത അറസ്റ്റുചെയ്യപ്പെട്ടിരുന്നെന്നും ജയിലിൽ കിടന്നാണ് പ്രസവിച്ചതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രതിപക്ഷം പ്രതിരോധം തീർത്തു. അധികാരകേന്ദ്രങ്ങളുമായി കക്ഷിരാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധം സ്ഥാപിച്ചു കൊണ്ടാണ് സംഘം പ്രവർത്തിച്ചതെന്ന് ഈ ആരോപണപ്രത്യാരോപണങ്ങൾ വ്യക്തമാക്കി. അവരെ സംബന്ധിച്ചിടത്തോളം ഭരണമാറ്റം ഒരു വ്യത്യാസമെ ഉണ്ടാക്കിയുള്ളു: കോടിയേരി അങ്കിളും ബിനീഷ് ചേട്ടനും പോയി, കുഞ്ഞൂഞ്ഞ് അങ്കിളും ജോപ്പൻ ചേട്ടനും വന്നു.
മുപ്പത്തിമൂന്ന് കേസുകളാണ് ഈ സംഘം നടത്തിയ തട്ടിപ്പുകളുടെ പേരിൽ സംസ്ഥാനത്ത് പലയിടങ്ങളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കബളിപ്പിക്കപ്പെട്ടവർ നൽകിയ പരാതികളുടെ പേരിൽ എടുത്തിട്ടുള്ള കേസുകളാണിവ. പുറത്തുവന്നിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കള്ളപ്പണക്കാരെയാണ് തട്ടിപ്പുസംഘം പ്രധാനമായും ലക്ഷ്യമിട്ടതെന്ന് കാണാം. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താനാവാത്തതുകൊണ്ട് കബളിപ്പിക്കപ്പെട്ട പലരും പരാതി കൊടുക്കാൻ കൂട്ടാക്കിയിട്ടില്ല. ഒരു എ.ഡി.ജി.പി.യുടെ മേൽനോട്ടത്തിലുള്ള ആറ് സംഘങ്ങളാണ് കേസുകൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടത്. ഒരു കേസിൽ മാത്രമാണ് ഇതെഴുതുന്ന സമയം വരെ കുറ്റപത്രം സമർപ്പിച്ചിട്ടിട്ടുള്ളത്. നാലെണ്ണത്തിൽ അന്വേഷണം പൂർത്തിയായെന്നും ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നും മറ്റ് കേസുകളുടെ അന്വേഷണം തകൃതിയായി നടക്കുകയാണെന്നും സർക്കാർ ജൂലൈ 30ന് ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി.
അന്വേഷണോദ്യോഗസ്ഥർ അവരുടെ കഴിവ് വേണ്ടവിധം ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയിക്കാൻ കാരണമുണ്ട്. മുഖ്യമന്ത്രി വിദേശയാത്രയിലായിരുന്നപ്പോഴാണ് പൊലീസ് ജോപ്പനെ ചോദ്യം ചെയ്തതും കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്നു കണ്ട് അറസ്റ്റ് ചെയ്തതും. സസ്പെൻഡ് ചെയ്യപ്പെട്ട ഗൺമാൻ സലിം രാജിനെയും പേഴ്സണൽ സ്റ്റാഫിൽ നിന്ന് രാജിവെച്ച ജിക്കുമോൻ ജേക്കബിനെയും ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്തില്ല. അതേസമയം അവർ നിരപരാധികളാണെന്ന് പറഞ്ഞ് ജോലിയിൽ തിരിച്ചെടുത്തിട്ടുമില്ല. സരിതയെയും ബിജു രാധാകൃഷ്ണനെയും പല തവണ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷവും പൊലീസ് ശാലു മേനോനെ അറസ്റ്റ് ചെയ്തിരുന്നില്ല. അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന് പി.സി. ജോർജ് പരസ്യമായി കുറ്റപ്പെടുത്തിയ ശേഷമാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. സർക്കാരിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടറായിരുന്ന എ. ഫിറോസ് ഒരു കേസിൽ സരിതയുടെയും ബിജുവിന്റെയും കൂട്ടുപ്രതി ആണ്. കേസിൽ പ്രതിയായിരിക്കുമ്പോഴാണ് അദ്ദേഹം ഡയറക്ടറായി നിയമിക്കപ്പെട്ടത്. കൃത്യമായ അന്വേഷണം കൂടാതെ ലാഘവബുദ്ധിയോടെയാണ് സർക്കാർ വകുപ്പു മേധാവിയെ നിശ്ചയിച്ചതെന്ന് ഇത് സൂചിപ്പിക്കുന്നു. അറസ്റ്റ് ഒഴിവാക്കാൻ ഫിറോസ് ഏതാനും ആഴ്ചക്കാലം ഒളിവിൽ കഴിഞ്ഞു. ആ സമയത്ത് അദ്ദേഹത്തെ കണ്ടെത്താൻ പൊലീസ് ആത്മാർത്ഥമായി ശ്രമിച്ചില്ല. തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു പരാതി പറഞ്ഞ വ്യവസായിക്കെതിരെ പൊലീസ് നടപടിയെടുത്തത് പണം നഷ്ടപ്പെട്ട മറ്റുള്ളവരെ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിരിക്കണം.
പ്രധാന പ്രതികളെന്നു പറയപ്പെടുന്നവരെ പല തവണ കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടും തട്ടിപ്പിന്റെ വ്യാപ്തിയെ കുറിച്ച് വ്യക്തമായ വിവരം നൽകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല്ല. തട്ടിയെടുത്തെന്നു പറയപ്പെടുന്ന പണം കണ്ടെത്തിയിട്ടുമില്ല. ഇതെല്ലാം അന്വേഷണത്തെ സംബന്യായമായും സംശയങ്ങളുണർത്തുന്നു. ചില കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ പേരുകൾ ഉയർന്നു വന്നെങ്കിലും പ്രതികൾക്ക് അവരുമായുള്ള ബന്ധത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിയില്ല. ഇതെല്ലാം കേസുകൾ ഇപ്പോൾ കസ്റ്റഡിയിലുള്ളവരിൽ ഒതുക്കിനിർത്താൻ ഏതൊ തലത്തിൽ തീരുമാനമെടുത്തതായി സൂചിപ്പിക്കുന്നു. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാരിന്റെ മുഖം മിനുക്കാനും ഒരു സാമുദായിക വിഭാഗത്തെ തൃപ്തിപ്പെടുത്താനും ഉമ്മൻ ചാണ്ടി നടത്തിയ ശ്രമം പരാജയപ്പെട്ടത് അദ്ദേഹത്തിന് കോൺഗ്രസിന്റെ കയ്യിൽ തന്നെയുള്ള ആഭ്യന്തര വകുപ്പ് നൽകാനുള്ള വൈമുഖ്യമായിരുന്നെന്നത് ഒരു രഹസ്യമല്ല. തന്റെ പേർ വലിച്ചിഴക്കപ്പെട്ട കേസിന്റെ അന്വേഷണം നടക്കുമ്പോൾ പൊലീസ് സ്വന്തം ഗ്രൂപ്പിന്റെ കയ്യിൽ തന്നെയുണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ നിർബന്ധം അന്വേഷണത്തെക്കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്താൻ പോരുന്നതാണ്.
സോളാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജിയും ജുഡിഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടു കൊണ്ട് എൽ.ഡി.എഫ്. പ്രഖ്യാപിച്ച സമരം രണ്ട് മാസം പിന്നിട്ടിരിക്കുന്നു. പ്രതിപക്ഷം നിയമസഭ തുടർച്ചയായി സ്തംഭിപ്പിച്ചതിനെ തുടർന്ന് സ്പീക്കർ നിശ്ചിത പരിപാടികൾ ചർച്ചകൾ കൂടാതെ പൂർത്തിയാക്കി. ഇക്കാലമത്രയും സഭക്ക് പുറത്തും സമര പരിപാടികൾ നടന്നു. ഒരവസരത്തിൽ വലിയ തോതിൽ അക്രമമുണ്ടാവുകയും അടുത്ത ദിവസം പൊലീസ് അതിക്രമത്തിനെതിരെ എൽ.ഡി.എഫ് ഹർത്താൽ നടത്തുകയും ചെയ്തു. എൽ.ഡി.എഫ് നേതൃത്വം ഇടയ്ക്കിടയ്ക്ക് യോഗം ചേർന്ന് സമരം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും അതിന്റെ ഫലമായി രാപ്പകൽ സമരം ഉൾപ്പെടെയുള്ള ചില പരിപാടികൾ അരങ്ങേറുകയും ചെയ്തു. അവ ഫലം കാണാഞ്ഞ സാഹചര്യത്തിൽ എൽ.ഡി.എഫ്. ഓഗസ്റ്റ് 12 മുതൽ അനിശ്ചിതകാല രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച് അതിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സെക്രട്ടേറിയറ്റ് കവാടങ്ങൾ തുറക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാവശ്യമായ മാനുഷികശേഷി പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് അതിനെ നയിക്കുന്ന സി.പി.എമ്മിന്, തീർച്ചയായുമുണ്ട്. എന്നാൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം സ്തംഭിച്ചതുകൊണ്ട് മുഖ്യമന്ത്രി രാജി വെക്കുമെന്ന് തോന്നുന്നില്ല. പ്രതിപക്ഷവും സർക്കാരും സമാധാനപരമായ സമീപനം സ്വീകരിച്ചാൽ പുതിയ സമരമുറ വലിയ തോതിലുള്ള അറസ്റ്റ് ചെയ്ത് നീക്കലിലേക്ക് നയിക്കും. അക്രമത്തിന്റെ പാതയിലേക്ക് നീങ്ങിയാൽ രക്തച്ചൊരിച്ചിലുണ്ടാകും. രണ്ടായാലും രാജി ഒരു സാധ്യതയല്ല. സമരം ഫലം കാണാതെ നീണ്ടു പോയാലും ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അത് ഗുണം ചെയ്യും. ആ നിലയ്ക്ക്, എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയുടെ രാജി എന്ന ലക്ഷ്യം നേടിയില്ലെങ്കിലും പ്രക്ഷോഭം വിജയം തന്നെയാകും. സോളാർ തട്ടിപ്പ് വിഷയത്തിൽ നിയമനടപടികളെടുക്കാൻ സി.പി.എം. സംസ്ഥാന നേതൃത്വം വി.എസ്. അച്യുതാനന്ദന് അനുവാദം നൽകിയതോടെ ഒരു പുതിയ പോർമുഖം തുറക്കുകയാണ്. കേസുകളുടെ അന്വേഷണത്തിലെ അപാകതകളെ കുറിച്ച് ബോധ്യപ്പെടുത്താൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞാൽ കോടതി ഇടപെടൽ പ്രതീക്ഷിക്കാവുന്നതാണ്.
തട്ടിപ്പു കേസുകൾക്ക് എന്തു സംഭവിക്കുന്നുവെന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയം നമ്മുടെ മുന്നിലുണ്ട്. അത് കേരള രാഷ്ട്രീയത്തിന് എന്തു സംഭവിക്കുന്നുവെന്നതാണ്. അഞ്ചു കൊല്ല കാലാവധി പൂർത്തിയാക്കുമെന്ന് യു.ഡി.എഫ്. നേതാക്കൾ ആവർത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ യു.ഡി.എഫിനും ഉമ്മൻ ചാണ്ടിക്കും അധികാരത്തിൽ തുടരാനുള്ള ധാർമ്മികമായ അവകാശം അവശേഷിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. നിയമസഭയുടെ കാലാവധി അഞ്ചു കൊല്ലമാണെങ്കിലും പലപ്പോഴും അതിനു മുമ്പുതന്നെ ജനവിധി കാലഹരണപ്പെടാറുണ്ട്. ആദ്യ കേരള നിയമസഭയിൽ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 1960ൽ മുൻ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് കിട്ടിയെങ്കിലും പുതിയ സഭയിൽ ഭൂരിപക്ഷം നേടാനായില്ല. നിലവിലുള്ള ഇരുമുന്നണി സമ്പ്രദായം രൂപപ്പെട്ടശേഷം ഒരു മുന്നണി സർക്കാരിനും കാലാവധി പൂർത്തിയാക്കാതെ പുറത്തു പോകേണ്ടി വന്നിട്ടില്ല. യു.ഡി.എഫ്. മുഖ്യമന്ത്രിമാർക്ക് ഇടയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നത് പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം മൂലമായിരുന്നില്ല, കോൺഗ്രസിലെ തമ്മിലടി മൂലമായിരുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വൻവിജയം നൽകിയ ആത്മവിശ്വാസത്തിൽ എൽ.ഡി.എഫ്. ഒരിക്കൽ കലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടുകയുണ്ടായി. ജനങ്ങൾ അന്ന് യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതി. ഓരോ തെരഞ്ഞെടുപ്പിലും അധികാരമാറ്റം നടക്കുന്നതിൽ നിന്ന് വിജയിച്ച മുന്നണിക്ക് അഞ്ചു കൊല്ലത്തിനിടയ്ക്ക് എപ്പൊഴൊ ജനവിധി നഷ്ടമാകുന്ന്ന്നാണ് മനസിലാക്കേണ്ടത്.
എൽ.ഡി.എഫിനും യു.ഡി.എഫിനും സ്ഥിരമായി വോട്ടു ചെയ്യുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. ഭരണപക്ഷത്തിന്റെ ചെയ്തികളൊ പ്രതിപക്ഷത്തിന്റെ പ്രക്ഷോഭങ്ങളൊ ഈ സ്ഥിരംകൂറുകാരുടെ നിലപാടുകളെ സ്വാധീനിക്കാറില്ല. ഏതെങ്കിലും ഒരു മുന്നണിയോടൊപ്പം സ്ഥിരമായി നിൽക്കാതെ ഓരോ ഘട്ടത്തിലും സാഹചര്യങ്ങൾ വിലയിരുത്തി മാറിമാറി വോട്ട് ചെയ്യുന്ന ഒരു വിഭാഗവുമുണ്ട്. അവരാണ് ഭരണമാറ്റം അനിവാര്യമാക്കുന്നത്. ഒരു നേരിയ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് 2011ൽ അധികാരത്തിലെത്തിയത്. നിയമസഭയിലെ 140 സീറ്റുകളിൽ 72 എണ്ണം മാത്രമാണ് അതിനു ലഭിച്ചത്. എൽ.ഡി.എഫിന് 68 സീറ്റുകൾ കിട്ടി. ഒന്നര കോടിയിലധികം പേരാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. അതിൽ 80,02,874 പേർ (45.83 ശതമാനം) യു.ഡി. എഫിനെ പിന്തുണച്ചപ്പോൾ, 78,46,703 പേർ (44.94 ശതമാനം) എൽ.ഡി.എഫിനെ പിന്തുണച്ചു. ഇരുമുന്നണികളെയും വേർതിരിച്ചത് ഒന്നര ലക്ഷം വോട്ടുകൾ മാത്രം. പിറവത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (ജെ) സ്ഥാനാർത്ഥി ഉയർന്ന ഭൂരിപക്ഷം നേടിയതും നെയ്യാറ്റിൻകരയിൽ നിന്ന് സി.പി.എം. ടിക്കറ്റിൽ ജയിച്ച ആർ.ശെൽവരാജ് കോൺഗ്രസിലേക്ക് കൂറുമാറി അതിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചതും യു.ഡി. എഫിന്റെ ജനപിന്തുണയിൽ പിന്നീട് ചെറിയ വർദ്ധന ഉണ്ടായെന്ന് വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളിലെ സംഭവവികാസങ്ങൾ യു.ഡി.എഫിന്റെ ജനപിന്തുണ ഇടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് യു.ഡി.എഫ്. നേതാക്കൾ തന്നെ പ്രതിച്ഛായ നന്നാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരം സംസാരിക്കുന്നത്. ഡൽഹിയിൽ പോയി സോണിയാ ഗാന്ധിയെ കണ്ട് ഇവിടെ കാര്യങ്ങൾ ഭംഗിയായി നടക്കുന്നെന്ന് ധരിപ്പിക്കാൻ ശ്രമിച്ച ഉമ്മൻ ചാണ്ടിയോട് അവർ പറഞ്ഞതും പ്രതിച്ഛായ നന്നാക്കാനാണ്.
യു.ഡി.എഫിന് 2011ൽ ലഭിച്ച ജനവിധി കാലഹരണപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ പുതിയ തെരഞ്ഞെടുപ്പിനെ നേരിടണം. ജനപിന്തുണ നഷ്ടപ്പെട്ടെന്ന് ബോധ്യമാകുമ്പോൾ ഭരണകക്ഷി രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുക്കുന്ന രീതി പല ജനാധിപത്യ രാജ്യങ്ങളിലും കാണാവുന്നതാണ്. അത്തരത്തിൽ ചിന്തിക്കാനാവശ്യമായ ഉയർന്ന ജനാധിപത്യബോധത്തിന്റെ അഭാവത്തിൽ യു.ഡി.എഫ്. ഇക്കാര്യത്തിൽ മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. എന്നാൽ പ്രതിപക്ഷവും പൌരസമൂഹവും യു.ഡി.എഫിനെ അതിന് നിർബന്ധിക്കണം. ഇപ്പോൾ നിയമസഭയിലെ കക്ഷിനില യു.ഡി.എഫ് 72 (സ്പീക്കറെ കൂടാതെ), എൽ.ഡി. എഫ് 67 എന്നിങ്ങനെയാണ്. രണ്ടു കൊല്ലം മുമ്പത്തെ ജനവിധി കാലഹരണപ്പെട്ടുകഴിഞ്ഞെന്ന വിശ്വാസം എൽ.ഡി. എഫിനുണ്ടെങ്കിൽ അത് നിലവിലുള്ള നിയമസഭയിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങണം. എൽ.ഡി.എഫ് അംഗങ്ങൾ ഒന്നടങ്കം രാജിവെച്ചാൽ യു.ഡി.എഫിനു പ്രതിപക്ഷമില്ലാതെ സഭ നടത്തിക്കൊണ്ടു പോകേണ്ടിവരും. സഭ കൂടുമ്പോൾ ഒഴിഞ്ഞുകിടക്കുന്ന പ്രതിപക്ഷ സീറ്റുകൾ സർക്കാരിന്റെ വിശ്വാസ്യതയെ നിശ്ശബ്ദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കും. അംഗങ്ങൾ രാജിവെക്കുമ്പോൾ ഉപതെരഞ്ഞെടുപ്പ് നടത്തി ഒഴിവു നികത്താനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ചില സീറ്റുകൾ നഷ്ടപ്പെടുന്ന സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ ബഹുഭൂരിപക്ഷം സീറ്റുകളും വർദ്ധിച്ച ഭൂരിപക്ഷത്തോടെ തിരിച്ചു പിടിക്കാനും അങ്ങനെ സർക്കാരിന് ജനപിന്തുണ നഷ്ടമായെന്ന് തെളിയിക്കാനും പ്രതിപക്ഷത്തിന് കഴിയേണ്ടതാണ്. അടിയന്തിരാവസ്ഥക്കാലത്തെ സർക്കാരിനെ വോട്ടർമാർ പിന്തുണച്ച ചരിത്രം മറക്കുന്നില്ല. ആ തെറ്റ് ആവർത്തിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.(മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 19, 2013)
കേരളരാഷ്ട്രീയം സരിതമയമായിട്ട് രണ്ട് മാസത്തിലധികമായി. പുതിയ വിഷയം കിട്ടുമ്പോൾ പഴയത് ഉപേക്ഷിച്ചു അതിന്റെ പിന്നാലെ പോകുന്ന മാധ്യമങ്ങൾ ആഴ്ചകളായി സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ശാലു മേനോനും കേന്ദ്രപാത്രങ്ങളായ സോളാർ തട്ടിപ്പിൽ കുടുങ്ങിക്കിടക്കുകയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മന്ത്രിസഭാ പുന:സംഘടനപോലെ ഒരു വലിയ രാഷ്ട്രീയ പ്രമേയം എറിഞ്ഞു കൊടുത്തിട്ടും മാധ്യമങ്ങൾ അത് പൂർണ്ണമായും വിട്ടില്ല.
തട്ടിപ്പുകളും പെണ്ണുകേസുകളും കേരളത്തിന് പുത്തരിയല്ല. അത്തരം കേസുകളിൽ പെട്ടവരുടെ രാഷ്ട്രീയബന്ധങ്ങളെക്കുറിച്ചുള്