Friday, June 14, 2019


പൊലീസ് മജിസ്ട്രേറ്റ്​ ആകേണ്ട 
ബി.ആർ.പി. ഭാസ്​കർ


എല്‍.ഡി.എഫ് സര്‍ക്കാര്‍ ആദ്യം ശരിയാക്കാന്‍ ശ്രമിച്ചത് പോലീസിനെയാണ്. ഡി.ജി.പിയോട് കടക്ക് പുറത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. പക്ഷെ ആ ഉദ്യോഗസ്ഥനെ മാറ്റാന്‍ കോടതി സമ്മതിച്ചില്ല. അതുകൊണ്ട് ഇഷ്ടപ്പെട്ടയാളെ കസേരയില്‍ ഉറപ്പിച്ചിരുത്താന്‍ മറ്റേ ഉദ്യോഗസ്ഥന്‍ വിരമിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. നിരന്തരം അഴിച്ചുപണി നടക്കുന്ന ഒരു വകുപ്പാണ് പൊലീസ്. കഴിഞ്ഞയാഴ്ച്ചയും 46ഐ.പി.എസുകാരുടെ കൂട്ട സ്ഥലംമാറ്റമുണ്ടായി. 
ഇത്തവണ അഴിച്ചുപണിക്കൊപ്പം സര്‍ക്കാര്‍ തിരുവനന്തപുരത്തും എറണാകുളത്തും പൊലീസ് കമ്മിഷണറേറ്റുകള്‍ സ്ഥാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി. ലോക്നാഥ് ബെഹ്രയും മുഖ്യമന്ത്രിയുടെ പൊലീസുകാര്യ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും പങ്കെടുത്ത യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് കമ്മിഷണര്‍മാരായി നിയമിച്ചിട്ടുള്ളത്. പൊലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നേരത്തെ തന്നെ ഐ.ജിമാരുള്ള സ്ഥലങ്ങളാണ് തിരുവനന്തപുരവും എറണാകുളവും. അപ്പോള്‍ കമ്മിഷണറേറ്റുകള്‍ രൂപീകരിച്ചത് എന്തിനാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ നല്‍കി. സര്‍ക്കാര്‍ കമ്മിഷണര്മാര്‍ക്ക് മജിസ്ട്രേട്ടുമാരുടെ അധികാരം നല്കാന്‍ ഉദ്ദേശിക്കുന്നു. ഐ.ജിമാര്‍ക്ക് ആ അധികാരം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. കമ്മിഷണര്മാര്‍ക്ക് അത് നല്‍കാന്‍ വ്യവസ്ഥയുണ്ട്.
കമ്മിഷണറേറ്റ് സംവിധാനം വളരെ പഴക്കമുള്ള ഒന്നാണ്. ബ്രിട്ടീഷുകാര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ അത് ആദ്യമായി മുംബായില്‍ ഏര്‍പ്പെടുത്തി. വന്‍നഗരത്തിലെ ജനസംഖ്യയും കുറ്റനിരക്കും കണക്കിലെടുക്കുമ്പോള്‍ തലപ്പത്ത് എസ്.പിയേക്കാള്‍ ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥന്‍ ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണര്‍ പദവി  രൂപകല്‍പന ചെയ്യപ്പെട്ടത്. കൊളോണിയല്‍ ഭരണം 1947ഒഗസ്റ്റ് 15ല്‍ അവസാനിക്കുന്നതു വരെ വെള്ളക്കാര്‍ മാത്രമേ ആ സ്ഥാനം വഹിച്ചിരിന്നുള്ളു. ഇപ്പോള്‍ ഡല്‍ഹി ഉള്‍പ്പെടെ പല വന്‍നഗരങ്ങളിലും കമ്മിഷണറേറ്റ് സംവിധാനം നിലവിലുണ്ട്.
വര്‍ദ്ധിച്ച ജനസംഖ്യയും കുറ്റനിരക്കും നമ്മുടെ വന്‍നഗരങ്ങളിലെ പൊലീസ് സംവിധാനത്തിന്റെ പരിഷ്കരണം ആവശ്യപ്പെടുന്നെങ്കില്‍ സര്‍ക്കാരിനു അതുമായി മുന്നോട്ട് പോകാവുന്നതാണ്. പക്ഷെ അതിന്റെ മറവില്‍ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് മജിസ്ട്രേട്ടുമാരുടെ അധികാരങ്ങള്‍ നല്കാനുള്ള തീരുമാനം ദുരുപദിഷ്ടമാണ്. സര്‍ക്കാര്‍ അത് പുന:പരിശോധിക്കാന്‍ തയ്യാറാകണം.  
ഭരണപരമായ (എക്സിക്യൂട്ടീവ്) അധികാരവും നീതിന്യായപരമായ (ജുഡിഷ്യല്‍) അധികാരവും ഒന്നിച്ചു കൊണ്ടുപോകാന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. അതേസമയം നമ്മുടെ നിയമ സംവിധാനത്തില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് എന്നൊരു വിഭാഗമുണ്ട്. ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ ക്രിമിനല്‍ നടപടിക്രമം സംബന്ധിച്ച നിയമത്തിനു പകരമായി പാര്‍ലമെന്‍റ് പാസാക്കിയ ക്രിമിനല്‍ പ്രോസീജുയര്‍ കോഡ്(സിആര്‍.പി.സി) കൊളോണിയല്‍ നിയമത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണ്. ഓരോ ജില്ലയിലും വന്‍നഗരത്തിലും ഉചിതമെന്നു കരുതുന്നത്ര എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരെയും ഒരു ജില്ലാ മജിസ്ട്രേട്ടിനെയും നിയമിക്കാന്‍സിആര്‍.പി.സിയുടെ 20ആം വകുപ്പ് സട്ക്കാരിനു അധികാരം നല്‍കുന്നു.
സാഹചര്യങ്ങള്‍ അടിയന്തിരമായി വിലയിരുത്തി പൊതുസമാധാനം, ക്രമസമാധാന പരിപാലനം എന്നിവ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കാനുള്ള  അധികാരമാണ് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനുള്ളത്‌. സംഘര്‍ഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുള്ളപ്പോള്‍ ജില്ലാ കളക്ടര്‍ സിആര്‍.പി.സി 144ആം വകുപ്പ് അനുസരിച്ച് നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത് ജില്ലാ മജിസ്ട്രേട്ട് എന്ന നിലയിലാണ്. സ്ഥിതിഗതികള്‍ വിലയിരുത്തി ബലപ്രയോഗം സംബന്ധിച്ച് പോലീസിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരെ നിയോഗിക്കാറുണ്ട്. അവരാണ് വെടിവെയ്പ് പോലുള്ള കടുത്ത നടപടികള്‍ ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത്. 
പോലീസ് കമ്മിഷണര്‍മാര്‍ക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ അധികാരങ്ങള്‍ നല്‍കുന്ന രീതി കണക്കിലെടുത്തുകൊണ്ട് അതിനു തടസമില്ലെന്ന് സിആര്‍.പി.സി 20 (5)വ്യക്തമാക്കുന്നുണ്ടെങ്കിലും നിയമജ്ഞര്‍ക്കിടയില്‍ അത് ആശാസ്യമല്ലെന്ന അഭിപ്രായം വ്യാപകമാണ്. രാജ്യം ഇപ്പോള്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ തീര്പ്പ് പ്രതീക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ കോടതിയുടെ  തീരുമാനം എന്തായിരിക്കുമെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല.
എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് എന്ന നിലയില്‍ ഒരു ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ ജാമ്യം നിഷേധിച്ചതിനെ തുടര്ന്ന്‍ ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലൂടെയാണ് വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയത്. “പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എക്സിക്യുട്ടീവ്‌ മജിസ്ട്രേട്ടുമാരായി പ്രവര്‍ത്തിക്കാനാകുമോ?”   ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. അദ്ദേഹം തന്നെ ഉത്തരവും നല്‍കി. “തീര്‍ച്ചയായും ഇല്ല.”
അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് പൊലീസ് ഉദ്യോഗസ്ഥര്‍ എക്സിക്യുട്ടീവ്‌ മജിസ്ട്രേട്ടു പദവി ദുരുപയോഗം ചെയ്ത നിരവധി സംഭവങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പറയാനുള്ളത്‌ കൂടി കേട്ടശേഷമാകും കോടതി വിധി പ്രസ്താവിക്കുക. പൊലീസുകാരെ മജിസ്ട്രേതട്ട് ആക്കണമെന്ന് കേരള സര്‍ക്കാരിന് കോടതിയോട് പറയാം. പക്ഷേ ആ ആവശ്യം അംഗീകരിക്കാനുള്ള സാധ്യതയില്ലെന്ന് മുന്‍ ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.   
നിയമതത്വങ്ങളുടെ സാങ്കേതികതയിലേക്ക് കടക്കാതെ തന്നെ, സാമാന്യബുദ്ധി ഉപയോഗിച്ചാല്‍, പൊലീസ് ഉദ്യോഗസ്ഥനെ മജിസ്ട്രേട്ട്‌ ആക്കുന്നത് അഭികാമ്യമല്ലെന്നു കാണാനാകും. കടുത്ത നടപടികള്‍ എടുക്കാന്‍ തീരുമാനിക്കുന്നതും അത് നടപ്പാക്കുന്നതും ഒരാളാകുന്നത് കാഞ്ചിപ്രിയരുടെ വളര്‍ച്ചയിലേക്ക് നയിക്കും. ഏറ്റുമുട്ടല്‍ വിദഗ്ദ്ധര്‍ എന്നൊരു വിഭാഗം പല സംസ്ഥാന പൊലീസ് സേനകളിലും ഉയര്‍ന്നു വന്നിട്ടുണ്ട്. 
ഭരണഘടന നല്‍കുന്ന മൌലികാവകാശങ്ങള്‍ മരവിപ്പിച്ചതിന്റെ ഫലമായി പൊലീസിന്റെ മേലുള്ള നിയന്ത്രണം അയഞ്ഞ അടിയന്തിരാവസ്ഥക്കാലത്തെ അനുഭവം മറക്കാന്‍ മുഖ്യമന്ത്രിയായ പിണറായി വിജയനു കഴിഞ്ഞാലും സാധാരണ ജനങ്ങള്‍ അത് മറക്കാന്‍ പാടില്ല. യു.എ.പി.എ. പോലുള്ള നിയമങ്ങളുടെ ദുരുപയോഗം രാഷ്ടീയ-പോലീസ് മനസുകള്‍ ഒന്നിക്കുന്നതിലെ അപകടം വിളിച്ചോതുന്നു.  (മാധ്യമാം, ജൂണ്‍ 14, 2019)

No comments: