Thursday, June 27, 2013

ഉമ്മൻ ചാണ്ടി എന്തുകൊണ്ട് രാജിവെക്കണം

ബി.ആർ.പി. ഭാസ്കർ

സോളാർ തട്ടിപ്പ് കേരള രാഷ്ട്രീയത്തെ കലുഷിതവും മലീമസവുമാക്കുക മാത്രമല്ല നിയമസഭാ പ്രവർത്തനം അസാദ്ധ്യമാക്കുകയും ചെയ്തിരിക്കുന്നു. തെരുവു പ്രകടനങ്ങളെപ്പോലെ സഭക്കുള്ളിലെ പ്രകടനങ്ങളും നമ്മുടെ ജനാധിപത്യപ്രക്രിയയുടെ ഭാഗമായിത്തീർന്നിട്ടുണ്ട്. രണ്ടുതരത്തിലുള്ള പ്രകടനങ്ങളും മുമ്പത്തേക്കാൾ വ്യാപകമായതിന്റെ ഒരു പ്രധാന കാരണം ഭരണകൂടങ്ങൾ ജനവികാരം മനസിലാക്കുന്നില്ലെന്നതാണ്. മനസിലാക്കിയാൽ തന്നെയും അത് മാനിക്കേണ്ടതില്ലെന്നും അധികാരികൾ വിശ്വസിക്കുന്നു. പ്രബുദ്ധമെന്ന് സ്വയം കരുതുന്ന കേരള സമൂഹത്തിൽ ജനവികാരത്തിന് പുല്ലുവില കല്പിക്കാതെ മുന്നോട്ടു പോകാൻ ഭരണകൂടത്തിനു കഴിയുന്നുവെന്നത് നമ്മുടെ ജനാധിപത്യബോധം ദുർബലമായതുകൊണ്ടാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പ്രസ്താവനായുദ്ധങ്ങൾ ശ്രദ്ധിച്ചാൽ എങ്ങനെയാണ് ഭരണകൂടം ജനവികാരത്തെ പരാജയപ്പെടുത്തുന്നതെന്ന് മനസിലാക്കാൻ കഴിയും. നിരവധി തട്ടിപ്പുകേസുകളിൽ പ്രധാന പ്രതികളായ ദമ്പതികൾ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ട ഒന്നിലധികം പേരുമായി നിരന്തരം ടെലിഫോൺ ബന്ധം പുലർത്തിപ്പോരുന്നുവെന്ന വിവരം പ്രചരിച്ചതോടെയാണ് ഉമ്മൻ ചാണ്ടി സർക്കാർ പ്രതിരോധത്തിലായത്. സ്വന്തം ഫോണില്ലാത്ത മുഖ്യമന്ത്രി ഇവരുടെ മൊബൈലുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. തുരുതുരെയുള്ള ഫോൺ‌വിളികൾ സ്വാഭാവികമായും സുതാര്യമായി പ്രവർത്തിക്കുന്നെന്ന് അവകാശപ്പെട്ടിരുന്ന മുഖ്യമന്ത്രിയെ കുറിച്ചുതന്നെ സംശയങ്ങളുണർത്താൻ പോരുന്നവയായിരുന്നു.

ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ വിശദീകരണങ്ങളിലെ പല വിവരങ്ങളും പൂർണ്ണമായും ശരിയല്ലെന്ന് പിന്നീട് പുറത്തുവന്നവ വ്യക്തമാക്കി. ചില സ്റ്റാഫ് അംഗങ്ങളുടെ പ്രവൃത്തികൾ സംശയാസ്പദമാണെന്ന് കരുതാൻ  പോരുന്ന ധാരാളം വിവരങ്ങൾ വെളിച്ചത്തുവന്നിട്ടും അവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ആരെയെങ്കിലും ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കില്ലെന്ന് ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. ഏത് നല്ല നേതാവും ആശ്രിതരെ സംരക്ഷിക്കും. എന്നാൽ ആശ്രിതസംരക്ഷണം ആത്യന്തികലക്ഷ്യമാകാൻ പാടില്ല. ആശ്രിതരുടെ പ്രവർത്തനം തന്റെ ഭരണപരപായ ചുമതലകൾ സത്യസന്ധമായി നിറവേറ്റുന്നതിനു തടസമാണെന്ന് കണ്ടാൽ അവരെ പുറത്താക്കണം. അതിനു ഭരണാധികാരി മടിക്കുമ്പോൾ അവർ പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ അറിവോടെയായിരുന്നില്ലെങ്കിൽ തന്നെയും അവരുടെ പ്രവൃത്തികൾക്ക് അദ്ദേഹത്തിന്റെ പിൽക്കാല സമ്മതമുണ്ടായിരുന്നെന്ന് വരുന്നു.

മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹവും ആഭ്യന്തരമന്ത്രിയും പ്രതിരോധിക്കുന്നത് ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം കഴിയുമ്പോൾ കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടാണ്. ഇതൊരു മുടന്തൻ ന്യായമാണ്. പൊലീസ് നടത്തുന്നത് ക്രിമിനൽ നിയമപ്രകാരമുള്ള അന്വേഷണങ്ങളാണ്. മുഖ്യമന്ത്രിയുടെ രാജി എന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. അദ്ദേഹം സ്റ്റാഫംഗങ്ങളായി തെരഞ്ഞെടുത്ത ഏതാനും പേർ ഇതിനകം പൊലീസ് അന്വേഷണങ്ങളുടെ പരിധിയിൽ വന്നിട്ടുണ്ട്. അവർ കുറ്റകൃത്യങ്ങൾ ചെയ്തൊ ഇല്ലയൊ എന്നത് ഈ അന്വേഷണങ്ങൾ പൂർത്തിയായശേഷം വിചാരണകളിലൂടെ ബന്ധപ്പെട്ട കോടതികൾ തീരുമാനിക്കേണ്ട കാര്യമാണ്. നമ്മുടെ നീതിന്യായ സമ്പ്രദായത്തിന്റെ പാരമ്പര്യം വെച്ചു നോക്കുമ്പോൾ ആ തീരുമാനത്തിന് പതിറ്റാണ്ടുകാലമെങ്കിലും കാത്തിരിക്കേണ്ടിവരും. നിയമവ്യവസ്ഥ അവരെ ഒടുവിൽ കുറ്റവിമുക്തരാക്കിയാലും അനഭിലഷണീയരായ വ്യക്തികളുമായി അനുചിതമായ ബന്ധം പുലർത്തിയെന്ന വസ്തുത അവശേഷിക്കും. അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും പരോക്ഷമായെങ്കിലുമുണ്ട്.

സ്വ്വതന്ത്ര്യത്തിന്റെ ആദ്യകാലത്ത് എൽ.ഐ.സി. കുംഭകോണം അന്വേഷിച്ച ജസ്റ്റിസ് എം.സി. ഛഗ്ല മന്ത്രിമാരുടെ ഉത്തരവാദിത്വം സംബന്ധിച്ച് ഉന്നത ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു നിരീക്ഷണം നടത്തുകയുണ്ടായി. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരുടെ തീരുമാനങ്ങൾക്ക്  മന്ത്രിക്ക് സൃഷ്ടിപരമായ ഉത്തരവാദിത്വമുണ്ടന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. (‘കൺസ്ട്രക്ടീവ് റസ്പോൺസിബിലിറ്റി’ എന്ന ഇംഗ്ലീഷ് പദങ്ങളാണ് അദ്ദേഹം ഉപയോഗിച്ചത്). ഛഗ്ലയുടെ നിരീക്ഷണം അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ധനമന്ത്രിയായിരുന്ന ടി.ടി.കൃഷ്ണമാചാരിയുടെ രാജി ആവശ്യപ്പെട്ടു. അങ്ങനെ ഒരു മഹത്തായ ജനാധിപത്യ പാരമ്പര്യം സ്ഥാപിക്കപ്പെട്ടു. അതു കളഞ്ഞുകുളിച്ച കോൺഗ്രസുകാരെ അതെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാവില്ലെന്നു വരാം. എന്നാൽ അവർ മറന്നുകൂടാത്ത ഒരു വസ്തുതയുണ്ട്. അത് ജോപ്പനെയും ജിക്കിമോനെയും സലിം രാജുവിനെയുമൊക്കെ അളക്കുന്ന അളവുകോൽ കൊണ്ടല്ല ഉമ്മൻ ചാണ്ടിയെ അളക്കുന്നതെന്നതാണ്. കോൺഗ്രസുകാരുടെ ഓർമ്മക്കുവേണ്ടി രണ്ട് കാര്യങ്ങൾ കൂടി ചൂണ്ടിക്കാണിക്കട്ടെ. അന്നത്തെ രാജി കൃഷ്ണമാചാരിക്ക് മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിനു തടസമായില്ല. തീവണ്ടി അപകടത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ട് റയിൽമന്ത്രി സ്ഥാനം ഉപേക്ഷിച്ച ലാൽ ബഹദൂർ ശാസ്ത്രി പിന്നീട് പ്രധാനമന്ത്രിയായി.

തട്ടിപ്പു കേസ് പ്രതികളെ സംരക്ഷിക്കുന്നെന്ന ആരോപണം മറികടക്കാൻ മുഖ്യമന്ത്രിപറഞ്ഞ ചില കാര്യങ്ങൾ പരിശോധനയർഹിക്കുന്നു. ബിജു രാധാകൃഷ്ണനും സരിതാ നായർക്കുമെതിരായ 14 വഞ്ചനക്കേസുകൾ എൽ.ഡി.എഫ് ഭരണകാലത്താണ് ഉത്ഭവിച്ചതെന്നും അവയിൽ ഒരു നടപടിയും എടുക്കാതിരുന്നിട്ടാണ് യു.ഡി.എഫ് സർക്കാരിനെതിരെ തിരിയുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഈ തട്ടിപ്പുകൾ സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരസ്കരിച്ചതിനെ ന്യായീകരിക്കാൻ ടോട്ടൽ ഫോർ യൂ തട്ടിപ്പിനെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് തങ്ങൾ പ്രതിപക്ഷത്തു നിന്ന് ഉന്നയിച്ച ആവശ്യം എൽ.ഡി.എഫ് സർക്കാർ തള്ളിയ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വാദങ്ങൾക്കടിയിൽ മുന്നണി രാഷ്ട്രീയത്തിന്റെ കീഴിൽ വളർന്നുകൊണ്ടിരിക്കുന്നതും പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ എന്ന ധാർമ്മികതത്വത്തിന്റെ വികലമായ അനുകരണവുമായ ഒരാശയമുണ്ട്. അത് ഒരു മുന്നണി ചെയതിട്ടുള്ള പാതകങ്ങൾ ആവർത്തിക്കാനുള്ള അവകാശം മറ്റേ മുന്നണിക്കുണ്ടെന്നതാണ്. ഇത് അംഗീകരിക്കാനാവുന്ന ഒന്നല്ല. (ജനയുഗം, ജൂൺ 26, 2013)

Thursday, June 13, 2013

പൊലീസിന്റെ നിയമബാഹ്യ അജണ്ടകൾ

ബി.ആർ.പി. ഭാസ്കർ

ഐ.പി.എൽ. വാതുവെയ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കേരള ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് നാലാഴ്ചക്കുശേഷം ജാമ്യം ലഭിച്ചിരിക്കുന്നു. ഡൽഹി പൊലീസ് മുംബായിൽ പോയാണ് അറസ്റ്റ് നടത്തിയത്. ശ്രീശാന്ത് പൊലീസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്തെന്നതിന് പ്രഥമദൃഷ്ട്യാ തെളിവൊന്നും ഹാജരാക്കപ്പെട്ടിട്ടില്ല. വിദേശത്തു കഴിയുന്ന അധോലോക നായകന്മാരുമായി ശ്രീശാന്തിന് ബന്ധമുണ്ടെന്നു പറഞ്ഞുകൊണ്ട് മാഫിയാ സംഘങ്ങളെ നിയന്ത്രിക്കാനായി മഹാരാഷ്ട്രാ സർക്കാരുണ്ടാക്കിയ ‘മകോക്ക’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കരിനിയമവും പ്രയോഗിക്കപ്പെട്ടു. ജാമ്യം അനുവദിച്ച ജഡ്ജി ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചിറ്ട്ടുണ്ട്.  ഇതെല്ലാം പൊലീസിന് നിയമബാഹ്യമായ അജണ്ടയുണ്ടോ എന്ന സംശയം ഉയർത്തുന്നു.

ശ്രീശാന്തിനെ അറസ്റ്റ് ചെയ്ത ദിവസം മുതൽ ഡൽഹി പൊലീസ് പലതും വിളിച്ചുപറയുകയും മാദ്ധ്യമങ്ങൾ അവ ആവേശത്തോടെ പ്രചരിപ്പിക്കുകയും ചെയ്തു. മലയാള മാദ്ധ്യമങ്ങൾ വിഷയം കൈകാര്യം ചെയ്ത രീതി പരിശോധിക്കുമ്പോൾ ചാരക്കേസ് അനുഭവത്തിൽ നിന്നും ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു. പഠിച്ചെങ്കിൽ തന്നെ അത് വിസ്മരിച്ചിരിക്കുന്നു. കേസ് ദുർബലമാണെന്ന അറിവാകണം മകോക്ക പ്രയോഗിക്കാൻ കാരണമായത്. ഇത്തരം കരിനിയമങ്ങൾ പൊലീസിന് പ്രിയങ്കരമാകുന്നത് ജാമ്യം തടയാൻ സഹായിക്കുന്നു എന്നതു കൊണ്ടു മാത്രമല്ല. അവ പ്രതി കുറ്റം ചെയ്തെന്ന് തെളിയിക്കാനുള്ള ബാദ്ധ്യതയിൽ നിന്ന് പൊലീസിനെ ഒഴിവാക്കുന്നു. പകരം കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിയിൽ നിക്ഷിപ്തമാകുന്നു.

ടാഡാ, പോട്ടാ എന്നീ ഭീകരവിരുദ്ധ നിയമങ്ങളിലും ഇത്തരം വ്യവസ്ഥകളുണ്ടായിരുന്നു. രണ്ടും ദുരുപയോഗപ്പെടുത്തപ്പെട്ടു. അതിനാൽ ശക്തമായ എതിർപ്പുണ്ടാവുകയും അവ ഉപേക്ഷിക്കാൻ കേന്ദ്രം നിർബന്ധിതമാവുകയും ചെയ്തു. അത്തരത്തിലുള്ള നിയമം കൂടാതെ അധോലോക സംഘങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന പൊലീസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് മഹാരാഷ്ട്രാ സർക്കാർ 1999ൽ മകോക്ക ഉണ്ടാക്കിയത്. അത് 2002ൽ ഡൽഹിയിലേക്ക് നീട്ടപ്പെട്ടു. ഇത്തരം നിയമങ്ങൾ കുറുക്കുവഴികൾ നൽകിയിട്ടും പൊലീസിന് അവ ഉപയോഗിച്ചു കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയാറില്ല. ഔദ്യോഗിക കണക്കുകളനുസരിച്ച് 76,000 പേർക്കെതിരെയാണ് ടാഡാ പ്രകാരം കേസെടുത്തത്. എന്നാൽ ശിക്ഷിക്കപ്പെട്ടത് 1.3 ശതമാനം പേർ മാത്രം. പോട്ട പ്രകാരം 1,031 പേർക്കെതിരെ കേസെടുക്കപ്പെട്ടു. അവിടെയും ശിക്ഷാനിരക്ക് ഏതാണ്ട് ഇതു തന്നെ. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനല്ല, സംശയിക്കുന്നവരെ ശിക്ഷ കൂടാതെ ദീർഘകാലം തുറുങ്കിലടക്കാനാണ് പൊലീസ് ഇത്തരം നിയമങ്ങളെ ആശ്രയിക്കുന്നതെന്ന് ഇതിൽനിന്നും മനസിലാക്കാവുന്നതാണ്.

ഡൽഹി പൊലീസ് മുംബായിൽ ചെന്ന് ശ്രീശാന്തിനെ പിടിച്ചുകൊണ്ടു പോയതിന്റെ പിന്നാലെ അവിടത്തെ പൊലീസും ഒരു വാതുവെയ്പ് കേസെടുത്തു. അന്വേഷണം സംബന്ധിച്ചു രണ്ടു കൂട്ടരും നൽകുന്ന വിവരങ്ങൾ അവർ ഒരു മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നെന്ന പ്രതീതി ജനിപ്പിക്കുന്നു. അടുത്ത കാലത്തുണ്ടായ തീവ്രവാദ സ്ത്രീപീഡന സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളുടെ പേരിൽ പഴി കേൾക്കേണ്ടി വന്ന പൊലീസ് സേനകളും അവയെ നയിക്കുന്ന ഉദ്യോഗസ്ഥന്മാരും ഈ കേസുകളെ പ്രതിച്ഛായ നന്നാക്കാനുള്ള മാർഗ്ഗങ്ങളായി കാണുന്നുണ്ടാകാം.

വാതുവെയ്പ് ഒരു പുതിയ കാര്യമല്ല. ദാവൂദ് ഇബ്രാഹം രംഗപ്രവേശം ചെയ്യുന്നതിനു മുമ്പു തന്നെ മുംബായ് ഒരു വലിയ വാതുവെയ്പ് കേന്ദ്രമായിരുന്നു. ഒരു കാലത്ത് പത്രങ്ങളിൽ ദിവസേന വന്നിരുന്ന ന്യൂ യോർക്ക് കോട്ടൺ മാർക്കറ്റ് നിരക്കിനെ അടിസ്ഥാനമാക്കി വാതുവെയ്പ് സംഘടിപ്പിക്കുന്ന ദേശവ്യാപകമായ ഒരു സിണ്ടിക്കേറ്റ് ആ നഗരത്തിൽ പ്രവർത്തിച്ചിരുന്നു. അതിനെ തകർത്തത് മുംബായ് പൊലീസ് അല്ല, അമേരിക്കയിലെ പൊലീസ് ആണ്. ആ സിൻഡിക്കേറ്റിനുവേണ്ടി ഒരു ഇടനിലക്കാരൻ ന്യൂ യോർക്ക് മാർക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതായി അവർ കണ്ടെത്തുകയും അയാളെ പിടികൂടി, വിചാരണ നടത്തി ശിക്ഷിക്കുകയും ചെയ്തു. ഐ.പി.എൽ പോലുള്ള പരിപാടികൾ പണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം രൂപകല്പന ചെയ്തിട്ടുള്ളതാണ്. വലിയ തോതിൽ കാശു മുടക്കാൻ കഴിവുള്ളവർക്ക് മാത്രമെ ടീം ഉണ്ടാക്കാനാകൂ. ടീമുകൾ കളിക്കാരെ ലേലത്തിൽ പിടിക്കുന്നു. സർക്കാർ നികുതി ഇളവ് നൽകി പരിപാടിയെ പ്രോത്സാഹിപ്പിക്കുന്നു. ഇതൊക്കെ വാതുവെയ്പ് പോലുള്ള വഷളത്തങ്ങൾ വളർത്തുന്നതിൽ അത്ഭുതപ്പെടാനുണ്ടോ?

കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള ചുമതല പൊലീസ് സേനക്കുണ്ട്. ചുമതല നിർവഹിക്കുന്നതിൽ അത് തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫലമായി ചില തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സേനകൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു വലിയ കുറ്റകൃത്യം നടക്കുമ്പോൾ ആരാണ് അന്വേഷണം നടത്തേണ്ടതതെന്ന് തീരുമാനിക്കാൻ തന്നെ എളുപ്പമല്ല. രണ്ട് ഇറ്റാലിയൻ പട്ടാളക്കാർ പ്രതികളായ കടൽക്കൊല കേസിന്റെ കാര്യത്തിൽ നാം ഇത് കണ്ടു. കേരള പൊലിസിൽ നിന്ന് ക്രൈം ബ്രാഞ്ചിലേക്കും പിന്നെ സി.ബി.ഐയിലേക്കും ഒടുവിൽ എൻ.ഐ.എയിലേക്കും അത് കൈമാറ്റം ചെയ്യപ്പെട്ടു. അതിനിടെ ഏത് നിയമപ്രകാരം കേസ് എടുണമെന്ന കാര്യത്തിൽ ചിന്താക്കുഴപ്പമുണ്ടായി. ഇനിയും അക്കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. നിയമബാഹുല്യവും അന്വേഷണ സംവിധാനങ്ങളുടെ ബാഹുല്യവും നീതിന്യായ പ്രക്രിയ അതീവ സങ്കീർണ്ണമാക്കിയിരിക്കുന്നു.   

കരിനിയമങ്ങൾ കൂടാതെ കഴിയില്ലെന്ന അവസ്ഥയിലാണ് ഭരണാധികാരികളും പൊലീസും. പൊതുജനാഭിപ്രായം മാനിച്ച് ഒരു കരിനിയമം പിൻ‌വലിക്കുമ്പോൾ സർക്കാർ സമാന വ്യവസ്ഥകളുള്ള മറ്റൊന്ന് കൊണ്ടുവരുന്നു. അങ്ങനെ ഏറ്റവും ഒടുവിൽ ഉണ്ടായതാണ് അൺലാഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ യുഎപിഎ. വേണ്ടത്ര തെളിവില്ലാതെയൊ കൃത്രിമമായി തെളിവുകളുണ്ടാക്കിയൊ, നിയമബാഹ്യമായ അജണ്ടകളുടെ അടിസ്ഥാനത്തിൽ, ഏതെങ്കിലും വ്യക്തികൾക്കൊ വിഭാഗങ്ങൾക്കൊ എതിരായി കേസെടുക്കുന്ന രീതി രാജ്യമൊട്ടുക്ക് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി. ഭരണകാലത്ത് കർണ്ണാടക പൊലീസ് അബ്ദുൾ നാസർ മ്‌അദനിക്കും തദ്ദേശീയരായ ചില മുസ്ലിം യുവാക്കൾക്കുമെതിരെ എടുത്ത കേസുകൾ പ്രത്യക്ഷത്തിൽ ഈ ഗണത്തിൽ പെടുന്നു. ഹിന്ദുത്വപക്ഷക്കാരായ പത്രപ്രവർത്തകരെ കൊല്ലാൻ പദ്ധതിയിട്ടെന്ന ആരോപണം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഡക്കാൺ ഹെറാൾഡ് റിപ്പോർട്ടറും പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡി.ആർ.ഡി.ഓയിലെ യുവ ഗവേഷകനും നിരപരാധികളാണെന്ന് എൻ.ഐ.എ. കണ്ടെത്തിയതിനെ തുടർന്ന് കോടതി അവരെ കുറ്റവിമുക്തരാക്കി. യുഎപിഎ ചുമത്തിയിരുന്നതുകൊണ്ട്  ജാമ്യം നിഷേധിക്കപ്പെട്ട് മാസങ്ങൾ ജയിലിൽ കഴിഞ്ഞശേഷം പുറത്തു വന്ന് റിപ്പോർട്ടറെ പത്രം തിരിച്ചെടുത്തു. എന്നാൽ ഡി.ആർ.ഡി.ഓ ഗവേഷകൻ ഇപ്പോഴും പുറത്താണ്.

കേരളത്തിലും യുഎപി‌എ പ്രകാരം 100 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിൽ 92 പേർ മുസ്ലിങ്ങളാണ്. പ്രവാചകനിന്ദയുടെ പേരിൽ മൂവാറ്റുപുഴയിലെ കോളെജ് അദ്ധ്യാപകന്റെ കൈ വെട്ടിയതു സംബന്ധിച്ചും നാറാത്ത് സായുധ പരിശീലനം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടും ചാർജു ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളാണവർ. ഇന്ത്യൻ പീനൽ കോഡ് വകുപ്പുകളനുസരിച്ച് നടപടിയെടുക്കാനും കുറ്റക്കാരെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടാൽ ശിക്ഷിക്കാനും കഴിയുമെന്നിരിക്കെ യുഎപിഎ കൂടി ഉൾപ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമല്ല. ഈ നിയമപ്രകാരം നടപടി നേരിടുന്ന മറ്റുള്ളവർ നക്സലൈറ്റുകൾ ആണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യോഗം ചേരാനായി മാവേലിക്കരയിലെത്തിയെന്നല്ലാതെ അവർ എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി പൊലീസ് ഭാഷ്യത്തിൽ പോലുമില്ല. നൂറു കോടി രൂപായുടെ ആകർഷണത്തിൽ നാം ഈയിടെ പാടുപെട്ട് മലയാളത്തിന് ശ്രേഷ്ഠപദവി നേടുകയുണ്ടായി. പൊതുസമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാഗ്രത പുലർത്തിയില്ലെങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനത്തിന് കേന്ദ്രം വാഗ്ദാനം ചെയ്യുന്ന കോടികളുടെ പ്രലോഭനത്തിൽ യുഎപി‌എ പ്രയോഗം വ്യാപകമായെന്നിരിക്കും. (ജനയുഗം, ജൂൺ 12, 2013)

Wednesday, June 5, 2013

ജനസൌഹൃദ പൊലീസ് സേനയും പൊലീസ്‌സൌഹൃദ ജനങ്ങളും

ബി.ആർ.പി. ഭാസ്കർ

തിരുവിതാംകൂറിൽ പൊലീസ് സംവിധാനം നിലവിൽ വന്ന കാലത്തെ ഒരു തമാശക്കഥയുണ്ട്. പിൽക്കാലത്ത് ‘തീപ്പെട്ടിക്കോൽ’ എന്ന ദുഷ്പേരു നേടിക്കൊടുത്ത തൊപ്പിയും ധരിച്ച്  പൊലീസുകാരൻ രാത്രിയിൽ റോന്തു ചുറ്റുകയായിരുന്നു. മുമ്പിൽ ഒരാൾ നടക്കുന്നു. എവിടെയൊ കവടി നിരത്താൻ പോയിട്ട് മടങ്ങുന്ന കണിയാനാണ്. പൊലീസുകാരൻ ആൾ കള്ളനാണോ എന്ന് സംശയിക്കുന്നു. കാൽ‌പെരുമാറ്റം കേട്ടു കണിയാൻ തിരിഞ്ഞുനോക്കുമ്പോൾ നിലാവെളിച്ചത്തിൽ തൊപ്പിയുടെ മുകളിലെ ചുവപ്പ് ജ്വലിക്കുന്നു. തലയിൽ നെരിപ്പോടുള്ള അറുകൊല രക്തം ഊറ്റിക്കുടിക്കാനായി പിന്തുടരുകയാണെന്ന് കരുതി അയാൾ നടപ്പിന്റെ വേഗത കൂട്ടുന്നു. അത് പൊലീസുകാരന്റെ സംശയം ബലപ്പെടുത്തുന്നു. അയാളും വേഗത കൂട്ടുന്നു. അപ്പോൾ കണിയാൻ ഓടുന്നു. അതോടെ ആൾ കള്ളൻ തന്നെയെന്ന് ഉറപ്പിച്ച പൊലീസുകാരനും ഓടുന്നു.. പിടികൂടപ്പെടുമെന്നായപ്പോൾ കണിയാൻ നിലത്തു വീണുകൊണ്ട് പറയുന്നു: ‘ദാ കിടക്കുന്നു, കീന്തിക്കുടിച്ചോളൂ.’

കഥയിൽനിന്ന് അന്ധവിശ്വാസത്തിന്റെ അംശം മാറ്റിയാൽ അവശേഷിക്കുന്നത് പരസ്പര സംശയമാണ്. ഒരു നൂറ്റാണ്ടിലധികം കടന്നുപോയെങ്കിലും ആ സംശയത്തിന്റെ അംശം ഇപ്പോഴും നിലനിൽക്കുന്നു. പൊലീസുകാരെ കണ്ട്, പൊലീസുകാരാണെന്ന് തിരിച്ചറിഞ്ഞ്, പേടിച്ചോടുന്നവർ ആറ്റിലൊ കിണറ്റിലൊ വീഴുന്ന കഥകൾ ഇക്കാലത്ത് കേൾക്കാനുണ്ട്.

മനുഷ്യാവകാശ സംവാദങ്ങളിൽ പൊലീസും ജനങ്ങളും എതിർചേരികളിലാണ്. ഒരളവു വരെ അത് സ്വാഭാവികമാണ്. കാരണം പൊലീസ് അധികാരം പ്രയോഗിക്കുന്നവരും ജനങ്ങൾ അധികാരപ്രയോഗത്തിന് വിധേയരാകുന്നവരുമാണ്. ഇത് ജനാധിപത്യവ്യവസ്ഥയിൽ ഉണ്ടായിക്കൂടാത്ത വൈജാത്യമാണ്. എന്തെന്നാൽ, അടിസ്ഥാനപരമായി, ജനാധിപത്യ സമൂഹത്തിൽ മനുഷ്യാവകാശ സംരക്ഷകരുടെ ഒന്നാം നിര പൊലീസ് സേനയാണ്. പക്ഷെ അതിനെ ജനം സംശയത്തോടെ വീക്ഷിക്കുന്നു.

ഭരണകൂടം ഏതുതരത്തിലുള്ളതായാലും ക്രമസമാധാനപാലനത്തിന് പൊലീസ് സേന കൂടിയേ തീരൂ. കൊളോണിയൽ ഭരണകൂടം ഒന്നര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പൊലീസ് സംവിധാനത്തിന്റെ തുടർച്ചയാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. അതിനെ ജനാധിപത്യ വ്യവസ്ഥ്ക്ക് അനുയോജ്യമായ രീതിയിൽ പരിഷ്കരിക്കുന്ന കാര്യത്തിൽ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഭരണകൂടങ്ങൾ വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ല. അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളു.

ആന്ധ്ര പ്രദേശിലെ ഒരു മുൻ ഡി.ജി.പി. ഐ.പി.എസിലെ ഒരാദ്യകാല അനുഭവത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസ് സ്റ്റേഷനിൽ ഇരിക്കുമ്പോൾ ഒരു ഗ്രാമീണൻ അവിടെ വന്ന് തനിക്കൊരു പരാതിയുണ്ടെന്ന് പറഞ്ഞു. ഉടൻ തന്നെ ഇൻസ്പെക്ടർ അയാളെ തലങ്ങും വിലങ്ങും മർദ്ദിച്ചു. എന്നിട്ട് ചോദിച്ചു: “എന്താ തന്റെ പരാതി?” പരാതിക്കാരൻ പോയശേഷം യുവ ഐ.പി.എസ് ആഫീസർ ഇൻസ്പെക്ടറോട് അയാളെ എന്തിനാണ് തല്ലിയതെന്ന് ചോദിച്ചു. “സർ, ഇവിടെ വരുന്നവരാരും സത്യം പറയാനല്ല വരുന്നത്. ഒന്ന് പൂശിക്കഴിയുമ്പോൾ സത്യം പുറത്തുവരും” എന്നായിരുന്നു ഇൻസ്പെക്ടറുടെ മറുപടി. പൊലീസിന്റെ കൊളോണിയൽ-ഫ്യൂഡൽ പാരമ്പര്യത്തിൽ അധിഷ്ടിതമായ സമീപനമാണ് ആ വാക്കുകളിലുള്ളത്. ജനങ്ങളെ വിശ്വസിക്കാത്ത പൊലീസും പൊലീസിനെ വിശ്വസിക്കാത്ത ജനങ്ങളും ആ പാരമ്പര്യത്തിന്റെ ഭാഗമാണ്.

തെറ്റോ ശരിയോ ആകട്ടെ, ആ ഇൻസ്പെകടർക്ക് തന്റെ ചെയ്തിക്ക് ന്യായീകരണമായി പറയാൻ ഒരു കാരണമുണ്ടായിരുന്നു. ചില പ്രവൃത്തികൾക്ക് അതുണ്ടായില്ലെന്നിരിക്കും. എനിക്ക് നല്ല പരിചയമുള്ളയാളായിരുന്നു പ്രശസ്ത സിനിമാനടൻ സത്യൻ. തിരുവനന്തപുരത്തെ അമച്വർ നാടകവേദിയിലെ നടനെന്ന നിലയിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹം തൈക്കാട് പൊലീസ് ട്രെയിനിങ് സ്കൂളിൽ പ്രവർത്തിക്കുന്ന കാലത്ത് സിനിമയിൽ പ്രവർത്തിക്കുന്നതിനുള്ള അവസരത്തെക്കുറിച്ച് അറിയിക്കാൻ അവിടെപോയി അദ്ദേഹത്തെ കാണുകയുണ്ടായി. ഞാൻ മദ്രാസിൽ പണിയെടുക്കുന്ന കാലത്ത് ഷൂട്ടിങ്ങിനായി വരുമ്പോൾ അദ്ദേഹത്തെ കാണുമായിരുന്നു. സത്യൻ ആലപ്പുഴയിൽ സബ്‌ഇൻസ്പെക്ടറായിരിക്കെ കസ്റ്റഡിയിലെടുത്ത ഒരാളെ വഴിനീളെ മർദ്ദിക്കുന്നതു കണ്ടതായി പ്രശസ്ത നിരൂപകൻ കെ.പി.അപ്പന്റെ ഒരു ലേഖനത്തിൽ വായിച്ചപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ അറിഞ്ഞത് നാടക-സിനിമാ നടനായ സത്യനെയാണ്, പൊലീസ് ഇൻസ്പെക്ടറായ സത്യനെയായിരുന്നില്ല എന്ന് അപ്പോൾ ബോധ്യപ്പെട്ടു.  

ഇടിവണ്ടി, നടയടി തുടങ്ങിയ പദപ്രയോഗങ്ങൾക്ക് കാരണമായ മുറകൾ യുക്തിസഹമായ വിശദീകരണം നൽകാനാവാത്ത കേവല ബലപ്രയോഗങ്ങളാണ്. ഇത് പൊലീസിന്റെയും മറ്റ് സായുധസേനകളുടെയും മാത്രം പ്രശ്നമല്ല. രാഷ്ട്രീയ-തൊഴിലാളി-യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങളുൾപ്പെടെ എല്ലാ സംഘടിത സംവിധാനങ്ങളും ബലപ്രയോഗം നടത്താറുണ്ട്. ഗാന്ധിജി നിയമനിഷേധ സമരം ആരംഭിച്ച കാലത്തു തന്നെ പല നേതാക്കളും അത് അപകടകരമായ നീക്കമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹം സമാധാനപരമായ സമരങ്ങളിലാണ് വിശ്വാസം അർപ്പിച്ചത്. സമാധാനപരമായി നടത്തുന്ന സമരങ്ങൾ ഭരണാധികാരികൾ ശ്രദ്ധിക്കുന്നില്ലെന്ന ധാരണയാണ് പലപ്പോഴും അക്രമത്തിന് കാരണമാകുന്നത്. ഭരണകൂടം സമരത്തിലേർപ്പെട്ടിരിക്കുന്നവർ ഉന്നയിക്കുന്ന പ്രശ്നങ്ങളോട് കൂടുതൽ ക്രിയാത്മകമായി പ്രതികരിച്ചാൽ ഈ പ്രവണത തടയാനാകും.

ഏതാനും കൊല്ലം മുമ്പ് കേരളത്തിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും മൂന്നാം മുറ പ്രയോഗം ന്യായീകരിച്ചതായി പ്രശസ്ത ക്രിമിനോളജിസ്റ്റ് ജയിംസ് വടക്കുംചേരി എഴുതുകയുണ്ടായി. ആ അവസ്ഥ തന്നെയാകും ഒരുപക്ഷെ ഇപ്പോഴും മദ്ധ്യവർഗ്ഗത്തിനിടയിൽ നിലനിൽക്കുന്നത്. തങ്ങളിൽ ഒരാൾ ഇരയാകുമ്പോൾ മാത്രമാണ് അവർ സാധാരണയായി പ്രതിഷേധശബ്ദമുയർത്തുന്നത്. അവരാക്കട്ടെ അപൂർവ്വമായി മാത്രമെ  ഇരകളാകാറുള്ളു. എത്ര ജനപിന്തുണയുണ്ടായാലും തെറ്റ് തെറ്റു തന്നെയാണ്.

രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പൊലീസ് എന്ന ഖ്യാതി കേരളത്തിലെ സേനയ്ക്കുണ്ട്. കോമൺ‌വെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്ന മനുഷ്യാവകാശ സംഘടന തിരുവനന്തപുരത്തു നടത്തിയ പരിപാടിയിൽ ഒരുയർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഇത് അഭിമാനപൂർവ്വം ചൂണ്ടിക്കാട്ടിയപ്പോൾ സി.ബി.ഐ അഡിഷനൽ ഡയറക്ടറായിരുന്ന സി.എം. രാധാകൃഷ്ണൻ നായർ സമയോചിതമായ ഒരോർമ്മപ്പെടുത്തൽ നടത്തി: യു.പി.യേക്കാളും ബീഹാറിനേക്കാളുമൊക്കെ മെച്ചമാണെന്നേ അതിനർത്ഥമുള്ളു!

പൊലീസിന്റെ പ്രധാന പ്രവർത്തനങ്ങളായ കുറ്റാന്വേഷണവും കുറ്റം തടയലും ഫലപ്രദമായി നടത്തുന്നതിനു ജനങ്ങളുടെ സഹകരണം അനുപേക്ഷണീയമാണ്.  അതുറപ്പാക്കുന്നതിന് പൊലീസിനെ ജനസൌഹൃദമാക്കുന്നതിനോടൊപ്പം ജനങ്ങളെ പൊലീസ്‌സൌഹൃദമാക്കുകയും വേണം. (കേരള പൊലീസ് അസോസിയേഷൻ സ്മരണിക 2013)