Showing posts with label PDP. Show all posts
Showing posts with label PDP. Show all posts

Tuesday, March 3, 2009

വിപ്ലവപാത ഓടുന്നത് പി.ഡി.പി.യിലൂടെയോ?

പൊന്നാനി ലോക് സഭാ‍ സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്നും പ്രത്യുപകാരമായി മറ്റ് പത്തൊമ്പത് സീറ്റുകളിലും ഇടത് ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാമെന്നുമുള്ള നിര്‍ദ്ദേശവുമായി അബ്ദുള്‍ നാസര്‍ മ്‌അദനിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സി.പി.എമ്മിനെ സമീപിച്ചിരുന്നു. പി.ഡി.പി. നേതാവ് പൂന്തുറ സുരാജാണ് ഏതാനും ദിവസം മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മ്‌അദനിയുടെ പത്തു കൊല്ലത്തെ കാരാഗൃഹവാസത്തിന് കളമൊരുക്കിയത് സി.പി.എം. നയിച്ച മുൻ സര്‍ക്കാരാണ്. മ്‌അദനിയെ അറസ്റ്റ് ചെയ്തത് നായനാര്‍ സര്‍ക്കാർ അതിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകപോലും ചെയ്തു. മ്‌അദനി ജാമ്യത്തിലിറങ്ങിയാല്‍ ഇവിടെ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്ന കേരള പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് തമിഴ് നാട് അധികൃതര്‍ അദ്ദേഹത്തിന് ജാമ്യം നല്‍കരുതെന്ന് കോടതികളിൽ വാദിച്ചത്. പക്ഷെ ശിക്ഷിക്കപ്പെടാതെ, ജാമ്യവും പരോളും നിഷേധിക്കപ്പെട്ട്, മ്‌അദനി വളരെക്കാലം ജയിലില്‍ കഴിഞ്ഞപ്പോള്‍ സി.പി.എം. അദ്ദേഹത്തിന് നീതി നല്‍കണമെന്ന വാദം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. നന്ദിസൂചകമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി. ഇടതു മുന്നണിയെ പിന്തുണച്ചു.

ഇടതു മുന്നണിയുടെ 2006ലെ വൻ വിജയം സാധ്യമാക്കിയ ഘടകങ്ങളിൽ ഒന്ന് പി.ഡി.പി.യും മറ്റേതാനും മുസ്ലിം സംഘടനകളും നല്‍കിയ പിന്തുണയാണ്. പി.ഡി.പി. പൊന്നാനി സീറ്റ് ആവശ്യപ്പെട്ടതും സി.പി.എം. ആ ആവശ്യം ചെവിക്കൊള്ളാൻ തയ്യാറായതും നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയോടെ അവർ തമ്മിലുള്ള കണക്ക് തീർന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

സി.പി.ഐ. സ്ഥിരമായി തോറ്റുകൊണ്ടിരുന്ന സീറ്റാണ് പൊന്നാനി. അത് വിട്ടുകൊടുക്കില്ലെന്ന വാശി സി.പി.ഐ. ഉപേക്ഷിച്ചുകഴിഞ്ഞു. അവിടെ പൊതുസ്വതന്ത്രനെ നിർത്തുമെന്നാണ് എൽ.ഡി.എഫ്. യോഗത്തിനുശേഷം കൺ‌വീനർ പറഞ്ഞത്. പൊതുസ്വതന്ത്രനല്ല, സി.പി.ഐ സ്വതന്ത്രനാവും മത്സരിക്കുകയെന്ന് സി.പി.ഐ. അവകാശപ്പെടുന്നു. സ്ഥാനാർത്ഥിയാര്, ഛിഹ്നം എന്ത് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഏതാനും ദിവസങ്ങൾക്കകം മറുപടി കിട്ടും. പക്ഷെ ഒരു ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കും: കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലേയ്ക്കുള്ള കേരള പാത ഓടുന്നത് പി.ഡി.പി.യിലൂടെയാണോ?