Saturday, January 12, 2019

അ​യോ​ഗ്യ​രാ​യ ത​ന്ത്രി​മാ​ർ എന്തിന്​?  
ബി.ആര്‍‍.പി  ഭാസ്കര്‍
മാധ്യമം

ക്ഷേത്രങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടും “മന്ത്രങ്ങള്‍ ദേവനെ നിയന്ത്രിക്കുന്നു, ബ്രാഹ്മണന്‍  മന്ത്രങ്ങളെ നിയന്ത്രിക്കുന്നു”  എന്ന് പ്രചരിപ്പിച്ചുകൊണ്ടുമാണ്  വൈദികസമൂഹം രാജ്യത്ത് അസമത്വത്തിലും അനീതിയിലും അധിഷ്ഠിതമായ ജാതിവ്യവസ്ഥ നടപ്പാക്കിയത്. ആ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ ഇപ്പോഴും താക്കോല്‍ സ്ഥാനങ്ങളില്‍ ഉള്ളതുകൊണ്ട്  തുല്യതയും തുല്യാവസരങ്ങളും വാഗ്ദാനം ചെയ്യുന്ന ഭരണഘടന നിലവില്‍ വന്ന്‍  ഏതാണ്ട് എഴ്  പതിറ്റാണ്ടായിട്ടും  പല മേഖലകളിലും ജാതിമേധാവിത്വ സ്വാധീനം  തുടരുന്നു  
തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജഭരണകൂടങ്ങളുടെ കീഴിലായിരുന്ന അമ്പലങ്ങള്‍ സ്വതന്ത്ര്യപ്രാപ്തിക്കുശേഷം നിലവില്‍  വന്ന തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തിന്റെ കീഴിലായി.  പുതിയ ഭരണ സംവിധാനം മതനിരപേക്ഷമാകയാല്‍  അമ്പലങ്ങളുടെ നടത്തിപ്പിനായി ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിക്കപ്പെട്ടു. തിരുവിതാംകൂറിലെ ബോര്‍ഡ് ആദ്യകാലത്ത് ക്ഷേത്ര  സംവിധാനങ്ങളില്‍ കാലോചിതമായ ചില മാറ്റങ്ങള്‍ വരുത്തി. ശാന്തി പനിയുല്പ്പെടെ പല കാര്യങ്ങളിലും നിലനിന്നിരുന്ന കുടുംബാവകാശങ്ങള്‍  അത് നിര്‍ത്തലാക്കി. അബ്രാഹ്മണര്‍ക്ക് ശാന്തി പണിയില്‍ പരിശീലനം നേടാന്‍ അത് അവസരമൊരുക്കി. കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തെ തുടര്‍ന്ന് പൊതുരംഗത്ത് സജീവമായ ജാതി സംഘടനകളുടെ സ്വാധീനത്തില്‍ ബോര്‍ഡിന്റെ  പരിഷ്കരണ ത്വര ക്രമേണ ശമിച്ചു. കോണ്ഗ്രസും സിപിഎമ്മും എന്‍.എസ്.എസിന് സ്വീകാര്യനായ ഒരാളെ  അധ്യക്ഷനും എസ്.എന്‍.ഡി.പി. ശിപാര്‍ശ ചെയ്യുന്ന ഒരാളെ അംഗവും ആക്കാന്‍ തുടങ്ങിയതോടെ ബോര്‍ഡുകള്‍ പൂര്‍ണ്ണമായും യാഥാസ്ഥിതികരുടെ കൈകളിലായി.
ശബരിമല ശാന്തിമാരെ ഇപ്പോള്‍ ഓരോ കൊല്ലവും നറുക്കിട്ട് എടുക്കുകയാണ് ചെയ്യുന്നത്. തിരുവിതാംകൂര്‍  ബോര്‍ഡിന്റെ കീഴില്‍  25 കൊല്ലത്തിലധികം ശാന്തിമാരായി പ്രവര്‍ത്തിച്ചിട്ടുള്ള അബ്രാഹ്മണരുണ്ട്.  പക്ഷെ നറുക്കെടുപ്പില്‍ മലയാളി ബ്രാഹ്മണരുടെ പേരുകളെ ബോര്‍ഡ് ഉള്‍പ്പെടുത്തുകയുള്ളൂ.  ഈ വിവേചനം ചോദ്യം ചെയ്തുകൊണ്ട് ഒരു അബ്രാഹ്മന ശാന്തിക്കാരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍ ഊഴം കാത്ത് കിടക്കുകയാണ്. .
പരിഷ്കരണങ്ങള്‍  നടത്തിയ കാലത്തും ബോര്‍ഡ് കുടുംബങ്ങളുടെ തന്ത്രി കുത്തകയില്‍  കൈവെച്ചില്ല. കുത്തക സമ്പ്രദായം ആത്മീയവും ധാര്‍മികവുമായ ഔന്നത്യമില്ലാത്തവര്‍ തന്ത്രിമാരായി പ്രവര്‍ത്തിക്കുന്ന സാഹചര്യം  സൃഷ്ടിച്ചിരിക്കുന്നു. ഇതിനുള്ള തെളിവ് ശബരിമലയിലെ താഴമണ്‍ കുടുംബത്തെ കുറിച്ച് പോതുമണ്ഡലത്തിലുള്ള വിവരങ്ങളിലുണ്ട്. ഗുരുവായൂരിലെ തന്ത്രിമാരായ ചേന്നാസ് കുടുംബം സാമൂതിരിയാണ് തങ്ങള്‍ക്ക് ആ സ്ഥാനം നല്‍കിയതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. പരശുരാമനാണ് തങ്ങള്‍ക്ക് തന്ത്രിസ്ഥാനം നല്‍കിയതെന്ന് താഴമണ്‍ കുടുംബം പറയുന്നു. കേരളം പരശുരാമന്‍  മഴു എറിഞ്ഞു കടലില്‍ നിന്ന് ഉയര്‍ത്തി എന്ന കെട്ടുകഥ  ചരിത്രസത്യമാണേന്നു കരുതുന്ന  പമ്പരവിഡ്ഢികള്‍ക്ക്‌ മാത്രമെ ഇത് വിശ്വസിക്കാനാകൂ. ഏത് രാജാവ് അല്ലെങ്കില്‍ മാടമ്പിയാണ്  തങ്ങളെ ശബരിമല തന്ത്രിമാരാക്കിയതെന്ന് പറയാനാകാത്തത് ആ കുടുംബം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം ക്ഷേത്രം തങ്ങളില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നെന്ന മല അരയരുടെ പ്രസ്താവത്തിന്  ശക്തിപകരുന്നു.

ആചാരപരമായ കാര്യങ്ങളില്‍  തന്ത്രിയുടേതാണ് അവസാന വാക്കെന്നാണ് വെയ്പ്. എന്നാല്‍ ശബരിമല തന്ത്രി സുപ്രീം കോടതിയെ ധരിപ്പിച്ചത് തനിക്ക് തീരുമാനമെടുക്കാന്‍ കഴിയാത്ത സന്ദര്ഭങ്ങളുണ്ടെന്നും അപ്പോള്‍ ദേവപ്രശ്നം നടത്തി തീരുമാനമെടുക്കും എന്നുമാണ്. അങ്ങനെയെങ്കില്‍   തന്ത്രി എന്തിനു? ജോത്സ്യന്‍ മാത്രം പോരെ? സര്‍ക്കാരും ദേവസ്വം ബോര്‍ഡും സമര്‍പ്പിച്ച രേഖകളിലെ ചരിത്ര വസ്തുതകള്‍ അവഗണിച്ചുകൊണ്ട് അതിനു വിരുദ്ധമായി  തന്ത്രി നല്‍കിയ കള്ളമൊഴി വിശ്വസിച്ചാണ് 1991ല്‍  കേരള ഹൈക്കോടതി 10നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളുടെ പ്രവേശം നിരോധിച്ചത്.
ഇപ്പോള്‍ രണ്ടു തന്ത്രിമാരാണുള്ളത്. ഏതാണ്ട് ഒരേ അനുഭവ സമ്പത്ത് മാത്രമുള്ള അവര്‍ ഓരോ കൊല്ലവും മാറിമാറി ചുമതല നിര്‍വഹിക്കുന്നു. ഇതില്‍ ഒരാള്‍ കുറച്ചു കാലം മുമ്പ് ധാര്‍മിക അപഭ്രംശ സൂചനയുള്ള ഒരു സംഭവത്തില്‍  ഉള്‍പ്പെദുകയുണ്ടായി. അതിനെ തുടര്‍ന്ന്‍ ദേവസ്വം ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തി. തന്ത്രി പണി ചെയ്യാന്‍ അര്‍ഹതയുള്ളവര്‍  കുടുംബത്തില്‍ കുറവായതിനാല്‍ ആ സമയത്ത് മുഖ്യതന്ത്രി പാരമ്പര്യം തെറ്റിച്ച് മകളുടെ മകനെ സഹായിയാക്കാന്‍ ശ്രമിച്ചു. ബോര്‍ഡ് ആ ചെറുമകന്‍ ശ്രീകോവിലില്‍ പ്രവേശിക്കുന്നത് തടഞ്ഞു. തന്ത്രി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജോത്സ്യന്‍ ദേവപ്രശ്നം നടത്തി തിരിച്ചെടുക്കാമെന്നു പറഞ്ഞതിനെ തുടര്‍ന്നാണ്‌  ബോര്‍ഡ് വിലക്ക് നീക്കിയത്.  ഈ തന്ത്രി ഹൈക്കോടതി നിയമിച്ച ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മിഷന് മുന്നില്‍ താന്‍  വേദങ്ങള്‍ പഠിച്ചിട്ടില്ലെന്നും തനിക്ക് സംസ്കൃതവും  വേദമന്ത്രങ്ങളും അറിയില്ലെന്നും പറയുകയുണ്ടായി. അത് കേട്ട ജഡ്ജി പറഞ്ഞു: “ഈ കാര്യങ്ങള്‍ പ്രശസ്തമായ ഈ ക്ഷേത്രത്തിലെ ഈശ്വരനും വിശ്വാസികളും തമ്മിലുള്ള അഭേദ്യബന്ധത്തെ ബാധിക്കുമല്ലോ.” ഈ നിരീക്ഷണം അറിഞ്ഞില്ലെന്നു നടിച്ചുകൊണ്ടാണ് ആ കുടുംബത്തില്‍ ജനിച്ചു എന്നതുകൊണ്ട്‌ മാത്രം ആ വ്യക്തിയെ തന്ത്രിയായി പ്രവര്‍ത്തിക്കാന്‍ ബോര്‍ഡ് അനുവദിച്ചിരിക്കുന്നത്.
 സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ രണ്ട് സ്ത്രീകള്‍  ദര്‍ശനം നടത്തിയപ്പോള്‍  ആചാരലംഘനം നടന്നെന്നു പറഞ്ഞുകൊണ്ട് അമ്പലം അടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ പ്രവൃത്തി നിയമവ്യവസ്ഥയോടുള്ള  വെല്ലുവിളിയാണ്. പാരമ്പര്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന കാര്യത്തിലും ഈ തന്ത്രിയെ വിശ്വസിക്കാനാകുമോ എന്ന് സംശയ്ക്കാന്‍ കാരണമുണ്ട്.  ഹൈക്കോടതി യുവതികളുടെ പ്രവേശം നിരോധിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഉപദേശപ്രകാരം താന്‍ ശബരിമല ദര്‍ശനം നടത്തിയിരുന്നെന്ന് ഒരു എഴുത്തുകാരി വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹം അത് നിഷേധിച്ചിട്ടുമില്ല. 
താഴമണ്‍ കുടുംബത്തെ കുറിച്ച് ഒരു വെബ്സൈറ്റ്  നല്‍കുന്ന വിവരം പൂര്‍ണ്ണമാണെങ്കില്‍  ഇപ്പോള്‍ മാറിമാറി ചുമതല വഹിക്കുന്ന രണ്ടു പേരും മൂന്നാം തലമുറ തന്ത്രിമാര്‍ മാത്രമാണ്.   ആദ്യ തലമുറയിലെ നാല് സഹോദരന്മാരില്‍ ഒരാളുടെ  മകന്‍ മറ്റൊരു ജാതിയില്‍ പെട്ട സ്ത്രീയെ വിവാഹം കഴിച്ചതുമൂലം ആ ശാഖയ്ക്ക് പരമ്പരാഗത അവകാശം നിഷേധിക്കപ്പെട്ടു.  ആണ്‍തരിയില്ലാഞ്ഞതിനാല്‍ മറ്റൊരു ശാഖ രണ്ട് തലമുറയില്‍ നിന്നു. ഇപ്പോള്‍ ചുമതല വഹിക്കുന്ന മൂന്നാം തലമുറക്കാര്‍ക്ക്  മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള വസ്തുതകളുടെ അടിസ്ഥാനത്തില്‍ അയോഗ്യത കല്പിച്ചാല്‍  ചുമതല ഏറ്റെടുക്കാന്‍ കുടുംബത്തില്‍ ബാക്കിയുള്ളത് നാലാം തലമുറയില്‍ പെട്ട ഒരു ചെറുപ്പക്കാരന്‍ മാത്രമാണ്.
കഴിഞ്ഞ കൊല്ലം അന്തരിച്ച തന്ത്രി മഹേശ്വരര് ഇന്ത്യയിലും മറ്റ് 14 രാജ്യങ്ങളിലുമായി  ഏകദേശം 550 ക്ഷേത്രങ്ങളിലെ തന്ത്രിയായിരുന്നു. ശബരിമലയില്‍ പോലും സഹായിക്കാന്‍ ആളില്ലാതെ വിഷമിച്ച  അദ്ദേഹം എങ്ങനെയാണാവോ ഇത്രയേറെ ക്ഷേത്രങ്ങളിലെ  ദേവന്മാരോടും ഭക്തരോടും നീതി കാട്ടിയത്?
അയോഗ്യരാടവരെ നീക്കി ദേവനും ഭക്തരും തമ്മിലുള്ള ബന്ധം സംരക്ഷിക്കാനുള്ള ചുമതല ബോര്‍ഡിനുണ്ട്.  താഴമണ്‍ കുടുംബത്തിനു പകരം ആളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല.  കേരളത്തില്‍ പരമ്പരാഗതമായി തന്ത്രി പണി ചെയ്യുന്ന മറ്റ് 25 ബ്രാഹ്മണ കുടുംബങ്ങളുടെ പേരുകള്‍ ഒരു നമ്പൂതിരി വെബ്സൈറ്റിലുണ്ട്.  കൂടാതെ ഇപ്പോള്‍ തന്നെ ബോര്‍ഡിന്റെ കീഴിലുള്ള ചില അമ്പലങ്ങളില്‍ തന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരു അബ്രാഹ്മണനുമുണ്ട്. ബോര്‍ഡ് അദ്ദേഹത്തിന് നിയമനം നല്‍കിയപ്പോള്‍ ആര്‍.എസ്.എസ് നേതാവ്  പി. പരമേശ്വരന്‍ അതിനെ സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞാ നൂറ്റാണ്ടു വരെ പൂജാദി കര്‍മ്മങ്ങള്‍ ചെയ്തിരുന്ന മല അരയര്‍ക്ക്‌ പൌരോഹിത്യ ചുമതല തിരികെ നല്‍കിയാല്‍ അത് നവോത്ഥാനതിന്റെ വീണ്ടെടുക്കല്‍ കൂടിയാകും. (മാധ്യമം, ജനുവരി 11, 2019).