Tuesday, April 14, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 3

കേരളശബ്ദത്തില്‍ വരുന്ന ‘തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍’ എന്ന പരമ്പരയിലെ മൂന്നാമത്തെ ലേഖനം BABU BHASKAR Google Groupല്‍ കൊടുത്തിട്ടുണ്ട്.

Friday, April 10, 2009

സ്ലംഡോഗ് മില്ല്യനൈർ കുട്ടികൾക്ക് തിരുവനന്തപുരത്ത് ഫ്ലാറ്റ്

സ്ലംഡോഗ് മില്ല്യനൈർ സിനിമയിലൂടെ രാജ്യത്തും വിദേശത്തും പ്രശസ്തി നേടിയ റുബീന അലി, അസറുദ്ദീൻ മുഹമ്മദ് ഇസ്മയിൽ എന്നീ കുട്ടികൾ തിരുവനന്തപുരത്ത് ഫ്ലാറ്റ് ഉടമകളായിരിക്കുന്നതായി ഒരു റീയൽ എസ്റ്റേറ്റ് കമ്പനി ഒരു ഇംഗ്ലീഷ് പത്രത്തിൽ നൽകിയ പരസ്യത്തിൽ കാണുന്നു.

രണ്ട് കുട്ടികളെയും ഒപ്പം നിർത്തിക്കൊണ്ട് കമ്പനിയുടെ മാനേജിങ് ഡയറക്ടർ എടുത്ത പടവും പരസ്യത്തിൽ ചേർത്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ എം.ഡി. യുമായി ഫോണിൽ ബന്ധപ്പെട്ടു. കുട്ടികൾക്ക് ഇവിടെ താമസിക്കാൻ പരിപാടിയുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇല്ല, അവർ മുംബായിൽ തന്നെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കാൻ അവർ ഉദ്ദേശിക്കുന്നുണ്ടോ? ആ ചോദ്യത്തിനും ഇല്ല എന്നായിരുന്നു ഉത്തരം.

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നന്വേഷിച്ചു. അതിന് മറ്റാളുകൾ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പബ്ലിസിറ്റി ഏർപ്പാടാണിതെന്ന ധാരണയാണ് സംഭാഷണം നൽകിയത്.

റുബീനയുടെയും അസറിന്റെയും ഭാവി സുരക്ഷിതമാക്കാൻ ചില ഏർപ്പാടുകൾ ചെയ്തിട്ടുള്ളതായി സിനിമയുടെ നിർമ്മാതാക്കളും വിതരണക്കാരും നേരത്തെ വെളിപ്പെടുത്തിയിരുന്നു. (BHASKAR BLOGലെ പോസ്റ്റ് കാണുക). നിർമ്മാതാക്കളും മഹാരാഷ്ട്ര ഹൌസിങ് അതോറിറ്റിയും അവർക്ക് ഓരോ ഫ്ലാറ്റ് വീതം നൽകാൻ ഉദ്ദേശിക്കുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

രക്തസമ്മർദ്ദം കുറയ്ക്കാൻ

രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന ഒരു സ്ലൈഡ് ഷോ WebMD വെബ്സൈറ്റിലുണ്ട്.

താല്പര്യമുള്ളവർ Lowering Blood Pressure Slideshow കാണുക

Tuesday, April 7, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 2

തിരുവിതാംകൂറില്‍ 1948ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ രണ്ട് നിയോജകമണ്ഡലങ്ങളില്‍ പോളിങ് ഏജന്റായി പ്രവര്‍ത്തിച്ച അനുഭവമാണ് കേരളശബ്ദത്തില്‍ എഴുതുന്ന ‘തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍’ എന്ന പരമ്പരയിലെ രണ്ടാമത്തെ ലേഖനത്തിലുള്ളത്.

‘തുറന്ന വോട്ടിന്റെ കാലം” എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്റെ പൂർണ്ണ രൂപം BABU BHASKAR Google Groupല്‍ വായിക്കാം..

Sunday, April 5, 2009

അദ്ഭുതം തെരഞ്ഞെടുപ്പിനു ശേഷം

മലയാള മനോരമയുടെ ഇന്നത്തെ ലക്കത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പ് ചുവടെ ചേർക്കുന്നു:

ബി.ആർ.പി.ഭാസ്കർ


കുറഞ്ഞത് മൂന്ന് പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കേരളം ഇന്ത്യയുടെ ഇതര ഭാഗങ്ങള്‍ക്ക് ഒരു പടി പിന്നിലാണ്. രാജ്യം 1977ല്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥാ സര്‍ക്കാരിനെയും കോണ്‍ഗ്രസ്സിനെയും പുറത്താക്കിയപ്പോള്‍ കേരളം കോണ്‍ഗ്രസ്സിന് അനുകൂലമായി വോട്ടുചെയ്തു. മൂന്നു കൊല്ലത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇന്ത്യ ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും തിരിച്ചുവിളിച്ചു. അപ്പോഴാണ് അവരെ പുറത്താക്കാന്‍ കേരളം തയ്യാറായത്.

കേന്ദ്രത്തില്‍ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ജനവിധി രാജ്യം1999ല്‍ നല്‍കി. അന്ന് നാം അയച്ച 20 പേരും ലോക് സഭയില്‍ പ്രതിപക്ഷത്തായിരുന്നു. അഞ്ചു കൊല്ലത്തിനുശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ രൂപീകരണത്തിന് സഹായകമായ രീതിയില്‍ ഇന്ത്യ വോട്ടുചെയ്തു. കേരളമാകട്ടെ അപ്പോള്‍ 20 സീറ്റില്‍ 19ഉം കോണ്‍ഗ്രസ്‌വിരുദ്ധര്‍ക്ക് നല്‍കി. ആ പത്തൊമ്പതുപേരും സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണച്ചുവെന്നത് മറ്റൊരു കാര്യം.

ഇത്തവണയും കേരളം ഇന്ത്യക്ക് ഒരു പടി പിന്നില്‍ നില്‍ക്കുമോ? അതോ മുന്നോട്ട് ചാടി ഇന്ത്യക്കൊപ്പം നില്‍ക്കുമോ? തെരഞ്ഞെടുപ്പില്‍ അത്ഭുതം നടന്നാലും ഇല്ലെങ്കിലും അതിനുശേഷം ചിലതൊക്കെ നടക്കുമെന്ന് ഞാന്‍ കരുതുന്നു. നിലവിലുള്ള മുന്നണിവ്യവസ്ഥ കാലഹരണപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ പോരുന്നതാണ് ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും ഒരു പുതിയ ധ്രുവീകരണം അനിവാര്യമാകും. അതിന്റെ ഫലമായി ഉരുത്തിരിയുന്ന സംവിധാനം ഇപ്പോഴത്തേതിനേക്കാള്‍ മോശമല്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് നല്ലത്.

Friday, April 3, 2009

പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക്

ഈ ലോക് സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള സാധ്യത തുറക്കുന്നുണ്ടോ? ഈ വിഷയം ജനശക്തിയുടെ വിഷുപ്പതിപ്പിൽ (മാർച്ച് 28 - ഏപ്രിൽ 10, 2009) എഴുതിയ ലേഖനത്തിൽ ഞാൻ ചർച്ച ചെയ്യുന്നു.

ലേഖനത്തിന്റെ മൂലരൂപം Babu Bhaskar Google Group

ജി-20 ഉച്ചകോടിയെപ്പറ്റി ഫിഡൽ കാസ്ട്രൊ

‘സഖാവ് ഫിഡലിന്റെ ചിന്തകൾ’ എന്ന പംക്തിയിൽ ഫിഡൽ കാസ്ട്രൊ ലണ്ടനിൽ നടന്ന ജി-20 ഉച്ചകോടിയെപ്പറ്റി അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നു.

ക്യൂബയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട ലേഖനം BHASKAR BLOGൽ എടുത്തുചേത്തിട്ടുണ്ട്.