എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Wednesday, March 16, 2011
'വി.എസ്. പതിറ്റാണ്ടി'ന്റെ വിലയിരുത്തൽ
കെ.എം.ഷാജഹാൻ കഴിഞ്ഞ പത്തുകൊല്ലത്തെ രാഷ്ട്രീയ ചരിത്രം അടങ്ങുന്ന പുസ്തകം രചിക്കുന്നുവെന്ന വിവരം സന്തോഷത്തോടെയാണ് കേട്ടത്. മുന്നണി സമ്പ്രദായം ദുഷിക്കുകയും മുന്നണികൾ തമ്മിലുള്ള വ്യത്യാസം ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനത്തിലൂടെ ജനപക്ഷരാഷ്ട്രീയം തീർത്തും അപ്രത്യക്ഷമായിട്ടില്ല എന്ന പ്രതീതി ജനിപ്പിച്ചത്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പിന്നീട് മുഖ്യമന്ത്രിയായ.അദ്ദേഹം അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കുകയാണ്. കഴിഞ്ഞ പതിറ്റാണ്ട് വി.എസ്. പതിറ്റാണ്ട് ആണ്. ഏഴു പതിറ്റാണ്ട് നീളമുള്ള രാഷ്ട്രീയ ജീവിതമാണ് അദ്ദേഹത്തിന്റേത്. പുന്നപ്ര വയലാറായാലും പാർട്ടി പിളർപ്പായാലും ഗൌരിയമ്മയുടെ പുറത്താക്കലായാലും വെട്ടിനിരത്തലായാലും, അവിടെയൊക്കെ വി. എസ്. ഉണ്ടായിരുന്നു. കഴിഞ്ഞ പതിറ്റാണ്ട് വ്യത്യസ്തമാകുന്നത് വി.എസ്. മുരടൻ മാർക്സിസ്റ്റ് മൂരാച്ചിയെന്ന പ്രതിച്ഛായ ഉടച്ചുവാർത്തു ജനകീയ പ്രതിച്ഛായ സൃഷ്ടിച്ചതോടെയാണ്. പ്രതിപക്ഷ നേതാവായിരുന്ന അഞ്ചു കൊല്ലക്കാലം അടുത്തുനിന്നും മുഖ്യമന്ത്രിയായിരുന്ന അഞ്ചു കൊല്ലം ദൂരെ നിന്നും വി.എസിന്റെ പ്രവർത്തനം നോക്കിക്കാണാൻ കഴിഞ്ഞ ഷാജഹാന് ഈ കാലഘട്ടത്തെക്കുറിച്ച് പലതും പറയാനാകുമെന്നതുകൊണ്ടാണ് പുസ്തകത്തെ കുറിച്ച് അറിഞ്ഞപ്പോൾ സന്തോഷം തോന്നിയത്.
എന്നാൽ അത്ര സന്തോഷത്തോടെയല്ല ഇപ്പോൾ ഇവിടെ നിൽക്കുന്നത്. പുസ്തകം പ്രകാശനം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ പുസ്തകം സ്വീകരിക്കാമെന്നും പ്രകാശനത്തിന് മറ്റാരെയെങ്കിലും കണ്ടെത്താനുമാണ് ഞാൻ പറഞ്ഞത്. വി.എസ്. പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാനെ പുറത്താക്കിയതിന് സി.പി.എം. പറഞ്ഞ കാരണം അദ്ദേഹം ഒരു മാധ്യമ സിണ്ടിക്കേറ്റ് ഉണ്ടാക്കി, അതിന് പാർട്ടി രഹസ്യങ്ങൾ ചോർത്തി കൊടുത്ത് പാർട്ടിയെ തകർക്കാൻ ശ്രമിച്ചുവെന്നാണ്. പാർട്ടി സെക്രട്ടറി പേരെടുത്ത് പറഞ്ഞ് വിമർശിച്ചുകൊണ്ട് അദ്ദേഹത്തെ പ്രതിയോഗിയായി ഉയർത്തി. അതോടെ ഷാജഹാൻ വാർത്താസ്രഷ്ടാവും സ്വയം വാർത്തയുമായി. ആ നിലയ്ക്ക് പ്രകാശനകർമ്മം ഒരു വാർത്താസ്രഷ്ടാവ് നിർവഹിക്കുന്നതാവും ഉചിതമെന്ന് കരുതിയതുകൊണ്ടാണ് ഞാൻ സ്വീകർത്താവാകാം എന്ന് പറഞ്ഞത്. കിളിരൂർ പെൺവാണിഭ സംഭവത്തിലെ ഇരയായ ശാരിയുടെ മകൾ സ്നേഹയെ സ്വീകർത്താവായി നിശ്ചയിച്ചു കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ ഞാൻ ആ സ്ഥാനത്തിനായുള്ള അവകാശം ഉപേക്ഷിച്ചു.
ഇന്നലെയാണ് പുസ്തകം കൈയിൽ കിട്ടിയത്. അതിനോടൊപ്പം ഈ ചടങ്ങിന്റെ ക്ഷണക്കത്തുമുണ്ടായിരുന്നു. അതുകണ്ടപ്പോൾ ഈ ചടങ്ങിന് ഒരു രാഷ്ട്രീയ സ്വഭാവമുണ്ടോ എന്ന ചിന്ത മനസ്സിലുദിച്ചു. സജീവ പത്രപ്രവർത്തനത്തിൽ നിന്ന് വിരമിച്ച് ഇരുപതു കൊല്ലം മുമ്പ് കേരളത്തിൽ തിരിച്ചെത്തി സംവാദങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയശേഷം ഞാൻ സ്വീകരിച്ചിട്ടുള്ള ഒരു നയമുണ്ട്. അത് തെരഞ്ഞെടുപ്പു കാലത്ത് കഴിയുന്നതും വിവാദ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയെന്നതാണ്. അഭിപ്രായം പറയാൻ മടിയുള്ളതുകൊണ്ടല്ല, തെരഞ്ഞെടുപ്പു കാലത്ത് അർത്ഥപൂർണ്ണമായ ചർച്ച അസാധ്യമായതുകൊണ്ട്. എന്ത് വിഷയമായാലും തെരഞ്ഞെടുപ്പു കാലത്ത് അത് യു.ഡി.എഫ്., എൽ.ഡി.എഫ്. കളങ്ങളിലെത്തിക്കാൻ അസാമാന്യമായ വിരുതാണ് നമ്മുടെ നേതാക്കൾക്കുള്ളത്. അതോടെ വസ്തുതകൾ അപ്രസക്തമാകുന്നു. രാഷ്ട്രീയ വികാരങ്ങൾക്കു മാത്രമെ പിന്നെ പ്രസക്തിയുള്ളു. അതിന്റെ അറിസ്ഥാനമാകട്ടെ രാഷ്ട്രീയ ഗോത്രസ്മൃതികളിൽ അധിഷ്ഠിതമായ കൂറും പകയുമാണ്. ഏതായാലും ആരുടെ വേദിയും പങ്കിടാൻ എനിക്ക് മടിയില്ല. വേദി ആരുടേതായാലും, ക്ഷണിക്കപ്പെട്ടാൽ അവിടെ ചെന്ന് എന്റെ അഭിപ്രായം തന്നെയാണ് ഞാൻ പറയുക.
വീണ്ടും ഒരു തെരഞ്ഞെടുപ്പു കാലമെത്തിയിരിക്കുന്നു. ഈ ഘട്ടത്തിലാണ് ഈ പുസ്തകം പുറത്തു വരുന്നത്. ഓരോ തെരഞ്ഞെടുപ്പിലും ഭരിക്കുന്നവരെ പുറത്താക്കി എതിർ മുന്നണിയെ അധികാരത്തിൽ വാഴിക്കുന്ന രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. ബഹുഭൂരിപക്ഷം വോട്ടർമാരും സ്ഥിരമായി ഏതെങ്കിലും ഒരു ചേരിയോടൊപ്പം നിൽക്കുന്നവരാണ്. ഒരു ചെറിയ വിഭാഗം മാറിമാറി വോട്ടു ചെയ്യുന്നതുകൊണ്ടാണ് ഭരണമാറ്റം ഉണ്ടാകുന്നത്. ആർക്കും അഞ്ചു കൊല്ലത്തിലധികം കൊടുക്കേണ്ടെന്നതാണ് ഈ വിഭാഗത്തിന്റെ നിലപാട്. അതൊരു നല്ല രാഷ്ട്രീയതന്ത്രം തന്നെ. പക്ഷെ അത് തെരഞ്ഞെടുപ്പുകളിൽ അനിശ്ചിതത്വം ഇല്ലാതാക്കൊയിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം മുൻകൂട്ടി അറിയാനായാൽ രാഷ്ട്രീയ കക്ഷികൾക്ക് ജനങ്ങളെ ഭയപ്പെടുകയൊ ബഹുമാനിക്കുകയൊ ചെയ്യേണ്ട ആവശ്യമില്ല. കഴിഞ്ഞ ഏതാനും ആഴ്ചക്കാലത്ത് ഒരു ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പു ഫലം സുനിശ്ചിതമാണെന്ന ധാരണ ഉലഞ്ഞിരിക്കുന്നു. രണ്ട് മുന്നണികളും ആരോപണപ്രത്യാരോപണങ്ങൾ കൊണ്ട് പൊതുമണ്ഡലം മലീമസമാക്കിക്കഴിഞ്ഞു. ഇരുകൂട്ടരും ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പരിശോധിക്കുമ്പോൾ പുതുതായി ഒന്നും കാണാനില്ല. അതുകൊണ്ട് പുകമറ കെട്ടടങ്ങുമ്പോൾ സ്ഥിരമായി ഏതെങ്കിലും ഒരു മുന്നണിക്ക് കുത്തുന്നവർക്ക് മന:സാക്ഷിക്കുത്തു കൂടാതെ വീണ്ടും കുത്താം. മാറിമാറി കുത്തുന്നവർക്ക് ഭരിക്കുന്നവർ ചെയ്തുകൂട്ടിയെന്ന് അവർ പറയുന്ന നന്മകളും അവർ ചെയ്തുകൂട്ടിയെന്ന് എതിരാളികൾ പറയുന്ന തിന്മകളും വിലയിരുത്തി സ്വതന്ത്രമായി തീരുമാനമെടുക്കാം.
അഞ്ചു കൊല്ലത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പ് എത്തുമ്പോൾ വി.എസിനെ കേന്ദ്രീകരിച്ച് വീണ്ടും ചർച്ചകൾ നടക്കുന്നു. വി.എസ്. പാർട്ടിയിയുടെ തൊണ്ടയിൽ കുടുങ്ങിയിരിക്കുകയാണ്. ഇറക്കാനും വയ്യ, തുപ്പാനും വയ്യ. പാർട്ടി വി.എസിന്റെ തൊണ്ടയിൽ കുടുങ്ങിയിരിക്കുകയാണ് എന്നും വേണമെങ്കിൽ പറയാം. അദ്ദേഹത്തിനും ഇറക്കാനും വയ്യ, തുപ്പാനും വയ്യ.
രണ്ട് അവസരങ്ങളിൽ ഞാൻ വി.എസിന്റെ നിലപാടുകളെ വ്യത്യസ്തമായ രീതികളിൽ വിലയിരുത്തി അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. നായനാർ മന്ത്രിസഭയുടെ കാലത്ത് കരുത്തനായ പാർട്ടി നേതാവെന്ന നിലയിൽ അദ്ദേഹം നടത്തിയ ചില നീക്കങ്ങളും പ്രസ്താവനകളും സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നവയാണെന്ന് എനിക്ക് തോന്നി. അന്ന് ഈ പ്രശ്നത്തെ കുറിച്ച് എഴുതുകയും ഒരു പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു. വി.എസിനെ കുറച്ചു കാലത്തേക്ക് മുഖ്യമന്ത്രിയാക്കുക എന്നതായിരുന്നു ഞാൻ നിർദ്ദേശിച്ച പരിഹാരമാർഗ്ഗം. തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ടാണ് അന്ന് അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ കഴിയാഞ്ഞത്. ആറു മാസം വരെ നിയമസഭാംഗമല്ലാതെ തന്നെ മന്ത്രിയൊ മുഖ്യമന്ത്രിയൊ ആകാവുന്നതാണ്. ആറു മാസം കഴിഞ്ഞ് മുൻമുഖ്യമന്ത്രിയായി പുറത്തു പോയശേഷം സർക്കാരിന് സ്വസ്ഥമായി മുന്നോട്ടുപോകാനാകും എന്ന് ഞാൻ വാദിച്ചു. കേന്ദ്രത്തിൽ നിന്ന് ഒരുദാഹരണവും ഞാൻ എടുത്തുകാട്ടി. പല സർക്കാരുകളുടെയും സ്വൈരം കെടുത്തിക്കൊണ്ടിരുന്ന ചന്ദ്രശേഖർ കുറച്ചു കാലം പ്രധാനമന്ത്രിയായി. അതിനുശേഷം അദ്ദേഹം ഒരു സർക്കാരിനെയും ശല്യപ്പെടുത്തിയില്ല!
2006ൽ വി.എസിനെ ഒഴിവാക്കാൻ പാർട്ടി നേതൃത്വം ശ്രമിക്കുമ്പോൾ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ അവസരം നൽകണമെന്ന് ഞാൻ എഴുതി. ജനാധിപത്യ വ്യവസ്ഥയിൽ പ്രതിപക്ഷ നേതാവ് ഒരു ബദൽ സംവിധാനത്തിന് നേതൃത്വം കൊടുക്കേണ്ടയാളായാണ് കരുതപ്പെടുന്നതെന്നും ആ നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ
സ്വാഭാവികമായി അദ്ദേഹം മുഖ്യമന്ത്രിപദത്തിന് അർഹനാണെന്നും ഞാൻ ചൂണ്ടിക്കാട്ടി.
രണ്ട് അവസരങ്ങളിലും ഞാൻ എടുത്ത സമീപനങ്ങൾ വ്യത്യസ്തമായിരുന്നെങ്കിലും അവയുടെ പിന്നിലുള്ള ചിന്ത അടിസ്ഥാനപരമായി ഒന്നു തന്നെയാണ്. അത് ജനാധിപത്യ വ്യവസ്ഥയുടെ സുഗമമായ നടത്തിപ്പാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ‘ബൂർഷ്വാ ജനാധിപത്യം’ എന്ന് വിശേഷിപ്പിക്കുന്ന ഈ വ്യവസ്ഥ കുറ്റമറ്റതാണെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ അതിനേക്കാൾ മെച്ചപ്പെട്ട ഒന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉൾപ്പെടെ ഒന്നിനും ഇതുവരെ കണ്ടെത്താനായിട്ടില്ല. ബൂർഷ്വാ ജനാധിപത്യം ഉൾപ്പെടെ എല്ലാ സംവിധാനങ്ങൾക്കും പ്രശ്നങ്ങളുണ്ട്. അവ ദോഷഫലങ്ങൾ നൽകുന്നുമുണ്ട്. ബൂർഷ്വാ ജനാധിപത്യത്തിൽ അവയ്ക്ക് ജനങ്ങൾ കൊടുക്കേണ്ടി വരുന്നതിനേക്കാൾ വലിയ വിലയാണ് മറ്റേതൊരു സംവിധാനത്തിലും കൊടുക്കേണ്ടി വരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ജനാധിപത്യ വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനം എന്താണ് ആവശ്യപ്പെടുന്നത്?
കമ്മ്യൂണിസ്റ്റ് പാർട്ടികൾ വളരെക്കാലമായി ഇന്ത്യയിലെ ജനാധിപത്യപ്രക്രിയയിൽ പങ്കെടുക്കുന്നുണ്ട്. അര നൂറ്റാണ്ടിലേറെയായി അവർ അധികാരത്തിൽ പങ്കാളികളാണ്. കേന്ദ്ര സംസ്ഥാന തലങ്ങളിൽ ഇന്ദ്രജിത് ഗുപ്ത, ഇ.എം.എസ്, അച്യുതമേനോൻ, കെ.ആർ.ഗൌരിയമ്മ തുടങ്ങി പ്രഗത്ഭരായ നിരവധി പാർലമെന്റേറിയൻമാരെയും ഭരണാധികാരികളെയും അത് സംഭാവന ചെതിട്ടുണ്ട്. കഴിഞ്ഞ അഞ്ചു കൊല്ലത്തെ കേരള ഭരണം ജനാധിപത്യത്തിന് ഭൂഷണമല്ല. വി.എസിനെ മുഖ്യമന്ത്രിയാക്കാൻ നിർബന്ധിതമായ പാർട്ടി മന്ത്രിസഭാ രൂപീകരണവും വകുപ്പു വിഭജനവും മുതൽ ഒരു മുഖ്യമന്ത്രിക്ക് ജനാധിപത്യ വ്യവസ്ഥയിൽ അവകാശപ്പെട്ട പ്രവർത്തനസ്വാതന്ത്ര്യം അനുവദിച്ചില്ല. ഇത്രമാത്രം നിസ്സഹായനായ മറ്റൊരു മുഖ്യന്ത്രി ഈ രാജ്യത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. വി.എസും പാർട്ടിയും തമ്മിലുള്ള പ്രശ്നം അവരുടെ പ്രശ്നമാണ്. അതിനു പരിഹാരം കാണേണ്ടത് അവർ തന്നെയാണ്. തമ്മിലടിക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും അഞ്ചു കൊല്ലത്തിൽ ജനാധിപത്യ വ്യവസ്ഥക്ക് ഏറെ ദോഷം ചെയ്തു. ഇനിയും അഞ്ചു കൊല്ലം അത് തുടരണോ എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്.
മുഖ്യമന്ത്രിയൊ പ്രതിപക്ഷ നേതാവൊ അല്ലെങ്കിൽ വി.എസ്. അച്യുതാനന്ദന് പ്രസക്തിയില്ലാതാകുമെന്ന് ഞാൻ കരുതുന്നില്ല. കേരളം വളരെക്കാലമായി നേരിടുന്ന ഒരു പ്രശ്നമുണ്ട്, അത് ഒരു രാജ്യതന്ത്രജ്ഞന്റെ അഭാവമാണ്. സങ്കുചിത കക്ഷിരാഷ്ട്രീയത്തിന് അതീതനായി ഉയർന്നു സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉത്തമ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഒരാളാണ് രാജ്യതന്ത്രജ്ഞൻ. രാഷ്ട്രീയക്കാരൻ അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ചാവും. ചിന്തിക്കുന്നത്. രാജ്യതന്ത്രജ്ഞൻ ചിന്തിക്കുന്നത് അടുത്ത തലമുറയെക്കുറിച്ചാണ്. ഇ.എം.എസിന്റെ അവസാനകാലത്ത് മലയാള മനോരമ അദ്ദേഹത്തെ ആ തലത്തിലേക്ക് ഉയർത്താൻ ഒരുപാട് ശ്രമിച്ചു. പക്ഷെ കമ്മ്യൂണിസ്റ്റുകാരനായിരിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. രാജ്യതന്ത്രജ്ഞന്റെ കസേര ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.
ഈ പുസ്തകത്തിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് ഷാജഹാൻ പറയുന്നു. ആത്മാർത്ഥമായി അദ്ദേഹം അതിന് ശ്രമിച്ചുട്ടുണ്ടെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അതേസമയം നാം ഓർക്കാൻ ആഗ്രഹിക്കുന്നത് നിലനിർത്തുകയും ഓർക്കാൻ ആഗ്രഹിക്കാത്തത് ഒഴിവാക്കുകയും ചെയ്യുന്ന തരത്തിലാണ് മനുഷ്യമസ്തിഷ്കം പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഒരാൾക്ക് എത്രമാത്രം വസ്തുനിഷ്ഠമാകാൻ കഴിയുമെന്ന ചോദ്യം അവശേഷിക്കുന്നു. ഷാജഹാൻ അദ്ദേഹത്തിന് അറിവുള്ള, അദ്ദേഹം ഓർക്കുന്ന വസ്തുതകൾ രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ തെറ്റുകളുണ്ടെങ്കിൽ മറ്റുള്ളവർക്ക് അത് ചൂണ്ടിക്കാണിക്കാവുന്നതാണ്. ഒരു സുപ്രധാന രാഷ്ട്രീയഘട്ടത്തെ മനസ്സിലാക്കാൻ കഴിയുന്ന ഒരു പുസ്തകമെന്ന നിലയിൽ ‘ചുവപ്പ് അടയാളങ്ങൾ ശ്രദ്ധയർഹിക്കുന്നു.
(മാതൃഭൂമി ബുക്സ് ആണ് ‘ചുവപ്പ് അടയാളങ്ങൾ’ പ്രസിദ്ധീകരിച്ചിട്ടുള്ളത്.)
Tuesday, February 22, 2011
സൈബർലോകം ഹിന്ദുത്വവാദികളുടെ കൈയിലൊന്നുമല്ല
എന്തടിസ്ഥാനത്തിലാണാവോ എൻ.എസ്. മാധവൻ “വെബ്‌വേൾഡിന്റെ അമ്പത് ശതമാനത്തിലധികം ഇവിടെ ഹൈന്ദവ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്” എന്ന് കണക്കാക്കിയത്? ഹിന്ദുത്വവാദികൾ വെബ് ലോകത്ത് സജീവമാണെന്നത് ശരിതന്നെ. എന്നാൽ അവരെല്ലാം തീവ്രവാദികളാണെന്നും അവർ പകുതിയിലധികം പിടിച്ചടക്കി കഴിഞ്ഞെന്നും സൈബർ ടെൿനോളജിയുടെ ഒരു മാനദണ്ഡവുമില്ലാത്ത ഉപയോഗം ഗുരുതരമായ സ്ഥിതിവിശേഷം ഇണ്ടാക്കിയിരിക്കുകയാണെന്നുമൊക്കെ ചിന്തിക്കുന്നിടത്ത് കൊളോണിയൽ പാരമ്പര്യത്തിൽ നിന്ന് ഇനിയും പൂർണ്ണ മോചനം നേടിയിട്ടില്ലാത്ത ഇന്ത്യൻ ബ്യൂറോക്രസിയുടെ ഒരുദ്യോഗസ്ഥന്റെ മനസാണ് ഞാൻ കാണുന്നത്. അമേരിക്കയിലെ ഇന്ത്യാക്കാർക്കിടയിൽ ഹിന്ദുത്വത്തിന് തീർച്ചയായും വേരോട്ടമുണ്ട്. എന്നാൽ ഇതിന്റെ പിന്നിലുള്ളത് വെള്ളക്കാരുടെ സമൂഹത്തിൽ നേരിടുന്ന അപകർഷതാബോധം മറികടക്കാൻ ബോധപൂർവ്വമൊ അല്ലാതെയൊ സ്വീകരിക്കുന്ന അതിജീവനതന്ത്രമാണെന്നാണ് എന്റെ വിശ്വാസം. ഇവിടത്തെ ഇടതുപക്ഷ പാർട്ടികൾ വെബ് വേൾഡിനോട് പുറം തിരിഞ്ഞു നിൽക്കുകയാണെന്ന നിരീക്ഷണം ശരിയല്ല. വെബ് ലോകത്ത് ഇടപെടാൻ സി.പി.എം. അതിന്റെ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിൻപ്രകാരം നിരവധി പാർട്ടി അനുയായികൾ സൈബർ പോർക്കളത്തിൽ ഇറങ്ങിയിട്ടുമുണ്ട്. തീവ്ര ഇടതുപക്ഷവും രംഗത്തുണ്ട്. വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങൾ തുടർന്നും ആശയവിനിമയം നടത്തട്ടെ.
ഈ മാധ്യമം ഉപയോഗിക്കുന്ന ഒരാളെന്ന നിലയിലുള്ള എന്റെ അനുഭവം പങ്ക് വെയ്ക്കട്ടെ. ഇംഗ്ലീഷിൽ എഴുതുമ്പോൾ എന്നെ എതിർക്കാനെത്തുന്നത് പ്രധാനമായും ഹിന്ദുത്വവാദികളാണ്; മലയാളത്തിൽ പ്രധാനമായും സി.പി.എം. അനുഭാവികളും.
അവരുടെ കുറിപ്പുകൾ മറുപടി അർഹിക്കുന്നെന്ന് തോന്നുമ്പോൾ പ്രതികരിക്കാറുണ്ട്. അപ്പോൾ മാത്രം. കാരണം ഇതൊരു സ്വതന്ത്ര മാധ്യമമാണ്. സ്വന്തം അഭിപ്രായം അവിടെ രേഖപ്പെടുത്താനുള്ള അവകാശം എല്ലാവർക്കുമുണ്ട്.
ബി.ആർ.പി. ഭാസ്കർ
തിരുവനന്തപുരം
Tuesday, February 15, 2011
ഏത് ദളവായ്കാണ് സർക്കാർ കൊല്ലം തീറെഴുതി കൊടുത്തത്?
കൊല്ലത്ത് ടെൿനോപാർക്ക് തുറക്കുന്നതു സംബന്ധിച്ച് ഇന്നത്തെ ഹിന്ദു പത്രത്തിൽ വന്നിട്ടുള്ള പരസ്യത്തിൽ ഇങ്ങനെ കാണുന്നു: TECHNOPARK ARRIVES AT THE LAND OF THE DALAWA (ദളവായുടെ നാട്ടിൽ ടെൿനോപാർക്ക് എത്തുന്നു) ഞാൻ കൊല്ലത്ത് വളരുന്ന കാലത്ത് ഏതെങ്കിലും ദളവായുടെ നാടായല്ല അത് അറിയപ്പെട്ടിരുന്നത്. കൊല്ലത്തെ കുറിച്ച് ഇങ്ങനെയൊരു പരാമർശം മുമ്പ് എവിടെയെങ്കിലും കണ്ടതിന്റെയൊ കേട്ടതിന്റെയൊ ഓർമ്മയും എനിക്കില്ല. സർക്കാർ ഏതെങ്കിലും ദളവായ്ക്ക് കൊല്ലം തീറെഴുതി കൊടുത്തെങ്കിൽ അതാർക്കാണെന്ന് അറിയാൻ എനിക്ക് താല്പര്യമുണ്ട്.
പരസ്യത്തിന്റെ മുകൾഭാഗത്ത് ഒരു വാളുണ്ട്. അടുത്ത കാലത്ത് വേലുത്തമ്പി ദളവായുടെ വാൾ നാട്ടിലേക്ക് കൊണ്ടു വന്നതായി വാർത്തയുണ്ടായിരുന്നു. ഒരു കൊല്ലം അത് കേരളത്തിൽ സൂക്ഷിക്കാൻ കേന്ദ്രം അനുവദിച്ചതായാണ് അന്ന് ഹിന്ദു റിപ്പോർട്ട് ചെയ്തത്. (പത്രം രിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ച, വാളുമായി നിൽക്കുന്ന വേലുത്തമ്പിയുടെ പടമാണ് മുകളിൽ കൊടുത്തിട്ടുള്ളത്.) ആ വാളാണോ പരസ്യത്തിലുള്ളതെന്ന് അറിയില്ല. ആണെങ്കിൽ തന്നെ അതിന്റെ അടിസ്ഥാനത്തിൽ കൊല്ലത്തെ ആ ദളവായ്ക്ക് നൽകാനാവില്ല.
വേലുത്തമ്പി കൊല്ലത്തുകാരനായിരുന്നില്ല. കൊല്ലം വെട്ടിപ്പിടിച്ചുമില്ല. അദ്ദേഹത്തിന് കൊല്ലവുമായുള്ള ബന്ധം അവിടെ വെച്ച് മരണമടഞ്ഞുവെന്നതാണ്. തിരുവനന്തപുരത്തു നിന്ന് ഓടി രക്ഷപ്പെട്ട് കൊല്ലം പ്രദേശത്തെത്തി അവിടെ വെച്ച് സ്വയം ജീവനൊടുക്കുകയായിരുന്നു. അതിന്റെ പേരിൽ കൊല്ലത്തെ അദ്ദേഹത്തിന്റെ നാടാക്കാനാവില്ല.
ഞാൻ സ്കൂളിൽ പഠിച്ച ചരിത്രത്തിൽ വേലുത്തമ്പി രാജ്യദ്രോഹിയായിരുന്നു. തിരുവിതാംകൂർ രാജാവിനെതിരെ വാളെടുത്ത ദ്രോഹി. ഐ.എൻ.എ.ഭടന്മാർ ഇന്ത്യയിലേക്ക് തിരിക്കുന്നതിനു മുമ്പ് നേതാജി ബോസ് സിംഗപ്പൂരിൽ നിന്ന് പ്രക്ഷേപണം ചെയ്ത പ്രസംഗത്തിന്റെ രഹസ്യമായി വിതരണം ചെയ്യപ്പെട്ട ഒരു കോപ്പി കയ്യിൽ കിട്ടിയപ്പോഴാണ് ഞങ്ങളെ പഠിപ്പിച്ചത് കള്ളമാണെന്ന് മനസ്സിലായത്. ആ പ്രസംഗത്തിൽ നേതാജി ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്തവരുടെ പേരുകൾ പറയുന്നിടത്ത് താന്തിയാ തൊപ്പെയ്ക്കും ഝാൻസിയിലെ ലക്ഷിഭായി റാണിയ്കുമൊപ്പം ‘തിരുവിതാംകൂറിലെ വേലുത്തമ്പി’യുടെ പേരും പറഞ്ഞിരുന്നു.
പുതിയ കാലത്തെ ഏതെങ്കിലും ദളവായുടെ കാര്യമാണോ പരസ്യം സൂചിപ്പിക്കുന്നത്? വേലുത്തമ്പിയുടെ വാൾ കൊണ്ടു വന്നതിന്റെ ക്രെഡിറ്റ് എം.എ. ബേബി ദളവായ്ക്ക് അവകാശപ്പെട്ടതാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പടം പരസ്യത്തിലുണ്ട്. അതു പക്ഷെ വലിയ ദളവാ വി.എസ്. അച്യുതാനന്ദന്റെ പടത്തിനു താഴെ കൊല്ലം ജില്ലയിൽ നിന്നുള്ള പി.കെ. ഗുരുദാസൻ ദളവാ, സി. ദിവാകരൻ ദളവാ, മുല്ലക്കര രത്നാകരൻ ദളവാ എന്നിവരുടെ പടങ്ങൾക്കൊപ്പമാണ്. എൻ.കെ. പ്രേമചന്ദ്രൻ ദളവായുടെ പടവുമുണ്ട്. അദ്ദേഹം കൊല്ലത്തുകാരനല്ലെങ്കിലും അവിടേയ്ക്ക് കുടിയേറുകയും അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തയാളെന്ന നിലയിൽ ഉൾപ്പെടുത്തിയതാകണം. വി. സുരേന്ദ്രൻ പിള്ള ദളവായുടെ പടവുമുണ്ട്.
ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഫ്യൂഡൽ പുനരുത്ഥാനം തകൃതിയായി നടക്കുന്ന സാഹചര്യത്തിൽ കൊല്ലത്തിന് ചരിത്രത്തിൽ നിന്ന് ഒരു ഉടയോനെ കണ്ടെത്താൻ അധികാരിവർഗ്ഗം ആഗ്രഹിക്കുന്നെങ്കിൽ അത്ഭുതപ്പെടേണ്ടതില്ല. പക്ഷെ അതിന് ഏതൊരു ദളവായേക്കാളും അർഹതയുള്ളത് ഒരു റാണിയ്ക്കാണ്. ഒരു പെൺപടയുമായി പൊരുതി വീരചരമം പ്രാപിച്ച ദേശിംഗനാട് റാണിയുടെ കഥ ചരിത്രത്തിലുണ്ട്. എന്തുകൊണ്ടാണ് അവരെ ഒഴിവാക്കിയത്? ഒരു നൂറ്റാണ്ടിന്റെ മാത്രം പാരമ്പര്യമുള്ള മലയാളി പുരുഷാധിപത്യം കേരളത്തിന്റെ ചരിത്രത്തിൽ നിന്ന് ആ വീരാംഗനയെ തുടച്ചു നീക്കാൻ ശ്രമിക്കുകയാവാം.
ഇൻഡ്യൻ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സിന്റെ പ്രസിഡന്റായിരുന്ന എസ്. ബി. കോൽപേ വർഷങ്ങൾക്കു മുമ്പ് ശിവാജിയെ പ്രകീർത്തിച്ച് എഴുതിയ ലേഖനത്തിൽ കൊല്ലത്തെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു. ശിവാജിയുടെ സാമ്രാജ്യം തെക്ക് കൊല്ലം വരെ വ്യാപിച്ചിരുന്നു എന്നാണ് അദ്ദേഹം എഴുതിയത്. ഞാൻ പഠിച്ച തിരുവിതാംകൂർ ചരിത്രത്തിൽ ശിവാജി ഇവിടെവരെ എത്തിയതായ സൂചനയൊന്നും ഉണ്ടായിരുന്നില്ല. കോൽപേയോട് ചോദിച്ചപ്പോൽ മറാത്താ ചരിത്രത്തിൽ അങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതായി പറഞ്ഞു. അതിന്റെ പേരിൽ ശിവ സേന കൊല്ലത്തിന് അവകാശവാദവുമായി ഒരുനാൾ വന്നേക്കാം.
Monday, January 24, 2011
കേരളീയത്തിന്റെ കരുണാകരൻ പതിപ്പ്
“എന്തുകൊണ്ട് കരുണാകരൻ, എന്തുകൊണ്ട് കരിങ്കാലി, എന്തുകൊണ്ട് കരിങ്കാലം“ എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ പ്രസാധകൻ പറയുന്നു: “കരുണാകരൻ ഒരു വ്യക്തിയല്ല. അനേകം പേർ ആരാധിക്കുന്ന ഒരു പ്രസ്ഥാനമാണ്. അദ്ദേഹത്തിന്റെ ജീവിതവും ഭരണവും മരണത്തോടെ അവസാനിക്കുന്നില്ല. കരുണാകരന്റെ ശവഘോഷയാത്രയും അമിത ആദരവോടെയുള്ള അനുസ്മരണവും കേരളീയസമൂഹത്തെക്കുറിച്ച് ഉയർത്തിയ ആശങ്കയാണ് ഈ പതിപ്പിന്റെ ആദ്യ പ്രേരണ. മരിച്ചാലും മറക്കാൻ പാടില്ലാത്ത ചില മുറിവുകളുണ്ട്. ആ ഓർമ്മകൾ ഇന്നത്തെ വെല്ലുവിളികളെ നേരിടാനും ഭാവിയെ സാധ്യമാക്കാനും സഹായകരമാകുമെന്ന പ്രതീക്ഷയിൽ വായനക്കാർക്ക് സമർപ്പിക്കുന്നു.”
“മറക്കരുത്, പൊറുത്തോളൂ“. ഇത് ഗസ്റ്റ് എഡിറ്റോറിയൽ. എഴുതുന്നത് ടി.എൻ. ജോയി. “അടിയന്തിരാവസ്ഥയും ഫാസിസ്റ്റ് ഭരണവും മറന്നുള്ള കരുണാകര വിലാപം വിഷമാണ്.”
ലേഖനങ്ങളിൽ ചിലത്:
നിർഗുണനായകൻ -- എം.ജി. രാധാകൃഷ്ണൻ
ആയിരം വളവുള്ള കാഞ്ഞിരമരം -- പി.സി. ഉണ്ണിച്ചെക്കൻ
സമനില തെറ്റിയവരുടെ കേരളം -- സി.ആർ. പരമേശ്വരൻ
പി.കൃഷ്ണപിള്ളയേക്കാൾ നമുക്കിഷ്ടം പിണറായി വിജയനെ! – സിവിക് ചന്ദ്രൻ
വികസനം കരുണാകരൻ സ്റ്റൈൽ --സി.ആർ. നീലകണ്ഠൻ
സുകൃതക്ഷയത്തിന്റെ ലക്ഷണമൊത്ത പ്രതിനിധി – കെ.പി. സേതുനാഥ്
കരുണാകരൻ: മിത്തും ചരിത്രവും – എസ്. ഭാസുരേന്ദ്രബാബു
കളിമൺ വിഗ്രഹത്തിന്റെ സ്വർണ്ണചാർത്ത് – നിരഞ്ജൻ
അടിയന്തിരാവസ്ഥയും നിഷ്കളങ്ക മലയാള സിനിമയും – കെ.പി. ജയകുമാർ
മുൻ മാതൃഭൂമി ജീവനക്കാരി പാറുക്കുട്ടിയമ്മ (“പാവം രാജന് അങ്ങനെയൊരു വിധിയുണ്ടായി”), അടിയന്തിരാവസ്ഥ തടവുകാരനായിരുന്ന ശംഭുദാസ് കെ (“കരുണാകരൻ നേതൃത്വം കൊടുത്ത ഉരുട്ടൽ വിദ്യ“) എന്നിവരുമായി നടത്തിയ സംഭാഷണങ്ങളെ അടിസ്ഥാനമാക്കി മുകുന്ദനുണ്ണി തയ്യാറാക്കിയ രണ്ട് ലേഖനങ്ങളും ഇതിലുണ്ട്.
കവിതകൾ:
പേരിടുന്നെങ്കിൽ… --റഫീക്ക് അഹമ്മദ്
പൊറുതികേട് – വി. മോഹനൻ
ഒറ്റപ്രതി വില 20 രൂപ
കെ.എസ്. പ്രമോദ് ആണ് കേരളീയത്തിന്റെ പ്രസാധകനും പത്രാധിപരും.
മേൽവിലാസം:
കേരളീയം,
കൊക്കാലെ,
തൃശ്ശൂർ 21
ഫോൺ 0487-2421385 9446576943
ഇമെയിൽ: keraleeyamtcr@rediffmail.com
Monday, January 10, 2011
ബ്ലോഗർ അങ്കിൾ അന്തരിച്ചു
അദ്ദേഹത്തെ സംബന്ധിച്ച് Trivandrum Bloggers ഗ്രൂപ്പിൽ നിന്ന് ലഭിച്ച വിവരം താഴെ കൊടുക്കുന്നു:
ശ്രീ പത്മനാഭപിള്ളയുടെയും ശ്രീമതി ഓമനഅമ്മയുടെയും മകനായി 1943 ഫെബ്രുവരി 25 ന് ജനിച്ചു. സംഗീത് മകനും ചിത്ര മകളും ആണ്. പൂജാവിദ്യ മരുമകളും മദന്‍കുമാര്‍ മരുമകനും ആണ്. കീര്‍ത്തന, ഹേമു എന്നിവര്‍ മകളുടെ മക്കളും. സുകുമാരന്‍, രാജകുമാര്‍, മോഹന്‍, വിജയകുമാര്‍ എന്നിവര്‍ സഹോദരന്മാരും ആണ്.
ഫോൺ : 0471 2360822
Saturday, January 8, 2011
ചതിക്കഥകൾ ചോർന്ന വർഷം
ബി.ആർ.പി.ഭാസ്കർ
പിന്നിട്ട വർഷത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നിയമനത്തട്ടിപ്പും നീരാ ഏആഡിയ് ടേപ്പുകളും വിക്കിലീക്സ് രേഖകളും പരസ്പരം മത്സരിച്ച് മനസിന്റെ മുകൾത്തട്ടിൽ എത്തുന്നത് എന്തുകൊണ്ടാണ്? എല്ലാം വർഷാവസാനം പുറത്തുവന്നവയായതു കൊണ്ടാണോ? ആവാം. എന്നാൽ ഇപ്പോഴും ഓർമ്മയിൽ പച്ചയായി നിൽക്കുന്നതു കൊണ്ടു മാത്രമല്ല ഇവ പ്രാമുഖ്യം നേടുന്നത്, സമകാലിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് നമ്മെ ഓർമ്മപ്പെഠുത്തുന്നതുകൊണ്ടു കൂഊടിയാണ്. ഊഹാപോഹങ്ങളുടെ മേഖലയിലായിരുന്ന വസ്തുതകളെ അവ യാഥാർത്ഥ്യത്തിന്റെ മേഖലയിലെത്തിച്ചു.
ലോക് സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഇടതു ജനാധിപത്യ മുന്നണി നൽകിയ വിശദീകരണം സംസ്ഥാന ഭരണകൂടം ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായപ്പോഴും ഇതേ വിശദീകരണമുണ്ടായി. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഭരണകൂടം ചെയ്യുന്നതിനെക്കുറിച്ച് ജനങ്ങൾ അറിയാതിരിക്കുന്നതെങ്ങനെയാണ്? മുഖ്യധാരാ മാധ്യമങ്ങൾ ഇടതുവിരോധം മൂലം അതൊക്കെ മറച്ചുപിടിച്ചാലും ഭരണകക്ഷികൾക്ക് നേരിട്ടുംസ്വന്തം മാധ്യമങ്ങളിലൂടെയും വിവരം ജനങ്ങളിലെത്തിയ്ക്കാനാവും. ആദ്യ വിലയിരുത്തലുകളിൽ ചില വ്യത്യാസങ്ങൾ സി.പി.എം. പിന്നീട് വരുത്തുകയുണ്ടായി. പാർട്ടിയ്ക്കും ജനങ്ങൾക്കുമിടയിൽ അകൽച്ച ഉണ്ടായതായി ഇപ്പോൾ പാർട്ടി അംഗീകരിക്കുന്നുണ്ട്. എന്നാൽ ഈ അകൽച്ച എങ്ങനെയുണ്ടായെന്ന് വിശദീകരിച്ചു കണ്ടില്ല. കുറേക്കൂടി സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്തിയാൽ എന്താണ് നടക്കുന്നതെന്ന് മനസിലാക്കാനാവാഞ്ഞതിനാലല്ല, മനസിലായതുകൊണ്ടാണ്, ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നതെന്ന് വ്യക്തമാകും. ഇവിടെയാണ് നിയമനത്തട്ടിപ്പ് സംബന്ധിച്ച് പുറത്തു വന്നിട്ടുള്ള വസ്തുതകളുടെ പ്രസക്തി.
നേരത്തെ കേരള സർവകലാശാലയിലെ നിയമനങ്ങളിൽ തിരിമറി നടന്നതായി ലോകായുക്ത കണ്ടെത്തുകയും ചില നടപടികൾ ശിപാർശ ചെയ്യുകയും ചെയ്തിരുന്നു. നടപടി ഉണ്ടായില്ല. പിന്നീട് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തി. കോടതി നടത്തിയ അന്വേഷണം ലോകായുക്തയുടെ കണ്ടെത്തൽ ശരിവെയ്ക്കുന്നതാണെന്നാണ് റിപ്പോർട്ട്. പാർട്ടിക്കുവേണ്ടി സർവകലാശാല ഭരിക്കുന്നവർ ഏതാനും പേർ പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്കും പോഷകസംഘടനകളുടെ നേതാക്കൾക്കും ജോലി തരപ്പെടുത്തിയെന്ന് അന്വേഷണങ്ങളിൽ വെളിപ്പെട്ടു. ഇത്തരം തിരിമറികളെക്കുറിച്ച് ജനങ്ങൾ മനസിലാക്കുന്നത് അന്വേഷണ റിപ്പോർട്ടുകളിലൂടെയല്ല, സ്വന്തം അനുഭവങ്ങളിലൂടെയാണ്. ലക്ഷക്കണക്കിനാളുകൾ ജോലിയന്വേഷിച്ചു നടക്കുന്ന നാടാണിത്. ജോലി കിട്ടാതെ വരുമ്പോൾ ആർക്കാണ് കിട്ടിയതെന്ന് അവർ അന്വേഷിക്കും. അപ്പോൾ രാഷ്ട്രീയസ്വാധീനമുള്ളവർക്കാണ് കിട്ടിയതെന്ന് അവർ മനസിലാക്കും. പാർട്ടി വേണ്ടപ്പെട്ടവർക്ക് തരപ്പെടുത്തിക്കൊടുക്കുന്ന ഓരോ ജോലിയിലൂടെയും നേടുന്നതിലേറെ വോട്ടുകൾ അതോടെ നഷ്ടപ്പെടും.
അല്പം സ്വജനപക്ഷപാതമൊക്കെ കേരളം പോലെ ഫ്യൂഡൽ സ്വാധീനത്തിൽ നിന്ന് പൂർണ്ണമോചനം നേടിയിട്ടില്ലാത്ത ഒരു നാട്ടിൽ പ്രതീക്ഷിക്കാവുന്നതാണ്. ഇഷ്ടജനങ്ങളെ സഹായിക്കാനായി ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൊത്തത്തിൽ നശിപ്പിച്ചതായാണ് സർവകലാശാലാ നിയമനം സംബന്ധിച്ച അന്വേഷണത്തിൽ വെളിപ്പെട്ടത്. അതിനുത്തരവാദികൾ ആരാണെന്ന് വ്യക്തമായിട്ടും അവർക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല. പാർട്ടിയുടെ അറിവോടും സമ്മതത്തോടുമാണ് തിരിമറി നടന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പബ്ലിക് സർവീസ് കമ്മിഷൻ സ്ഥാനങ്ങൾ ഭരണകക്ഷികൾ വീതിച്ചെടുക്കുകയാണ് പതിവ്. കമ്മിഷൻ നടത്തുന്ന പരീക്ഷകളിൽ ക്രമക്കേടുകൾ നടക്കുന്നതായി ആരോപണമുണ്ട്. പരീക്ഷ എഴുതാതെ തന്നെ ജോലി തരപ്പെടുത്താൻ കഴിയുന്ന സാഹചര്യം നിലനിൽക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ജനങ്ങളെ ഭരണകക്ഷികളിൽ നിന്ന് അകറ്റാൻ ഇതൊക്കെ പോറേ?
റാഡിയാ ടേപ്പുകളിലൂടെ വെളിപ്പെട്ടത് അത്യുന്നതങ്ങളിലെ അഴിമതിയാണ്. ടെലിഫോൺ കുംഭകോണം സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്ന ജെ. ഗോപീകൃഷ്ണൻ എന്ന ലേഖകൻ തന്നെ ആ വിഷയത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി മന്ത്രി 20 കൊല്ലത്തെ ശമ്പളത്തിനു തുല്യമായ തുക വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ട്. അഴിമതി നടത്തുന്നവർ അത് പൂഴ്ത്തിവെക്കാൻ കൂടുതൽ തെറ്റ് ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. വിക്കിലീക്സിനു ചോർത്തിക്കിട്ടിയ മുഴുവൻ വിവരങ്ങളും നീരാ റാഡിയയുടെ ടേപ്പു ചെയ്യപ്പെട്ട സംഭാഷണങ്ങളും പൂർണ്ണമായും പുറത്തുവന്നിട്ടില്ല. ഒരുപക്ഷെ നിയമനത്തട്ടിപ്പിന്റെ കാര്യത്തിലും എല്ലാ വിവരങ്ങളും പുറത്തുവന്നിട്ടുണ്ടാവില്ല. പക്ഷെ ഒന്ന് വ്യക്തമാണ്. എല്ലാ ഭരണകൂടങ്ങളും ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ കൊല്ലത്തെ ചോർച്ചകൾ സാക്ഷ്യപ്പെടുത്തുന്നു. ജാഗ്രത പുലർത്താത്ത സമൂഹങ്ങളുടെ വിധിയാണിത്.
(ഇന്ത്യാ ടുഡെ, ജനുവരി 12, 2011)
