Sunday, July 8, 2018

ആഗോള മലയാളിക്ക് ഒരു പൊതുവികാരമുണ്ടോ?

ബി.ആര്‍.പി. ഭാസ്കര്‍


ഏതാണ്ട് അര നൂറ്റാണ്ടായി കേരള സമൂഹത്തെ നിലനിര്‍ത്തുന്നത് പ്രവാസികളാണ്. വലിയതോതില്‍ തൊഴിലന്വേഷകര്‍ ഉണ്ടാവുകയും അവരുടെ സേവനം പ്രയോജനപ്പെടുത്താനുതകുന്നതൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെടുകയും ചെയ്തസാഹചര്യത്തില്‍ ഐക്യരാഷ്ടസഭയെ വിസ്മയിപ്പിച്ച കേരള മാതൃക തകര്‍ച്ചയുടെവക്കിലേക്ക് നീങ്ങുമ്പോഴാണ് മലയാളിക്ക് ഗള്‍ഫ് മേഖല തുറന്നു കിട്ടിയത്.
നാല്പതു കൊല്ലം മുമ്പ് പ്രവാസികളില്‍ നിന്ന് എത്ര പണം വരുന്നുവെന്ന് കേരള
സര്‍ക്കാരിന് അറിയില്ലായിരുന്നു. അക്കാലത്ത് ഈ ലേഖകന്‍ എതാനും ബാങ്ക്
അധികൃതരുമായി സംസാരിച്ചപ്പോള്‍ ഒരു കൊല്ലത്തില്‍ ഏതാണ്ട് 300 കോടി രൂപ എത്തുന്നുവെന്നാണ് മനസിലാക്കാനായത്. പിന്നീട് സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനങ്ങളിലൂടെ ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്കിനെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് തുടര്‍ച്ചയായി വര്‍ദ്ധിച്ച് ഏതാനും കൊല്ലം മുമ്പ് ഒരു ലക്ഷം കോടി രൂപ വരെയെത്തി. അതിനുശേഷം നേരിയ ഇടിവുണ്ടായിട്ടുണ്ട്.

മലയാളിയുടെ പ്രവാസ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പതിമൂന്നു നൂറ്റാണ്ടു
മുമ്പ് കാലടിയില്‍ നിന്നു തിരിച്ചു രാജ്യം മുഴുവന്‍ യാത്ര ചെയ്തു വടക്കും
കിഴക്കും പടിഞ്ഞാറും തെക്കുമായി നാല് മഠങ്ങള്‍ സ്ഥാപിച്ചെന്ന് പറയപ്പെടുന്ന ശങ്കരാചാര്യരെ ആദ്യ മലയാളി പ്രവാസിയായി കണക്കാക്കാനാകുമോ എന്ന് സംശയമാണ്. ഒന്നാമത് അദ്ദേഹം മലയാളിയായിരുന്നെന്നതിന് തെളിവൊന്നുമില്ല. അദ്ദേഹം നിരന്തരംയാത്ര ചെയ്തുവെന്നല്ലാതെ എവിടെയെങ്കിലും മാറി താമസിച്ചതായി
ജീവചരിത്രകാരന്മാര്‍ പറയുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു പ്രവാസിയായ പി.പല്‍പു കേരള നവോത്ഥാനത്തിലെ തിളങ്ങുന്ന താരമാണ്. ജാതിമേധാവിത്വം കൊടികുത്തി വാണിരുന്ന തിരുവിതാംകൂറില്‍ജോലി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പല്‍പു ആദ്യം മദ്രാസിലും പിന്നീട് മൈസൂരിലും ഭിഷഗ്വരനായി സേവനം അനുഷ്ടിച്ചത്. ആ നിലയ്ക്ക് അദ്ദേഹം ഒരു സാമൂഹ്യ അഭയാര്‍ത്ഥിയായിരുന്നു. ജാതീയമായ അവശതകളില്ലാതിരുന്ന   നിരവധി പേരും ആ കാലത്ത്  കേരളത്തിനു പുറത്ത് ജോലി തേടി പോയിരുന്നു. തിരുവിതാംകൂര്‍ രാജഭരണകൂടം ഉയര്‍ന്ന തസ്തികകളെല്ലാം പരദേശ ബ്രാഹ്മണര്‍ക്ക് നീക്കിവെച്ചതുകൊണ്ട് പുറത്തു പോകേണ്ടിവന്നവരും സാമൂഹിക അഭയാര്‍ത്ഥികള്‍ തന്നെ. എന്നാല്‍ ചിലരെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട
വരുമാനം തേടി പോയവരാണ്. അവരെ സാമ്പത്തിക അഭയാര്‍ത്ഥികളായി കാണണം.

രാജഭരണകൂടത്തിന്റെശത്രുത മൂലം പുറത്തു കഴിയേണ്ടി വന്ന ഏതാനും രാഷ്ട്രീയ അഭയാര്‍ത്ഥികളും ഉണ്ടായിരുന്നു.

ആദ്യ മലയാളി പ്രവാസിലോകം വിദ്യാഭ്യാസയോഗ്യതയുള്ളവരും ഇല്ലാത്തവരും
അടങ്ങുന്നതായിരുന്നു. അന്നത്തെ സാഹചര്യങ്ങളില്‍ അന്യനാടുകളിലേക്ക്
പോകുന്നവര്‍ക്ക് കത്തുകളിലൂടെയല്ലാതെ നാട്ടുവിശേഷങ്ങള്‍ അറിയുവാന്‍
കഴിയുമായിരുന്നില്ല. ഈ പരിമിതി മറികടക്കാന്‍ നടത്തിയ ഒരു ശ്രമത്തെ കുറിച്ച്
എനിക്ക് അറിവുണ്ട്. സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് ധാരാളം മലയാളികള്‍
സിലോണ്‍, സിംഗപ്പൂര്‍, മലയ തുടങ്ങി ബ്രിട്ടീഷ് അധീനതയിലുള്ള മറ്റ്
നാടുകളിലെത്തിയിരുന്നു. ശ്രീനാരായണഗുരു സിലോണ്‍ സന്ദര്‍ശിച്ചത് അവിടെയ്ക്ക്
കുടിയേറിയ അനുയായികളുടെ ക്ഷണപ്രകാരമായിരുന്നു. അവിടത്തെ ഒരു ശ്രീനാരായണീയന്‍1940 കളില്‍ സമത്വവാദി എന്ന പേരില്‍ ഒരു പത്രം നടത്തിയിരുന്നു. ഞാന്‍കണ്ടിട്ടുള്ള ഏറ്റവും ചെറിയ ദിനപത്രം അതാണ്‌. നോട്ട് ബുക്ക് വലിപ്പത്തിലുള്ള നാല് പേജുകള്‍. ഗുരുവിന്റെ ചിത്രത്തിനു ചുറ്റുമായി ഒരു ജാതി, ഒരു മതം, ഒരുദൈവം എന്നെഴുതിയ ലോഗോ അതിലുണ്ടായിരുന്നു.

ട്രിങ്കോമലിയിലെ ബ്രിട്ടീഷ് തുറമുഖത്തില്‍ ധാരാളം മലയാളികള്‍
പണിയെടുത്തിരുന്നു. നാട്ടിലേക്ക് തിരികെ വരാതെ അവിടെ തങ്ങിയവര്‍
കാലക്രമത്തില്‍ നാടുമായും ഭാഷയുമായുള്ള ബന്ധം ദുര്‍ബലപ്പെട്ടപ്പോള്‍
അവിടയുണ്ടായിരുന്നതമിഴ് സമൂഹത്തിന്‍റെ ഭാഗമായി. ജാഫ്നായിലെ  തമിഴര്‍ പ്രഭാകരന്റെ കടുവാ സേനയെപിന്തുണച്ചപ്പോള്‍ ട്രിങ്കോമലി ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രദേശത്തെ തമിഴര്‍ അതില്‍ വലിയ താല്പര്യം കാട്ടിയിരുന്നില്ല.

പ്രവാസികള്‍ ഈ വിധത്തില്‍ അന്യവല്‍ക്കരിക്കപ്പെടുന്നത് അപൂര്‍വമല്ല. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയെ പുറത്താക്കി പട്ടാളം ഫിജിയില്‍ ഭരണം ഏറ്റെടുത്ത വേളയില്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ അവിടെ പോവുകയുണ്ടായി. തലസ്ഥാന നഗരമായ സുവായിലെ പ്രധാന തെരുവിലൂടെ നടക്കുമ്പോള്‍ “നായേഴ്സ് സൈക്കിള്‍മാര്‍ട്ട്” എന്നൊരു ബോര്‍ഡ് കണ്ട് അകത്തു ചെന്നു. മലയാളം അറിയാത്ത ഒരു നായരെയാണ് അവിടെ കണ്ടത്. തമിഴ് അറിയാത്ത ഒരു വരദരാജ പെരുമാളിനെയും ഫിജിയില്‍ കണ്ടു.

കരിമ്പ് തോട്ടങ്ങളുണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ ഫിജിയിലേക്ക് ഇന്ത്യയില്‍ നി
ന്ന് ആളെ കൊണ്ടുപോകാന്‍ തുടങ്ങിയത് 1888ലാണ്‌.   കല്‍ക്കത്ത
തുറമുഖത്തിലൂടെയായിരുന്നു മനുഷ്യക്കടത്ത്. ഫിജിയില്‍ പോകാന്‍ തയ്യാറുള്ള ഒരാളെ കൊടുക്കുന്ന ഏജന്റിനു സായിപ്പ് 50 രൂപ ഇനാം നല്കിയിരുന്നു. വരള്‍ച്ചമൂലം കൃഷിമുടങ്ങുമ്പോള്‍ ഉത്തര്‍ പ്രദേശ്‌-ബീഹാര്‍ അതിര്‍ത്തി പ്രദേശത്ത് നിന്ന് കൂലി വേല തേടി കല്‍ക്കത്തയിലെത്തുന്ന പട്ടിണിപാവങ്ങളാണ്ഏ ജന്റുമാരുടെ വലയില്‍വീണത്. ഈ മനുഷ്യക്കടത്തിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് സ്ഥിരമായി പ്രമേയംപാസാക്കി. കല്ക്കത്തയില്‍ എതിര്‍പ്പ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് 1920കളില്‍അവിടത്തെ റിക്രൂട്ട്മെന്റ് കേന്ദം നിര്‍ത്തിയിട്ട് മദ്രാസില്‍ ഒരെണ്ണം
തുടങ്ങി. അങ്ങനെ തമിഴരും തെലുങ്കരും മലയാളികളും ഫിജിയിലെത്തി. നേരത്തെ എത്തിയവരുടെ  സംസാര ഭാഷയായ ഹിന്ദുസ്ഥാനി പഠിച്ച് അവര്‍ ആ സമൂഹത്തിന്റെ ഭാഗമായി. ഇപ്പോള്‍ജനസംഖ്യയുടെ പകുതി ഇന്ത്യന്‍ വംശജരാണ്. “ഫിജി ഹിന്ദുസ്ഥാനി”എന്നറിയപ്പെടുന്ന അവരുടെഭാഷയില്‍ അവിടെ ടെലിവിഷനും റേഡിയോയുമുണ്ട്. ആ ഒന്നിക്കല്‍ പ്രക്രിയയ്ക്കിടയിലാണ് നായര്‍ കുടുംബത്തിനു മലയാളവും പെരുമാള്‍ കുടുംബത്തിനു തമിഴും നഷ്ടപ്പെട്ടത്.മദ്രാസില് 1950കളില്‍ ഹോട്ടല്‍ തൊഴിലാളികളായി പണിയെടുത്തിരുന്ന മലയാളികള്‍
മലയാള പത്രങ്ങള്‍ കിട്ടാത്തതു കൊണ്ട് തമിഴ് വായിക്കാന് പഠിച്ച് ആ ഭാഷയിലുള്ള പത്രങ്ങള്‍ വായിച്ചിരുന്നു.

മലയാളികള്‍ ഇങ്ങനെ മലയാളികളല്ലാതായി തീരുന്ന കാലം പുതിയ സാങ്കേതികവിദ്യ അവസാനിപ്പിച്ചിരിക്കുന്നു. ലോകത്തിന്റെ ഏതു കോണില്‍ പോയാലും ഇന്നൊരാള്‍ക്ക് ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന മലയാള ദിനപത്രത്തിലൂടെ കഴിഞ്ഞ 24 മണിക്കൂറില് കേരളത്തിനകത്തും പുറത്തും നടന്ന സംഭവങ്ങളെ കുറിച്ച് വായിച്ചറിയാം. നാട്ടിലിരുന്ന്‍ ബന്ധുക്കളും മിത്രങ്ങളും കാണുന്ന സിനിമകളും സീരിയലുകളും കോമഡിഷോകളും തൃശ്ശൂര്‍ പൂരവും പൊന്നമ്പലമേടിലെ സര്‍ക്കാര്‍വക മകരജ്യോതിയുമൊക്കെ തത്സമയം കാണാം. കേരളത്തിനകത്തും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും സിംഗപ്പൂരിലും ആസ്ത്രേലിയയിലും എന്നല്ല എവിടെയാണെങ്കിലും
മലയാളികള്‍ക്ക് കമ്പ്യൂട്ടറിലൂടെയും മൊബൈല്‍ ഫോണിലൂടെയും പരസ്പരം
ബന്ധപ്പെടാനും ഒരു ആഗോള സമൂഹമായി പ്രവര്‍ത്തിക്കാനും ഇന്നു കഴിയുന്നു. പത്തോ ഇരുപതോ കൊല്ലത്തിനിടയിലുണ്ടായ മാറ്റമാണിത്.

സാങ്കേതികവിദ്യദൂരം അപ്ര സക്തമാക്കുന്നതിനു മുമ്പ് തന്നെ ലോക മലയാളികളെ
ഒരുവേദിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തിലും അതിനു പുറത്തും ശ്രമങ്ങള്‍
തുടങ്ങിയിരുന്നു. പ്രവാസികള്‍ തന്നെ മുന്‍കൈ എടുത്ത് 1995ല്‍ അമേരിക്കയിലെ
ന്യു ജെഴ്സിയില്‍ സംഘടിപ്പിച്ച അന്താരാഷ്‌ട്ര മലയാളി കണ്‍വെന്‍ഷന്‍ ലോക മലയാളി കൌന്സിലിനു രൂപം നല്‍കി. ഗള്‍ഫ് മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളെ തുടര്‍ന്ന്‍ 1996ല്‍ സര്‍ക്കാര്‍ നോണ്‍-റസിഡന്റ്റ്‌ അഫയേഴ്സ് വകുപ്പുണ്ടാക്കി. അത് അതിവേഗത്തില്‍ എല്ലാ പ്രവാസികാര്യങ്ങളും കൈകാര്യം ചെയ്യുന്ന ഒന്നായി. കേരള സര്‍വകലാശാല സര്‍ക്കാര്‍ സഹായത്തോടെ വിശ്വ മലയാള മഹോത്സവം നടത്തി.

സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഏറ്റവും പുതിയ സംരംഭം ഇക്കൊല്ലം ആദ്യം
സംഘടിപ്പിക്കപ്പെട്ട ലോക കേരള സഭയാണ്. അതിന്റെ ലക്‌ഷ്യം അകംകേരളത്തിന്റെ വികസനത്തിന് പുറംകേരളത്തിന്റെ ശക്തി ഉപയോഗിക്കുകയാണ്. ഒരു സര്‍ക്കാര്‍ രേഖ ഇങ്ങനെ പറയുന്നു: “കേരളത്തിലെ ജനങ്ങളും അതിന്റെ സംസ്കാരവും ലോകത്തിന്റെ എല്ലാകോണുകളിലേക്കും സഞ്ചരിച്ചു. അകംകേരളത്തിന്റെ ഈ ലോകസഞ്ചാരം ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കപ്പുറം ഊർജ്ജസ്വലരായതും,  വ്യത്യസ്തവുമായ കഥാപാത്രങ്ങളുടെഎണ്ണമറ്റ കേരളങ്ങളെ സൃഷ്ടിച്ചു. ഭൗതിക, കേരളീയ സമാന്തര സങ്കേതങ്ങൾസൃഷ്ടിക്കുന്നതിനായി രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക മേഖലകളെഏകോപിപ്പിച്ചുകൊണ്ട് ഒരു ജനാധിപത്യ ഇടം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്.പുറംകേരളത്തെ ജനാധിപത്യപരമായി ഉള്‍ക്കൊണ്ട് അവരുടെ സജീവപങ്കാളിത്തം  ജനാധിപത്യപ്രക്രിയയില്‍ വികസിപ്പിച്ചാല്‍ മാത്രമേ ബൃഹത് കേരളത്തിന്റെ യഥാര്‍ഥശക്തിമുഴുവന്‍ കേരളവികസനത്തിനു ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. “

ആഗോള സംരംഭങ്ങളുടെ നിലനില്പിനാവശ്യമായ സാങ്കേതിക വിദ്യയും ഭൌതിക സാഹചര്യങ്ങളുംഇന്നുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ മാധ്യമങ്ങളും സാമൂഹിക കൂട്ടായ്മകള്‍ഉള്‍പ്പെടെ പലരും രംഗത്തുണ്ട്. അവരുടെ ശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ ലോകമെമ്പാടുംചിതറിക്കിടക്കുന്ന  മലയാളികള്‍ക്ക് തങ്ങള്‍ ഒരു സമൂഹമാണെന്ന ബോധ്യമുണ്ടാകണം.അവര്‍ക്ക് ചില പൊതുവായ താല്പര്യങ്ങളുമുണ്ടാകണം. അങ്ങനെയൊന്നു ഇല്ലെങ്കില്‍ അത്വളര്‍ത്തിയെടുക്കാനാകുമോ എന്ന്  ആലോചിക്കണം.

ഒന്നാം തലമുറ പ്രവാസികള്‍ കേരളത്തിലെ രാഷ്ടീയത്തിലും വികസനത്തിലും വലിയ താല്പര്യം കാട്ടുന്നുണ്ട്. പിന്നാലെ വരുന്ന തലമുറകള്‍ക്ക് ഇവയില്‍ അതേ
താല്പര്യം ഉണ്ടാകാനിടയില്ല. അപ്പോള്‍ ബ്രഹത് കേരളത്തിനു ഒരു പുതിയ അടിത്തറ ആവശ്യമായി വരും. ഈയിടെ അന്തരിച്ച പ്രശസ്ത ശാസ്ത്രജ്ഞന്‍ ഇ.സി.ജി. സുദര്‍ശന്‍ താല്പര്യം എടുത്തതിന്റെ ഫലമായാണ് അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ച അമേരിക്കയിലെ ടെക്സാസ് സര്‍വകലാശാല മലയാളം പഠിപ്പിക്കാന്‍ സംവിധാനമുണ്ടാക്കിയത്. അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ച ചോദനയെ മലയാളിവികാരം എന്ന്വിളിക്കാം. നെഹ്റു മന്ത്രിസഭയില്‍ അംഗമായിരുന്ന ജോണ് മത്തായിപ്രധാനമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‍ രാജി വെച്ചപ്പോള്‍ഡല്‍ഹി മലയാളികള്‍ അദ്ദേഹത്തിന് ഒരു സ്വീകരണം നല്‍കി. ദീര്‍ഘകാലം കേരളത്തിനുപുറത്തു ജീവിച്ച അദ്ദേഹം മറുപടി പ്രസംഗത്തില്‍ പ്രവാസകാലത്ത് മലയാളികള്‍ക്കായിഒന്നും ചെയ്തിരുന്നില്ലെന്ന് പറഞ്ഞു. പക്ഷെ ആദ്യമായി ലോക സഭയില്‍ മലയാളംപറഞ്ഞത് താനാണെന്ന് അദ്ദേഹം അഭിമാനത്തോടെ ഓര്‍ത്തു. ഒരു ദിവസം സഭയില്‍ ഒരുചോദ്യത്തിനു ഉത്തരം നല്കി കഴിഞ്ഞപ്പോള്‍ ഒരംഗം ഹിന്ദിയില്‍ ഒരുപചോദ്യംഉന്നയിച്ചു. മത്തായി എഴുനേറ്റ് “മെമ്പര്‍ പറഞ്ഞത് എനിക്ക് മനസിലായില്ല” എന്നുപറഞ്ഞുകൊണ്ട് ഇരുന്നു. അവിടെയും പ്രകടമായത് മലയാളിവികാരം ആയിരുന്നുവോ?