Showing posts with label Gay Rights. Show all posts
Showing posts with label Gay Rights. Show all posts

Friday, July 17, 2009

ലൈംഗിക ന്യൂനപക്ഷങ്ങളും മനുഷ്യാവകാശങ്ങളും

ഒടുവിൽ അത് സംഭവിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് അനുകൂലമായി ഒരു ചെറിയ ശബ്ദം തിരുവനന്തപുരത്തും ഉയർന്നു.

മഴവില്ല് എന്ന പേരിലുള്ള ലൈംഗിക ന്യൂനപക്ഷ അവകാശ സംരക്ഷണ കൂട്ടായ്മ ആഹ്വാനം ചെയ്തതനുസരിച്ച് ഏതാനും പേർ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ ഒത്തുചേർന്നു. കൂടുതലും സ്ത്രീകളായിരുന്നു. അവർ മുദ്രാവാക്യങ്ങളെഴുതിയ പ്ലാക്കാർഡുകൾ പിടിച്ചിരുന്നു.

“സ്വവർഗ്ഗ ലൈംഗികത കുറ്റകരമോ?” എന്ന തലക്കെട്ടിലുള്ള ഒരു ലഘുലേഖ പ്രകടനക്കാർ വിതരണം ചെയ്തു.

കേരളത്തിൽ, പ്രത്യേകിച്ചും തലസ്ഥാന നഗരിയിൽ, മനുഷ്യാവകാശങ്ങളുടെ പേരിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവരിൽ ഒരു വലിയ വിഭാഗം വിവിധ ജാതിമത വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളിൽ പെട്ടവരാണ്. എല്ലാ മതസ്ഥാപനങ്ങളും സ്വവർഗ്ഗലൈംഗികതയെ ശക്തമായി എതിർക്കുന്നതുകൊണ്ട് ആ വിഭാഗം മഴവില്ല് കൂട്ടായ്മയിൽ നിന്ന് ഒഴിഞ്ഞുമാറി.

കൂട്ടായ്മ വിതരണം ചെയ്ത ലഘുലേഖ “എന്തുകൊണ്ടാണ് ഭൂരിപക്ഷവും മൌനം പാലിക്കുന്നത്?” എന്ന ചോദ്യം ഉന്നയിക്കുകയും ഈ വിശദീകരണം നൽകുകയും ചെയ്യുന്നു: “ന്യൂനപക്ഷങ്ങളെന്ന പേരിൽ അവകാശങ്ങൾ പിടിച്ചുവാങ്ങുന്നവരാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കെതിരെ ഏറ്റവും അധികം ശബ്ദമുയർത്തുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ സ്വയം അവരോധിച്ച ഈ കാവൽക്കാരുടെ ശബ്ദം മാത്രമാണ് ഇന്ന് നാം കേൾക്കുന്നത്. മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്ന വലിയ വിഭാഗം ആൾക്കാരുടെ മൌനം അത്യന്തം അപകടകരമാണ്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നേടാൻ ഇനിയും ഒട്ടേറെ കടമ്പകളുണ്ട്. സമൂഹം നിർണ്ണയിക്കുന്ന ലൈംഗികതയുടെ അതിർവരമ്പുകളിൽ പൊരുത്തപ്പെടാൻ ശീലിക്കപ്പെട്ടതുകൊണ്ട് ഭൂരിപക്ഷത്തിനും ഈ വിഷയം ചർച്ചചെയ്യുന്നത് തന്നെ അസ്വസ്ഥത സൃഷ്ടിക്കുന്നു. എതിർലിംഗ ലൈംഗികത പോലും ആരോഗ്യകരമായി ചർച്ച ചെയ്യാൻ സാധിക്കാത്ത ഈ അവസ്ഥ മാറേണ്ടതുണ്ട്. മാറിവരുന്ന സാമൂഹ്യയാഥാർത്ഥ്യങ്ങളുടെ നേരെ മനസ്സും കണ്ണും തുറന്ന് ഇരുന്നാൽ മാത്രമെ മനുഷ്യാവകാശങ്ങളെ മാനിക്കുന്ന നീതിയും തുല്യതയും അംഗീകരിക്കുന്ന ഇന്ത്യൻ സംസ്കാരം ഉരിത്തിരിയൂ.”

കൂട്ടായ്മ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോൾ, ലൈംഗികതയെ സംബന്ധിക്കുന്ന മതങ്ങളുടെ സമീപനം പല കാര്യങ്ങളെക്കുറിച്ചും പരിമിതമായ അറിവ് മാത്രമുണ്ടായിരുന്ന കാലത്ത് രൂപപ്പെട്ടതാണെന്ന് ഞാൻ ചൂണ്ടിക്കാണിച്ചു. രോഗം ഉണ്ടാകുന്നതും പടരുന്നതും എങ്ങനെയെന്ന് അറിവില്ലാതിരുന്ന മനുഷ്യൻ അത് ദൈവകോപം കൊണ്ടാണുണ്ടാകുന്നതാണെന്ന് വിശ്വസിച്ചു. ഒരാൾ ഏത് മതത്തിൽ വിശ്വസിക്കുന്നുവെന്നതിന് അയാളുടെ മനുഷ്യാവകാശങ്ങൾ നിർണ്ണയിക്കുന്നിടത്ത് പ്രസക്തിയില്ലാത്തതുപോലെ ഒരാളുടെ ലൈംഗികാഭിമുഖ്യം എന്താണെന്നതിനും മനുഷ്യാവകാശങ്ങൾ നിർണ്ണയിക്കുന്നിടത്ത് പ്രസക്തിയില്ല.

സ്വവർഗ്ഗരതി ജീവപര്യന്തം തടവു വരെ നൽകാവുന്ന് ക്രിമിനൽ കുറ്റമാക്കുന്ന നിയമം ഒന്നര നൂറ്റാണ്ട് മുമ്പ് ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന സദാചാരബോധത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലീഷുകാർ എഴുതിയുണ്ടാക്കിയതാണ്. അത് എടുത്തു കളയാനുള്ള നിർദ്ദേശം മുന്നോട്ടുള്ള ഒരു ചെറിയ കാൽവെയ്പ് മാത്രമാണ്.