Tuesday, December 18, 2018


വനിതാ മതില്‍ വിജയിക്കേണ്ടത് പുരോഗമന ചേരിയുടെ ആവശ്യം

ദിശാബോധത്തോടെ പൊതുപ്രവര്ത്തനം നടത്തുന്നവരെന്ന നിലയില്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന സാറാ ജോസഫും കെ.അജിതയും പെണ്‍മതില്‍ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. സ്ത്രീപീഡനാരോപണം നേരിടുന്ന സി.പി.എം. എം.എല്‍.എ പി.കെ.ശശിയെ പുറത്താക്കാതെ മതില്‍ പരിപാടിയുമായി സഹകരിക്കില്ലെന്ന് സാറാ ജോസഫ് പറയുന്നു. വനിതാ മതില്‍ കാലത്തിന്റെ  ആവശ്യമാണെന്നും രാഷ്ട്രീയം മറന്നു എല്ലാവരും അതില്‍ പങ്കാളികളാകണമെന്നും അജിത. 

അതിനിടെ ശബരിമലയിലെത്തുന്ന സ്ത്രീകളെയും ട്രാന്‍സ്‌ജെന്‍ഡറുകളെയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് മൈത്രേയന്‍ വനിതാ മതിലിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നു. ഏതാനും കൊല്ലം പൊതുരംഗത്തു നിന്ന് വിട്ടുനിന്ന മൈത്രേയന്‍ സ്വന്ത നിലയില്‍ ആവിഷ്കരിച്ച #ഭരണഘടനയ്ക്കൊപ്പം” പരിപാടിയാണ് സര്‍ക്കാരും സി.പി.എമ്മും ഏറ്റെടുത്ത്, ബലൂണ്‍ പറത്തിയും മെഴുകുതിരി കത്തിച്ചും ഈയിടെ ആഘോഷിച്ച “വീ ദി പീപ്പിള്‍”.    

വനിതാ മതിലിനോപ്പം താനുമുണ്ടെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അതൊരു രാഷ്ട്രീയ പരിപാടിയാണെന്ന് പിന്നീടാണറിഞ്ഞതെന്നു പറഞ്ഞുകൊണ്ട് നടിയും പരസ്യ മോഡലുമായ  മഞ്ജു വാര്യര്‍ പിന്‍വാങ്ങി. 

മതില്‍ പരിപാടി എന്താണെന്നതും അതിന്റെ സ്വഭാവം എന്താണെന്നതും സംബന്ധിച്ച് ചിന്താകുഴപ്പം നിലനില്‍ക്കുന്നെന്നു ഇതെല്ലാം കാണിക്കുന്നു.  

ശബരിമല പ്രശ്നം ഇതിനകം ഗുണകരമായ ഒരു ഫലം നല്‍കിയിട്ടുണ്ട്. അത് പത്തൊമ്പതാം നുറ്റാണ്ടില്‍ തെക്കന്‍ തിരുവിതാംകൂറിലെ പിന്നാക്ക വിഭാഗങ്ങളില്‍ തുടങ്ങി  ക്രമേണ കേരളത്തിന്റെ ഇതര പ്രദേശങ്ങളിലേക്കും ഇതര ജനവിഭാഗങ്ങളിലേക്കും പടര്‍ന്ന കേരള നവോത്ഥാനത്തെ കുറിച്ച് ചിന്തിക്കാന്‍ പലരെയും പ്രേരിപ്പിച്ചു എന്നതാണ്. അത്‌ ഒരു ഡ വിഞ്ചിയെ സൃഷ്ടിക്കാഞ്ഞതിനാലും അതിന്റെ തുടര്‍ച്ചയായി ഒരു യുക്തി യുഗം പിറക്കാഞ്ഞതിനാലും അത് നവോത്ഥാനം എന്ന വിശേഷണം അര്‍ഹിക്കുന്നോ എന്ന് സംധയിക്കുന്ന പണ്ഡിതന്മാരുണ്ട്. അവരും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ അതിന് കഴിഞ്ഞെന്ന്‍ അംഗീകരിക്കുന്നുണ്ട്‌.       
ആരോ തയ്യാറാക്കിയ ഒരു ലിസ്റ്റില്‍ പെട്ടവരെ വേണ്ടത്ര പരിശോധന കൂടാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, ശബരിമല പ്രശ്നം സംസ്ഥാനത്തെ അന്തരീക്ഷം  കലുഷിതമാക്കിയ പശ്ചാത്തലത്തില്‍ വിളിച്ചുകൂട്ടിയ ആലോചനായോഗത്തിലേക്ക്, നവോത്ഥാന പൈതൃകമുള്ള സംഘടനകളുടെ നേതാക്കളെന്ന നിലയില്‍, ക്ഷണിച്ചത്. ശബരിമല തന്ത്രി കണ്‍ഠരര് മഹേശ്വരരെയും തിരുവിതാംകൂറിലെ മുന്‍ രാജകുടുംബത്തിലെ പത്മനാഭ വര്‍മ്മയെയും മുന്നില്‍ നിര്‍ത്തി, മാര്‍ത്താണ്ഡ വര്‍മ്മ രക്ഷാധികാരിയായി, ചിലര്‍ ഏഴെട്ടു കൊല്ലം മുമ്പ് രൂപീകരിച്ച ഹിന്ദു പാര്‍ലമെന്‍റ് ആയിരുന്നു അതിലൊരു സംഘടന. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കള്‍ അതില്‍ എന്ത് നവോത്ഥാന പൈതൃകമാണാവോ  കണ്ടത്? അതിന്റെ  പ്രതിനിധിയായ സി.പി. സുഗതന്‍ ശബരിമല പാതയില്‍ സ്ത്രീകളെ തടയുകയും ഒരു മാധ്യമ പ്രവര്‍ത്തകയെ മര്‍ദ്ദിക്കുകയും ചെയ്ത ആളാണ്‌. ജീവിതകാലത്തു  തന്നെ ശ്രീനാരായണ ഗുരു തള്ളിപ്പറഞ്ഞ എസ്.എന്‍.ഡി.പി യോഗത്തെ പ്രതിനിധീകരിച്ച് വെള്ളാപ്പള്ളി നടേശനും അയ്യങ്കാളിയുടെ ചില ബന്ധുക്കളും അനുയായികളും അദ്ദേഹം ഉണ്ടാക്കിയ  സംഘടനയെ ഉപേക്ഷിച്ചശേഷം രൂപീകരിച്ച പുലയ മഹാസഭയെ പ്രതിധീകരിച്ച് പുന്നല ശ്രീകുമാറും യോഗത്തില്‍ പങ്കെടുത്തു. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന വനിതാ മതില്‍ എന്ന നിര്‍ദ്ദേശം യോഗം അംഗീകരിച്ചെന്നും അതിനായി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനും ശ്രീകുമാര്‍ സെക്രട്ടറിയും സുഗതന്‍ സംഘാടകനുമായുള്ള ഒരു സമിതി രൂപീകരിച്ചെന്നും  യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെയും സുഗതനെയും പോലെ പിണറായി വിജയനെയും നവോത്ഥാന നായകനായി കാണാനാവില്ല. കഴിഞ്ഞ 60 കൊല്ലക്കാലത്ത് നടന്ന നവോത്ഥാനവിരുദ്ധ നടപടികളിലെല്ലാം കോണ്ഗ്രസിനൊപ്പം സി.പി.എമ്മും ഉണ്ടായിരുന്നു. ആ നടപടികളില്‍ ഒന്നുപോലും പാര്‍ട്ടി സെക്രട്ടറിയായി പ്രവര്ത്തിച്ചപ്പോഴോ മുഖ്യമന്ത്രിയായ ശേഷമോ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. നവോത്ഥാന നായക വേഷം അണിഞ്ഞ ശേഷവും പ്രഭാഷണങ്ങള്‍ നടത്തുകയല്ലാതെ നവോത്ഥാനത്തിന്റെ വീണ്ടെടുക്കല്‍ എന്ന് പറയാവുന്ന ഒരു നടപടി പോലും അദ്ദേഹം‍ എടുത്തിട്ടുമില്ല.  

രണ്ടു മാസമായി പ്രതിപക്ഷം സുപ്രീം കോടതിയുടെ ശബരിമല വിധിക്കെതിരെ നടത്തുന്ന പ്രക്ഷോഭവും സര്‍ക്കാരിന്റെ പ്രതിരോധവും ഒരസംബന്ധ നാടകമായി മാറിയിട്ടുണ്ട്. എത്ര ശ്രമിച്ചിട്ടും കേരളത്തില്‍ വളരാന്‍ കഴിയാതിരുന്ന ബി.ജെ.പി ആ വിധിയില്‍ ഒരു സുവര്‍ണ്ണാവസരം കണ്ടു. പക്ഷെ ആ അവസരം മുതലാക്കാനുള്ള അതിന്റെ ശ്രമം നഷ്ടക്കച്ചവടം ആയി മാറിയിരിക്കുകയാണ്‌. ആദ്യം ഒപ്പം കൂടിയവര്‍ പിന്‍വാങ്ങിയതോടെ ബി.ജെ.പി. ഒറ്റയ്ക്കായി. പുലിവാല്‍ പിടിച്ച പി.എസ്. ശ്രീധരന്‍ പിള്ള ഇപ്പോള്‍ രക്ഷാമാര്‍ഗ്ഗം തേടുകയാണ്. ബി.ജെ.പിക്ക് പിന്നാലെ എടുത്തു ചാടിയ കോണ്ഗ്രസും അതെ അവസ്ഥയില്‍ തന്നെ. മറുവശത്തു നിന്ന്‍ വെള്ളാപ്പള്ളി നടേശനെയും സുഗതനെയും പോലുള്ള ചില ബാധ്യതകളെ ആകര്‍ഷിച്ച മുഖ്യമന്ത്രിയും പുലിവാല്‍ പിടിച്ചിരിക്കുകയാണ്. "നവോത്ഥാന പിന്തുടര്ച്ചക്കാരുടെ യോഗം” അദ്ദേഹത്തെ മതില്‍ പരിപാടിയുടെ ചുമതല എല്പിച്ചിരുന്നില്ലെങ്കിലും അത് വിജയിപ്പിക്കേണ്ടത് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ചുമതലയായിട്ടുണ്ട്. പരിപാടി പരാജയപ്പെട്ടാല്‍ അത് നവോത്ഥാനത്തിന്റെ തിരസ്കാരവും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന പ്രതിലോമ ചേരിയുടെ വിജയവുമാകും. അതിനാല്‍ പെണ്‍മതില്‍ പരിപാടി വിജയിപ്പിക്കേണ്ടണ്ടത് ഇപ്പോള്‍ മുഴുവന്‍ പുരോഗമന ചിന്താഗതിക്കാരുടെയും ബാധ്യതയായി മാറിയിരിക്കുന്നു.

ഈ പശ്ചാത്തലത്തില്‍, മരത്തിനപ്പുറം കണ്ണോടിച്ച്, മുഴുവന്‍ കാടും കണ്ടുകൊണ്ട്, ഇതൊരു മണ്ടന് പരിപാടിയാണെങ്കിലും അതിന്റെ വിജയം നവോത്ഥാനത്തിന്റെ വീണ്ടെടുക്കലിലേക്ക് നയിക്കുമെന്ന് വിശ്വസിക്കാന്‍ കാരണം കാണുന്നില്ലെങ്കിലും, നോട്ടാ (NOTA) അവസ്ഥയില്‍ വനിതാ മതില്‍ വിജയിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.  

ഇത്രയും എഴുതി കഴിഞ്ഞപ്പോഴാണ് നേരത്തെ തിരിച്ചയച്ച നാല് ട്രാന്‍സ്‌ജെന്‍ഡര്‍ ഭക്തര്‍ വീണ്ടും മല കയറിയെന്നും തടസങ്ങളൊന്നും നേരിടാതെ ദര്‍ശനം നടത്തിയെന്നുമുള്ള വാര്‍ത്ത കണ്ടത്. എന്റെ നിഗമനം തെറ്റിയെങ്കിലും സര്‍ക്കാന്‍ ഒടുവില്‍ ഒരു നവോത്ഥാന തീരുമാനം എടുത്തല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു. വാര്‍ത്ത മുഴുവന്‍ വായിച്ചപ്പോള്‍ സന്തോഷം അസ്ഥാനത്തായിരുന്നെന്നു മനസിലായി. മല ചവിട്ടുന്നതിനു  തടസമില്ലെന്ന് തന്ത്രിയും മുന്‍ പന്തളം രാജകുടുംബാംഗവും അറിയിച്ചതിനെ തുടര്‍ന്നായിരുന്നത്രേ അവര്‍ രണ്ടാമതും പോയത്.  


1 comment:

Manikandan said...

ട്രാൻസ്ജന്റർ വിഭാഗത്തിൽ പെടുന്ന മനുഷ്യർ ആദ്യമായല്ല ശബരിമലയിൽ എത്തുന്നത്. കഴിഞ്ഞ വർഷം ചിലർ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കണ്ടിരുന്നു. ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ടവരോ ക്ഷേത്രം തന്ത്രിയോ ദേവസ്വം ബോർഡോ ട്രാൻസ്ജന്റർ വിഭാഗത്തിൽ പെടുന്നവർ ക്ഷേത്രദർശനം നടത്തുന്നത് ആചാരലംഘനമാണെന്നു പറഞ്ഞതുമില്ല. പിന്നെ പോലീസ് എന്തിനാണ് അവരെ മടക്കി അയച്ചത് എന്നത് ദുരൂഹമാണ്.