Thursday, January 17, 2008

ഫ്യൂഡലിസത്തിനും മുതലാളിത്തത്തിനുമിടയില്‍

കേരള സമൂഹത്തിന്‍റെ സമകാലികാവസ്ഥ ഇന്നത്തെ കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ചര്ച്ച ചെയ്യുന്നു.

http://www.keralakaumudi.com/
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ലേഖനത്തിന്‍റെ ഏകദേശ ഇംഗ്ലീഷ് പരിഭാഷ മറ്റൊരു ബ്ലോഗില്‍ വായിക്കാം.
http://keralaletter.blogspot.com/2008/01/kerala-society-is-trapped-between.html

Wednesday, January 16, 2008

സര്‍ക്കാരുകള്‍ ബ്ലോഗര്‍മാര്‍ക്കെതിരെ

മാദ്ധ്യമപ്രവര്‍ത്തകരെപ്പോലെ ബ്ലോഗര്‍മാരും വെട്ടയാടപ്പെടുന്നു.

Reporters Sans Frontiers (Reporters Without Borders) എന്ന ആഗോള മാധ്യമ പ്രവര്‍ത്തക സംഘടന അതിന്‍റെ റിപ്പോര്‍ട്ടുകളില്‍ ഇപ്പോള്‍ ബ്ലോഗര്‍മാര്‍ക്കെതിരായ നടപടികളെ സംബന്ധിച്ച വിവരവും നല്‍കുന്നുണ്ട്.

2008 ആരംഭിച്ചിട്ടേയുള്ളല്ലോ. ഇതിനകം ഒരു പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി അതിന്‍റെ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലോഗുകളില്‍ ഭരണാധികാരികള്‍ക്ക് ഇഷ്ടമല്ലാത്തത്‌ എഴുതിയതിനു 64 പേര്‍ ജയിലിലടക്കപ്പെട്ടിരിക്കുന്നു. ഇവരൊക്കെയും കഴിഞ്ഞ കൊല്ലം അറസ്റ്റ് ചെയ്യപ്പെട്ടവരാണ്.

സംഘടനയുടെ 2007ലെ റിപ്പോര്‍ട്ടില്‍ ബ്ലോഗര്‍ മാര്‍ക്കെതിരായ നടപടികളെക്കുറിച്ച് അത് നല്കിയ വിവരമനുസരിച്ച് ഇതില്‍ 50 പേര്‍ ചൈനയിലും എട്ടു പേര്‍ വിയറ്റ്നാമിലും ആണ്. കൂടുതല്‍ വിവരം അറിയാന്‍ http://www.rsf.org സന്ദര്‍ശിക്കുക.

Tuesday, January 15, 2008

പാക്കിസ്ഥാന്‍ ബ്ലോഗുകള്‍ തടയുന്നു

പാക്കിസ്ഥാന്‍ അധികൃതര്‍ സര്‍ക്കാര്‍ വിരുദ്ധ ബ്ലോഗുകള്‍ തടയുന്നതായി ബ്ലോഗര്‍മാരെ ഉദ്ധരിച്ചുകൊണ്ട് rediff.com റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ട് കാണുക.

Monday, January 14, 2008

ഇറാക്കി ബ്ലോഗിനി

ലൈല അന്‍വര്‍ എന്ന പേരില്‍ ബാഗ്ദാദില്‍ ഇരുന്നു ബ്ലോഗ് ചെയ്യുന്ന സ്ത്രീയെക്കുറിച്ച് countercurrents.org എന്ന വാര്‍ത്താ സ്ഥാപനത്തില്‍ നിന്നു ലഭിച്ച വിവരം സന്ദര്‍ശകരുമായി പങ്കു വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ലേഖനം ഇവിടെ

ലൈല അന്വരിന്റെ ബ്ലോഗ് ഇവിടെ

Sunday, January 13, 2008

എം. ടി.യുടെ സ്ഥാനാരോഹണം

നാലുകെട്ട് ആഘോഷത്തിനു സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ എം. മുകുന്ദന്‍ നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് തോന്നുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എം. ടി.ക്ക് അത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അത് നടത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്.

മറ്റൊരു നേട്ടവും ഈ ആഘോഷത്തില്‍ നിന്നുണ്ടായിട്ടുണ്ടെന്നു ഞാന്‍ വിശസിക്കുന്നു. ബഷീറിന്റെ മരണത്തോടെ ഒഴിവ് വന്ന സാഹിത്യ തറവാട്ടിലെ കാരണവ സ്ഥാനത്തിന്‍റെ യഥാര്‍ത്ഥ അവകാശി എം. ടി. യാണ്. ഈ ആഘോഷത്തെ അതിന്‍റെ പ്രഖ്യാപനമായി കാണാവുന്നതാണ്.
ഈ വിഷയത്തില്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

ബഷീറിന്റെയും എം. ടി.യുടെയും മതേതരത്വത്തില്‍ സംശയത്തിന് ഇടമില്ല. ജാതിമത ചിന്തകള്‍ക്കതീതമായാണ് വായനാസമൂഹം അവരെ സ്വീകരിച്ചിട്ടുള്ളത്.
മാപ്പിള ഭക്ഷണ മേള ചര്‍ച്ചാ വിഷയമായ സ്ഥിതിക്ക് പറയട്ടെ, അത് ഒരു വാണിജ്യ പരിപാടിയാണ്. ബഷീറിന്റെ പേരില്‍ കച്ചവടം കൂട്ടാമെന്നു ഒരു ഹോട്ടല്‍ ഉടമ കണ്ടുപിടിച്ചു. അത്രതന്നെ.
ഉമ്പാച്ചിയുടെ നൂറു വര്‍ഷ ആശംസയ്ക്ക് നന്ദി. പക്ഷെ അത് വേണ്ട. മനുഷ്യ ജീവിതത്തിന് വ്യക്തമായ പരിമിതി ഉണ്ടെന്ന വസ്തുത അംഗീകരിച്ചുകൊണ്ട് നമുക്കു മുന്നോട്ടു പോകാം. അത് നീട്ടിക്കിട്ടിയത് കൊണ്ട് വ്യക്തിയ്ക്കോ സമൂഹത്തിനോ പ്രത്യേകിച്ച് ഗുണം ഉണ്ടാകുമെന്ന വിശ്വാസം എനിക്കില്ല.

Saturday, January 12, 2008

നാലുകെട്ടിന്റെ ആഘോഷവും പരാതിയും

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബ്ദി അവഗണിച്ചുകൊണ്ട് കേരള സാഹിത്യ അക്കാദമി എം. ടി. വാസുദേവന്‍ നായരുടെ നാലുകെട്ടിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഔചിത്യം ചോദ്യംചെയ്ത എം. വി. ദേവനെ ആഘോഷം ഉത്ഘാടനം ചെയ്ത കാക്കനാടനും മറ്റു പലരും ശകാരിച്ചതായി ടെലിവിഷനില്‍ പറയുന്നത് ഞാന്‍ കേട്ടത് ചെന്നൈയില്‍ ഇരുന്ന്.

ബഷീറിനെ പരാമര്‍ശിച്ചത് കൂടാതെ ദേവന്‍ നാലുകെട്ടിനെ മാടമ്പി നായര്‍ നോവല്‍ എന്ന് വിശേഷിപ്പിക്കുകകൂടി ചെയ്തത് സാമൂഹികതലത്തിലെ വിമര്‍ശനത്തിനു മതപരമായ മാനം നല്‍കാന്‍ അവസരം നല്‍കി. കുറഞ്ഞപക്ഷം സാഹിത്യ സാംസ്കാരിക നായകരെന്കിലും സാമൂഹ്യ വിമര്‍ശനം ഈ രീതിയില്‍ വഴിമാറിപ്പോകുന്നില്ലെന്നു ഉറപ്പുവരുത്തേണ്ടതാണ്.

ചെന്നൈയില്‍ ഒരു മാസത്തോളം നീണ്ട ബഷീര്‍ ശതാബ്ദി ആഘോഷം നടക്കുകയാനെന്ന അറിവാകണം അതെക്കുറിച്ച് പരാമര്‍ശിക്കാന്‍ ദേവനെ പ്രേരിപ്പിച്ചത്. വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെ ഒരു സര്‍ക്കാരിതര സ്ഥാപനം മുന്കൈയെടുത്ത് സംഘടിപ്പിച്ചിട്ടുള്ളതാണ് ഇത്. ബഷീറിന്റെ പല കഥാപാത്രങ്ങളെയും അരങ്ങില്‍ എത്തിക്കുന്നുവെന്നതാണ് ആഘോഷങ്ങളുടെ ഒരു സവിശേഷത. മാപ്പിള ഭക്ഷണ മേളയാണ് മറ്റൊന്ന്.

ചെന്നൈയിലെ ബഷീര്‍ പരിപാടികളുടെ സംഘാടകര്‍ സാഹിത്യ അക്കാദമിയുടെ നടത്തിപ്പുകാരേക്കാള്‍ സര്ഗ്ഗശേഷി പ്രകടിപ്പിച്ചിട്ടുണ്ടെന്നു പറയാതെ തരമില്ല.

Friday, January 11, 2008

ടാറ്റായുടെ നാനോ വരുമ്പോള്‍

കേരളത്തിലെ റോഡുകളില്‍ ഓടുന്ന വണ്ടികളില്‍ പകുതിയിലധികം ഇരുചക്ര വാഹനങ്ങളാണ്. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി മോട്ടോര്‍ കാര്‍ വിതരണക്കാര്‍ ഇരുചക്ര വാഹന ഉടമകളെ കാര്‍ വാങ്ങാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവരുടെ പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും. ഇപ്പോഴും ഓരോ കൊല്ലവും കാറുകളുടെ ഇരട്ടി ഇരുചക്ര വാഹനങ്ങള്‍ ഇവിടെ വില്‍ക്കപ്പെടുന്നു. ഇത് ഇരുചക്ര വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ കാര്‍ കമ്പനികള്‍ക്ക് വളരെയൊന്നും കഴിഞ്ഞിട്ടില്ലെന്നു സൂചിപ്പിക്കുന്നു.

ടാറ്റാ ഒരു ലക്ഷം രൂപ മാത്രം വിലയുള്ള നാനോ കാര്‍ ഇക്കൊല്ലം ഇറക്കുമ്പോള്‍ ഈ അവസ്ഥയില്‍ മാറ്റമുണ്ടായെക്കാം. ആ സാഹചര്യം നേരിടാന്‍ നമ്മുടെ റോഡുകളെ പാകപ്പെടുത്തേണ്ടിയിരിക്കുന്നു.