Tuesday, July 25, 2017

നിയമത്തിന്റെ കരങ്ങള്‍ നിര്‍ഭയമായാല്‍ 
ബി.ആര്‍.പി. ഭാസ്കര്‍
ജനശക്തി

ആള്ദൈവമായി വളര്‍ന്നുകൊണ്ടിരുന്ന ഘട്ടത്തിലാണ് സന്തോഷ്‌ മാധവനെ പോലീസ് ഒരു കേസില്‍ അറസ്റ്റ് ചെയ്തത്. ആയിടയ്ക്ക് ഏതോ ഒരു പത്രത്തില്‍ അയാള്‍ ഇങ്ങനെ പറഞ്ഞതായി വായിച്ചു: “അല്പം കൂടി കഴിഞ്ഞിരുന്നെങ്കില്‍ എന്നെ പിടിക്കാനാവില്ലായിരുന്നു.” ആള്ദൈവമെന്ന നിലയില്‍  താന്‍ പോലീസിന്റെ കൈകള്‍ എത്താത്ത ഉയരത്തിലെത്തുമായിരുന്നു എന്നാണു ആ വാക്കുകളുടെ അര്‍ത്ഥം. 

അതീവ ഗുരുതരമായ ആരോപണങ്ങളുണ്ടാകുമ്പോഴും  ഒരാള്ദൈവത്തിനെതിരെ നാമമാത്രമായ  അന്വേഷണം  നടത്താനുള്ള ധൈര്യം പോലും സാധാരണഗതിയില്‍ രാജ്യത്തെ പോലീസിനുണ്ടാകാറില്ല. മതം, രാഷ്ടീയം എന്നീ മേഖലകള്‍ കൂടാതെ പണക്കൊഴുപ്പിന്റെ ബലത്തില്‍ നിലനില്‍ക്കുന്ന  മറ്റനേകം ഇടങ്ങളിലും സമാനമായ സാഹചര്യമുണ്ട്. സിനിമ ആ തലത്തിലെത്തിയപ്പോഴാണു താരങ്ങള്‍ വളര്‍ന്നു താരരാജാക്കന്മാരും താരചക്രവര്ത്തിമാരുമായത്. നവോത്ഥാനന്തര കേരളം ദളിതനും ആദിവാസിക്കുമൊപ്പം സ്തീയെയും പുറന്തള്ളിയതുകൊണ്ടാവണം ഒരു താരരാജ്ഞിപട്ടം ഉണ്ടായില്ല.

കേരളത്തില്‍ മാഫിയാ സംസ്കാരം ഭീതിദമാം വിധത്തില്‍ വളരുന്ന സാഹചര്യത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനാക്കുറ്റം ചുമത്തി പോലീസ് നടന്‍ ദിലീപിനെ   അറസ്റ്റ് ചെയ്തത് ക്രിമിനല്‍ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ശക്തരെ നേരിടാനുള്ള കഴിവ് ഭരണകൂടത്തിനു, പ്രത്യേകിച്ചും പോലീസ് സംവിധാനത്തിനു, പൂര്ണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നു. ജീര്‍ണാവസ്ഥയിലായ കേരള സമൂഹത്തിന്റെ ഭാവിയെ സംബന്ധിച്ച് അത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. 

ഈ കേസില്‍ കുറ്റകൃത്യം  നടത്തിയവരിലേക്ക്  പോലീസ് അതിവേഗം എത്തിച്ചേരുകയുണ്ടായി. കുറ്റകൃത്യം ഒരു ക്വേട്ടെഷന്‍ ഇടപാടാകുമ്പോള്‍ പിന്നില്‍ മറ്റാരോ ഉണ്ടെന്നു അനുമാനിക്കാം. ഉന്നതര്‍ പിന്നിലുള്ളപ്പോള്‍ കേസ് കീഴ്തലത്തില്‍ ഒതുക്കുന്ന രീതിയാണ് കേരള പോലീസ് ഏറെക്കാലമായി പിന്തുടരുന്നത്. ആറു പതിറ്റാണ്ടായി രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയെന്നോണം നടക്കുന്ന കണ്ണൂരിലെ  കേസന്വേഷണത്തിന്‍റെ ചരിത്രത്തില്‍ നിന്നും ഇത് വായിച്ചെടുക്കാവുന്നതാണ്. സി.പി.എംകാരെ കൊന്നതിനു ആര്‍.എസ.എസുകാര്‍ക്കെതിരെയും ആര്‍.എസ്. എസുകാരെ കൊന്നതിനു സി.പി.എം കാര്ക്കെതിരെയും നിരവധി കേസുകള്‍ പോലീസ് എടുത്തിട്ടുണ്ട്. പലതിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. കൊല നടത്തിയ പാര്‍ട്ടി നല്‍കുന്ന പട്ടികയിലുള്ളവരെയാണ് പ്രതികളാക്കുന്നത്.  പരക്കെ അറിയപ്പെടുന്ന ഈ വസ്തുത ഈയിടെ പുറത്തിറങ്ങിയ ആത്മകഥയില്‍ ആ ജില്ലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സി.പി.എമ്മും ആര്‍.എസ്.എസും അണികളെ കര്‍ശനമായി നിയന്ത്രിക്കുന്ന കക്ഷികളാണെന്നു അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കുമറിയാം. പക്ഷെ കേസുകളിലൊന്നിലും  പോലീസിന്റെ കൈകള്‍ കൊന്നവരിലേക്കല്ലാതെ കൊല്ലിച്ചവരിലേക്ക്  എത്തിയില്ല. അത്  ഉയരത്തില്‍ എത്താനുള്ള കഴിവ് ഇല്ലാതിരുന്നതിനാലല്ല, എത്താന്‍ അനുവദിക്കാതിരുന്നതു കൊണ്ടാണ്.  ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ അതിക്രൂരമായ കൊല്ലപ്പെട്ടപ്പോള്‍ അന്വേഷണം കൊല്ലിച്ചവരിലേക്ക് നീളണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ നിന്നുയര്‍ന്നു.  ആ കേസിന്റെ അന്വേഷണത്തിനു നല്കിയ നേതൃത്വം പി.ജയരാജന്റെ ശത്രുത നേടിയതുകൊണ്ടാണ്  പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ തന്നെ ഡി.ജി.പി സ്ഥാനത്തു നിന്ന് പുറത്താക്കിയതെന്നു വിരമിച്ചശേഷം ഒരു അഭിമുഖത്തില്‍ ടി.പി. സെന്‍കുമാര്‍  പറയുകയുണ്ടായി. എന്നാല്‍ കൊല്ലിച്ചവരെ പിടിയ്ക്കാഞ്ഞതെന്തെന്നു അദ്ദേഹം പറഞ്ഞില്ല. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത എല്‍.ഡി. എഫ് ഭരണത്തിലും യു.ഡി.എഫ് ഭരണത്തിലും കൊല്ലിച്ചവര്‍ സസുഖം വാണു എന്നതാണ്. അവരുടെ സംരക്ഷണം ഇരുമുന്നണി സംവിധാനത്തില്‍ അംഗീകൃത രീതിയായി.

കേരള സമൂഹത്തിലെ ജീര്‍ണ്ണത ഇപ്പോള്‍ മൂടിവെക്കാന്‍ കഴിയാത്തത്ര വളര്ന്നിട്ടുണ്ട്. മാഫിയാകള്‍ക്ക് ജീര്‍ണ്ണത പരത്തുന്നതിലുള്ള പങ്ക്  പരക്കെ ചര്ച്ച ചെയ്യപ്പെടുന്നുമുണ്ട്. ഇവിടെ മാഫിയാകള്‍ വളരുന്നെന്നു ആദ്യം വിളിച്ചു പറഞ്ഞത് പത്രപ്ര്രവര്‍ത്തകരൊ എഴുത്തുകാരോ അല്ല, സിനിമാക്കാരാണ്. മാഫിയാ-രാഷ്ട്രീയ കൂട്ടുകെട്ട് വിഷയമായ ഒരു  മലയാള സിനിമകള്‍ അമ്പത് കൊല്ലം  മുമ്പെ വന്നു തുടങ്ങി.  ആ വിഷയം കൈകാര്യം ചെയ്ത പല സിനിമകളും നല്ലപോലെ ഓടി. പക്ഷെ അതിന്റെ ഫലമായി മാഫിയാപ്രവര്‍ത്തനം ഇല്ലാതാകുകയോ ചുരുങ്ങുക പോലുമോ ചെയ്തില്ല. നേരെമറിച്ച് അതു തഴച്ചു വളര്‍ന്നു. ഒടുവില്‍ അത് സിനിമാലോകത്തെ തന്നെ വിഴുങ്ങി. വലിയ തോതില്‍ പണം വന്നു മറിയുകയും അതിന്റെ ഒരു നല്ല ഭാഗം നിയമവിധേയമല്ലാത്ത ചാലുകളിലൂടെ ഒഴുകുകയും ചെയ്യുമ്പോള്‍ മാഫിയാകളുടെ വളര്ച്ച തടയാനെളുപ്പമല്ല.  ചെലവേറിയ പ്രക്രിയയായ തെരഞ്ഞെടുപ്പ്  മാഫിയാകളെ രാഷ്ട്രീയ നേതൃത്വങ്ങളുടെ സ്വാഭാവിക മിത്രങ്ങളാക്കുന്നു.
സ്വാധീനവലയം വിപുലീകരിക്കുന്നതിനായി രാഷ്ട്രീയരംഗത്തിനു പുറത്തുനിന്നു സ്ഥാനാര്‍ഥികളെ ഇറക്കുമതി ചെയ്യുന്ന രീതി  വളരെക്കാലമായി രാജ്യത്ത് ചെറിയ തോതില്‍ നിലനിന്നിരുന്നു. ദേശീയതലത്തില്‍ അത് ഏറ്റവും വിജയകരമായി പരീക്ഷിച്ചത് ബി.ജെ.പിയാണ്. നിരവധി മുന്‍ ഉദ്യോഗസ്ഥന്മാരെയും സിനിമാ-സീരിയല്‍ നടീനടന്മാരെയും അത് തെരഞ്ഞെടുപ്പില്‍ നിര്‍ത്തി വിജയിപ്പിച്ചു. കേരളത്തില്‍  അടുത്ത കാലത്ത് സി.പി.എം ഈ മാതൃക പിന്തുടരാന്‍ തുടങ്ങി. ഇന്നസെന്റ് ഇരിങ്ങാലക്കുട ലോക് സഭാ സീറ്റ് നേടിക്കൊടുത്തതിനെ തുടര്‍ന്നു പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുകേഷിനെ ഇറക്കി. രണ്ട് വാര്‍ത്താ ചാനല്‍  താരങ്ങളെയും അത് സ്ഥാനാര്‍ഥികളാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്നസന്റും മുകേഷും വന്‍ ബാധ്യതകളായി.

ആ സംഭവത്തിന്‍റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍  രാഷ്ട്രീയ- മാഫിയാ  ബന്ധം സംബന്ധിച്ച ചില കാര്യങ്ങള്‍ മനസിലാക്കാനാകും. ഫെബ്രുവരി 17നാണു സംഭവം നടന്നത്. അറിഞ്ഞയുടന്‍ താന്‍ ആദ്യം മുഖ്യമന്ത്രിയെയും പിന്നീട് ഡിജിപിയെയും വിളിച്ചതായി സിനിമാ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷന്‍ കൂടിയായ  ഇന്നസന്‍റ്  പറഞ്ഞിട്ടുണ്ട്. എപ്പോള്‍. ആരില്‍ നിന്നാണ് വിവരം അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. നടിയില്‍ നിന്നാണ് വിവരം അറിഞ്ഞതെങ്കില്‍ അദ്ദേഹം അത് പറയുമായിരുന്നെന്നു ഞാന്‍ കരുതുന്നു. മറ്റാരില്‍ നിന്നോ ആ സംഭവത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ നടിയെ വിളിച്ചു വസ്തുതകള്‍ തിരക്കുകപോലും ചെയ്യാതെ അദ്ദേഹം മുഖ്യമന്ത്രിയെയും  ഡി.ജി.പിയെയും വിളിച്ചെന്ന്‍ കരുതേണ്ടിയിരിക്കുന്നു. 

ഫ്യൂഡല്‍ വ്യവസ്ഥ ക്ഷയിച്ചുകൊണ്ടിരുന്നപ്പോഴാണ് കേരള നവോത്ഥാനം രൂപപ്പെട്ടത്. രാഷ്ട്രീയ കക്ഷികള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സാമൂഹിക നവീകരണ പ്രസ്ഥാനങ്ങള്‍ റാഡിക്കലൈസ് ചെയ്ത കീഴാള വിഭാഗങ്ങള്‍ അവ നവോത്ഥാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ യത്നിക്കുമെന്ന പ്രതീക്ഷയില്‍ അവയ്ക്ക് പിന്നില്‍ അണിനിരന്നു. എന്നാല്‍  പഴയകാലത്തെ മേധാവിത്വ വിഭാഗത്തില്‍ പെട്ടവരുടെ നേതൃത്വത്തില്‍  പാര്‍ട്ടികള്‍ അധികാരം നേടുന്നതിലും നിലനിര്‍ത്തുന്നതിലും ശ്രദ്ധ  കേന്ദ്രീകരിച്ചു. ഈ സാഹചര്യത്തില്‍ അവശിഷ്ട ഫ്യൂഡല്‍ ഘടകങ്ങള്‍ക്ക് വീണ്ടും ശക്തിപ്രാപിക്കാനായി.  പല സംഘടനകള്‍ക്കും ഖാപ് പഞ്ചായത്തുകളുടെ സ്വഭാവം കൈവന്നു. ‘അമ്മ’യുടെ ശൈലിയിലും നിലപാടുകളിലും  അത് ശക്തിയായി പ്രതിഫലിക്കുന്നുണ്ട്.

നടിയുടെ കേസ് സംബന്ധിച്ച ചര്‍ച്ചയില്‍  ആദ്യം തന്നെ ദിലീപിന്റെ പേര്‍ ഉയര്‍ന്നു വന്നിരുന്നു. ഉടന്‍ തന്നെ ‘അമ്മ’ ദിലീപിന് വേണ്ടി പ്രതിരോധവും ഇയര്‍ത്തി. സംഘടനയിലെ അംഗങ്ങളായതുകൊണ്ട്  ‘ഇര’യെയും ‘വേട്ടക്കാരനെ’യും സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന അസംബന്ധ നിലപാടാണ് അത് പ്രഖ്യാപിച്ചത്. ആ നിലപാടിലെ കാപട്യം വെളിപ്പെടുത്തുന്നതായിരുന്നു ‘അമ്മ’യുടെ യോഗത്തിനു ശേഷം വാര്ത്താസമ്മേളനത്തില്‍  മുകേഷും ഗണേഷ് കുമാറും നടത്തിയ പ്രകടനം. പക്ഷെ ദിലീപ് അറസ്റ്റിലായപ്പോള്‍ അവര്‍ അദ്ദേഹത്തെ കയ്യൊഴിയുകയും ചെയ്തു. 

ദിലീപ് ഇപ്പോഴും ആരോപണ വിധെയന്‍ മാത്രമാണ്. കേസന്വേഷണം പൂര്‍ത്തിയായിട്ടില്ല. റിമാന്‍ഡിലുള്ള ദിലീപിനെ  പോലീസ് കസ്റ്റഡിയില്‍ വാങ്ങി തുടര്ന്നും ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനിടയിലാണ് ഒരു ദിവസം മുമ്പു വരെ നിരപരാധിയെന്ന്  വിശ്വസിച്ചിരുന്ന സഹപ്രവര്‍ത്തകനെ ‘അമ്മ’യുടെ ഭാരവാഹികള്‍ പടിക്കു പുറത്താക്കി പിണ്ഡം വെച്ചത്. പോലീസ് പറഞ്ഞതു കേട്ടപ്പോള്‍ ഞെട്ടിയെന്നാണ് അവര്‍ പറയുന്നത്. ദീഘകാലം ഒന്നിച്ചു പ്രവര്‍ത്തിക്കുകയും അന്യോന്യം ഇടപഴകുകയും ചെയ്ത ഒരാളെ കുറിച്ച് ഒരു ചുക്കും മനസിലാക്കാന്‍ കഴിയാത്ത വിഡ്ഢികളാണോ അവര്‍? അതോ അവര്‍ നടിക്കുകയാണോ?

ഫെബ്രുവരി 24നു, അതായത് സംഭവം നടന്നു ഒരാഴ്ച കഴിഞ്ഞപ്പോള്‍, തട്ടിക്കൊണ്ടു പോകലിനും പീഡനത്തിനും നേതൃത്വം നല്‍കിയ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയതു. അന്നുതന്നെ സംഭവത്തിന്‌ പിന്നില്‍ ഗൂഡാലോചനയില്ലെന്നും സുനിയുടെ ഭാവനയില്‍ രൂപപ്പെട്ട കുറ്റകൃത്യത്യമായിരുന്നു അതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.  മുഖ്യപ്രതിയെ പിടികൂടിയതേയുള്ളൂ. ആ ഘട്ടത്തില്‍ ഒരു പോലീസുദ്യോഗസ്ഥനും അങ്ങനെയൊരു റിപ്പോര്‍ട്ടു മുകളിലുള്ളവര്‍ക്ക്  നല്‍കാനാവില്ല. നല്‍കിയാല്‍ തന്നെ അവര്‍ അത് മുഖവിലയ്ക്കെടുക്കാന്‍ പാടില്ല.  മുഖ്യമന്ത്രി ഉരുവിട്ട വാക്കുകള്‍ ഏതോ ഉപദേഷ്ടാവിന്‍റെ  ഭാവനയില്‍ ഉദിച്ചതാണെന്നാണു ഞാന്‍ കരുതുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗൂഡാലോചന നടന്നെന്നു വെളിപ്പെട്ടാല്‍ അതിന്പ്രകാരമുള്ള നടപടികളുണ്ടാകുമെന്നും കൂടി ആ പ്രസ്താവനയില്‍ ചേര്‍ക്കാനുള്ള വിവേകം മുഖ്യമന്ത്രി കാട്ടി. പാര്‍ട്ടി അനുഭാവികള്‍ ഇതു ചൂണ്ടിക്കാട്ടി ആ പ്രസ്താവനയെ ന്യായീകരിച്ചിട്ടുണ്ട്. പക്ഷെ ആ ഘട്ടത്തില്‍ അങ്ങനെയൊരു പ്രഖ്യാപനം എന്തിനു നടത്തി എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. ഇവിടെയാണ്‌ ഇന്നസന്റ് ഒരാഴ്ച്ചമുമ്പ് നടത്തിയ ഫോണ്‍ സംഭാഷണം പ്രസക്തമാകുന്നത്.  

മുഖ്യമന്ത്രി അകാലത്തില്‍  നടത്തിയ പ്രസ്താവന അന്വേഷണം സുനിക്കപ്പുറം പോകുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നെന്ന നിഗമനം യുക്തിസഹമാണ്. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍  അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് അസാധാരണമല്ല. ആ നിലയ്ക്ക്  അദ്ദേഹത്തിന്‍റെ പ്രസ്താവന  അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ താല്പര്യമില്ലാത്തവര്‍ക്ക് സഹായകമാകുന്ന ഒന്നായി മാറി. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഗൂഡാലോചനയുടെ ചുരുളുകള്‍ അഴിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഒരു തടസവുമുണ്ടായില്ല. കാര്യങ്ങള്‍ ആ നിലയിലെത്തിച്ചതില്‍ വാര്‍ത്താ ചാനലുകള്‍  വഹിച്ച പങ്ക് വലുതാണ്.  അത് സി.പി.എമ്മിനെ എത്രമാത്രം അസ്വസ്ഥമാക്കിയെന്നു ഏഷ്യാനെറ്റിലെ വിനു വി. ജോണിനും മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണനുമുള്‍പ്പെടെ പലര്‍ക്കുമെതിരെ പാര്ട്ടിയുടെ സൈബര്‍ യോദ്ധാക്കള്‍ നടത്തിയ അശ്ലീല പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. 

ജൂണ്‍ അവസാന വാരം മുതല്‍ വിനു വി. ജോണ്‍ ഈ കേസിലെ അന്വേഷണം നിത്യേന ന്യൂസ് അവറില്‍ ചര്‍ച്ചാവിഷയമാക്കി. പ്രഫഷണല്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍  പല അപാകതകളും ഉണ്ടായിരുന്നെങ്കിലും – ചില ഘട്ടങ്ങളില്‍  അത് മാധ്യമ വിചാരണയായി മാറിയെന്നത് നിഷേധിക്കാനാവില്ല – വിനു ജോണ് നടത്തിയത് മലയാള മാധ്യമ ചരിത്രത്തില്‍ അത്യപൂര്‍വവും അതിശക്തവുമായ ഒരു ഇടപെടല്‍ ആയിരുന്നു.  

പോലീസന്വേഷണം നീതിന്യായ പ്രക്രിയയുടെ ആദ്യ ഘട്ടം മാത്രമാണ്. അന്തിമ വിധി എന്തുതന്നെയായാലും ഈ കേസിലെ ഇതുവരെയുള്ള പുരോഗതി നിയമത്തിന്റെ കൈകള്‍ക്ക് ഉന്നതരിലെത്താനുള്ള കഴിവ് പൂര്‍ണ്ണമായി  നഷ്ടപ്പെട്ടിട്ടില്ലെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു. ഇതില്‍ ആഹ്ലാദിക്കുമ്പോള്‍ ഇത് സാധ്യമാക്കിയത്  സമൂഹം ജാഗ്രത പാലിച്ചതുകൊണ്ടാണെന്നത് മറക്കാന്‍ പാടില്ല. ആ ജാഗ്രത നിലനിര്ത്തൂന്നതില്‍ സിനിമാരംഗത്ത്  പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ  നിര്‍ണ്ണായകമായ പങ്ക് വഹിച്ചു.  (ജനശക്തി, ജൂലൈ 16-31, 2017)