Showing posts with label C.R.Neelakandan. Show all posts
Showing posts with label C.R.Neelakandan. Show all posts

Monday, January 24, 2011

കേരളീയത്തിന്റെ കരുണാകരൻ പതിപ്പ്

തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന കേരളീയം മാസികയുടെ ജനുവരി ലക്കം കെ. കരുണാകരന്റെ കാലത്തേക്ക് തിരിഞ്ഞുനോക്കുന്ന നിരവധി ലേഖനങ്ങൾ അടങ്ങുന്ന പ്രത്യേക പതിപ്പാണ്.

“എന്തുകൊണ്ട് കരുണാകരൻ, എന്തുകൊണ്ട് കരിങ്കാലി, എന്തുകൊണ്ട് കരിങ്കാലം“ എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ പ്രസാധകൻ പറയുന്നു: “കരുണാകരൻ ഒരു വ്യക്തിയല്ല. അനേകം പേർ ആരാധിക്കുന്ന ഒരു പ്രസ്ഥാനമാണ്. അദ്ദേഹത്തിന്റെ ജീവിതവും ഭരണവും മരണത്തോടെ അവസാനിക്കുന്നില്ല. കരുണാകരന്റെ ശവഘോഷയാത്രയും അമിത ആദരവോടെയുള്ള അനുസ്മരണവും കേരളീയസമൂഹത്തെക്കുറിച്ച് ഉയർത്തിയ ആശങ്കയാണ് ഈ പതിപ്പിന്റെ ആദ്യ പ്രേരണ. മരിച്ചാലും മറക്കാൻ പാടില്ലാത്ത ചില മുറിവുകളുണ്ട്. ആ ഓർമ്മകൾ ഇന്നത്തെ വെല്ലുവിളികളെ നേരിടാനും ഭാവിയെ സാധ്യമാക്കാനും സഹായകരമാകുമെന്ന പ്രതീക്ഷയിൽ വായനക്കാർക്ക് സമർപ്പിക്കുന്നു.”

“മറക്കരുത്, പൊറുത്തോളൂ“. ഇത് ഗസ്റ്റ് എഡിറ്റോറിയൽ. എഴുതുന്നത് ടി.എൻ. ജോയി. “അടിയന്തിരാവസ്ഥയും ഫാസിസ്റ്റ് ഭരണവും മറന്നുള്ള കരുണാകര വിലാപം വിഷമാണ്.”

ലേഖനങ്ങളിൽ ചിലത്:
നിർഗുണനായകൻ -- എം.ജി. രാധാകൃഷ്ണൻ
ആയിരം വളവുള്ള കാഞ്ഞിരമരം -- പി.സി. ഉണ്ണിച്ചെക്കൻ
സമനില തെറ്റിയവരുടെ കേരളം -- സി.ആർ. പരമേശ്വരൻ
പി.കൃഷ്ണപിള്ളയേക്കാൾ നമുക്കിഷ്ടം പിണറായി വിജയനെ! – സിവിക് ചന്ദ്രൻ
വികസനം കരുണാകരൻ സ്റ്റൈൽ --സി.ആർ. നീലകണ്ഠൻ
സുകൃതക്ഷയത്തിന്റെ ലക്ഷണമൊത്ത പ്രതിനിധി – കെ.പി. സേതുനാഥ്
കരുണാകരൻ: മിത്തും ചരിത്രവും – എസ്. ഭാസുരേന്ദ്രബാബു
കളിമൺ വിഗ്രഹത്തിന്റെ സ്വർണ്ണചാർത്ത് – നിരഞ്ജൻ
അടിയന്തിരാവസ്ഥയും നിഷ്കളങ്ക മലയാള സിനിമയും – കെ.പി. ജയകുമാർ

മുൻ മാതൃഭൂമി ജീവനക്കാരി പാറുക്കുട്ടിയമ്മ (“പാവം രാജന് അങ്ങനെയൊരു വിധിയുണ്ടായി”), അടിയന്തിരാവസ്ഥ തടവുകാരനായിരുന്ന ശംഭുദാസ് കെ (“കരുണാകരൻ നേതൃത്വം കൊടുത്ത ഉരുട്ടൽ വിദ്യ“) എന്നിവരുമായി നടത്തിയ സംഭാഷണങ്ങളെ അടിസ്ഥാനമാക്കി മുകുന്ദനുണ്ണി തയ്യാറാക്കിയ രണ്ട് ലേഖനങ്ങളും ഇതിലുണ്ട്.

കവിതകൾ:
പേരിടുന്നെങ്കിൽ… --റഫീക്ക് അഹമ്മദ്
പൊറുതികേട് – വി. മോഹനൻ

ഒറ്റപ്രതി വില 20 രൂപ

കെ.എസ്. പ്രമോദ് ആണ് കേരളീയത്തിന്റെ പ്രസാധകനും പത്രാധിപരും.
മേൽ‌വിലാസം:
കേരളീയം,
കൊക്കാലെ,
തൃശ്ശൂർ 21

ഫോൺ 0487-2421385 9446576943
ഇമെയിൽ: keraleeyamtcr@rediffmail.com

Wednesday, June 23, 2010

സി.ആർ.നീലകണ്ഠൻ വീണ്ടും പൊതുവേദിയിൽ


ആക്രമണത്തിൽ പരിക്കേറ്റ സി.ആർ.നീലകണ്ഠൻ മാധ്യമങ്ങളോട് സംസാരിക്കുന്നു. (Photo: Courtesy Asianetindia.com)

കഴിഞ്ഞ മാസം പാലേരിയിൽ പ്രസംഗിക്കാനെത്തിയപ്പോൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റ പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകൻ സി. ആർ. നീലകണ്ഠൻ വീണ്ടും പൊതുവേദിയിലെത്തി. കഴിഞ്ഞ നാലാഴ്ചക്കാലം അദ്ദേഹം ചികിത്സയിലായിരുന്നു.

മേയ് 20നായിരുന്നു ഡി.വൈ.എഫ്.ഐ.ക്കാർ നീലകണ്ഠനെ ആക്രമിച്ചത്. അന്ന് പരിക്കുകളോടെ കോഴിക്കോട്ട് ആശുപതിയിൽ പ്രവേശിപ്പിച്ച അദ്ദേഹം പ്രാഥമിക ചികിത്സയ്ക്കുശേഷം എറണാകുളത്തെ ഒരാശുപതിയിലേക്ക് മാറ്റപ്പെട്ടു. അത് വിട്ടശേഷം അദ്ദേഹം ആയുർവേദ ചികിത്സയിലായിരുന്നു.

കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി “ഭൂമിയുടെ രാഷ്ട്രീയം” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു.

സെമിനാർ അദ്ധ്യക്ഷനും ഏകോപന സമിതി വൈസ്ചെയർമാനുമായ ടി.കെ.വിനോദൻ നീലകണ്ഠനെ പൊന്നാട അണിയിച്ചു.

സെമിനാർ ഉത്ഘാടനം ചെയ്ത വി.എം.സുധീരൻ നീലകണ്ഠനെതിരായ ആക്രമനത്തെ അപലപിച്ചു. ആശയങ്ങളെ നേരിടേണ്ടത് ആശയങ്ങൾ കൊണ്ടാണ്, അക്രമം കൊണ്ടല്ല, എന്ന് അദ്ദേഹം പറഞ്ഞു.