Tuesday, August 10, 2010

എൻ.യു. ജോണിനെ അറസ്റ്റ് ചെയ്തു

തൊടുപുഴ നിവാസികളുടെ വളരെക്കാലമായുള്ള ആവശ്യങ്ങൾ നിറവേറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധി സ്ക്വയറിൽ ആഗസ്റ്റ് 2ന് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജനകീയ കൂട്ടായ്മയുടെ ചെയർമാനുമായ എൻ. യു. ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചിരിക്കുന്നു.

സമരപ്പന്തലിൽ നിന്ന് പൊലീസ് നീക്കം ചെയ്തപ്പോൾ കസ്റ്റഡിയിലും നിരാഹാരം തുടരുമെന്ന് ജോൺ പ്രഖ്യാപിച്ചു.

ജനകീയ കൂട്ടായ്മയുടെ ആവശ്യങ്ങളിൽ ചിലത് സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ പെടുന്നവയാണ്. മറ്റ് ചിലത് മുനിസിപ്പാലിറ്റിക്ക് ചെയ്യാൻ കഴിയുന്നവയാണ്.

ജോൺ നിരാഹാര സമരം തുടങ്ങിയപ്പോൾ തന്നെ ഇക്കാര്യത്തിലേക്ക് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. തൊടുപുഴ മുനിസിപ്പാലിറ്റി യു. ഡി. എഫിന്റെ നിയന്ത്രണത്തിലാകയാൽ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണാൻ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

തികച്ചും സമാധാനപരമായ സമരങ്ങളെ അവഗണിക്കുന്ന പാരമ്പര്യം കൊണ്ടാവാം അവരിൽ നിന്ന് ക്രിയാത്മകമായ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

നേരത്തെ ഇട്ട പോസ്റ്റും കാണുക

Monday, August 9, 2010

അഴിമതിമുക്ത സ്വയംഭരണത്തിനായി ജനകീയ ഐക്യവേദി

ആഗസ്റ്റ് 8, ഞായറാഴ്ച, എറണാകുളത്ത് ആശീർ ഭവനിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് ജനകീയ ഐക്യവേദിയുടെ രൂപീകരണം പ്രഖ്യാപിക്കപ്പെട്ടു.

സി.ആർ.നീലകണ്ഠന്റെയും സിവിക് ചന്ദ്രന്റെയും എന്റെയും ക്ഷണപ്രകാരം സംസ്ഥാനത്തെ നിരവധി സമരസംഘടനകളുടെയും സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി സംഘടനകളുടെയും നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. അവയിൽ പലതും വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളവയാണ്.

നേരത്തെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഒരു പന്ത്രണ്ടിന പരിപാടി സമ്മേളനം അംഗീകരിച്ചു. ഐക്യവേദിയിൽ പങ്കാളികളാകുന്ന സംഘടനകളെല്ലാം ഈ പൊതുപരിപാടി ഉയർത്തിപ്പിടിക്കുന്നതായിരിക്കും.

12 ഇന പരിപാടി
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാർഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാർത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകൾ യഥാസമയം പൂർത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയിൽ ജനതാല്പര്യത്തിന് മുൻ‌ഗണന നൽകുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടൽ
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജെൻഡർ ബഡ്ജറ്റിങ് ഏർപ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികൾ പൂർണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങൾ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വ്യനഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള
തിരിച്ചുവിളിക്കാൻ വ്യവസ്ഥ ചെയ്യുക

തദ്ദേശസ്വയംഭരണം ജനപങ്കാളിത്തത്തോടെ

സാംസ്കാരിക നേതാക്കൾ ജനകീയ ഐക്യവേദിയുടെ രൂപീകരണം സ്വാഗതം ചെയ്തു

സക്കറിയയുടെ സന്ദേശം


കേരളത്തിൽ ജനാധിപത്യം എന്നാൽ രാഷ്ട്രീയ കക്ഷികളുടെ സ്വാർത്ഥ താല്പര്യങ്ങൾ ജനങ്ങളുടെ മേൽ, അവരുടെ നാമത്തിൽ, അടിച്ചേൽ‌പ്പിക്കുകയാണ് എന്നായിത്തീർന്നിരിക്കുന്നു. കൂട്ടാളികളായ മാധ്യമങ്ങളുടെ സഹായത്തോടെയാണ് രാഷ്ട്രീയപ്പാർട്ടികൾ ജനാധിപത്യത്തിന്റെ പിരമിഡ് തലകീഴാക്കി, തങ്ങൾ മേലാളരും ജനങ്ങൾ കീഴാളരുമാണ് എന്ന ഫാഷിസ്റ്റ് ക്രമം കൈവരുത്തുന്നത്. ജനങ്ങൾ കേരളത്തിലെ ഇരുമുന്നണികൾക്കും വെറും ഒരു അലങ്കാരവസ്തു മാത്രമാണ്. അധികാരത്തിനും സമ്പത്തിനും ആർഭാടത്തിനും വേണ്ടിയുള്ള പാർട്ടികളുടെ താല്പര്യങ്ങളാണ് കേരളത്തിലെ മൂന്നേകാൽ കോടി ജനങ്ങളെ ഇന്ന് ഭരിക്കുന്നത് എന്നത് അവിശ്വസനീയമായി തോന്നിയേക്കാം, പക്ഷെ ഇരുമ്പുലക്ക പോലെയുള്ള ഒരു ക്രൂര സത്യമാണ്. ധിക്കാരികളായ രാഷ്ട്രീയപ്പാർട്ടികൾ ജനങ്ങളുടെ ശിരസ്സിൽ ആഞ്ഞടിക്കുന്ന ഒരു ഇരുമ്പുലക്ക.

മലയാളികൾക്ക് ലജ്ജാകരവും ആപത്കരവുമായ ഈ അവസ്ഥാ വിശേഷത്തിന്റെ നടുവിലേക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകൾ വന്നെത്തുന്നത്. ജനതാല്പര്യങ്ങളെ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയപ്പാർട്ടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടിമകളെപ്പോലെ പിടിച്ചെടുക്കാനും ചങ്ങലയ്ക്കിടാനും കിണഞ്ഞു പരിശ്രമിക്കാൻ പോവുകയാണ് എന്നതിൽ സംശയം വേണ്ട. പഞ്ചായത്തുകളും കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും അവരെ സംബന്ധിച്ചിടത്തോളം മറ്റൊരു വരുമാനമാർഗ്ഗം മാത്രമാണ്.

രാഷ്ട്രീയപ്പാർട്ടികളെ നമുക്ക് ആവശ്യമാണ്. പക്ഷെ നമ്മുടെ ജീവിതങ്ങളുടെ അധിനിവേശകരായ അഴിമതിയിൽ കുളിച്ച സ്വേച്ഛാധിപതികളായല്ല, നമ്മുടെ യഥാർത്ഥ താല്പര്യങ്ങളുടെ പ്രതിനിധികളായാണ് അവരെ നമുക്ക് ആവശ്യം. അതാണ് ജനാധിപത്യത്തിലെ അവരുടെ ഒരേയൊരു പങ്കും കർത്തവ്യവും. പക്ഷെ അവരത് മറന്നിരിക്കുന്നു. അത് മറക്കാൻ മാധ്യമങ്ങൾ നമ്മെ പരിശേഏലിപ്പിക്കുകയും ചെയ്യുന്നു. പാർട്ടികളെ അവർ ആരാണെന്ന അടിസ്ഥാന സത്യം ഓർമ്മിപ്പിയ്ക്കാനും ജനങ്ങളുടെ താല്പര്യങ്ങൾ നടപ്പിലാക്കാൻ പാർട്ടികളുടെ മദ്ധ്യസ്ഥത ആവശ്യമില്ലെന്ന വസ്തുത അരക്കിട്ടുറപ്പിയ്ക്കാനും ജനങ്ങളുടെ മേലുള്ള പാർട്ടികളുടെ നീരാളിപ്പിടിത്തത്തിന് അരവസാനമിടുന്ന പ്രക്രിയയ്ക്ക് ആരംഭം കുറിയ്ക്കാനും ഈ വരുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകൾ ഉപയോഗിക്കേണ്ടത് മലയാളികളുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രാധാന്യമുള്ള ഒരു ആവശ്യമാണ്.

ഈ ഇന്നം മുന്നിൽ വച്ചുകൊണ്ട് ജനകീയ ഐക്യവേദി നടത്തുന്ന പരിശ്രമങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രപ്രാധാന്യമുള്ള ഒരു നീക്കമാണ്. രാഷ്ട്രീയപ്പാർട്ടികളിൽ നിന്നോ മാധ്യമങ്ങളിൽ നിന്നോ ജനങ്ങളെ മുൻ‌നിർത്തിയുള്ള ഒരു നീക്കവും ഈ അവസരത്തിൽ ഉണ്ടാകാൻ പോകുന്നില്ല എന്നു മാത്രമല്ല അവർ ഒറ്റക്കെട്ടായി ജനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പരിശ്രമിക്കും. അതുകൊണ്ട് ജനകീയ ഐക്യവേദിയുടെ ഒരുപക്ഷെ ഒറ്റപ്പെട്ട ഈ ശബ്ദമുയർത്തൽ, ഈ പ്രഖ്യാപന സമ്മേളനം, വിലയേറിയ ഒന്നാണ്.

മലയാളികളുടെയും കേരളത്തിന്റെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജനകീയ ഐക്യവേദിയുടെ പരിശ്രമത്തിന് എന്റെ എളിയ അഭിവാദ്യങ്ങൾ!

സുഗതകുമാരിയുടെ സന്ദേശം

പഞ്ചായത്തുകളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനാകുമെന്ന് എനിക്ക് വിശ്വാസമില്ല. എന്നാൽ ഓരോ പ്രദേശത്തും അവിടെയുള്ള ഏറ്റവും നല്ല ജനസേവകരെ കണ്ടെത്തി തിരഞ്ഞെടുക്കാൻ നാട്ടുകാർക്ക് സാധിക്കണം. ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് ഇങ്ങനെയുള്ള ഒന്നായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും ഭ്രാന്തമായ വികസന മോഹവുമില്ലാത്തവരും പരിസ്ഥിതിയുടെയും സ്ത്രീകളുടെയും പീഡിതരുടെയും പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകുകയും മദ്യമെന്ന മഹാശാപത്തിൽ നിന്ന് നാടിനെ മുക്തമാക്കാൻ ശ്രമിക്കുന്നവരുമായവരുടെ നേതൃത്വത്തിലുള്ള ഒരു പഞ്ചായത്ത് ഭരണമാണ് എന്നെപ്പോലുള്ളവർ സ്വപ്നം കാണുന്നത്.

പെരുമ്പടവം ശ്രീധരന്റെ സന്ദേശം

അഴിമതിമുക്തമായ ഒരു സമൂഹം ഇനി അസ്സാധ്യമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നു എന്ന് ഭയപ്പെടുന്നവരുടെ സംഖ്യ ചെറുതല്ല. അവരുടെ ആശങ്കകളും വേവലാതികളും അനാഥമായിപ്പോകുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ ആസുരത ഒരു നന്മയെയും നിലനിൽക്കാൻ സമ്മതിക്കാത്ത തരത്തിൽ ശക്തമായിരിക്കുന്നുവെന്ന യാഥാർത്ഥ്യം കാണാതിരുന്നുകൂടാ. എന്നും ഈ അവസ്ഥ അങ്ങനെ തുടർന്നാൽ മതിയോ? അഴിമതിവിമുക്തവും കക്ഷിരാഷ്ട്രീയവിമുക്തവുമായ ഒരു പുതിയ സാഹചര്യം ഉണ്ടാക്കിയെടുക്കാനുള്ള തീവ്രമായ ആഗ്രഹവും തീരുമാനവും തന്നെയാണ് ഫലപ്രദമായ ആദ്യത്തെ ചുവട്. അതിനുള്ള ഒരു സംരംഭം എന്ന നിലയ്ക്ക് എനിക്ക് ജനകീയ ഐക്യവേദിയോട് താല്പര്യമുണ്ട്. അങ്ങനെയൊരു പുതിയ പ്രസ്ഥാനത്തിന്റെ അനിവാര്യതയെക്കുറിച്ച് എനിക്ക് ഉറപ്പുണ്ട്.

ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിന്റെ സന്ദേശം

രേഖയിൽ പ്രകാശിപ്പിക്കപ്പെട്ടിട്ടുള്ള വികാരങ്ങളോടും താല്പര്യങ്ങളോടും ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഒരു കാര്യം എനിക്ക് പറയാനുള്ളത് അതിൽ സമൂഹത്തിലെ ഏറ്റവും ദുർബലരായവരുടെ, ശരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെ, പ്രത്യേകിച്ചും അസംഘടിതരും അതിനാൽ എല്ലായിടത്തും ഭരണവർഗ്ഗത്തിന് ഏളുപ്പം അവഗണിക്കാവുന്നവരുമായ മാനസിക വെല്ലുവിളി നേരിടുന്നവരുടെ, കാര്യം കൂടി ഉൾപ്പെടുത്തണമെന്നാണ്. ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഈ പ്രധാന പ്രവർത്തനത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ പ്രവർത്തനത്തിൽ എന്നെയും നിങ്ങളിൽ ഒരാളായി കണക്കാക്കുക.

Wednesday, August 4, 2010

അഴിമതിയുടെ ‘തദ്ദേശ’ മുഖങ്ങൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വളരുന്ന അഴിമതിയെക്കുറിച്ചുള്ള എന്റെ ലേഖനം കേരള കൌമുദിയുടെ ഇന്നത്തെ എഡിഷനിലെ എഡിറ്റോറിയൽ പേജിൽ.

പത്രത്തിന്റെ പ്രിന്റ് എഡിഷൻ കാണുക: കെരള കൌമുദി

Tuesday, August 3, 2010

തൊടുപുഴ ജനകീയ കൂട്ടായ്മാ നേതാവ് നിരാഹാര സമരത്തിൽ

തൊടുപുഴ നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ദീര്‍ഘകാലമായി വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജനകീയ കൂട്ടായ്മയുടെ ചെയര്‍മാന്‍ എന്‍.യു. ജോണ്‍ ചില അടിയന്തിരാവശ്യങ്ങള്‍ ഉടനടി നിറവേറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 2 തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിലാണ്.

വൈകിട്ട് അഞ്ചര മണിക്ക് ഗാന്ധി സ്ക്വയറിലുള്ള രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ടാണ് ജോണ്‍ സമരപ്പന്തല്‍ പ്രവേശിച്ചത്.

ജനകീയ കൂട്ടായ്മ മുന്നോട്ടുവെച്ചിട്ടുള്ള അടിയന്തിരാവശ്യങ്ങള്‍ ഇവയാണ്:

• ഹൈക്കോടതി ഉത്തരവ് പ്രകാരം തൊടുപുഴയിലെ പുഴപുറമ്പോക്കുകള്‍ അളന്ന് തിരിച്ച് മതില്‍കെട്ടി സംരക്ഷിക്കുക. പുഴയോര നടപ്പാതയും കുളിക്കളവുകളും യാഥാര്‍ത്ഥ്യമാക്കുക.
• മുനിസിപ്പാലിറ്റിയുടെ സ്ഥലത്ത് ആധുനിക പൊതുശ്മശാനവും വായനശാലയും അടിയന്തിരമായി നിര്‍മ്മിക്കുക.
• ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ച് പാറക്കടവ് നിവാസികളെ രക്ഷിക്കുക.
• തൊടുപുഴ നഗരസഭയിലെ അഴിമതികള്‍ പൊലീസ് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കുക.
• നഗരത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക. ഒഴിപ്പിക്കല്‍ വന്‍കിടക്കാരില്‍നിന്ന് ആരംഭിക്കുക.
• തൊടുപുഴ-പീരുമേട് താലൂക്ക് അതിര്‍ത്തിയില്‍ സബ്കളക്ടര്‍ ഓഫീസ് സ്ഥാപിച്ച് കയ്യേറ്റങ്ങളെ നേരിടുക.

ആവശ്യങ്ങളില്‍ പലതിലും അധികൃതര്‍ നേരത്തെ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും. നടപടികള്‍ ഉണ്ടായിട്ടില്ല. ഉദാഹരണത്തിന് പുഴപുറമ്പോക്ക് സംബന്ധിച്ച കോടതി ഉത്തരവ് വന്നിട്ട് കൊല്ലം നാലായി. പുറമ്പോക്കിലെ താമസക്കാരായിരുന്ന ദലിതരെ അവിടെ നിന്നും ഒഴിപ്പിച്ചു. എന്നാല്‍ മതില്‍ കെട്ടുകയൊ നടപ്പാത, കിളിക്കടവ് തുടങ്ങിയവ നിര്‍മ്മിക്കുകയൊ ചെയ്തിട്ടില്ല. സ്ഥലം കയ്യടക്കാന്‍ ഭൂമാഫിയകള്‍ ശ്രമിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

മാലിന്യസംസ്കരണം, പൊതുശ്മശാനം തുടങ്ങിയ ആവശ്യങ്ങള്‍ ഔപചാരികമായി അംഗീകരിക്കപ്പെട്ടവയാണ്. കയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ രാജു നാരയണസ്വാമി കളക്ടറായിരുക്കെ നടപടി ആരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തോടെ പണി നിലച്ചു.

ജോണിന്റെ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ “തൊടുപുഴ നഗരത്തിന്റെ സാമൂഹ്യപരിസരങ്ങളെ ശുദ്ധീകരിച്ച് എല്ലാ മനുഷ്യര്‍ക്കും നീതിപൂര്‍വ്വമായ ജീവിതാന്തരീക്ഷം സാധ്യമാക്കുന്ന ഒരു പുതിയ വികസന കാഴ്ചപ്പാട് മുന്നോട്ടു വച്ചുകൊണ്ടുള്ള ഈ പോരാട്ടത്തില്‍“ എല്ലാവരും സഹകരിക്കണമെന്ന് ജനകീയ കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു.

നിരാഹാര സമരത്തിന്റെ തുടക്കം കുറിക്കാന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പൊതുയോഗം ഞാന്‍ ഉത്ഘാടനം ചെയ്തു. വഴിതടഞ്ഞും വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞും സമരം നടത്തുന്ന ഇക്കാലത്ത് ഗാന്ധി മാര്‍ഗ്ഗം പിന്തുടര്‍ന്ന് സമാധാനപരമായ പോരാട്ടം നടത്തുന്ന ജനകീയ കൂട്ടായ്മയെ ഞാന്‍ അഭിനന്ദിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരായ ജോണ്‍ പെരുവന്താനം, ഡോ. എസ്. പി. രവി (ചാലക്കുടി പുഴ സംരക്ഷണ സമിതി), സുലൈമാന്‍ പാലക്കാട് (പ്ലാച്ചിമട സമര സമിതി), എസ്. രാമചന്ദ്രന്‍ നായര്‍ (മീനച്ചല്‍ നദീതട സംരക്ഷണ സമിതി), അഡ്വ. എല്‍ദോ (ദലിത് ഐക്യവേദി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Sunday, August 1, 2010

















കെ.എം.മാത്യുവിന് ആദരാഞ്ജലികൾ

Thursday, July 29, 2010

പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്

ബി.ആർ.പി.ഭാസ്കർ

നിരത്തുകളിൽ യോഗങ്ങൾ നടത്തുന്നത് അനുവദിക്കരുതെന്ന നിർദ്ദേശം അടങ്ങുന്ന ഹൈക്കോടതി വിധിക്കെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ചിരിക്കുകയാണ്. ആളുകൾ കൂടുന്ന കവലകളിൽ യോഗങ്ങൾ നടത്തുന്ന രീതി സ്വാതന്ത്ര്യസമരകാലത്ത് ആരംഭിച്ചതാണ്. ആളുകളും വാഹനങ്ങൾ നീങ്ങുന്നത് തടഞ്ഞുകൊണ്ട് നിരത്തുകളിൽ യോഗങ്ങളും ഘോഷയാത്രകളും നടത്താനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന ധാരണ ഇപ്പോൾ രാഷ്ട്രീയ കക്ഷികൾ വെച്ചുപുലർത്തുന്നു. നേതാക്കൾ ധാർഷ്ട്യത്തോടെ അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു. പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. നിരത്തുകൾ ഉപയോഗിക്കാനുള്ള ജനങ്ങളുടെ അവകാശം തടഞ്ഞുകൊണ്ട് അവ കയ്യടക്കുവാൻ ഒരു കക്ഷിക്കും അവകാശമില്ല.

സർക്കാരിന്റെ ഭാഗം കേൾക്കാതെ വിധി പുറപ്പെടുവിച്ചത് സ്വാഭാവികനീതിയുടെ നിഷേധമാണെന്ന് കേരള സർക്കാർ പറയുന്നു. ആലുവാ റയിൽ‌വേ സ്റ്റേഷനു മുന്നിലെ തിരക്കേറിയ റോഡിൽ യോഗം നടത്തുന്നത് നിരോധിക്കണമെന്ന ആവശ്യമായിരുന്നു കോടതിയുടെ പരിഗണനയ്ക്കു വന്ന ഹർജിയിലുണ്ടായിരുന്നത്. അവിടെ യോഗങ്ങൾ നടത്താൻ അനുവാദം നൽകുന്ന പി.ഡബ്ലിയു.ഡി. എക്സിക്യൂട്ടീവ് ഇഞ്ചിനീയറും എറണാകുളം റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ടുമായിരുന്നു എതിർകക്ഷികൾ. ഹർജിയെ എതിർക്കാൻ അവർ കോടതിയിൽ എത്തിയിരുന്നില്ല. ഹർജിക്കാരൻ നൽകിയ ഫോട്ടോഗ്രാഫുകൾ കണ്ട ജഡ്ജിമാർക്ക് യോഗങ്ങൾ ഗതാഗതം തടസ്സപ്പെടുത്തുന്നെന്ന വാദം ശരിയാണെന്ന് ബോധ്യമായി. അവിടെ യോഗങ്ങൾ നടത്താൻ അനുവാദം നൽകരുതെന്നും ആരെങ്കിലും യോഗം നടത്താൻ ശ്രമിച്ചാൽ മൈക്കും മറ്റു സാധന സാമഗ്രികളും മാത്രമല്ല ആളുകലെയും നീക്കം ചെയ്യണമെന്നും അവർ ഉത്തരവിട്ടു. തുടർന്ന് അവർ വിധിയുടെ ഗുണം സംസ്ഥാനത്തെ റോഡുകൾ ഉപയോഗിക്കുന്ന എല്ലാവർക്കും നീട്ടിക്കൊടുത്തു.

വിചാരണവേളയിൽ കോടതിയിലുണ്ടായിരുന്ന ഗവണ്മെന്റ് പ്ലീഡർ സർക്കാരിന്റെ അഭിപ്രായം തേടാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉത്തരവു പ്രകാരം നിരോധിക്കപ്പെടുന്നത് ഗതാഗതം തടസ്സപ്പെടുത്തൽ എന്ന നിയമവിരുദ്ധമായ പ്രവർത്തിയാകയാൽ സർക്കാർ ഉൾപ്പെടെ ആർക്കും എതിർപ്പുണ്ടാകാനിടയില്ലെന്ന് പറഞ്ഞുകൊണ്ട് ജഡ്ജിമാർ അത് വേണ്ടെന്നു തീരുമാനിച്ചു. ഇതാണ് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടെന്ന വാദം ഉന്നയിക്കാൻ സർക്കാരിന് അവസരം നൽകിയത്. യഥാർത്ഥത്തിൽ വിധിയിൽ പുതുതായി ഒന്നുമില്ല. പൊതുനിരത്തുകളിൽ ഗതാഗതം തടസ്സപ്പെടുത്താത്ത രീതിയിൽ യോഗങ്ങളും പ്രകടനങ്ങളും നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ആ നിർദ്ദേശം പാലിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു വിധി ഉണ്ടാകുമായിരുന്നില്ല.

കോടതി വിധി ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംഘടനാ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നിഷേധമാണെന്ന രാഷ്ട്രീയ കക്ഷികളുടെ വാദം അടിസ്ഥാനരഹിതമാണ്. അവർ മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാതെ ഈ സ്വാതന്ത്ര്യങ്ങൾ ഉപയോഗിക്കണമെന്നു മാത്രമാണ് അതാവശ്യപ്പെടുന്നത്. ഒരു ആധുനിക സമൂഹത്തിൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ആവശ്യമാണ്. തങ്ങളുടെ സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങൾക്കും മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും അപേക്ഷിച്ച് കൂടുതൽ ഉയർന്ന സ്ഥാനമുണ്ടെന്ന രാഷ്ട്രീയ നേതാക്കളുടെ ധാരണയിൽ പ്രതിഫലിക്കുന്നത് ഫ്യൂഡൽ മനോഭാവമാണ്. അവർ അത് ഉപേക്ഷിച്ച് ജനാധിപത്യപരമായ രീതികൾ സ്വീകരിക്കണം. ഇത് കാലം ആവശ്യപ്പെടുന്ന മാറ്റമാണ്. ഓരോ പട്ടണത്തിലും ഗ്രാമത്തിലും എവിടെയൊക്കെ യോഗങ്ങൾ നടത്താമെന്ന് അധികൃതർക്ക് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. അവധി ദിവസങ്ങളിൽ സ്കൂൾ ഗ്രൌണ്ടുകളും യോഗങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (മതേതരം മാസിക, ജൂലൈ 2010)

മതേതരം മാസികയുടെ ജൂലൈ ലക്കത്തിൽ ഈ വിഷയത്തിലുള്ള രണ്ട് ലേഖനങ്ങൾ കൂടിയുണ്ട്: 1. കോടതിയ്ക്ക് ആര് മണികെട്ടും -- സിവിക് ചന്ദ്രൻ. 2. പൊതുനിരത്തും കോടതിവിധിയും -- അഡ്വ. പി.എസ്.ശ്രീധരൻപിള്ള.

ഈ മാസിക ഒരു തായാട്ട് പ്രസിദ്ധീകരണമാണ്. എഡിറ്റർ: പ്രതാപൻ തായാട്ട്. എഡിറ്റർ ഇൻ ചാർജ്: ഇ.ആർ. ഉണ്ണി. ഒറ്റപ്രതി വില 15 രൂപ. മേൽ‌വിലാസം: “പ്രൈഡ്”, ഈസ്റ്റ് ഹിൽ റോഡ്, ചക്കോരത്തുകുളം, കോഴിക്കോട്. ഫോൺ 9539064489

Sunday, July 25, 2010

കോടിയേരിയുടെ പൊലീസ് ഹിന്ദുത്വ സംരക്ഷകരോ?

ബി.ആര്‍.പി. ഭാസ്‌കര്‍

കൊല്ലം ജില്ലയിലെ ഒരു ഗ്രാമപ്രദേശത്ത് ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ മുഖപത്രമായ 'സ്വതന്ത്ര നാട്ടുവിശേഷം' വിതരണം ചെയ്യാനെത്തിയവരെ പൊലീസ് പിടികൂടിയതായി ഏതാനും ദിവസം മുമ്പ് 'മാധ്യമ'ത്തില്‍ കണ്ടപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കണമെന്ന് തോന്നി. എഡിറ്റര്‍ കെ.ആര്‍. രമ്യയോട് ചോദിച്ചപ്പോള്‍ ദലിത് കോളനികളില്‍ വാരിക വിതരണം സി.പി.എം പ്രാദേശികനേതാക്കള്‍ തടയുന്നതായും പത്രക്കെട്ടുമായി ചെല്ലുന്ന സംഘടനാപ്രതിനിധികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതായും പറഞ്ഞു.
കഴിഞ്ഞ കൊല്ലം സെപ്റ്റംബര്‍ മാസത്തില്‍ വര്‍ക്കലയില്‍ ശിവപ്രസാദ് എന്നയാള്‍ കൊല്ലപ്പെട്ടപ്പോള്‍ ഡി.എച്ച്.ആര്‍.എം എന്നൊരു ദലിത് തീവ്രവാദസംഘടന ശക്തി പ്രകടിപ്പിക്കാന്‍ ഒരു നിരപരാധിയെ കൊലപ്പെടുത്തിയെന്ന് പൊലീസ് പ്രചരിപ്പിക്കുകയുണ്ടായി. ഭീകരവാര്‍ത്തകളുടെ വിപണന സാധ്യത അറിവുള്ള മാധ്യമങ്ങള്‍ 'ദലിത് തീവ്രവാദം' ആഘോഷിച്ചു. പൊലീസ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ തേടി ദലിത് കോളനികള്‍ റെയ്ഡ് ചെയ്തു.
പി.യു.സി.എല്‍ ഉള്‍പ്പെടെ ഏതാനും മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികളുമൊത്ത് വര്‍ക്കല ചെന്നപ്പോഴാണ് മാധ്യമങ്ങളെ ഉപയോഗിച്ച് പൊലീസ് നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭീകരസ്വഭാവം എനിക്ക് ബോധ്യമായത്. ദലിത്‌വേട്ടയില്‍ ശിവസേന പൊലീസിന്റെ കൂട്ടാളിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി 5,000ല്‍ പരം വോട്ടു നേടിയ ഡി.എച്ച്.ആര്‍.എമ്മിനെ ഒതുക്കേണ്ടത് എല്‍.ഡി.എഫും യു.ഡി.എഫും പൊതുവായ ആവശ്യമായി കണ്ടു. ദലിതരെ ലഹരിപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച ഡി.എച്ച്.ആര്‍.എമ്മിനെ ഒതുക്കേണ്ടത് മദ്യമയക്കുമരുന്നു ലോബിയുടെയും അവരില്‍നിന്ന് പ്രതിഫലം പറ്റുന്നവരുടെയും ആവശ്യം കൂടിയായിരുന്നു. ഏതാനും ദിവസം മുമ്പ് പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരത്തില്‍ നിന്ന് ശിവപ്രസാദിന്റെ കൊലപാതകത്തിനു മുമ്പുതന്നെ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ പിടികൂടാന്‍ ശ്രമം തുടങ്ങിയിരുന്നെന്ന് വ്യക്തമാകുന്നുണ്ട്.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ദലിതര്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ വര്‍ക്കല ചെന്നപ്പോള്‍ എറണാകുളത്തു നിന്നിറങ്ങുന്ന സ്വതന്ത്ര നാട്ടുവിശേഷത്തിന്റെ രണ്ട് ലക്കങ്ങള്‍ ഞാന്‍ ആദ്യമായി കണ്ടു. അതിന്റെ ഉയര്‍ന്ന നിലവാരം എന്നെ അദ്ഭുതപ്പെടുത്തി. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകരെല്ലാം ജയിലിലോ ഒളിവിലോ ആയിരുന്നതുകൊണ്ട് അന്ന് അതിന്റെ പ്രസിദ്ധീകരണം നിലച്ചിരുന്നു. പ്രവര്‍ത്തിക്കാനാകുന്ന സാഹചര്യമുണ്ടായപ്പോള്‍ വാരിക വീണ്ടും പ്രസിദ്ധീകരണമാരംഭിച്ചു. വര്‍ക്കല സംഭവത്തെത്തുടര്‍ന്നുണ്ടായ പീഡനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകളായിരുന്നു പിന്നീടുള്ള ലക്കങ്ങളില്‍. പത്രവിതരണം തടയുന്നതു സംബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്ന് എഡിറ്റര്‍ ശേഖരിച്ച് അയച്ചുതന്ന വിവരത്തിന്റെ സംക്ഷിപ്തരൂപം ഇവിടെ ചേര്‍ക്കുന്നു:

തിരുവനന്തപുരം ജില്ല
വര്‍ക്കല സ്വദേശികളായ സുകു, നന്ദു എന്നിവര്‍ ചാവര്‍കോട്ടെ സജീവുമൊത്ത് പാരിപ്പള്ളി നീരോന്തി പ്രദേശത്ത് സ്വതന്ത്ര നാട്ടുവിശേഷം വില്‍ക്കാനെത്തിയപ്പോള്‍ 'നിങ്ങളുടെ അറിവ് ഇവിടെ കൊടുക്കേണ്ട, അതിനിവിടെ ഞങ്ങളുണ്ട്' എന്നുപറഞ്ഞ് ഡി.വൈ.എഫ്.ഐയുടെയും ശിവസേനയുടെയും പ്രാദേശികനേതാക്കളടങ്ങുന്ന ഒരു സംഘം തടഞ്ഞു. പിന്നീട് പോലീസെത്തി അവരെ അറസ്റ്റു ചെയ്തു. 'സമൂഹത്തെ നശിപ്പിക്കുന്ന പ്രസിദ്ധീകരണവുമായി ഇറങ്ങിയിരിക്കുകയാണോടാ' എന്നായിരുന്നു പൊലീസിന്റെ ചോദ്യം.
മുദാക്കല്‍ പഞ്ചായത്തില്‍ വാരിക വില്‍ക്കാന്‍ പോയ അവനവഞ്ചേരി സ്വദേശികളായ ലളിത, രാജീവ്, വസന്ത എന്നിവരെ വാര്‍ഡ് മെംബറുടെ സഹോദരി വിലക്കി. വീണ്ടും ചെന്നാല്‍ പിടിച്ച് പൊലീസില്‍ ഏല്പിക്കുമെന്ന് താക്കീത് ചെയ്തു. പിന്നീട് സി.പി.എം. പ്രവര്‍ത്തകര്‍ ദലിതരുടെ വീടുകളില്‍ കയറി 'സ്വതന്ത്ര നാട്ടുവിശേഷം' വാങ്ങരുതെന്ന് നിര്‍ദേശിച്ചു.

കൊല്ലം ജില്ല
ജൂലൈ 8ന് വെളിച്ചക്കാലയിലെ സുധി കൊട്ടാരക്കര നീലേശ്വരത്ത് 'സ്വതന്ത്ര നാട്ടുവിശേഷം' വിതരണം ചെയ്തശേഷം ബൈജു എന്ന സുഹൃത്തിന്റെ വീട്ടിലിരിക്കുമ്പോള്‍ പൊലീസെത്തി അറസ്റ്റ്് ചെയ്തു. തന്മൂലം വര്‍ക്കലയിലും കൊല്ലത്തും ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകളില്‍ പ്രതിയായ സുധിക്ക് ജാമ്യവ്യവസ്ഥപ്രകാരം ആ സ്ഥലങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനം തുടര്‍ന്നാല്‍ പുറംലോകം കാണാനാകാത്ത തരത്തിലുള്ള കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയോടെയാണ് അടുത്ത ദിവസം സുധിയെ പൊലീസ് വിട്ടത്.
വാളത്തുംഗല്‍ സ്വദേശി രാജു വെളുനല്ലൂര്‍ പഞ്ചായത്തിലെ കുളവയല്‍ പനയറക്കോണം കോളനിയില്‍ വാരിക വിതരണം ചെയ്യുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ വാര്‍ഡ് മെംബര്‍ തടഞ്ഞു. വിവരമറിഞ്ഞ് സഹപ്രവര്‍ത്തകരായ പ്രേമിതയും ശാന്തിപ്രിയയും അവിടെയെത്തി. മൂവരുടെയും കൈയിലുണ്ടായിരുന്ന വാരികയുടെ 250ഓളം പ്രതികള്‍ പിടിച്ചുപറിച്ചശേഷം അയാള്‍ പൂയപ്പള്ളി പൊലീസ്‌സ്‌റ്റേഷനിലെ എസ്.ഐയെ വിളിച്ചുവരുത്തി. തന്റെ സ്‌റ്റേഷന്‍പരിധിയില്‍ തീവ്രവാദ പ്രസിദ്ധീകരണം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്.ഐ. അഭിലാഷ് ഒരു പത്രക്കെട്ടെടുത്ത് രാജുവിന്റെ തലയിലടിച്ചു. പിന്നീട് അയാള്‍ തറയില്‍ ചിതറിയ വാരികകളില്‍ അവരെക്കൊണ്ട് കാര്‍ക്കിച്ചു തുപ്പിച്ചു.
ജൂലൈ 10ന് വാമനപുരം സ്വദേശി അനിലും വെഞ്ഞാറമൂട് സ്വദേശി രാഘവനും അയിരുകുഴി കണ്ണംകോട് അനിയുമായി വാരിക വിതരണത്തിന് ചിതറയിലേക്ക് പോകുമ്പോള്‍ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ അവരെ തടഞ്ഞു. ഡി.എച്ച്.ആര്‍.എംകാര്‍ തീവ്രവാദികളായതുകൊണ്ട് അനിയുടെ വീട്ടില്‍ പുറത്തുനിന്ന് വരുന്നവര്‍ പഞ്ചായത്ത്പ്രസിഡന്റിന്റെ അനുമതി വാങ്ങണമെന്ന് അവര്‍ പറഞ്ഞു. അനിലിനെയും രാഘവനെയും മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന വാരികയുടെ 80ഓളം കോപ്പികളും മൊബൈല്‍ഫോണും പിടിച്ചെടുക്കുകയും ചെയ്തശേഷം അവര്‍ കടയ്ക്കല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് 'തീവ്രവാദികളെ കിട്ടിയിട്ടുണ്ട്' എന്നറിയിച്ചു. പൊലീസെത്തി അവരെ അറസ്റ്റ് ചെയ്തു. വീടുകളില്‍ അതിക്രമിച്ചു കയറി എന്നതാണ് അവര്‍ക്കെതിരെ ചുമത്തിയ കുറ്റം. രാഷ്ട്രീയപ്രവര്‍ത്തകര്‍ അവരുടെ ആഴ്ചപ്പതിപ്പ് വില്‍ക്കാന്‍ അനുവദിക്കില്ലെന്നും അതുകൊണ്ട് അതിന് ശ്രമിക്കരുതെന്നും പറഞ്ഞാണ് അടുത്ത ദിവസം മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയശേഷം അവരെ വിട്ടയച്ചത്.
രനുരാജ്, സിമു, അനിത, അജിത, ഷൈല എന്നിവര്‍ വാരിക വിതരണം ചെയ്യുമ്പോള്‍ 25ഓളം സി.പി.എം പ്രവര്‍ത്തകര്‍ പവിത്രേശ്വരം സൊസൈറ്റി മുക്കില്‍ തടഞ്ഞു നിര്‍ത്തി ആണുങ്ങളെ മടല്‍ വെട്ടി അടിക്കുകയും പെണ്ണുങ്ങളുടെ വസ്ത്രം വലിച്ചു കീറുകയും അടുത്തുള്ള റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആഴ്ചപ്പതിപ്പിന്റെ 150ഓളം കോപ്പികളും 2,500ഓളം രൂപയും അക്രമികള്‍ പിടിച്ചു പറിച്ചു. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
കിളിമാനൂരിലെ അനില്‍ സ്ഥലവാസികളായ രാജേന്ദ്രന്‍, സുജാതന്‍ എന്നിവരുമൊത്ത് വാളകം തേവന്നൂരില്‍ വാരിക വിതരണം ചെയ്യുമ്പോള്‍ വിനോദ്, വിജയകുമാര്‍ എന്നിവര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും കൊട്ടാരക്കര പൊലീസിന് കൈമാറുകയും ചെയ്തു. അടുത്ത ദിവസം മജിസ്‌ട്രേട്ടിന്റെ മുമ്പില്‍ ഹാജരാക്കി. അതിനടുത്ത ദിവസം മാത്രമാണ് അവര്‍ക്ക് ജാമ്യത്തില്‍ പുറത്തു പോകാനായത്.
ജൂലൈ 17ന് ഭൂതക്കുളത്ത് പ്രകാശിന്റെ വീട്ടില്‍ 95 പേര്‍ പങ്കെടുത്ത വായനക്കാരുടെ കൂട്ടായ്മ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു പൊലീസ് സംഘമെത്തി പ്രകാശിനെയും ഡി.എച്ച്.ആര്‍.എം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രശാന്തിനെയും അറസ്റ്റു ചെയ്ത് പരവൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അറസ്റ്റിന്റെ കാരണം ചോദിച്ചിട്ട് പറഞ്ഞില്ല. തിരുവനന്തപുരം സ്വദേശിയായ പ്രശാന്ത് എന്തിന് കൊല്ലം ജില്ലയില്‍ വന്നുവെന്ന് ചോദിച്ചുള്ള ചോദ്യം ചെയ്യലിനിടയില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ 'ആള്‍ക്കാരെ വെട്ടിക്കൊല്ലുന്ന നീയൊക്കെ ആഴ്ചപ്പതിപ്പ് ഇറക്കി രക്ഷപ്പെടാമെന്ന് കരുതേണ്ട, ഒന്നിനെയും വെറുതെ വിടില്ല' എന്നിങ്ങനെ ഭീഷണിപ്പെടുത്തി. അറസ്റ്റു വിവരം അറിഞ്ഞ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ രാത്രി പൊലീസ്‌സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് രണ്ട് മണിയോടെ ഇരുവരെയും വിട്ടയച്ചു.

ആലപ്പുഴ ജില്ല
ചിറക്കര സ്വദേശി മോഹനന്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താമരക്കുളം പ്രദേശങ്ങളില്‍ 'സ്വതന്ത്ര നാട്ടുവിശേഷം' വിറ്റ് തിരികെപോകുമ്പോള്‍ പൊലീസ് തടഞ്ഞു. 'നീയൊക്കെ പരിചയമില്ലാത്ത സ്ഥലത്ത് എന്തിനു വരുന്നു' എന്ന് ചോദിച്ച് മോഹനനെ മാറ്റി നിര്‍ത്തി ഒപ്പമുണ്ടായിരുന്ന ബിനുവിനെ പിടിച്ചുകൊണ്ടുപോയി. ഒരു ദിവസം കസ്റ്റഡിയില്‍ വെച്ചശേഷമാണ് ബിനുവിനെ വിട്ടത്. ആഴ്ചപ്പതിപ്പ് വില്‍ക്കാന്‍ ഇനിയും ചെന്നാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിപ്പെടുത്തിയിട്ടാണ് ഇരുവരെയും വിട്ടത്.

ഇടുക്കി ജില്ല
മാത്യൂസ്, തങ്കച്ചന്‍, രാജു എന്നിങ്ങനെ പല പേരുകള്‍ നല്‍കുകയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്ത ഒരാള്‍ ഉടുമ്പന്‍ചോല പ്രദേശത്ത് ദലിത്‌വീടുകളിലെത്തി വാരിക വാങ്ങരുതെന്ന് പറഞ്ഞു. കടയില്‍ കിട്ടുന്ന പ്രസിദ്ധീകരണങ്ങള്‍ മാത്രം വാങ്ങി വായിക്കാന്‍ അയാള്‍ ഉപദേശിച്ചു.

തൃശൂര്‍ ജില്ല
വെസ്റ്റ് കൊരട്ടിയിലെ അശ്വതി മാള കുരുവിളശ്ശേരി സെല്‍വരാജിന്റെ വീട്ടില്‍ വാരിക കൊടുക്കാന്‍ ചെന്നപ്പോള്‍ സ്ഥലത്തെ കമ്യൂണിസ്റ്റ് നേതാവായ ലാലു തടയുകയും ബാഗിലും ശരീരത്തിലും ബോംബ് ഒളിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചശേഷം പൊലീസില്‍ ഏല്‍പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോടോ ഫോണില്‍ സംസാരിച്ച ശേഷം ഇനി ആഴ്ചപ്പതിപ്പ് വില്‍ക്കാന്‍ വരരുതെന്ന് പറഞ്ഞ് അയാള്‍ അശ്വതിയെ വിട്ടയച്ചു.
ഈയിടെ നടന്ന സംഭവങ്ങള്‍ മാത്രമാണ് മുകളില്‍ കൊടുത്തത്. പൊലീസും സി. പി.എമ്മുകാരും ചേര്‍ന്ന് പല സ്ഥലങ്ങളില്‍ ഒരേസമയം ഒരേ വിധത്തില്‍ പെരുമാറുമ്പോള്‍ അത് യാദൃച്ഛികമാണോ മറ്റെവിടെയോ എടുത്ത തീരുമാനത്തിന്റെ നടപ്പാക്കലാണോ എന്ന ചോദ്യം അപ്രസക്തമല്ല. സി.പി.എമ്മിന്റെ എതിര്‍പ്പ് മനസ്സിലാക്കാവുന്നതേയുള്ളൂ. ഏറ്റവുമധികം ദലിത് വോട്ടുകള്‍ കിട്ടിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി സി.പി.എം ആകയാല്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ വളര്‍ച്ച ഏറ്റവുമധികം നഷ്ടമുണ്ടാക്കുക അതിനാകുമല്ലോ. എന്നാല്‍ ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസുകാരും ആര്‍.എസ്.എസുകാരും 'സ്വതന്ത്ര നാട്ടുവിശേഷ'ത്തിന്റെ വിതരണം തടഞ്ഞിട്ടുണ്ട്. വലിയ പത്രമാപ്പീസില്‍ ഒരു കല്ലു വന്നുവീണാല്‍ പത്രസ്വാതന്ത്ര്യം അപകടത്തില്‍ എന്ന് മുറവിളിക്കുന്ന ഉടമകളുടെയും പത്രപ്രവര്‍ത്തകരുടെയും സംഘടനകള്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ചെറിയ പത്രത്തിന്റെ മേല്‍ ഭരണകക്ഷി പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന കടന്നാക്രമണം ശ്രദ്ധിക്കുന്നതേയില്ല.
വാളകത്തെ അറസ്റ്റിനെ തുടര്‍ന്ന് സ്വതന്ത്ര നാട്ടുവിശേഷത്തിന്റെ കോപ്പി പരിശോധിച്ച കൊട്ടാരക്കര എസ്.ഐ. മഞ്ജുലാല്‍ മഹസ്സറില്‍ ഇങ്ങനെ രേഖപ്പെടുത്തി: 'എട്ടാം പേജു മുതല്‍ 13ാം പേജു വരെയുള്ള ഭാഗങ്ങളില്‍ ആര്‍.എസ്.എസ്സിനെയും ഹിന്ദു സമുദായത്തിലെ ഉയര്‍ന്ന ജാതിക്കാരെയും കുറിച്ച് മോശമായ രീതിയില്‍ പരാമര്‍ശിച്ചിട്ടുള്ളതാകുന്നു'. കോടിയേരി ബാലകൃഷ്ണന്റെ പൊലീസ് ഹിന്ദുത്വത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണോ? പൊലീസ് സംരക്ഷിക്കുന്ന 'ഉയര്‍ന്ന ജാതിക്കാര്‍ ആരൊക്കെയാണെന്നും അവരെ എത്ര ഉയരത്തില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ആഭ്യന്തരമന്ത്രി ദയവായി വ്യക്തമാക്കണം. (മാധ്യമം, ജുലൈ 25, 2010)