Friday, February 29, 2008

ഏഷ്യന്‍ മനുഷ്യാവകാശ സംഘടന വാരാണസി ഗ്രാമത്തില്‍ ക്ഷയരോഗ പഠനം തുടങ്ങുന്നു

ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ എന്ന മനുഷ്യാവകാശ സംഘടന വാരാണസിക്കടുത്തുള്ള ഒരു ഗ്രാമത്തിലെ ക്ഷയരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ഡോക്ടര്‍മാരുടെ സേവനം തേടുന്ന വിവരം ഈ ബ്ലോഗില്‍ നേരത്തെ ഞാന്‍ പരാമര്‍ശിച്ചിരുന്നു. നിരവധി ഡോക്ടര്‍മാര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായി. അവരില്‍ നിന്നു ഒരാളെ തെരഞ്ഞെടുത്തുകൊണ്ട് ഒരു പഠനം നാളെ ആരംഭിക്കുന്നതാണെന്ന് എ. എച്ച്. ആര്‍. സി അറിയിക്കുന്നു, എ. എച്ച്. ആര്‍. സി.യുടെ പത്രക്കുറിപ്പ് Bhaskar ബ്ലോഗില്‍.

Thursday, February 28, 2008

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍: എ. എല്‍. ആര്‍. സി. റിപ്പോര്‍ട്ട്

ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍റെ കീഴിലുള്ള ഏഷ്യന്‍ ലീഗല്‍ റിസോഴ്സസ്‌ സെന്‍റര്‍ (എ. എല്‍. ആര്‍. സി.) ഇന്ത്യയിലെ മനുഷ്യാവകാശ അവസ്ഥയെക്കുറിച്ച് യു. എന്‍. ഹ്യൂമന്‍ റൈറ്റ്സ് കൌണ്‍സിലിന്റെ കീഴിലുള്ള യൂണിവേഴ്സല്‍ പീരിയോടിക്കല്‍ റിവ്യൂ (യു.പി.ആര്‍) പ്രക്രിയയ്ക്കായി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു.

ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം, പോലീസ് പ്രവര്‍ത്തനവും പീഡനവും പട്ടിണി മരണങ്ങള്‍ എന്നിവയാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിച്ചിട്ടുള്ളത്. വിശദാംശങ്ങള്‍ ഇവിടെ കാണാം.

യു. പി. ആര്‍ വര്‍ക്കിംഗ് ഗ്രൂപ്‌ ഈ റിപ്പോര്‍ട്ട് ഏപ്രില്‍ മാസത്തില്‍ പരിഗണിക്കുന്നതാണ്.

മണ്ട -- തെങ്ങിന്റെയും മറ്റുള്ളവരുടെയും

ഇന്നത്തെ കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍: 'മണ്ട -- തെങ്ങിന്റെയും മറ്റുള്ളവരുടെയും'
http://www.keralakaumudi.com/
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്
‍പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഒരു ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

Wednesday, February 27, 2008

പീഡനത്തിനും അഴിമതിക്കും മാതൃക

ഫെബ്രുവരി 13നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ മൂര്‍ഷിദബാദ് ജില്ലയിലെ ജാലങ്ങി പോലീസ് സ്റ്റേഷന്‍ മാതൃകാ പോലീസ് സ്റ്റേഷന്‍ ആയി പ്രഖ്യാപിച്ചു.

ഫെബ്രുവരി 17 ലെ The Statesman പത്രത്തില്‍ റജീബ് ചക്രവര്‍ത്തി എന്ന റിപ്പോര്‍ട്ടര്‍ എഴുതി: ഈ 'ഏറ്റവും നല്ല' പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയുള്ള മനുഷ്യാവകാശലംഘന പരാതികളുടെ എണ്ണം 2007 ല്‍ ഇരട്ടിച്ച വസ്തുത മുഖ്യമന്ത്രി അറിഞ്ഞിരിക്കില്ല.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് 2007 ല്‍ ഈ പോലീസ് സ്റ്റേഷനെതിരെ 25 പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ 21 എണ്ണം മാനബധികാര്‍ സുരക്ഷാ മഞ്ച (മസും) എന്ന മനുഷ്യാവകാശ സംഘടന നല്കിയവയാണ്. (റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. )

മസും സംഘടനയുടെ നേതാവായ കിരിറ്റ്‌ റോയ് പറഞ്ഞു: ജാലങ്ങി പോലീസ് സ്റ്റേഷനില്‍ നിന്നു നിരവധി പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെ അഴിമതിയും കൂടുതലാണ്. ഇതാണ് മാതൃകാ പോലീസ് സ്റ്റേഷനിലെ അവസ്ഥയെങ്കില്‍ സംസ്ഥാനത്തെ മറ്റു പോലീസ് സ്റ്റേഷനുകളിലെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു.

Tuesday, February 26, 2008

ബ്രിട്ടീഷ് മലയാളികള്‍ക്ക് ഒരു വെബ്സൈറ്റ്

ബ്രിട്ടീഷ് മലയാളികള്‍ക്കായി മലയാളത്തില്‍ ഒരു വെബ്സൈറ്റ് തുടങ്ങിയതായി പ്രശസ്ത കായികതാരം ബോബി അലോഷ്യസ് അറിയിക്കുന്നു.

ഏതാനുംകൊല്ലം മുമ്പ് ഉപരിപഠനത്തിനു ഇംഗ്ലണ്ടില്‍ പോയ ബോബി നേരത്തെ ബ്രിട്ടനില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഒരു വെബ്സൈറ്റ് (www.ukstudyadvice.com) തുടങ്ങിയിരുന്നു.

ബ്രിട്ടനില്‍ താമസിക്കുന്ന മലയാളികള്‍ക്ക് പ്രയോജനകരമായ വിവരങ്ങള്‍ പുതിയ സൈറ്റില്‍ ഉണ്ടാകുമെന്ന് ബോബി പറയുന്നു. ഉദാഹരണത്തിന് കുറഞ്ഞ ചെലവില്‍ എങ്ങനെ നാട്ടിലേക്ക് ഫോണ്‍ ചെയ്യാം, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു എങ്ങനെ പണം ഉണ്ടാക്കാം എന്നിങ്ങനെയുള്ള വിവരം അവിടെ ലഭ്യമാണ്.

ബോബി അലോഷ്യസ് ചെയര്‍പേഴ്സണ്‍ ആയുള്ള ഒരു ഗ്രൂപ്പാണ് വെബ്സൈറ്റ് നടത്തുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകനും വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റും ബോബിയുടെ ഭര്‍ത്താവുമായ ഷാജന്‍ സ്കറിയ ആണ് ചീഫ് എഡിറ്റര്‍.

ഇതാണ് പുതിയ വെബ്സൈറ്റിന്‍റെ URL: www.britishmalayali.co.uk

Monday, February 25, 2008

നര്‍മ്മദ / നിതാരി / നന്ദിഗ്രാം

കെ. ജി. ശങ്കരപ്പിള്ള
ഫാസിസം നാടുവാണീടുംകാലം
പാവങ്ങളെല്ലാരുമൊന്നുപോലെ
ഈ രണ്ടുവരിക്കവിത കേരളീയം മാസികയുടെ ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്.

Friday, February 22, 2008

സാന്ത്വന ചികിത്സാ സംവിധാനങ്ങള്‍

കേരളത്തില്‍ സാന്ത്വന ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് സംഘടനകളെക്കുറിച്ച് എനിക്ക് കിട്ടിയ വിവരങ്ങള്‍ Kerala Letter ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്.