നവകേരളത്തിന്റെ ബീഭത്സ ഭാവം
ബി.ആര്‍.പി. ഭാസ്കര്‍
ഒരു പരിഷ്കൃത സമൂഹം എന്നവകാശപ്പെടാനുള്ള മലയാളിയുടെ അര്‍ഹത തന്നെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് കുറച്ചു കാലമായി നടന്നു കൊണ്ടിരിക്കുന്നത്. സ്ത്രീധനം കിട്ടാഞ്ഞ വൈരാഗ്യത്തില്‍ ഭര്‍ത്താവിന്റെ കുടുംബം ഒരു സ്ത്രീയെ പട്ടിണിക്കിട്ട് കൊല്ലുന്നു. അമ്മയുടെ കാമുകനായ ബന്ധു ഏഴു വയസുകാരനെ തലയ്ക്കടിച്ച് മൃതപ്രായനാക്കുന്നു. സമൂഹത്തിന്റെ ക്രൂരമുഖം അനാവരണം ചെയ്ത ഏറ്റവും പുതിയ സംഭവങ്ങളാണിവ. പരസ്പര ബന്ധമില്ലെന്ന കാരണത്താല്‍ ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടവയെന്നു പറഞ്ഞു ഇനിയും എഴുതി തള്ളാനാവില്ല. അവയെ ബന്ധിപ്പ്ക്കുന്ന ഒരു ഘടകമുണ്ട്. അത് സമൂഹത്തില്‍ വ്യാപകമായി പടര്‍ന്നിട്ടുള്ള ജീര്‍ണ്ണതയാണ്.
ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ അവ സത്യസന്ധമായി വിലയിരുത്താനും പ്രതിവിധികള്‍ ചര്‍ച്ച ചെയ്യാനും കഴിയാത്ത സാഹചര്യങ്ങളുണ്ട്. അവയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ രാഷ്ട്രീയമോ ജാതിമതപരമോ ആയ ബന്ധങ്ങളാണ് ഇവയില്‍ പ്രധാനം. കൊലപാതകം, ബലാല്‍സംഗം എന്നിങ്ങനെയുള്ള ഹീനമായ കുറ്റങ്ങള്‍ നേരിടുന്നവരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത പാര്‍ട്ടികളും മതസ്ഥാപനങ്ങളുമുണ്ട്. അവ അനുയായികളില്‍ നിന്ന് അചഞ്ചലമായ കൂര്‍ ആവശ്യപ്പെടുന്നവയാണ്. അവയുടെ സംവിധാനങ്ങള്‍ നേതൃത്വങ്ങളെ അനുസരിക്കുകയല്ലാതെ ചോദ്യം ചെയ്യാനോ തിരുത്താനോ ഉള്ള അവസരം നല്‍കുന്നില്ല. ഈ സാഹചങ്ങളില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ ക്രമേണ ലോപിച്ച് ഇല്ലാതാകുന്നു.
മുകളില്‍ പരാമര്ശിച്ച രണ്ട് സംഭവങ്ങളിലും ഏതെങ്കിലും പാര്‍ട്ടിയോ ജാതിമത സംഘടനയോ അപരാധികളെ പ്രതിരോധിക്കാന്‍ മുന്നോട്ടു വന്നിട്ടില്ലാത്തതിനാല്‍ രാഷ്ട്രീയ ജാതിമത വികാരങ്ങളുയര്ത്താതെ ഈ വിഷയം ചര്‍ച്ച ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് വിഷയം ഇവിടെ പരിഗണനയ്ക്കെടുക്കുന്നത്.
ആറെഴ് പതിറ്റാണ്ട് നീളുന്ന എന്റെ ഓര്‍മ്മകളില്‍ ക്രൂരതകള്‍ ഇത്രമാത്രം വ്യാപകമായിരുന്ന ഒരു ഘട്ടമില്ല. എന്നാല്‍ അതിനു മുമ്പ് എണ്ണത്തില്‍ ചെറുതായ ജാതിമേധാവിത്വ വിഭാഗം ഭൂരിപക്ഷം ജനതയെ കീഴ്പെടുത്തി സൃഷ്ടിച്ചതും അസമത്വത്തിലും അനീതിയിലും അധിഷ്ഠിതമായതുമായ ഒര് വ്യവസ്ഥ ഇവിടെ നിലനിന്നിരുന്നു. അത് രൂപപ്പെട്ടത് ആശയ സംവാദത്തിലൂടെയല്ല, അടിച്ചമര്ത്തലിലൂടെയായിരുന്നു. ഈ പ്രദേശത്ത് 19ആം നൂറ്റാണ്ട് വരെ അടിമവ്യാപാരം തകൃതിയായി നടന്നിരുന്നു. ധര്‍മ്മരാജ്യം എന്നവകാശപ്പെട്ടിരുന്ന തിരുവിതാംകൂറില്‍ മുക്കാലിയില്‍ കെട്ടി അടി, ചിതവധം തുടങ്ങിയ ക്രൂരമായ ശിക്ഷാ നടപടികള്‍ നിലനിന്നിരുന്നു.
ആ വ്യവസ്ഥയെ തച്ചുടച്ച് ഒരു ആധുനിക സമൂഹത്തിന്റെ സൃഷ്ടിക്ക് കളമൊരുക്കിയ പ്രക്രിയയെയാണ് ഇന്ന് നാം നവോഥാനം എന്ന് വിവക്ഷിക്കുന്നത്. ഇപ്പോള്‍ പ്രകടമാകുന്ന തിന്മകള്‍ക്ക് ഫ്യൂഡല്‍ കാല തിന്മകളുമായുള്ള സാദൃശ്യം യാദൃശ്ചീകമല്ല. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം അധികാരത്തിലേറിയവര നവോഥാന പ്രക്രിയ മുന്നോട്ടു കൊണ്ട് പോകാന്‍ ശ്രമിച്ചില്ല. അവരുടെ കീഴില്‍ നവോഥാനം പിന്നോട്ടടിച്ച ഫ്യൂഡല്‍ ശക്തികളുടെ അവശിഷ്ടങ്ങള്‍ക്ക് തിരിച്ചു വരാന്‍ കഴിഞ്ഞു. നവോഥാനം വീണ്ടും ചര്‍ച്ചാ വിഷയമാകുന്ന ഈ ഘട്ടത്തിലും മുന്നോക്ക വികസന കോര്‍പ്പോറേഷനും സാമ്പത്തിയ സംവരണവുമൊക്കെയായി ഭരണകൂടം മുന്നോട്ട് പോകുന്നത് അവരുടെ ശക്തിക്ക് തെളിവാണ്.
അക്രമം ഫ്യൂഡല്‍ വ്യവസ്ഥയുടെ അനിവാര്യമായ ഭാഗമായിരുന്നെങ്കില്‍ മാനവികതയായിരുന്നു നവോതാനതിന്റെ അടിസ്ഥാന സ്വഭാവം. അക്രമത്തിന്റെ സാന്നിധ്യവും മാനവികതയുടെ അസാന്നിധ്യവും പുതിയ കാലത്തെ ഫ്യൂഡല്‍ സാമൂഹ്യക്രമത്തോട് ചേര്‍ത്തു നിരത്തുന്നു.
ധാര്മ്മിക മൂല്യങ്ങളുടെ സംരക്ഷകരായി ബഹുഭൂരിപക്ഷം ജനങ്ങളും കാണുന്നത് മതസ്ഥാപനങ്ങളെയാണ്. ദേവാലയത്തെ കളങ്കപ്പെടുത്തിയ കച്ചവടക്കാരെ ചാട്ടവാര് കൊണ്ടടിച്ച് പുറതാക്കിയ യേശുവന്റെ പ്രതിപുരുഷന്മാരുടെ ഇടപാടുകളെ കുറിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ ഏത് കള്ളക്കച്ചവടക്കാരനെയും നാണിപ്പിക്കും. ഒരു കന്യാസ്ത്രീ ഒരു ബിഷപ്പിനെതിരെ ബാലാല്സംഗാരോപണം ഉന്നയിച്ചപ്പോള്‍ ഇരയെയല്ല, ബിഷപ്പിനെ സംരക്ഷിക്കാനാണ് സഭ ശ്രമിച്ചത്. സഭക്കുള്ളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നുമുണ്ടായ ശക്തമായ എതിര്പ്പുമൂലം ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാനായില്ല. പക്ഷെ ആറു മാസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തത് കേസ് തേച്ചുമാച്ചു കളയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൂചിപ്പിക്കുന്നു.
അധികാരം കയ്യാളുന്ന ഏതൊരു സംവിധാനത്തിനും വ്യക്തിക്കും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യതയുണ്ട്. അക്രമരാഹിത്യം വിശ്വാസ പ്രമാണമായി സ്വീകരിച്ചിട്ടുള്ളവരും ഞങ്ങള്‍ അക്രമരാഹിത്യത്തില്‍ വിശ്വസിക്കുന്നവരല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് അക്രമത്തെ സാധൂകരിക്കുന്നവരും തമ്മില്‍ പ്രായോഗിക തലത്തില് വ്യത്യാസം കാണാനാവാത്ത അവസരങ്ങള്‍ അപൂര്‍വമല്ല. പല പ്രസ്ഥാനങ്ങളും പോഷക സംഘടനകളിലൂടെ പുതു തലമുറകളെ അക്രമപാതയിലേക്ക് നയിക്കുന്നു.
നാല് പതിറ്റാണ്ടിനിപ്പുറവും മലയാളിയുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ് പി. രാജന്റെ അടിയന്തിരാവസ്ഥക്കാലത്തെ കസ്റ്റഡി മരണം. അത് തള്ളിപ്പറയാന്‍ ഇന്നും ഒരു കോണ്ഗ്രസുകാരന് കഴിയാത്ത തെന്താണ്? നയപരമായ അഭിപ്രായഭിന്നത മൂലം പാര്‍ട്ടി വിട്ട ടി.പി ചന്ദ്രശേഖരനെ ഗൂണ്ടകളെ വിട്ടു 51 വെട്ടു വെട്ടി അതി ക്രൂരമായി കൊലപ്പെടുത്തിയതിനെ തള്ളിപ്പറയാന്‍ ഇന്നും ഒരു സി.പി.എം കാരന് കഴിയാത്തതെന്താണ്?
രാഷ്ട്രീയ നേതാക്കളുടെ അശ്ലീല ഭാഷയിലും തിരിച്ചു വന്ന ഫ്യൂഡല്‍ സംസ്ക്കാരത്തിന്റെ സ്വാശീനമുണ്ട്.
ജീര്‍ണ്ണത പടരുന്നതിന്റെ ഉത്തരവാദിത്വം ജാതിമത രാഷ്ട്രീയ നേതൃത്വങ്ങളിലായി ചുരുക്കാനാവില്ല. അന്നത്തെ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ കെ. കരുണാകരന് രാജന്‍ സംഭവത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വമുള്ളയാളായിരുന്നു കെ. കരുണാകരന്‍. ആ ഉത്തരവാദിത്വം അച്ഛനില്‍ നിന്ന് മകനിലേക്ക് മാറ്റാവുന്ന ഒന്നല്ല. എന്നിട്ടും കെ. മുരളീധരന്‍ വടകരയില്‍ കോണ്ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്ത വന്നപ്പോള്‍ ഒരെഴുത്തുകാരി അദ്ദേഹത്തിനെതിരെ രാജന്‍ സംഭവം ഉയര്ത്തിക്കാട്ടുകയുണ്ടായി. വടകരയിലെ സി.പി.എം സ്ഥാനാര്‍ഥി പി. ജയരാജന്റെ പേര് ചന്ദ്രശേഖരന്റെതുള്പ്പെടെ ഒന്നിലധികം കൊലപാതക സംഭവങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നത് ഒരു അയോഗ്യതയായി അവര്‍ കണ്ടില്ല. തന്മയെ തിന്മയായീ തിരിച്ചറിയാനും ചൂണ്ടിക്കാണിക്കാനും അശക്തരായ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്ത് സന്ദേശമാണ് സമൂഹത്തിനു നകുന്നത്?
ഇന്ന് പ്രകടമായിട്ടുള്ള ജീര്‍ണ്ണത തല പൊക്കാന്‍ തുടങ്ങയത് മൂന്നു നാല് പതിറ്റാണ്ട് മുമ്പാണ്. അത് തിരിച്ചറിഞ്ഞ് പ്രമേയമാക്കിയ ആദ്യ മാധ്യമം സിനിമയാണ്. മാഫിയകളുടെ ആവിര്‍ഭാവവും രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമായുള്ള അവരുടെ അവിഹിത ബന്ധങ്ങളും സിനിമ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. പക്ഷെ ആ മാധ്യമം വിഷയം കൈകാര്യം ചെയ്തത് പ്രശ്ന പരിഹാരത്തിനു സഹായകമായ രീതിയിലായിരുന്നില്ല. അല്പം വൈകിയാണ് അച്ചടി മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തത്. അവര്‍ക്കും പ്രശ്നപരിഹാരത്തിന് സഹയിക്കാനായില്ല. പൊതുവില്‍ അച്ചടി മാധ്യമങ്ങളും തുടര്‍ന്ന് വന്ന ദൃശ്യ മാധ്യമങ്ങളും അത് കൈകാര്യം ചെയ്ത രീതിയില്‍ സാംസ്കാരിക പ്രവര്‍ത്തകരുടെ സമീപനത്തിലെ രാഷ്ട്രീയ പക്ഷപാതിത്വവും സിനിമാനിര്‍മ്മാതാക്കളുടെ സമീപനത്തിലെ അപ്രായോഗിതയും ഒരേ പോലെ പ്രതിഫലിക്കുതായി കാണാം.(മാധ്യമം ഏപ്രില്‍ 6, 2019)
No comments:
Post a Comment