Showing posts with label Samskarika Paithrukam. Show all posts
Showing posts with label Samskarika Paithrukam. Show all posts

Friday, March 28, 2008

സാറാ ജോസഫുമായി ഒരു അഭിമുഖ സംഭാഷണം

രണ്ടു അഭിമുഖങ്ങളാണ് കോഴിക്കോട്ട് നിന്നു പ്രസിദ്ധീകരിക്കപ്പെടുന്ന സാംസ്കാരിക പൈതൃകം മാസികയുടെ ഏപ്രില്‍ ലക്കത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഒന്നു നോം ചോംസ്കിയുമായി കൊളംബിയ സര്‍വകലാശാലാ വിദ്യാര്‍ഥിനി അമീന ചൌധരി നടത്തിയത്. അത് ഇംഗ്ലീഷില്‍ നിന്നു പരിഭാഷപ്പെടുത്തിയത്. മറ്റേത് സാറാ ജോസഫുമായി എം. ആര്‍. ബിപിന്‍ നടത്തിയത്.

പെണ്ണെഴുത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് സാറാ ജോസഫ് ഇങ്ങനെ മറുപടി നല്കി: 'പെണ്ണ് എഴുതിയത് കൊണ്ടു മാത്രം പെണ്ണെഴുത്താകണം എന്നില്ല. പെണ്ണെഴുത്തിനെ രാഷ്ട്രീയമായി കാണണം. അത് സ്ത്രീസമൂഹത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ വിലയിരുത്തലാണ്. '

അടുത്ത കാലത്ത് സി. പി. എം. എഴുത്തുകാര്‍ ക്കെതിരെ പരസ്യമായി പ്രതികരിച്ചത് ശ്രദ്ധയില്‍പെട്ടില്ലേ എണ്ണ ചോദ്യത്തിന് മറുപടിയായി സാറാ ജോസഫ് പറഞ്ഞു: 'പാര്‍ട്ടി എന്ന് പറയാന്‍ പറ്റില്ല. പല വ്യക്തികളും പല സന്ദര്‍ഭങ്ങളിലും എഴുത്തുകാര്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. വിമര്‍ശനാത്മകമായി എന്തിനെയെങ്കിലും സമീപിക്കുമ്പോള്‍, ഭാവിയില്‍ അങ്ങനെ ചെയ്യാതിരിക്കാന്‍ നിര്‍ ബന്ധിക്കുമാറ് പലരുടെ ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊന്നും എഴുത്തുകാരുടെ വായ അടക്കാന്‍ കഴിയുകയില്ല.'

കവിതയുടെ കാലം എണ്ണ വിഷയത്തിലുള്ള ചര്‍ച്ചയില്‍ ടി. പി. രാജീവന്‍, അന്‍വര്‍ അലി, പി. രാമന്‍, കെ. ആര്‍. ടോണി, വീരാന്‍കുട്ടി, എസ്. ജോസഫ്, അനിത തമ്പി, മോഹനകൃഷ്ണന്‍ കാലടി, പവിത്രന്‍ തീക്കുനി, എം. ആര്‍. രേണുകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. മണമ്പൂര്‍ രാജന്‍ബാബു, ആലങ്കോട് ലീലാകൃഷ്ണന്‍, പി. കെ. പാറക്കടവ്‌ എന്നിവരുടെ രചനകളും ഈ ലക്കത്തിലുണ്ട്.

സാംസ്കാരിക പൈതൃകം ഒരു ഉമര്‍ ഖയ്യാം പതിപ്പ് തയ്യാറാക്കുകയാണെന്നു ഈ ലക്കത്തിലെ ഒരു കുറിപ്പില്‍നിന്നു ഞാന്‍ മനസ്സിലാക്കുന്നു.