വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരിക്കെ അദ്ദേഹത്തിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ. എം ഷാജഹാൻ എഴുതിയ “ചുവന്ന അടയാളങ്ങൾ” എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മാർച്ച് 15ന് പ്രസ് ക്ലബ്ബിൽ ചെയ്ത പ്രസംഗം ചുവടെ ചേർക്കുന്നു –ബി.ആർ.പി. ഭാസ്കർ കെ.എം.ഷാജഹാൻ കഴിഞ്ഞ പത്തുകൊല്ലത്തെ രാഷ്ട്രീയ ചരിത്രം അടങ്ങുന്ന പുസ്തകം രചിക്കുന്നുവെന്ന വിവരം സന്തോഷത്തോടെയാണ് കേട്ടത്. മുന്നണി സമ്പ്രദായം ദുഷിക്കുകയും മുന്നണികൾ തമ്മിലുള്ള വ്യത്യാസം ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനത്തിലൂടെ ജനപക്ഷരാഷ്ട്രീയം തീർത്തും അപ്രത്യക്ഷമായിട്ടില്ല എന്ന പ്രതീതി ജനിപ്പിച്ചത്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പിന്നീട് മുഖ്യമന്ത്രിയായ.അദ്ദേഹം അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കുകയാണ്. കഴിഞ്ഞ പതിറ്റാണ്ട് വി.എസ്. പതിറ്റാണ്ട് ആണ്. ഏഴു പതിറ്റാണ്ട് നീളമുള്ള രാഷ്ട്രീയ ജീവിതമാണ് അദ്ദേഹത്തിന്റേത്. പുന്നപ്ര വയലാറായാലും പാർട്ടി പിളർപ്പായാലും ഗൌരിയമ്മയുടെ പുറത്താക്കലായാലും വെട്ടിനിരത്തലായാലും, അവിടെയൊക്കെ വി. എസ്. ഉണ്ടായിരുന്നു. കഴിഞ്ഞ പതിറ്റാണ്ട് വ്യത്യസ്തമാകുന്നത് വി.എസ്. മുരടൻ മാർക്സിസ്റ്റ് മൂരാച്ചിയെന്ന പ്രതിച്ഛായ ഉടച്ചുവാർത്തു ജനകീയ പ്രതിച്ഛായ സൃഷ്ടിച്ചതോടെയാണ്. പ്രതിപക്ഷ നേതാവായിരുന്ന അഞ്ചു കൊല്ലക്കാലം അടുത്തുനിന്നും മുഖ്യമന്ത്രിയായിരുന്ന അഞ്ചു കൊല്ലം ദൂരെ നിന്നും വി.എസിന്റെ പ്രവർത്തനം നോക്കിക്കാണാൻ കഴിഞ്ഞ ഷാജഹാന് ഈ കാലഘട്ടത്തെക്കുറിച്ച് പലതും പറയാനാകുമെന്നതുകൊണ്ടാണ് പുസ്തകത്തെ കുറിച്ച് അറിഞ്ഞപ്പോൾ സന്തോഷം തോന്നിയത്.
എന്നാൽ അത്ര സന്തോഷത്തോടെയല്ല ഇപ്പോൾ ഇവിടെ നിൽക്കുന്നത്. പുസ്തകം പ്രകാശനം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ പുസ്തകം സ്വീകരിക്കാമെന്നും പ്രകാശനത്തിന് മറ്റാരെയെങ്കിലും കണ്ടെത്താനുമാണ് ഞാൻ പറഞ്ഞത്. വി.എസ്. പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാനെ പുറത്താക്കിയതിന് സി.പി.എം. പറഞ്ഞ കാരണം അദ്ദേഹം ഒരു മാധ്യമ സിണ്ടിക്കേറ്റ് ഉണ്ടാക്കി, അതിന് പാർട്ടി രഹസ്യങ്ങൾ ചോർത്തി കൊടുത്ത് പാർട്ടിയെ തകർക്കാൻ ശ്രമിച്ചുവെന്നാണ്. പാർട്ടി സെക്രട്ടറി പേരെടുത്ത് പറഞ്ഞ് വിമർശിച്ചുകൊണ്ട് അദ്ദേഹത്തെ പ്രതിയോഗിയായി ഉയർത്തി. അതോടെ ഷാജഹാൻ വാർത്താസ്രഷ്ടാവും സ്വയം വാർത്തയുമായി. ആ നിലയ്ക്ക് പ്രകാശനകർമ്മം ഒരു വാർത്താസ്രഷ്ടാവ് നിർവഹിക്കുന്നതാവും ഉചിതമെന്ന് കരുതിയതുകൊണ്ടാണ് ഞാൻ സ്വീകർത്താവാകാം എന്ന് പറഞ്ഞത്. കിളിരൂർ പെൺവാണിഭ സംഭവത്തിലെ ഇരയായ ശാരിയുടെ മകൾ സ്നേഹയെ സ്വീകർത്താവായി നിശ്ചയിച്ചു കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ ഞാൻ ആ സ്ഥാനത്തിനായുള്ള അവകാശം ഉപേക്ഷിച്ചു.
ഇന്നലെയാണ് പുസ്തകം കൈയിൽ കിട്ടിയത്. അതിനോടൊപ്പം ഈ ചടങ്ങിന്റെ ക്ഷണക്കത്തുമുണ്ടായിരുന്നു. അതുകണ്ടപ്പോൾ ഈ ചടങ്ങിന് ഒരു രാഷ്ട്രീയ സ്വഭാവമുണ്ടോ എന്ന ചിന്ത മനസ്സിലുദിച്ചു. സജീവ പത്രപ്രവർത്തനത്തിൽ നിന്ന് വിരമിച്ച് ഇരുപതു കൊല്ലം മുമ്പ് കേരളത്തിൽ തിരിച്ചെത്തി സംവാദങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയശേഷം ഞാൻ സ്വീകരിച്ചിട്ടുള്ള ഒരു നയമുണ്ട്. അത് തെരഞ്ഞെടുപ്പു കാലത്ത് കഴിയുന്നതും വിവാദ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയെന്നതാണ്. അഭിപ്രായം പറയാൻ മടിയുള്ളതുകൊണ്ടല്ല, തെരഞ്ഞെടുപ്പു കാലത്ത് അർത്ഥപൂർണ്ണമായ ചർച്ച അസാധ്യമായതുകൊണ്ട്. എന്ത് വിഷയമായാലും തെരഞ്ഞെടുപ്പു കാലത്ത് അത് യു.ഡി.എഫ്., എൽ.ഡി.എഫ്. കളങ്ങളിലെത്തിക്കാൻ അസാമാന്യമായ വിരുതാണ് നമ്മുടെ നേതാക്കൾക്കുള്ളത്. അതോടെ വസ്തുതകൾ അപ്രസക്തമാകുന്നു. രാഷ്ട്രീയ വികാരങ്ങൾക്കു മാത്രമെ പിന്നെ പ്രസക്തിയുള്ളു. അതിന്റെ അറിസ്ഥാനമാകട്ടെ രാഷ്ട്രീയ ഗോത്രസ്മൃതികളിൽ അധിഷ്ഠിതമായ കൂറും പകയുമാണ്. ഏതായാലും ആരുടെ വേദിയും പങ്കിടാൻ എനിക്ക് മടിയില്ല. വേദി ആരുടേതായാലും, ക്ഷണിക്കപ്പെട്ടാൽ അവിടെ ചെന്ന് എന്റെ അഭിപ്രായം തന്നെയാണ് ഞാൻ പറയുക.
വീണ്ടും ഒരു തെരഞ്ഞെടുപ്പു കാലമെത്തിയിരിക്കുന്നു. ഈ ഘട്ടത്തിലാണ് ഈ പുസ്തകം പുറത്തു വരുന്നത്. ഓരോ തെരഞ്ഞെടുപ്പിലും ഭരിക്കുന്നവരെ പുറത്താക്കി എതിർ മുന്നണിയെ അധികാരത്തിൽ വാഴിക്കുന്ന രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. ബഹുഭൂരിപക്ഷം വോട്ടർമാരും സ്ഥിരമായി ഏതെങ്കിലും ഒരു ചേരിയോടൊപ്പം നിൽക്കുന്നവരാണ്. ഒരു ചെറിയ വിഭാഗം മാറിമാറി വോട്ടു ചെയ്യുന്നതുകൊണ്ടാണ് ഭരണമാറ്റം ഉണ്ടാകുന്നത്. ആർക്കും അഞ്ചു കൊല്ലത്തിലധികം കൊടുക്കേണ്ടെന്നതാണ് ഈ വിഭാഗത്തിന്റെ നിലപാട്. അതൊരു നല്ല രാഷ്ട്രീയതന്ത്രം തന്നെ. പക്ഷെ അത് തെരഞ്ഞെടുപ്പുകളിൽ അനിശ്ചിതത്വം ഇല്ലാതാക്കൊയിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം മുൻകൂട്ടി അറിയാനായാൽ രാഷ്ട്രീയ കക്ഷികൾക്ക് ജനങ്ങളെ ഭയപ്പെടുകയൊ ബഹുമാനിക്കുകയൊ ചെയ്യേണ്ട ആവശ്യമില്ല. കഴിഞ്ഞ ഏതാനും ആഴ്ചക്കാലത്ത് ഒരു ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പു ഫലം സുനിശ്ചിതമാണെന്ന ധാരണ ഉലഞ്ഞിരിക്കുന്നു. രണ്ട് മുന്നണികളും ആരോപണപ്രത്യാരോപണങ്ങൾ കൊണ്ട് പൊതുമണ്ഡലം മലീമസമാക്കിക്കഴിഞ്ഞു. ഇരുകൂട്ടരും ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പരിശോധിക്കുമ്പോൾ പുതുതായി ഒന്നും കാണാനില്ല. അതുകൊണ്ട് പുകമറ കെട്ടടങ്ങുമ്പോൾ സ്ഥിരമായി ഏതെങ്കിലും ഒരു മുന്നണിക്ക് കുത്തുന്നവർക്ക് മന:സാക്ഷിക്കുത്തു കൂടാതെ വീണ്ടും കുത്താം. മാറിമാറി കുത്തുന്നവർക്ക് ഭരിക്കുന്നവർ ചെയ്തുകൂട്ടിയെന്ന് അവർ പറയുന്ന നന്മകളും അവർ ചെയ്തുകൂട്ടിയെന്ന് എതിരാളികൾ പറയുന്ന തിന്മകളും വിലയിരുത്തി സ്വതന്ത്രമായി തീരുമാനമെടുക്കാം.
അഞ്ചു കൊല്ലത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പ് എത്തുമ്പോൾ വി.എസിനെ കേന്ദ്രീകരിച്ച് വീണ്ടും ചർച്ചകൾ നടക്കുന്നു. വി.എസ്. പാർട്ടിയിയുടെ തൊണ്ടയിൽ കുടുങ്ങിയിരിക്കുകയാണ്. ഇറക്കാനും വയ്യ, തുപ്പാനും വയ്യ. പാർട്ടി വി.എസിന്റെ തൊണ്ടയിൽ കുടുങ്ങിയിരിക്കുകയാണ് എന്നും വേണമെങ്കിൽ പറയാം. അദ്ദേഹത്തിനും ഇറക്കാനും വയ്യ, തുപ്പാനും വയ്യ.
രണ്ട് അവസരങ്ങളിൽ ഞാൻ വി.എസിന്റെ നിലപാടുകളെ വ്യത്യസ്തമായ രീതികളിൽ വിലയിരുത്തി അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. നായനാർ മന്ത്രിസഭയുടെ കാലത്ത് കരുത്തനായ പാർട്ടി നേതാവെന്ന നിലയിൽ അദ്ദേഹം നടത്തിയ ചില നീക്കങ്ങളും പ്രസ്താവനകളും സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നവയാണെന്ന് എനിക്ക് തോന്നി. അന്ന് ഈ പ്രശ്നത്തെ കുറിച്ച് എഴുതുകയും ഒരു പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു. വി.എസിനെ കുറച്ചു കാലത്തേക്ക് മുഖ്യമന്ത്രിയാക്കുക എന്നതായിരുന്നു ഞാൻ നിർദ്ദേശിച്ച പരിഹാരമാർഗ്ഗം. തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ടാണ് അന്ന് അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ കഴിയാഞ്ഞത്. ആറു മാസം വരെ നിയമസഭാംഗമല്ലാതെ തന്നെ മന്ത്രിയൊ മുഖ്യമന്ത്രിയൊ ആകാവുന്നതാണ്. ആറു മാസം കഴിഞ്ഞ് മുൻമുഖ്യമന്ത്രിയായി പുറത്തു പോയശേഷം സർക്കാരിന് സ്വസ്ഥമായി മുന്നോട്ടുപോകാനാകും എന്ന് ഞാൻ വാദിച്ചു. കേന്ദ്രത്തിൽ നിന്ന് ഒരുദാഹരണവും ഞാൻ എടുത്തുകാട്ടി. പല സർക്കാരുകളുടെയും സ്വൈരം കെടുത്തിക്കൊണ്ടിരുന്ന ചന്ദ്രശേഖർ കുറച്ചു കാലം പ്രധാനമന്ത്രിയായി. അതിനുശേഷം അദ്ദേഹം ഒരു സർക്കാരിനെയും ശല്യപ്പെടുത്തിയില്ല!
2006ൽ വി.എസിനെ ഒഴിവാക്കാൻ പാർട്ടി നേതൃത്വം ശ്രമിക്കുമ്പോൾ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ അവസരം നൽകണമെന്ന് ഞാൻ എഴുതി. ജനാധിപത്യ വ്യവസ്ഥയിൽ പ്രതിപക്ഷ നേതാവ് ഒരു ബദൽ സംവിധാനത്തിന് നേതൃത്വം കൊടുക്കേണ്ടയാളായാണ് കരുതപ്പെടുന്നതെന്നും ആ നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ
സ്വാഭാവികമായി അദ്ദേഹം മുഖ്യമന്ത്രിപദത്തിന് അർഹനാണെന്നും ഞാൻ ചൂണ്ടിക്കാട്ടി.
രണ്ട് അവസരങ്ങളിലും ഞാൻ എടുത്ത സമീപനങ്ങൾ വ്യത്യസ്തമായിരുന്നെങ്കിലും അവയുടെ പിന്നിലുള്ള ചിന്ത അടിസ്ഥാനപരമായി ഒന്നു തന്നെയാണ്. അത് ജനാധിപത്യ വ്യവസ്ഥയുടെ സുഗമമായ നടത്തിപ്പാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ‘ബൂർഷ്വാ ജനാധിപത്യം’ എന്ന് വിശേഷിപ്പിക്കുന്ന ഈ വ്യവസ്ഥ കുറ്റമറ്റതാണെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ അതിനേക്കാൾ മെച്ചപ്പെട്ട ഒന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉൾപ്പെടെ ഒന്നിനും ഇതുവരെ കണ്ടെത്താനായിട്ടില്ല. ബൂർഷ്വാ ജനാധിപത്യം ഉൾപ്പെടെ എല്ലാ സംവിധാനങ്ങൾക്കും പ്രശ്നങ്ങളുണ്ട്. അവ ദോഷഫലങ്ങൾ നൽകുന്നുമുണ്ട്. ബൂർഷ്വാ ജനാധിപത്യത്തിൽ അവയ്ക്ക് ജനങ്ങൾ കൊടുക്കേണ്ടി വരുന്നതിനേക്കാൾ വലിയ വിലയാണ് മറ്റേതൊരു സംവിധാനത്തിലും കൊടുക്കേണ്ടി വരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ജനാധിപത്യ വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനം എന്താണ് ആവശ്യപ്പെടുന്നത്?
കമ്മ്യൂണിസ്റ്റ് പാർട്ടികൾ വളരെക്കാലമായി ഇന്ത്യയിലെ ജനാധിപത്യപ്രക്രിയയിൽ പങ്കെടുക്കുന്നുണ്ട്. അര നൂറ്റാണ്ടിലേറെയായി അവർ അധികാരത്തിൽ പങ്കാളികളാണ്. കേന്ദ്ര സംസ്ഥാന തലങ്ങളിൽ ഇന്ദ്രജിത് ഗുപ്ത, ഇ.എം.എസ്, അച്യുതമേനോൻ, കെ.ആർ.ഗൌരിയമ്മ തുടങ്ങി പ്രഗത്ഭരായ നിരവധി പാർലമെന്റേറിയൻമാരെയും ഭരണാധികാരികളെയും അത് സംഭാവന ചെതിട്ടുണ്ട്. കഴിഞ്ഞ അഞ്ചു കൊല്ലത്തെ കേരള ഭരണം ജനാധിപത്യത്തിന് ഭൂഷണമല്ല. വി.എസിനെ മുഖ്യമന്ത്രിയാക്കാൻ നിർബന്ധിതമായ പാർട്ടി മന്ത്രിസഭാ രൂപീകരണവും വകുപ്പു വിഭജനവും മുതൽ ഒരു മുഖ്യമന്ത്രിക്ക് ജനാധിപത്യ വ്യവസ്ഥയിൽ അവകാശപ്പെട്ട പ്രവർത്തനസ്വാതന്ത്ര്യം അനുവദിച്ചില്ല. ഇത്രമാത്രം നിസ്സഹായനായ മറ്റൊരു മുഖ്യന്ത്രി ഈ രാജ്യത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. വി.എസും പാർട്ടിയും തമ്മിലുള്ള പ്രശ്നം അവരുടെ പ്രശ്നമാണ്. അതിനു പരിഹാരം കാണേണ്ടത് അവർ തന്നെയാണ്. തമ്മിലടിക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും അഞ്ചു കൊല്ലത്തിൽ ജനാധിപത്യ വ്യവസ്ഥക്ക് ഏറെ ദോഷം ചെയ്തു. ഇനിയും അഞ്ചു കൊല്ലം അത് തുടരണോ എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്.
മുഖ്യമന്ത്രിയൊ പ്രതിപക്ഷ നേതാവൊ അല്ലെങ്കിൽ വി.എസ്. അച്യുതാനന്ദന് പ്രസക്തിയില്ലാതാകുമെന്ന് ഞാൻ കരുതുന്നില്ല. കേരളം വളരെക്കാലമായി നേരിടുന്ന ഒരു പ്രശ്നമുണ്ട്, അത് ഒരു രാജ്യതന്ത്രജ്ഞന്റെ അഭാവമാണ്. സങ്കുചിത കക്ഷിരാഷ്ട്രീയത്തിന് അതീതനായി ഉയർന്നു സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉത്തമ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഒരാളാണ് രാജ്യതന്ത്രജ്ഞൻ. രാഷ്ട്രീയക്കാരൻ അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ചാവും. ചിന്തിക്കുന്നത്. രാജ്യതന്ത്രജ്ഞൻ ചിന്തിക്കുന്നത് അടുത്ത തലമുറയെക്കുറിച്ചാണ്. ഇ.എം.എസിന്റെ അവസാനകാലത്ത് മലയാള മനോരമ അദ്ദേഹത്തെ ആ തലത്തിലേക്ക് ഉയർത്താൻ ഒരുപാട് ശ്രമിച്ചു. പക്ഷെ കമ്മ്യൂണിസ്റ്റുകാരനായിരിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. രാജ്യതന്ത്രജ്ഞന്റെ കസേര ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.
ഈ പുസ്തകത്തിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് ഷാജഹാൻ പറയുന്നു. ആത്മാർത്ഥമായി അദ്ദേഹം അതിന് ശ്രമിച്ചുട്ടുണ്ടെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അതേസമയം നാം ഓർക്കാൻ ആഗ്രഹിക്കുന്നത് നിലനിർത്തുകയും ഓർക്കാൻ ആഗ്രഹിക്കാത്തത് ഒഴിവാക്കുകയും ചെയ്യുന്ന തരത്തിലാണ് മനുഷ്യമസ്തിഷ്കം പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഒരാൾക്ക് എത്രമാത്രം വസ്തുനിഷ്ഠമാകാൻ കഴിയുമെന്ന ചോദ്യം അവശേഷിക്കുന്നു. ഷാജഹാൻ അദ്ദേഹത്തിന് അറിവുള്ള, അദ്ദേഹം ഓർക്കുന്ന വസ്തുതകൾ രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ തെറ്റുകളുണ്ടെങ്കിൽ മറ്റുള്ളവർക്ക് അത് ചൂണ്ടിക്കാണിക്കാവുന്നതാണ്. ഒരു സുപ്രധാന രാഷ്ട്രീയഘട്ടത്തെ മനസ്സിലാക്കാൻ കഴിയുന്ന ഒരു പുസ്തകമെന്ന നിലയിൽ ‘ചുവപ്പ് അടയാളങ്ങൾ ശ്രദ്ധയർഹിക്കുന്നു.
(മാതൃഭൂമി ബുക്സ് ആണ് ‘ചുവപ്പ് അടയാളങ്ങൾ’ പ്രസിദ്ധീകരിച്ചിട്ടുള്ളത്.)