Friday, February 22, 2019

കൊലപാതകങ്ങള്‍ക്ക് അറുതിയോ അവധിയോ?
ബി.ആര്‍.പി. ഭാസ്കര്‍
മാധ്യമം

സി.പി.എം പ്രവര്‍ത്തകര്‍ ഉള്പെട്ടതെന്ന് പോലീസ് പ്രഥമ വിവര റിപ്പോര്ട്ടില്‍ പറയുന്ന രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തള്ളിപ്പറഞ്ഞതും അറസ്റ്റിലായ പ്രാദേശിക നേതാവ് എ. പീതാംബരനെ ഉടന്‍ പുറത്താക്കിയതും സ്വാഗതാര്‍ഹമായ നടപടികളാണ്.
പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു  ഊര്‍ജ്ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവനും എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
കൊല്ലപ്പെട്ട ശരത് ലാലും കൃപേഷും പീതാംബരനെ വധിക്കാന്‍ ശ്രമിച്ചതിനു പോലീസ് എടുത്ത കേസിലെ പ്രതികളാണ്. കഴിഞ്ഞ മാസം നടന്ന മറ്റൊരു അക്രമസംഭവം സംബന്ധിച്ച കേസിലും ഇരുവരും പ്രതികളാണെന്നു പാര്‍ട്ടി പത്രം ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പാര്‍ട്ടി പ്രചാരകര്‍ പതിവ് രീതിയില്‍ ന്യായീകരണം തുടങ്ങിയശേഷമാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന വന്നത്. തുടര്‍ന്ന്‍ അവര്‍ നിഷ്ക്രമിച്ചു.
പാര്‍ട്ടിയുടെ നിലപാട് എക്കാലത്തും ഇതു തന്നെയായിരുന്നു എന്ന് സമര്‍ത്ഥിക്കാന്‍ സെക്രട്ടറിയും മുഖ്യമന്ത്രിയും ധീരമായ ഒരു ശ്രമവും നടത്തി. ആരെയും കൊല്ലാന്‍ നില്‍ക്കുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്ന് പിണറായി മാധ്യമങ്ങളോട് പറഞ്ഞു. നാട്ടുകാര്‍ ഇപ്പോഴും നടുക്കത്തോടെ ഓര്‍ക്കുന്ന ജയകൃഷ്ണന്‍ (1999), ടി.പി. ചന്ദ്രശേഖരന്‍ (2012), ഷുക്കൂര്‍ (2012)ഷോയിബ് (2018) എന്നിവരുടെ ദാരുണ കൊല സൌകര്യപൂര്‍വ്വം മറന്നുകൊണ്ട് കോടിയേരി പറഞ്ഞു: “കൊലപാതക രാഷ്ട്രീയത്തോട് ഞങ്ങള്‍ക്ക് യോജിപ്പേയില്ല.” ജനങ്ങള്‍ എതിരാകുന്ന ഒരു നിലപാടും സ്വീകരിക്കില്ലെന്നും സിപിഎം. ഒരുകാലത്തും അക്രമത്തിന്റെ ഭാഗമായിട്ടില്ലെന്നും കൂടി അദ്ദേഹം തട്ടിവിട്ടു.
ടി.പി. ചന്രശേഖരനെ വെട്ടിക്കൊന്ന കൊട്ടേഷന്‍ സംഘാംഗങ്ങള്‍ക്കൊപ്പം ജയിലില്‍ കഴിയുന്ന പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനാണ് കേരളത്തില്‍ രാഷ്ട്രീയ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള  ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള നേതാവ്. രണ്ടു കൊല്ലത്തെ കാരാഗൃഹ വാസത്തിനിടയില്‍ 217 ദിവസം പരോളില്‍ പുറത്തായിരുന്ന അദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി ജയിലിലെ നല്ല പെരുമാറ്റം പരിഗണിച്ച് കുറവ് ചെയ്തു നേരത്തെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. കൊട്ടേഷന്‍ സംഘതതലവന്‍ കൊടി സുനിക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ക്കുകയായിരുന്നു എന്നുമാണ്‌ കോടിയേരിയുടെ പുതിയ ഭാഷ്യം.
അക്രമരാഷ്ട്രീയത്തില്‍ നിന്ന് ദൂരം പാലിക്കാന്‍ സി.പി.എം. തീരുമാനിച്ചതായി മുഖ്യമന്ത്രിയും സെക്രട്ടറിയും വ്യക്തമാക്കി."പ്രവർത്തകർ യാതൊരു അക്രമപ്രവർത്തനത്തിലും ഉൾപ്പെടാൻ പാടില്ല എന്നത് പാർട്ടി തീരുമാനമാണ്," കോടിയേരി പറഞ്ഞു. കഴിഞ്ഞ കൊല്ലം ഫെബ്രുവരിയില്‍ തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ അത്തരമൊരു തീരുമാനം എടുത്തതായി കീഴ് ഘടകങ്ങളെ പാര്‍ട്ടി അറിയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്ഗ്രസ്സില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്ട്ടില്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പരാമര്ശിക്കുന്നത് ഒഴിവാക്കാനായി സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ ധാരണയിലെത്തിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി കീഴ്ഘടകങ്ങള്‍ക്കും സര്‍ക്കാര്‍ പോലീസിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും  ഒരു ഇംഗ്ലീഷ് പത്രം പേര് വെളിപ്പെടുത്താതെ ഒരു കേന്ദ്ര കമ്മിറ്റി അംഗത്തെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.
രാഷ്ട്രീയ കൊലക്കേസുകളില്‍ പാര്‍ട്ടികള്‍ നല്കുന ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്ന രീതി കേരളത്തില്‍ ഏറെ കാലമായി നിലനില്‍ക്കുന്നുവെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. ആ പതിവ് തെറ്റിച്ചുകൊണ്ടാണ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഏരിയാ കമ്മിറ്റി അംഗം വരെയുള്ളവരെ പ്രതികളാക്കിയത്. എന്നാല്‍ ടി.പി.യെ പോലൊരു നേതാവിനെ കൊല്ലാനുള്ള ഗൂഡാലോചന അത്ര താണ തലത്തിലാണ് നടന്നതെന്ന് പാര്‍ട്ടിയെ കുറിച്ച് സാമാന്യ ജ്ഞാനമുള്ള ആര്‍ക്കും വിശ്വസിക്കാനാവില്ല.
ഷുക്കൂര്‍ വധക്കേസില്‍ പോലീസ് 2012ല്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെയും എം.എല്‍.എ ആയ ടി.വി. രാജേഷിനെയും അറസ്റ്റ് ചെയ്യുകയും കോടതി അവര്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തിരുന്നു. അതിനുശേഷം കേസില്‍ പുരോഗതി ഇല്ലാതിരിക്കുമ്പോള്‍2016ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ തുടരന്വേഷണം സി,ബി.ഐക്ക് വിട്ടു. കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജനെയും രാജേഷിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. നിയമത്തിന്റെ കൈകള്‍ ജില്ലാ സെക്രട്ടറി വരെ നീണ്ട ശേഷമാണ് സംസ്ഥാന്‍ നേതൃത്വം കൊലപാതക രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തതെന്നത് യാദൃശ്ചികമാവില്ല. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ നിലപാട് മാറ്റത്തെ കുറിക്കുന്നുവോ അതോ മറ്റൊരു അടവ് നയമാണോ എന്നറിയാന്‍ കുറച്ചു കാലം കാത്തിരിക്കണം  
ഞങ്ങള്‍ അക്രമരാഹിത്യത്തില്‍ വിശ്വസിക്കുന്നവരല്ല, പാടത്തെ പണിക്ക് വരമ്പത്ത് കൂലി കൊടുക്കും, വേണ്ടി വന്നാല്‍ പോലീസ് സ്റേഷനിലും ഞങ്ങള്‍ ബോംബുണ്ടാക്കും എന്നിങ്ങനെയുള്ള ഡയലോഗുകള്‍ അടിച്ചിരുന്ന സി.പി.എം.  നേതാക്കളുടെ  ഭാഷയില്‍ പൊടുന്നനെയുണ്ടായ മാറ്റം പാര്‍ട്ടിയുടെ വിശ്വാസി സമൂഹത്തില്‍ ചിന്താക്കുഴപ്പം സൃഷ്ടിച്ച ലക്ഷണമുണ്ട്. മുന്‍ പി.എസ്.സി അംഗവും എഴുത്തുകാരനും സൈബര്‍ പടയാളിയുമായ അശോകന്‍ ചരുവില്‍ അക്രമങ്ങളുടെ ഉത്തരവാദിത്വം അനുയായികളായി വന്നുചേര്‍ന്ന, പാര്‍ട്ടിയുടെ നയവും പരിപാടിയും തിരിച്ചറിയാത്ത അരാഷ്ട്രീയ ക്രിമിനലുകളുടെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമിച്ചു. ഇരകളുടെ പശ്ചാത്തലം പരിശോധിച്ചാല്‍ തന്നെ, നിഷ്കളങ്കനായ അദ്ദേഹം കരുതുന്നതുപോലെ, കൊല ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും അരാഷ്ട്രീയവാദികളല്ല, രാഷ്ട്രീയമായി മാത്രം ചിന്തിക്കുന്നവരാണെന്നു മനസിലാക്കാന്‍ കഴിയും. ക്രിമിനലുകളെ തള്ളിപ്പറയാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മുമ്പ് മടിച്ചിരുന്നതായി അശോകന്‍ ചരുവില്‍ കുറ്റപ്പെടുത്തി. സി,പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഈ ആരോപണത്തിന്റെ കുന്തമുന നീളുന്നത് ആരിലേക്കാണെന്നു അദ്ദേഹം ചിന്തിച്ചില്ലെന്നു തോന്നുന്നു. ഇത്തരം വ്യാജ ന്യായീകരണങ്ങള്‍  തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുന്ന പാരമ്പര്യം അവകാശപ്പെടുന്ന ഒരു പാര്‍ട്ടിക്ക് യോജിച്ചതല്ല.

രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നു എന്നത് മാത്രമല്ല, അവ തികച്ചും പ്രാകൃതമായ രീതിയില്‍ നടത്തപ്പെടുന്നു എന്നതും ശ്രദ്ധയര്‍ഹിക്കുന്നു. എല്ലാ പാര്‍ട്ടികളും ഈ കിരാതപര്‍വം  അവസാനിപ്പിക്കുന്നതില്‍ സഹകരിച്ചുകൊണ്ട് മലയാളികള്‍ക്ക് പരിഷ്കൃത സമൂഹമായി കഴിയാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതാകട്ടെ രണ്ടാം നവോത്ഥാനത്തിന്റെ സംഭാവന.