Thursday, April 2, 2009

അമേരിക്കയിലെ കൂട്ടക്കൊല: ദുരൂഹത തുടരുന്നു

വയനാട്ടില്‍ നിന്ന് അമേരിക്കയിലെ കാലിഫോര്‍ണിയയിലേക്ക് കുടിയേറിയ ആര്‍. ദേവരാജന്‍ സ്വന്തം മക്കളുള്‍പ്പെടെ അഞ്ചു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം സ്വയം വെടിവെച്ചു മരിച്ച സംഭവത്തിലെ ദുരൂഹത അകറ്റാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അവിടെനിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ പത്രങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പേര് രാഘവന്‍ ദേവരാജന്‍ എന്നല്ല, ദേവന്‍ കളത്തട്ട് എന്നാണ്. യാഹൂ കമ്പനിയില്‍ സോഫ്ട്വെയര്‍ ഇഞ്ചിനീയര്‍ ആയിരുന്ന അദ്ദേഹം 2002ല്‍ രേഖകളില്‍ പേര് മാറ്റിയിരുന്നത്രെ.

സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് നമ്മുടെ മാധ്യമങ്ങള്‍ സൂചിപ്പിച്ചത്. എന്നാല്‍ കുടുംബപരമായ കാരണങ്ങളാണെന്നാണ് അമേരിക്കന്‍ പൊലീസ് സംശയിക്കന്നതെന്ന് സാന്‍ ഫ്രാന്‍സിസ്കോ പത്രം പറയുന്നു.

വാര്‍ത്ത: Family dynamics probed in Santa Clara slayings

ന്യൂ അമേരിക്കാ മീഡിയയുടെ രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി കാണുക:

Murder-Suicide in Suburbia: 'Wake-Up Call' for Indian Americans


The Dark Twin of Our American Dream

Tuesday, March 31, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ

കേരളശബ്ദം വാരികയിൽ ഞാൻ ആറ് പതിറ്റാണ്ടുകാലത്തെ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ രേഖപ്പെടുത്തുന്നു. ആദ്യം കേവലം കാഴ്ചക്കാരനായി. പിന്നെ പോളിങ് ഏജന്റ്റായി. അതിനുശേഷം പത്രങ്ങൾ, വാർത്താ ഏജൻസി, ടെലിവിഷൻ ചാനൽ എന്നിങ്ങനെ വ്യത്യസ്ത മാദ്ധ്യമങ്ങൾക്കുവേണ്ടി തെരഞ്ഞെടുപ്പ് കവർ ചെയ്ത അനുഭവങ്ങൾ. കേരളം മുതൽ കാശ്മീർ വരെ പല സംസ്ഥാനങ്ങളിലേയും ന്യൂ ഡൽഹിയിലേയും വൈവിധ്യപൂർണ്ണമായ അനുഭവങ്ങൽ.

കേരളശബ്ദത്തിന്റെ കഴിഞ്ഞയാഴ്ച ഇറങ്ങിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ആദ്യ ലേഖനം Babu Bhaskar Google Groupൽ വായിക്കാവുന്നതാണ്.

Sunday, March 29, 2009

പാകിസ്ഥാനും നമ്മളും

ഇന്ത്യയും അയൽരാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങളുടെ ഗൌരവം മനസ്സിലാക്കാൻ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ വസ്തുതകൾ കണക്കിലെടുക്കേണ്ടതുണ്ട്.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മാർച്ച് 29-ഏപ്രിൽ 4, 2009 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ‘വിതച്ചത് കാറ്റ്, കൊയ്യുന്നത് കൊടുങ്കാറ്റ്’ എന്ന ലേഖനത്തിൽ അതിനുള്ള ഒരു ശ്രമമാണ് ഞാൻ നടത്തുന്നത്.

ലേഖനത്തിന്റെ മൂലരൂപം Babu Bhaskar Google Group സൈറ്റിൽ

Saturday, March 28, 2009

കെ.കെ.രാഗേഷിന്റെ വെബ്‌സൈറ്റ്



കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. കെ. രാഗേഷ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വെബ്‌സൈറ്റ് തുറന്നിരിക്കുന്നു.

URL: http://ldfkannur.org/

ശശി തരൂർ: ബൂലോകം രണ്ട് തട്ടിൽ


‘Bloggers for Shashi Tharoor’ എന്നൊരു ക്യാമ്പെയ്ന്‍ തുടങ്ങിയിരിക്കുന്നതായി തിരുവനന്തപുരം ബ്ലോഗ്ഗര്‍ കെന്നി ജേക്കബ് അറിയിക്കുന്നു.

ഒരു രാഷ്ട്രീയ കക്ഷിക്കുവേണ്ടിയുള്ള ക്യാമ്പെയ്ന്‍ അല്ല ഇതെന്നും ശശി തരൂര്‍ ഇതുവരെ നാം കണ്ടതില്‍ നിന്ന് വ്യത്യസ്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കെന്നി പറയുന്നു.

ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം എന്താണെന്ന് ഏതാനും ദിവസം മുമ്പ് ഒരു വാരികയുടെ പ്രതിനിധി അന്വേഷിക്കുകയുണ്ടായി. തിരുവനന്തപുരം പോലെയുള്ള ഒരു മണ്ഡലത്തിന് പറ്റിയ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമെന്ന് ഞാന്‍ പറഞ്ഞു. കാരണം പാര്‍ട്ടിക്കും മുന്നണിക്കും പുറത്തുനിന്ന് പിന്തുണ നേടാന്‍ അദ്ദേഹത്തിന്റെ പശ്ചാത്തലം സഹായകമാകും. എന്നാല്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെയുള്ള ഒരു കക്ഷി ഏത് അത്താണിയെ നിര്‍ത്തിയാലും (പഴയ കാലത്തെ കുറ്റിച്ചൂല്‍ പ്രയോഗം ബോധപൂര്‍വം ഒഴിവാക്കുന്നു) അതിന്റെ തെരഞ്ഞെടുപ്പ് യന്ത്രത്തിന് പാര്‍ട്ടിയുടെ വോട്ടുകള്‍ അയാള്‍ക്ക് ലഭിക്കുന്നെന്ന് ഉറപ്പാക്കാനാകും. കാരണം ആ യന്ത്രത്തിന്റെ നിയന്ത്രണം പാര്‍ട്ടിയുടെ കയ്യിലാണ്. . (അച്യുതാനന്ദന്റെ മാരാരിക്കുളം അനുഭവം ചട്ടത്തെ തെളിയിക്കുന്ന അപവാദമായി കാണാം) കോണ്‍ഗ്രസ്സിനെപ്പോലുള്ള ഒരു കക്ഷിയില്‍ നേതാക്കള്‍ വ്യക്തിപരമായാണ് യന്ത്രം നിയന്ത്രിക്കുന്നത്. നേതാക്കളുടെ പൂര്‍ണ്ണ പിന്തുണയില്ലെങ്കില്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ കിട്ടിയില്ലെന്നിരിക്കും.

വളരെ നേരത്തെ തന്നെ ഗ്രന്ഥകാരനെന്ന നിലയില്‍ സ്വന്തം വെബ്‌സൈറ്റ് ഉള്ളയാളാണ് ശശി തരൂര്‍. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഒരു തെരഞ്ഞെടുപ്പ് സൈറ്റ് തുടങ്ങിയിട്ടുണ്ട്. അവിടെ സ്ഥാനാര്‍ത്ഥിയുടെ ‘ഫാന്‍’ ആകാനും പിന്തുണ നല്‍കാനുമൊക്കെയുള്ള സംവിധാനമുണ്ട്.

ഗ്രന്ഥകാരനായ ശശി തരൂറിന്റെ സൈറ്റ്

സ്ഥാനാര്‍ത്ഥിയായ ശശി തരൂറിന്റെ സൈറ്റ്

തരൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ബൂലോകത്തെ രണ്ട് തട്ടുകളിലാക്കിയിരിക്കുകയാണ്. കെന്നിയും കൂട്ടരും അദ്ദേഹത്തിന് അനുകൂലമായി എഴുതുമ്പോള്‍ അദ്ദേഹത്തിനെതിരെയും ബ്ലോഗര്‍മാര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്.
സ്വാര്‍ത്ഥതാല്പര്യങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന ആരോപണം ചിലര്‍ ഉന്നയിക്കുന്നുണ്ട്. യു. എന്‍. സെക്രട്ടറി ജനറല്‍ പദത്തിനുവേണ്ടി അദ്ദേഹം നടത്തിയ ശ്രമം അവര്‍ തെളിവായി ചൂണ്ടിക്കാണിക്കുന്നു.

ഒരു വ്യക്തിയെന്ന നിലയില്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന തരൂര്‍ ജനറല്‍ സെക്രട്ടറി പദം കാംക്ഷിച്ചത് മനസ്സിലാക്കാവുന്നതേയുള്ളു. പക്ഷെ ഇന്ത്യാ ഗവണ്മെന്റിനെ അതിന് കരുവാക്കിയത് തെറ്റായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. അണ്ടര്‍ സെക്രട്ടറി ജനറല്‍ വരെ തരൂര്‍ വഹിച്ച എല്ലാ സ്ഥാനങ്ങളും യു. എന്‍. ബ്യൂറോക്രസിയുടെ ഭാഗമാണ്. സെക്രട്ടറി ജനറലിന്റേത് രാഷ്ട്രീയ-നയതന്ത്ര പദവിയാണ്. ഇതിനുമുമ്പ് ഒരു അണ്ടര്‍ സെക്രട്ടറി ജനറല്‍ മാത്രമാണ് സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ശശീ തരൂറിന്റെ വ്യക്തിപരമായ മോഹത്തിന് കൂട്ടുനില്‍ക്കാനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ തീരുമാനം അപക്വമായിരുന്നു. യു. എന്‍. ചരിത്രം പരിശോധിച്ചാല്‍ ഒരു വലിയ രാജ്യത്തില്‍ നിന്നുള്ളയാള്‍ ഒരിക്കലും സെക്രട്ടറി ജനറലായിട്ടില്ലെന്ന് കാണാം. രക്ഷാ സമിതി അംഗത്വം പ്രതീക്ഷിക്കുന്ന ഇന്ത്യ ആ സ്ഥാനത്തിന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതായിരുന്നു.

ഇസ്രയേല്‍, കോക്കാ കോള തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിലും തരൂര്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.

എതിരാളികളുടെ വാദങ്ങളില്‍ ചിലത് ഈ സൈറ്റുകളില്‍ വായിക്കാം.
http://un-truth.com/israel/for-fans-of-shashi-tharoor-he-says-that-india-envies-israel-for-its-gaza-operation

http://shevlinsebastian.blogspot.com/2008/02/kerala-is-fitfully-moving-in-right.html


http://www.facebook.com/group.php?gid=144116935382


http://www.indiaresource.org/campaigns/coke/2009/ircresponse.html

Wednesday, March 25, 2009

മാദ്ധ്യമങ്ങളുടെമേൽ സമ്മർദ്ദ ഗ്രൂപ്പുകളുടെ സ്വാധീനം

കേരള സർവകലാശാലയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗത്തിന്റെ ക്ഷണം സ്വീകരിച്ച് ഞാൻ ഇന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രഭാഷണം നടത്തുകയുണ്ടായി.

‘മാദ്ധ്യമങ്ങളുടെമേൽ സമ്മർദ്ദ ഗ്രൂപ്പുകളുടെ സ്വാധീനം’ എന്നതായിരുന്നു വിഷയം.

പ്രഭാഷണത്തിന്റെ പൂർണ്ണരൂപം Babu Bhaskar Google Group സൈറ്റിൽ ലഭ്യമാണ്.

Tuesday, March 24, 2009

ഇടതുസ്വഭാവമില്ലാത്ത ഇടതുപക്ഷം

ജനശക്തി പ്രസിദ്ധീകരിച്ച ‘ഇടതു സ്വഭാവമില്ലാത്ത ഇടതുപക്ഷം’ എന്ന ലേഖനത്തിന്റെ മൂലരൂപം എന്റെ ഗൂഗിള്‍ ഗ്രൂപ്പില്‍ കൊടുക്കുന്നു.

ലിങ്ക് ഇതാ