Showing posts with label Election. Show all posts
Showing posts with label Election. Show all posts

Tuesday, March 10, 2009

ഉപകാരവും പ്രത്യുപകാരവും

അബ്ദുൾ നാസർ മ്‌അദനിയുടെ പൊന്നാനി പദ്ധതി അനിശ്ചിതാവസ്ഥയിൽ കിടക്കുമ്പോഴാണ് ഈ വരികൾ എഴുതുന്നത്. മ്അദനിയുടെ മനസ്സിലുണ്ടായിരുന്ന സ്ഥാനാർത്ഥിക്കു പകരം അദ്ദേഹത്തിനു സ്വീകാര്യനായ മറ്റൊരാളെ സി.പി.എം മുജാഹിദ് വിഭാഗത്തിൽനിന്ന് കണ്ടെത്തുകയായിരുന്നെന്നാണ് മാദ്ധ്യമങ്ങളിൽനിന്ന് മനസ്സിലാക്കാനാകുന്നത്.

മ്‌അദനിയും സി.പി.എമ്മും കൂടി ‘പൊതു സ്വതന്ത്രനെ’ അവതരിപ്പിച്ചപ്പോൾ തങ്ങളുടെ സീറ്റുകളുടെ എണ്ണം നാലിൽനിന്ന് മൂന്നായി ചുരുങ്ങിയതാണ് സി.പി.ഐ.യെ ചൊടിപ്പിച്ചതെന്ന് തോന്നുന്നു.

മ്‌അദനി ഒരു സീറ്റ് ചോദിച്ച് എൽ.ഡി.എഫിനെ വെട്ടിലാക്കിയപ്പോൾ ടോം വടക്കന് സീറ്റ് വാങ്ങിക്കൊടുക്കാനിറങ്ങിത്തിരിച്ച തൃശ്ശൂർ ആർച്ച്ബിഷപ്പ് യു.ഡി.എഫിനെ വെട്ടിലാക്കി.

ഇങ്ങോട്ട് സഹായിക്കുന്നവരെ അങ്ങോട്ട് സഹായിക്കുന്നതാണ് എസ്.എൻ.ഡി.പി.യുടെ നയമെന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. ഏതാണ്ട് ഇതേ വാക്കുകൾ തന്നെയാണ് എൻ.എസ്.എസ്. തിരുവനന്തപുരത്ത് നായർ മഹാസമ്മേളനവും ശക്തിപ്രകടനവും നടത്തിയപ്പോൾ പി.കെ.നാരായണ പണിക്കരും പറഞ്ഞത്.

സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുന്നത് കാലാകാലമായി മനുഷ്യർ ചെയ്തുവരുന്ന കാര്യമാണ്. ആ സമീപനത്തിൽ തെറ്റ് കാണാനാവില്ല. എന്നാൽ ആരിൽനിന്ന് ആർക്ക് ലഭിച്ച എന്ത് ഉപകാരത്തിന് പ്രത്യുപകാരമായാണ് ഏതെങ്കിലും കക്ഷിയെയൊ മുന്നണിയെയൊ സഹായിക്കുന്നതെന്ന് വെളിപ്പെടുത്താൻ വോട്ട് ബാങ്കുടമകൾ തയ്യാറാകണം.