വേലുപ്പിള്ള പ്രഭാകരന്‍ പടം Asian Tribune വെബ് സൈറ്റില്‍ നിന്ന് എടുത്തതാണ്. പതിനേഴാമത്തെ വയസ് മുതല്‍ പല കാലങ്ങളില്‍ എടുത്ത പ്രഭാകരന്റെ മറ്റേതാനും പടങ്ങളും അവിടെ കാണാവുന്നതാണ്.
കാല്‍ നൂറ്റാണ്ടിലധികം ശ്രീലങ്കയുടെ ഭരണകൂടത്തെ വിറപ്പിച്ചു നിര്‍ത്തിയിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ എന്ന തമിഴ് പുലി നേതാവിന്റെ കേരള ബന്ധത്തെക്കുറിച്ച് രണ്ട് ദിവസം മുമ്പ് മാതൃഭൂമി പത്രം എഴുതുകയുണ്ടായി.
കൊല്ലത്തു നിന്നുള്ള റിപ്പോര്‍ട്ടില്‍ വി.ബി.ഉണ്ണീത്താന്‍ എന്ന ലേഖകന്‍ നല്‍കിയ വിവരങ്ങള്‍:
പ്രഭാകരന്റെ അച്ഛന്‍ വേലുപ്പിള്ള കൊല്ലത്തുകാരനായിരുന്നു. കണ്ണനല്ലൂര്‍ വെട്ടിലത്താഴം ഞാറവിള വീട്ടിലെ വേലുപ്പിള്ള 21 വയസുള്ളപ്പോള്‍ നാടു വിട്ടു പോയി. ശ്രീലങ്കയിലെത്തിയ വേലുപ്പിള്ള ജാഫ്നയില്‍ ഒരു സ്റ്റോര്‍ നടത്തിയിരുന്നു. ഇടയ്ക്കിടെ നാട്ടില്‍ വരുമായിരുന്നു. മൂന്നൊ നാലൊ നാള്‍ കഴിഞ്ഞ് മടങ്ങും. ജാഫ്നയില്‍ നിന്ന് വിവാഹം കഴിച്ചു. പിന്നീട് കൊല്ലത്ത് വന്നപ്പോള്‍ മകന് പ്രഭാകരന്‍ എന്ന് പേരിട്ടതായി പറഞ്ഞു.
വേലുപ്പിള്ള സഹോദരി നാണി അമ്മയ്ക്ക് കത്തെഴുതകയും പണം അയക്കുകയും ചെയ്തിരുന്നു. അമ്മ മരിച്ചശേഷം നാട്ടിലേക്കുള്ള വരവ് നിന്നു.
നാണി അമ്മയുടെ മകള്‍ ജാനകിയമ്മയാണ് ലേഖകന് ഈ വിവരങ്ങള്‍ നല്‍കിയത്. അവര്‍ കൊല്ലം പുന്തലത്താഴം ചിറയില്‍ പുത്തന്‍വീട്ടില്‍ താമസിക്കുന്നു. അമ്മാവന്‍ വേലുപ്പിള്ളയെ അവര്‍ നാലൊ അഞ്ചൊ തവണ കണ്ടിട്ടുണ്ട്. പ്രഭാകരനെ കണ്ടിട്ടില്ല.
എഴുപത്താറു വയസ്സുള്ള ജാനകിയമ്മയെ ലേഖകന്‍ അവതരിപ്പിക്കുന്നത് പ്രഭാകരന്റെ മുറപ്പെണ്ണ് ആയാണ്. പ്രഭാകരന് വയസ് 54.
പ്രഭാകരന്റെ കേരളബന്ധത്തെക്കുറിച്ചുള്ള വാര്‍ത്ത വലിയ ചലനം സൃഷ്ടിച്ച ലക്ഷണമൊന്നുമില്ല. ഇത് പ്രഭാകരന്‍ തോല്‍ക്കുന്ന നേതാവായതുകൊണ്ടാവാം.