മുന്നണികാലത്തെ തൊഴിലുറപ്പ് രാഷ്ട്രീയം
ബി.ആര്‍.പി. ഭാസ്കര്‍
രണ്ടു മന്ത്രിമാരുടെ ബന്ധുക്കള്‍ ഈയിടെ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ബന്ധുനിയമനം മാത്രമല്ല ഇപ്പോള്‍ വ്യാപകമായിട്ടുള്ള തൊഴിലുറപ്പ് രാഷ്ട്രീയം മൊത്തത്തില്‍ കേരളം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ നേരിട്ട ആദ്യ പ്രശ്നങ്ങളിലൊന്നു വ്യവസായ വകുപ്പില്‍ മന്ത്രി ഇ.പി. ജയരാജന്‍ നടത്തിയ ഒരു ബന്ധുനിയമനമായിരുന്നു. പി.കെ. ശ്രീമതി മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ബന്ധുനിയമനത്തിനു നേരെ പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ കണ്ണടച്ച അദ്ദേഹം ജയരാജന്റെ കാര്യത്തില്‍ ധാര്‍മ്മികമായ നിലപാട് സ്വീകരിച്ചു. തന്മൂലം ബന്ധുവിനു ജോലിയും ജയരാജന് മന്ത്രിസ്ഥാനവും ഉപേക്ഷിക്കേണ്ടി വന്നു.
ജയരാജന്‍ ചെയ്തത് ആജീവനാന്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റമൊന്നുമല്ല. അതുകൊണ്ട് അദ്ദേഹത്തെ പിന്നീട് വീണ്ടും മന്ത്രിയാക്കിയതിനെ തെറ്റായി കാണേണ്ടതില്ല. എന്നാല്‍ മന്ത്രി കെ.ടി. ജലീലിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ സമാനമായ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി മടിക്കുന്നത് ഇത്തരം കാര്യങ്ങളില്‍ ധാര്‍മ്മികേതര പരിഗണനകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന്‍ വ്യകതമാക്കുന്നു. ജലീലിന്റെ ബന്ധുവിന്റെ നിയമനം റദ്ദ് ചെയ്തുകൊണ്ട് പ്രശ്നം തീര്‍ക്കാനാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
ബന്ധു ജോലി വിടുമ്പോള്‍ ജലീലിന്റെ തെറ്റ് തെറ്റല്ലാതാകുന്നില്ല. നേരെമറിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം എന്ന വാദം പൊളിയുകയും ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാനുള്ള മന്ത്രിയുടെ ബാധ്യത ഏറുകയുമാണ് ചെയ്യുന്നത്. ജലീല്‍ രാജി വെക്കാന്‍ തയ്യാറല്ലെങ്കില്‍, ജയരാജന്റെ കാര്യത്തില്‍ ചെയ്തതു പോലെ, മുഖ്യമന്ത്രി താല്‍കാലികമായെങ്കിലും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു ഒഴിവാക്കണം.
മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെ കേരള സര്‍വകലാശാലയില്‍ മാനേജ്മെന്റ് ടെക്നോളജി ആന്‍ഡ് ടീച്ചര്‍ എജുക്കേഷന്‍ ഡയറക്ടര്‍ ആയി നിയമിച്ചപ്പോള്‍ ചില അപശബ്ദങ്ങള്‍ കേട്ടിരുന്നു. ജലീലിന്റെ ബന്ധുനിയമനം സംബന്ധിച്ച വിവാദം കത്തി നിന്നപ്പോള്‍ തനിക്കും ഭര്‍ത്താവിനും കളങ്കമുണ്ടാക്കുന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അവര്‍ ജോലി രാജിവെച്ചു. ആ ജോലി സുധാകരന്റെ വകുപ്പിന് കീഴിലല്ലായിരുന്നു. എന്നാല്‍ ഒരുകാലത്ത് സുധാകരന്‍ കേരള സര്‍വകലാശാലാ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ മുഖമായിരുന്നു. ജൂബിലി നവപ്രഭ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍നിന്നു അവരുടെ രാജിക്ക് രാഷ്ട്രീയ നിയമനം എന്ന ആരോപണം ഒഴിവാക്കുന്നതിനപ്പുറം ചില കാരണങ്ങളുമുണ്ടെന്ന്‍ വെളിപ്പെടുന്നു.
സര്‍വകലാശാലാ ആസ്ഥാനത്തെ അഞ്ചു മാസത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജൂബിലി പറയുന്ന കാര്യങ്ങള്‍ ഗൌരവപൂര്‍ണ്ണമായ പരിഗണന അര്‍ഹിക്കുന്നു. താന്‍ അവിടെ തുടരുന്നത് തങ്ങള്‍ക്കു ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞ താപ്പാനകള്‍ പുകച്ചു പുറത്തുചാടിച്ചതായി അവര്‍ ആരോപിക്കുന്നു. എങ്ങനെയാണ് ഈ താപ്പാനകള്‍ ഉണ്ടായതെന്ന് മനസിലാക്കാന്‍ അവര്‍ ശ്രമിച്ചതായി കാണുന്നില്ല. അത് ചെയ്തിരുന്നെങ്കില്‍ കാരണക്കാര്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികളാണെന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ഈ താപ്പാനകള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ നേതൃത്വവുമായി അടുപ്പമുള്ളവരായിരിക്കും. അതുകൊണ്ട് ആ പാര്‍ട്ടിയുടെ നോമിനിയായി വരുന്ന വൈസ് ചാന്സലര്‍ക്ക് പോലും അവര്‍ക്കെതിരെ പരാതിപ്പെടാന്‍ ധൈര്യമുണ്ടാവില്ല.
മന്ത്രിയുടെ ബന്ധുവായതുകൊണ്ട് ഒരാള്‍ക്ക് ജോലി നിഷേധിക്കാന്‍ പാടില്ല. മന്ത്രിബന്ധുവായതുകൊണ്ട് ജോലി നല്‍കാനും പാടില്ല. ഒരു മന്ത്രിബന്ധു ഉയര്‍ന്ന ശമ്പളമുള്ള ജോലി നേടുമ്പോള്‍ ജനങ്ങള്‍ അതില്‍ രാഷ്ട്രീയ സ്വാധീനം കാണും. പാര്‍ട്ടികളുടെയും ഭരണ സംവിധാനങ്ങളുടെയും രീതികളെ കുറിച്ചുള്ള അറിവ് അവരെ അതിനു നിര്‍ബന്ധിക്കുന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഡല്‍ഹി ആസ്ഥാനമായി ഒരു കോര്‍പൊറേഷന്‍ സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ ശിപാര്‍ശകളെ കുറിച്ച് ചില വിവരങ്ങള്‍ നല്‍കിയതോര്‍ക്കുന്നു. ഉയര്‍ന്ന തസ്തികകളിലേക്ക് മന്ത്രിമാരില്‍ നിന്ന്‍ അദ്ദേഹത്തിനു നിരവധി ശിപാര്‍ശകള്‍ കിട്ടി. എന്നാല്‍ വലിയ സമ്മര്‍ദ്ദം കൂടാതെ ക്ലാര്‍ക്കുമാരെ നിയമിക്കാന്‍ കഴിഞ്ഞു. പ്യൂണ്‍ ജോലിക്ക് ശിപാര്‍ശകള്‍ ലഭിച്ചത് ജഗജീവന്‍ റാമില്‍ നിന്ന് മാത്രമായിരുന്നു. ജോലിക്കായി അദ്ദേഹത്തെ സമീപിച്ചവര്‍ ബീഹാറില്‍ നിന്നുള്ള ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയില്ലാത്ത ദലിതരായിരുന്നു.
കുറച്ചു കാലം മുമ്പ് കേരളത്തിലെ മന്ത്രിമാര്‍ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചവരെ സംബന്ധിച്ച ചില വിവരങ്ങള്‍ മനസിലാക്കാനിടയായി. ചില ലിസ്റ്റുകളിലുള്ള ഏതാണ്ട് എല്ലാവരും മന്ത്രിയുടെ പാര്‍ട്ടിയിലോ മതത്തിലോ ജാതിയിലോ പെട്ടവര്‍ ആയിരുന്നു. പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ മന്ത്രിമാര്‍ക്കൊപ്പം വരികയും പോവുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് അവിടെ സ്വജനപക്ഷപാതം ആകാമെന്ന ധാരണ ചിലര്ക്കുണ്ട്. അത് ശരിയല്ല. ഒരു വര്‍ഷവും കുറച്ചു ദിവസവും സേവനം അനുഷ്ടിച്ചാല്‍ സര്‍ക്കാരില്‍ നിന്ന് ആജീവനാന്ത പെന്‍ഷന്‍ കിട്ടുന്ന ജോലിയാണത്. അതിനാല്‍ നീതി പാലിക്കാനുള്ള ബാധ്യത മന്ത്രിമാര്‍ക്കും പാര്ട്ടികlള്‍ക്കുമുണ്ട് .
ഒരുകാലത്ത് ജോലിവാഗ്ദാനത്തിലൂടെയാണ് മലയാളി യുവാക്കള്‍ ഏറ്റവുമധികം കബളിപ്പിക്കപ്പെട്ടിരുന്നത്. ഗള്‍ഫ് തൊഴില്‍ മേഖല വികസിച്ചപ്പോള്‍ വിസാ തട്ടിപ്പ് വ്യാപകമായി. കേരളത്തിനകത്ത് ജോലി സമ്പാദിക്കാന്‍ ധാരാളം പേര്‍ ഇന്ന്‍ ആശ്രയിക്കുന്നത് രാഷ്ട്രീയ കക്ഷികളെ ആണ്. അവര്‍ ആശയങ്ങളിലോ വാഗ്ദാനങ്ങളിലോ വിശ്വാസ്വം അര്‍പ്പിച്ച് കക്ഷിയില്‍ ചേരുന്നവരാകില്ല. ലൌകികമായ പ്രതീക്ഷകളോടെ ഒരു പാര്‍ട്ടിയുമായി ബന്ധം സ്ഥാപിക്കുന്നവരാണവര്‍. ആവശ്യമുള്ളപ്പോള്‍ സംരക്ഷണവും സഹായവും അവരുടെ പ്രതീക്ഷകളില്‍ പെടുന്നു. അത് നല്‍കാനുള്ള കടമ തങ്ങള്‍ക്കുണ്ടെന്ന് പാര്‍ട്ടികളുടെ നേതാക്കള്‍ മനസിലാക്കുകയും ആ കടമ നിര്‍വഹിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഏറ്റവുമധികം പ്രതിബദ്ധത കാട്ടുന്ന കക്ഷി സി.പി.എം ആണ്. അണികള്‍ക്ക് ജോലി സംഘടിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനും മറ്റ് കക്ഷികള്‍ അതിനോളം ദൂരം പോകാറില്ല.
മുന്നണി കാലത്ത് വളര്‍ന്ന പക്ഷപാതപരമായ ആനുകൂല്യ വിതരണ സംസ്കാരത്തിന്റെ ഭാഗമാണ് ഈ തൊഴിലുറപ്പ് രാഷ്ട്രീയം. വേണ്ടപ്പെട്ട നൂറോ ഇരുനൂറോ പേര്‍ക്ക് ജോലി നല്‍കാന്‍ മത്സരപ്പരീക്ഷ എഴുതിയ നാല്‍പതിനായിരം തൊഴിലന്വേഷകരുടെ ഉത്തരക്കടലാസുകള്‍ ഒരു മന:സാക്ഷി കുത്തും കൂടാതെ മുക്കാന്‍ കഴിയുന്ന താപ്പാനകള്‍ വിരാജിക്കുന്നിടത്ത് നവോത്ഥാന പ്രഭാഷണങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുളളത്? (മാധ്യമം, നവംബര 16, 2018)
No comments:
Post a Comment