Tuesday, April 28, 2009

വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുന്നതാരാണ്?

മെഡിക്കൽ കോളെജ് അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടരുതെന്ന് ആരോഗ്യമന്ത്രി പി. കെ. ശ്രീമതി പറഞ്ഞതായി ഒരു പത്രത്തിൽ കണ്ടു.

തൃശ്ശൂർ, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളെജുകളിൽ മെഡിക്കൽ കൌൺസിൽ ഓഫ് ഇൻഡ്യയുടെ ടീം നടത്തുന്ന പരിശോധനയിൽ കള്ളത്തരം കാട്ടാൻ അവർ സർക്കാരിന് കൂട്ടുനിൽക്കാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ അവർ അത് ചെയ്തിരുന്നു.

മെഡിക്കൽ കോളെജുകളിൽ ആവശ്യമായ സൌകര്യങ്ങളുണ്ടോ എന്ന് അന്വേഷിക്കാനാണ് എം.സി.ഐ. ടീം വരുന്നത്. മാദ്ധ്യമങ്ങൾ നൽകുന്ന വിവരം ശരിയാണെങ്കിൽ, മുന്ന് കോളെജുകളിലെ 2,000ഓളം തസ്തികകളിൽ 550 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. പരിശോധനയ്ക്ക് ആളെത്തുമ്പോൾ മറ്റ് മെഡിക്കൽ കോളെജുകളിൽ നിന്ന് അദ്ധ്യാപകരെ അവിടെ താൽക്കാലികമായി പോസ്റ്റ് ചെയ്തുകൊണ്ട് വേണ്ടത്ര സ്റ്റാഫുണ്ടെന്ന് കാണിക്കുകയാണത്രെ പതിവ്. ഇത്തവണ അദ്ധ്യാപകർ അതിന് നിന്നുകൊടുക്കാൻ തയ്യാറായില്ല.

സ്ഥാപനങ്ങളിൽ വേണ്ടത്ര അദ്ധ്യാപകരില്ലെന്ന് മെഡിക്കൽ കൌൻസിൽ റിപ്പോർട്ട് ചെയ്താൽ കോഴ്സുകൾക്കുള്ള അംഗീകാരം നഷ്ടപ്പെടും. അത് അവിടെ പഠിക്കുന്ന കുട്ടികളെ കഷ്ടത്തിലാക്കും. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടരുതെന്ന് മന്ത്രി അദ്ധ്യാപകരോട് പറയുന്നത്.

യഥാർത്ഥത്തിൽ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുന്നത് അദ്ധ്യാപകരല്ല, വേണ്ടത്ര അദ്ധ്യാപകരെ നിയമിക്കാത്ത സർക്കാരാണ്. കോളെജുകളിൽ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് എത്ര അദ്ധ്യാപകർ ഉണ്ടാകണമെന്നും എന്തൊക്കെ ഉപകരണങ്ങൾ വേണമെന്നുമൊക്കെ വിദഗ്ദ്ധ സമിതികളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർ നിശ്ചയിക്കുന്നത്. നിബന്ധനകൾ പാലിക്കുന്നില്ലെന്ന ആദ്യപാപം മറയ്ക്കാൻ താൽക്കാലിക സ്ഥലം മാറ്റം നടത്തുമ്പോൾ സംസ്ഥാന സർക്കർ വഞ്ചന എന്ന ക്രിമിനൽ കുറ്റം കൂടി ചെയ്യുകയാണ്. ഒരു സാധാരണ പൌരനാണ് ഈ കുറ്റം ചെയ്യുന്നതെങ്കിൽ അയാൾ ജയിലിൽ പോകേണ്ടി വരും.

കോളെജിൽ ആവശ്യമായ സൌകര്യങ്ങളില്ലെങ്കിൽ അവിടെ പഠിച്ചിറങ്ങുന്നവരുടെ നിലവാരം മോശമാകും. അങ്ങനെ നോക്കുമ്പോൾ സർക്കാർ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് മാത്രമല്ല മെഡിക്കൽ കോളെജ് ആശുപത്രികളെ ആശ്രയിക്കുന്ന ജനങ്ങളുടെ ജീവൻകൊണ്ടുകൂടിയുമാണ് പന്താടുന്നത്.

ഈ വഞ്ചന വർഷങ്ങളായി നടക്കുന്നതാണ്. ആ നിലയ്ക്ക് ശ്രീമതിയെപ്പോലെ അവരുടെ മുൻഗാമികൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്.

ഒരു കള്ളത്തരവും കാട്ടാതെ പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ്ങിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ജൂണിൽ തൊഴിലില്ലാത്ത 2,297 ഡോക്ടർമാർ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിൽ പേരു രജിസ്റ്റർ ചെയ്തു കാത്തുകിടക്കുകയായിരുന്നു. മെഡിക്കൽ ബിരുദധാരികളുടെ ജോലിക്കായുള്ള കാത്തിരിപ്പ് കുറച്ചാൽ ഒഴിവുകൾ നികത്താനാകും. മെഡിക്കൽ കോളെജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയാൽ റിട്ടയർ ചെയ്ത് അടുത്ത ദിവസം ഏതെങ്കിലും സ്വകാര്യ മെഡിക്കൽ കോളെജിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ സേവനം സർക്കാർ സ്ഥാപനങ്ങളിൽ കൂടുതൽ കാലം നിലനിർത്താനാകും. ഈ നടപടി പെൻഷൻ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്ന രാഷ്ട്രീയ യുവജന സംഘടനകളെ അലോസരപ്പെടുത്തേണ്ടതില്ല. കാരണം രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് തട്ടിയെടുക്കാവുന്ന ജോലികളല്ല ഇവ.

Sunday, April 26, 2009

തോൽക്കുന്ന പ്രഭാകരനെ കേരളത്തിന് വേണ്ട

വേലുപ്പിള്ള പ്രഭാകരന്‍

പടം Asian Tribune വെബ് സൈറ്റില്‍ നിന്ന് എടുത്തതാണ്. പതിനേഴാമത്തെ വയസ് മുതല്‍ പല കാലങ്ങളില്‍ എടുത്ത പ്രഭാകരന്റെ മറ്റേതാനും പടങ്ങളും അവിടെ കാണാവുന്നതാണ്.



കാല്‍ നൂറ്റാണ്ടിലധികം ശ്രീലങ്കയുടെ ഭരണകൂടത്തെ വിറപ്പിച്ചു നിര്‍ത്തിയിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ എന്ന തമിഴ് പുലി നേതാവിന്റെ കേരള ബന്ധത്തെക്കുറിച്ച് രണ്ട് ദിവസം മുമ്പ് മാതൃഭൂമി പത്രം എഴുതുകയുണ്ടായി.

കൊല്ലത്തു നിന്നുള്ള റിപ്പോര്‍ട്ടില്‍ വി.ബി.ഉണ്ണീത്താന്‍ എന്ന ലേഖകന്‍ നല്‍കിയ വിവരങ്ങള്‍:

പ്രഭാകരന്റെ അച്ഛന്‍ വേലുപ്പിള്ള കൊല്ലത്തുകാരനായിരുന്നു. കണ്ണനല്ലൂര്‍ വെട്ടിലത്താഴം ഞാറവിള വീട്ടിലെ വേലുപ്പിള്ള 21 വയസുള്ളപ്പോള്‍ നാടു വിട്ടു പോയി. ശ്രീലങ്കയിലെത്തിയ വേലുപ്പിള്ള ജാഫ്നയില്‍ ഒരു സ്റ്റോര്‍ നടത്തിയിരുന്നു. ഇടയ്ക്കിടെ നാട്ടില്‍ വരുമായിരുന്നു. മൂന്നൊ നാലൊ നാള്‍ കഴിഞ്ഞ് മടങ്ങും. ജാഫ്നയില്‍ നിന്ന് വിവാഹം കഴിച്ചു. പിന്നീട് കൊല്ലത്ത് വന്നപ്പോള്‍ മകന് പ്രഭാകരന്‍ എന്ന് പേരിട്ടതായി പറഞ്ഞു.

വേലുപ്പിള്ള സഹോദരി നാണി അമ്മയ്ക്ക് കത്തെഴുതകയും പണം അയക്കുകയും ചെയ്തിരുന്നു. അമ്മ മരിച്ചശേഷം നാട്ടിലേക്കുള്ള വരവ് നിന്നു.

നാണി അമ്മയുടെ മകള്‍ ജാനകിയമ്മയാണ് ലേഖകന് ഈ വിവരങ്ങള്‍ നല്‍കിയത്. അവര്‍ കൊല്ലം പുന്തലത്താഴം ചിറയില്‍ പുത്തന്‍‌വീട്ടില്‍ താമസിക്കുന്നു. അമ്മാവന്‍ വേലുപ്പിള്ളയെ അവര്‍ നാലൊ അഞ്ചൊ തവണ കണ്ടിട്ടുണ്ട്. പ്രഭാകരനെ കണ്ടിട്ടില്ല.

എഴുപത്താറു വയസ്സുള്ള ജാനകിയമ്മയെ ലേഖകന്‍ അവതരിപ്പിക്കുന്നത് പ്രഭാകരന്റെ മുറപ്പെണ്ണ് ആയാണ്. പ്രഭാകരന് വയസ് 54.

പ്രഭാകരന്റെ കേരളബന്ധത്തെക്കുറിച്ചുള്ള വാര്‍ത്ത വലിയ ചലനം സൃഷ്ടിച്ച ലക്ഷണമൊന്നുമില്ല. ഇത് പ്രഭാകരന്‍ തോല്‍ക്കുന്ന നേതാവായതുകൊണ്ടാവാം.

Tuesday, April 21, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 4

കേരളശബ്ദം വാരികയിൽ എഴുതുന്ന തെരഞ്ഞെടുപ്പ് അനുഭവങ്ങൾ പരമ്പരയിലെ നാലാമത്തെ ലേഖനം Babu Bhaskar Google groupൽ: ദൂരെയിരുന്നു കണ്ട കമ്മ്യൂണിസ്റ്റ് വിജയം.

Sunday, April 19, 2009

ചൈനയിലെ ‘പുതിയ ഇടതുപക്ഷം’

തൊഴിലില്ലായ്മ, പാൽ കുംഭകോണം, തകരുന്ന സ്കൂൾ കെട്ടിടങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ചൈനയിലെ ഭരണകൂടത്തെ അലട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 1990കൾ മുതൽ ആനുകാലികങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ബദൽ നയങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടിരിക്കുന്ന ‘പുതിയ ഇടതുപക്ഷം’ കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നതായി വാഷിങ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

വാഷിങ്ടൺ പോസ്റ്റ് പ്രതിനിധി അരിയാന യൂൻ‌ജുങ് ചായുടെ റിപ്പോർട്ട്: For China’s New Left, Old Values.

Wednesday, April 15, 2009

ഒരു പ്രയോജനവുമില്ലാത്ത സ്റ്റേ

കഴിഞ്ഞ മാസം കണ്ണൂരിൽ നിന്നുള്ള ഒരു കേസിൽ ഉത്തരവ് നൽകുമ്പോൾ ഹൈക്കോടതി ജഡ്ജി വി. രാംകുമാർ കേരളത്തിൽ ക്രമസമാധാനം തകർന്നിരിക്കുന്നതായി നിരീക്ഷിക്കുകയുണ്ടായി.

എൽ.ഡി.എഫ്. സർക്കാരിനെയും സി.പി.എം നേതൃത്വത്തെയും അത് അസ്വസ്ഥമാക്കിയത് സ്വാഭാവികാം. പ്രതിപക്ഷം, പ്രത്യേകിച്ചും കോൺഗ്രസ്, തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അതുപയോഗപ്പെടുത്തിയതും സ്വാഭാവികം.

ജ. രാംകുമാറിന്റെ പരാമർശം നീക്കണമെന്ന ആവശ്യവുമായി കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തിങ്കളാഴ്ച ഹർജി പരിഗണനക്കെടുത്ത കോടതി ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണം സ്റ്റേ ചെയ്തതായി പത്രങ്ങൾ റിപ്പോർട്ടു ചെയ്തു. സ്റ്റേ തങ്ങളുടെ വിജയവും എതിരാളികളുടെ തോൽവിയുമാണെന്ന് ആഭ്യന്ത്രര മന്ത്രി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതായും പത്രങ്ങൾ റിപ്പോർട്ടു ചെയ്തു.

ജ. രാംകുമാറിന്റെ അഭിപ്രായപ്രകടനം ഉത്തരവിന്റെ ഭാഗമായി നിലനിർത്തണൊ അതിൽനിന്ന് എടുത്തുമാറ്റണൊ എന്ന കാര്യത്തിൽ സുപ്രീം കോടതി ഇനിയും തീർപ്പ് കൽപ്പിച്ചിട്ടില്ല.

സുപ്രീം കോടതിയിൽനിന്ന് സംസ്ഥാന സർക്കാർ നേടിയ സ്റ്റേയ്ക്ക് എന്ത് പ്രസക്തിയാണുള്ളത്? കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിൽ ബന്ധപ്പെട്ടവർ നടപ്പിലാക്കേണ്ടവ താൽക്കാലികമായൊ സ്ഥിരമായൊ സ്റ്റേ ചെയ്യുന്നത് മനസ്സിലാക്കാം. അതിന്റെ അർത്ഥം നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടെന്നാണ്. ഇവിടെ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത് നടപ്പിലാക്കാനുള്ള എന്തെങ്കിലും നിർദ്ദേശമല്ല, ഹൈക്കോടതി ജഡ്ജി നടത്തിയ അഭിപ്രായപ്രകടനമാണ്. ഈ സ്റ്റേയുടെ ഫലമായി ജഡ്ജിയുടെ അഭിപ്രായം ഇല്ലാതാകുന്നില്ല. അതിനെക്കുറിച്ച് പരാമർശിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശവും ഇല്ലാതാകുന്നില്ല.

വിചാരണയ്ക്കിടയിലും വിധിപ്രഖ്യാപനത്തിനിടയിലും കോടതിയുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങൾക്കപ്പുറം കടന്ന് അഭിപ്രായപ്രകടനം നടത്തുന്ന പതിവ് ചില ജഡ്ജിമാർ സ്വീകരിച്ചുവരുന്നതായി കാണാം. അന്തിമവിധിയിൽ ആർക്കെങ്കിലും എതിരെ പരാമർശം നടത്തുന്നതിനുമുമ്പ് അവർക്ക് പറയാനുള്ളത് കേൾക്കാനുള്ള ബാധ്യത ജഡ്ജിക്കുണ്ട്. അല്ലാതെയുള്ള പരാമർശങ്ങൾ അനുചിതമാണ്.

Tuesday, April 14, 2009

കേരളീയം തെരഞ്ഞെടുപ്പ് പ്രത്യേക പതിപ്പ്

തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ‘കേരളീയം’ മാസികയുടെ തെരഞ്ഞെടുപ്പ് പ്രത്യേക പതിപ്പ്, ആദ്യ കോപ്പി പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് നൽകിക്കൊണ്ട്, ഇന്നലെ ഞാൻ പ്രകാശിപ്പിക്കുകയുണ്ടായി.

മുഖ്യധാരാ മാദ്ധ്യമങ്ങളിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കാത്ത ജനകീയ സമരങ്ങളെ സംബന്ധിച്ച വിവരങ്ങൾ പതിവായി നൽകുന്ന മാസികയാണ് തൃശ്ശൂരിൽ നിന്ന് റോബിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ‘കേരളീയം‘.

മറ്റ് ആനുകാലികങ്ങളുടെ തെരഞ്ഞെടുപ്പ് പ്രത്യേക പതിപ്പുകളെപ്പോലെ വണ്ണമുള്ളതല്ല ‘കേരളീയത്തി’ന്റേത്. അതിന്റെ പ്രത്യേകത ജനകീയപ്രശ്നങ്ങളോട് കക്ഷികളും സ്ഥാനാർത്ഥികളും എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ അതെടുക്കുന്ന നിലപാടാണ്.

പ്ലാച്ചിമട സമരത്തെ തള്ളിപ്പറയുകയും കോക്ക കോള കമ്പനിയുടെ ജനവിരുദ്ധ നിലപാടുകളെ ന്യായീകരിക്കുകയും ചെയ്ത തിരുവനന്തപുരത്തെ യു. ഡി. എഫ്. സ്ഥാനാർത്ഥി ശശി തരൂർ പ്രത്യേകിച്ചും വിമർശനവിധേയനാകുന്നു.

വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് മത്സരരംഗത്ത് എത്തിയിട്ടുള്ള മൂന്ന് സ്ഥാനാർത്ഥികളെ ‘കേരളീയം’ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. ഇവരാണ് ആ സ്ഥാനാർത്ഥികൾ:

തൃശ്ശൂർ : കുഞ്ഞൻ പുലയൻ (പൌര മുന്നേറ്റം സ്ഥാനാർത്ഥി)
എറണാകുളം: മേരി ഫ്രാൻസിസ് മൂലമ്പള്ളി (മൂലമ്പള്ളിയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഒരു കുടുംബത്തിലെ അംഗം).
കോട്ടയം: അഡ്വ. ജയ്മോൻ തങ്കച്ചൻ (സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി)

മേൽ‌വിലാസം:
കേരളീയം,
കൊക്കാലെ,
തൃശ്ശൂർ 21

ഫോൺ: 9446576943, 9446586943, 0487-2421385

ഇ-മെയിൽ: robinkeraleeyam@gmail.com