Showing posts with label E. Balanandan. Show all posts
Showing posts with label E. Balanandan. Show all posts

Monday, February 9, 2009

മരിച്ചവർ കള്ളം പറയില്ല

അന്തരിച്ച ഇ. ബാലാനന്ദന്‍ ലാവലിന്‍ കേസില്‍ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷിപ്പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ബാലാനന്ദന്റെ മരണാനന്തരപീഡനം ആരംഭിച്ചത് ജനശക്തി ഫെബ്രുവരി 7-13 ലക്കത്തില്‍ അദ്ദേഹം അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചതോടെയാണ്. കത്തിൽ കൊടുത്തിരിക്കുന്ന തീയതിയനുസരിച്ച്, അദ്ദേഹം അതെഴുതിയത് 8-7-2005നാണ്. യു.പി.എ. സര്‍ക്കാരിനെ സി.പി.എം പിന്തുണച്ചിരുന്ന കാലമാണത്. സി.ബി.ഐയെ ഉപയോഗിച്ച് പിണറായി വിജയനെ വേട്ടയാടാന്‍ മന്‍‌മോഹന്‍ സിങ്ങിന് കാരണമൊന്നുമുണ്ടായിരുന്നില്ല.

8-8-2005ന്‍, അതായത് കത്തെഴുതി ഒരു മാസത്തിനുശേഷം, ബാലാനന്ദന്‍ പി.ബി.ക്ക് നല്‍കിയ അനുബന്ധവും ജനശക്തി പ്രസിദ്ധീകരിക്കുകയുണ്ടായി.

ജനശക്തിയുടെ ആ ലക്കം ഇറങ്ങിയ ദിവസം തന്നെ ചാനലുകള്‍ അതിനെ ആസ്പദമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. അടുത്ത ദിവസം മാദ്ധ്യമങ്ങള്‍ കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. അയച്ച ആള്‍ക്കും കിട്ടിയ ആള്‍ക്കുമല്ലേ കത്തിനെക്കുറിച്ചറിയാന്‍ കഴിയുന്നതെന്ന യുക്തിഭദ്രമായ ചോദ്യവും അദ്ദേഹം ചോദിച്ചു. അയച്ചയാള്‍ അന്തരിച്ച സാഹചര്യത്തില്‍ അറിയാവുന്ന ഒരാളെ അവശേഷിക്കുന്നുള്ളു. അത് കിട്ടിയ ആളാണ്. അദ്ദേഹം ഉടൻ പ്രതികരിച്ചു: അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ല; പത്രത്തില്‍ വന്നത് വ്യാജരേഖയാണ്.

ബാലാനന്ദന്റെ അഭാവത്തില്‍ അദ്ദേഹത്തിനുവേണ്ടി ഭാര്യ സരോജിനി മൊഴി നല്‍കാന്‍ തയ്യാറായി. ബാലാനന്ദന്‍ കത്തെഴുതിയോ എന്ന് തനിക്കറിയില്ലെന്ന് സരോജിനി ബാലാനന്ദന്‍ പറയുന്നത് ഏതോ ചാനലില്‍ കേട്ടു. അവര്‍ ഇങ്ങനെ തുടര്‍ന്നു: എഴുതിയിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞത് വിശ്വസിക്കുന്നു. കാരണം കമ്മ്യൂണിസ്റ്റുകാരന്‍ കള്ളം പറയില്ല.

വിശ്വാസമാണല്ലൊ ഏറ്റവും വലിയ രക്ഷാമാര്‍ഗ്ഗം.

ബാലാനന്ദന്‍ അന്തരിച്ചത് മൂന്നാഴ്ച മുമ്പ് മാത്രമാണ്. ജനുവരി 19ന്. പഴയ ലക്കങ്ങൾ മറിച്ചു നോക്കിയാൽ അതിനും വളരെ മുമ്പെ ലാവലിന്‍ വിഷയത്തില്‍ അദ്ദേഹം പി.ബിക്ക് എഴുതിയ കത്തുകളെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ മലയാളപത്രങ്ങളില്‍ വന്നിരുന്നതായി കാണാം. ആ റിപ്പോർട്ടുകൾ വന്നകാലത്ത് അങ്ങനെയൊരു കത്തും താൻ എഴുതിയിട്ടില്ലെന്ന് ബാലാനന്ദൻ പറഞ്ഞില്ല. അങ്ങനെയൊരു കത്തും തനിക്ക് കിട്ടിയിട്ടില്ലെന്ന് അന്ന് കാരാട്ടും പറഞ്ഞില്ല.

മരിച്ചവര്‍ കള്ളം പറയില്ല. അവര്‍ക്ക് സത്യവും പറയാനാവില്ല. അതുകൊണ്ട് വാദിക്കും പ്രതിക്കും ധൈര്യമായി അവരെ സാക്ഷികളാക്കാം.