Sunday, March 10, 2019

ഭീകരതയുടെ മോദികാലത്തെ വളര്‍ച്ച

ബി.ആര്‍.പി. ഭാസ്കര്‍
ജനശക്തി
ഊറിയിലെ പട്ടാള ക്യാമ്പിലും പത്താന്‍കോട്ടെ വ്യോമസേനാ താവളത്തിലും ഭീകരര്‍ നടത്തിയ സാഹസികമായ ആക്രമണങ്ങളെ സൌകര്യപൂര്‍വം മറന്നുകൊണ്ട് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ് രാജ്യത്തെ നടുക്കിയ പുല്‍വാമ ചാവേറാക്രമണം നടന്നത്. കേന്ദ്ര പൊലീസ് സേനാംഗങ്ങള്‍ യാത്ര ചെയ്തിരുന്ന ബസുകളുടെ നിരയിലേക്ക് ഒരു യുവാവ് സ്ഫോടനവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം 44 പോലീസുകാര്‍ കൊല്ലപ്പെട്ടു. മുറിവേറ്റവരുടെ എണ്ണത്തെയും അവസ്ഥയെയും കുറിച്ച് അധികൃതര്‍ മൌനം പാലിച്ചു. കശ്മീര്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളനുസരിച്ച് മരണ സംഖ്യ പിന്നീട് 49 ആയി ഉയര്‍ന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയിഷേ മുഹമ്മദ് സിറിയ മാതൃകയിലുള്ള ആക്രമണമുണ്ടാകുമെന്ന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. “നിങ്ങള്‍ ഇത് കാണുമ്പോഴേക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും” എന്ന് ക്യാമറയ്ക്ക് മുന്നില്‍ ചാവേര്‍ പറയുന്ന വിഡിയോയും പുറത്ത് വന്നിരുന്നു. മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് അവകാശപ്പെട്ടപ്പോള്‍ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ആക്രമണം എങ്ങനെ തടയാമെന്നറിയില്ലായിരുന്നെന്നാണു ഒരു ഔദ്യോഗിക ശ്രോതസ് പറഞ്ഞത്. തടയാന്‍ കഴിഞ്ഞില്ലെങ്കിലും പോലീസുകാരുടെ യാത്രയ്ക്ക് സേന ആവശ്യപ്പെട്ട ഹെലികോപ്റ്ററുകള്‍ നല്കിയിരുന്നെങ്കില്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമായിരുന്നു.
ചാവാന്‍ തയ്യാറായി വരുന്ന അക്രമിയെ തടയുക എളുപ്പമല്ല. എന്നാല്‍ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികള്‍ക്ക് ചാവേറുകളുണ്ടാകുന്നത്‌ കുറയ്ക്കാനാകും. ഉഗ്രന്‍ ഭാഷണങ്ങള്‍ നടത്തി അണികളെ ആവേശഭരിതരാക്കുന്നത് അതിനു പകരമാകില്ല. ജമ്മു കശ്മീരിലെ സമീപകാല സംഭവങ്ങള്‍ ഇതിനു തെളിവാണ്.
തെക്കേ ഏഷ്യയില്‍ അധികാരം കയ്യാളുന്ന എല്ലാ നേതാക്കന്മാരുടെയും സാന്നിധ്യത്തിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ പാകിസ്ഥാന്മായുള്ള ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷ വേഗം അസ്ത്മിച്ചു. അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫുമായി വ്യക്തിബന്ധം സ്ഥാപിച്ചുകൊണ്ട് നില മെച്ചപ്പെടുത്താനാണ് മോദി ശ്രമിച്ചത്. പാകിസ്ഥാന്‍ സ്ഥാനപതി കശ്മീരിലെ വിഘടനവാദി നേതാക്കളുമായി സംസാരിച്ചതിന്റെ പേരില്‍  ഉപേക്ഷിക്കപ്പെട്ട ഔദ്യോഗികതല ചര്‍ച്ചകള്‍ പന്നീട് തുടരാന്‍ കഴിഞ്ഞില്ല. നവാസ് ശരീഫ് അഴിമതിക്കേസില്‍ ജയിലിലായതോടെ മോദി കണ്ടുവെച്ച വഴി അടഞ്ഞു.
കശ്മീര്‍ പ്രശ്നത്തിനു രണ്ട് തലങ്ങളുണ്ട്. ഒന്ന്‍ മുസ്ലിംഭൂരിപക്ഷ പ്രദേശമെന്ന നിലയില്‍ അത് തങ്ങളുടെതാകേണ്ടതാണെന്ന പാകിസ്ഥാന്റെ വാദത്തില്‍ നിന്നുയരുന്നതാണ്. മറ്റേത് ഇന്ത്യയുടെ ഭാഗമെന്ന നിലയില്‍ കശ്മീരികള്‍ക്കുള്ള അതൃപ്തി   സംബന്ധിച്ചതാണ്. രണ്ടും തമ്മില്‍ ബന്ധമുണ്ടെങ്കിലും വേര്‍തിരിച്ചു കാണുകയും കൈകാര്യം ചെയ്യേണ്ടവയുമാണവ. കശ്മീര്‍  പ്രശ്നം വ്ഷളാക്കുന്നത്തില്‍ ആദ്യം മുതല്‍ പങ്കുള്ള സംഘ പരിവാരിറെ ഭാഗമെന്ന നിലയില്‍ ഇവ കൈകാര്യം ചെയ്യുന്നതില്‍ ബി.ജെ.പിക്ക് പരിമിതിയുണ്ട്. ആ പരിമിതി മറികടന്നുകൊണ്ട് പ്രസിഡന്റ് പര്‍വേശ് മുഷറഫുമായി സംസാരിക്കാന്‍ പ്രധാനമന്ത്രിയായിരിക്കെ എ.ബി. വാജ്പേയിക്ക് കഴിഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം നടത്തിയ ധീരമായ ശ്രമം വിജയിച്ചില്ല. ആര്‍.എസ്. എസ് പ്രചാരകന്റെ തലത്തില്‍ നിന്ന് രാജ്യതന്ത്രജ്ഞന്റെ തലത്തിലേക്ക് ഉയരാന്‍ കഴിയാത്തതുകൊണ്ട് മോദിക്ക്‌ വാജ്പേയിയുടെ പാത പിന്തുടരാനായില്ല. 
ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള 2014ലെ  തെരഞ്ഞെടുപ്പില്‍ ഹിന്ദുഭൂരിപക്ഷ പ്രദേശമായ ജമ്മുവിലെ സീറ്റുകള്‍ ബി.ജെ.പി. തൂത്തുവാരി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി. കൂട്ടു മന്ത്രിസഭയുണ്ടാക്കി. കശ്മീര്‍ താഴ്വരയിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് നടപടികളെടുക്കാന്‍ പറ്റിയ അവസരമായിരുന്നു അത്. പക്ഷെ മോദിക്ക് അവസരത്തിനൊത്തുയരാനായില്ല.     
മോദിയുടെ അഞ്ചു കൊല്ലത്തില്‍ കശ്മീര്‍ കൂടുതല്‍ കലാപബാധിതമായിട്ടുണ്ടെന്ന് രാജ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്ലിക്ട് മാനേജ്മെന്റ് സ്ഥാപിച്ചിട്ടുള്ള സൌത്ത് ഏഷ്യ ടെററിസം പോര്‍ട്ടല്‍ ഇന്ത്യയിലെയും സമീപരാജ്യങ്ങളിലെയും തീവ്രവാദപ്രവര്‍ത്തനം സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ്. അത് നല്‍കുന്ന കണക്കുകളനുസരിച്ച് മോദിയുടെ കാലത്ത് ചെറുതും വലുതുമായ 626 തീവ്രവാദി ആക്രമണങ്ങളുണ്ടായി. മന്‍മോഹന്‍ സിംഗിന്റെ രണ്ടാം സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാലത്തുണ്ടായത് 109 മാത്രം. വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ ഏതാണ്ട് പത്തിരട്ടി വര്‍ദ്ധനവാണുണ്ടായത്. കൊല്ലപ്പട്ട സേനാംഗങ്ങളുടെയും നാട്ടുകാരുടെയും എണ്ണത്തിലും വര്‍ദ്ധനവുണ്ടായി.
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1975ല്‍ രണ്ട് പതിറ്റാണ്ടിലേറെ ഇടഞ്ഞു നിന്ന ഷേക്ക് അബ്ദുള്ളയുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും  അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കുകയും ചെയ്തത് കശ്മീരിലെ സ്ഥിതി ശാന്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനെ സോവിയറ്റ് നിയന്ത്രണത്തില്‍ നിന്നു മോചിപ്പിക്കാന്‍ അമേരിക്കക്കുവേണ്ടി  സജ്ജമാക്കിയ പോരാളികളെ പാകിസ്ഥാന്‍ കശ്മീരിലേക്ക് തിരിച്ചു വിട്ടതിനെ തുടര്‍ന്നാണ്‌ 1980കളുടെ അന്ത്യത്തില്‍ ഇപ്പോഴും തുടരുന്ന തീവ്രവാദി ഘട്ടം തുടങ്ങിയത്. ഇത് ആര്‍ക്കും ജയിക്കാനാകുന്ന യുദ്ധമല്ലെന്ന് കണക്കുകളില്‍ നിന്ന്‍ വായിച്ചെടുക്കാവുന്നതാണ്. ഈ കാലയളവില്‍ കൊല്ലപ്പെട്ടത് 44,977 പേരാണ്. ഇതില്‍ 23,640 പേര്‍ സായുധ സേനകള്‍ കൊന്ന തീവ്രവാദികളാണ്, 21,337പേര്‍ തീവ്രവാദികള്‍ കൊന്ന സായുധ സേനാംഗങ്ങളും (6,454) സാധാരണ ജനങ്ങളും (14,883)എല്ലാ വിഭാഗങ്ങള്‍ക്കിടയിലും മോദിയുടെ കാലത്ത് മന്‍മോഹന്‍ സിംഗിന്റെ അവസാന അഞ്ചു വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടു. ഭക്തന്മാരെ ആവേശഭരിതരാക്കുന്ന മോദിയുടെ 56 ഇഞ്ചിന്റെ വീമ്പ് പറച്ചില്‍ തീവ്രവാദം കുറച്ചിട്ടില്ലെന്നര്‍ഥം          
തെരഞ്ഞെടുപ്പ് കാലത്ത് പുതിയ സമാധാന ശ്രമങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് ഗുണപരമായ നടപടികള്‍ക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കണം. അതിനിടെ ഭരണ നേതൃത്വം സാഹസികതകക്ക് മുതിരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനെതിരെ ജാഗ്രത പുലര്ത്തേണ്ടതുണ്ട്.(ജനശക്തി, മാര്‍ച്ച്1-15, 2019.
jജമ്മു-കാശ്മീരില്‍ ഭീകര പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ കഴിഞ്ഞ മാസം ആദ്യം വരെ കൊല്ലപ്പെട്ടവരുടെ കണക്ക് അറിയാന്‍ താല്പര്യമുള്ളവര്‍ ദയവായി ഈ പോര്‍ട്ടല്‍  സന്ദര്‍ശിക്കുക:  http://www.satp.org/satporgtp/countries/india/states/jandk/data_sheets/annual_casualties.htm

Thursday, March 7, 2019

അഭിമുഖം 



അപഹരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ശ്രേഷ്ഠതകള്‍

ബി.ആര്‍,പി. ഭാസ്കര്‍/പി.എസ്.റംഷദ്

1. ഈ പൊതു തെരഞ്ഞെടുപ്പ് രാജ്യത്തിന് എത്രത്തോളം നിർണായകമാണ്? തെരഞ്ഞടുപ്പിനൊരുങ്ങുന്ന ഇന്ത്യയെ എങ്ങനെ വിലയിരുത്തുന്നു?

ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ മര്യാദകളെയും മാനിക്കുന്നതില്‍ പല ഭരണകൂടങ്ങളും വീഴ്ച വരുത്തിയിട്ടുണ്ട്. ജനാധിപാത്യ വ്യവസ്ഥയ്ക്ക് അടിത്തറ പാകിയ ജവാഹര്‍ലാല്‍ നെഹ്രുവാണല്ലോ നിയമസഭയില്‍ ഭൂരിപക്ഷമുള്ളപ്പോള്‍ കേരളതതിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത്. എന്നാല്‍ മറ്റൊരു പ്രധാനമന്ത്രിയും ഭരണവ്യവസ്ഥയെ നരേന്ദ്ര മോദിയോളം ദുഷിപ്പിച്ചിട്ടില്ല. ആ നിലയ്ക്ക് ഞാന്‍ ഈ തെരഞ്ഞടുപ്പിനെ നിര്‍ണ്ണായകമായ കാണുന്നു. 1977ലും 1980ലും ഉയര്‍ന്ന ചോദ്യമാണ് ഇപ്പോഴും നമ്മുടെ മുന്നില്‍: ഇത് ഇനിയും തുടരാന്‍ അനുവദിക്കണോ? 

2. മുമ്പും ഇന്ത്യയിലെ ജനാധിപത്യം പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും സ്വേഛാധിപത്യ പ്രവണതയുള്ള ഭരണാധികാരികളെ (പ്രത്യേകിച്ചും അടിയന്തരാവസ്ഥയും ഇന്ദിരാഗാന്ധിയും) അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്റെ  അഞ്ചു വർഷത്തെ ഭരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രീതികളും അതിനേക്കാളൊക്കെ മാരകമാണെന്ന് വിലയിരുത്തുന്നുണ്ടോ? എത്രത്തോളം, ഏതുവിധത്തിൽ?

അടിയന്തിരാവസ്ഥ ഭരണഘടനാനുസൃതമായ നടപടി ആയിരുന്നു. ഭരണഘടനാ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്തതാണ് ഇന്ദിരാ ഗാന്ധി ചെയ്ത അപരാധം. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ പാര്‍ലമെന്റും സുപ്രീം കോടതിയും സ്വീകരിച്ച ചില നടപടികള്‍ അടിയന്തിരാവസ്ഥാ പ്രഖ്യാപനം ദുഷ്കരമാക്കിയിട്ടുണ്ട്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധി എടുത്തതിനു സമാനമായ നടപടികള്‍ കൈക്കൊള്ളാനാകുമെന്നു കേന്ദ്രത്തില്‍ മോദിയും തെളിയിച്ചിരിക്കുന്നു. നിരവധി മനുഷ്യാവകാശ സംഘടനകളുടെ സാമ്പത്തിക സ്രോതസുകള്‍ അടച്ചുകൊണ്ടാണ് മോദി ഭരണം തുടങ്ങിയത്. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സികളെ മനുഷ്യാവകാശ  പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ പ്രവര്ത്തകര്‍ക്കുമെതിരെ അന്വേഷണത്തിനു നിയോഗിച്ചു. എന്നാല്‍ അഞ്ചു കൊല്ലത്തില്‍ ഏതെങ്കിലും സംഘടനക്കോ വ്യക്തിക്കോ എതിരെ വിശ്വാസയോഗ്യമായ ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അവര്‍ക്കായിട്ടില്ല. അക്കാദമിക്കുകള്‍, ദലിത്‌ നേതാക്കള്‍, വിദ്യാര്‍ഥി നേതാക്കള്‍ തുടങ്ങിയവരെ  സര്‍ക്കാര്‍ ബോധപൂര്‍വം ലക്ഷ്യമിടുന്നതായി കാണാം. പൂനെ പോലീസ് വിവിധ സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി നിരവധി പൌരാവകാശ പ്രവര്‍ത്തകരെ അറ്റസ്റ്റ് ചെയ്തു. പ്രത്യക്ഷത്തില്‍ തന്നെ നിലനില്‍ക്കാത്തവയെന്നു മനസിലാക്കാവുന്ന കേസുകളാണ് അവര്‍ക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതെല്ലാം മോദി ഭരണത്തെ  ഇന്ദിരാ ഗാന്ധിയുടെ  അടിയന്തിരാവസ്ഥയേക്കാള്‍ മാരകമാക്കുന്നു. മൌലികാവകാശങ്ങള്‍ സസ്പെന്ഡ് ചെയ്യപ്പെടുന്നതുകൊണ്ട് തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് അടിയന്തിരാവസ്ഥക്കാലത്ത് ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ്‌ പറഞ്ഞത്. ഇപ്പോള്‍ മൌല്കാവകാശങ്ങള്‍ മരവിപ്പിക്കപ്പെട്ടിട്ടില്ല. എന്നിട്ടും സുപ്രീം കോടതിക്ക് ഇത്തരം കേസുകളില്‍ യഥാസമയം  ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ല.  

3. മാറ്റം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സർക്കാർ ഗുണപരമായ എന്തെങ്കിലും മാറ്റം ഇന്ത്യയുടെ സാമൂഹിക ജീവിതത്തിനു നൽകിയതായി അഭിപ്രായമുണ്ടോ

തത്വത്തില്‍ സാമൂഹിക ജീവിതത്തിനു ഗുണപരമെന്ന് പറയാവുന്ന ഒന്നാണ് സ്വച്ഛ ഭാരത്‌ പദ്ധതി. അതിന്‍ പ്രകാരം നാല് കൊല്ലത്തില്‍ ഒമ്പത് കോടി ശുചിമുറികള്‍ നിര്‍മ്മിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ഒരു കൊല്ലം മാത്രം ഈ പദ്ധതിക്ക് ചെല്വാക്കിയത് 16,500 കോടി രൂപയാണ്. താന്‍ കെട്ടിക്കൊടുത്ത ടോയിലെറ്റുകല്‍ കാണാന്‍ വിദേശത്തു നിന്ന് വിനോദസഞ്ചാരികള്‍ വരുമെന്ന് പ്രധാനമന്ത്രി ഈയിടെ പറയുകയുണ്ടായി! സര്‍ക്കാര്‍ അതിന്റെ പരിമിതമായ വിഭവങ്ങള്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനും  ആളുകള്‍ക്ക് മാനമായി ഉപജീവനം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും ചെലവഴിച്ചാല്‍ ഇതുപോലുള്ള പരിപാടികള്‍ ആവശ്യമാകില്ല. കാരണം വിദ്യാഭ്യാസം നേടുകയും ജീവിക്കാനാവശ്യമായ വരുമാനമുണ്ടാവുകയും ചെയ്യുമ്പോള്‍ ആളുകള്‍ ഇത്തരം ആവശ്യങ്ങള്‍ സ്വയം നിറവേറ്റിക്കൊള്ളും. ഇങ്ങനെയുള്ള പദ്ധതികളിലൂടെ പാവപ്പെട്ട ജനങ്ങളെ തൃപ്തിപ്പെടുത്തുകയും വന്‍വ്യ വ്യവസായികള്‍ക്കും മാഫിയാകള്‍ക്കും രാജ്യത്തെ വിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള അവസരം നല്‍കുകയുമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൊതുവേ ചെയ്യുന്നത് .   

4. മോദിക്കു പകരം ബിജെപിയിലെ മറ്റേതെങ്കിലും 'മിതവാദി' നേതാവ് നയിക്കുന്ന സർക്കാർ എന്ന ആശയം പ്രചരിപ്പിക്കപ്പെടുന്നത് എത്രത്തോളം സ്വീകാര്യമാണ്? അത് ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമാണോ?

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടുന്ന രീതി ബിജെപി. തുടങ്ങി വെച്ചതാണ്. അതിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്നു തീരുമാനിക്കുന്നത് പിതൃസംഘടനയായ ആര്‍.എസ്.എസ്‌ ആണ്. മോദിയെ നിലനിര്ത്തണമോ വേണ്ടയോ എന്ന് ആ സംഘടന തീരുമാനിക്കും. അത് പാര്‍ട്ടി അംഗീകര്‍ക്കും. മോദിയുടെ ഇതുവരെയുളള പ്രവര്‍ത്തനത്തില്‍ ആര്‍.എസ്.എസിന് തൃപ്തിയില്ല എന്ന് കരുതാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വരികയും എന്‍.ഡി.എയിലേക്ക് പുതിയ ഘടക കക്ഷികളെ ആകര്ഷിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മോദിയേക്കാള്‍ നല്ലത് സൌമ്യനായ ഒരാളാണെന്ന നിഗമനത്തില്‍ ആര്‍.എസ്‌.എസ്.  എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.      


5. പ്രതിപക്ഷ കക്ഷികളുടെ വിശാല ഐക്യം തെരഞ്ഞെടുപ്പിനു മുമ്പുതന്നെ രൂപപ്പെടേണ്ടത് അനിവാര്യമാണോ? മോദി വിരുദ്ധ രാഷ്ട്രീയ നിലപാടിൽ യോജിക്കുന്നവർ തന്നെ പരസ്പരം മൽസരിക്കുന്ന സ്ഥിതി ഉണ്ടായാൽ എന്താകും പ്രത്യാഘാതം?

മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന കക്ഷികള്‍ക്കിടയിലെ ഭിന്നിപ്പ്‌ മുതലെടുത്ത്‌ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന അക്രമോത്സുക ഹിന്ദുത്വ വര്‍ഗീയത അധികാരത്തില്‍ തിരിച്ചു വരുന്നത് തടയേണ്ടതുണ്ട്. മിക്ക കക്ഷികളുടെയും സ്വാധീനം ഒന്നോ രണ്ടോ എറിയാല്‍ മൂന്നോ സംസ്ഥാനങ്ങളില്‍ ഒതുങ്ങുന്നതുകൊണ്ട് ഇതിനു ദേശീയതല മഹാസഖ്യം ആവശ്യമില്ല.. ഓരോ സംസ്ഥാനത്തെയും പ്രബല കക്ഷികള്‍ കൈകോര്‍ത്താല്‍ മതി. പക്ഷെ അവരുടെ ഐക്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകാന്‍  തെരഞ്ഞെടുപ്പിനുശേഷം ഒരു ദേശീയ അനുരഞ്ജന സര്‍ക്കാര്‍ (government of national reconciiation) രൂപീകരിക്കാനുള്ള സന്നദ്ധത മുന്‍കൂട്ടി പ്രഖ്യാപിക്കണം. ആ ഗവണ്മെന്റിനെ ആര് നയിക്കും എന്ന ചോദ്യം അപ്രസക്തമല്ല, എന്നാല്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട ചോദ്യം അതിന്റെ നയപരിപാടികള്‍ എന്തായിരിക്കും എന്നതാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തില്‍ ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലും വര്‍ഗ്ഗീയത പടര്‍ന്നിട്ടുണ്ട്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ പരിമിതമായ ജനാധിപത്യാംശം ഏറെ ചോര്‍ന്നു പോയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മോദി സര്‍ക്കാരിന്റെ കാലത്തെ തെറ്റുകള്‍ തിരുത്തുമെന്നും ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുത്തുമെന്നുമുള്ള വിശ്വാസം ജനിപ്പിക്കാന്‍ കഴിയുന്ന ഒരു ദേശീയ പരിപാടി ജനങ്ങള്‍ക്ക്‌ മുന്നില്‍ വെക്കണം.


6. ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള യുപിയിൽ എസ്പിയും ബിഎസ്പിയും തമ്മിലുണ്ടാക്കിയ സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ അകറ്റി നിർത്തിയതിനെ എങ്ങനെ കാണുന്നു

മൂന്നു ഹിന്ദി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എടുത്ത ബുദ്ധിശൂന്യമായ തീരുമാനമാണ് ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചത്. യു.പിയില്‍ വോട്ടുവിഹിതത്തില്‍ കോണ്ഗ്രസ് ഇപ്പോള്‍ നാലാം സ്ഥാനത്താണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതിനു കിട്ടിയത് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സീറ്റുകള്‍ മാത്രമാണ്. യു.പിയില്‍ നില മെച്ചപ്പെടുത്താന്‍ എസ്.പിയുടെയും ബി.എസ്‌.പി യുടെയും സഹായം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ്‌ മദ്ധ്യ പ്രദേശിലും രാജസ്ഥാനിലും ചത്തിസ്ഗധിലും എസ്.പിയും ബി.എസ്.പിയുമായും സഖ്യമുണ്ടാക്കാനുള്ള വിവേകം അതിനുണ്ടായില്ല. ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയെ ഇറക്കി നടത്തുന്ന കളി അപകടകരമാണ്. അത് മതനിരപേക്ഷ വോട്ടുകള്‍ വിഭജിച്ചുകൊണ്ട് ബി.ജെ.പിയ്ടെ വിജയ സാധ്യത വര്‍ദ്ധിപ്പിക്കും.  അപകടം തിരിച്ചരിറിഞ്ഞ് എസ്പിയും ബി..എസ.പിയും തെരഞ്ഞെടുപ്പിന് മുമ്പ് കോണ്ഗ്രസുമായി ധാരണയിലെത്തും എന്നാണെന്റെ വിശ്വാസം.   


7. ബിജെപി ഇതര സർക്കാരുണ്ടായാൽ അതിലെ മുഖ്യപങ്കാളിയും നേതൃസ്ഥാനത്തുള്ള പാർട്ടിയും കോൺഗ്രസ് ആകാനുള്ള സാധ്യത എത്രത്തോളമാണ്? രാഹുൽ ഗാന്ധിയല്ലെങ്കിൽ പ്രധാനമന്ത്രിയാകാൻ ഏറ്റവും | രാഷ്ടീയ യോഗ്യതയും സാധ്യതയുമുള്ള നേതാവിനെയോ നേതാക്കളെയോ ചൂണ്ടിക്കാണിക്കാനുണ്ടോ?

‘കോണ്‍ഗ്രസിതര ബിജെപിഇതര’ സര്‍ക്കാര്‍ എന്നൊരു മുദ്രാവാക്യം കുറേക്കാലം നാം കേട്ടതാണ്. അക്കാലത്തുണ്ടായ സര്‍ക്കാരുകളുടെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ പുറത്തു നിന്നുള്ള പിന്തുണയോടെയാണ് നിലനിന്നതെന്ന് കാണാം. ആ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചപ്പോള്‍ സര്‍ക്കാര്‍ നിലംപതിച്ചു. ഇപ്പോഴും മൊത്തം വോട്ടിന്റെ പകുതി ഈ രണ്ട് കക്ഷികള്‍ക്കോപ്പമാണ്. അന്നും ഇന്നും ആത്യന്തികമായി മറ്റ് കക്ഷികളുടെ മുന്നിലുള്ള ചോദ്യം ഇതില്‍ ആരോടൊപ്പം പോകണം എന്നതാണ്. ദീര്‍ഘകാലം ഭരിച്ച കക്ഷിയെന്ന നിലയിലും പ്രാദേശികകതലത്തില്‍ അവരുടെ മുഖ്യ ശത്രു എന്ന നിലയിലും മിക്ക കക്ഷികളും പൊതുവില്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചു. ഈ സാഹചര്യമാണ് ബി.ജെ.പിക്ക് വളരാന്‍ അവസരമുണ്ടാക്കിയത്. ഇനിയും ആ സമീപനം തുടരാനാവില്ല. ഇതിന്റെ അര്‍ഥം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി എല്ലാവരും അംഗീകരിക്കണമെന്നല്ല. രാഹുല്‍ ഗാന്ധിയേക്കാള്‍ അനുഭവസമ്പത്തുള്ള നേതാക്കള്‍ കോണ്ഗ്രസിലും കോണ്ഗ്രസിതര കക്ഷികളിലുമുണ്ട്. ഇതില്‍ ഒരാളെ അഭിപ്രായ സമന്വയത്തിലൂടെ തെരഞ്ഞെടുക്കാവുന്നതാണ്. ദേശീയ അനുരഞ്ജന സര്‍ക്കാര്‍ എന്ന സ്വഭാവം നിലനിര്‍ത്താനും കൂട്ടായ പ്രവര്‍ത്തനം സുഗമമാക്കാനും കൂട്ടായ്മയുടെ ഭാഗമായ എല്ലാ കക്ഷികളുടെയും സര്‍വോന്നത  നേതാക്കളടങ്ങുന്ന ഏകോപന സമിതിയുമുണ്ടാകണം.        


 8. പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസിന്റെ സാധ്യതകൾ വർധിപ്പിച്ചതായി വിലയിരുത്തുന്നുണ്ടോ? പൊതുവിൽ ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തിൽ പ്രിയങ്ക എത്രത്തോളം ' തരംഗം' സൃഷ്ടിക്കും?

പ്രിയങ്ക ഗാന്ധിയുടെ വരവ് കോണ്ഗ്രസ് അണികളില്‍ ഉണര്‍വ് ഉണ്ടാക്കിയിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ആ പാര്‍ട്ടിക്ക് ഗുണം ചെയ്യും. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടികുമെന്നു  കരുതുന്നില്ല.


9. ഡീമോണിറ്റൈസേഷൻ, ജി എസ് ടി, റഫാൽ അഴിമതി വിവാദം തുടങ്ങിയവ അതീവ മോശമാക്കിയ മോദി സർക്കാരിന്റെ പ്രതിഛായ രാമജന്മഭൂമി പ്രശ്നം വീണ്ടും സജീവമാക്കിക്കൊണ്ടും രാജ്യത്ത് വർഗീയ വൈരം കത്തിച്ചു കൊണ്ടും ഭൂരിപക്ഷ സമുദായങ്ങൾക്കിടയിൽ നന്നാക്കിയെടുക്കാനും വോട്ടാക്കി മാറ്റാനുമുള്ള ശ്രമങ്ങളെ എങ്ങനെയാണ് പ്രതിരോധിക്കാനാവുക? ഈ പതിവു തന്ത്രം ബിജെപിക്ക് ഗുണം ചെയ്യുമോ?

സംഘ പരിവാര്‍ രാമജന്മഭൂമി പ്രശ്നം കുത്തിപ്പോക്കാന്‍ ശ്രമം തുടങ്ങിയ ശേഷമാണ് കശ്മീരിലെ പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തില്‍ നാല്പതില്‍ പരം സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി സംഭവത്തെ അപലപിക്കുകയും    
രാഹുല്‍ ഗാന്ധി ഈ സാഹചര്യം നേരിടുന്നതിനു സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ബി.ജെ.പി. രാമജന്മഭൂമി പ്രശ്നം മാറ്റി വെച്ചിട്ട്‌ ഈ ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രാമജന്മഭൂമി പ്രശ്നവും ദേശീയതാ നാട്യവും ഹിന്ദി മേഖലയില്‍ ബി.ജെ.പിക്ക് പ്രയോജനകരമായേക്കാം. മറ്റ് പ്രദേശങ്ങളില്‍ അവ അതിന് ഗുണം ചെയ്യില്ല. അവിടെ വേണ്ടത്ര തയ്യാറെടുപ്പ് കൂടാതെ നടപ്പാക്കിയ ഡീമോണിറ്റൈസേഷനും ജി എസ് ടിയും ഉണ്ടാക്കിയ തിരിച്ചടികളും റഫാൽ അഴിമതിയും ആകും കൂടുതല്‍ നിര്‍ണ്ണായകമാവുക.

10. ഈ തെരഞ്ഞെടുപ്പിൽ ആർ എസ് എസ്സ് കൂടുതലായി ഇറങ്ങിക്കളിക്കുകയും ബി ജെ പി ക്ക് ഭരണത്തുടർച്ച ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുകയും ചെയ്യാനിടയുണ്ടോ?

ആര്‍.എസ്.എസ് 1951-52ലെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അതിന്റെ ആദ്യ രാഷ്ട്രീയ വാഹനമായ ജന സംഘ് രൂപീകരിച്ചിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ അതിന്റെ മുഴുവന്‍ ശക്തിയും അതിനു വേണ്ടി വിനിയോഗിച്ചിരുന്നില്ല. അത് തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളിലെങ്കിലും കോണ്ഗ്രസ് അനുകൂല നിലപാട് എടുത്തിരുന്നു. അടിയന്തിരാവസ്ഥക്കാലത്തെ തെരഞ്ഞെടുപ്പില അത് ഇന്ദിരാ ഗാന്ധിക്കെതിരെ പ്രവര്‍ത്തിച്ചു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി,ജെ.പിയുടെ വിജയത്തിനായി അത് ബൂത്ത് തല പ്രവര്‍ത്തനത്തിനു ഒരു ലക്ഷത്തിലധികം കാഡറുകളെ രംഗത്തിറക്കി.  മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അത് പരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഭരണത്തില്‍ നിരന്തരം ഇടപെടുകയും ചെയ്തു. അധികാരത്തില്‍ ഏതാണ്ട് നേരിട്ടുതന്നെ പങ്കാളി ആയിക്കഴിഞ്ഞതിനാല്‍ ഇനീ അത് സ്വമേധയാ പഴയ രീതിയിലേക്ക് പോകാനിടയില്ല.  


11. ശബരിമല വിഷയം ദക്ഷിണേന്ത്യയിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും തെരഞ്ഞെടുപ്പിൽ നിർണായകമാകുമോ? ശബരിമല വിഷയത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളാകാൻ ബിജെപിക്ക് കഴിയുമെന്നു കരുതുന്നുണ്ടോ?

ശബരിമല വിഷയത്തില്‍ ബി.ജെ.പി. സ്വീകരിച്ച നിലപാടിനോട് യോജിക്കുന്ന ഒരു വലിയ യാഥാസ്ഥിതിക വിഭാഗം കേരളത്തിലുണ്ട്. പക്ഷെ ആ വിഷയം  തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കില്ല. പരമ്പരാഗതമായി മലയാളികളുടെ തെരഞ്ഞെടുപ്പ് നിലപാട് നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ തന്നെയാകും ഇത്തവണയും നിര്‍ണ്ണായകം. ബി.ജെപിയുടെ ശബരിമല സമരം അക്രമാസക്തവും ആഭാസകരവും ആയിരുന്നില്ലെങ്കില്‍ അത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല് ഗുണം ചെയ്യുമായുരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.  .   

12. കേരളത്തിൽ സി പി എമ്മും ഇടതുമുന്നണിയും സർക്കാരും സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സ്വീകരിച്ച ശക്തമായ നിലപാട് തെരഞ്ഞെടുപ്പിൽ ഏതുവിധം പ്രതിഫലിക്കാനാണ് സാധ്യത?

തെരഞ്ഞെടുപ്പില്‍ ശബരിമല നിര്‍ണ്ണായക വിഷയമാകില്ലെന്നതുകൊണ്ട് സര്‍ക്കാര്‍ നിലപാട് സി.പി.എമ്മിന് വലിയ ഗുണമോ വലിയ ദോഷമോ  ചെയാന സാധ്യതയില്ല.  

13. കേരളത്തിൽ ബിജെപി ഈ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തുന്നുണ്ടോ? എന്തായിരിക്കും അതിന്റെ ഫലപ്രാപ്തി?

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ ചില വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വളര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അനുകൂല സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ അതിന്റെ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. വോട്ടുവിഹിതം ഇനിയും അല്പം വര്‍ദ്ധിപ്പിക്കാന്‍ അതിനു കഴിഞ്ഞേക്കും. എന്നാല്‍ പതിറ്റാണ്ടുകളായി അധികാരം പങ്കിടുന്ന രണ്ട് മുന്നണികളില്‍ ഒന്ന് മറ്റേതിന്റെ സീറ്റുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ചില്ലറ സഹായം ചെയ്തു കൊടുത്താലല്ലാതെ ബിജെപിയുടെ ലോക് സഭാ സീറ്റ് മോഹം ഇത്തവണയും പൂവണിയാനിടയില്ല. .


14. പിണറായി വിജയൻ സർക്കാരിന്റെ വിലയിരുത്തലായിക്കൂടി ഈ തെരഞ്ഞെടുപ്പ് മാറുന്നതിന്റെ ഫലം കേരളത്തിൽ എങ്ങനെയാകും പ്രതിഫലിക്കുക?

ഏതൊരു ലോക് സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന സര്‍ക്കാരിനോടുള്ള മനോഭാവവും ചെറിയ തോതിലെങ്കിലും പ്രതിഫലിക്കും. എന്നാല്‍ കേന്ദ്രം ഭരിക്കാന്‍ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുകയാണെന്ന ബോധാത്തോടെയാകും ജനങ്ങള്‍ വോട്ടു ചെയ്യുന്നത്. ഇത്തവണ ആ ബോധം പൂര്‍വാധികം ശക്തമാകാനാണിട.
   (സമകാലിക മലയാളം വാരിക, ഫെബ്രുവരി 25, 2019)