Sunday, March 10, 2019

ഭീകരതയുടെ മോദികാലത്തെ വളര്‍ച്ച

ബി.ആര്‍.പി. ഭാസ്കര്‍
ജനശക്തി
ഊറിയിലെ പട്ടാള ക്യാമ്പിലും പത്താന്‍കോട്ടെ വ്യോമസേനാ താവളത്തിലും ഭീകരര്‍ നടത്തിയ സാഹസികമായ ആക്രമണങ്ങളെ സൌകര്യപൂര്‍വം മറന്നുകൊണ്ട് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ് രാജ്യത്തെ നടുക്കിയ പുല്‍വാമ ചാവേറാക്രമണം നടന്നത്. കേന്ദ്ര പൊലീസ് സേനാംഗങ്ങള്‍ യാത്ര ചെയ്തിരുന്ന ബസുകളുടെ നിരയിലേക്ക് ഒരു യുവാവ് സ്ഫോടനവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം 44 പോലീസുകാര്‍ കൊല്ലപ്പെട്ടു. മുറിവേറ്റവരുടെ എണ്ണത്തെയും അവസ്ഥയെയും കുറിച്ച് അധികൃതര്‍ മൌനം പാലിച്ചു. കശ്മീര്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളനുസരിച്ച് മരണ സംഖ്യ പിന്നീട് 49 ആയി ഉയര്‍ന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയിഷേ മുഹമ്മദ് സിറിയ മാതൃകയിലുള്ള ആക്രമണമുണ്ടാകുമെന്ന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. “നിങ്ങള്‍ ഇത് കാണുമ്പോഴേക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും” എന്ന് ക്യാമറയ്ക്ക് മുന്നില്‍ ചാവേര്‍ പറയുന്ന വിഡിയോയും പുറത്ത് വന്നിരുന്നു. മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് അവകാശപ്പെട്ടപ്പോള്‍ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ആക്രമണം എങ്ങനെ തടയാമെന്നറിയില്ലായിരുന്നെന്നാണു ഒരു ഔദ്യോഗിക ശ്രോതസ് പറഞ്ഞത്. തടയാന്‍ കഴിഞ്ഞില്ലെങ്കിലും പോലീസുകാരുടെ യാത്രയ്ക്ക് സേന ആവശ്യപ്പെട്ട ഹെലികോപ്റ്ററുകള്‍ നല്കിയിരുന്നെങ്കില്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമായിരുന്നു.
ചാവാന്‍ തയ്യാറായി വരുന്ന അക്രമിയെ തടയുക എളുപ്പമല്ല. എന്നാല്‍ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികള്‍ക്ക് ചാവേറുകളുണ്ടാകുന്നത്‌ കുറയ്ക്കാനാകും. ഉഗ്രന്‍ ഭാഷണങ്ങള്‍ നടത്തി അണികളെ ആവേശഭരിതരാക്കുന്നത് അതിനു പകരമാകില്ല. ജമ്മു കശ്മീരിലെ സമീപകാല സംഭവങ്ങള്‍ ഇതിനു തെളിവാണ്.
തെക്കേ ഏഷ്യയില്‍ അധികാരം കയ്യാളുന്ന എല്ലാ നേതാക്കന്മാരുടെയും സാന്നിധ്യത്തിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ പാകിസ്ഥാന്മായുള്ള ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷ വേഗം അസ്ത്മിച്ചു. അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫുമായി വ്യക്തിബന്ധം സ്ഥാപിച്ചുകൊണ്ട് നില മെച്ചപ്പെടുത്താനാണ് മോദി ശ്രമിച്ചത്. പാകിസ്ഥാന്‍ സ്ഥാനപതി കശ്മീരിലെ വിഘടനവാദി നേതാക്കളുമായി സംസാരിച്ചതിന്റെ പേരില്‍  ഉപേക്ഷിക്കപ്പെട്ട ഔദ്യോഗികതല ചര്‍ച്ചകള്‍ പന്നീട് തുടരാന്‍ കഴിഞ്ഞില്ല. നവാസ് ശരീഫ് അഴിമതിക്കേസില്‍ ജയിലിലായതോടെ മോദി കണ്ടുവെച്ച വഴി അടഞ്ഞു.
കശ്മീര്‍ പ്രശ്നത്തിനു രണ്ട് തലങ്ങളുണ്ട്. ഒന്ന്‍ മുസ്ലിംഭൂരിപക്ഷ പ്രദേശമെന്ന നിലയില്‍ അത് തങ്ങളുടെതാകേണ്ടതാണെന്ന പാകിസ്ഥാന്റെ വാദത്തില്‍ നിന്നുയരുന്നതാണ്. മറ്റേത് ഇന്ത്യയുടെ ഭാഗമെന്ന നിലയില്‍ കശ്മീരികള്‍ക്കുള്ള അതൃപ്തി   സംബന്ധിച്ചതാണ്. രണ്ടും തമ്മില്‍ ബന്ധമുണ്ടെങ്കിലും വേര്‍തിരിച്ചു കാണുകയും കൈകാര്യം ചെയ്യേണ്ടവയുമാണവ. കശ്മീര്‍  പ്രശ്നം വ്ഷളാക്കുന്നത്തില്‍ ആദ്യം മുതല്‍ പങ്കുള്ള സംഘ പരിവാരിറെ ഭാഗമെന്ന നിലയില്‍ ഇവ കൈകാര്യം ചെയ്യുന്നതില്‍ ബി.ജെ.പിക്ക് പരിമിതിയുണ്ട്. ആ പരിമിതി മറികടന്നുകൊണ്ട് പ്രസിഡന്റ് പര്‍വേശ് മുഷറഫുമായി സംസാരിക്കാന്‍ പ്രധാനമന്ത്രിയായിരിക്കെ എ.ബി. വാജ്പേയിക്ക് കഴിഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം നടത്തിയ ധീരമായ ശ്രമം വിജയിച്ചില്ല. ആര്‍.എസ്. എസ് പ്രചാരകന്റെ തലത്തില്‍ നിന്ന് രാജ്യതന്ത്രജ്ഞന്റെ തലത്തിലേക്ക് ഉയരാന്‍ കഴിയാത്തതുകൊണ്ട് മോദിക്ക്‌ വാജ്പേയിയുടെ പാത പിന്തുടരാനായില്ല. 
ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള 2014ലെ  തെരഞ്ഞെടുപ്പില്‍ ഹിന്ദുഭൂരിപക്ഷ പ്രദേശമായ ജമ്മുവിലെ സീറ്റുകള്‍ ബി.ജെ.പി. തൂത്തുവാരി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി. കൂട്ടു മന്ത്രിസഭയുണ്ടാക്കി. കശ്മീര്‍ താഴ്വരയിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് നടപടികളെടുക്കാന്‍ പറ്റിയ അവസരമായിരുന്നു അത്. പക്ഷെ മോദിക്ക് അവസരത്തിനൊത്തുയരാനായില്ല.     
മോദിയുടെ അഞ്ചു കൊല്ലത്തില്‍ കശ്മീര്‍ കൂടുതല്‍ കലാപബാധിതമായിട്ടുണ്ടെന്ന് രാജ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്ലിക്ട് മാനേജ്മെന്റ് സ്ഥാപിച്ചിട്ടുള്ള സൌത്ത് ഏഷ്യ ടെററിസം പോര്‍ട്ടല്‍ ഇന്ത്യയിലെയും സമീപരാജ്യങ്ങളിലെയും തീവ്രവാദപ്രവര്‍ത്തനം സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ്. അത് നല്‍കുന്ന കണക്കുകളനുസരിച്ച് മോദിയുടെ കാലത്ത് ചെറുതും വലുതുമായ 626 തീവ്രവാദി ആക്രമണങ്ങളുണ്ടായി. മന്‍മോഹന്‍ സിംഗിന്റെ രണ്ടാം സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാലത്തുണ്ടായത് 109 മാത്രം. വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ ഏതാണ്ട് പത്തിരട്ടി വര്‍ദ്ധനവാണുണ്ടായത്. കൊല്ലപ്പട്ട സേനാംഗങ്ങളുടെയും നാട്ടുകാരുടെയും എണ്ണത്തിലും വര്‍ദ്ധനവുണ്ടായി.
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1975ല്‍ രണ്ട് പതിറ്റാണ്ടിലേറെ ഇടഞ്ഞു നിന്ന ഷേക്ക് അബ്ദുള്ളയുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും  അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കുകയും ചെയ്തത് കശ്മീരിലെ സ്ഥിതി ശാന്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനെ സോവിയറ്റ് നിയന്ത്രണത്തില്‍ നിന്നു മോചിപ്പിക്കാന്‍ അമേരിക്കക്കുവേണ്ടി  സജ്ജമാക്കിയ പോരാളികളെ പാകിസ്ഥാന്‍ കശ്മീരിലേക്ക് തിരിച്ചു വിട്ടതിനെ തുടര്‍ന്നാണ്‌ 1980കളുടെ അന്ത്യത്തില്‍ ഇപ്പോഴും തുടരുന്ന തീവ്രവാദി ഘട്ടം തുടങ്ങിയത്. ഇത് ആര്‍ക്കും ജയിക്കാനാകുന്ന യുദ്ധമല്ലെന്ന് കണക്കുകളില്‍ നിന്ന്‍ വായിച്ചെടുക്കാവുന്നതാണ്. ഈ കാലയളവില്‍ കൊല്ലപ്പെട്ടത് 44,977 പേരാണ്. ഇതില്‍ 23,640 പേര്‍ സായുധ സേനകള്‍ കൊന്ന തീവ്രവാദികളാണ്, 21,337പേര്‍ തീവ്രവാദികള്‍ കൊന്ന സായുധ സേനാംഗങ്ങളും (6,454) സാധാരണ ജനങ്ങളും (14,883)എല്ലാ വിഭാഗങ്ങള്‍ക്കിടയിലും മോദിയുടെ കാലത്ത് മന്‍മോഹന്‍ സിംഗിന്റെ അവസാന അഞ്ചു വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടു. ഭക്തന്മാരെ ആവേശഭരിതരാക്കുന്ന മോദിയുടെ 56 ഇഞ്ചിന്റെ വീമ്പ് പറച്ചില്‍ തീവ്രവാദം കുറച്ചിട്ടില്ലെന്നര്‍ഥം          
തെരഞ്ഞെടുപ്പ് കാലത്ത് പുതിയ സമാധാന ശ്രമങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് ഗുണപരമായ നടപടികള്‍ക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കണം. അതിനിടെ ഭരണ നേതൃത്വം സാഹസികതകക്ക് മുതിരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനെതിരെ ജാഗ്രത പുലര്ത്തേണ്ടതുണ്ട്.(ജനശക്തി, മാര്‍ച്ച്1-15, 2019.
jജമ്മു-കാശ്മീരില്‍ ഭീകര പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ കഴിഞ്ഞ മാസം ആദ്യം വരെ കൊല്ലപ്പെട്ടവരുടെ കണക്ക് അറിയാന്‍ താല്പര്യമുള്ളവര്‍ ദയവായി ഈ പോര്‍ട്ടല്‍  സന്ദര്‍ശിക്കുക:  http://www.satp.org/satporgtp/countries/india/states/jandk/data_sheets/annual_casualties.htm

No comments: