Tuesday, February 15, 2011

ഏത് ദളവായ്കാണ് സർക്കാർ കൊല്ലം തീറെഴുതി കൊടുത്തത്?

കൊല്ലത്ത് ടെൿനോപാർക്ക് തുറക്കുന്നതു സംബന്ധിച്ച് ഇന്നത്തെ ഹിന്ദു പത്രത്തിൽ വന്നിട്ടുള്ള പരസ്യത്തിൽ ഇങ്ങനെ കാണുന്നു: TECHNOPARK ARRIVES AT THE LAND OF THE DALAWA (ദളവായുടെ നാട്ടിൽ ടെൿനോപാർക്ക് എത്തുന്നു)

ഞാൻ കൊല്ലത്ത് വളരുന്ന കാലത്ത് ഏതെങ്കിലും ദളവായുടെ നാടായല്ല അത് അറിയപ്പെട്ടിരുന്നത്. കൊല്ലത്തെ കുറിച്ച് ഇങ്ങനെയൊരു പരാമർശം മുമ്പ് എവിടെയെങ്കിലും കണ്ടതിന്റെയൊ കേട്ടതിന്റെയൊ ഓർമ്മയും എനിക്കില്ല. സർക്കാർ ഏതെങ്കിലും ദളവായ്ക്ക് കൊല്ലം തീറെഴുതി കൊടുത്തെങ്കിൽ അതാർക്കാണെന്ന് അറിയാൻ എനിക്ക് താല്പര്യമുണ്ട്.

പരസ്യത്തിന്റെ മുകൾഭാഗത്ത് ഒരു വാളുണ്ട്. അടുത്ത കാലത്ത് വേലുത്തമ്പി ദളവായുടെ വാൾ നാട്ടിലേക്ക് കൊണ്ടു വന്നതായി വാർത്തയുണ്ടായിരുന്നു. ഒരു കൊല്ലം അത് കേരളത്തിൽ സൂക്ഷിക്കാൻ കേന്ദ്രം അനുവദിച്ചതായാണ് അന്ന് ഹിന്ദു റിപ്പോർട്ട് ചെയ്തത്. (പത്രം രിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ച, വാളുമായി നിൽക്കുന്ന വേലുത്തമ്പിയുടെ പടമാണ് മുകളിൽ കൊടുത്തിട്ടുള്ളത്.) ആ വാളാണോ പരസ്യത്തിലുള്ളതെന്ന് അറിയില്ല. ആണെങ്കിൽ തന്നെ അതിന്റെ അടിസ്ഥാനത്തിൽ കൊല്ലത്തെ ആ ദളവായ്ക്ക് നൽകാനാവില്ല.

വേലുത്തമ്പി കൊല്ലത്തുകാരനായിരുന്നില്ല. കൊല്ലം വെട്ടിപ്പിടിച്ചുമില്ല. അദ്ദേഹത്തിന് കൊല്ലവുമായുള്ള ബന്ധം അവിടെ വെച്ച് മരണമടഞ്ഞുവെന്നതാണ്. തിരുവനന്തപുരത്തു നിന്ന് ഓടി രക്ഷപ്പെട്ട് കൊല്ലം പ്രദേശത്തെത്തി അവിടെ വെച്ച് സ്വയം ജീവനൊടുക്കുകയായിരുന്നു. അതിന്റെ പേരിൽ കൊല്ലത്തെ അദ്ദേഹത്തിന്റെ നാടാക്കാനാവില്ല.

ഞാൻ സ്കൂളിൽ പഠിച്ച ചരിത്രത്തിൽ വേലുത്തമ്പി രാജ്യദ്രോഹിയായിരുന്നു. തിരുവിതാംകൂർ രാജാവിനെതിരെ വാളെടുത്ത ദ്രോഹി. ഐ.എൻ.എ.ഭടന്മാർ ഇന്ത്യയിലേക്ക് തിരിക്കുന്നതിനു മുമ്പ് നേതാജി ബോസ് സിംഗപ്പൂരിൽ നിന്ന് പ്രക്ഷേപണം ചെയ്ത പ്രസംഗത്തിന്റെ രഹസ്യമായി വിതരണം ചെയ്യപ്പെട്ട ഒരു കോപ്പി കയ്യിൽ കിട്ടിയപ്പോഴാണ് ഞങ്ങളെ പഠിപ്പിച്ചത് കള്ളമാണെന്ന് മനസ്സിലായത്. ആ പ്രസംഗത്തിൽ നേതാജി ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്തവരുടെ പേരുകൾ പറയുന്നിടത്ത് താന്തിയാ തൊപ്പെയ്ക്കും ഝാൻസിയിലെ ലക്ഷിഭായി റാണിയ്കുമൊപ്പം ‘തിരുവിതാം‌കൂറിലെ വേലുത്തമ്പി’യുടെ പേരും പറഞ്ഞിരുന്നു.

പുതിയ കാലത്തെ ഏതെങ്കിലും ദളവായുടെ കാര്യമാണോ പരസ്യം സൂചിപ്പിക്കുന്നത്? വേലുത്തമ്പിയുടെ വാൾ കൊണ്ടു വന്നതിന്റെ ക്രെഡിറ്റ് എം.എ. ബേബി ദളവായ്ക്ക് അവകാശപ്പെട്ടതാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പടം പരസ്യത്തിലുണ്ട്. അതു പക്ഷെ വലിയ ദളവാ വി.എസ്. അച്യുതാനന്ദന്റെ പടത്തിനു താഴെ കൊല്ലം ജില്ലയിൽ നിന്നുള്ള പി.കെ. ഗുരുദാസൻ ദളവാ, സി. ദിവാകരൻ ദളവാ, മുല്ലക്കര രത്നാകരൻ ദളവാ എന്നിവരുടെ പടങ്ങൾക്കൊപ്പമാണ്. എൻ.കെ. പ്രേമചന്ദ്രൻ ദളവായുടെ പടവുമുണ്ട്. അദ്ദേഹം കൊല്ലത്തുകാരനല്ലെങ്കിലും അവിടേയ്ക്ക് കുടിയേറുകയും അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തയാളെന്ന നിലയിൽ ഉൾ‌പ്പെടുത്തിയതാകണം. വി. സുരേന്ദ്രൻ പിള്ള ദളവായുടെ പടവുമുണ്ട്.

ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഫ്യൂഡൽ പുനരുത്ഥാനം തകൃതിയായി നടക്കുന്ന സാഹചര്യത്തിൽ കൊല്ലത്തിന് ചരിത്രത്തിൽ നിന്ന് ഒരു ഉടയോനെ കണ്ടെത്താൻ അധികാരിവർഗ്ഗം ആഗ്രഹിക്കുന്നെങ്കിൽ അത്ഭുതപ്പെടേണ്ടതില്ല. പക്ഷെ അതിന് ഏതൊരു ദളവായേക്കാളും അർഹതയുള്ളത് ഒരു റാണിയ്ക്കാണ്. ഒരു പെൺപടയുമായി പൊരുതി വീരചരമം പ്രാപിച്ച ദേശിംഗനാട് റാണിയുടെ കഥ ചരിത്രത്തിലുണ്ട്. എന്തുകൊണ്ടാണ് അവരെ ഒഴിവാക്കിയത്? ഒരു നൂറ്റാണ്ടിന്റെ മാത്രം പാരമ്പര്യമുള്ള മലയാളി പുരുഷാധിപത്യം കേരളത്തിന്റെ ചരിത്രത്തിൽ നിന്ന് ആ വീരാംഗനയെ തുടച്ചു നീക്കാൻ ശ്രമിക്കുകയാവാം.

ഇൻഡ്യൻ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സിന്റെ പ്രസിഡന്റായിരുന്ന എസ്. ബി. കോൽ‌പേ വർഷങ്ങൾക്കു മുമ്പ് ശിവാജിയെ പ്രകീർത്തിച്ച് എഴുതിയ ലേഖനത്തിൽ കൊല്ലത്തെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു. ശിവാജിയുടെ സാമ്രാജ്യം തെക്ക് കൊല്ലം വരെ വ്യാപിച്ചിരുന്നു എന്നാണ് അദ്ദേഹം എഴുതിയത്. ഞാൻ പഠിച്ച തിരുവിതാംകൂർ ചരിത്രത്തിൽ ശിവാജി ഇവിടെവരെ എത്തിയതായ സൂചനയൊന്നും ഉണ്ടായിരുന്നില്ല. കോൽ‌പേയോട് ചോദിച്ചപ്പോൽ മറാത്താ ചരിത്രത്തിൽ അങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതായി പറഞ്ഞു. അതിന്റെ പേരിൽ ശിവ സേന കൊല്ലത്തിന് അവകാശവാദവുമായി ഒരുനാൾ വന്നേക്കാം.

4 comments:

ജയിംസ് said...

നന്നായിരിക്കുന്നു!
ഞാന്‍ പഠിച്ചത് കുണ്ടറ ഇളമ്പള്ളൂര്‍ ശ്രീകണ്ടന്‍ നായര്‍ ഷഷ്ട്യബ്ദ്യ പൂര്‍ത്തി മെമ്മോറിയല്‍ ഹൈസ്ക്കൂളിലാണ് (1980). ഈ സ്ക്കൂളിന്റെ പടിക്കല്‍ നിന്ന് കഷ്ടിച്ച് ഒരു മിനിട്ട് നടന്നാല്‍ കുണ്ടറ വിളമ്പരത്തിന്റെ സ്മാരകത്തിന് അടുത്തെത്തും. കുണ്ടറ, ചരിത്രത്തില്‍ ഇങ്ങനെ തന്നെയാണ് അറിയപ്പെടുന്നതും എന്നാണ് എന്റെ വിശ്വാസം. കുണ്ടറക്കാരനായ ഞാന്‍ അന്യ നാടുകളില്‍ ചെല്ലുമ്പോഴും ഇങ്ങനെ തന്നെയാണ് എന്റെ നാടിന്റെ അടയാളം മറ്റുള്ളവര്‍ പറയുന്നതും. ഇതു കഴിഞ്ഞാല്‍ കുണ്ടറ സെറാമിക്സ്, അലിന്റ്, അലൈഡ് ഇങ്ങനെ പോകും. എങ്കിലും, എല്ലാറ്റിനും ഉപരിയായി വേലുതമ്പി ദളവാ തന്നെയാണ് അടയാളം. ഒരു അടയാളം പറയുമ്പോള്‍, അതു ചീത്തയായാലും അടയാളം അടയാളം തന്നയാണേ. വേലുതമ്പി ദളവാ രാജ്യദ്രോഹി ആയിരിക്കാം, എങ്കിലും എന്റെ നാട് അദ്ദേഹത്തിന്റെ അടയാളത്തില്‍ തന്നെയാണ് അറിയപ്പെടുന്നതും. അതു മാറണമെങ്കില്‍ അതിനേക്കാളും വലിയ രാജ്യദ്രോഹികള്‍ ആ നാട്ടില്‍ ജനിക്കണം. പേരു നിരത്തിയിരിക്കുന്ന ദളവാമാര്‍ ഒരുപക്ഷേ അതിനായി മത്സരിക്കുണ്ടായിരിക്കാം. എന്തായാലും ഞാന്‍ ആ മത്സരത്തിനില്ല. എന്തു ചെയ്യാനാ എന്റെ നാട് ഇപ്പോഴും - ദളവായുടെ നാട് - എന്ന് തന്നെയാണ് അറിയപ്പെടുന്നത്. അതു മാറണമെങ്കില്‍ ഇനി ഞാന്‍ വല്ല കടുംകയ്യും ചെയ്യണം.

ചാർ‌വാകൻ‌ said...

ഇപ്രാവശ്യത്തെ ദളവാ തെരെഞ്ഞെടുപ്പിൽ ബഹൂഭൂരിപക്ഷവും കൊല്ലം അടിച്ചെടുത്തു.ഏതായാലും ജയിംസ് കടുകൈയൊന്നും കാണിക്കരുത്.ചരിത്രമല്ലെ അതങ്ങനെ കിടക്കും.

ശ്രീജിത് കൊണ്ടോട്ടി. said...

:)

ദേവന്‍ said...

ചരിത്രം എന്തായാലും ..നിങ്ങളുടെ എഴുത്ത് ഒരുമാതിരി പ്രവാസി ബ്ലോഗര്‍മാരെ അനുകരിക്കുന്നത് പോലെയുണ്ട് ..കുറെ വായിച്ചും എഴുതിയും പരിജയമുള്ളതല്ലേ സ്വന്തം ഒരു ശൈലി കണ്ടെത്തു..